TopTop
Begin typing your search above and press return to search.

ജലീലിനുള്ള പണി ഇ ഡിയില്‍ തുടങ്ങി, പിണറായിയുടെ ലാളനയില്‍ ഇനി എത്ര നാള്‍?

ജലീലിനുള്ള പണി ഇ ഡിയില്‍ തുടങ്ങി, പിണറായിയുടെ ലാളനയില്‍ ഇനി എത്ര നാള്‍?


ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെ ഇക്കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (E D) ചോദ്യം ചെയ്തതോടെ കേരളത്തിലെ പിണറായി വിജയൻ സർക്കാർ കൂടുതൽ പ്രതിരോധത്തിൽ ആയിരിക്കുന്നുവെന്നാണ് ഇത് സംബന്ധിച്ച് പുറത്തുവരുന്ന മാധ്യമ വാർത്തകൾ പറയുന്നത്. തന്റെ മന്ത്രിസഭയിലെ ഒരാളെയാണ് ഇ ഡി ചോദ്യം ചെയ്തിരിക്കുന്നതെന്നതിനാൽ തീർച്ചയായും മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കേണ്ടി വരും. പ്രത്യേകിച്ചും ചോദ്യം ചെയ്യലിനു പിന്നാലെ ജലീലിന്റെ രാജി ആവശ്യം പ്രതിപക്ഷം കടുപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയിൽ നിന്നും ഒരു വിശദീകരണം ഉണ്ടാകേണ്ടതായുണ്ട്. അത് ഇന്ന് തന്നെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. എന്നാൽ മന്ത്രി ജലീലിന്റെ രാജിയിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യു ഡി എഫും ബി ജെ പി യും. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇന്നലെ ആരംഭിച്ച പ്രതിപക്ഷ പ്രതിഷേധം കരുത്താർജിക്കുകയുമാണ്. എന്നാൽ ഒരു കേന്ദ്ര ഏജൻസി ചോദ്യം ചെയ്തതുകൊണ്ട് മാത്രം മന്ത്രി രാജിവെക്കേണ്ടതില്ല എന്ന നിലപാടാണ് സംസ്ഥാനത്തു ഭരണത്തിന് ചുക്കാൻ പിടിക്കുന്ന സി പി എമ്മിന്റെ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങൾക്കുള്ളത്. ഇന്ന് ചേരുന്ന സി പി എം പോളിറ്റ് ബ്യൂറോ ജലീൽ വിഷയം ചർച്ച ചെയ്യുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും വിഷയം ചർച്ചക്ക് വരില്ലെന്ന് പോ
ളിറ്റ് ബ്യൂ
റോയിലെ മുതിർന്ന അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞതായും ചില ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യത്തിൽ നിജസ്ഥിതി അറിയാൻ പോളിറ്റ് ബ്യൂറോ യോഗം കഴിയുന്നതു വരെ കാത്തിരിക്കേണ്ടിവരുമെന്നു സാരം.

ഉന്നത വിദ്യാഭ്യാസ വകുപ്പിനു പുറമെ ന്യൂനപക്ഷ ക്ഷേമം, വഖഫ്. ഹജ്ജ് എന്നിവയുടെ ചുമതല കൂടി വഹിക്കുന്ന മന്ത്രിയാണ് ജലീൽ. നേരത്തെ ബന്ധു നിയമനം, മാർക്ക് ദാനം തുടങ്ങിയ പ്രതിപക്ഷ ആരോപണങ്ങളെ അതിജീവിച്ച ജലീലിനെതിരെ ഉയർന്നുവന്നിട്ടുള്ള പുതിയ ആരോപണം ഇപ്പോൾ എൻ ഐ എ അന്വേഷിക്കുന്ന തിരുവനന്തപുരം സ്വരണക്കടത്തു കേസിൽ മുഖ്യ പ്രതികളിലൊരാളായ സ്വപ്‍ന സുരേഷുമായും യു എ ഇ കോൺസൽ ജനറലുമായയുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ളതും യു എ ഇ കോൺസുലേറ്റു വഴി വിദേശത്തുനിന്നും വന്ന പെരുന്നാൾ കിറ്റും മത ഗ്രന്ഥങ്ങളും പ്രോട്ടോകോൾ പാലിക്കാതെ വാങ്ങി കേരളത്തിൽ വിതരണം ചെയ്തു എന്നതുമാണ്. തിരുവനന്തപുരം എയർപോർട്ട് വഴി ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്താൻ നടത്തിയ ശ്രമം പിടിക്കപ്പെട്ടതോടെ യു എ ഇ കോണ്‍സുലേറ്റിനെ മറയാക്കി കേരളത്തിലെത്തിയ പെരുന്നാൾ കിറ്റുകൾക്കും മത ഗ്രന്ഥങ്ങൾക്കുമൊപ്പം സ്വർണം കടത്തിയിട്ടുണ്ടാവാം എന്നൊരു സംശയവും ബലപ്പെട്ടു. എന്നാൽ ഇ ഡി കഴിഞ്ഞ ദിവസം ജലീലിൽ നിന്നും എന്തൊക്കെ വിവരങ്ങളാണ് തേടിയതെന്നു വ്യക്തമല്ലെങ്കിലും സ്വാഭാവികമായും മുൻ സൂചിപ്പിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടു തന്നെയായിരുന്നിരിക്കണം ചോദ്യം ചെയ്യൽ.

അങ്ങനെ കരുതുമ്പോൾ തന്നെ ഉയരുന്ന പ്രധാന ചോദ്യം യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ ലംഘനവും പെരുന്നാൾ കിറ്റിന്റെയും മത ഗ്രന്ഥ പാഴ്സലുകളുടെയും മറവിൽ സ്വർണ കള്ളക്കടത്തു നടന്നോ എന്നതുമാണ് അന്വേഷണ വിഷയങ്ങളെങ്കിൽ എന്തുകൊണ്ട് എൻ ഐ എ യും കസ്റ്റംസിനെയും മറികടന്നു ഇ ഡി ജലീലിനെ ആദ്യം ചോദ്യം ചെയ്തുവെന്നതാണ്. നരേന്ദ്ര മോദി സർക്കാരിനു കീഴിൽ ഇ ഡി നടത്തുന്ന ഒപ്പേറഷനുകളെക്കുറിച്ചു വ്യാപകമായ ആക്ഷേപമാണ് ഉയർന്നുവന്നിട്ടുള്ളത്. രാഷ്ട്രീയ എതിരാളികളെ പൂട്ടാൻ കേന്ദ്രം ഒരു ചട്ടുകമായി ഇ ഡി യെ ഉപയോഗിക്കുന്നു എന്ന ആക്ഷേപം പ്രധാനമായും ഉന്നയിച്ചത് കോൺഗ്രസ് തന്നെയാണ്. അശോക് ഘെലോട്ട് , ഡി കെ ശിവകുമാർ, അഹമ്മദ് പട്ടേൽ, പവൻ ബൻസാൽ തുടങ്ങി ഒട്ടേറെ കോൺഗ്രസ് നേതാക്കൾ ഇ ഡി യുടെ പൂട്ടിന്റെ ശക്തി അറിഞ്ഞവരാണ്. അഹമ്മദ് പട്ടേലിനെതിരെ ഇ ഡി തിരിഞ്ഞപ്പോൾ എ ഐ സി സി വക്താവ് രൺദീപ് സുർജേവാല ഇ ഡി ക്കെതിരെ നടത്തിയ പ്രതികരണം ' Under Modi E D has become an Embarrassing Disaster' എന്നായിരുന്നു.എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഇത്തരത്തിൽ കടുത്ത വിമർശം ചൊരിഞ്ഞ കോൺഗ്രസിന്റെ കേരളത്തിലെ നേതാക്കളാണിപ്പോൾ ഇ ഡി മന്ത്രി ജലീലിനെ ചോദ്യം ചെയ്തതിനെ സഹർഷം സ്വാഗതം ചെയ്യുന്നതും രാജി ആവശ്യപ്പെടുന്നതും! അത് എന്തുമാവട്ടെ, സ്വര്‍ണ്ണകള്ളക്കടത്തിൽ എൻ ഐ എ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം സ്വാഗതം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിക്കും ഇടതു മുന്നണിക്കും ആശങ്കപ്പെടാൻ പോന്ന ഒന്ന് തന്നെയാണ് ഇപ്പോൾ ജലീലിന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. തുടക്കത്തിൽ ആശങ്കക്ക് വകയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മറ്റു രണ്ടു അന്വേഷണ ഏജൻസികളെ മറികടന്നു ഇ ഡി മുന്നോട്ടുപോകുമ്പോൾ ഇ ഡി യെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ കേരളത്തിലും ഒരു രാഷ്ട്രീയക്കളിക്കു തുടക്കം കുറിച്ചു കഴിഞ്ഞില്ലേ എന്നൊരു സംശയം ബലപ്പെടുന്നുണ്ട്.

ജലീലിനെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തതിനു പിന്നാലെ ജലീലിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച ആക്ഷേപം ഇ പി ജയരാജൻ അടക്കമുള്ള മന്ത്രിമാർക്ക് നൽകാത്ത പരിരക്ഷയാണ് മുഖ്യമന്ത്രി കെ ടി ജലീലിന് നല്കുന്നതെന്നായിരുന്നു. ഇതിൽ സി പി എമ്മിൽ ഉള്ളവർക്കുപോലും കടുത്ത അതൃപ്തിയുണ്ടെന്നും പലരും ഇക്കാര്യം പങ്കുവെക്കുന്നുണ്ടെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ജലീലിനെതിരെ സി പി എമ്മിലും സി പി ഐ യിലുമൊക്കെ അതൃപ്തി പുകയുന്നുണ്ടെന്ന വാർത്തയുമായി ചില ചാനലുകളും രംഗത്ത് വന്നിരുന്നു. ഇവിടെ ശ്രദ്ധേയാകുന്ന ഒരു കാര്യം ലോജിക്കിൽ ' Argumentum Ad Populum' അഥവാ ' appealing to the people' എന്ന ഒരു തന്ത്രം പ്രതിപക്ഷം പയറ്റുന്നുവെന്നതാണ്. പലരും അങ്ങനെ കരുതുന്നു അല്ലെങ്കിൽ വിശ്വസിക്കുന്നു എന്നതിനാൽ അത് ശരിയാണെന്നു സ്ഥാപിക്കാൻ നടത്തുന്ന തെറ്റായ ഒരു വാദമായാണ് തർക്ക ശാസ്ത്രം (യുക്തി ശാസ്ത്രം) ഇതിനെ കാണുന്നതെങ്കിലും തെറ്റിദ്ധാരണ പരത്തി തെറ്റായ ഒന്നിനെ സ്ഥാപിച്ചെടുക്കാൻ ഇത് പലരും ഉപയോഗപ്പെടുത്താറുണ്ട്. ഇപ്പോൾ ജലീലിന്റെ കാര്യത്തിലും പ്രതിപക്ഷം നടത്തുന്നത് ഇത്തരത്തിൽ ഒരു ശ്രമം തന്നെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories