TopTop
Begin typing your search above and press return to search.

കരുണാകരന്റെ കോ-ലീ-ബി പരീക്ഷണത്തെ വടകരയില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ കെ പി ഉണ്ണികൃഷ്ണനെ കുവൈറ്റ് രക്ഷാ ദൗത്യം സഹായിച്ചോ? ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഓര്‍മ്മ

കരുണാകരന്റെ കോ-ലീ-ബി പരീക്ഷണത്തെ വടകരയില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ കെ പി ഉണ്ണികൃഷ്ണനെ കുവൈറ്റ് രക്ഷാ ദൗത്യം സഹായിച്ചോ? ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഓര്‍മ്മ

1990 ൽ സദ്ദാo ഹുസൈൻ നടത്തിയ കുവൈത്ത്‌ അധിനിവേശവും തുടർന്നുണ്ടായ ഗൾഫ് യുദ്ധവും അക്കാലത്തു വി പി സിങിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കേന്ദ്ര സർക്കാർ നടത്തിയ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒഴിപ്പിക്കൽ ദൗത്യവും അതിനു ചുക്കാൻ പിടിച്ച, അക്കാലത്തു കേന്ദ്ര മന്ത്രിയായിരുന്ന കെ പി ഉണ്ണികൃഷ്ണൻ സദ്ദാo ഹുസൈനെ നേരിൽ കണ്ടു നടത്തിയ ശ്രമവുമൊക്കെ ഉണ്ണിക്കൃഷ്ണനുമായുള്ള അഭിമുഖത്തിന്റെ രൂപത്തിൽ അഴിമുഖത്തിൽ അടക്കം ഇതിനകം തന്നെ വന്നു കഴിഞ്ഞു. ഈ കോവിഡ് ദുരന്തകാലത്തു വിദേശ രാജ്യങ്ങളിൽ നിന്നും വലിയ തുക ഈടാക്കി സ്വന്തം പൗരന്മാരെ കൊണ്ടുവരുന്ന നരേന്ദ്ര മോദി സർക്കാരിന്റെ നടപടി ഏറെ വിമർശം ക്ഷണിച്ചു വരുത്തുന്നതിനിടയിൽ തന്നെയാണ് ഒരാളിൽ നിന്നും ഒരു ചില്ലിക്കാശുപോലും ഈടാക്കാതെ 1. 5 ലക്ഷത്തിലേറെ പ്രവാസികളെ നാട്ടിൽ തിരികെ എത്തിച്ച അന്നത്തെ ആ ഒഴിപ്പിക്കൽ ദൗത്യം വീണ്ടും വാർത്തകളിൽ നിറയുന്നത്. സ്വന്തം കർത്തവ്യം മറന്ന മോദി സർക്കാരിനെ പ്രശംസ കൊണ്ടു മൂടുന്ന സംഘികൾ തീർച്ചയായും വായിച്ചിരിക്കേണ്ടവയാണ് അഴിമുഖത്തിനുവേണ്ടി രാകേഷ് സനലും ('രണ്ടു വിമാനം കയറി സദ്ദാം ഹുസൈന്റെ രഹസ്യ സാങ്കേതത്തിലെത്തി...'; ലോകത്തെ ഞെട്ടിച്ച ഏറ്റവും വലിയ ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ കഥ കെ.പി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തുന്നു) ടൈംസ് ഓഫ് ഇന്ത്യക്കുവേണ്ടി കെ ആർ രാജീവും ( Foot the bill and bring NRIs home : Ex-Union Minister) കെ പി ഉണ്ണിക്കൃഷ്ണനുമായി നടത്തിയ അഭിമുഖങ്ങൾ. അന്ന് വി പി സിങ് സർക്കാർ കാണിച്ച ഉത്തരവാദിത്ത ബോധവും അതിലേറെ രക്ഷാ ദൗത്യത്തിന് നിയോഗിക്കപ്പെട്ട കെ പി ഉണ്ണികൃഷ്ണന്റെ നിശ്ചയധാര്‍ഡ്യവും പ്രകടമാക്കുന്നതാണ് ഇവ രണ്ടും എന്നതിനാൽ അതിലേക്കു കൂടുതൽ കടക്കുന്നില്ല. അന്നത്തെ ആ രക്ഷാ ദൗത്യവും അതിൽ കെ പി ഉണ്ണികൃഷ്ണൻ വഹിച്ച പങ്കും തൊട്ടു പിന്നാലെ (1991ൽ ) നടന്ന ലോക് സഭ തിരെഞ്ഞെടുപ്പിൽ അദ്ദേഹത്തിന് തുണയായി (തിരിച്ചൊന്നും പ്രതീക്ഷിച്ചിട്ടായിരുന്നില്ല അന്നത്തെ ആ രക്ഷാ പ്രവർത്തണമെങ്കിലും ) എന്നതിനെക്കുറിച്ചാണ് ഈ കുറിപ്പ്.

ബൊഫോഴ്‌സ് അഴിമതി മുഖ്യ പ്രചാരണ വിഷയമായ 1989 ലെ പാര്ലമെന്റ് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന വി പി സിംഗ് സർക്കാരിന് അൽപായുസ്സേ ഉണ്ടായിരുന്നുള്ളു. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന,രാജ്യത്തെ മൊത്തം 52% വരുന്ന ജനവിഭാഗത്തിന് ജോലിക്കും വിദ്യാഭ്യാസത്തിനും 49% സംവരണം ഉറപ്പുവരുത്തുന്ന) മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ വി പി സിംഗ് സർക്കാർ തീരുമാനിച്ചതുകൂടി സർക്കാരിനുള്ള പിന്തുണ ബി ജെ പി പിൻവലിക്കുകയും മണ്ഡൽ വിരുദ്ധ പ്രക്ഷോഭം ഇളക്കിവിടുകയും ചെയ്തു. മണ്ഡലിനൊപ്പം തന്നെ രാമ ജന്മഭൂമി പ്രശ്നം ഉയർത്തി ബി ജെ പി യും സംഘ പരിവാർ സംഘടനകളും മറ്റൊരു പ്രക്ഷോഭത്തിനുകൂടി തിരികൊളുത്തി. അതോടെ 1989 ൽ അധികാരം ഏറ്റ വി പി സിംഗ് സർക്കാർ അഞ്ചു വർഷ കാലാവധി പൂർത്തിയാക്കാൻ ആവാതെ 1990 നവംബറിൽ രാജി വെച്ചൊഴിയേണ്ടി വന്നു. ഇതായിരുന്നു 1991 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലം. കേരളത്തിൽ അത്തവണ നിയമസഭാ തിരെഞ്ഞെടുപ്പ് നടന്നതും പാർലമെന്റ് തിരഞ്ഞെടുപ്പിനൊപ്പം ആയിരുന്നു. 1971 മുതൽ കെ പി ഉണ്ണികൃഷ്ണൻ പ്രതിനിധീകരിച്ചു പോന്ന വടകര ലോക് സഭ മണ്ഡലത്തിൽ 91 ലെ തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരുന്നു ഇടതു മുന്നണി സ്ഥാനാർഥി. 71 ലും 77 ലും ൽ കോൺഗ്രസ് ടിക്കറ്റിലായിരുന്നു ഉണ്ണികൃഷ്ണൻ വടകരയിൽ നിന്നും ജയിച്ചുകയറിയതെങ്കിൽ 1980 ലെ തിരെഞ്ഞെടുപ്പിൽ ദേവരാജ് അറസ് വിഭാഗം കോൺഗ്രസിന്റെ പ്രധിനിധി എന്ന നിലയിൽ ഇടതു പക്ഷത്തിന്റെ സ്ഥാനാർത്ഥിയായാണ് മത്സരിച്ചതും ജയിച്ചതും. അടുത്ത മൂന്നു തിരഞ്ഞെടുപ്പുകളിലും (84 , 89 , 91) കോൺഗ്രസ് (എസ്) നേതാവ് എന്ന നിലയിലും എൽ ഡി എഫിന്റെ വടകരയിലെ സ്ഥാനാർഥി ഉണ്ണികൃഷ്ണൻ തന്നെയായിരുന്നു. 91 ലെ തിരെഞ്ഞെടുപ്പ് രണ്ടു കാരണങ്ങൾ കൊണ്ട് ഉണ്ണികൃഷ്ണനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി ഉയർത്തിയ ഒന്നായിരുന്നു. ബൊഫോഴ്‌സ് വിഷയത്തിൽ പാർലമെന്റിൽ രാജീവ് ഗാന്ധിയെ (രാജീവ് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും) നിറുത്തിപ്പൊരിച്ചിരുന്ന ആളെന്ന നിലയിൽ ഉണ്ണികൃഷ്ണൻ കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെയും (പ്രത്യേകിച്ചും ലീഡർ കെ കരുണാകരന്റെ) കണ്ണിലെ കരടായി മാറിയിരുന്നു. അതുകൊണ്ടു ഏതുമാർഗത്തിലായാലും ഉണ്ണികൃഷ്ണനെ പരാജയപ്പെടുത്തുക എന്നത് ലീഡറുടെ പ്രഖ്യാപിത ലക്‌ഷ്യം ആയിരുന്നു. 1971 ൽ കെ പി സി സി വടകരയിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന ലീല ദാമോദര മേനോന്റെ പേര് വെട്ടി ഇന്ദിര ഗാന്ധി ഉണ്ണികൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ആ തീരുമാനത്തിനൊപ്പം നിന്ന ആളായിരുന്നു താനെന്നതും ഒരു പക്ഷെ കരുണാകരന്റെ ഉണ്ണികൃഷ്ണൻ വിരോധത്തെ ആളിക്കത്തിച്ചിട്ടുണ്ടാവാം.91 ലെ തിരെഞ്ഞെടുപ്പ് കാലത്തു കരുണാകരൻ മുൻകൈ എടുത്തു ഉണ്ടാക്കിയ, കോ -ലീ - ബി എന്ന് ഇന്നും അറിയപ്പടുന്ന കോൺഗ്രസ്സും മുസ്ലിം ലീഗും ബി ജെ പി യും ചേർന്നുള്ള രഹസ്യ സഖ്യമായിരുന്നു രണ്ടാമത്തെ വെല്ലുവിളി. വേണമെങ്കിൽ തങ്ങൾക്കു ജയിക്കാവുന്ന വടകര മണ്ഡലം കേരളത്തിൽ അത്ര വേരോട്ടമൊന്നും ഇല്ലാത്ത കോൺഗ്രസ് ( എസ് ) എന്ന പാർട്ടിയുടെ കുത്തക മണ്ഡലം ആയി തുടരുന്നതിൽ സി പി എമ്മിനുള്ളിൽ നീരസം പുകഞ്ഞു തുടങ്ങിയ കാലമായിരുന്നുവെങ്കിലും തന്നെ അവർ കാലു വാരില്ലെന്ന ഉറച്ച വിശ്വാസം ഉണ്ടായിരുന്നതിനാൽ ആ നിലക്കുള്ള വെല്ലുവിളി ഉണ്ണികൃഷ്ണനെ ഒട്ടും അലട്ടിയിരുന്നില്ല. എന്നാൽ തൊട്ടു മുൻപത്തെ (89 ലെ) തിരെഞ്ഞെടുപ്പിൽ കോൺഗ്രസിലെ എ സുജനപാലിനെതിരെ എണ്ണായിരത്തിൽ ചില്ലറ വോട്ടിനെ ജയിക്കാനായുള്ളു എന്നത് കോൺഗ്രസ് (എസ് ) ക്യാമ്പിൽ നേരിയ ഭയം ജനിപ്പിച്ചിരുന്നു. നേരത്തെ പറഞ്ഞ കോ - ലീ -ബി സഖ്യത്തിന്റെ ഭാഗമായി 91 ലെ തിരെഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ടു മണ്ഡലങ്ങളിൽ യു ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥികളെ തീരുമാനിച്ചു. വടകര ലോക് സഭ മണ്ഡലത്തിലും ബേപ്പൂർ അസംബ്ലി മണ്ഡലത്തിലും. വടകരയിൽ ഉണ്ണിക്കൃഷ്ണനെതിരെ പ്രമുഖ അഭിഭാഷകൻ രത്‌ന സിങ്ങും ബേപ്പൂരിൽ ഡോ. കെ മാധവൻ കുട്ടിയും. രണ്ടുപേരും തങ്ങളുടെ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരും പൊതു ജനസമ്മതരും. കോ - ലീ -ബി സഖ്യം രൂപപ്പെട്ടിരിക്കുന്നുവെന്നും അതിന്റെ ഭാഗമായാണ് വടകരയിലും ബേപ്പൂരിലും യു ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നതെന്നുമൊക്കെ ദേശാഭിമാനിയും ജനയുഗവുമൊക്കെ എഴുതിയെങ്കിലും പൊതുജനം അതൊന്നും വിശ്വസിച്ച മട്ടില്ലായിരുന്നു. മറ്റൊരു കാര്യം ബേപ്പൂരിൽ എൽ ഡി എഫിന്റെ ടി കെ ഹംസയും വടകരയിൽ കെ പി ഉണ്ണികൃഷ്ണനും തോറ്റാൽ അത്ഭുതപ്പെടേണ്ടെന്നു പല രാഷ്ട്രീയ നിരീക്ഷകരും ഇതിനകം തന്നെ പ്രവചിക്കുകയും ചെയ്തിരുന്നു എന്നതിനാൽ മത്സരം കടുക്കുമെന്നത് ഉറപ്പായിരുന്നു. ഈ കുറിപ്പ് എഴുതുന്നയാൾ അക്കാലത്തു ബോംബയിലെ പത്രപ്രവർത്തനം അവസാനിപ്പിച്ചു വീണ്ടും കോഴിക്കോട് പുതിയ ഇന്നിംഗ്സ് ആരംഭിച്ച നാളുകളായിരുന്നു അത്. മുൻപും വടകര അടക്കം പല മണ്ഡലങ്ങളിലും തിരെഞ്ഞെടുപ്പ് കവർ ചെയ്തിട്ടുണ്ടെങ്കിലും കോ - ലീ - ബി എന്ന എൽ ഡി എഫ് ആരോപണം കൂടി ഉണ്ടായിരുന്നതിനാൽ വടകര ലോക് സഭ മണ്ഡലത്തിലെയും ബേപ്പൂർ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പിനെ പതിവിൽ കവിഞ്ഞ കരുതലോടുകൂടിയാണ് സമീപിച്ചത്. കോ -ലീ - ബി അടക്കമുള്ള പുതിയ വെല്ലുവിളികളെ തികഞ്ഞ സമചിത്തതയോടുകൂടിയാണ് നേരിടുന്നതെന്ന പ്രതീതിയാണ് കെ പി ഉണ്ണികൃഷ്ണൻ ജനിപ്പിച്ചത്. ഉണ്ണികൃഷ്ണന്റെ തിരെഞ്ഞെടുപ്പ് മാനേജർമാരും പ്രചാരണ രംഗത്ത് മികവ് കാട്ടി. മണ്ഡലത്തിലെ തിരെഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന കുവൈറ്റ് രക്ഷാദൗത്യത്തിന്റെ വീഡിയോ പ്രദർശനം അവർ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് യു ഡി എഫിൽ ആയിരുന്നിട്ടും വടകര മണ്ഡലത്തിൽ ആ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ നാദാപുരത്തും കുറ്റ്യാടിയിലുമൊക്കെ വീഡിയോ ക്ലിക്കായെന്നു മാത്രമല്ല ഉണ്ണികൃഷ്ണനെ കാണാൻ തടിച്ചുകൂടിയവരുടെ എണ്ണവും വളരെ വലുതായിരുന്നു. ഒടുവിൽ തിരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഉണ്ണികൃഷ്ണന്റെ ഭൂരിപക്ഷം കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാൾ ഇരട്ടിയായി വർധിച്ചു. അതായത് 89 ൽ കോൺഗ്രസിലെ എ സുജനപാലിനെതിരെ ലഭിച്ചത് 8209 വോട്ടിന്റെ ഭൂരിപക്ഷം ആയിരുന്നുവെങ്കിൽ 91 ൽ അത് 17489 ആയി വർധിച്ചു. തീർച്ചയായും ഉണ്ണികൃഷ്ണൻ നേരിട്ട് പോയി നടത്തിയ രക്ഷാ ദൗത്യത്തിനു വടകരയിലെ വോട്ടർമാർ നൽകിയ അംഗീകാരം കൂടിയായിരുന്നു ഭൂരിപക്ഷത്തിലെ ആ കുതിച്ചു ചാട്ടം.


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories