TopTop
Begin typing your search above and press return to search.

മൊബൈല്‍ ഫോണുണ്ടായിരുന്നെങ്കില്‍ ഗാഥയും ഉണ്ണികൃഷ്ണനും തമ്മിലുള്ള ബന്ധം മുറിയില്ലായിരുന്നു; ടെലിഫോൺ കമ്പികൾ നിർമിച്ച ലോകവും ശരീരവും

മൊബൈല്‍ ഫോണുണ്ടായിരുന്നെങ്കില്‍ ഗാഥയും ഉണ്ണികൃഷ്ണനും തമ്മിലുള്ള ബന്ധം മുറിയില്ലായിരുന്നു; ടെലിഫോൺ കമ്പികൾ നിർമിച്ച ലോകവും ശരീരവും

'മി വാട്സൻ കം ഹിയർ, ഐ വാണ്ട് സീ യു' എന്ന് ഗ്രഹാം ബെൽ എന്ന ശാസ്ത്രജ്ഞൻ1876ൽ മറ്റൊരിടത്തുള്ള തന്റെ സഹായിയെ വിളിച്ചപ്പോൾ ലോകത്തെ അത്ഭുതപ്പെടുത്തുന്ന, നിലവിലെ ലോകത്തെ ദൂരവും വേഗവും മാറ്റിമറിക്കുന്ന സാങ്കേതികവിദ്യ ജനിക്കുകയായിരുന്നു. ദൂരെയുള്ളവർക്ക് സന്ദേശമയയ്ക്കുന്ന ടെലഗ്രാഫ് നിലനിന്ന കാലത്ത് ആദ്യം പുതിയ സാങ്കേതികവിദ്യയെ 'സംസാരിക്കുന്ന ടെലഗ്രാഫ്' എന്നാണ് വിളിച്ചത്. രണ്ടുപേരെ, അഥവാ രണ്ടുവീടുകളെ പരസ്പരം നേരിട്ടു ബന്ധിപ്പിക്കുന്ന സംവിധാനത്തിൽനിന്ന് സ്വിച്ചുബോർഡുകളാൽ നിയന്ത്രിക്കുന്ന എക്സേഞ്ചുകളിലേക്കും അവിടെനിന്ന് ഇലക്ട്രോണിക് സംവിധാനത്തിലേക്കും മാറിയ ടെലിഫോൺ എന്ന സാങ്കേതികവിദ്യ ആദ്യമൊന്നും മനുഷ്യരെ കാര്യമായി ആകർഷിച്ചില്ലെങ്കിലും പിന്നീട് മനുഷ്യർക്ക് ഒഴിവാക്കാനാകാത്ത ഒന്നായി മാറുന്നു. ബന്ധങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്ന, ദൂരങ്ങളെയും വേഗങ്ങളെയും മറികടക്കുന്ന ഉപകരണമായി പരിണമിക്കുന്നു.

ആദ്യകാലത്ത് ടെലിഫോൺ സാമ്പത്തികപദവിയുടെ അടയാളമായിട്ടാണ് ഗണിക്കപ്പെട്ടിരുന്നെങ്കിലും വളരെവേഗം എല്ലാ വീടുകളിലും ഉണ്ടാവേണ്ട ഒരാവശ്യമായി മാറുന്നു. അങ്ങനെ ഔദ്യോഗിക ആവശ്യങ്ങൾക്കും സന്ദേശം അയക്കുന്നതിനും ഇതര വാർത്താവിനിമയങ്ങൾക്കും ഇതൊഴിച്ചുകൂടാത്തതായി മാറുകയും സാമൂഹികജീവിതത്തെ പുനർക്രമീകരിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്തു. റേഡിയോയുടെയും മറ്റും വരവ് ഇതിനു പൂരകമായി പുതിയസാധ്യതകളിലേക്ക് വഴിതുറന്നു. 1910 ൽ ടെലിഫോണിനായി കടലിനടിയിലൂടെ കേബിളിട്ടതോടെ അന്താരാഷ്ട്രബന്ധം സാധ്യമാവുകയും ലോകം മുഴുവൻ ബന്ധത്തിന്റെ പുതിയൊരു ക്രമത്തിലേക്കു പ്രവേശിക്കുകയും ചെയ്തു. മറുഭാഗത്ത് റിസീവറും സ്പീക്കറുമൊക്കെ വേറെ വേറെ വച്ചിരുന്ന കാൻഡിൽസ്റ്റിക് ടെലിഫോണിൽനിന്ന് സ്പീക്കറും ഡയൽസംവിധാനവും ഒന്നിച്ചുള്ള, കറക്കിവിളിക്കുന്ന റോട്ടറിഫോണുകളിലേക്കും പിന്നീട് അമർത്തിവിളിക്കുന്ന ഫോണുകളിലേക്കും കോഡ് ലെസ് ഫോണുകളിലേക്കും ടെലിഫോൺ സാങ്കേതികവിദ്യ വളരുകയും മനുഷ്യബന്ധങ്ങൾ അറിയപ്പെടാത്ത ലോകങ്ങളെ പുല്‍കുകയും ചെയ്തു. മൊബൈൽ ഫോൺ ആ ചരിത്രത്തെ മറ്റൊന്നായി മാറ്റുന്നു. ദൂരങ്ങളും വേഗങ്ങളും അപ്രത്യക്ഷമാവുകയും ഫോൺശബ്ദങ്ങളിലൂടെ എല്ലാത്തരം സന്ദേശങ്ങളും പരസ്പരം വിനിമയം ചെയ്യപ്പെടുന്ന ലോകം സാധ്യമാകുന്നു. ലോകമെന്നത് ലോകമാകെ വിന്യസിച്ചിരിക്കുന്ന കമ്പികളിലൂടെ ബന്ധിതമായ ഒരു വലപോലെയാകുന്നു.

1890 കളിൽ ടെലിഫോണാരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യയിൽ തുടങ്ങിയെങ്കിലും 1910 നു ശേഷമാണ് അത് യാഥാർഥ്യമാകുന്നത്. സ്വാതന്ത്ര്യത്തിനുമുമ്പ് ഒരുലക്ഷത്തിൽ താഴെ ടെലിഫോണുടമകളാണ് ഇന്ത്യയിലുണ്ടായിരുന്നത്. അതിനുശേഷം എഴുപതുകൾ വരെ കുറച്ചു വളർച്ചയുണ്ടാകുന്നുണ്ടെങ്കിലും ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ടെലികമ്യൂണിക്കേഷൻ മേഖലയിൽ കാര്യമായി ചലനങ്ങളുണ്ടാവുകയും ഗ്രാമപ്രേദശങ്ങളിൽ ഫോൺലൈനുകൾ സ്ഥാപിക്കുകയും ചെയ്യുന്നു. 1980കളിൽ ടെലികമ്യൂണിക്കേഷൻ വകുപ്പ് പ്രത്യേകമായി ഉണ്ടായതോടെ ഡിജിറ്റൽ എക്സ്ചേഞ്ചും ഒപ്റ്റിക്കൽ ഫൈബർ കേബിളും വന്നതോടെ ഇന്ത്യയിൽ ഫോൺവിപ്ലവും ആരംഭിക്കുന്നു. തൊണ്ണുറുകളിൽ സ്വകാര്യവല്കരണവും മൊബൈൽ ഫോണും യാഥാർഥ്യമാവുന്നു. ഫോണിനാൽ കെട്ടപ്പെട്ട ഡിജിറ്റൽ ജീവിതം ഇന്ത്യൻ സമൂഹത്തെ നിർവചിക്കുന്നതാണ് ഇപ്പോൾ കാണുന്നത്.

കേരളത്തിൽ 1950-കളിൽ പ്രധാനപ്പെട്ട നഗരങ്ങളിൽ ടെലിഫോൺ വന്നു. ആദ്യകാലത്ത് സാമ്പത്തികപദവിയുടെ അടയാളമായിരുന്ന ഫോൺ എഴുപതുകളിലാണ് വീടുകളിലെ ഉപകരണമായി മാറുന്നത്. അതിനുകാരണം പ്രവാസമാണ്. അറിയാത്ത മറ്റൊരു ലോകത്തെ ബന്ധുക്കളുമായി ബന്ധപ്പെടാനുള്ള ഉപകരണമായി ഫോൺ മാറുന്നു. ഒരു പ്രദേശത്തെ ഫോണുളള സമ്പന്നവീടുകൾ ആ പ്രദേശത്തെ പലർക്കുമുള്ള കോളുകൾ എത്തുന്ന സ്ഥലമായിരുന്നു തൊണ്ണൂറുകളിലും. അക്കാലത്താണ് ടെലിഫോൺ ബൂത്തുകൾ കേരളത്തിൽ വ്യാപകമാകുന്നത്. നമുക്കറിയാത്ത ലോകങ്ങളിലേക്കുള്ള വഴിയുമായി അവ മലയാളിയെ കാത്തിരുന്നു. അറിയപ്പെടാത്ത ലോകങ്ങളെ നമ്മളുമായി കൂട്ടിയിണക്കാനുള്ള ശൃംഖലയായി ഫോൺ മാറുമ്പോൾ നമ്മുടെ വീട്ടകങ്ങളിലേക്ക് മറ്റൊരു ലോകം വരികയാണ്. അഥവാ അപരിചിതമായ പുറംലോകവും വീടെന്ന അകംലോകവും തമ്മിലുള്ള അകലം പതുക്കെ ഇല്ലാതാവുകയും ബന്ധങ്ങളുടെ സാമൂഹികത മാറുകയും ചെയ്യുന്നു. പുറത്തേക്കുള്ള ഒരുപാടുവഴികളുടെ സാധ്യതകളെ ഇത് തുറക്കുകയും യാഥാസ്ഥിതികമായ സാമൂഹിക- കുടുംബബന്ധങ്ങളുടെ കെട്ടുപാടുകളെ പൊളിക്കുന്നതിനുള്ള ഊർജ്ജം നല്കുകയും ചെയ്യുന്നതായി കാണാം. ബന്ധങ്ങളെയും വിവരങ്ങളെയും ശബ്ദങ്ങളിലൂടെ നിർവചിക്കുന്ന ടെലിഫോൺ മലയാളിയുടെ ജീവിതത്തെ മാറ്റിമറിക്കുന്നതിന്റെ ചരിത്രം 1980കളിലെ സിനിമകൾ പറയുന്നു. മനുഷ്യരെക്കാൾ ടെലഫോൺ പ്രധാനമാവുന്ന, മനുഷ്യബന്ധങ്ങളിലെ സ്നേഹവും പ്രണയവും നിർവചിക്കുന്നതിൽ ടെലിഫോണിന് പ്രധാന്യമുണ്ടെന്നു പറയുന്ന 'ഒന്നു മുതൽ പൂജ്യം വരെ' പോലെയുള്ള സിനിമകൾ (1986) ഇക്കാലത്ത് വലിയവിജയം നേടുന്നുണ്ട്. ഇക്കാലത്താണ് കൃത്യസമയത്ത് ഫോൺ വിളിക്കാഞ്ഞതുകാരണം ഒരു പ്രണയബന്ധം മുറിയുന്ന 'വന്ദനം' എന്ന സിനിമ (1989) വരുന്നതും.


കുര്യൻ ഫെർണാണ്ടസ് എന്ന ജയിൽ ചാടിയ ക്രിമിനലിനെ തേടി ബാംഗ്ലൂരിൽ എത്തുന്ന ഉണ്ണികൃഷ്ണൻ, പീറ്റർ എന്നീ പോലീസുകാരും ഫെർണാണ്ടസിന്റെ മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് വന്ദനം എന്ന സിനിമ. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളിയെ തേടിയുള്ള പോലീസിന്റെ അന്വേഷണവും അതിനായുപയോഗിക്കുന്ന പോലീസിന്റെ അധികാര തന്ത്രങ്ങളും സൂക്ഷ്മ നിരീക്ഷണങ്ങളുമാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ അന്വേഷണം ബാംഗ്ലൂർ പോലെയുള്ള നഗരത്തിൽ ആ കാലഘട്ടത്തിൽ കുറ്റവാളികളെയും അതേപോലെ തന്നെ പൗരന്മാരെയും നിരീക്ഷിക്കാനുള്ള പോലീസിന്റെ ശേഷി വളർന്നതാണ് പറയുന്നത്. ഇതിൽ പ്രധാനമായും കമ്പികളാൽ ബന്ധിതമായ, സ്ഥിരമായി ഒരിടത്തുവയ്ക്കേണ്ട ടെലിഫോണാണ്. ഫോണിലെ നമ്പർ കറക്കി വിളിക്കുന്ന റോട്ടറി ഫോണാണ് സിനിമയിൽ ഉപയോഗിക്കുന്നത്. അക്കാലത്ത് ഇതാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. ഇക്കാലത്ത് വിദേശത്ത് മൊബൈൽഫോൺ യാഥാർഥ്യമായിരുന്നുവെന്നോർക്കണം.

ഗാഥ എന്ന ഫെർണാണ്ടസിന്റെ മകളുമായി ഉണ്ണികൃഷ്ണൻ ബന്ധമുണ്ടാക്കുന്നു. ക്രമേണ അതൊരു പ്രണയബന്ധമായി ഭാവന ചെയ്തുകൊണ്ട് ഫെർണാണ്ടസിലേക്ക് എത്തുന്നതോടൊപ്പം ഗാഥയെ സ്വന്തമാക്കാനുള്ള ആഗ്രഹമായി വികസിക്കുകയും ചെയ്യുന്നു. ഇതിനു വേണ്ടി ഗാഥയോടുള്ള തന്റെ പ്രണയം പ്രഖ്യാപിക്കുന്നതിന് വേണ്ടി നിരവധി രീതിയിൽ ഉണ്ണികൃഷ്ണൻ തന്റെ പുരുഷത്വപരമായ യൌവനചാപല്യത്തോടെ ഇടപെടുന്നുണ്ട്. എന്നാൽ ഗാഥ ഇതിനെ എല്ലാം തള്ളിക്കളയുകയും തന്റെതായ നിലയിൽ ജീവിക്കുകയും തന്റെ പിതാവ് ഒരു ക്രിമിനൽ ആണെന്ന ബോധ്യത്തിൽ അയാളെ അതറിയിക്കുകയും ചെയ്യുന്നു. ഉണ്ണികൃഷ്ണൻ അത് മനസിലാക്കി കൊണ്ട് തന്നെ ഗാഥയെ തന്നെപ്പോലെ വേറിട്ടൊരു വ്യക്തിയായി കാണാൻ ശ്രമിക്കുകയും പ്രണയം ഏറ്റുപറയുകയും വിവാഹത്തിനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്യുന്നു. ഒടുവിൽ ഫെർണാണ്ടസിനെ കീഴടക്കിക്കൊണ്ട് അയാളുടെ സംഘത്തെ ശിഥിലമാക്കുന്നു. എന്നാൽ പ്രണയത്തിന്റെ കമ്പികൾ മുറിയപ്പെടുന്നു.

ടെലിഫോൺ എന്ന ഉപകരണം ഈ കഥയിൽ ഏതാണ്ട് മൂന്നു തരത്തിലാണു പ്രവർത്തിക്കുന്നതെന്നു കാണാം. പോലീസിന്റെ അധികാരപ്രയോഗം എന്ന നിലയിലാണ് പ്രധാനമായും ഫോൺ പ്രത്യക്ഷപ്പെടുന്നത്. പോലീസ് പോലയുള്ള സർക്കാർ സംവിധാനങ്ങളിൽ ഫോൺ വ്യക്തമായി ഉപയോഗിച്ചിരുന്നതായി എഴുപതുകളിലെ സിനിമകൾ പറയുന്നുണ്ട്. പോലീസിന് വിവരങ്ങൾ നല്കാനും തങ്ങളുടെ അധികാരം അടിച്ചേല്പിക്കാനുമുള്ള ഒരുപകരണമെന്നനിലയിലാണിത് പ്രധാനമായും കാണുക. ശ്രേണീകൃതമായി വിന്യസിച്ചിരിക്കുന്ന പോലീസിന്റെ മുകൾത്തട്ടുമുതൽ താഴെത്തട്ടുവരെ നിർദ്ദേശങ്ങളും ഉത്തരവുകളും നല്കുന്നതിനും നടപ്പാക്കുന്നതിനുമാണ് ഇത് ഉപയോഗിക്കുന്നത്. പോലീസിലേക്ക് വിവരങ്ങൾ എത്തിക്കുന്നതിനും ഇത് ഉപയോഗിക്കപ്പെടുന്നു. കുറ്റാന്വേഷണസിനിമകളിൽ ടെലിഫോണിലൂടെയാവും ആ അന്വേഷണത്തിലെ പ്രധാനപ്പെട്ട വിവരങ്ങൾ കിട്ടുകയെന്നു നിരീക്ഷിക്കപ്പെടുന്നുണ്ട്. മറഞ്ഞുനില്കുന്ന സാക്ഷിക്ക് തന്റെ സ്വത്വം വെളിപ്പെടുത്താതെ വിവരങ്ങൾ കൈമാറാൻ ഇതുവഴി സാധിക്കും. ആധുനികതയിലെ ദേശരാഷ്ട്രം പൌരരുമായുള്ള ബന്ധം മറ്റൊരു തരത്തിൽ നിർവചിക്കുകയാണിവിടെയെന്നു പറയാം. ഇന്ത്യയാകെ പാളങ്ങളിലൂടെ ബന്ധിപ്പിച്ച റയിൽവേ ഇന്ത്യൻ ദേശീയതയെ നിർവചിച്ചതുപോലെ മണ്ണിനടിയിലൂടെ പോകുന്ന നേർത്ത കമ്പികൾ പുതിയ ഇന്ത്യയെ നിർവചിക്കുകയായിരുന്നു. കന്യാകുമാരിയെയും കാശ്മീരിനെയും ക്ഷണനേരം കൊണ്ട് ബന്ധിപ്പിക്കുന്ന, പരമ്പരാഗത ദൂരത്തെയും വേഗത്തെയും തിരസ്കരിക്കുന്ന പുതിയ രാഷ്ട്രം രൂപംകൊള്ളുന്നതാണിവിടെ കാണുന്നത്. എൺപതുകളിൽ കേന്ദ്രസർക്കാർ ടെലിഫോൺവ്യാപനത്തിന് നടപടികളെടുക്കുന്നതിന്റെ പിന്നിൽ പുതിയ സാങ്കേതിവിദ്യയുടെ വ്യാപനം മാത്രമല്ല, മറിച്ച് പ്രജകളിലേക്കു സർക്കാരിനെ എത്തിക്കുന്ന, അവരെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അധികാരരാഷ്ട്രീയത്തിന്റെ പ്രയോഗം കൂടിയാണെന്നു പറയണം.


സിനിമയിലെ ഏറെ ആസ്വദിക്കപ്പെട്ട തമാശയാണല്ലോ ഉണ്ണികൃഷ്ണൻ ടെലിഫോൺ റിപ്പയറിംഗിനായി ചെല്ലുന്ന രംഗം. ഫോൺ ചോർത്താനുള്ള ഉപകരണം ഗാഥയുടെ വീട്ടിലെ ഫോണിൽ സ്ഥാപിച്ച ശേഷം പശ ഒട്ടിപ്പിടിച്ചതുകാരണം കസേരയിൽനിന്ന് എഴുന്നേല്ക്കാനാവാഞ്ഞതും പാന്റ് കീറുന്നതുമായ രംഗം ഹാസ്യാത്മമാക്കിക്കൊണ്ട് പോലീസിന്റെ സൂക്ഷ്മനോട്ടത്തെ മറച്ചുപിടിക്കുകയാണ്. ഭരണകൂടത്തിനും പോലീസിനും തങ്ങൾ നിരീക്ഷിക്കുന്ന വ്യക്തികളെ ചൂഷണം ചെയ്യാനും അവരുടെ വിവരങ്ങൾ ചോർത്താനും ടെലഫോൺ ഒരു ഉപകരണമാക്കി, അധികാരത്തിന്റെ പ്രയോഗമാക്കി മാറ്റുന്നത് ദൃശ്യവൽക്കരിക്കുന്നതാണ് ഇവിടെ. ഭരണകൂടത്തിന്റെ പ്രധാനപെട്ട മർദ്ദനോപകരണമായിട്ടുള്ള പോലീസ് സംവിധാനം ബാംഗ്ലൂർ പോലെയുള്ള വലിയ നഗരങ്ങളിൽ പൌരരുടെ ജീവിതത്തിലേക്കു നുഴഞ്ഞുകയറുന്നതാണിവിടെ പറയുന്നത്. ഇത്തരത്തിൽ അധികാരകേന്ദ്രങ്ങളും പ്രജകളും തമ്മിലുള്ള ബന്ധത്തിൽ നിർണയകമായ ഒരു സ്ഥാനത്തേക്ക് ടെലിഫോണ്‍ 1980-കളിൽ കടന്നുവരുന്നതാണ് സിനിമ സൂചിപ്പിക്കുന്നത്. ആ രീതിയിൽ കുറ്റവാളികളിലേക്ക് എത്തിച്ചേരാനും നിരീക്ഷിക്കുന്നതിനും കുറ്റവാളികളായി സംശയിക്കപ്പെടുന്നവരെ നിരീക്ഷിക്കുന്നതിനുമുള്ള ഒരു ഉപകരണമായി ടെലിഫോൺ മാറുന്നു. അധികാരത്തിന്റെയും ഭരണകൂടത്തിന്റെയും പുതിയ ഇടനാഴിയാണ് മറഞ്ഞുകിടക്കുന്ന ഈ കമ്പികൾ എന്നു വ്യക്തം. ഇന്ത്യയിൽ ഭരണകൂടാധികാരം മൂർത്തമായി പ്രയോഗിക്കുപ്പെട്ട അടിയന്തരാവസ്ഥയ്ക്കു ശേഷമാണ് ടെലികമ്യൂണിക്കേഷൻ മേഖലയിലേക്ക് സർക്കാരിന്റെ ശ്രദ്ധ ഏറെയും വന്നതെന്നത് യാദൃച്ഛികമാകാനിടയില്ല.

രണ്ടാമത്തെ ഫോണുപയോഗം ഫെർണാണ്ടസും സംഘവും തങ്ങൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ പോലീസിൽ അറിയിക്കുന്നതാണ്. ഇക്കാലത്ത് കള്ളക്കടത്തുകാരും മറ്റും ഫോൺ വളരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എൺപതുകളിലെ സിനിമയിൽ ഫോൺ ഉപയോഗിക്കുന്നത് ഏറെയും ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ നടത്തുന്നവർ അത് രഹസ്യമായി അറിയിക്കുന്നതിനാണ്. മലയാളത്തിൽതന്നെ റാംജിറാവ് സ്പീക്കിംഗ് പോലെയുള്ള സിനിമകൾ ഉദാഹരണം. തട്ടിക്കൊണ്ടുപോകലുകളും യഥാസ്ഥാനത്ത് അറിയിക്കുന്നത് ഇങ്ങനെയാണ്. കുറ്റവാളിക്ക് മറഞ്ഞിരിക്കാനും ആശങ്ക വർധിപ്പിക്കാനും ഇത് ഇടയാക്കുന്നുണ്ട്. എന്നാൽ ടെലഫോണുപയോഗിച്ചാൽ അതിനെ പിന്തുടരാൻ പോലീസിനു സാധിക്കുകയും ചെയ്യും. ഇത് കുറ്റവാളിയിലേക്ക് എത്തിച്ചേരാനുള്ള വഴിതുറക്കുന്നു. സിനിമയിൽ ഉടനീളം ഫെർണാണ്ടസ് എല്ലാ കാര്യങ്ങളും പോലീസിനെ അറിയിക്കുന്നത് ടെലിഫോണ്‍ വഴിയാണ്, പോലീസിന് എല്ലാ വിവരങ്ങളും ലഭിക്കുന്നത് ടെലിഫോൺ വഴിയാണ്. അവസാനഭാഗത്തെ ഹോട്ടൽ രംഗം ഉദാഹരണം. ഹോട്ടലിലെ മുകളിലെ മുറിയിൽനിന്ന് താഴേക്ക് സന്ദേശം വരുന്നത് ഫോണിലൂടെയാണ്. അങ്ങനെ ടെലിഫോൺ കുറ്റകൃത്യങ്ങൾ മറഞ്ഞിരുന്നു ചെയ്യാനുള്ള വഴിയാകുന്നു. ടെലിഫോണിന്റെ വയറുകൾ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന സൂചന കുറ്റവാളിയിലേക്കുള്ള ബന്ധത്തിന്റെ സൂചനയുമാകുന്നു.

മൂന്നാമത്തെ മാനം, ഉണ്ണികൃഷ്ണനും ഗാഥയും തമ്മിലുള്ള ബന്ധം വികസിക്കുന്നതിൽ ഫോണിനു പങ്കുണ്ടെന്നതാണ്. വൈകാരികമായി ബന്ധങ്ങളെ നിർവചിക്കുന്നതിൽ ഫോൺ അക്കാലത്ത് കാര്യമായി വികസിച്ചിരുന്നില്ല എന്നുകാണാം. അതായത് പ്രണയംപോലുള്ളവ ഫോണിലൂടെ ദീർഘസമയം സംസാരിച്ച് രൂപപ്പെടുന്ന അവസ്ഥ ഉണ്ടായിരുന്നില്ല. ഒന്നുമുതൽ പൂജ്യംവരെ എന്ന സിനിമയിൽ ഇതിന്റെ തുടക്കം കാണാം. എന്നാലതിൽ പ്രണയിക്കുന്നവരുടെ സംസാരം അല്ല എന്നത് ശ്രദ്ധേയം. എന്നാൽ മാനസികമായ തളർന്ന നായകന് ആശ്വാസമാകുന്നത് ഫോണിലൂടെയെത്തുന്ന കൊച്ചുകുട്ടിയുടെ വാക്കുകളാണ്. അകലങ്ങളിലുള്ള ആളുകളെ കൂട്ടിയിണക്കുന്ന കണ്ണിയായി ടെലിഫോൺ മാറുന്നുവെന്നിത് അടയാളപ്പെടുത്തുന്നു. ഫോണിലൂടെ ഗാഥയും ഉണ്ണികൃഷ്ണനും സംസാരിച്ച് തങ്ങളുടെ പ്രണയം പ്രകടിപ്പിക്കുന്നില്ല. ഗാഥയുടെ വീട്ടിലെ ഫോണിൽ ഫോൺ ചോർത്താനുള്ള ഉപകരണം പിടിപ്പിക്കുന്നതിന് ടെലിഫോൺ ഓപ്പറേറ്ററായിട്ടാണ് ഉണ്ണികൃഷ്ണൻ ആ വീട്ടിലാദ്യംചെല്ലുന്നത്. പ്രധാനമായും ഫോണും ടെലസ്കോപ്പുമാണ് ഈ സിനിമയിൽ പോലീസ് ഉപയോഗിക്കുന്ന നിരീക്ഷണ ഉപകരണങ്ങൾ. ഈ ഉപകരണങ്ങളും ആ വീടുമായി അവയെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ഒരേസമയം കുറ്റവാളിയിലേക്കു പോലീസ് ചെന്നെത്തുന്നതും ഗാഥയിലേക്ക് ഉണ്ണികൃഷ്ണൻ ചെന്നെത്തുന്നതും സൂചിപ്പിക്കുന്നു. എല്ലാ വ്യക്തികളും വ്യാപിച്ചുകിടക്കുന്ന ടെലിഫോൺ വയറുകളിലൂടെ വലയിതമാകുന്നുവെന്നാണിത് പറയുന്നത്.


ടെലിഫോൺ വയറുകൾ ലോകമാകെ വ്യാപിച്ചിരിക്കുന്ന വലയായി മാറുന്നുവെന്നും ഇതിനു പുറത്തൊരു ജീവിതം അസാധ്യമാകുന്നതായും സൂചിപ്പിക്കപ്പെടുന്നു. അതാണ് സിനിമയുടെ അവസാനം കാണുന്നത്. മുൻ നിശ്ചയിച്ച പ്രകാരം തന്റെ വിവരം ഉണ്ണികൃഷ്ണനെ അറിയിക്കുന്നതിനായി ഗാഥ പലയിടത്തും ഫോൺ തേടി പോകുന്നുണ്ട്. എന്നാൽ ഗാഥ പോകുന്ന ടെലിഫോൺ ബൂത്തികളിലെല്ലാം തിരക്കായിരുന്നു, ചിലയിടത്ത് പോലീസ് നിരീക്ഷണമുണ്ടായിരുന്നു. അവസാനം ഗാഥ ഫോൺ ചെയ്യുമ്പോൾ അവളുടെ വിളികാത്തിരുന്ന് മടുത്ത് ഉണ്ണികൃഷ്ണന്‍ മുറിപൂട്ടി പുറത്തിറങ്ങുന്നു. കമ്പികളാൽ ബന്ധിപ്പിക്കപ്പെട്ട ഫോണെന്നത് ബന്ധങ്ങളുടെ സാധ്യതയെ പരിമിതപ്പെടുത്തുന്നതാണ് ഇത് സൂചിപ്പിക്കുന്നത്. അതായത് ഈ ടെലിഫോൺ വല കൂടുതൽ വിപുലമാകേണ്ടിയിരിക്കുന്നുവെന്നിത് പറയുന്നു. കൊണ്ടുനടക്കാൻ കഴിയുന്ന ഫോണുണ്ടായിരുന്നെങ്കിൽ ഗാഥയും ഉണ്ണികൃഷ്ണനും തമ്മിലുള്ള ബന്ധം മുറിയില്ലായിരുന്നുവെന്ന് വ്യക്തം. ഈ സിനിമയുടെ കാലത്ത് ലോകത്ത് മൊബൈൽ ഫോൺ യാഥാർഥ്യമായിരുന്നുവെങ്കിലും അന്നത്തെ കേരളത്തിലത് ചിന്തിക്കുക അസാധ്യമായിരുന്നു. സാങ്കേതികവിദ്യ ബന്ധങ്ങളുടെ വൈകാരികതയെ രൂപപ്പെടുത്തുന്നതിന്റെ സാമൂഹികശാസ്ത്രത്തിലേക്കുള്ള സൂചകമാണ് അവരുടെ രണ്ടു ദിശകളിലേക്കുള്ള യാത്ര പറയുന്നത്.

പരമ്പരാഗതസമൂഹത്തെ തിരസ്കരിച്ച് ഉപഭോഗത്തിലധിഷ്ഠിതമായി പുതിയ സാമൂഹികത രൂപംകൊള്ളുമ്പോൾ മനുഷ്യബന്ധങ്ങളെ നിശ്ചയിക്കാൻ പുതിയ ശൃംഖലകൾ വേണമെന്നാണ് ഇത് പറയുന്നത്. അതായത്, കമ്പികളിലൂടെ ബന്ധിക്കപ്പെടുന്ന കണ്ണികൾക്ക് ഉൾക്കൊള്ളാൻ വയ്യാത്തവിധം ലോകം വളരുന്നുവെന്നും കമ്പികളില്ലാതെ തന്നെ ബന്ധപ്പെടാൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യയിൽ മനുഷ്യബന്ധങ്ങൾ കൂടുതൽ സഫലമാകുമെന്നും പറയുകയാണ് വന്ദനം എന്ന സിനിമ. ഫോൺ ശബ്ദിക്കുന്നത് ആകാംഷയോടെ കാത്തിരിക്കുന്ന മനുഷ്യരെന്നത്, ജീവനില്ലാത്ത ടെലഫോൺ കമ്പികളെ മനുഷ്യരുടെ ശരീരത്തിന്റെ ഭാഗമാക്കുന്ന പുതിയസമൂഹത്തിന്റെ ദൃശ്യമാണ്. ജൈവികമായ ശരീരത്തിനപ്പുറം ജീവനില്ലാത്ത യന്ത്രങ്ങൾകൂടി കൂടിച്ചേരുന്നതാണ് മനുഷ്യശരീരമെന്ന് മലയാളിയെ വ്യക്തമായി ആദ്യം പഠിപ്പിച്ചത് കമ്പികളാൽ ബന്ധിതമായ ടെലിഫോണാണ്. എൺപതുകളിൽ മലയാളസിനിമയിൽ വ്യാപകമാകുന്ന ടെലിഫോണുകൾ ഇത് വ്യക്തമായി പറയുന്നുണ്ട്.

റഫറന്‍സ് : David Mercer 2006 The Telephone: The Life story of a technology, Greenwood Press, London

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories