TopTop
Begin typing your search above and press return to search.

കോണ്‍ഗ്രസിലെ രണ്ട് രാജികള്‍, ആള്‍ക്കൂട്ട സമരം അവസാനിപ്പിക്കല്‍, ലീഗിന്റെ അസംതൃപ്തി; യു ഡി എഫില്‍ നിന്നും പുക ഉയരുന്നുണ്ട്

കോണ്‍ഗ്രസിലെ രണ്ട് രാജികള്‍, ആള്‍ക്കൂട്ട സമരം അവസാനിപ്പിക്കല്‍, ലീഗിന്റെ അസംതൃപ്തി; യു ഡി എഫില്‍ നിന്നും പുക ഉയരുന്നുണ്ട്


സംസ്ഥാന സർക്കാരിനെ താഴെയിറക്കാനുള്ള വെപ്രാളത്തിൽ കൈവിട്ടുപോയ ആൾക്കൂട്ട സമരങ്ങൾ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടിയെന്നതിനാൽ ഉണ്ടായേക്കാവുന്ന തിരിച്ചടിയെക്കുറിച്ചുള്ള ഭയം പോലെ തന്നെ കോൺഗ്രസിനെയും യു ഡി എഫിനെയും അലട്ടുന്ന മറ്റുചിലതുകൂടിയുണ്ട്. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അള്ളുവെക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടായി മുന്നേറുന്നതിനിടയിൽ കോൺഗ്രസിൽ മറനീക്കി പുറത്തുവന്ന ഗ്രൂപ്പ് വൈരം തന്നെ അതിൽ പ്രധാനം. മറ്റൊന്ന് കേരളത്തിൽ ഒന്നും നഷ്ട്ടപ്പെടാനില്ലാത്ത ബി ജെ പി ഉയർത്തിയ പല ആരോപണങ്ങളും ഏറ്റുപിടിക്കുക വഴി തങ്ങൾ അവരെ കേരളത്തിലെ മുഖ്യ പ്രതിപക്ഷമാക്കി ഉയർത്തിയില്ലേ എന്ന ശങ്കയും. ശബരിമല വിഷയത്തിൽ ആദ്യം സുവർണാവസരം മണത്തതും പ്രക്ഷോഭത്തിനിറങ്ങിയതും ബിജെ പി യും ഇതര സംഘപരിവാർ സംഘടനകളും എൻ എസ് എസും ഒക്കെ ആയിരുന്നെങ്കിലും ലോക് സഭ തിരെഞ്ഞെടുപ്പിൽ അതിന്റെ വിളവെടുത്തത് തങ്ങളായിരുന്നുവെങ്കിലും ഇക്കുറി ഒരു വിപരീത ഫലം ഉണ്ടാവാൻ ഇടയില്ലേ എന്നൊരു ചോദ്യവും കോൺഗ്രസ്സും യു ഡി എഫും അഭിമുഖീകരിക്കുന്നുണ്ട്. വിവാദ സ്വർണക്കടത്തുമായി ബന്ധപ്പെട്ടു കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം യു ഡി എഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിനെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ടെന്നത് മറ്റൊന്ന്.

കോൺഗ്രസിലെ ഗ്രൂപ്പ് വൈരം വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ് യു ഡി എഫ് കൺവീനർ സ്ഥാനത്തുനിന്നുമുള്ള ബെന്നി ബെഹനാന്റെയും തിരെഞ്ഞെടുപ്പ് സമിതി അധ്യക്ഷ സ്ഥാനത്തുനിന്നുമുള്ള കെ മുരളീധരന്റെയും രാജികൾ. എക്കാലത്തും കോൺഗ്രസ് രാഷ്ട്രീയത്തിനൊപ്പം നിലകൊണ്ട മലയാള മനോരമ തന്നെ ' രാജി കളുടെ ചലനത്തിൽ കോൺഗ്രസ്' എന്ന തലക്കെട്ടിൽ ഒരു രാഷ്ട്രീയ അവലോകന റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയതിൽ നിന്നുതന്നെ ബെന്നിയുടെയും മുരളീധരന്റെയും രാജികൾ എത്രകണ്ട് കോൺഗ്രസിനെയും അതുവഴി യു ഡി എഫിനെയും അസ്വസ്ഥമാക്കുന്നു എന്ന് വിളിച്ചോതുന്നുണ്ട്. മലയാള മനോരമയിൽ രാഷ്ട്രീയ കാര്യ ലേഖകൻ സുജിത് നായർ ഇങ്ങനെ എഴുതുന്നു: 'ലോക് സഭാംഗമായതോടെ ബെന്നിക്കുപകരം ഹസ്സനെ ( എം എം ഹസ്സൻ ) കൺവീനറാക്കാമെന്ന തീരുമാനം എ ഗ്രൂപ്പിലാണ് ആദ്യം ഉണ്ടായത്. എന്നാൽ ബെന്നിയെ അറിയിച്ചപ്പോൾ അദ്ദേഹം വിയോജിച്ചു. രാഹുൽ ഗാന്ധി മുൻകൈയെടുത്താണ് തനിക്കു പദവി നൽകിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹസ്സന്റെ പേര് രേഖാമൂലം നിർദ്ദേശിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോട് ആവശ്യപ്പെട്ടുവെങ്കിലും ബെന്നിയെ വിശ്വാസത്തിലെടുത്തു അത് ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഗ്രൂപ്പിനകത്തുതന്നെ സമ്മർദ്ദങ്ങൾ മുറുകിയ പച്ഛാത്തലത്തിലാണ് രാജി പ്രഖ്യാപനം.' വാർത്താ സമ്മേളനത്തിനിടയിലെ രാജി പ്രഖ്യാപനം എ ഗ്രൂപ്പിലും യു ഡി എഫ് നേതൃത്വത്തിലും അമ്പരപ്പുണ്ടാക്കിയെന്നും രാജിക്ക് മുൻപ് ബെന്നി അക്കാര്യം കെ പി സി സി പ്രസിഡന്റിനെ അറിയിച്ചിരുന്നില്ലെന്നും മനോരമ വാർത്ത പറയുന്നു. ഇക്കഴിഞ്ഞ ലോക് സഭ തിരെഞ്ഞെടുപ്പ് കാലത്തു രൂപീകരിച്ച തിരെഞ്ഞെടുപ്പ് സമിതി അധ്യക്ഷ സ്ഥാനത്തുനിന്നുമുള്ള കെ മുരളീധരന്റെ രാജി ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും കൂടി മനോരമ റിപ്പോർട്ട് പറയുമ്പോൾ ബെന്നിയുടെയും മുരളീധരന്റെയും അപ്രതീക്ഷിത രാജികൾ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ എത്രകണ്ട് അസ്വസ്ഥമാക്കുന്നു എന്ന് വ്യക്തം.

ഉമ്മൻ‌ചാണ്ടി നയിക്കുന്ന ' എ ' ഗ്രൂപ്പിന്റെ ആളെന്ന നിലയിലാണ് ബെന്നി ബെഹനാൻ യു ഡി എഫ് കൺവീനർ പദവിയിൽ എത്തിയതെങ്കിലും അടുത്തകാലത്തായി ' ഐ ' ഗ്രൂപ്പ് നേതാവുകൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് കാണിക്കുന്ന ആഭിമുഖ്യമാണ് ബെന്നിക്കെതിരെ തിരിയാൻ ഉമ്മൻചാണ്ടിയെ പ്രേരിപ്പിച്ചതെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ബെന്നി മറുകണ്ടം ചാടിയപ്പോൾ ഒരു വലിയ പരിധിവരെ കെ മുരളീധരനെ ' എ ' ഗ്രൂപ്പുമായി അടുപ്പിക്കാൻ ഉമ്മൻചാണ്ടിക്ക് കഴിയുന്നുണ്ടെന്നതും രമേശ് ചെന്നിത്തലയെ കൂടുതൽ അസ്വസ്ഥനാക്കുന്നുണ്ട്. ബെന്നിയുടെ രാജി കോൺഗ്രസിൽ മാത്രമല്ല അസ്വസ്ഥത വിതച്ചിരുക്കുന്നതെന്നതാണ് മറ്റൊരു കാര്യം. തങ്ങളോട് കൂടി ആലോചിക്കാതെ യു ഡി എഫ് കൺവീനറെ മാറ്റാൻ നടത്തിയ നീക്കം മുസ്ലിം ലീഗ് നേതൃത്വത്തെയും ഏറെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് ഇതുസംബന്ധിച്ചു ലഭിക്കുന്ന വിവരം. അടുത്തിടെ കെ പി സി സി യിൽ നടന്ന പുനഃസംഘടനയിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മാത്രം നേട്ടമുണ്ടാക്കിയെന്നൊരു ആക്ഷേപവും കോൺഗ്രസിൽ പുകയുന്നുണ്ട്. ചുരുക്കത്തിൽ പാർട്ടിയിൽ അസ്വാരസ്വം മുറുകുന്നതിനിടയിൽ തന്നെയാണ് ആൾക്കൂട്ട സമരങ്ങളിൽ നിന്നും പിൻവാങ്ങുന്നുവെന്ന രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം ഉണ്ടായത്.

സ്വര്‍ണ്ണക്കടത്തും ലൈഫ് മിഷൻ കോഴയുമടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ കോൺഗ്രസിനൊപ്പം നിൽക്കുന്നുണ്ടെന്നു പറയുമ്പോഴും കെ ടി ജലീലിനെ എങ്ങനെയെങ്കിലും രാജിവെപ്പിക്കുക എന്നതിനപ്പുറം മുസ്ലിം ലീഗ് കൂടുതലായൊന്നും ആഗ്രഹിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. വസ്തുത ഇതായിരിക്കെതന്നെ സ്വർണക്കടത്തിലെ അന്വേഷണം സ്വന്തക്കാരിലേക്കും പാർട്ടിക്കാരിലേക്കും എത്തുന്നതും ഖുർആനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ ഇടയാക്കിയതും യു എ ഇ കോൺസുലേറ്റുകൂടി വിവാദത്തിലായതുമൊക്കെ മുസ്ലിം ലീഗിനുള്ളിൽ തന്നെ വലിയ ചർച്ച ആയിട്ടുണ്ട്. യു എ ഇ യുമായി ബന്ധപ്പെട്ട വിവാദത്തിൽ എക്കാലത്തും മുസ്ലിം ലീഗിനൊപ്പം നിലകൊണ്ടിരുന്ന കെ എം സി സി ക്കുള്ള അതൃപ്തി ഇതിനകം തന്നെ അവർ മുസ്ലിം ലീഗ് നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. ഫലത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ യു ഡി എഫ് ആരംഭിച്ച പ്രക്ഷോഭങ്ങളുടെ യഥാർത്ഥ ഗുണഭോക്താവ് ബി ജെ പി യല്ലേ എന്നൊരു ചോദ്യവും മുസ്ലിം ലീഗിനുള്ളിൽ നിന്നും ഇതിനകം തന്നെ ഉയർന്നിട്ടുമുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories