TopTop
Begin typing your search above and press return to search.

ദുരന്തങ്ങളുടെ ആഗസ്റ്റ്; ഈ ചാക്രികതയെ അതിജീവിക്കാന്‍ സംഘടിത ശക്തി മാത്രം പോര, കാത്തിരിക്കാന്‍ സമയവുമില്ല

ദുരന്തങ്ങളുടെ ആഗസ്റ്റ്; ഈ ചാക്രികതയെ അതിജീവിക്കാന്‍ സംഘടിത ശക്തി മാത്രം പോര, കാത്തിരിക്കാന്‍ സമയവുമില്ല

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 8 കേരളത്തിന് ദുരന്ത ദിനമായിരുന്നു. അന്നാണ് വയനാട് ജില്ലയിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും ഉരുള്‍പൊട്ടലും മലയിടിച്ചിലും ഉണ്ടായത്. ആഗസ്റ്റ് 9നു കേരളം പുലര്‍ന്നത് ആ ദുരന്ത വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. പുത്തുമലയില്‍ 17 പേരും കവളപ്പാറയില്‍ 59 പേരുമാണ് മണ്ണിനടിയില്‍ അകപ്പെട്ട് കൊല്ലപ്പെട്ടത്.

അതേ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതാണ് ഇന്നലെ രാജ മലയില്‍ ഉണ്ടായ മണ്ണിടിച്ചില്‍. ഇതുവരെ 18 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. പെട്ടിമുടിയിലെ കണ്ണന്‍ ദേവന്‍ കമ്പനിയുടെ ലയത്തില്‍ 5 ലൈനുകളിലായി 28 വീടുകളായിരുന്നു ഉണ്ടായിരുന്നത്. 78 പേരാണ് ഇവിടെ താമസിച്ചിരുന്നത്. 11 പേരെ രക്ഷപ്പെട്ടുത്തിയിട്ടുണ്ട്. ഇനി 49 പേരെയാണ് കണ്ടെത്താനുള്ളത്.

2018ല്‍ മഹാ പ്രളയത്തിന്റെ രൂപത്തിലാണ് ദുരന്തം സംസ്ഥാനത്തെ തേടിയെത്തിയത്. ആഗസ്റ്റ് 16നു തുടങ്ങിയ പ്രളയം മധ്യ കേരളത്തെ വെള്ളത്തില്‍ മുക്കി. പ്രളയത്തോടൊപ്പം വയനാട്ടിലും ഇടുക്കിയിലുമൊക്കെയായി നിരവധി ഉരുള്‍പൊട്ടലുകളാണ് രേഖപ്പെടുത്തിയത്. 700ല്‍ അധികം പേരാണ് ആ വര്‍ഷം മരണപ്പെട്ടത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളം എന്തു പഠിച്ചു എന്ന ചോദ്യം വലിയ ഉച്ചത്തില്‍ ഉയര്‍ത്തുന്നുണ്ട് രാജമല-പെട്ടിമുടി ദുരന്തം. ദുരന്ത വാര്‍ത്തയ്ക്ക് പിന്നാലെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വിലയിരുത്തപ്പെടേണ്ടതാണ്.

രാജമല ഉരുള്‍പൊട്ടല്‍ അപ്രതീക്ഷിത ദുരന്തമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. "ദുരന്ത സാധ്യതാ മേഖലകളില്‍ നിന്നെല്ലാം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാല്‍ രാജമല അപകട സാധ്യതാ മേഖലയായി കണക്കാക്കിയിരുന്നില്ല." മുഖ്യമന്ത്രി പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന സര്‍ക്കാരിന്റെ ഭാഗത്തുള്ള ദുരന്ത നിവാരണ വിദഗ്ദ്ധന്മാര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതായത് നമ്മുടെ മുകളില്‍ ഇരിക്കുന്ന വിദഗ്ധന്‍മാര്‍ക്ക് അറിയാത്ത/കണ്ടെത്താന്‍ കഴിയാത്ത ദുരന്ത മേഖലകള്‍ സംസ്ഥാനത്ത്
ഇനിയും ധാരാളമുണ്ട് എന്നര്‍ത്ഥം. പ്രത്യേകിച്ചും ഇടുക്കിയിലെയും വയനാട്ടിലെയും മലയോര മേഖലകളില്‍.

സംസ്ഥാനത്ത് മൂന്ന് വര്‍ഷങ്ങളായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അതി തീവ്രമഴയാണ് വലിയ വെള്ളപ്പൊക്കത്തിലേക്കും മണ്ണിടിച്ചിലിലേക്കും ഉരുള്‍പൊട്ടലിലേക്കും നയിക്കുന്നത് എന്നത്
തര്‍ക്കമില്ലാത്ത വസ്തുതയാണ്. അത് കലാവസ്ഥാ വ്യതിയാനം എന്ന ആഗോള പ്രതിഭാസത്തിന് മേല്‍ വെച്ചു വിശദീകരിക്കുമ്പോള്‍ തന്നെ നാം എന്താണ് നമ്മുടെ പരിസ്ഥിതിയോട് ചെയ്തുകൊണ്ടിരിക്കുന്നത് എന്നാലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ ആലോചന കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ക്കപ്പുറം എത്രത്തോളം മുന്നോട്ട് പോയി എന്നതും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

ഇപ്പോള്‍ ദുരന്ത വേളയാണ്, ഇത് കഴിഞ്ഞു ചര്‍ച്ച ചെയ്യാം എന്ന സമീപനത്തിന് ഇനി സമയമില്ല എന്നതാണ് വര്‍ത്തമാന കാല അനുഭവങ്ങള്‍ നമ്മെ പഠിപ്പികുന്നത്. ദുരന്തങ്ങള്‍ ഇനി പേമാരിയുടെ രൂപത്തില്‍ മാത്രമല്ല നമ്മളെ ആക്രമിക്കുക. അത് ചുഴലിക്കാറ്റായും പകര്‍ച്ചവ്യാധികളായും ഉഷ്ണതരംഗങ്ങളായും ഒക്കെ നമ്മുടെ മേല്‍ വന്നു നിപതിക്കാം എന്നതിന് ഉദാഹരണങ്ങള്‍
തേടി ഇനി മറ്റൊരു നാട്ടിലേക്ക് പോകേണ്ടതില്ല.

സംസ്ഥാനം ഇരട്ട ദുരന്തത്തിന് മുന്നിലാണ് എന്നു മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് കരിപ്പൂരില്‍ അന്താരാഷ്ട്ര വിമാനത്തവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രെസ്സിന്റെ ദുബായില്‍ നിന്നുള്ള വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി രണ്ടായി പിളര്‍ന്നത്. അതിശക്തമായ മഴയെ തുടര്‍ന്ന് പൈലറ്റിന് റണ്‍വെ കൃത്യമായി കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമികമായി പുറത്തുവന്ന വാര്‍ത്ത. അങ്ങനെ നോക്കുമ്പോള്‍ ഈ അപകടത്തെയും അതിതീവ്ര മഴയുമായി ബന്ധപ്പെട്ട അനുബന്ധ അപകടമായി കാണണം.

ദിനം പ്രതി 1000ത്തില്‍ അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിക്കപ്പെടുന്ന സംസ്ഥാനമാണ്
ഇപ്പോള്‍ കേരളം. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മുന്‍വര്‍ഷത്തെ രീതിയില്‍ ആവര്‍ത്തിക്കുകയോ അല്ലെങ്കില്‍ അതിനെക്കാള്‍ തീവ്രമായി ഉണ്ടാവുകയോ ചെയ്താല്‍ ദുരിതാശ്വാസ പ്രവര്‍ത്തനം തന്നെ വലിയ രോഗ പകര്‍ച്ചയിലേക്ക് നയിക്കുന്ന അവസ്ഥയുണ്ടാകും. ദുരിതാശ്വാസ ക്യാമ്പുകള്‍ തയ്യാറാക്കുന്നന്നതും ആളുകളെ പാര്‍പ്പിക്കുന്നതുമൊക്കെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തേണ്ടി വരും. അതുകൊണ്ട് തന്നെ മുന്‍വര്‍ഷങ്ങളെക്കാള്‍ ഇരട്ടി വെല്ലുവിളിയാണ് ഈ വര്‍ഷം സംസ്ഥാനം നേരിടുന്നത്.

കൂട്ടായ്മയിലൂടെയും സംഘടിത ശക്തിയിലൂടെയും ഈ ദുരന്തത്തെയും നമ്മള്‍ അതിജീവിച്ചേക്കാം. പക്ഷേ ദുരന്തങ്ങളുടെ ആഗസ്റ്റ് എന്ന ചാക്രികതയെ അതിജീവിക്കാന്‍ സംഘടിത ശക്തിയും ആത്മവിശ്വാസവും മാത്രം പോര
എന്നതാണ് യാഥാര്‍ഥ്യം..


Next Story

Related Stories