TopTop
Begin typing your search above and press return to search.

രാഷ്ട്രീയം കണക്കുകളുടെ കളി കൂടിയാണ്; ജോസിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ പോയാല്‍ യുഡിഎഫ് ഇത്തവണയും പ്രതിപക്ഷത്തിരിക്കും

രാഷ്ട്രീയം കണക്കുകളുടെ കളി കൂടിയാണ്; ജോസിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ പോയാല്‍ യുഡിഎഫ് ഇത്തവണയും പ്രതിപക്ഷത്തിരിക്കും

രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നത് വല്ലാതെ തേഞ്ഞ് അര്‍ത്ഥമില്ലാതായ പ്രയോഗമാണ്. പക്ഷെ, അധികാരത്തെ അടിസ്ഥാനമാക്കി നടത്തുന്ന നീക്കുപോക്കുകളുടെ കാര്യത്തില്‍ എത്ര അര്‍ത്ഥഭ്രംശം ഉണ്ടായാലും ഇത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടാണ് ഒരു ഉളുപ്പുമില്ലാതെ ഇന്നലെവരെ പല്ലും നഖവും കൊണ്ട് എതിര്‍ത്തവരെ മഹത്വവത്ക്കരിച്ചുകൊണ്ട് ആദര്‍ശത്തിന്റെ അസ്‌കിത എത്ര തൂത്താലും പോകാത്ത രാഷ്ട്രീയ പാര്‍ട്ടികളും കക്ഷികളും പോലും രംഗത്ത് വരുന്നത്.

കേരള കോണ്‍ഗ്രസുകളെ കേന്ദ്രമാക്കി നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ കേരളത്തിലെ രാഷ്ട്രീയത്തിന്റെ എല്ലാത്തരം പൊള്ളത്തരങ്ങളും അര്‍ത്ഥശൂന്യതകളും അസംബന്ധങ്ങളും പ്രകടമാകുന്നുണ്ട്. വിശേഷിച്ചും ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ട് വെയ്ക്കുന്നതായി പറയുന്ന ചില മൂല്യങ്ങളെ സംബന്ധിച്ചത്. ബാര്‍കോഴ കേസിന്റെ കാലത്ത് കേരളത്തിലെ ഇടതുപക്ഷ നേതാക്കളില്‍ ആവര്‍ത്തിച്ച് മുഴങ്ങിക്കേട്ട വാക്കുകള്‍ നമ്മളാരും മറന്നിട്ടില്ല. അക്കാലത്ത് കെ.എം മാണിക്കെതിരെ ശക്തമായി ശബ്ദിച്ച ഇടതുപക്ഷ നേതാക്കളില്‍ വിഎസ് അച്യുതാനന്ദന്‍ മാത്രമാണ് രംഗത്ത് നിന്നും ഒഴിഞ്ഞുനില്‍ക്കുന്നത്. ആരോഗ്യകമായ കാരണങ്ങളാല്‍ പിന്‍വലിഞ്ഞിരിക്കുന്ന വിഎസ് ഒഴികെയുള്ള നേതാക്കളില്‍ ഒരേ ശരീരത്തില്‍ ഒട്ടേറെ ചങ്കും കരളും പേറി നമുക്കൊപ്പം ജീവിക്കുന്നവരായി വാഴ്ത്തപ്പെട്ടവരും ഇല്ലാതില്ല.

അവരെല്ലാവരും ആവര്‍ത്തിക്കുന്നത് പക്ഷെ, ജോസ് കെ മാണിയെ അനാഥരാക്കില്ലെന്നതാവുന്നു. ഇടതും വലതും എന്തിന് ബിജെപിക്കും ഒക്കെ അവരില്‍ ഒരേപോലെ താല്പര്യം. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ചൊല്ലി അത്രമേല്‍ തീവ്രാവേശഭരതരായി തീര്‍ന്നിരിക്കുന്നു അവരെല്ലാം. കെ.എം മാണി ബജറ്റ് അവതരിപ്പിച്ച ദിവസം നിയമസഭയില്‍ അധ്യക്ഷ കസേര മറിച്ചവരും തള്ളിക്കയറിയവരും ഒക്കെ ഇപ്പോള്‍ അദ്ദേഹത്തിന്റെ അധ്വാനവര്‍ഗ സിദ്ധാന്തത്തെ ചൊല്ലി കോള്‍മയിര്‍ക്കൊള്ളുകയാണ്. അധ്വാനമല്ല മിച്ചമൂല്യമാണ് പ്രശ്‌നം. ശാന്തം, പാപം. ചില്ലറ അസ്വാരസ്യങ്ങള്‍ പുറപ്പെടുവിച്ച സിപിഐയും പിന്‍കാല്‍ വെച്ചതുപോലെയുണ്ട്. മുന്നണിയിലെ പ്രാമാണ്യം പോയാലും വല്യേട്ടന് വഴിപ്പെട്ടേക്കാമെന്നു വെയ്ക്കുന്നതിലെ വൈരുദ്ധാധിഷ്ഠിതം എന്താകുമോയെന്തോ? വെളിയത്തില്‍ നിന്നും കാനത്തിലേക്കുള്ള ദൂരം അയ്യപ്പപണിക്കരുടെ കവിതപോലെ ആകുന്നു - എവിടെ നിന്നോ എവിടേയ്‌ക്കോ വരച്ച വര പോലെ. 'വിനയം ഒരു നയമാക്കി മേല്‍മുണ്ടിനറ്റത്ത് കസവുചിരി തുന്നുന്ന ധര്‍മ്മപ്രചാരകന്മാര്‍...' എല്ലാവരും അവര്‍ക്കാവും മട്ടില്‍ ഉദ്ഘാഷിച്ചുകൊണ്ടിരിക്കട്ടെ.

മുന്നണിയിലേക്ക് എത്തിയാലും ഇല്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടു ജോസ് പക്ഷവുമായി ചേര്‍ന്നു താഴെത്തട്ടില്‍ ധാരണകള്‍ രൂപപ്പെടുത്തുന്ന നീക്കങ്ങള്‍ മലയോര മേഖലയിലേയും മധ്യകേരളത്തിലേയും ഇടതുപക്ഷം ആരംഭിച്ചതായാണ് വിവരം. ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ നേരത്തെ തന്നെ അനൗപചാരിക നീക്കങ്ങള്‍ ആരംഭിച്ചതായിട്ടാണ് താഴെത്തലങ്ങളില്‍ നിന്നും അറിയുന്നത്.

ന്യൂനപക്ഷ വോട്ടുകള്‍ എന്ന പ്രലോഭനമാണ് സിപിഎമ്മിനെ കേരള കോണ്‍ഗ്രസ് പ്രണയത്തിലേക്ക് എത്തിച്ചിട്ടുള്ളത്. കെ.എം മാണിയുമായും പി.ജെ ജോസഫുമായും നേരത്തേയും കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുള്ളതുമാണ്. ഒന്നും പുതിയ കാര്യമല്ല. കേരളത്തിലെ മറ്റേത് പാര്‍ട്ടികളേക്കാളും ഇക്കാലത്ത് ക്രൈസ്തവമതമേലധ്യക്ഷന്മാരുടെ സവിധങ്ങള്‍ കയറിയിറങ്ങുന്നത് ഇടതുപക്ഷത്തുള്ളവരാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കെല്ലാം മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകുമെന്ന് തോന്നുന്നില്ല. പരസ്യമായും അല്ലാതേയും ഇത്തരം നീക്കുപോക്കുകളില്‍ ഏര്‍പ്പെട്ടുവരുന്നു. വോട്ടുപെട്ടി ജനാധിപത്യത്തില്‍ ഇതൊന്നും പാടില്ലാത്ത കാര്യമൊന്നുമല്ല. എല്ലാ അക്കൗണ്ടിലും സ്ഥിരനിക്ഷേപവും റെക്കറിംഗും ഒക്കെ ആരംഭിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കെന്നപോലെ മതമേലധ്യക്ഷന്മാര്‍ക്കും താലര്യമുണ്ട്. ഇത്തരം സമവാക്യങ്ങള്‍ സൃഷ്ടിക്കുന്ന എപ്പിഫനിയാണ് രാഷ്ട്രീയത്തിലെ സര്‍ഗാത്മകത ഇക്കാലത്ത്. രാഷ്ട്രീയത്തിലെ കൊണ്ടും കൊടുക്കലും ഇത്തരം ഒരുപാട് വലിയ വാക്കുകളെ ചെറിയ ലാഭങ്ങളില്‍ കൊണ്ടുവന്ന് തളയ്ക്കുന്നുണ്ട്. അതാണ് അധ്വാനവര്‍ഗ സിദ്ധാന്തം ശേഷിപ്പിക്കുന്ന യാഥാര്‍ത്ഥ മിച്ചമൂല്യം.

കേരള കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയം മനസ്സിലാകണമെങ്കില്‍ പ്രാഗ്മാറ്റിക് ഫിലോസഫിയെ കുറിച്ച് അടിസ്ഥാന ധാരണകള്‍ ഉണ്ടായാല്‍ മതി. പ്രായോഗികതാവാദം. കേരള കോണ്‍ഗ്രസ് ഉണ്ടായത് തന്നെ കോണ്‍ഗ്രസിനെ ഒന്ന് പേടിപ്പിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുക എന്ന താല്‍ക്കാലിക ആവശ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു. കാര്യം കണ്ടുകഴിയുമ്പോള്‍ ആ പ്രസ്ഥാനം തന്നെ ഇല്ലാതെയാകുമെന്ന് അതിനു മുന്‍കൈ എടുത്തവര്‍ തന്നെ കണക്ക് കൂട്ടിയിരുന്നു. വിപ്ലവം കഴിയുമ്പോള്‍ ഭരണകൂടം ഇല്ലാതെയാകും - വിതറിംഗ് എവേ ഓഫ് സ്റ്റേറ്റ് - എന്നു പറഞ്ഞ അവസ്ഥയായി അതെന്നു മാത്രം. ഇക്കാര്യം ആ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കള്‍ തന്നെ തങ്ങളുടെ ആത്മകഥ എഴുതിയപ്പോള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ സംഭവിച്ചതാവട്ടെ പ്രതീക്ഷിച്ചതില്‍ നിന്നും ഭിന്നവും. ആദ്യ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം തന്നെ അവരുണ്ടാക്കി. പിന്നത്തെ കാര്യം പടവലങ്ങാ പോലെയായി. വളര്‍ന്ന്, പിളര്‍ന്ന്, സ്വയം അണ്‍ഡണ്‍ ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനം. അതിലേക്കു കടന്നാല്‍ നമുക്ക് ഒത്തിരിപറയേണ്ടി വരും. വിസ്താരഭയം വല്ലാതെ ഉണ്ടാകുന്നു. അതുകൊണ്ട് വിടാം.

നവോത്ഥാനം എത്രവന്നാലും ജാതിയാണ് ഈ നാട്ടിലെ പ്രശ്‌നം. നമ്മുടെ സെക്രട്ടറിയറ്റിനെ കുറിച്ച് പറയുമ്പോള്‍ നായര്‍ സെക്രട്ടറിയറ്റും നസ്രാണി സെക്രട്ടറിയറ്റും ഈഴവ സെക്രട്ടറിയറ്റും ഉണ്ടായിരുന്നതായി മരിച്ചുപോയ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഓര്‍ക്കുന്നു. ചില ജാതിപ്പേരുകള്‍ ഇവിടെ പറഞ്ഞത് വിട്ടുകളയാം. പക്ഷെ, ജാതി അങ്ങനെ വിട്ടുകളയാന്‍ ആവില്ല. വിശേഷിച്ചും രാഷ്ട്രീയക്കാര്‍ക്ക്. വിശേഷണ വിശേഷങ്ങള്‍ കൊണ്ട് ജാതി നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തനത്തെ സഫലമാക്കുന്നുണ്ട്. അതുകൊണ്ടാണ് നമ്മള്‍ ജാതി വാലുകള്‍ അതിവിപ്ലവം വന്നാലും സ്വന്തം പേരില്‍ നിന്നും ഉപേക്ഷിച്ചു കളയാത്തതെന്ന് നിത്യചൈതന്യയതി പണ്ടെഴുതിയതും ഓര്‍മ്മവരുന്നു.

എന്തായാലും പ്രശ്‌നം വോട്ടാണ്. വോട്ടിനെ കണക്ക് കൂട്ടുന്നതും ജാതിയില്‍ തന്നെ. ഒരു കണക്കിലെടുപ്പിലും വര്‍ക്കിംഗ് ക്ലാസ് വോട്ട്, ബൂര്‍ഷ്വാസി വോട്ട് ഇത്ര എന്ന് പറഞ്ഞുകേട്ടിട്ടില്ല. അപ്പോള്‍ കാര്യം പച്ചയ്ക്കു തന്നെ പറഞ്ഞുപോകാം. ഭൂരിപക്ഷ സമുദായമായ ഹിന്ദു വോട്ട്, ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ട്, അവയിലെ തന്നെ അവാന്തരവിഭാഗങ്ങള്‍... ഇങ്ങനെയൊക്കെയാണ് രാഷ്ട്രീയക്കാര്‍ കണക്കുകൂട്ടുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് പ്രധാനമായും സിപിഎമ്മും ബിജെപിയും വീതിച്ച് എടുക്കുന്നു. കോണ്‍ഗ്രസിന് ഇതിനെ പ്രധാന ശക്തിസ്രോതസ്സായി കണക്കാക്കാന്‍ ആവില്ല. കോണ്‍ഗ്രസിനോട് ചേര്‍ന്നു നിന്നിരുന്ന നായര്‍ വോട്ടുകളിലേയും ഈഴവ വോട്ടുകളിലേയും ഒരു പങ്ക് ബിജെപിക്ക് അനുകൂലമായി അടുത്തിടെ ഒഴുകിത്തുടങ്ങിയിട്ടുണ്ട്. ബിജെപിക്ക് അത് മുതലാക്കാന്‍ സാധിക്കുന്നുണ്ടെയെന്നത് വേറെ കാര്യം.

യുഡിഎഫിന്റെ പ്രധാന ശക്തി സ്രോതസ്സ് ന്യൂനപക്ഷ വോട്ടുകളാണ്. അവര്‍ അധികാരത്തില്‍ എത്തിയ സമയത്തെ കണക്കുകള്‍ നോക്കിയാല്‍ അത് മനസ്സിലാക്കാനാവും. 2011-ലെ കാര്യം തന്നെ എടുക്കുക. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അധികാരത്തില്‍ ഏറ്റിയ തെരഞ്ഞെടുപ്പില്‍ ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നും 42 എംഎല്‍എമാരെയാണ് മുന്നണിക്ക് ലഭിച്ചത്. ന്യൂനപക്ഷ കേന്ദ്രീകരണം ശക്തമായ ജില്ലകളാണിവ. അക്കുറി 75 ഭൂരിപക്ഷ സമുദായാംഗങ്ങളായ സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്ത് ഇറക്കിയപ്പോള്‍ അതില്‍ യുഡിഎഫിനു ജയിപ്പിക്കാനായത് 27 പേരെ മാത്രമായിരുന്നു. എന്നാല്‍ ശേഷിച്ച മണ്ഡലങ്ങളില്‍ മത്സരിച്ച 65 ന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളില്‍ 45 പേരെ മുന്നണിക്ക് വിജയിപ്പിക്കാനായി. മുസ്ലിംവോട്ടുകള്‍ ലീഗും ക്രൈസ്തവവോട്ടുകള്‍ കേരള കോണ്‍ഗ്രസുകളും മുന്നണിയിലേക്കു സമാഹരിച്ചു കൊണ്ടുവന്നാണ് ഈ വിജയം സാധ്യമാക്കിയത്.

ന്യൂനപക്ഷ സമുദായങ്ങള്‍ യുഡിഎഫിന്റെ വിജയത്തില്‍ എത്രമേല്‍ നിര്‍ണായകമാകുന്നുവെന്നതാണ് ഈ കണക്ക് കാണിക്കുന്നത്. ഏറിയും കുറഞ്ഞും യുഡിഎഫ് ജയിക്കുന്ന സമയത്തെല്ലാം ഇതുതന്നെയായിരുന്നു സ്ഥിതി. ന്യൂനപക്ഷ വോട്ടുകളിലെ അടക്കമുള്ള വലിയ തിരിച്ചടിയാണ് 2016ല്‍ യുഡിഎഫിന് കനത്ത പരാജയം സമ്മാനിച്ചതെന്നതും വാസ്തവം. ക്രൈസ്തവ വോട്ടുകള്‍ യുഡിഎഫ് മുന്നണിയിലേക്ക് എത്തിക്കുന്നതില്‍ കേരള കോണ്‍ഗ്രസുകള്‍ വലിയ പങ്കാണ് വഹിക്കുന്നത്. അതില്‍ ഏറ്റവും ശക്തമായ കേരള കോണ്‍ഗ്രസ് കെ.എം. മാണി വിഭാഗമാകുന്നു. ഈ പശ്ചാത്തലത്തില്‍ പരമാവധി ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിച്ച് പെട്ടിയിലെത്തിക്കേണ്ടതിന്റെ പ്രാധാന്യം കോണ്‍ഗ്രസും യുഡിഎഫും തിരിച്ചറിയുന്നുണ്ട്. കോണ്‍ഗ്രസിലെ ഏറെപ്പേര്‍ക്കും ഇത്രമേല്‍ വിപ്രതിപത്തിയുണ്ടായിട്ടും ജോസ് കെ മാണിയുടെ കാര്യം ഇത്രമാത്രം വലിച്ചുകൊണ്ടുപോയതും അതുകൊണ്ടുമാത്രമാകണം.

കേരളത്തിലെ വോട്ട് പങ്കിന്റെ ആറു ശതമാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. ജോസും ജോസഫും എന്ന തരത്തില്‍ അത് പകുക്കപ്പെടുമ്പോഴും അതിലെ ഏറിയ പങ്ക് ജോസ് വിഭാഗത്തിനൊപ്പമാണെന്ന് കരുതുന്നതില്‍ തെറ്റുണ്ടാകില്ല. അതായത് മൂന്നിനും നാലിനും ഇടയില്‍ ശതമാനം. കേരളത്തിലെ മലയോര മേഖലയില്‍ ഉടനീളം സാന്നിധ്യമുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗം തന്നെയാണ്. ആ വോട്ടുകള്‍ അവിടേയ്ക്കു കേന്ദ്രീകരിക്കുന്നുവെന്നത് ചെറിയ വോട്ട് പങ്കിന്റെ അടിസ്ഥാനത്തില്‍ ജയപരാജയങ്ങള്‍ സംഭവിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അത്യന്തം പ്രധാനപ്പെട്ട കാര്യമാകുന്നു.

യുഡിഎഫ് ചേരിയിലേക്ക് പതിവായി എത്തിക്കൊണ്ടിരിക്കുന്ന ഈ ന്യൂനക്ഷ വോട്ട് കരുത്തിനെ പൊളിക്കുക എന്നതിനു വേണ്ടിയാണ് സിപിഎം ഏറെ നാളുകളായി ശ്രമിച്ചുവരുന്നത്. പല പരീക്ഷണങ്ങളും നടത്തിയെങ്കിലും വേണ്ടത്ര വിജയം കണ്ടതുമില്ല. അതിന്റെ മറ്റൊരു മുഖമാണ് ജോസ് കെ. മാണി ബന്ധവം. സിപിഎമ്മിന്റെ കണക്കുകൂട്ടലുകളേയും പ്രതീക്ഷകളേയും ഏതു തരത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും മറികടക്കുക എന്നതാണ് പ്രധാന സംഗതി. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം ഇത്തരം പുത്തന്‍കാല ബാന്ധവങ്ങളെ നിഷ്പ്രഭമാക്കുന്ന തരത്തില്‍ പടര്‍ന്നിട്ടുണ്ടെന്നത് ന്യായമായും കണക്കിലെടുക്കാവുന്ന യുക്തി തന്നെ. കേരളത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പാരമ്പര്യവും പതിവുകാഴ്ചയും അതുതന്നെയാണ്.

പക്ഷെ, കോണ്‍ഗ്രസും ഏകശിലാ വിഗ്രഹമൊന്നുമല്ല. മുഖ്യമന്ത്രി കാംക്ഷികള്‍ തന്നെ എത്ര? ആരൊക്കെ ആരുടെയൊക്കെ പാലം വലിക്കും. പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത്രമേല്‍ വിഭവങ്ങള്‍ ലഭിച്ചിട്ടും അവയെ എതു തരത്തിലാണ് കോണ്‍ഗ്രസ് പ്രയോജനപ്പെടുത്തിയതെന്നതും പ്രധാന സംഗതിയാണ്. നിയമസഭാ തരഞ്ഞെടുപ്പ് ആവുമ്പോള്‍ ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് ഈ രൂപത്തിലെങ്കിലും ഉണ്ടാകുമോയെന്ന ചോദ്യവും ശേഷിക്കുന്നു. വോട്ടു ചെയ്യാന്‍ സന്നദ്ധരായി ഒരു പങ്ക് ജനത തന്നെ മുന്നോട്ടുവന്നിട്ടും അതിനെ വേണ്ടതരത്തില്‍ കണ്‍സോളിഡേറ്റ് ചെയ്യാനാവാത്ത ബിജെപിയുടെ ചിത്രവും ഇതേ ഇടത്തില്‍ തന്നെയാണ് തെളിയുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories