TopTop
Begin typing your search above and press return to search.

കേരള കോണ്‍ഗ്രസ് ഒരു പൊതിയാ തേങ്ങ, വെട്ടിലായി കോണ്‍ഗ്രസും യു ഡി എഫും, കുഞ്ഞാലിക്കുട്ടി മധ്യസ്ഥനാകുമോ?

കേരള കോണ്‍ഗ്രസ് ഒരു പൊതിയാ തേങ്ങ, വെട്ടിലായി കോണ്‍ഗ്രസും യു ഡി എഫും, കുഞ്ഞാലിക്കുട്ടി മധ്യസ്ഥനാകുമോ?


പാർട്ടി ചിഹ്നമായ രണ്ടിലയും കേരളാ കോൺഗ്രസ് എന്ന ഔദോഗിക പേരും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായെങ്കിലും കേരളാ കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. തിരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തു ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മാണി പുത്രനോടേറ്റുമുട്ടി പരാജിതനായ പി ജെ ജോസഫ്. നിയമയുദ്ധം തുടരുന്നതിനൊപ്പം തന്നെ പാർട്ടിയുടെയും മുന്നണിയുടെയും വിപ്പ് ലംഘിച്ച ജോസ് വിഭാഗം എം എൽ എ മാരായ റോഷി അഗസ്റ്റിനെയും എൻ ജയരാജിനെയും കൂറുമാറ്റ നിയമ പ്രകാരം അയോഗ്യരാക്കിക്കിട്ടാൻ സ്പീക്കറെ സമീപിക്കാനും പി ജെ ജോസഫ് തയ്യാറെടുത്തുകഴിഞ്ഞു. അതേ സമയം ചിഹ്നവും കേരളാ കോൺഗ്രസ് (എം) എന്ന പേരും തിരികെ കിട്ടിയതിന്റെ ആവേശത്തിലാണ് ജോസ് കെ മാണിയും അനുയായികളും. കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം തങ്ങൾക്കു അനുകൂലമായതിനാൽ ഔദ്യോഗിക വിഭാഗം തങ്ങളാണെന്നും വിപ്പ് നൽകാനുള്ള അധികാരവും തങ്ങളുടേതാണെന്നുമുള്ള മറുവാദമാണ് ജോസ് വിഭാഗം ഉയർത്തുന്നത്. അതുകൊണ്ടു തന്നെ ജോസ് വിഭാഗത്തെ പ്രതിനിധീകരിച്ചു റോഷി അഗസ്റ്റിൻ എം എൽ എ നൽകിയ വിപ്പ് ലംഘിച്ച പി ജെ ജോസഫിനെയും അദ്ദേഹത്തോടൊപ്പം നിൽക്കുന്ന രണ്ടു എം എൽ എ മാരെയും അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടു സ്പീക്കറെ സമീപിക്കാൻ അവരും ഒരുങ്ങുന്നു. കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മാണി വിഭാഗത്തെ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ചു കഴിഞ്ഞ സ്ഥിതിക്ക് സ്പീക്കറുടെ തീരുമാനവും ജോസഫിന് അനുകൂലമാവാൻ ഇടയില്ല.

ഇതുപക്ഷേ പ്രശ്നത്തിന്റെ ഒരു വശം മാത്രമാണ്. അതിന്റെ രണ്ടാമത്തേതും ഏറ്റവും സങ്കീർണവുമായ വശം ജോസ് - ജോസഫ് വിഭാഗങ്ങളുടെ ഭാവി സംബന്ധിച്ചുള്ളതാണ്. ജോസഫുമായി മാത്രമല്ല മുന്നണിയുമായും അകന്നു കഴിഞ്ഞ ജോസ് കെ മാണി വിഭാഗം ലക്‌ഷ്യം വെക്കുന്നത് ഇടതുമുന്നണി പ്രവേശനം തന്നെയാണ്. സ്വീകരിക്കാൻ സി പി എം ഒരുക്കമാണെങ്കിലും സി പി ഐ യുടെ ശക്തമായ എതിർപ്പ് മുന്നിൽ വിലങ്ങുതടിയായി കിടക്കുന്നു. ഇടതു പ്രവേശനം പെട്ടെന്ന് സാധ്യമായില്ലെങ്കിലും വേണ്ടില്ല യു ഡി എഫിലേക്കു ഇനിയൊരു മടക്കം ഉടനെയില്ല, ഒറ്റയ്ക്ക് നിൽക്കും എന്നൊക്കെ പറയുന്നുണ്ടെങ്കിലും എത്രകാലം ഒറ്റയ്ക്ക് എന്ന ചോദ്യം അവർക്കു മുന്നിലുണ്ട്. പി ജെ ജോസഫിന്റെ സ്ഥിതി അതിലേറെ പരിതാപകരമാണ്. പാർട്ടി ചിഹ്നത്തോടൊപ്പം പാർട്ടിയുടെ പേരും കൊടിയുമെല്ലാം നഷ്ടമായി മുച്ചൂടും മുടിഞ്ഞ അവസ്ഥയിലാണ്. ഇനിയിപ്പോൾ തന്റെ പാർട്ടിക്ക് പുതിയ പേരും ചിഹ്നവും കൊടിയുമൊക്കെ കണ്ടെത്തണം. ഇതൊന്നും അത്ര പുതിയ അനുഭവം അല്ലെങ്കിലും കേരളാ കോൺഗ്രസ് (J) എന്ന പഴയ പേര് പൊടിതട്ടിയെടുത്തു രംഗത്തിറങ്ങിയാൽ തന്നെ ഇപ്പോൾ കൂടെ നിൽക്കുന്നവരിൽ എത്രപേർ തുടർന്നും ഉണ്ടാവും എന്ന കാര്യത്തിൽ ഉറപ്പു പോര. പ്രത്യേകിച്ചും ജോസ് വിഭാഗം ആളെപ്പിടിക്കാൻ ഇതിനകം രംഗത്തിറങ്ങിക്കഴിഞ്ഞ സ്ഥിതിക്ക്. ഇതോടൊപ്പം ജോസഫിനെ അലട്ടുന്ന മറ്റൊന്ന് ജോസ് വിഭാഗത്തെ പൂർണമായും തള്ളിക്കളയാൻ യു ഡി എഫ് നേതൃത്വം തയ്യാറാവുന്നില്ലെന്നതാണ്. ജോസിനെയും കൂട്ടരെയും വീണ്ടും മുന്നണിയിലേക്ക് ആനയിച്ചു കൊണ്ടുവരാൻ തന്നെയാണ് യു ഡി എഫ് നേതൃത്വത്തിന്റെ തീരുമാനമെങ്കിൽ താനും തന്റെ ആൾക്കാരും ആട്ടും തുപ്പും സഹിച്ചു അവിടെ തന്നെ തുടരുന്നതിനെക്കുറിച്ചു ജോസഫിന് ചിന്തിക്കാനാവില്ല. അതുകൊണ്ടു തന്നെ ഒരു അറ്റകൈ പ്രയോഗം എന്ന നിലക്ക് ‌ ജോസ് കെ മാണിയെയും യു ഡി എഫ് നേതൃത്വത്തെയും അമ്പരപ്പിച്ചുകൊണ്ട് ഒരു മുന്നണി മാറ്റത്തിന് ജോസഫ് തയ്യാറായെന്നു വന്നേക്കാം. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല സൗഹൃദത്തിലാണെന്നതും ജോസ് കെ മാണി വിഭാഗത്തിനോട് ഉള്ളത്ര എതിർപ്പ് ജോസഫിനോട് സി പി ഐ ക്കു ഇല്ലെന്നതും മാത്രമല്ല ഏറെക്കാലം എൽ ഡി എഫിനൊപ്പം ആയിരുന്നു എന്നതും ഇത്തരമൊരു നീക്കത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.

കേരളാ കോൺഗ്രസ് വിഷയത്തിൽ വീണ്ടും വെട്ടിലായിരിക്കുന്നതു യു ഡി എഫ് നേതൃത്വം തന്നെയാണ് . അഴിക്കാൻ ശ്രമിക്കുമ്പോൾ കൂടുതൽ മുറുകുന്ന ഒരു വലിയ കുരുക്കായി മാറുന്നു അത്. ജോസും ജോസഫും ഇനിയും ഒരുമിച്ചു പോകാൻ തയ്യാറാവുന്നില്ലെങ്കിൽ ഏതെങ്കിലും ഒന്നിനെ ഒന്നുകിൽ ഒഴിവാക്കേണ്ടിവരും അല്ലെങ്കിൽ നഷ്ട്ടമാകും. ജോസ് വിഭാഗത്തിനെതിരെ അടുത്തിടെ എടുത്ത പുറത്താക്കൽ തീരുമാനം മുന്നണിക്കുള്ളിൽ ഉണ്ടാക്കിയ അങ്കലാപ്പ് നേതൃത്വം മറന്നിട്ടില്ല. പുറത്താക്കൽ മുന്നണിയെ ദുര്‍ബലപ്പെടുത്തുകയെ ഉള്ളൂ എന്ന തോന്നൽ ഉണ്ടായതുകൊണ്ട് തന്നെയാണ് തൊട്ടടുത്ത ദിവസം തന്നെ മയപ്പെടുത്താൻ പ്രേരകമായതും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തിൽ യു ഡി എഫിൽ ഉണ്ടാക്കിയ ധാരണ ലംഘിച്ചുവെന്നതായിരുന്നു പുറത്താക്കാനുണ്ടായ കാരണം. എന്നാൽ അപകടം മണത്ത യു ഡി എഫ് നേതൃത്വം അടുത്ത ദിവസം തന്നെ തീരുമാനം മയപ്പെടുത്തി. മുന്നണിയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും യു ഡി എഫ് യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും തല്‍ക്കാലത്തേക്കു വിലക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ആയിരുന്നു മുൻ തീരുമാനം മയപ്പെടുത്തിക്കൊണ്ടു യു ഡി കൺവീനർ ബെന്നി ബെഹ്‌നാൻ നൽകിയ വിശദീകരണം. എന്നാൽ തങ്ങൾ ഉറച്ചുതന്നെയാണെന്ന സന്ദേശമാണ് ഇടതു മുന്നണി സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്യണമെന്നും രാജ്യ സഭയിലേക്കു യു ഡി എഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനും ആവശ്യപ്പെട്ടു യു ഡി എഫ് നൽകിയ വിപ്പ് ലംഘിക്കുക വഴി അവർ നൽകിയത്. ഇതിൽ പ്രകോപിതമായി ജോസ് വിഭാഗത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചെങ്കിലും അതിനായി ചേരാനിരുന്ന യോഗം നീട്ടിവെച്ചതിൽ നിന്നും ഇക്കാര്യത്തിൽ യു ഡി എഫ് നേതൃത്വം എത്തപ്പെട്ടിരിക്കുന്ന വിഷമ വൃത്തം എത്രകണ്ട് വലതുതാണെന്നത് വ്യക്തമാണ്.

എന്നാൽ കോട്ടയം ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാവിഷയങ്ങളിലും ജോസഫിനെ പിന്തുണക്കുന്ന നിലപാടാണ് യു ഡി എഫ് , പ്രത്യേകിച്ചും കോൺഗ്രസ് സ്വീകരിച്ചതെന്ന ആരോപണത്തിൽ ജോസ് കെ മാണി ഉറച്ചു തന്നെ നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരളാ കോൺഗ്രസ് പ്രശ്നങ്ങളിൽ സ്ഥിരം മധ്യസ്ഥത വഹിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ സഹായം കോൺഗ്രസ് നേതൃത്വം തേടിയത്. എന്നാൽ ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടി അല്പം പിന്നോട്ടടിച്ച മട്ടാണ് കാണുന്നത്. ഇനിയിപ്പോൾ അനുരഞ്ജന ചർച്ച നടന്നാൽ തന്നെ കേരളാ കോണ്‍ഗ്രസ് വിഷയം ഒരു പൊതിയാ തേങ്ങയായി തന്നെ അവശേഷിക്കില്ലെന്നു ആരുകണ്ടു? നിലവിലെ സ്ഥിഗതികൾ വെച്ചുനോക്കുമ്പോൾ ഒന്നും പറയാനാവാത്ത അവസ്ഥ തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories