TopTop
Begin typing your search above and press return to search.

സാമ്പത്തിക സംവരണം: പിണറായി നടപ്പിലാക്കിയത് ഇഎംഎസിന്റെ ആഗ്രഹം, ഉയരുന്ന പ്രതിഷേധം ലാഘവത്തോടെ ഇടതുപക്ഷത്തിന് കാണാനാവില്ല

സാമ്പത്തിക സംവരണം: പിണറായി നടപ്പിലാക്കിയത്  ഇഎംഎസിന്റെ ആഗ്രഹം,  ഉയരുന്ന പ്രതിഷേധം ലാഘവത്തോടെ ഇടതുപക്ഷത്തിന് കാണാനാവില്ല

മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നികുന്നവർക്കു സർക്കാർ നിയമനങ്ങളിൽ 10 % സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം ഈ തിരെഞ്ഞെടുപ്പ് വർഷത്തിൽ പുതിയൊരു വിവാദത്തിനുകൂടി തിരികൊളുത്തിയിരിക്കുന്നു. മുന്നോക്ക സംവരണ തീരുമാനത്തിനെതിരെ മുസ്ലിം ലീഗ് അടക്കമുള്ള വിവിധ മുസ്ലിം സംഘടനകളും ദളിത് സംഘടനകളും എസ് എൻ ഡി പി യുമൊക്കെ രംഗത്തുവന്നതിനു പിന്നാലെ ഇടതുപക്ഷ മുന്നണിയോട് പൊതുവിൽ ആഭിമുഖ്യം പുലർത്തുന്ന കാന്തപുരം എ പി അബുബക്കർ മുസ്ല്യാർ നയിക്കുന്ന എ പി സുന്നി വിഭാഗവുംതൊട്ടു പിന്നാലെ തന്നെ ഘടക കക്ഷിയായ ഐ എൻ എല്ലും സർക്കാർ തീരുമാനത്തോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നുവെന്നത് സർക്കാരിനും ഇടതു പക്ഷ മുന്നണിക്കും അത്ര നിസ്സാരമായി കാണാനാവില്ലെന്നു കരുതേണ്ടിയിരിക്കുന്നു.മറുഭാഗത്തു യു ഡി എഫും , പ്രത്യേകിച്ചും കോൺഗ്രസ്സും മുസ്ലിം ലീഗ് ഇതര ഘടകക്ഷികളും ഈ വിഷയത്തിൽ വല്ലാത്തൊരു വെട്ടിൽ തന്നെയാണ് ചെന്നുപെട്ടിരിക്കുന്നത്.മുന്നോക്ക സംവരണത്തിന്റെ ഗുണാഭക്താക്കളിൽ പെട്ട എൻ എസ് എസ് കോൺഗ്രെസ്സിനോ യു ഡി എഫിനോ എതിരെ ഇതുവരെ eകാര്യമായ പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും സീറോ മലബാർ സഭ അതിശക്തമായ വിമർശനമാണ് കോൺഗ്രസിനും മുസ്ലിം ലീഗിനുമെതിരെ നടത്തിയിരിക്കുന്നത്. മുസ്ലിം ലീഗ് മുന്നോക്ക സംവരണത്തെ എതിർക്കുന്നത് ആദർശത്തിന്റെ പേരിലല്ലെന്നും ലീഗിന്റെ നിലപാടുകളിൽ വർഗീയത മുഖമൂടി മാറ്റി പുറത്തു വന്നിരിക്കുന്നുവെന്നും എന്ന ആക്ഷേപമാണ് ചങ്ങനാശ്ശേരി ആർച് ബിഷപ് മാർ ജോസഫ് പെരുത്തോട്ടം സഭയുടെ മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ ഉന്നയിച്ചിരിക്കുന്നത്. സ്വന്തം സമുദായ ബോധം മറ്റു സമുദായങ്ങൾക്ക്‌ ദോഷകരമാവരുതെന്ന മുന്നറിയിപ്പും ലീഗിന് നൽകുന്നുണ്ട്. സംവരണ വിഷയത്തിലടക്കം നിലപാട് വ്യക്തമാക്കാനാവാത്ത വിധം യു ഡി എഫ് ദുര്ബലമായിരിക്കുന്നുവെന്നും എം എൽ എ മാരുടെ മേൽ കോൺഗ്രസിന് നിയന്ത്രണം നഷ്ടമായി എന്നും ദേശീയ തലത്തിൽ പാർട്ടി എടുക്കുന്ന നിലപാടിനെ പിന്തുണക്കാൻപോലും കേരളത്തിലെ കോൺഗ്രസ് നേതൃവത്തിനു കഴിയുന്നില്ലെന്ന വിമർശനവും ലേഖനം ഉന്നയിക്കുന്നുണ്ട്. പാർലമെന്റിൽ ഇതുസംബന്ധിച്ച ബില്ല് പാസ്സാക്കുന്ന വേളയിൽ ഇടതു പാർട്ടികൾക്കൊപ്പം അതിനെ പിന്തുണച്ചു വോട്ടുചെയ്ത കോൺഗ്രസിന്റെ കേരളത്തിലെ ഇപ്പോഴത്തെ മൗനത്തെയാണ് സീറോ മലബാർ സഭ ചോദ്യം ചെയ്യുന്നതെന്നത് വ്യക്തം.

സ്വന്തം ഘടക കക്ഷിയായ മുസ്ലിം ലീഗ് പരസ്യ എതിർപ്പുമായി രംഗത്തുവന്ന സാഹചര്യത്തിൽ കോൺഗ്രസ് അതിന്റെ നിലപാട് വ്യക്തമാക്കണമെന്നു എൽ ഡി എഫ് കൺവീനർ എ വിജയരാഘവനും മുന്നോക്ക സമുദായ സംവരണ ബില്ലിനെക്കുറിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു ഡി എഫ് കൺവീനർ എം എം ഹസ്സനും നിലപാട് വ്യക്തമാക്കണമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തിങ്കളാഴ്ച തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യത്തോട് മുഖം തിരിക്കുകയായിരുന്നു കോൺഗ്രസ് നേതാക്കൾ. ഒടുവിൽ ഇതേക്കുറിച്ചു മാധ്യമ പ്രവർത്തകർ കുത്തികുത്തി ചോദിച്ചപ്പോൾ ബുധനാഴ്ച കെ പി സി സി യുടെ രാഷ്ട്രീയ കാര്യ സമിതി ചേരുന്നുണ്ടെന്നും അതിനുശേഷം മറുപടി നല്കാമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. അതേസമയം മുന്നോക്ക സംവരണത്തിൽ സർക്കാർ സ്വീകരിച്ച നടപടി തിരെഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ചുള്ളതാണെന്ന എവിടെയും തൊടാത്ത മറുപടിയാണ് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനിൽ നിന്നുമുണ്ടായത്.എന്നാൽ സീറോ മലബാർ സഭ അതിന്റെ എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞ സാഹചര്യത്തിൽ ഇന്ന് ചേരുന്ന കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിൽ കോൺഗ്രസിന് സംവരണ വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടിവരും.

മുന്നോക്ക വിഭാഗക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇത്തരമൊരു നീക്കത്തെ തുടക്കം മുതൽക്കേ എതിർക്കുന്ന വിവിധ ദളിത് സംഘടനകൾ തങ്ങളുടെ പ്രതിക്ഷേധം പരസ്യമാക്കുന്നതിനിടയിൽ തന്നെയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫിന്റെ ഭാഗമായ മുസ്ലിം ലീഗും സർക്കാർ തീരുമാനത്തിനെതിരെ ശക്തമായി രംഗത്ത് വന്നത്. ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ അവരുടെ പ്രതിക്ഷേധം രേഖപ്പെടുത്തുകമാത്രമല്ല, ഈ വിഷയത്തിൽ വിവിധ മുസ്ലിം സംഘടനകളുടെ യോഗവും വിളിച്ചുചേർക്കുകയുണ്ടായി. സാമ്പത്തിക സംവരണത്തിന്റെ നിയമസാധുത പരിശോധിക്കാനുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണയിലാണെന്നും കോടതി വിധി വരുന്നതിനുമുമ്പ് മുന്നോക്ക സംവരണം നടപ്പാക്കിയ കേരള സർക്കാരിന്റെ നടപടി പുനഃപരിശോധിക്കണമെന്നും ആയിരുന്നു പ്രസ്തുത യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യം. ഇന്ന് എറണാകുളത്തു സംവരണ സമുദായ നേതാക്കളുടെ അടിയന്തര യോഗം ചേരാനും യോഗത്തിൽ തീരുമാനമായി. നിയമ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം കൂട്ടായ സമര പരിപാടികൾ സംഘടിപ്പിക്കാനും വേണ്ടികൂടിയാണ് ബുധനാഴ്ചത്തെ യോഗം കൊണ്ട് മുസ്ലിം ലീഗ് ലക്ഷ്യമിടുന്നതെന്നത് ഏറെക്കുറെ വ്യക്തം.

പ്രതിക്ഷേധ സ്വരങ്ങൾ ഉയരുന്നതിനിടയിൽ തന്നെയാണ് തിങ്കളാഴ്ച സർക്കാർ തീരുമാനം ഒരു വിഭാഗത്തിന്റെയും നിലവിലുള്ള സംവരണത്തെ ഹനിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം നൽകാനുള്ള നിയമം ഒരു വിഭാഗത്തിന്റെയും സംവരണത്തെ ഹനിക്കില്ലെന്നും പൊതു മത്സര വിഭാഗത്തിൽ നിന്നാണ് ഇതിനു 10 % നീക്കിവെക്കുന്നത് . 'നിലവിലുള്ള സംവരണ വിഭങ്ങൾക്കെല്ലാം ആനുകൂല്യം അതേപടി തുടരുന്നുണ്ട്. ആരുടേയും സംവരണം ഇല്ലാതായിട്ടില്ല. ഒരാളുടെയും സംവരണാനുകൂല്യത്തെ ഇല്ലാതാക്കുകയുമില്ല. മറിച്ചു പിന്നാക്ക വിഭങ്ങൾക്കുള്ള സംവരണം ഉറപ്പാക്കാനും പുതിയ മേഖലകളിൽ അവർക്കു പ്രാധിനിത്യം നൽകാനുമാണ് സർക്കാർ ശ്രമിക്കുന്നത്. നിലവിലുള്ള സംവരണം അതേപോലെ നിലനിറുത്തണമെന്നും അത് തുടരുമ്പോൾ തന്നെ മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് 10 % സംവരണം ഏർപ്പെടുത്തണമെന്നുമാണ് എൽ ഡി എഫ് നയം. ഇതിനായി ഭരണഘടനാ ഭേദഗതി അനിവാര്യമായിരുന്നു. പാർലമെന്റിൽ ബേദഗതി കൊണ്ടുവന്നു. കോൺഗ്രസ്സും ഇടതുപക്ഷവും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ബില്ലിനെ പിന്തുണച്ചു. സന്നിഹിതരായ 326 പേരിൽ 323 പേരും അനുകൂലിച്ചു. രാജ്യത്താകെ ബാധകമായ ആ നിയമമാണ് ഇപ്പോൾ കേരളത്തിൽ നടപ്പാക്കുന്നത്'

എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കാൻ തയ്യാറല്ലെന്ന സന്ദേശമാണ് എ പി സുന്നി വിഭാഗം നൽകുന്നത്. എ പി സുന്നി വിഭാഗത്തിന്റെ മുഖപത്രമായ 'സിറാജ് ' ൽ ' മുന്നോക്ക സംവരണം പുനഃപരിശോധിക്കണം ' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലൂടെയും അതേദിവസം തന്നെ എഡിറ്റോറിയൽ പേജിൽ മുഹമ്മദലി കിനാലൂരിന്റേതായി പ്രത്യക്ഷപ്പെട്ട ' സാമൂഹിക നീതിയെ ഇങ്ങനെയും അട്ടിമറിക്കാം' എന്ന ലേഖനത്തിലൂടെയും സംവരണ വിഷയത്തിൽ തങ്ങളും പിണറായി വിജയൻ സർക്കാരിന് എതിരാണെന്ന ശക്തമായ സന്ദേശം തന്നെയാണ് എ പി സുന്നി വിഭാഗവും നൽകുന്നത്.'രാജ്യത്തെ ജനസംഖ്യയുടെ നാലിൽ മൂന്നു ശതമാനം വരുന്ന ജനവിഭാഗത്തെ നിശബദ്ധരാക്കിക്കൊണ്ടാണ് സാമ്പത്തിക പിന്നാക്കാവസ്ഥയുടെ പേരിൽ സംവരണത്തിന്റെ അടിസ്ഥാന ആശയങ്ങളെ തന്നെ കുഴിച്ചുമൂടിയിരിക്കുന്നത്' എന്ന വാദമാണ് മുഖപ്രസംഗത്തിലൂടെ സിറാജ് മുന്നോട്ടുവെക്കുന്നത്.ഇതോടൊപ്പം തന്നെ ഈ നടപടിയിലൂടെ പിണറായി സർക്കാർ സവർണ താൽപ്പര്യമാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന കുറ്റപ്പെടുത്തലുമുണ്ട്. മുഹമ്മദലി കിനാലൂരിന്റെ ലേഖനത്തിലെ മുഖ്യ ആക്ഷേപം കേന്ദ്ര നിയമം വരുന്നതിനു മുമ്പേ ദേവസ്വം ബോർഡിൽ 10 % മുന്നാക്ക സംവരണം നടപ്പാക്കിയ പിണറായി സർക്കാർ വലിയ കൂടിയാലോചനകൾക്കൊന്നും മിനക്കെടാതെ വിദ്യാഭ്യാസ മേഖലയിൽ സവർണ സംവരണം പ്രഖ്യാപിച്ചെന്നും ഇപ്പോൾ സർക്കാർ ജോലികളിലും 10 % സവർണ സംവരണം നിചയിച്ചു ഉത്തരവായിരിക്കുന്നു ' എന്നതുമാണ്.അതേസമയം മുസ്ലിം ലീഗ് ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള മുസ്ലിം സംഘടനകളെയും ദളിത് സംഘടനകളെയും കൂട്ടുപിടിച്ചു ഒരു വലിയ പ്രക്ഷോഭത്തിന്‌ തയ്യാറെടുക്കുന്ന വേളയിൽ എക്കാലത്തും ഇടതു പക്ഷ ആഭിമുഖ്യം പുലർത്തിപ്പോന്നിരുന്ന എ പി വിഭാഗം സുന്നികൾ കൂടി സർക്കാർ തീരുമാനത്തിനെതിരെ രംഗത്തുവന്നതാണ് ഇടതു മുന്നണിയുടെ തന്നെ ഘടക കക്ഷിയായ ഐ എൻ എല്ലിനെ നിലപാട് പുനഃപരിശോധിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ വെയ്ക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. സ്വസമുദായത്തെക്കൂടി ബാധിക്കുന്ന ഒരു പ്രശ്നമായി അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞ മുന്നോക്ക സംവരണ വിഷയത്തിൽ വേറിട്ടൊരു നിലപാട് എടുത്താൽ അത് പാർട്ടിയുടെ നിലനില്പിനെത്തന്നെ ബാധിക്കുമെന്ന് അവർക്കു നന്നായി അറിയാം.

സത്യത്തിൽ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ ഡി എഫ് പുറത്തിറക്കിയ പ്രകടന പത്രികയിൽ പറഞ്ഞ ഒരു വാഗ്‌ദാനം തന്നെയാണ് സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നത്. ആ പ്രകടന പത്രികയിൽ നിന്ന് : ' സാമൂഹ്യമായി പിന്നാക്കം നിൽക്കുന്ന ജനവിഭാങ്ങളെ കൈപിടിച്ചുയർത്താനുള്ള സംവരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ആർ എസ് എസ് നടത്തിക്കൊണ്ടിരിക്കുന്നത്. പട്ടികജാതി - പട്ടികവർഗ വിഭങ്ങൾക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നാക്കം നിക്കുന്ന ജനവിഭാങ്ങൾക്കും സർക്കാർ ഉദ്യോഗങ്ങളിൽ ഇന്നുള്ള തോതിൽ സംവരണം തുടരുമെന്ന നയത്തിൽ എൽ ഡി എഫ് ഉറച്ചുനിൽക്കുന്നു. ഓരോ സമുദായത്തിനും അർഹതപ്പെട്ട സംവരണാനുകൂല്യം മുഴുവൻ അവർക്കു തന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തണം. അതോടൊപ്പം മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് 10 % സംവരണം ഏർപ്പെടുത്തുകയും വേണം . ഈ രണ്ടുകാര്യങ്ങളും നടപ്പാക്കാൻ ഉചിതമായ ഭരണഘടനാഭേദഗതി ആവശ്യമാണ്. ഇത്തരമൊരുഭരണഘടനാഭേദഗതി നടപ്പിൽ വരുത്താൻ എൽ ഡി എഫ് പരിശ്രമിക്കും'. അടിമുടി കമ്മ്യൂണിസ്റ്റ് വിരുദ്ധരല്ലാത്ത സവർണ വിഭാഗത്തിൽ പെട്ട ചിലരെങ്കിലും ഈയൊരു വാഗ്ദാനത്തിന്റെ പേരിലെങ്കിലും ഇടതു മുന്നണിക്ക് വോട്ടു ചെയ്തിട്ടുണ്ടാകാം. അപ്പോഴും ബാക്കി വോട്ടുകളൊക്കെ തങ്ങളുടെ ആളുകൾ കാലാകാലങ്ങളായി ഇടതുമുന്നണിയിൽ അർപ്പിതമായ വിശ്വാസത്തിന്റെ പേരിൽ ചെയ്തതിന്റെ ഫലം കൂടിയായിരുന്നു ആ തിരെഞ്ഞെടുപ്പ് വിജയമെന്നത് മറക്കരുതെന്ന വാദമാണ് ഇപ്പോൾ പ്രതിക്ഷേധവുമായി രംഗത്തുവന്നിട്ടുള്ള ദളിത് സംഘടനകളും എസ് എൻ ഡി പി യുമൊക്കെ മുന്നോട്ടുവെക്കുന്നത്. അതേസമയം സർക്കാർ നടപടിയെ ശ്‌ളാഘിക്കുമെന്ന് കരുതിയ എൻ എസ് എസ് ആവട്ടെ തൃപ്തി രേഖപ്പെടുത്തിയില്ലെന്നു മാത്രമല്ല സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുവാനാണ് മുതിർന്നത്. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്‌ സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള 10 % സംവരണത്തിന്റെ വ്യവസ്ഥകൾ തുല്യനീതിക്കു നിരക്കാത്തതാണെന്നും ഇതിലെ വ്യവസ്ഥകൾ സംവരണ വിഭാഗങ്ങൾക്കുള്ള വ്യവസ്ഥകളിൽ നിന്ന് വ്യത്യസ്തമാണെന്നും ഇത് മാറ്റണമെന്നും ആയിരുന്നു എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണം.സുകുമാരൻ നായർ ഇങ്ങനെ തുടരുന്നു : '2019 ജനുവരിയിൽ ഭരണഘടന ഭേദഗതിയിലൂടെ അംഗീകരിച്ച സാമ്പത്തിക സംവരണം സംസ്ഥാന സർക്കാർ അംഗീകരിച്ചത് 2020 ജനുവരി മൂന്നിനാണ്. അന്ന് മുതലുള്ള നിയമനങ്ങളും നിയമന ശുപാർശകളും പുനഃക്രമീകരിക്കണം . സവരണേതര വിഭങ്ങൾക്കു ഈ കാലയളവിൽ നഷ്ട്ടപ്പെട്ട തൊഴിലവസരണങ്ങൾ അവർക്കു തന്നെ ലഭ്യമാക്കണം'.

. ഇപ്പോഴത്തെ ഈ പ്രതിക്ഷേധങ്ങൾ കാണുമ്പോൾ 1957 ലെ ഒന്നാം ഇ എം എസ് സർക്കാരിനെയും അതിനുകീഴിൽ രൂപീകരിക്കപ്പെട്ട ഭരണ പരിഷ്കാര കമ്മിറ്റിയെയും കുറിച്ച് പരാമർശിക്കാതെ പോകുന്നത് ശരിയല്ലെന്ന് തോന്നുന്നു. ആ സർക്കാർ കാലാവധി തികച്ചില്ലെങ്കിലും കേരള സമൂഹത്തിൽ സമൂലമായ പല മാറ്റങ്ങളും കൊണ്ടുവരാൻ ശ്രമിക്കുകയുണ്ടായി.അതിലൊന്നായിരുന്നു സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള നീക്കം. സംവരണത്തിൽ വരുത്തേണ്ട മാറ്റങ്ങൾ പഠിക്കുന്നതിനുവേണ്ടി ഒരു ഭരണ പരിഷ്ക്കാര കമ്മിറ്റിയും സർക്കാർ രൂപീകരിക്കുകയുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷനും സർക്കാർ ജോലികൾക്കും പട്ടികജാതി -പട്ടിക വർഗത്തിലും പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവർക്കും 50 % സംവരണം , ബാക്കി 50 % എല്ലാ വിഭാഗങ്ങൾക്കും പൊതുവായും എന്നതായിരുന്നു നിലവിലുണ്ടായിരുന്ന സംവരണ തത്വം. അത് അതേപടി തുടരണമോ അതോ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കുക എന്നതായിരുന്നു കമ്മിറ്റിയുടെ ദൗത്യം. പട്ടികജാതി - പട്ടിക വർഗ സംവരണം മാറ്റം കൂടാതെ തുടരുമ്പോൾ തന്നെ പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവർക്ക് വരുമാന പരിധി നിശ്ചയിക്കണമെന്നും അതിന്റെ അടിസ്ഥാനത്തിലായിരിക്കണം അഡ്മിഷനും നിയമനങ്ങളും എന്നതായിരുന്നു കമ്മിറ്റിയുടെ ശിപാർശ. വിമോചന സമരത്തെ തുടർന്ന് സർക്കാർ പിരിച്ചുവിടപ്പെട്ടതിനാൽ ഭരണ പരിഷ്കാര കമ്മിറ്റിയുടെ ശിപാർശ നടപ്പിലായില്ല. ഇതേ ശിപാർശ തന്നെയാണ് വർഷങ്ങൾക്കുശേഷം ക്രീമി ലയർ( വെണ്ണപ്പാളി ) എന്ന പേരിൽ നടപ്പിലായതെന്നു വേണമെങ്കിൽ പറയാം. ഇ എം എസ് കൊണ്ടുവരാൻ ശ്രമിച്ച സാമ്പത്തിക സംവരണത്തിനും അക്കാലത്തു എതിർപ്പ് നേരിടേണ്ടി വന്നിരുന്നുവെങ്കിലും വിമോചന സമരത്തിന്റെ കെയർ ഓഫിലാണ് ആ സർക്കാരിന്റെ പിരിച്ചുവിടൽ ഇന്നും ഓര്മിക്കപ്പെടുന്നതെന്നത് മറ്റൊരു കാര്യം. കേന്ദ്ര നിയമം പിൻപറ്റിയാണ് ഇപ്പോൾ പിണറായി സർക്കാർ മുന്നോക്ക സംവരണത്തിന് മുതിർന്നിട്ടുള്ളതെങ്കിലും അതിനെതിരെ ഉയരുന്ന പ്രതിക്ഷേധം അത്ര ലാഘവത്തോടെ കാണുക വയ്യ തന്നെ


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories