TopTop
Begin typing your search above and press return to search.

ഇഡിക്കും സിബിഐയ്ക്കും എതിരെ പഞ്ചാബും ജാര്‍ഖണ്ഡും, കേരളത്തിലെ കോണ്‍ഗ്രസിന്റെ ജയ് വിളികള്‍ ഇനി എത്രനാള്‍?

ഇഡിക്കും സിബിഐയ്ക്കും എതിരെ പഞ്ചാബും ജാര്‍ഖണ്ഡും, കേരളത്തിലെ കോണ്‍ഗ്രസിന്റെ  ജയ് വിളികള്‍ ഇനി എത്രനാള്‍?


നേരത്തെ സംശയിച്ചതുപോലെ മോദി സർക്കാർ ഏതാണ്ട് എല്ലാം നിശ്ചയിച്ചുറപ്പിച്ചതുപോലെയാണ് കേന്ദ്ര ഏജൻസികൾ, പ്രത്യേകിച്ച് ഇ ഡി കേരളത്തിൽ കാര്യങ്ങൾ നീക്കുന്നതെന്നത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീട്ടിൽ നടന്ന 26 മണിക്കൂറിലേറെ നീണ്ട റെയ്ഡിൽ നിന്നും ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. ബാലാവകാശ കമ്മീഷനും പോലീസുമൊക്കെ ഇടപെട്ടില്ലായിരുന്നുവെങ്കിൽ റെയ്ഡ് ഇനിയും നീണ്ടുപോകുമായിരുന്നു. ബിനീഷിന്റെ കുട്ടിയെ അന്യായമായി തടഞ്ഞുവെച്ചിരിക്കുന്നു എന്ന പരാതിയിന്മേലായിരുന്നു കമ്മീഷന്റെ നടപടി. ബിനീഷിന്റെ ഭാര്യ റെനീറ്റ പറയുന്നത് പ്രകാരം റെയ്ഡ് ആരംഭിച്ച ബുധനാഴ്ച ഉച്ച കഴിയുമ്പോഴേക്കും ഇ ഡി ഉദ്യോഗസ്ഥർ വീട് മൊത്തം അരിച്ചുപെറുക്കു കഴിഞ്ഞിരുന്നു. മയക്കുമരുന്നു കേസിലെ പ്രതിയും ബിനീഷിന്റെ സുഹൃത്തുമായ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ഡെബിറ്റ് കാർഡ് സംബന്ധിച്ച തർക്കമാണ് ഇ ഡി ഉദ്യോസ്ഥർ അവിടെ തന്നെ തുടരാൻ കാരണമെന്ന് ആരോപണമുണ്ട്. ഡെബിറ്റ് കാർഡ് അവിടെ നിന്നാണ് കണ്ടെടുത്തതെന്ന ഇ ഡി യുടെ സ്റ്റേറ്റ്മെന്റിൽ ബിനീഷിന്റെ ഭാര്യ റെനീറ്റ ഒപ്പിടാൻ വിസമ്മതിക്കുകയായിരുന്നു. അങ്ങനെയൊരു കാർഡ് അവിടെ ഉണ്ടായിരുന്നില്ലെന്നും റെയ്ഡിനെത്തിയവർ കൊണ്ടുവന്നതാണെന്നുമാണ് റെനീറ്റ പറയുന്നത്. സാധാ പോലീസടക്കം പയറ്റാറുള്ള ഉഡായിപ്പുവേലകളിൽ ഒന്നാണ് ഇല്ലാത്ത തൊണ്ടി കൊണ്ടുവന്നുവെച്ചു അത് സേർച്ചു നടത്തിയടത്തുനിന്നും കണ്ടെടുത്തതാണെന്നു വരുത്തിത്തീർക്കുക എന്നതിനാലും ഒരു റെയ്ഡ് ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്നതിനാൽ ഞങ്ങൾക്കു കുടുക്കാവാൻ പോന്ന എന്തെങ്കിലും അവിടെ സൂക്ഷിക്കുമായിരുന്നോ എന്ന ബിനീഷിന്റെ ഭാര്യയുടെയും അവരുടെ അമ്മയുടെയും വാദത്തിനു പ്രസക്തിയേറെയുണ്ട്.
ബാലാവകാശ കമ്മീഷന്റെ അപ്രതീക്ഷിത ഇടപെടലിനെത്തുടർന്ന് ഇ ഡി റെയ്ഡ് അവസാനിപ്പിച്ചുവെങ്കിലും ഇ ഡി അതിന്റെ അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. ബിനീഷിന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള ഇ ഡി യുടെ തീരുമാനം രണ്ടു കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഒന്ന് : ഇ ഡി യും മറ്റു കേന്ദ്ര ഏജൻസികളും മുഖ്യമന്ത്രിയുടെ ഓഫിസ് സ്റ്റാഫിലൂടെ മുഖ്യമന്ത്രിയെയും സർക്കാരിനെയും ലക്‌ഷ്യം വെക്കുന്നു. രണ്ട് : ബിനീഷിലൂടെയും സി എം രവീന്ദ്രനിലൂടെയും സി പി എമ്മിനെയും ലക്‌ഷ്യം വെക്കുന്നു. മുൻപ് പാർട്ടി സെക്രെട്ടറിയേറ്റിൽ പ്രവർത്തിച്ചിരുന്ന സി എം രവീന്ദ്രന്റേതു പാർട്ടി വഴിയുള്ള നിയമനമാണ്. ബിനീഷ് സി പി എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണ
ന്റെ
മകനും. ഇവരിൽ അന്വേഷണ ഏജൻസികൾ ആരോപിക്കുന്ന കുറ്റകൃത്യങ്ങളിൽ നേരിട്ട് പങ്കില്ലെങ്കിലും പാർട്ടിക്ക് അവമതിപ്പുണ്ടാക്കാൻ ഇതുതന്നെ ധാരാളം. മകനെതിരെ അന്വേഷണം നടക്കുന്നുവെന്നതിനാൽ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദവി രാജിവെക്കണമെന്ന ആവശ്യം നേരത്തെ തന്നെ പ്രതിപക്ഷം ഉന്നയിച്ചാണ്. ഇതിനു പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനത്തുതുടർന്നാൽ ഉടനെ നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സി പി എമ്മിനും ഇടതുമുന്നണിക്കും ദോഷം ചെയ്യുമെന്ന ചർച്ച പാർട്ടിക്കുള്ളിൽ സജീവമാണെന്ന മാധ്യമ വാർത്തകൾ പ്രചരിച്ചതും. കോടിയേരിയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ ഉദ്ദേശമില്ലെന്ന് പാർട്ടിയുടെ കേന്ദ്ര നേതൃത്വം തന്നെ നേരത്തെ വ്യക്തമാക്കിയ കാര്യമാണ്.
ഇങ്ങനെ ഒരു ഭാഗത്തു കേവലം ഒരു സ്വർണ കള്ളക്കടത്തിൽ ആരംഭിച്ച കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളിലേക്കു കൂടി കടന്നുകയറുകയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും രാജികൾക്കായുള്ള പ്രതിപക്ഷ മുറവിളി ശക്തമാവുകയും ചെയ്യുമ്പോൾ തന്നെയാണ് സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കേരളത്തിലെ കേസ്സുകളിൽ അന്വേഷണം നടത്തുന്നതിൽ നിന്നും സി ബി ഐ യെ വിലക്കുന്ന നിയമ നിർമാണ നടപടിയിലേക്കു സർക്കാർ കടന്നതെന്നതും ശ്രദ്ധേയമാണ്. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഏറെ പ്രതിഷേധത്തിനും വലതുപക്ഷ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഏറെ വിമർശവും ഏറ്റുവാങ്ങിയ ഒന്നായിരുന്നു ഇത്. സർക്കാർ അടിമുടി അഴിമതിയിൽ മുങ്ങിയെന്നും അന്വേഷണം മുഖ്യമന്ത്രിയിലേക്കു നീളുമെന്നതിനാലുമാണ് സി ബി ഐ യെ വിലക്കുന്നതെന്നും ഇ ഡിയെ വിരട്ടാൻ നോക്കുന്നതെന്നുമായിരുന്നു ആക്ഷേപം. എന്നാൽ കേന്ദ്ര സർക്കാർ സി ബി ഐയെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചു കേരളത്തിന് പിന്നാലെ ജാർഖണ്ഡിലെ ജെ എം എം - കോൺഗ്രസ് - ആർ ജെ ഡി സർക്കാർ കൂടി സി ബി ഐ ക്കു വിലക്കേർപ്പെടുത്തിയത് കേരള സർക്കാരിന് സി ബി ഐ വിഷയത്തിൽ പകരുന്ന ആശ്വാസം ചെറുതല്ല. ജാർഖണ്ഡ് സർക്കാർ കൂടി വന്നതോടെ സി ബി ഐ ക്കു വിലക്കേർപ്പെടുത്തുന്ന സംസ്ഥാനങ്ങളുടെ എണ്ണം മൊത്തം ആറായി. പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഛത്തീസ്ഘട്ട്, മഹാരാഷ്ട്ര സർക്കാരുകളാണ് കേരളത്തിനും മുൻപേ സി ബി ഐ ക്കു വിലക്കേർപ്പെടുത്തിയ സംസ്ഥാനങ്ങൾ. ഡൽഹി പോലീസ് സ്പെഷ്യൽ എസ്റ്റാബ്ലീഷമെന്റ് നിയമപ്രകാരം രൂപീകൃതമായ സി ബി ഐ ക്കു കേന്ദ്രഭരണ പ്രദേശങ്ങൾക്ക് പുറത്തു കേസ്സെടുക്കാൻ അതാതു സംസ്ഥാനങ്ങളുടെ അനുമതിവേണം എന്നത് ചൂണ്ടിക്കാട്ടിയാണ് ബി ജെ പി ഇതര സംസ്ഥാന സർക്കാരുകൾ സി ബി ഐ വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള നിയമം കൊണ്ടുവന്നിട്ടുള്ളത്.
ഇതിനിടയിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഇനിയങ്ങോട്ടുള്ള ചാനൽ ചർച്ചകളിലും മറ്റും ഉത്തരം മുട്ടിക്കാൻ പോന്ന ഒരു വടി ഇടതുപക്ഷത്തിനു കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ നിന്നും വീണുകിട്ടിയിരിക്കുന്നു. കേരളത്തിൽ ഇപ്പോൾ നടക്കുന്ന ഇ ഡി അന്വേഷണത്തിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ജയ് വിളിക്കുന്നതിനിടയിലാണ് കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ നിന്നും ഇ ഡി ക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ക്യാപറ്റൻ അമരീന്ദർസിംഗ് രംഗത്തുവന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അമരീന്ദർസിംഗിനും മുൻ വിദേശകാര്യ സഹമന്ത്രികൂടിയായ ഭാര്യ പ്രണീതകൗറിനും മകൻ റനീന്ദർസിംഗിനും ചോദ്യം ചെയ്യലിന് ഹാജരാവണമെന്നു കാണിച്ചു ഇ ഡി യും ആദായ നികുതി വകുപ്പുമൊക്കെ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് അമരീന്ദർസിംഗ് ഇ ഡി ക്കെതിരെ രംഗത്തുവന്നത്. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങളെ ചോദ്യം ചെയ്തതിന്റെ പേരിലാണ് തന്നെയും കുടുംബത്തെയും വേട്ടയാടുന്നതെന്നാണ് അമരീന്ദർസിംഗിന്റെ ആരോപണം. കേരളത്തിലെ കോൺഗ്രസ് നേതൃത്വം തല്ക്കാലം ക്യാപ്റ്റൻ അമരീ
ന്ദർ
സിങ്ങിന്റെ വിലാപം കേട്ടില്ലെന്നു നടിക്കാനാണ് സാധ്യത. അവരുടെ പരമപ്രധാനമായ ലക്‌ഷ്യം കേരളത്തിലെ രാഷ്ട്രീയ നേട്ടങ്ങൾ മാത്രമാകയാൽ ഇപ്പോൾ നടത്തുന്ന ജയ് വിളികൾ അവർക്കു തുടരാതെ നിവൃത്തിയില്ലല്ലോ !

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories