TopTop
Begin typing your search above and press return to search.

ശേഖർ ഗുപ്ത എഴുതുന്നു; എല്ലാവരെയും സംശയിക്കുന്ന രാജ്യമായും പരസ്പരം സംശയിക്കുന്ന സമൂഹമായും നമ്മൾ മാറിയത് ഇങ്ങനെയാണ്

ശേഖർ ഗുപ്ത എഴുതുന്നു; എല്ലാവരെയും സംശയിക്കുന്ന രാജ്യമായും പരസ്പരം സംശയിക്കുന്ന സമൂഹമായും നമ്മൾ മാറിയത് ഇങ്ങനെയാണ്

നമ്മുടെ രാജ്യത്തെ സംശയാലുക്കളുടെ രാജ്യം എന്ന് വിശേഷിപ്പിക്കുന്നത് വിചിത്രമായ മാനസിക അവസ്ഥ കൊണ്ടോണോ? അതിര്‍ത്തികളെ മാത്രമല്ല, പ്രത്യയശാസ്ത്ര ചിന്തകള്‍ വരെ പട്ടാളവും പാര്‍ട്ടിയും നിയന്ത്രിക്കുന്ന പാക്കിസ്താനെയും ചൈനയേയും ദേശീയ സുരക്ഷ രാഷ്ട്രങ്ങളെന്ന് വിളിക്കുന്നതുപോലെ, ഇത് ഗൂഗിളില്‍ തിരഞ്ഞാല്‍ കാണില്ല. നാഷണല്‍ സെക്യൂരിറ്റി സ്റ്റേറ്റ് എന്നത് വ്യാപകമായി സ്വീകരിക്കപ്പെട്ട ഒരു പ്രയോഗമാണ്.

ചുവരെഴുത്തുകള്‍ (Writings on the Wall) എന്ന പരമ്പര ഞാന്‍ ഇടയ്ക്ക് എഴുതാറുണ്ട്. എഴുതപ്പെട്ടിട്ടുള്ളതോ വരയ്ക്കപ്പെട്ടിട്ടുള്ളതോ ആയ കാര്യങ്ങള്‍ വായിച്ചുകൊണ്ട് രാജ്യമോ സമൂഹമോ എങ്ങോട്ടാണ് നീങ്ങുന്നത് എന്ന മനസ്സിലാക്കുകയാണ് യഥാര്‍ത്ഥത്തില്‍ അതില്‍ ചെയ്തിരുന്നത്. ഈ ഉപഭൂഖണ്ഡത്തിലെ നാഷണല്‍ സെക്യൂരിറ്റി സ്റ്റേറ്റാണ് പാകിസ്താന്‍ എന്ന ബോധ്യപ്പെടുത്താന്‍ പറ്റിയ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു ആ രാജ്യം സന്ദര്‍ശിച്ച വേളയില്‍ ഞാന്‍ ചെയ്തത്. അതിന് അതിശക്തമായ തെളിവായിരുന്നു എനിക്ക് ആവശ്യം. അങ്ങനെയൊരു രാജ്യമാണ് പാകിസ്താന്‍ എന്ന് തെളിയിക്കുന്നതിനുള്ള ശക്തമായ ചുവരെഴുത്തായിരുന്നു ആവശ്യം. ഉറുദു അറിയില്ലെന്നത് ഒരു പരിമിതി ആയിരുന്നു. എന്നാല്‍ അന്വേഷിപ്പിന്‍ കണ്ടെത്തുമെന്നാണല്ലോ. നാട്ടിലേക്ക് വരാന്‍ വാഗാ അതിര്‍ത്തിയില്‍ പാസ്‌പോര്‍ട്ട് സീല്‍ ചെയ്യുമ്പോഴാണ് ഞാന്‍ അത് കണ്ടെത്തിയത്.

അതൊരു സൂചനാ ബോര്‍ഡായിരുന്നു. അതിലിങ്ങനെ എഴുതി: ഞങ്ങള്‍ എല്ലാവരെയും ബഹുമാനിക്കുന്നു, ഞങ്ങള്‍ എല്ലാവരെയും സംശയിക്കുന്നു. ഒരു ഉദ്യോഗസ്ഥന്‍ എന്റെ ഐ-പാഡില്‍ വല്ല അസ്വീകാര്യമായ ചിത്രങ്ങളും ഉണ്ടോ എന്ന് പരിശോധിച്ചുകൊണ്ടിരിക്കെ ഞാന്‍ അവിടുത്തെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനുമായി സംസാരിച്ചുകൊണ്ടിരുന്നു. അവരുടെയും നമ്മുടെയും സുരക്ഷിത്വത്തിനുവേണ്ടി കൂടുതല്‍ ഗൗരവപരമായ സമീപനം വേണമെന്ന കാര്യം അദ്ദേഹം സൗഹാര്‍ദപരമായി പറഞ്ഞു.

അതായത് നാഷണല്‍ സെക്യുരിറ്റി സ്റ്റേറ്റിനെ സംബന്ധിച്ച് എല്ലാവരെയും സംശയിക്കുകയെന്നത് വളരെ സ്വാഭാവികമാണ്. എന്നാല്‍ ജനാധിപത്യ സ്ഥാപനങ്ങളാല്‍ നടപ്പിലാക്കപ്പെടുന്ന ഭരണഘടനാ റിപ്പബ്ലിക്കിനെ സംബന്ധിച്ച് അങ്ങനെയാണോ? ദേശീയ സുരക്ഷ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ നരേന്ദ്ര മോദി വര്‍ധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിന് ശേഷം എന്തുകൊണ്ട് അദ്ദേഹം ഇന്ത്യയെ ഒരു നാഷണല്‍ സെക്യുരിറ്റി സ്‌റ്റേറ്റ് ആക്കില്ലെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഒരു ലേഖനം ഞാന്‍ കഴിഞ്ഞ ജൂണില്‍ ഞാന്‍ എഴുതിയിരുന്നു. കാരണം അത്തരമൊരു സമീപനം പാകിസ്താന് എന്താണ് നൽകിയതെന്ന് നമുക്കറിയാം. എന്നാല്‍ രണ്ട് ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. എല്ലായ്‌പ്പോഴും സംശയാലുവായ ഒരു രാജ്യം അങ്ങനെയല്ലാതെ മറ്റെന്താണ് ആവുക. രണ്ടാമത് ഇതുവരെ അറിഞ്ഞതില്‍നിന്ന് വ്യത്യസ്തമായി മറ്റെന്തെങ്കിലും ആയി മാറുകയാണോ ഇന്ത്യ? സംശയാസ്പദ രാജ്യം?

ഒരു ചര്‍ച്ചയ്ക്കായി ചില ചോദ്യങ്ങള്‍ ഞങ്ങള്‍ മുന്നോട്ടുവെയ്ക്കുകയാണ്. ചില വസ്തുതകള്‍ നമുക്ക് പരിശോധിക്കാം. നമുക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും സംശയത്തിന്റെ ആനുകൂല്യം നല്‍കി പരിശോധിക്കുകയും ചെയ്യാം.

വിമര്‍ശകരെയും വിമര്‍ശനത്തേയും വെറുക്കാന്‍ തുടങ്ങിയത് നരേന്ദ്ര മോദി സര്‍ക്കാര്‍ മാത്രമാണെന്ന വാദം കളവാണ്. വിമര്‍ശനത്തെ സ്‌നേഹിച്ച ഒരു സര്‍ക്കാരിനെ കാണിക്കുക അസാധ്യമായിരിക്കും. വിമര്‍ശകരിൽ എന്തെങ്കിലും താല്‍പര്യം എല്ലാവരും ആരോപിച്ചിരുന്നു. വിദേശ രാജ്യത്തിന്റെയും സിഐഎയുടെയും ഏജന്റുമാര്‍ (ഇന്ദിരാ ഗാന്ധി), വിദേശ ഇടപെടല്‍ (രാജീവ് ഗാന്ധി), കോര്‍പ്പേറ്റുകളുടെ പിണയാളുകള്‍ ( ഇടതുപക്ഷം) അഴിമതിക്കാര്‍ (അണ്ണാ ഹസാരെ/ആം ആദ്മി) എന്നിങ്ങനെയായിരുന്നു ആരോപണങ്ങള്‍. സാമുഹ്യമാധ്യമങ്ങളുടെ വരവോടെ വിമര്‍ശകരെ അപഹസിക്കുന്നതിന് വേഗം കൂടി. ഇത് അണ്ണാ മൂവ്‌മെന്റിന് അനുബന്ധമായി തുടങ്ങിയതാണ്.

അതുപോലെ തന്നെ യുഎപിഎ, എന്‍എസ്എ, എഫ്‌സിആര്‍എ തുടങ്ങിയ മാരക നിയമങ്ങള്‍ ഈ സര്‍ക്കാരാണ് പ്രയോഗിക്കാന്‍ തുടങ്ങിയതെന്ന ആരോപണവും ശരിയല്ല. കഴിഞ്ഞ കാല കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ഈ നിയമങ്ങളെ ശക്തിപ്പെടുത്തിയത്. ഈ നിയമങ്ങള്‍ എല്ലാവരും ദുരുപയോഗിച്ചിട്ടുണ്ട്.

നിരീക്ഷണത്തെ സംബന്ധിച്ചും ഇതേ ആരോപണങ്ങള്‍ ഉന്നയിക്കാവുന്നതാണ്. നീരീക്ഷണത്തിനായി മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്ന പല സാങ്കേതിക വിദ്യയും ശക്തിപ്പെടുത്തിയത് യു പി എ സര്‍ക്കാരിന്റെ കാലത്താണ്. പ്രത്യേകിച്ചും, സെപ്റ്റംബര്‍ 11 നും നവംബര്‍ 26 നുംശേഷം (യഥാക്രമം അമേരിക്കയിലെ ഭീകരാക്രമണവും, മുംബൈ ഭീകരാക്രമണവും). എല്ലാ നിരീക്ഷണ സംവിധാനങ്ങളുടെയും തലതൊട്ടപ്പനായ എന്‍ടിആര്‍ഒ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഉണ്ടായത്. ധനമന്ത്രാലയത്തിനും റോയ്ക്കും ഇന്റലിജന്‍സ് ബ്യൂറോയുമല്ലാതെ വിവിധ ഏജന്‍സികള്‍ ചോര്‍ത്താന്‍ തുടങ്ങിയത് ഇക്കാലത്താണ്. വയര്‍ ടാപ്പിങ്ങിന്റെ പ്രധാന കേന്ദ്രമായി ധനമന്ത്രാലയം മാറിയത് അപ്പോള്‍ എപ്പോഴോ ആയിരുന്നു. നീര റാഡിയ ടാപ്പുകള്‍ ഓര്‍മ്മയില്ലേ?

അപ്പോള്‍ നമ്മള്‍ എന്തിനെക്കുറിച്ചാണ് ഇപ്പോള്‍ ആക്ഷേപം ഉന്നയിക്കുന്നത്.

നിങ്ങള്‍ ഒരു പൊതു വ്യക്തിത്വമാണെങ്കില്‍ അല്ലെങ്കില്‍ പൊതുവ്യക്തിത്വങ്ങളുമായി ഇടപഴകുന്ന ഉദ്യോഗസ്ഥനാണെങ്കില്‍ നിങ്ങളുടെ തന്നെ ഫോണ്‍ ഒന്നു നോക്കു...

മൊബൈല്‍ ഫോണുകളിലൂടെയും സാധാരണ ലൈനുകളിലൂടെയും നിങ്ങള്‍ സാധാരണ സംസാരിക്കുന്ന എത്ര പേരുമായി ബന്ധപ്പെടാറുണ്ട്. നേരത്തെ വാട്‌സ്ആപ്പ് ഒരു ഫാഷനായിരുന്നു. എന്നാല്‍ ഇസ്രയേല്‍ വിവരം ചോര്‍ത്തല്‍ ഏജന്‍സിയെക്കുറിച്ചുള്ള വിവരങ്ങളും അതിന്റെ മാതൃകമ്പനിയായ ഫേസ്ബുക്കിനെ കുറിച്ചുള്ള സംശയങ്ങളും അതിന്റെ സ്വാധീനം കുറച്ചു. ഭരണകക്ഷിയില്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ ടെലഗ്രാം (അതിന്റെയും വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്) സിഗ്നല്‍, അതുപോലെ മറ്റു പ്ലാറ്റ്ഫോമുകള്‍ ഒക്കെ ഉപയോഗിക്കുന്നുണ്ട്. വിചിത്രമാണ് കാര്യങ്ങള്‍. സംശയം നിഴലിക്കുന്ന അന്തരീക്ഷത്തെയാണ് ഇത് കാണിക്കുന്നത്. ഇതിന് വ്യക്തിവിവരങ്ങള്‍ കവരുന്ന സെന്‍ഹുവായെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല

ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍, വിമര്‍ശനത്തോട് അസഹിഷ്ണുത കാണിക്കുന്നവരെ പൊതു സംവാദത്തിന്റെ മേഖലകളില്‍ ഉള്ള ഞങ്ങളെ പോലുള്ളവര്‍ എതിര്‍ത്തിട്ടുണ്ട്. ജനുവരി 1984-ല്‍ തമിഴ്‌നാട്ടില്‍ തമിഴ് പുലികള്‍ക്ക് പരിശീലന ക്യാമ്പുകള്‍ ഉണ്ടെന്ന കാര്യം ഞാന്‍ ഇന്ത്യ ടുഡെയിയിലൂടെ പുറത്തുവിട്ടപ്പോള്‍ അവര്‍ രോഷാകുലയായി. ഇന്ത്യ ടുഡെയെ ദേശദ്രോഹ പ്രസിദ്ധീകരണം എന്ന് ആക്ഷേപിച്ചു. ചേരി ചേരാ ഉച്ചകോടി നടക്കുന്ന സമയത്ത്, നെല്ലി കൂട്ടക്കൊലയെക്കുറിച്ച് ചിത്രങ്ങള്‍ സഹിതം ഇന്ത്യ ടുഡെ വാര്‍ത്തകള്‍ നല്‍കിയതും അവരെ അതിന് മുമ്പ് ചൊടിപ്പിച്ചിരുന്നു. അത്തവണ ചേരി ചേരാ ഉച്ചകോടി നടക്കുന്നത് ഡല്‍ഹിയിലാണ് എന്നതായിരുന്നു കാരണം.

ഇപ്പോള്‍ അതില്‍നിന്ന് വ്യത്യസ്തമാണോ കാര്യങ്ങള്‍ എന്നറിയാന്‍ ഞാന്‍ രാഷ്ട്രീയത്തിലും പൊതു സംവാദമേഖലയിലും സര്‍ക്കാരിലുമുള്ളവരുമായി സംസാരിച്ചു. എനിക്ക് കിട്ടിയ ഉത്തരം ഇങ്ങനെയായിരുന്നു. അധികാരത്തിലുളളവര്‍ കുറച്ചുകാലം നിങ്ങളോട് സംസാരിക്കില്ലെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയും. അല്ലെങ്കില്‍ അവര്‍ സഹകരിക്കില്ലെന്ന് മനസ്സിലാക്കാന്‍ കഴിയും. അല്ലെങ്കില്‍ നിങ്ങളില്‍ എന്തെങ്കിലും താല്‍പര്യം ആരോപിക്കപ്പെടുമെന്നും അറിയാമായിരുന്നു. എന്നാല്‍ 2010-ലെ അണ്ണാ ഹസാരെ പ്രസ്ഥാനത്തിന്റെ കാലത്തോടെ പൊതുസ്ഥലത്ത് അവഹേളിക്കുകയെന്ന അവസ്ഥ തുടങ്ങി. ഇതിന് ശേഷമാണ് ബഹിഷ്‌ക്കരണവും മറ്റും നടക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിങ്ങള്‍ക്കെതിരെ കേസ് എടുക്കുന്നതിനെ കുറിച്ച് അന്ന് ഭയക്കേണ്ടതില്ലായിരുന്നു. അതാണ് ഇപ്പോള്‍ സംഭവിച്ച മാറ്റം.

രാജ്യസഭയിലെ ആം ആദ്മി അംഗം സഞ്ജയ് സിംഗിനോട് ചോദിച്ചാല്‍ ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും.

അദ്ദേഹം ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. അതിന് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടത് രാജ്യദ്രോഹ കുറ്റമാണ്. ഒരു സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ഉപരിസഭയിലെ ഒരു അംഗത്തിനെതിരെ രാജ്യദ്രോഹക്കേസ്! അതിനെ കുറിച്ചാണ് ആലോചിക്കേണ്ടത്.

ജനാധിപത്യ സംവിധാനത്തില്‍ ഇത്തരം കേസുകള്‍ ചുമത്തപ്പെടുമ്പോള്‍ കോടതിയിലല്ലാതെ നിങ്ങള്‍ മറ്റെവിടെ പോകും? കോടതി അതിന്റെ സമയമെടുക്കും. അതിന് ഒരു കാരണം ശിക്ഷയുടെ നടപടിക്രമമായിരിക്കും. അതൊടൊപ്പം തങ്ങള്‍ എല്ലാവരെയും സംശയിക്കുന്നുവെന്ന മാനസിക നിലയിലേക്ക് കോടതിയും എത്തിപ്പെട്ടിട്ടുമുണ്ടാകും; ഇത് കാരണം കുറ്റക്കാരനെന്ന് തെളിയും വരെ നിരപരാധിയെന്ന നിലയില്‍നിന്ന്, നിരപരാധിയെന്ന് വിധിക്കപ്പെടുംവരെ കുറ്റക്കാരനെന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഇപ്പോഴത്തെ ജാമ്യപേക്ഷയിലെ വാദം കേള്‍ക്കലുകള്‍ സൂചിപ്പിക്കുന്നത് അതാണ്. ഇതിന് പുറമെ ഗൂഢാലോചന സിദ്ധാന്തങ്ങളും മാധ്യമങ്ങളിലെ വാര്‍ത്തകളുമായി ബന്ധപ്പെട്ടുള്ള ഭീകരമായ വിചാരണയും ഉണ്ടാകും. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ഓഹരി വിറ്റഴിക്കല്‍ മന്ത്രിയായിരുന്ന അരൂണ്‍ ഷൂറിക്കെതിരെ ഒരു തെളിവുമില്ലെന്ന് സിബിഐ പറയുമ്പോഴും കേസെടുക്കാന്‍ കോടതി പറയുന്നത് ഇതിന്റെ ഭാഗമായാണ്.

പലപ്പോഴും സുപ്രീം കോടതി സ്വകാര്യത മൗലികാവകാശമാണെന്ന് വിധിയൊക്കെ ഒരു ഉപഹാരം പോലെ നമുക്ക് തരുന്നുണ്ട്. എന്നാല്‍ അത് നടപ്പിലാക്കാനുള്ള അധികാരം സുപ്രീം കോടതി നിലനിര്‍ത്തുന്നുണ്ടോ? അത് അവര്‍ ആലോചിക്കേണ്ടതാണ്. പ്രത്യേകിച്ചും ജഡ്ജിമാരുടെ സീനിയോറിറ്റിക്കനുസരിച്ച് അവര്‍ക്കെതിരെയോ അവരുടെ ബന്ധുക്കള്‍ക്കെതിരെയോ ശക്തമായ കേസ് ഉണ്ടാകാനുള്ള സാധ്യത കൂടി വരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

'എല്ലാവരെയും സംശയിക്കൂ. എല്ലാവരെയും പിടികൂടൂ 'എന്ന മനോഭാവം സംവിധാനത്തിന്റെ മുകളിലിരിക്കുന്നവരെ ബാധിക്കുകയും എല്ലാ ഭാഗത്തേക്കും പടരുകയും ചെയ്യുകയാണ്. ഇത് ബിജെപിക്ക് മാത്രം ബാധകമായ കാര്യമല്ല. വിമര്‍ശകര്‍ക്കെതിരെ ഉദ്ദവ് താക്കറെ, നിയമസഭാംഗത്തിന്റെ അവകാശമുള്‍പ്പെടെ എല്ലാം ഉപയോഗിക്കുന്നു. വൈ എസ് ജഗൻമോഹൻ റെഡ്ഢി തന്റെ മുന്‍ഗാമികളെയും നേരിടുന്നു. അശോക് ഗെഹ്ലോട്ട് വിമര്‍ശക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തുന്നു.

പിന്നീടത് അത് എന്തും ചെയ്യാമെന്ന അവസ്ഥയിലാകുന്നു. റിയ ചക്രബര്‍ത്തി മഹേഷ് ഭട്ടിനയച്ച സന്ദേശങ്ങള്‍ മാധ്യമങ്ങളില്‍ ഗൂഢാലോചന ശബ്ദത്തോടെ അവതരിപ്പിക്കപ്പെടുന്നു. ഇതൊക്കെ എനിക്കും സംഭവിക്കാമെന്ന് എല്ലാവരും ഭയക്കുന്നു. ഒളിഞ്ഞ് നിന്ന് കേള്‍ക്കാനോ, കൃത്രിമമായി എന്തെങ്കിലും നിര്‍മ്മിച്ചെടുക്കാനോ അങ്ങനെ പ്രതിയാക്കാനോ കഴിഞ്ഞേക്കുമെന്നത് ഭീതിപ്പെടുത്തുന്ന അവസ്ഥയാണ്. അങ്ങനെ സംഭവിച്ചാല്‍ നീതി കിട്ടുന്നതിന് ജീവിതത്തിന്റെ പകുതിയോളം നിങ്ങള്‍ ചിലവഴിക്കേണ്ടിവരും.

ഇതാണ് പരസ്പരം സംശയിക്കുന്നതിലേക്ക് ജനങ്ങളെ നയിക്കുന്നത്. നാഷണല്‍ സസ്പീഷന്‍ സ്റ്റേറ്റ് - 'എല്ലാവരെയും സംശയിക്കുന്ന രാഷ്ട്രം' - എന്ന പ്രയോഗം കടുത്തതായി എന്ന് നിങ്ങളില്‍ ചിലര്‍ സംശയിക്കുന്നുണ്ടാവും,. അങ്ങനെയെങ്കില്‍ 'എല്ലാവരെയും സംശയിക്കുന്ന സമൂഹം' എന്ന് നിങ്ങള്‍ വിളിച്ചോളൂ. ഞാന്‍ ഒരു സംവാദത്തിന് വേണ്ടി ഈ ആശയം മുന്നോട്ട് വെയ്ക്കുന്നുവെന്ന് മാത്രം.

('ദി പ്രിന്റുമായുള്ള കണ്ടന്റ് ഷെയറിംഗ് പാര്‍ട്ട്ണര്‍ഷിപ്പിന്റെ ഭാഗമായി ഐപിഎംഎസ് ഫൌണ്ടേഷന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)


ശേഖര്‍ ഗുപ്ത

ശേഖര്‍ ഗുപ്ത

'ദി പ്രിന്‍റ് 'സ്ഥാപകന്‍, കോളമിസ്റ്റ്

Next Story

Related Stories