TopTop
Begin typing your search above and press return to search.

ഈ മഹാമാരി മനുഷ്യകുലത്തെ സുഖപ്പെടുത്തുമോ?

ഈ മഹാമാരി മനുഷ്യകുലത്തെ സുഖപ്പെടുത്തുമോ?

ഇതിനകം തന്നെ ഒരു ആഗോള പ്രശ്നമായി മാറിക്കഴിഞ്ഞ കൊറോണ എന്ന മഹാമാരിക്കു മുന്‍പില്‍ മനുഷ്യര്‍ മാത്രമല്ല ഭരണകൂടങ്ങളും നിസ്സഹായമാവുകയാണ്. രാജ്യങ്ങള്‍ അവയുടെ അതിര്‍ത്തികള്‍ കൊട്ടിയടച്ചതിനു പിന്നാലെ ഓരോ സംസ്ഥാനവും അവയുടെ അതിര്‍ത്തികളും അടച്ചിരിക്കുന്നു. ലോകം ചുരുങ്ങിച്ചുരുങ്ങി വീടുകളിലേക്ക് ഒതുങ്ങി തുടങ്ങിയിരിക്കുന്നു. സ്വന്തം വീടിനു ചുറ്റും നാം ഓരോരുത്തരും ഒരു ലക്ഷ്മണ രേഖ വരക്കണം എന്നാണു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാഷ്ട്രത്തോടു ആഹ്വാനം ചെയ്തത്. ഇതൊരു ആജ്ഞ അല്ലെന്നും തൊഴുകയ്യോടെയുള്ള അപേക്ഷ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വീടിനു ചുറ്റും വരയ്ക്കുന്ന ലക്ഷ്മണ രേഖക്ക് പുറത്തേക്കു ഒരടി വെക്കുമ്ബോള്‍ മാരകമായ കൊറോണ വൈറസിനെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തുകയാണെന്നോര്‍ക്കണം. പ്രധാനമന്ത്രി മുതല്‍ സാധാരണക്കാരില്‍ സാധാരണക്കാരന്‍ വരെ വീട്ടിലിരിക്കണം എന്നും കൂടി അദ്ദേഹം പറയുമ്ബോള്‍ ഇപ്പോള്‍ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്ന മഹാമാരിയുടെ വ്യാപനം എത്രകണ്ട് ഭയാനകം ആയിരിക്കുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

21 ദിവസത്തേക്കാണ് ഇന്ത്യയില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായാല്‍ വീടുകള്‍ക്കുള്ളിലെ അടച്ചുകെട്ടി കൂടലിന്റെ ദൈര്‍ഘ്യം നീളും. പക്ഷെ എത്രനാള്‍ ആളുകള്‍ വീട്ടിനുള്ളില്‍ അടച്ചുകെട്ടി കഴിയും? ചൈനയില്‍ വൈറസ് സ്ഥിരീകരിച്ച ഉടന്‍ തന്നെ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ വൈകിയതും മുന്നറിയിപ്പുകള്‍ തൃണവല്‍ഗണിച്ചു രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നവര്‍ (വെള്ളത്തില്‍ മീനെന്നപോലെ സഞ്ചരിച്ചു എന്ന് പറയപ്പെടുന്ന നമ്മുടെ കാസര്‍ക്കോടുടുകാരന്‍ ഉള്‍പ്പെടെ) നാട് നീളെ ചുറ്റിയടിച്ചു രോഗം വിതരണം ചെയ്തതും ഒക്കെ ഇനിയിപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല. എങ്കിലും ഈ അടച്ചുകെട്ടി കൂടല്‍ നീണ്ടു പോയാല്‍ എന്താവും സ്ഥിതി എന്ന ആശങ്ക ഇപ്പോള്‍ മരണ ഭയത്തേക്കാള്‍ വലിയ ആശങ്കയായി മാറിക്കഴിഞ്ഞിരിക്കുന്നു.

വേലയും കൂലിയും നിലച്ചിരിക്കുന്നു. നിത്യോപയോഗ വസ്തുക്കളുടെ ലഭ്യത ഇനി എത്രനാള്‍ കൂടി? ഇങ്ങനെ എന്തെല്ലാം വേവലാതികള്‍? കോളറയും വസൂരിയും മലമ്ബനിയും ഒക്കെ പണ്ട് കേരളത്തിലും മരണം വിതച്ചിരുന്നുവെങ്കിലും അതിന്റെ ഓര്‍മ്മ പേറുന്നവര്‍ ഇന്ന് ഇല്ലെന്നു തന്നെ പറയാം. നിപയാണ് ഈ അടുത്ത കാലത്തു ഭീതി വിതച്ച ഒരു മഹാ രോഗം. അതിനെ പക്ഷെ എളുപ്പത്തില്‍ അതിജീവിക്കാന്‍ കഴിഞ്ഞെങ്കിലും ഇപ്പോള്‍ മരണവും അതിനേക്കാളേറെ ആശങ്കയും വിതച്ചുകൊണ്ടിരിക്കുന്ന കൊറോണയെ എങ്ങനെ പിടിച്ചുകെട്ടും എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു എത്തും പിടിയുമില്ല. എന്നാല്‍ ഈ ഭീതിക്കിടയിലും വിലക്കുകള്‍ക്കു പുല്ലു വില കല്‍പ്പിച്ചു ചില കുബുദ്ധികള്‍ പുറത്തിറങ്ങുന്നുണ്ട്, പൊലീസിന് പിടിപ്പതു പണികൊടുത്തുകൊണ്ട്. സ്വയം നിയന്ത്രിക്കാന്‍ തയ്യാറാവാത്ത ഇത്തരക്കാരെ വൈറസ് ആയി തന്നെ കാണേണ്ടതുണ്ട്.

ഈ ആശങ്ക കേവലം കേരളത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ലോകമെമ്ബാടും ഭീതി കൊറോണയെക്കാള്‍ വേഗത്തില്‍ വ്യാപനം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. ന്യൂ സീലാന്‍ഡില്‍ പഠിക്കുന്ന മകന്‍ പറഞ്ഞത് അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കഴിഞ്ഞു എന്നാണ്. തല്‍ക്കാലം ഒരു മാസത്തേക്ക് എന്ന് പറയുന്നുണ്ടെങ്കിലും തുറക്കല്‍ നീണ്ടുപോയേക്കാം എന്നാണത്രെ അധികൃതര്‍ പറയുന്നത്. പാര്‍ട് ടൈം ജോലിയെടുക്കുന്ന വിദ്യാര്‍ത്ഥികളെ അതില്‍ നിന്നും വിലക്കിയിട്ടുള്ളതിനാല്‍ വാസസ്ഥലം തന്നെ ഏക ശരണം. ഇതൊക്കെ തന്നെയാണ് മറ്റു രാജ്യങ്ങളിലെയും അവസ്ഥയെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഫോണ്‍ വിളികളുടെ എണ്ണവും ദൈര്‍ഘ്യവും കൂടിയിരിക്കുന്നു. മെസേജുകള്‍ അങ്ങോട്ടുമിങ്ങോട്ടും പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഇനിയെന്ന് കാണും അല്ലെങ്കില്‍ ഇനി കാണാന്‍ കഴിയുമോ എന്ന ചോദ്യം എങ്ങും എവിടെയും അലയടിക്കുന്നു.

വേവലാതികള്‍ മറന്നു വായനയിലേക്കും എഴുത്തിലേക്കും ഒക്കെ മടങ്ങാമെന്നു ചിലര്‍ പറയുന്നു. ചിലര്‍ പ്രാര്‍ത്ഥനയില്‍ മറ്റു ചിലര്‍ ധ്യാനത്തില്‍ മുഴുകുന്നു. നല്ല എഴുത്തും വായനയും മാത്രമല്ല ലോകത്തിലെ മിക്ക മികച്ച സൃഷ്ടികളും അത് സാഹിത്യത്തില്‍ ആയാലും കലയില്‍ ആയാലും ശാസ്ത്ര രംഗത്ത് ആയാലും പിറവി കൊണ്ടത് ഏകാന്തതയില്‍ നിന്നാണെന്നത് ഒരു യാഥാര്‍ഥ്യം ആകുന്നു. കൊറോണക്കാലത്തു സര്‍ഗാത്മകതയും മരുന്നാണെന്നു പുതു തലമുറ എഴുത്തുകാരന്‍ അബിന്‍ ജോസഫ് അഭിപ്രായപ്പെടുന്നുണ്ട് (ഇന്നത്തെ മലയാള മനോരമ പ്രാദേശിക പേജില്‍ ). ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് ' കോളറ കാലത്തെ പ്രണയം' എന്ന നോവല്‍ എഴുതിയത് പോലെ ആരാവും 'കൊറോണ കാലത്തെ പ്രണയം ' എഴുതുക എന്ന് മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദനും അത്ഭുതം കൂറുന്നുണ്ട് (ഇതേ പേജില്‍ തന്നെ). എഴുത്തുകാര്‍ എഴുതട്ടെ. ആ അടച്ചുപൂട്ടിയിരിക്കല്‍ അവര്‍ക്കു അതിനു ഉപകരിക്കുമെങ്കില്‍ അത്രയും നല്ലതു തന്നെ. 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ ' എഴുതുന്ന വേളയില്‍ താന്‍ എത്രമാത്രം ഏകാന്തത അനുഭവിച്ചിരുന്നുവെന്നു മാര്‍ക്കേസ് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. "Fragrance of Guava' എന്ന പേരുള്ള ഈ അഭിമുഖം പിന്നീട് മള്‍ബെറിക്ക് വേണ്ടി ' പേരക്കയുടെ സുഗന്ധം ' എന്ന പേരില്‍ പരിഭാഷപ്പെടുത്താനുള്ള ഭാഗ്യം ഇതെഴുതുന്ന ആള്‍ക്ക് ലഭിക്കുകയുണ്ടായി. ചോദ്യം ഉത്തരം എന്ന ശൈലി ഉപേക്ഷിച്ചു (ആരുടേയും നിര്‍ബന്ധ പ്രകാരം ആയിരുന്നില്ല) മാര്‍ക്കേസ് തന്റെ എഴുത്തുജീവിതം വിവരിക്കുന്ന രീതിയില്‍ പൊളിച്ചെഴുത്തു നടത്തുകയായിരുന്നു അന്ന് ചെയ്തത്.

എഴുത്തുകാര്‍ എഴുതുകയും വായനക്കാര്‍ വായിക്കുകയും ചിത്രമെഴുത്തുകാരും ശില്പികളും സംഗീതക്കാരുമൊക്കെ ഈ അടച്ചുകെട്ടി ഇരുപ്പിനെ ധന്യമാക്കട്ടെ. അപ്പോഴും ഒരു ചോദ്യം ഉയരുന്നുണ്ട്; ഇതൊക്കെ വായിക്കാനും കാണാനുമൊക്കെ ആരെങ്കിലുമൊക്കെ അവശേഷിക്കുമോ എന്ന ഇമ്മിണി വലിയൊരു ചോദ്യം. നമുക്ക് ശുഭാപ്തി വിശ്വാസികള്‍ ആയിരിക്കാം എന്നേ ഇപ്പോള്‍ അതിനെക്കുറിച്ചു പറയുന്നുന്നുള്ളു. രണ്ടു ദിവസം മുന്‍പ് ശ്യാം സുന്ദര്‍ എന്ന മാധ്യമ സുഹൃത്ത് വാട്സ് ആപ്പില്‍ അയച്ച ഒരു കവിത ഇവിടെ ചേര്‍ക്കുന്നു. ഐറിഷ് - ഫ്രഞ്ച് ദമ്ബതികള്‍ക്ക് ജനിച്ച കാതലീന്‍ ഓ മിയറാ( Kathleen O' Meara ) യുടെ ഒരു കവിതയാണിത്. എല്ലാ ദുരന്തങ്ങളും എങ്ങനെ പ്രകൃതിയെയും മനുഷ്യനെയും ഇതര ജീവജാലങ്ങളെയും സ്വയം വീണ്ടെടുക്കാന്‍ സഹായിക്കുന്നു എന്ന് ഈ കവിത പറഞ്ഞു തരും. ഒരു പക്ഷെ ഈ കൊറോണക്കാലത്തു വായിക്കാന്‍ പറ്റിയ ഒരു നല്ല കവിത തന്നെയാണിത്.

In the Time of pandemic

And the people stayed home.
And they read books,
and listened,
and rested,
and exercised,
and made art,
and played games,
and learned new ways of being,
and were still.

And they listened more deeply.
Some meditated,
some prayed,
some danced.
Some met their shadows.
And the people began to think differently.

And the people healed.
And, in the absence of people
living in ignorant,
dangerous,
mindless,
and heartless ways,
the earth began to heal.

And when the danger passed,
and the people joined together again,
they grieved their losses,
and made new choices,
and dreamed new images,
and created new ways to live,
and they healed the earth fully,
as they had been healed.

ആകയാല്‍ നമുക്കും കാത്തിരിക്കാം ഒരു വീണ്ടെടുപ്പിനായി. ഒരു പുതിയ ഉദയത്തിനായി.


Next Story

Related Stories