TopTop
Begin typing your search above and press return to search.

വിമോചന സമരത്തിന്റെ വിത്തായി മുളച്ച പാര്‍ട്ടി ഇടതിനൊപ്പം എത്ര കാലം? മറ്റൊരു ലോനപ്പന്‍ നമ്പാടനെ ജോസ് കെ മാണിയില്‍ പ്രതീക്ഷിക്കാമോ?

വിമോചന സമരത്തിന്റെ വിത്തായി മുളച്ച പാര്‍ട്ടി ഇടതിനൊപ്പം എത്ര കാലം? മറ്റൊരു ലോനപ്പന്‍ നമ്പാടനെ ജോസ് കെ മാണിയില്‍ പ്രതീക്ഷിക്കാമോ?


ഒന്നും രണ്ടുമല്ല നീണ്ട 39 വർഷത്തെ യു ഡി എഫ് ബാന്ധവം ഉപേക്ഷിച്ചാണ് കരിങ്കോഴക്കൽ മാണി മാണി എന്ന കെ എം മാണിയുടെ പുത്രൻ ജോസ് കെ മാണി കേരളാ കോൺഗ്രസ് (എം) എന്ന പാർട്ടിയുമായി എൽ ഡി എഫിലേക്കു ചേക്കേറുന്നത്. ഇടക്കാലത്തു ബാർക്കോഴ പ്രശ്നത്തിൽ കോൺഗ്രസിലെ ചിലർ തന്നെ പിന്നിൽ നിന്നും കുത്തിയെന്നാരോപിച്ചു മാണി യു ഡി എഫുമായി അകന്നു നിയമസഭയ്ക്കുള്ളിൽ പ്രത്യേക ബ്ലോക്ക് ഉണ്ടാക്കിയെങ്കിലും യു ഡി എഫ് ബന്ധം പൂർണമായും അവസാനിപ്പിച്ചുവെന്നു പറയാനാവില്ല. എന്തായാലും മാണിയുടെ മരണത്തിനു ശേഷം മാണി പുത്രൻ കേരളാ കോൺഗ്രസ് - എമ്മിനെ ഇടതുപാളയത്തിൽ എത്തിച്ചിരിക്കുന്നു. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ജോസ് കെ മാണിയും കേരളാ കോൺഗ്രസ് -എം എന്ന പാർട്ടിയും ഇടതു പക്ഷത്തേക്ക് ചേക്കേറുമ്പോൾ ഇങ്ങനെയൊരു തീരുമാനം കാതോർത്തു കാത്തിരുന്ന സി പി എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമൊക്കെ ആഹ്ലാദത്തിനു വകയുണ്ട്. ആ ആഹ്ലാദം കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രിയും, സി പി എം സംസ്ഥാന സെക്രെട്ടറിയേറ്റും എൽ ഡി എഫ് കൺവീനർ എ വിജയരാഘവനുമൊക്കെ പരസ്യമായിത്തന്നെ പ്രകടിപ്പിക്കുകയും ചെയ്തതാണ്. 'കേരളാകോൺഗ്രസ് -എം തീരുമാനം കേരള രാഷ്ട്രീയത്തിൽ ശക്തമായ പ്രതിഫലനമുണ്ടാക്കും' എന്നും 'ശിഥിലമായ യു ഡി എഫിന്റെ തകർച്ചയുടെ ആരംഭമാണ് ഇത്' എന്നും 'കേരളത്തിൽ മതനിരപേക്ഷ ചേരിയെ ഈ തീരുമാനം ശക്തിപ്പെടുത്തും' എന്നൊക്കെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. 'യു ഡി എഫിന്റെ തകർച്ചക്ക് ആക്കം കൂട്ടുന്ന തീരുമാനം' എന്ന് സി പി എം സംസ്ഥാന സെക്രെട്ടറിയേറ്റും 'തീരുമാനം കേരള രാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കും' എന്ന് എൽ ഡി എഫ് കൺവീനറും പ്രതികരിച്ചു. അതേസമയം, 'കെ എം മാണിയുടെ ആത്മാവ്‌ ഇതു പൊറുക്കില്ല ' എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും 'കടുത്ത വഞ്ചന' എന്ന് യു ഡി എഫ് കൺവീനർ എം എം ഹസ്സനും പ്രതികരിച്ചപ്പോൾ പോകുന്നവൻ പോയി തുലയട്ടെ എന്ന സമീപനമാണ് കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നും ഉണ്ടായതെന്നത് 'മുങ്ങുന്ന കപ്പലിലേക്കാണ് ജോസ് കെ മാണിയും കൂട്ടരും കയറുന്നത്. ജോസ് വിഭാഗത്തിന്റെ നടപടി യു ഡി എഫിനെ ബാധിക്കില്ല' എന്നൊക്കെയുള്ള അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തം.
ചുരുക്കത്തിൽ ഒരു കൂട്ടർക്ക് ആഹ്ലാദവും മറുപക്ഷത്തിനു നിരാശയും പകരുന്നതായി ജോസ് കെ മാണിയുടെ തീരുമാനം. പക്ഷെ അങ്ങനെ പറയുമ്പോഴും ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. ജോസ് കെ മാണിയുടെയും കൂട്ടരുടെയും എൽ ഡി എഫിലെ പൊറുതി എത്രകാലം നീണ്ടുനിൽക്കുമെന്നത് തന്നെയാണ് അതിൽ പ്രധാനമായത്. സമ്മർദ്ദതന്ത്രത്തിന്റെ കാര്യത്തിൽ പിതാവ് കെ എം മാണിയോളം വരില്ലെങ്കിലും വിലപേശലിന്റെ കാര്യത്തിൽ മകൻ ഒട്ടും പിന്നിലല്ലെന്നു കോൺഗ്രസ്സും യു ഡി എഫും ഇതിനകം തന്നെ അനുഭവിച്ചറിഞ്ഞതാണ്. യു ഡി എഫ് വിടുന്നതിന്റെ ഭാഗമായി താൻ രാജിവെച്ച രാജ്യസഭ സീറ്റ് ന്യായമായും കേരളാകോൺഗ്രസ് -എമ്മിന് അർഹതപ്പെട്ടതാണെന്നും തദ്ദേശ തിരെഞ്ഞെടുപ്പിൽ അർഹിക്കുന്ന പരിഗണന പ്രതീക്ഷിക്കുന്നുണ്ടെന്നുമുള്ള ജോസ് കെ മാണിയുടെ പ്രസ്താവന നൽകുന്ന സൂചനയും മറ്റൊന്നുമല്ല. തുടക്കത്തിൽ ജോസ് കെ മാണിയുടെയും കൂട്ടരുടെയും വരവിനോട് അത്ര തൃപ്തിയില്ലാതിരുന്ന സി പി ഐയുടെയും ചത്താലും പാലാ സീറ്റു വിട്ടുകൊടുക്കില്ലെന്നു പറയുന്ന പാലാ എം എൽ എ മാണി സി കാപ്പന്റെയും അദ്ദേഹത്തിന്റെ പാർട്ടിയായ എൻ സി പി യുടേയുമൊക്കെ ഇനിയങ്ങോട്ടുള്ള സമീപനത്തെയും നിലപാടുകളെയും കൂടി ആശ്രയിച്ചിരിക്കും എല്ലാം. എങ്കിലും കെ എം മാണിയുടെ മരണ ശേഷം യു ഡി എഫ്, പ്രത്യേകിച്ചും കോൺഗ്രസിലെ ഉമ്മൻ‌ചാണ്ടി വിഭാഗം തന്നെ തളർത്തി പി ജെ ജോസഫിനെ വളർത്താൻ നടത്തിയ ശ്രമങ്ങൾ അത്രയെളുപ്പത്തിൽ ജോസ് കെ മാണി മറക്കാനിടയില്ലെന്നതിനാൽ പെട്ടെന്നൊരു തിരിച്ചുപോക്ക് ഉണ്ടാവാൻ ഇടയില്ല എന്ന് തൽക്കാലം കരുതാം.
മുഖ്യമന്ത്രി പിണറായി വിജയനും മറ്റും കരുതുന്നതുപോലുള്ള, കേരള കോൺഗ്രസ് -എമ്മിന്റെ വരവോടെ ഇപ്പോൾ കരുതുന്ന രീതിയിലുള്ള ഒരു രാഷ്ട്രീയ മേൽക്കൈ മധ്യ കേരളത്തിൽ എൽ ഡി എഫിന് ഉണ്ടാകുമോ എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. പിളർന്നും ലയിച്ചുമൊക്കെ മുന്നേറുന്ന കോൺഗ്രസിൽ കെ എം മാണിയുടെ കേരള കോൺഗ്രസിന് തന്നെയായിരുന്നു മേൽക്കൈ എങ്കിലും മാണിയില്ലാത്ത കേരള കോൺഗ്രസ് -എമ്മിനെ പഴയ പ്രഭാവത്തോടെ നിലനിറുത്താൻ ജോസ് കെ മാണിക്ക് കഴിയുമോ എന്നത് കണ്ടറിയേണ്ട കാര്യം തന്നെ. ചില കോൺഗ്രസ് എം എൽ എ മാർ തങ്ങളുടെ പ്രവർത്തകരെ പി ജെ ജോസഫിനുവേണ്ടി ചാക്കിട്ടുപിടിക്കുന്നുവെന്ന കേരളാ കോൺഗ്രസ് - എം സംസ്ഥാന ജനറൽ സെക്രട്ടറി പി ടി ജോസിന്റെ ആരോപണം ഇതുമായി ചേർത്തുവായിക്കേണ്ടതുണ്ട്.

ഇതോടൊപ്പം തന്നെ കാണണ്ടേ മറ്റൊരു വസ്തുത കേരളാ കോൺഗ്രസ് പിറവിയെടുത്ത 1964 മുതൽ ആ പ്രസ്ഥാനത്തെ കൂടെ നിറുത്തി തളർത്തുവാനാണ് കോൺഗ്രസ് ശ്രമിച്ചു പോന്നതെന്നതാണ്. കോൺഗ്രസിന്റെ പ്രബലനായ നേതാവും മന്ത്രിയുമൊക്കെ ആയിരുന്ന പി ടി ചാക്കോയോട് അനീതി കാട്ടിയെന്ന് പറഞ്ഞാണ് കോൺഗ്രസിനെ പിളർത്തി കേരളാ കോൺഗ്രസ് ഉണ്ടാക്കിയതെന്നതുകൊണ്ടുള്ള വിരോധത്തോടൊപ്പം തന്നെ കെ എം മാണിയുടെ വിലപേശൽ രാഷ്ട്രീയവും കോൺഗ്രസിൽ പലർക്കും അത്രയെളുപ്പത്തിൽ ദഹിക്കുന്ന ഒന്നായിരുന്നില്ല. ഒരു ഭാഗത്തു കെ എം ജോർജിന്റെയും (കേരളാകോൺഗ്രസ് സ്ഥാപക ചെയർമാൻ ) മറ്റും നേതൃത്വത്തിലുള്ള നസ്രാണികളും ആർ ബാലകൃഷ്ണപിള്ള, പ്രൊഫ. കെ നാരായണ കുറുപ്പ് തുടങ്ങിയ സവർണ നായർ വിഭാഗം നേതാക്കളും ചേർന്ന് എൻ എസ് എസ് ആചാര്യൻ മന്നത്തു പദ്മനാഭന്റെ അനുഗ്രഹ ആശീർവാദത്തോടെ രൂപീകരിച്ച കേരളാ കോൺഗ്രസ്, മധ്യ തിരുവിതാംകൂറിൽ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ ഉണ്ടാക്കിയ വിള്ളൽ ഒട്ടും ചെറുതായിരുന്നില്ല.

അതുകൊണ്ടു തന്നെ തക്കം കിട്ടിയപ്പോഴെല്ലാം കേരള കോൺഗ്രസിനെ പിളർത്താനും അതുവഴി അതിനെ തളർത്താനും കോൺഗ്രസ് നേതൃത്വം മടികാണിച്ചതുമില്ല. 1977 ലെ പിളർപ്പ് തന്നെ നോക്കുക. മാണിയും ബാലകൃഷ്ണ പിള്ളയും തമ്മിലുള്ള അഭിപ്രായ ഭിന്നത എന്നൊക്കെ പറയുമ്പോഴും അക്കാലത്തു കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്ന ബാലകൃഷ്ണപിള്ള പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ടു ആരംഭിച്ച പ്രശ്നങ്ങളാണ് കേരള കോൺഗ്രസിന്റെ പിളർപ്പിലേക്ക് നയിച്ചത്. കോടതി കുറ്റവിമുക്തനാക്കിയ പിള്ളയെ മന്ത്രിസഭയിൽ തിരിച്ചെടുക്കണമെന്ന കേരള കോൺഗ്രസിന്റെ ആവശ്യം ലീഡർ കെ കരുണാകരൻ നിഷ്ക്കരുണം തള്ളുന്നു. ഒടുവിൽ ഒരു ഒത്തുതീർപ്പു വ്യവസ്ഥയായി കരുണാകരൻ മുന്നോട്ടുവെച്ച ആവശ്യം പിള്ളയെ തിരികെയെടുക്കണമെങ്കിൽ കെ എം മാണി ധനകാര്യ വകുപ്പ് ഒഴിയണം എന്നതായിരുന്നു. അതിനോട് മാണിക്ക് യോജിപ്പുണ്ടായിരുന്നില്ല. ഉണ്ടാവാനിടയില്ലെന്നു ലീഡർക്ക് നന്നായി അറിയാമായിരുന്നുതാനും. ഇപ്പോൾ ജോസ് കെ മാണി - പി ജെ ജോസഫ് തർക്കത്തിലും പി ജെയുടെ പക്ഷം പിടിക്കുകവഴി ഏതാണ്ട് ആ പഴയ തന്ത്രം തന്നെയാണ് ഉമ്മൻചാണ്ടിയും കൂട്ടരും പയറ്റിയത്. ഇതൊക്കെ പറയുമ്പോഴും പി ജെ ജോസഫുമായുള്ള ഗുസ്തിയിൽ കോൺഗ്രസ് നേതൃത്വത്തിലെ ചിലർ എടുത്ത നിലപാടിൽ പ്രതിഷേധിച്ച് ജോസ് കെ മാണി ഇടതു മുന്നണിയുമായി കൈകോർക്കുമ്പോഴും ബാക്കിയാവുന്ന ചോദ്യങ്ങളിലൊന്ന് കേരള കോൺഗ്രസ് അതിന്റെ രൂപീകരണ കാലത്തെ ലക്‌ഷ്യം കൈവരിച്ചോ എന്നതാണ്. ഒരുപക്ഷെ കേരളത്തിൽ കോൺഗ്രസിന് ബദൽ ആവേണ്ടിയിരുന്ന ഒരു പാർട്ടിയാണ് പിളർന്നും മെലിഞ്ഞും ഏതു തൊഴുത്തിനും പാകമാവുന്ന പരുവത്തിലായത്. ബാലകൃഷ്ണ പിള്ളയുടെ കേരള കോൺഗ്രസ് - ബിയും കേരള കോൺഗ്രസ് -എമ്മിലെ പ്രൊഫ. എൻ ജയരാജിന്റെ സാന്നിധ്യവും മാറ്റിനിര്‍ത്തിയാൽ പണ്ടുണ്ടായിരുന്ന നായർ പ്രാതിനിധ്യം ഇല്ലാതാവുകയും അതുവഴി നായർ വോട്ടുബാങ്കിലേക്കുള്ള വഴി ഏതാണ്ട് പൂർണമായും അടയുകയും ചെയ്തിരിക്കുന്നു.
ഇനി ജോസ് കെ മാണി വിഭാഗത്തിന്റെ വരവിനെക്കുറിച്ചോർത്തു പുളകിതരാവുന്നവർ മറന്നുപോകാൻ പാടില്ലാത്ത ചിലതുണ്ട്. അതിലൊന്ന് 1957 ൽ അധികാരത്തിൽ വന്ന ഒന്നാം ഇ എം എസ് സർക്കാരിന്റെ പിരിച്ചുവിടലിലേക്കു നയിച്ച വിമോചന സമരത്തിന് നേതൃത്വം നൽകിയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നവരിൽ ചിലർ ചേർന്നായിരുന്നു കേരള കോൺഗ്രസിന് രൂപം നൽകിയതെന്നാണ്. മറ്റൊന്ന് 1980 ലെ ഇ കെ നായനാർ മന്ത്രിസഭയുടെ പതനം ആണ്. കേരളത്തിൽ അക്കാലത്തു എ കെ ആന്റണിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ് - യു എന്നറിയപ്പെട്ടിരുന്ന അറസ് വിഭാഗം കോൺഗ്രെസ്സിനെപ്പോലെ തന്നെ ആ സർക്കാരിന്റെ പതനത്തിനു മാണിയും കൂട്ടരും കൂടി ഉത്തരവാദികളായിരുന്നു. 'അടിയന്തരാവസ്ഥയിൽ സി പി ഐ എമ്മിന് ഒപ്പം നിന്ന ചരിത്രം' എന്ന തലക്കെട്ടിൽ ഇന്നലത്തെ ( ഒക്ടോബർ 15 , വ്യാഴം ) വാർത്തയിൽ ഈ രണ്ടു കാര്യങ്ങളെക്കുറിച്ചും പരാമർശമുണ്ടെങ്കിലും പ്രസ്തുത വാർത്ത ഊന്നൽ നൽകുന്നത് കെ എം മാണിയുടെ ചില നന്മകളിലേക്കാണ്. 'വിമോചന സമരത്തിൽ മുന്നിലുണ്ടായിരുന്ന കേരള കോൺഗ്രസ് കായൽ രാജാക്കന്മാരുടെയും കത്തോലിക്ക- നായർ ജന്മിമാരുടെയും പാർട്ടിയെന്നാണ് അറിയപ്പെട്ടിരുന്നത്. എന്നിട്ടും കെ എം മാണി അടക്കമുള്ള ഒമ്പതംഗ യുവ ഗ്രൂപ്പ് മുൻകൈ എടുത്താണ് ആ പാർട്ടിയെ എഴുപതുകളിൽ ഇടതുപക്ഷത്തേക്ക് നയിച്ചത്. വിമോചനസമര നായകനായ നിരണം ബേബി എന്ന ഇലഞ്ഞിക്കൽ ഇ ജോൺ ജേക്കബ് അതിനെ ശക്തമായി എതിർത്തു. ഒടുവിൽ ആ നിലപാട് അംഗീകരിപ്പിക്കാൻ അന്ന് മാണിക്കൊപ്പമായിരുന്ന ലോനപ്പൻ നമ്പാടൻ ബ്ലേഡുകൊണ്ട് ശരീരം മുറിച്ചു ചോര ചിന്തി നാടകീയ രംഗങ്ങളുണ്ടാക്കി'- ദേശാഭിമാനി പറയുന്നു. ലോനപ്പൻ നമ്പാടൻ എന്ന നമ്പാടൻ മാഷ് പിന്നീട് സി പി എമ്മിനൊപ്പം ചേരുകയും പ്രവർത്തിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നുകരുതി നമ്പാടൻ മാഷ് എന്ന തൃശ്ശൂർക്കാരന്റെ 'നന്മ' പാലാക്കാരൻ ജോസ് കെ മാണിയിൽ നിന്നും പ്രതീക്ഷിക്കുന്നത് എത്രകണ്ട് ശരിയായിരിക്കും എന്നറിയില്ല. കാത്തിരുന്നു കാണുക തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories