TopTop
Begin typing your search above and press return to search.

വി മുരളീധരന്‍ സുരേന്ദ്രന്റെ വീടിന്റെ ഐശ്വര്യം

വി മുരളീധരന്‍ സുരേന്ദ്രന്റെ വീടിന്റെ ഐശ്വര്യം

ഏറെ തർക്കങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ അത് സംഭവിച്ചിരിക്കുന്നു. കേരളത്തിൽ നാഥനില്ലാ കളി തുടരുന്ന ബി ജെ പി കേരള ഘടകത്തിന് ഇനിയിപ്പോൾ നാഥൻ നിലവിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രൻ. സുരേന്ദ്രനെ ബി ജെ പി കേരള ഘടകം പ്രസിഡന്റ് ആയി നിയമിച്ചുകൊണ്ടുള്ള അറിയിപ്പ് അങ്ങ് ഡൽഹിയിൽ നിന്നും ഇറങ്ങിയതോടെ കേരളത്തിലെ ആ അനിശ്ചിതത്വം താൽക്കാലികമായെങ്കിലും ഒഴിവായി എന്നു തന്നെവേണം പറയാൻ. ഇനിയിപ്പോൾ ബി ജെ പി മുൻ ദേശീയ അധ്യക്ഷനും നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാക്കെന്നല്ല ദേശീയ തലത്തിൽ ബി ജെ പി യുടെ അമരത്തിരിക്കുന്ന ആർക്കും കേരളത്തിലിറങ്ങാം. കാരണം ഒടുവിൽ ഇവിടെയും ഒരു സംസ്ഥാന അധ്യക്ഷൻ ആയല്ലോ. ( ഇങ്ങനെ പറയേണ്ടി വരുന്നത് പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം കേരളത്തിൽ ഇടതു - വലതു മുന്നണികൾ ശക്തമാക്കുന്നതിനിടയിൽ പ്രസ്തുത നിയമത്തിന്റെ മുഖ്യ ശില്പികളിൽ ഒരാളായ മുൻ ബി ജെ പി അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ വന്നു സി എ എ ക്കും എൻ പി ആറിനും അനുകൂലമായി റാലി നയിക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് ആ തീരുമാനം മാറ്റാനുള്ള കാരണമായി സംഘ ജിഹ്വകൾ പ്രചരിപ്പിച്ച ന്യായീകരണം കേരളത്തിൽ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താൻ വൈകുന്നു എന്നതായിരുന്നു എന്നതുകൂടി കണക്കിലെടുത്താണ്. യഥാർത്ഥ കാരണങ്ങൾ മറ്റു പലതും ആയിരുന്നെങ്കിലും) യുവ മോർച്ചയിലൂടെ ബി ജെ പിയുടെ നേതൃ നിരയിലേക്ക് ഉയർന്ന കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവി ലഭിക്കുന്നതിലൂടെ കേരള ബി ജെ പി യിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി എന്നു കരുതുക വയ്യ. ജാതി മേല്‍ക്കോയ്മയിൽ അത്രമേൽ അധിഷ്ടിതമാണ് ബി ജെ പി യും അതിനെ നയിക്കുന്ന ആർ എസ് എസ്സിന്റെ കാഴ്ചപ്പാടും എന്നതു തന്നെയാണ് മുഖ്യ പ്രശ്നം. ഇതൊരു സജീവ ഘടകം ആയിരുന്നില്ലെങ്കിൽ സുരേന്ദ്രൻ 2015 ൽ തന്നെ സംസ്ഥാന അധ്യക്ഷൻ ആകേണ്ടതായിരുന്നു. പാർട്ടിക്കുള്ളിലെ തര്‍ക്കങ്ങൾക്കൊടുവിൽ ആർ എസ് എസ് നോമിനിയായി അന്ന് അധ്യക്ഷ സ്ഥാനത്തെത്തിയത് കുമ്മനം രാജശേഖരൻ. കാലാവധി പൂർത്തിയാവും മുൻപേ അദ്ദേഹത്തെ മിസോറം ഗവർണർ ആയി നിയമിച്ചപ്പോഴും അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രന്റെ പേര് പരിഗണിച്ചെങ്കിലും തർക്കം ഉടലെടുത്തതിനെ തുടർന്ന് നറുക്കു വീണത് പി എസ് ശ്രീധരൻ പിള്ളക്ക്. പിള്ളയെയും മിസോറം ഗവർണർ ആക്കി നാടുകടത്തിയപ്പോൾ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആദ്യം ഉയർന്നത് സുരേന്ദ്രന്റെ പേര് തന്നെ. ഇതിനകം തന്നെ ശബരിമല യുവതി പ്രവേശന വിധിക്കെതിരെ പോരാട്ടം നടത്തി സുരേന്ദ്രൻ വലിയൊരു ഹീറോ ആയി മാറിയിരുന്നെങ്കിലും അയാളെ ഉൾകൊള്ളാൻ പാർട്ടിയിലെയും ആർ എസ് എസ്സിലെയും ജാതിക്കോമരങ്ങൾ തയ്യാറായിരുന്നില്ല എന്നതുകൊണ്ട് കൂടിയാണ് നിയമനം നീണ്ടു പോയത്. സുരേന്ദ്രനെതിരെ എതിരാളികൾ പരസ്യമായി മുന്നോട്ടു വെച്ചത് രാഷ്ട്രീയ പക്വതയില്ലായ്മ ആയിരുന്നുവെങ്കിലും കേരളത്തിൽ ബി ജെ പി യിലും ആർ എസ് എസിലും ഇപ്പോഴും നിലനിൽക്കുന്ന സവർണ മേധാവിത്വം തന്നെ ആയിരുന്നു പ്രധാന ഘടകം. അതുകൊണ്ടു കൂടിയാവണം സുരേന്ദ്രനെതിരെ പഴയ കടത്തനാടൻ കളരിയിൽ നിന്നും പതിനെട്ടടവും പഠിച്ചിറങ്ങിയെന്നു പറയപ്പെടുന്ന ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ പി കെ കൃഷ്ണദാസ് തന്നെ പടക്കുറുപ്പായി രംഗത്ത് വന്നതും, തന്റെ നോമിനികളുകളുമായി.എന്നാൽ, കടത്തനാടൻ പൈതൃകം പേറുന്ന എം ടി രമേശ് അടക്കം ചില ഉന്നതകുല ജാതരുമായി വന്ന കൃഷ്ണദാസിന്റെ ഓരോ നീക്കങ്ങളെയും കേന്ദ്രമന്ത്രിയും തലശ്ശേരിക്കാരുനുമായ വി മുരളീധരന്റെ തന്ത്രപരമായ നീക്കങ്ങളിലൂടെ മറികടന്നാണ് ഒടുവിൽ സുരേന്ദ്രൻ മുൻപ് രണ്ടു തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ട്ടമായ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. ഈ സ്ഥാനലബ്‌ധിക്ക് സുരേന്ദ്രൻ എല്ലാ അർത്ഥത്തിലും കടപ്പെട്ടിരിക്കുന്നത് വി മുരളീധരനോട് തന്നെ. ഏറെ കൊതിച്ച സംസ്ഥാന അധ്യക്ഷ പദവി ഒടുവിൽ കരഗതമായെങ്കിലും സുരേന്ദ്രന്റെയും അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് ആനയിച്ച മുരളീധരനെയും കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികൾ തന്നെയാണ്. പ്രത്യേകിച്ചും പൗരത്വ പ്രശനം കേരളത്തിൽ ഉണ്ടാക്കിയിട്ടുള്ള പൊല്ലാപ്പുകൾക്കിടയിൽ. ഉടനെ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും മാത്രമല്ല ബി ജെ പി യിലെയും ആർ എസ് എസ്സിലെയും വിമർശകരുടെ വായടപ്പിക്കാൻ പോന്ന പ്രവർത്തന മികവ് കൂടി കാട്ടേണ്ടതുണ്ട്. എല്ലാം ഒറ്റയടിക്ക് സാധ്യമാകുമോ എന്നതു കണ്ടു തന്നെ അറിയേണ്ട കാര്യം തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories