TopTop
Begin typing your search above and press return to search.

എന്താണ് രാമ വിലക്ക്? വട്ടവര വരച്ചു നിര്‍ത്തിയ മലയാളിയുടെ ന്യായ നടത്തിപ്പിന്റെ പഴയകാലം

എന്താണ് രാമ വിലക്ക്? വട്ടവര വരച്ചു നിര്‍ത്തിയ മലയാളിയുടെ ന്യായ നടത്തിപ്പിന്റെ പഴയകാലം

പഴയ കാലത്തെ ന്യായ നടത്തിപ്പിന്റെ വഴികളിലേക്ക് കണ്ണോടിക്കുകയാണ്. രാമ പോലെയുള്ള വിലക്കുകളും, വട്ടവര വരച്ചു നിര്‍ത്തലും ഒക്കെ ഋണബാധ്യതയില്‍ പെട്ടുപോയവരില്‍ നിന്നും ധനം വീണ്ടെടുപ്പ് നടത്തുന്നതിനുള്ള സമ്പ്രദായങ്ങളായിരുന്നു. വളരെ കൗതുകകരങ്ങളായിരുന്നു ഈ സമ്പ്രദായങ്ങളെ കുറിച്ചാണ് മലയാളിത്തത്തിന്റെ സഞ്ചാര വഴികളുടെ ഈ ഭാഗം. വിലക്കുകളും ഭ്രഷ്ടുകളും മാറ്റിനിര്‍ത്തലുകളും ഒക്കെ സമ്പന്നമാക്കിയ സമൂഹഗതികള്‍ പിന്നിട്ട് ഏറെ പരിണാമ ഗതികളിലൂടെയാണ് വര്‍ത്തമാന കാലത്തിലേക്ക് മലയാളി എത്തുന്നത്. വലിയ സമരങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും ഇടപെടലുകളുടേയും അടരുകള്‍ മാറിയ മലയാളിയുടെ സംഘബോധത്തിന്റെ ഓര്‍മ്മത്താളുകളില്‍ ഉണ്ടാകും. ഇത്തരം ഗതിവിഗതികളുടെ സാംസ്‌കാരിക സഞ്ചയം പേറുമ്പോഴും ഇക്കാലത്തും പല തരത്തിലുള്ള വിലക്കുകളും നമ്മുടെ പൊതുജീവതത്തില്‍ നേരിട്ടും അല്ലാതേയും കടന്നുവരുന്നു. ആചാരങ്ങള്‍ വിവാദങ്ങളുടെ കൂടി വ്യാഖ്യാന പരിസരം സൃഷ്ടിക്കുന്നുണ്ട് ഇക്കാലത്ത്. ഓരോ ദിവസവും ആചാര സംരക്ഷകരും ആചാര ലംഘകരും നമ്മുടെ പരിസരങ്ങളെ സംവാദാത്മകമാക്കുന്നുണ്ടെന്ന് മാത്രമല്ല, സഹിഷ്ണുത അറ്റവരായി അവരില്‍ പലരും മാറുന്നതും നമ്മള്‍ കാണുന്നു. പഴയ കാലത്തെ ആചാരബദ്ധതയും മറ്റും കടുകിട വ്യത്യാസമില്ലാതെ പുലര്‍ന്നുപോകണമെന്ന് ആഗ്രഹിക്കുന്ന വലിയ വിഭാഗം നമുക്കിടയിലുണ്ട്. അവരുടെ ശാഠ്യങ്ങള്‍ സമൂഹ മനസ്സില്‍ ആഴത്തില്‍ ആഴ്ന്നുപോയിട്ടുമുണ്ട്. മാറ്റത്തിനായി നില്‍ക്കുന്നവര്‍ എക്കാലവും ന്യൂനപക്ഷമായിരുന്നിട്ടും മനുഷ്യ സമൂഹത്തിന്റെ മഹാപ്രവാഹത്തില്‍ ഈ ന്യൂനപക്ഷത്തിന്റെ ഇച്ഛകള്‍ അടയാളപ്പെടുത്തപ്പെടുകയും അവയ്ക്ക് ഗൂണാത്മകമായ മാനം കൈവരുകയും ചെയ്തിട്ടുണ്ട്. ഈ ഗുണാത്മകതയുടെ മേലെ ആധിപത്യം ചെലുത്തി നിന്ന ഋണാത്മകത എത്രമാത്രമാണെന്ന് അറിയണമെങ്കില്‍ പഴയ കാലത്തെ കുറിച്ച് നമുക്ക് തികഞ്ഞ ഉള്‍ക്കാഴ്ച ഉണ്ടാകണം. അതുകൊണ്ടാണ് നമ്മള്‍ പഴയ വിധികളേയും വിലക്കുകളേയും വിശദമായി പരിശോധിക്കുന്നതും. ന്യായ നടത്തിപ്പുകളുടെ പഴയ ചില ശീലങ്ങളിലേക്കാണ് നോക്കുകയാണിവിടെ. ആചാരങ്ങളും നീതി നിയയമങ്ങളും അവ പാലിക്കുന്നതിനുള്ള സമ്പ്രദായങ്ങളും മലയാളികളുടെ മനസ്സില്‍ പഴയ കാലം മുതല്‍ രൂഢമൂലമായി കിടന്നതാവാം. പലതും വിവിധ ദേശങ്ങളില്‍ നിന്നും കടം കൊണ്ടതോ അന്നാടുകളില്‍ നിന്നും സ്വീകരിച്ച് പരിഷ്‌ക്കരിച്ച് നടപ്പിലാക്കിയവയോ ആവാം. കേരളത്തിലെ എല്ലാ നാട്ടുരാജ്യങ്ങളിലും നിലനിന്നിരുന്ന ഭരണ വ്യവസ്ഥകള്‍ പൊതുവില്‍ ഹൈന്ദവ ധര്‍മ്മാചരണങ്ങളില്‍ അധിഷ്ഠിതമായിരുന്നു. ക്ഷേത്രഭരണങ്ങളില്‍ പുരാതന കാലം മുതല്‍ സ്വീകരിച്ചു വന്നിരുന്ന ചില കീഴ് വഴക്കങ്ങളും പ്രാചീന ഗ്രന്ഥങ്ങളിലെ ധര്‍മ്മ നീയമവ്യവസ്ഥകളുമായിരുന്നു കേരളത്തിലെ രാജാക്കന്മാരുടെ ഭരണത്തിനടിസ്ഥാനമായി നിലകൊണ്ടിരുന്നത്. വട്ട വര വരച്ചു നിര്‍ത്തുക എന്നത് മലയാളത്തില്‍ പത്തു മുപ്പതു വര്‍ഷം മുന്‍പു വരെ ഗ്രാമാന്തരങ്ങളില്‍ പോലും സാധാരണമായ പ്രയോഗമായിരുന്നു. കടം കൊടുക്കുന്ന പണം തിരികെ കിട്ടാതെ വരുമ്പോള്‍ കടക്കാരനെ ഒരു വരവരച്ചു നിര്‍ത്തി കിട്ടാനുള്ള പണത്തിന്റെ പരിഹാരമുണ്ടാക്കാതെ അനങ്ങാന്‍ സമ്മതിക്കാത്ത ഒരു സമ്പ്രദായം. ഇത്തരമൊരു രീതി ദീര്‍ഘകാലം ഇവിടെ നിലനിന്നിരുന്നു. അതിന്റെ ചുവട് പിടിച്ച് ഉണ്ടായ ഭാഷ പ്രയോഗമാണ് വട്ടവരവരച്ചു നിര്‍ത്തുക എന്നത്. അനങ്ങാന്‍ സമ്മതിക്കാത്ത വണ്ണമുള്ള സാഹചര്യം സംജാതമായി എന്ന അര്‍ഥത്തിലാണ് ആ പ്രയോഗം ഉണ്ടായത്. വട്ട വര വരച്ചു നിര്‍ത്തി കടക്കാരനില്‍ നിന്നും പണം ഈടാക്കുന്ന സമ്പ്രദായത്തെ കുറിച്ച് കൊച്ചി സ്റ്റേറ്റ് മാനുവല്‍ ഇപ്രകാരം പറയുന്നു: ''വായ്പ കൊടുത്തവന്‍ കടക്കാരന്‍ നില്‍ക്കുന്നതിനു ചുറ്റും ഒരു വര വരച്ച് തന്റെ കടം തീര്‍ക്കുകയോ അല്ലെങ്കില്‍ തനിക്കു വരുവാനുള്ള സംഖ്യയ്ക്കു വേറെ വിധത്തില്‍ വഴി പറയുകയോ ചെയ്യാതെ അതിനകത്തു നിന്നും ഇളകാന്‍ പാടില്ലെന്ന് പറഞ്ഞ് തന്റെ കുലദൈവത്തേയോ രാജാവിനേയോ പിടിച്ച് ആണയിടുന്നു. കടക്കാരന്‍ യാതൊരു പഴിയും പറയാതെ ആ വരയ്ക്കകത്തുനിന്നും ഇളകിയെങ്കില്‍ നാട്ടാര്‍ അവനെ ന്യായരക്ഷണത്തില്‍ നിന്നും പുറത്തു തള്ളുക പതിവായിരുന്നു. അവനെ പിന്നെ ആര്‍ക്കെങ്കിലും കൊല്ലുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അപ്രകാരം കടം കൊടുത്തവന് കടക്കാരന്റെ വസ്തുക്കള്‍ കൈയേറുന്നതിനുള്ള അധികാരവുമുണ്ടായിരുന്നു. വായ്പ കൊടുത്തവന്‍ കുറെ പച്ചത്തൂപ്പൊടിച്ച്‌കൊണ്ടുവന്ന് കടക്കാരന്റെ പണയപ്പെടുത്തിയിട്ടുള്ള വസ്തുവില്‍ കുത്തുകയും വസ്തു ഉടമസ്ഥന്റെ കടം കൂടി വസൂലാക്കുന്നതിന് ഇന്നവന്‍ കൈയേറിയിരിക്കുന്നുവെന്ന് വിവരം കാണിച്ചുകൊണ്ട് ഒരു പരസ്യം അതിന്മേല്‍ എഴുതി തൂക്കുകയും ചെയ്യുന്നു.'' ഇത്തരത്തിലുള്ള വസ്തുവിലെ വിളവ് ആരെങ്കിലും എടുത്താല്‍ അവനും വലിയ കുറ്റക്കാരനായി തീരുമായിരുന്നു. കടം തിരിച്ചു കൊടുത്തില്ലെങ്കില്‍ കടുത്ത ഭഗവതി കോപം വരുമെന്ന ശാപവും കടക്കാരനുമേല്‍ ചൊരിഞ്ഞിരുന്നു. കുറ്റവാളിയെ വരച്ച വരയില്‍ നിര്‍ത്തുന്നതിന് സാധാരണയായി താളി വര്‍ഗത്തില്‍ പെട്ട നാലു തരം പച്ചിലച്ചെടികളും കമ്പുകളുമാണ് ഒടിച്ചു കുത്തുക. ഇവ തൊടിയുടെ നാലു വശങ്ങളാലായിട്ട് സ്ഥാപിക്കും. കൊളാമ്പിത്താളി, തിരുമുടിത്താളി, തിരുപന്തിത്താളി, ചെമ്പരത്തിത്താളി അല്ലെങ്കില്‍ നുച്ചി ചുണ്ടങ്ങ, വെള്ളില, തുമ്പച്ചെടികള്‍, ഇവയില്‍ ഒരു പിടി പറിച്ചെടുത്ത് അല്ലെങ്കില്‍ ഒരേ ചെടിയുടെ രണ്ടു മൂന്നു കമ്പുകള്‍ കൂട്ടിക്കെട്ടി ഉമ്മറപ്പടിയിലോ ഇറയിലോ തൂക്കിയിട്ടാല്‍ അല്ലെങ്കില്‍ ഒരു കൃഷിയിടത്തിന്റെ വരമ്പില്‍ കമ്പില്‍ കെട്ടി ഉയര്‍ത്തി കുത്തിയാല്‍ആ പുരയിടവും കൃഷിയിടവും ജപ്തിയിലാണെന്ന് സന്ദേശമാണ് ആളുകള്‍ക്ക് നല്‍കുന്നത്. ഇത്തരം ശിക്ഷകളെയും ന്യായ നടത്തിപ്പുകളേയും കുറിച്ച് മലബാര്‍ മാന്വല്‍ അടക്കമുള്ള ഒട്ടേറെ പുസ്തകങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്. ഈ സമ്പ്രദായം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കേരളത്തിന്റെ നാട്ടിന്‍ പുറങ്ങളിലും ഗ്രാമങ്ങളിലും സാധാരണമായിരുന്നു.

'രാമ' വിലക്ക് പഴയ കാലത്തെ മറ്റൊരു ജപ്തി സമ്പ്രദമായമായിരുന്നു രാമ വിലക്ക് എന്നറിയപ്പെട്ടിരുന്നത്. ഏതു സാധനത്തെ ജപ്തി ചെയ്യുന്നുവോ അതിന്മേല്‍ കശുമാവിന്റേയോ മറ്റു വൃക്ഷങ്ങളുടേയോ കുറെ ഇലകള്‍ കെട്ടിയിടും. ഭൂമിയാണ് ജപ്തി ചെയ്യുന്നതെങ്കില്‍ ആ ഭൂമിയുടെ ഒരു ഭാഗത്ത് ഒരു കോലില്‍ ഇല കെട്ടി കുത്തി നിര്‍ത്തും. എന്നിട്ട് ജപ്തി ചെയ്യുന്നയാള്‍ 'ഇത് തമ്പുരാന്റെ ജപ്തി അല്ലെങ്കില്‍ രാമ വിലക്ക്' എന്ന് വിളിച്ചു പറയും. പിന്നെ അതിനെ ആര്‍ക്കും മാറ്റം ചെയ്യുവാനോ ആ വസ്തുവിലെ ദേഹണ്ഡങ്ങളും ഫലങ്ങളും എടുക്കുവാനോ ആവില്ല. അങ്ങനെ ചെയ്യുന്നവരെ രാജ്യദ്രോഹികളായിട്ടാണ് കണക്കാക്കിയിരുനതെന്ന് ചരിത്രകാരനായ കെ.പി. പത്മനാഭ മേനോനും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറ്റും ഈ അധികാരം പ്രയോഗിച്ചിരുന്നുവെന്ന് കാണാം. അവര്‍ ജപ്തി ചെയ്യുന്ന സ്ഥലത്ത് നാട്ടിയിരുന്നത് പക്ഷെ, കമ്പനിയുടെ കൊടിയായിരുന്നു. എന്നാല്‍ ഇതിന് കുമുദവര്‍ എന്ന ഉദ്യോഗസ്ഥരുടെ കല്പന ആവശ്യമായിരുന്നു. താണ ജാതിക്കാര്‍ക്കും മറ്റും ഉയര്‍ന്ന ജാതിക്കാരുടെ മേല്‍ പോലും പ്രയോഗിക്കാനാവുന്ന അധികാരമായിരുന്നു രാമ വിലക്ക് എന്നത് ഫ്യൂഡല്‍ ക്രമത്തിലെ ഈ ജപ്തി അധികാരത്തെ സവിശേഷമാക്കുന്നുണ്ട്. ഇത്തരത്തില്‍ 'രാമ' ഉപയോഗിച്ച് ഒരാളുടെ വസ്തു ജപ്തി ചെയ്യുന്നതിന് അധികാരികളുടെ ഉത്തരവ് ആവശ്യമായിരുന്നില്ല. അത് ആര്‍ക്ക് വേണമെങ്കിലും ചെയ്യാന്‍ സാധിക്കും. ജപ്തിക്ക് രാജ കല്‍പ്പന ആവശ്യമില്ലെങ്കിലും തര്‍ക്ക തീര്‍ച്ചയ്ക്കും പ്രശ്‌ന പരിഹാരത്തിനും രജ കല്‍പ്പന തന്നെ വേണം. അധികാര വഴിക്കല്ലാതെ അത് സാധ്യമായിരുന്നില്ല. തര്‍ക്കത്തില്‍ ഏര്‍പ്പെട്ട കക്ഷികളൊരുമിച്ച് രാജ സന്നിധിയില്‍ ഹാജരായി അവരുടെ വാദങ്ങള്‍ കേള്‍പ്പിച്ചാല്‍ കാര്യത്തിന്റെ ഗുണദോഷങ്ങള്‍ ആലോചിച്ച് ഒരു സംഖ്യ കെട്ടിവെച്ചതിനു ശേഷം തീര്‍പ്പ് കല്പിക്കപ്പെടുകയും ചെയ്യും. രാജാക്കന്മാരും രാജാക്കന്മാരും തമ്മിലും രാജക്കന്മാരും ബ്രാഹ്മണരും തമ്മിലും 'രാമ' പ്രയോഗിച്ചിരുന്നു. ഈ വിലക്കധികാരം ദേവസ്വങ്ങള്‍ക്കും ഉണ്ടായിരുന്നു. ഇത്തരം അധികാരങ്ങളുടെ ഒക്കെ സഹജമായ സ്വഭാവം അവ ഏതെങ്കിലും ഒക്കെ തരത്തില്‍ വര്‍ണ്ണാശ്രമങ്ങളുമായും അവയുടെ ധര്‍മ്മ വ്യവസ്ഥകളുമായും ബന്ധപ്പെട്ടിരുന്നുവെന്നത് തന്നെ. വര്‍ത്തമാന കാലത്തെ ന്യായ നടത്തിപ്പുകള്‍ പക്ഷെ ഇത്തരം ആചാര ബദ്ധതകളില്‍ നിന്നും അവയുടെ രീതി ശാസ്ത്രങ്ങളില്‍ നിന്നും ബഹുകാതം അകലെയാവുന്നു. ജനാധിപത്യ ക്രമത്തില്‍ ഭരണഘടനാ ദത്തമായ അവകാശങ്ങളും അധികാരങ്ങളും നിവര്‍ത്തിച്ചെടുക്കാനും നീതി നിര്‍വഹണത്തിനും ഭരണഘടന തന്നെ വിഭാവനം ചെയ്ത നിരവധി സ്ഥാപനങ്ങള്‍ ഇന്നുണ്ട്. നമ്മുടെ ന്യായ നടത്തിപ്പുകളുടെ ആഖ്യാന പരിസരവും സംവാദ പരിസരവും നിര്‍വഹണ പരിസരവും അത്തരം സ്ഥാപനങ്ങളാവുന്നു.

(അടുത്ത ഭാഗം: വര്‍ണ്ണങ്ങളും സൂചകങ്ങളും നിമിത്തങ്ങളും )

ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം

മലയാളി മുണ്ടുടുക്കാന്‍ തുടങ്ങിയത് എന്നാണ്?- മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍

,

അരിയാഹാരം കഴിക്കുന്ന മലയാളി ആഹാരമെന്ന അധികാരം, പദവി, വിശ്വാസം പുല്ലുമാടങ്ങള്‍, നാലുപുരകള്‍, ലംബനിര്‍മിതികള്‍; മനുഷ്യര്‍ പാര്‍ക്കുന്ന ഇടങ്ങള്‍ നവോത്ഥാനം ശുദ്ധി വരുത്തിയ മലയാളിയുടെ കുളി മുടിക്കെട്ടിലും കുറിയിലും വിളങ്ങി നില്‍ക്കുന്നത്

അവലംബം:

1. കൊച്ചി രാജ്യ ചരിത്രം-കെ. പി. പത്മനാഭ മേനോന്‍- മാതൃഭൂമി ബുക്‌സ്, കോഴിക്കോട് 2. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം-പി. ഭാസ്‌ക്കരനുണ്ണി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍ 3. മലയാള സംസ്‌ക്കാരം കാഴ്ചയും കാഴ്ചപ്പാടും-ഡോ. എന്‍. അജിത് കുമാര്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം 4. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം-പി.കെ. ഗോപാലകൃഷ്ണന്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം


Next Story

Related Stories