TopTop
Begin typing your search above and press return to search.

കാവ്യോപാസനയും കാവിയുപാസനയും; അക്കിത്തത്തിന് ഒരു രാഷ്ട്രീയ വായന

കാവ്യോപാസനയും കാവിയുപാസനയും; അക്കിത്തത്തിന് ഒരു രാഷ്ട്രീയ വായന

സർഗാത്മകത അടിസ്ഥാനപരമായി കഴിവും സിദ്ധിയും സാധനയുമാണ്. അതുകൊണ്ട് തന്നെ അറിവും അനുഭവങ്ങളും ചിന്തയും ഭാവനയുമെല്ലാം നിരവധിയായ മനനങ്ങൾക്കും മാനസിക വ്യാപാരങ്ങൾക്കും വിധേയമാകുമ്പോഴാണ് നല്ല കവിതകൾ പിറക്കുന്നത്. വാക്കുകളുടെ വിന്ന്യാസത്തിലും പ്രയോഗങ്ങളിലും കയ്യൊതുക്കങ്ങളിലും പറയാതെ പറയുന്നതിലും എല്ലാം കവിയിലെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ നമുക്ക് അനുഭവപ്പെടും. എഴുതുന്നയാളുടെ ഉള്ളിലെ അഗ്നികോണുകളിൽ സ്ഫുടം ചെയ്തെടുത്ത വാക്കുകളുടെ അസൂയയുണർത്തുന്ന വിന്യാസങ്ങളാണ് നമ്മെ നല്ല കവിതകളിലേക്ക് വിളിച്ചടുപ്പിക്കുന്നത്. കവിത അനുഭവവും അനുഭൂതിയും ആകുമ്പോഴാണ് കവിയുടെ വാക്കുകൾ ഉറങ്ങുന്ന മരക്കൊമ്പിൽ നിന്നും തെറിച്ചു വീഴുന്ന പക്ഷിക്കൂട്ടം പോലെ കാലത്തിന് സൂക്ഷിക്കാൻ വേണ്ടി കാലത്തിലേക്ക് വീണുപോകുന്നത്.

ആ അർത്ഥത്തിൽ നോക്കുമ്പോൾ വളരെ വലിയ കവി തന്നെയാണ് ജീവിത സായന്തനത്തിൽ ജ്ഞാനപീഠം കയറി നിൽക്കുന്ന അക്കിത്തം അച്യുതൻ നമ്പൂതിരി. വെളിച്ചം ദുഃഖമാണുണ്ണീ താമസല്ലോ സുഖപ്രദം എന്ന് വർഷങ്ങൾക്ക് മുൻപ് അദ്ദേഹം പറയുമ്പോൾ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളെ ഇന്നത്തെയത്ര തമസ്സ് മൂടിയിരുന്നില്ല. സമത്വവും തുല്യനീതിയും ഉയർത്തിപ്പിടിക്കുന്ന സോഷ്യലിസ്റ്റ് സ്വർഗങ്ങൾ അധികം ദൂരത്തല്ലെന്ന് ഒരുപാടു മനുഷ്യർ വിശ്വസിച്ചിരുന്ന കാലം. അവരിൽ കവികളും കാമുകന്മാരും ഭ്രാന്തന്മാരും വിപ്ളവകാരികളും മാത്രമല്ല മറ്റാളുകളും ഉണ്ടായിരുന്നു. മാനവ മോചനത്തിന്റെ പ്രത്യയ ശാസ്ത്രങ്ങൾ ആവേശം കൊള്ളിച്ചിരുന്ന രാഷ്രീയ കാലാവസ്ഥകളിൽ ഉദയം കാണാൻ അനേകലക്ഷം മലയാളികൾ ഉറക്കമിളച്ചു കാത്തിരുന്ന നാളുകളിലാണ് കവി വെളിച്ചം ദുഖമാണെന്നും തമസ്സ് സുഖപ്രദമാണ് എന്നും പറഞ്ഞത്. കവിയിലെ പുരോഗമനക്കാരൻ അവിടെ ഇല്ലാതാവുകയും തമസ്സിന്റെ ശക്തികൾ കവിയെ ശ്രദ്ധിച്ചു തുടങ്ങുകയും ചെയ്തു. സ്വാഭാവികമായും ഉറക്കമിളച്ചവർ തമസ്സാണ് സുഖം എന്ന് പറഞ്ഞതിലെ കാവ്യാത്മകത ഉൾക്കൊള്ളാതെ ശകാരങ്ങളുമായി വന്നു. കാലം മുന്നോട്ടു പോയി. കിഴക്കൻ യൂറോപ്പും സോവിയറ്റ് യൂണിയനും സോഷ്യലിസ്റ് സ്വപ്നങ്ങൾക്ക് ഒപ്പം തകർന്നു. നവമുതലാളിത്തം ലോകത്തിനു മീതെ വലിയ അളവിൽ പിടിമുറുക്കാൻ ആരംഭിച്ചു. ഒപ്പം മതാത്മകമായ രാഷ്ട്രീയവും അതിൽ അന്തർലീനമായ വെറുപ്പും നാട്ടിൽ വേരാഴ്ത്തി തുടങ്ങി. കവിയിലും കവിയോടുള്ള രാഷ്ട്രീയ സമൂഹത്തിന്റെ സമീപനങ്ങളിലും ഇങ്ങനെ മാറ്റങ്ങൾ വരുമ്പോഴും കവിയിലെ കവിത ആസ്വാദക മനസ്സുകളിൽ അതിലെ പ്രതിഭയുടെ തിളക്കത്തിൽ മങ്ങാതെ നിന്നു. അതുകൊണ്ടു തന്നെയാണ് ഇരുട്ട് ഒട്ടും സുഖപ്രദമല്ല എന്നുറപ്പുള്ളവർ മിക്കവരും വെളിച്ചം ദുഖമാണ് എന്ന വരികൾ അവരുടെ നിത്യ ജീവിത സന്ദർഭങ്ങളിൽ എടുത്തുപയോഗിച്ചിട്ടുള്ളത്. കവിയുടെ രാഷ്ട്രീയത്തിന് കാവി പുരളുമ്പോഴും കവിതയും കവിത്വവും വ്യത്യസ്ത രാഷ്ട്രീയമുള്ള ആസ്വാദകരാൽ പോലും വായിക്കപ്പെട്ടു. ചർച്ച ചെയ്യപ്പെട്ടു. ആസ്വദിക്കപ്പെട്ടു. കവിതയിലും സര്‍ഗ്ഗാത്മകതയിലും മുന്നിൽ തന്നെയാണ് എന്നും അക്കിത്തം. അത് ഇരുട്ടിനെ പുണരുന്നതിന് മുൻപും പിൻപും ഒരുപോലെ തന്നെ നിൽക്കുന്നു. ജ്ഞാനപീഠം കയറിയ കവിയെ പുകഴ്ത്തി ആഘോഷിക്കുന്നതിനിടയിൽ അദ്ദേഹത്തിൻ്റെ നിലവിലെ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകരായ ജന്മഭൂമി പത്രം പറയുന്നത് നിലവിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയം പുരസ്കാരങ്ങളും അംഗീകാരങ്ങളും കേരളസമൂഹത്തിൽ കിട്ടുന്നതിന് അദ്ദേഹത്തിന് തടസ്സമായി എന്നാണ്. ഉദാഹരണത്തിന് ഇന്നത്തെ മലയാളം പത്രങ്ങൾ എടുക്കുക. അക്കിത്തത്തിനോട് രാഷ്ട്രീയമായി വിയോജിപ്പുള്ള മുഖ്യധാരാ പത്രങ്ങൾ പോലും അദ്ദേഹത്തിന്റെ നിലവിലെ ഐക്യപ്പെടലുകളെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. അവാർഡ് പ്രഖ്യാപിച്ച ഉടനെ സോഷ്യൽ മീഡിയയിൽ കവിയുടെ രാഷ്ട്രീയം നിശിതമായ പരിശോധനകൾക്കു വിധേയമായതും പത്രങ്ങൾ കണ്ടില്ലെന്നു നടിച്ചു. സോഷ്യൽ മീഡിയയിൽ തന്നെ പ്രഖ്യാപിത ഇടതുപക്ഷ സഹയാത്രികരായ ചിലർ പോലും അക്കിത്തത്തിന്റെ കവിതകളെ തൊട്ടുകളിക്കരുത് എന്ന മുന്നറിയിപ്പുമായി കടന്നു വന്നു.

ഇനി മറ്റൊരു തലത്തിൽ നോക്കാം. കേരളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം അക്കിത്തത്തിന് ലഭിക്കുന്നത് മുൻ ഇടതുമുന്നണി സർക്കാരിന്റെ കാലത്താണ്. വയലാർ അവാർഡ് കമ്മറ്റിയുടെ ഘടനയും സ്വഭാവവും ഇടതുപക്ഷമാണ് എങ്കിലും അവരും അക്കിത്തത്തെ പുരസ്‌കാരം നൽകി ആദരിച്ചു. നിലവിൽ ജ്ഞാനപീഠം നിശ്ചയിച്ച കമ്മറ്റിയിൽ കേരളത്തിൽ നിന്നുള്ള ഏക അംഗം മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവും പുരോഗമനകവിയുമായ പ്രഭാ വർമയാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണ് എങ്കിലും പി നാരായണ കുറുപ്പും രമേശൻ നായരും തപസ്യയുടെ സംസ്ഥാന ഭാരവാഹിയും ജന്മഭൂമിയിൽ എഴുതുന്നത് ഇടതുപക്ഷം അക്കിത്തത്തിന് അവസരങ്ങൾ നിഷേധിച്ചു എന്നാണ്. ഒരു പ്രതിഭയെ വിലയിരുത്തുമ്പോൾ സമഗ്രത തന്നെയായിരിക്കണം ഏറ്റവും വലിയ നിഷ്കർഷ. അതുകൊണ്ടു തന്നെ കവിയും കവിതയും ചർച്ചചെയ്യപ്പെടുമ്പോൾ കവിയുടെ രാഷ്ട്രീയവും സാമൂഹിക വീക്ഷണവും ചർച്ചചെയ്യപ്പെടുന്നതിൽ തെറ്റൊന്നുമില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിൽ നിന്നും നമ്മൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ദുരന്ത വർത്തമാനങ്ങളിലേക്ക് വന്നു പതിച്ചിരിക്കുന്ന അവസ്ഥയിൽ പ്രത്യേകിച്ചും. രമേശൻ നായരെയും പി നാരായണ കുറുപ്പിനെയും പി പി ശ്രീധരനുണ്ണിയെയും പോലെ ഒരു സംഘിയായി ജനിച്ച ആളല്ല അക്കിത്തം. കെ എസ് രാധാകൃഷ്ണനെയും കെ ടി തോമസിനെയും പോലെ അവസരവാദത്തിന്റെ പാരമ്യത്തിൽ ആ മാർഗത്തിൽ പോയതുമില്ല. ഇ എം എസിനും പ്രേംജിയ്ക്കും വി ടി ഭട്ടതിരിപ്പാടിനുമൊപ്പം സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക്‌ നേതൃത്വം നൽകിയാണ് തുടക്കം. നമ്പൂതിരിയെ മനുഷ്യനാക്കുന്നതിൽ വലിയ മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുത്തയാൾ കാലപ്രവാഹത്തിൽ മനുഷ്യനിൽ നിന്ന് നമ്പൂതിരിയിലേക്ക് തിരികെ പോകുന്ന അവസ്ഥ കാണാതെ മൗനം പാലിച്ച് പ്രതിഭയ്ക്ക് സ്തുതി വിളിക്കുന്നതിൽ അർത്ഥമില്ല. തിരികെ പോകുന്ന പ്രതിഭ എന്നത് തന്നെയാണ് അക്കിത്തത്തിന്റെ നിലവിലെ സാമൂഹിക അസ്ഥിത്വം. സോഷ്യലിസ്റ്റുകളുടെയും കമ്യൂണിസ്റ്റുകളുടെയും സഹയാത്രികനായിരുന്ന കവി അവരിൽ നിന്നും എതിർപ്പ് നേരിടുന്നു എന്ന് പറഞ്ഞാണ് പിന്നീട് ഗാന്ധിയനായി വേഷമിട്ടത്. എന്നാൽ ഗാന്ധിയിൽ നിന്നും ഗാന്ധി ഘാതകരുടെ സാംസ്കാരിക ഇടപെടലുകളുടെ നേതൃത്വത്തിലേക്ക് അനായാസം ഒരുകുറ്റബോധവും കൂടാതെ അദ്ദേഹത്തിന് പോകാനായി. തെക്ക് പാറശാല മുതൽ വടക്കു മഞ്ചേശ്വരം വരെ വര്‍ഷങ്ങള്‍ക്ക് മുൻപ് അക്കിത്തത്തെ മുൻനിർത്തി തപസ്യ നടത്തിയ വലിയ യാത്ര തന്നെ അദ്ദേഹത്തിന്റെ ഭൂതകാലം റദ്ദ് ചെയ്യുന്നതിനുള്ള വ്യക്തമായ നീക്കമായിരുന്നു. അദ്ദേഹം തന്നെ പറയുന്നത് സംഘപരിവാറിന്റെ സാംസ്‌കാരിക സംഘടനയായ തപസ്യയുമായി 1984 മുതല്‍ തനിക്ക് ബന്ധമുണ്ട് എന്നാണ്. താപസികളാണ് ഈ രാജ്യം ഉണ്ടാക്കിയതെന്നും ഭാരതീയതയും ഹിന്ദുത്വവും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്നും പറഞ്ഞത് മറച്ചുവച്ചുകൊണ്ട് വേണ്ട അക്കിത്തത്തിലെ കവിയെ ആസ്വദിക്കാനും വിലയിരുത്താനും. രാജ്യത്തെ ഉണ്ടാക്കിയ ക്രെഡിറ്റ് തപസികൾക്കു മാത്രമായി നിജപ്പെടുത്തുകയും അടിസ്ഥാന വർഗ്ഗത്തിന്റെ സംഭാവനകളെ കാണാതിരിക്കുകയും ചെയ്തിട്ടും അക്കിത്തം ഇന്നും ഈ സമൂഹത്തിൽ വിമര്‍ശിക്കപ്പെടാതെ നില്കുന്നു എന്നതിനർത്ഥം പ്രിവിലേജ് ആണ്. സംഘികളും മൃദുസംഘികളും. തുറന്നുകാട്ടപ്പെടുന്ന കാലത്തിലും കവി എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു പോകുന്നു. രാമായണം കത്തിക്കണം എന്ന് പറഞ്ഞവർ എന്തിനാണ് രാമായണം ഇപ്പോൾ വായിക്കുന്നത് എന്ന മട്ടിലുള്ള കുമ്മനം രാജശേഖരൻ ടൈപ്പ് ചോദ്യങ്ങളും അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടുണ്ട്. അക്കിത്തത്തെ പറ്റി ജന്മഭൂമി എഴുതുന്നത് നോക്കുക: "എഴുത്തുകാരന്റെ ചേരി സര്‍ഗാത്മകതയുടേതാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യ നടത്തിയ സാംസ്‌കാരിക തീര്‍ത്ഥയാത്ര മഹാകവിയിലെ സാമൂഹ്യ സാംസ്‌കാരിക നായകന്റെ തിരനോട്ടമായിരുന്നു. പക്ഷമില്ലാത്തവന്റെ പക്ഷം ഉയര്‍ത്തിപ്പിടിച്ച രചനകളും നിലപാടുകളും കാരണം പലപ്പോഴും പലരും അവഗണിക്കാന്‍ പരിശ്രമിച്ചിട്ടും അക്കിത്തം പ്രതിഭ കൊണ്ട് പ്രശസ്തിയുടെ ഹിമാലയം താണ്ടി. പത്മശ്രീ, മൂര്‍ത്തീദേവി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, സഞ്ജയന്‍ പുരസ്‌കാരം, വയലാര്‍, വള്ളത്തോള്‍, ആശാന്‍ അവാര്‍ഡുകള്‍ ഓടക്കുഴല്‍ പുരസ്‌കാരം,ആര്‍ഷദര്‍ശന പുരസ്‌ക്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ മഹാകവിയെ തേടിയെത്തിയിട്ടുണ്ട്. ജന്മഭൂമിയുടെ ലെജന്‍ഡ്‌സ് കേരള പുരസ്‌കാരമായിരുന്നു അവസാനമായി മഹാകവി അക്കിത്തം സ്വീകരിച്ചത്. ഇപ്പോള്‍ ജ്ഞാനപീഠവും. എന്നും സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും പക്ഷത്തു നിന്ന കവിയാണ് അക്കിത്തം. താന്‍ അന്നും ഇന്നും കമ്യൂണിസ്റ്റാണെന്ന് വിമര്‍ശകരുടെ മുഖത്തു നോക്കി അദ്ദേഹം മറുപടി നല്‍കി. കമ്യൂണിസ്റ്റായതുകൊണ്ടാണ് തനിക്ക് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം രചിക്കാനായത്. പക്ഷേ, താന്‍ പഠിച്ച കമ്യൂണിസം വിദേശികളില്‍ നിന്നായിരുന്നില്ല. ഭാരതത്തില്‍ നിന്നു തന്നെയായിരുന്നു. വേദത്തില്‍ നിന്നാണ് താന്‍ കമ്യൂണിസം പഠിച്ചത്. മറ്റുള്ള ജീവി വംശങ്ങളെയും അവശരെയും വിശക്കുന്നവരെയും സ്‌നേഹിക്കാനും അവരുടെ കണ്ണീരൊപ്പാനും പഠിപ്പിച്ചത് വേദമാണ്. ഭാരതീയ സംസ്‌കാരത്തിലധിഷ്ഠിതമാണ് തന്റെ കമ്യൂണിസം. ഭാരതത്തില്‍ നിന്നു വേറിട്ട ഒന്നിനെയും താന്‍ സ്‌നേഹിക്കുന്നില്ല. നമ്മുടേതായ സംസ്‌കാരവും വേദങ്ങളും പറയുന്നതില്‍ നിന്ന് വലുതായി മറ്റൊന്നുമില്ല. ഭാരതീയ സാംസ്‌കാരിക മൂല്യങ്ങളെയും ഭാരതീയ പാരമ്പര്യത്തെയും കുറിച്ചാണ് അക്കിത്തം എപ്പോഴും സംസാരിക്കുന്നത് എന്നതും കവിയുടെ ന്യൂനതയായി. അദ്ദേഹം ഇടതോ വലതോ കക്ഷിചേര്‍ന്ന് നടന്നിരുന്നെങ്കില്‍ പുരസ്‌കാരങ്ങള്‍ കൊണ്ട് കുമരനല്ലൂരിലെ ദേവായനം നിറയുമായിരുന്നു.'' വേദങ്ങളിൽ നിന്നും കമ്മ്യൂണിസം പഠിച്ചു എന്ന പ്രസ്താവന മാത്രമെടുക്കാം. ചുറ്റുമുള്ള മനുഷ്യരുടെ ജീവിതങ്ങളിൽ നിന്നും നേടിയെടുക്കേണ്ട രാഷ്ട്രീയ വിദ്യാഭ്യാസം വേദങ്ങളിൽ തപ്പിപ്പോയി എന്നിടത്തു തന്നെ കവിയുടെ ചേരി നമുക്ക് വ്യക്തമാകുന്നു. ജാതിയടക്കമുള്ള ഇന്ത്യൻ സാമൂഹിക അനീതികളുടെ അടിത്തട്ട് വേദങ്ങൾ ആയിരിക്കുന്നു എന്ന യാഥാർഥ്യവും വേറിട്ട് നിൽക്കുന്നു. സർഗാത്മകതയും കവിത്വവുമാകാം പ്രതിഭ. പക്ഷെ പ്രതിഭകൾ മരണം വരെ കണ്ണും കാതും ചുറ്റുമുള്ള സമൂഹത്തിലേക്ക് തുറന്നു വയ്‌ക്കേണ്ടവരാണ്. അങ്ങനെ അക്കിത്തം വച്ചിരുന്നു എങ്കിൽ ഇപ്പോഴത്തെ തമസ്സിനെ കൊച്ചുമെഴുകുതിരികൾ കൊണ്ടെങ്കിലും പ്രതിരോധിക്കുന്നവർക്കൊപ്പം അദ്ദേഹവും നിൽക്കുമായിരുന്നു. വെറുപ്പിനും അസഹിഷ്ണുതയ്ക്കും സാമുദായിക വിദ്വേഷത്തിനും എതിരെ നിലപാട് എടുക്കുമായിരുന്നു. കാവ്യപുസ്തകമായ ജീവിതത്തെ കാവിപുസ്തകം കൂടിയാക്കിയ കവിയാണ് അക്കിത്തം. അതുകൂടി പറയുമ്പോൾ മാത്രമേ കാഴ്ചയ്ക്കു സമഗ്രത ഉണ്ടാകുന്നുള്ളൂ. (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ.എ ഷാജി

കെ.എ ഷാജി

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories