TopTop
Begin typing your search above and press return to search.

സഹപ്രവര്‍ത്തകര്‍ക്ക് പാര വയ്ക്കുന്നതല്ല ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയെന്ന് ഇവര്‍ക്ക് മനസിലാകുമോ? എന്തുകൊണ്ട് ഒരാൾ കോൺഗ്രസുകാരനാകാന്‍ പാടില്ല?

സഹപ്രവര്‍ത്തകര്‍ക്ക് പാര വയ്ക്കുന്നതല്ല ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയെന്ന് ഇവര്‍ക്ക് മനസിലാകുമോ? എന്തുകൊണ്ട് ഒരാൾ കോൺഗ്രസുകാരനാകാന്‍ പാടില്ല?

കുട്ടിക്കാലത്ത് ഞാനൊരു കോൺഗ്രസ് അനുഭാവിയായിരുന്നു. ഇതിന് പ്രധാന കാരണം സ്കൂൾ അധ്യാപികയായിരുന്ന എന്റെ അമ്മയ്ക്ക് സ്ഥിരമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടി കിട്ടും, അതിനോടൊപ്പം പോസ്റ്റൽ വോട്ടും; ആ വോട്ട് തന്റെ പാർട്ടിക്ക് തന്നെ നൽകണം എന്ന സിപിഎം അനുഭാവിയായിരുന്ന അച്ഛന്റെ പാട്രിയാർക്കല്‍ പിടിവാശി വീട്ടില്‍ ഇലക്ഷൻ യുദ്ധങ്ങൾക്ക് കാരണമാകാറുണ്ട്. ഇതായിരുന്നു സ്വതവേ മിതവാദിയായിരുന്ന ഞാനൊരു കോൺഗ്രസ് അനുഭാവിയായ മാറാനുള്ള പ്രധാന കാരണം. എത്രമേൽ അപക്വവും അരാഷ്ട്രീയവും അശിക്ഷിതവുമായ തീരുമാനമായിരുന്നു അത് എന്ന് തിരിച്ചറിഞ്ഞത് ചരിത്രം, രാഷ്ട്രീയം, സോഷ്യോളജി, എക്കണോമിക്സ് എന്നിവ കുറച്ചെങ്കിലും പഠിച്ച ശേഷമായിരുന്നു. എന്റെ രാഷ്ട്രീയം ഇടതുവശത്തേക്ക് ചാഞ്ഞതിന്റെ കാരണം നിലവിലിരുന്ന വ്യവസ്ഥിതിയോടുള്ള കടുത്ത വിയോജിപ്പും അസമത്വത്തോടും കീഴാള പ്രശ്നങ്ങളോടും മതവെറിയോടും ജാതിഭ്രാന്തിനോടും നിരന്തരം കലഹിച്ചിരുന്നവരുടെ രാഷ്ട്രീയ ബോധ്യങ്ങളോടുള്ള ഐക്യപ്പെടലും ആയിരുന്നു. വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാനസ്വഭാവം നിലവിലുള്ള വ്യവസ്ഥിതിയിലുള്ള വിശ്വാസവും അതിന്റെ തുടർച്ചയ്ക്കായി നടത്തുന്ന വിട്ടുവീഴ്ചകളുമായിരുന്നു. അതിനോട് ഒരു നിലയിലും പൊരുത്തപ്പെടാൻ സാധിക്കാത്തവർ ഇടത്തേക്ക് മാറിനിൽക്കുന്നത്, അത് മനുഷ്യപക്ഷത്തേക്കുള്ള ചുവടുമാറ്റം കൂടി ആയതിനാലാണ്.

പുരോഗമനപരമായ നിലപാടുകൾ ഇടതുപക്ഷത്തിന്റെ കുത്തകയാണോ എന്ന് സംശയിക്കുന്നവർക്ക് സമകാലിക രാഷ്ട്രീയത്തിൽ നിന്ന് ഒരു ഉദാഹരണം തരാം. വെസ്റ്റേൺ ലിബറലിസത്തിന്റെ ശക്തമായ പശ്ചാത്തലവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഇന്ത്യയിലെ എണ്ണം പറഞ്ഞ ബുദ്ധിജീവി എന്ന് അംഗീകാരവും കൈമുതലാക്കി, യുഎന്‍ സെക്രട്ടറി ജനറൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ശ്രീമാൻ ശശി തരൂർ ഒരു കോൺഗ്രസുകാരനായപ്പോൾ, തന്റെ ജാതി വാലുകൊണ്ട് വോട്ട് പിടിക്കാൻ കഷ്ടപ്പെടുന്നതും, ഒടുവിൽ തന്റെ പരമ്പരാഗത നായർ സ്വത്വത്തെ ഊട്ടി ഉറപ്പിക്കാനുള്ള ശ്രമത്തിനിടയിൽ തുലാഭാരത്തട്ട് പൊട്ടിവീണ് തല പൊളിഞ്ഞു കിടക്കുന്ന കാഴ്ച, ഏതൊരു ശരാശരി മനുഷ്യനെക്കൊണ്ടും കോൺഗ്രസുകാരനും പുരോഗമനവും തമ്മിൽ കാതങ്ങൾ ദൂരമുണ്ട് എന്ന് ധരിപ്പിച്ചാൽ അതെങ്ങനെ കുറ്റകരമാകും. കോൺഗ്രസിൻറെ അഭിനവ നേതാക്കളുടെയും, ഇന്നലെകളിലെ കോൺഗ്രസിന്റെ മുഖമായി വിളങ്ങിയിരുന്ന പ്രമുഖരുടെ പ്രേതങ്ങളുമാണ്, അല്ലാതെ ഇടതിന് അനുകൂലമായ വ്യാജ പൊതുബോധ നിർമ്മിതിയല്ല കോൺഗ്രസിനെ പുരോഗമനത്തിൽ നിന്നും മാറ്റി നിർത്തുന്നത്. ഇനി ഞാൻ അത്തരക്കാരനല്ല എന്ന ഒരു കോൺഗ്രസുകാരൻ പറഞ്ഞാൽ, തെളിയിച്ചാൽ, അപവാദങ്ങളെ ദൃഷ്ടാന്തങ്ങളായി കാണാൻ സാധിക്കില്ല എന്ന് മാത്രമാണ് മറുപടി.

ന്യായമായ ഒരു വിമർശനം കണ്ടാൽ അത് ഒരു കോൺഗ്രസുകാരനിൽ നിന്നാണ് എന്നത് പലതവണ അന്വേഷിച്ചു ഉറപ്പുവരുത്തേണ്ട ഗതികേടിലാണ് കേരളീയ പൊതുസമൂഹം എന്നതാണ് ഇന്നിന്റെ രാഷ്ട്രീയ യാഥാർഥ്യം.

ഇടതിന് മാത്രം അനുകൂലമായ ഈ നാട്ടിലെ സോഷ്യോ പൊളിറ്റിക്കൽ ഇകോ സിസ്റ്റത്തിൽ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും പ്രവർത്തന മികവ് കൊണ്ടും എങ്ങാനും ഒരു കോൺഗ്രസുകാരൻ ബഹുജന പിന്തുണ ആർജിച്ചാൽ, അവന്റെ സകല യോഗ്യതകളും ഇടതുപക്ഷ വിമർശനം നടത്തുന്ന മാത്രയിൽ റദ്ദാക്കിക്കളയും എന്നത് അങ്ങേയറ്റം ഖേദകരമെങ്കിലും ഒരു രാഷ്ട്രീയ യാഥാർത്ഥ്യമാണത്രെ. എന്നാൽ ഇതിൻറെ കാരണം ഇടത് ബുദ്ധിജീവികൾ അധീശത്വം പുലർത്തുന്ന മാധ്യമ, സൈബർ ലോകവും, കൂലിക്കെടുക്കപ്പെട്ട സൈബർ സഖാക്കളുമാണ് എന്ന് ധരിക്കുന്നത് ഒരു ശരാശരി കോൺഗ്രസുകാരന്റെ രാഷ്ട്രീയ നിഷ്കളങ്കത്വമൊന്നുകൊണ്ട് മാത്രമാണ്. വിമർശിക്കുന്നത് ഇടതിനെ ആയതുകൊണ്ടല്ല, മരണാഭിമുഖ രാഷ്ട്രീയത്തിന്റെ കൊറോണ കാലത്ത് പോലും സാമാന്യ നിലവാരവും മാനവികതയും മുൻനിർത്തി പ്രവർത്തിക്കാനുള്ള രാഷ്ട്രീയ സത്യസന്ധത ഇല്ലാത്തതാണ് ഇവരുടെ മഹത്വത്തെ റദ്ദാക്കിക്കളയുന്നത് . ലോക്ഡൗണിൽപ്പെട്ട് കിളി പാറി ഇരിക്കുന്ന മനുഷ്യർക്ക് സുതാര്യമായ സ്ഥിതിവിവരക്കണക്കുകൾ നൽകാൻ സർക്കാരിനെ നയിക്കുന്ന ആൾ തന്നെ നേരിട്ട് വരുന്നതിനെ 'ആറുമണി തള്ള്' എന്ന് പറഞ്ഞു വിമർശിക്കുന്ന കൊഞ്ഞാണന്മാരുടെ വിവരക്കേടിനെ മുഖമടച്ചാട്ടുന്നത് ഇടതുപക്ഷം മാത്രമല്ല, പ്രബുദ്ധരായ ഇവിടുത്തെ പൗരസമൂഹം ഒന്നാകെയാണ് എന്ന് തിരിച്ചറിഞ്ഞാൽ കാര്യങ്ങൾ ശുഭമായി. (അതിബുദ്ധിമാനും കോൺഗ്രസുകാരനുമായ ശ്രീ തരൂർ ഇതിനെ അനുകൂലിച്ചു എന്നതും പ്രധാനമന്ത്രി പോലും മാതൃകയാകണമെന്ന് ആവശ്യപ്പെട്ടു എന്നതും ഇത്തരുണത്തിൽ സ്മരണീയമാണ്).

കടുത്ത ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ അസ്ക്യത മൂലം സ്വന്തം പാർട്ടിയെ വിമർശിക്കുന്നതിനുള്ള അവസരം ലോകത്ത് ആകെ ലഭ്യമായിട്ടുള്ളത് കോൺഗ്രസ് പാർട്ടിയിൽ മാത്രമാണ് എന്നൊക്കെ പറഞ്ഞു കേൾക്കുമ്പോൾ, ശരിയാണ് എന്ന് കോൺഗ്രസ് പാർട്ടിയിൽ നടക്കുന്ന വിഴുപ്പലക്കൽ കണ്ടിട്ടുള്ള നിഷ്കളങ്കർക്ക് ഒറ്റനോട്ടത്തിൽ തോന്നാൻ ഇടയുണ്ട്. എന്നാൽ അഴിമതിയും സ്വജനപക്ഷപാതവും സ്ത്രീ വിഷയത്തിന്മേലുള്ള ആക്ഷേപങ്ങളും ഒരുവഴിക്കും, കാലുവാരാൻ വേണ്ടി സ്വന്തമായി നടത്തുന്ന ചില പത്രമുത്തശ്ശി ഫാക്ടറികള്‍ ഉപയോഗിച്ച് നിർമ്മിക്കുന്ന ചാരക്കേസ് പോലുള്ള മായിക വിഭ്രാമക സങ്കല്പങ്ങള്‍ എങ്ങനെ സ്വന്തം നേട്ടത്തിന് ഉപയോഗിക്കാം എന്നതുമാണ് സത്യത്തില്‍ നടക്കുന്നത്. സഹപ്രവർത്തകൻ കൈവശം വച്ചിരിക്കുന്ന സ്ഥാനമാനങ്ങൾ പിടിച്ചെടുക്കാൻ നടത്തുന്ന ആരോപണ, പ്രത്യാരോപണങ്ങൾ മാത്രമാണ് ഉൾപ്പാർട്ടി ജനാധിപത്യത്തിൻെറ ഉച്ചഭാഷിണിയിലൂടെ കോൺഗ്രസ് നിരന്തരം പുറന്തള്ളുന്നത് എന്നതാണ് സങ്കടകരമായ മറ്റൊരു വസ്തുത.

പിന്നെയുള്ളത് ബിജെപിയിൽ നിന്ന് ആവശ്യത്തിന് പണവും പണ്ടവും അധികാരസ്ഥാനങ്ങളും കിട്ടിക്കഴിയുമ്പോൾ നടത്തുന്ന 'സിന്ധ്യ മോഡൽ' ഡെമോക്രാറ്റിക് ഡിസന്റും, ആത്മവിമര്‍ശനവുമാണ്. ഇത്തരം ശബ്ദവീചികളാൽ മുഖരിതമാണ് ഇന്ന് എല്ലാ സംസ്ഥാനത്തെയും കോൺഗ്രസ് പാർട്ടി എന്ന് നിസംശയം പറയാം. ഇടതുപക്ഷത്തുള്ളവർ ധാരാളമായി ഉൾപ്പാർട്ടി വിമർശനങ്ങൾ നടത്താറില്ല എന്നത് തീരെ ഉപരിപ്ലവമായ ഒരു നിരീക്ഷണമാണ്. കാരണം ദേശീയ, അന്തർദേശീയ വിഷയങ്ങൾ പോലും താഴേത്തട്ട് മുതൽ ചർച്ച ചെയ്ത് അഭിപ്രായം രൂപീകരിക്കാൻ പര്യാപ്തമായ ഒരു സംഘടന സംവിധാനമാണ് എക്കാലത്തെയും ഇടതുപക്ഷത്തിന്റെ കരുത്ത്. ഉൾപ്പാർട്ടി വിമർശനം എന്നാൽ പൊതുജനങ്ങളുടെ മുന്നിലുള്ള വിഴുപ്പലക്കൽ മാത്രമാണ് എന്ന് തോന്നുന്നത് പശ്ചാത്തല പരിമിതികൾ കൊണ്ടാവാനാണ് സാധ്യത. ഇടതുപക്ഷത്തിന്റെ ഉൾപ്പാർട്ടി ജനാധിപത്യ സങ്കല്പം അല്പം വ്യത്യസ്തമാണ്. വ്യക്തിനിഷ്ഠമായ ആരോപണ, പ്രത്യാരോപണങ്ങൾ അല്ല, മറിച്ച് നയരൂപീകരണവും വിമര്‍ശനവും പരിഷ്കരണവുമാണ് അതിന്റെ കാതൽ. അതിനുകാരണം മുറ്റത്ത് വന്നു നിൽക്കുന്ന ഇന്നോവ കാറുകളെ ഭയന്നാണ് എന്ന് വിശ്വസിക്കാൻ കോൺഗ്രസുകാരന്റെ ബുദ്ധി വേണ്ട. അതിനു കേവലം ഘടകകക്ഷിയായ ലീഗിൻറെ കെ.എം ഷാജിമാർ തന്നെ ധാരാളമുണ്ട്. (മഹാത്മാ ഗാന്ധിയുടെ 'കൊച്ചുമകൻ' ആയതുകൊണ്ടാണത്രേ അവർ രാഹുൽ ഗാന്ധിയെ ഇപ്പോഴും പിന്തുണച്ച് പോരുന്നത്!!!). സ്വന്തം അഭിപ്രായങ്ങളുടെ കൃത്യതയെപ്പറ്റിയുള്ള തികഞ്ഞ അവബോധവും പ്രത്യയശാസ്ത്ര പ്രതിബദ്ധതയുമാണ് ഇടതുപക്ഷത്തുള്ള ഒരാളുടെ രാഷ്ട്രീയ മൂലധനമെങ്കിൽ, കോണ്‍ഗ്രസില്‍ ഉൾപ്പാർട്ടി വിമർശനം എന്നാല്‍ വ്യക്തികളുടെ പ്രവർത്തിദോഷങ്ങളെപ്പറ്റി മാത്രമാകുന്നതിൽ അത്ഭുതമില്ല. കാരണം മാനവരാശിയുടെ മോചനത്തെപ്പറ്റി വന്യമെങ്കിലും സുന്ദരമായ ഒരു സ്വപ്നത്തെ ഇടതുപക്ഷക്കാര്‍ താലോലിക്കുന്നുണ്ട്. അതു കൈവരിക്കാൻ ഒരു കൂട്ടായ്മയുടെ രാഷ്ട്രീയമാണ്, അല്ലാതെ പാര്‍ട്ടികളില്‍ നിന്ന് പാര്‍ട്ടികളിലേക്കുള്ള പ്രയാണമല്ല ഇന്ധനം എന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്.

സോഷ്യല്‍ ഓഡിറ്റിംഗിനെ ഒഴിവാക്കാൻ ഒരു എളുപ്പവഴി എന്ന നിലയിൽ ഇടതുപക്ഷത്തേക്ക് ചായുന്നവരോട് പറയാനുള്ളത്; ഇടതുപക്ഷത്തായാൽ പിന്നെ നിലപാടുകൾ മാത്രമല്ല, ഇരിപ്പ്, നടപ്പ്, വീട്, വണ്ടി, ജുബ്ബ, ദിനേശ് ബീഡി തന്നെയാണോ വലിക്കുന്നത്, പലഹാര കടയിൽ ചെന്നാൽ പരിപ്പുവട അല്ലാത്ത ബൂർഷ്വ പലഹാരങ്ങളിൽ കണ്ണുടക്കാറുണ്ടോ എന്ന് മുതൽ മുണ്ടയിൽ കോരൻ എന്ന ചെത്തുതൊഴിലാളിയുടെ തീയ്യനായ മകനായത് വരെ ഉളുപ്പില്ലാതെ ഓഡിറ്റ് ചെയ്യപ്പെടുന്നിടത്തേക്കാണ് നിങ്ങൾ ചെന്നെത്തുക എന്നാണ്. യാതൊരു ഓഡിറ്റിംഗും ആവശ്യമില്ലാത്ത ഇന്ത്യയിലെ ഒരേ ഒരു ജോലി കോൺഗ്രസിലെ യുവസമാജികർക്ക് പ്രത്യയശാസ്ത്രാവബോധം നൽകുക എന്നതാണ്. അവർക്കോ പാർട്ടിക്കോ അത്തരത്തിൽ ഒരു വാക്കോ സങ്കല്‍പ്പമോ തീർത്തും അന്യമാണ് എന്നതിനാൽ തന്നെ യാതൊരു ഓഡിറ്റിംഗും ഇവിടെ ഉണ്ടാകാനിടയില്ല. രാഷ്ട്രീയ വിദ്യാഭ്യാസവും സാക്ഷരതയും സ്റ്റഡി ക്ലാസ് നടത്തി കൊടുക്കുന്ന ഇടതന്മാർ, ലോക്കൽ പ്രവർത്തകന്റെ വരെ ഓഡിറ്റിംഗിന് നിരന്തരം ഇരയാകേണ്ടി വരും. ഒത്തുനോക്കാൻ ശരി തെറ്റിന്റെ, രാഷ്ട്രീയ നൈതിക ബോധത്തിന്റെ ഒരു പ്രത്യയശാസ്ത്ര മാനുവൽ ഉണ്ടെങ്കിലല്ലേ ചേട്ടന്മാരെ ഓഡിറ്റിംഗ്.

ജീവിതാദർശമായി സ്വപിതാവ് കൊണ്ട് നടന്ന 'മക്കൾ രാഷ്ട്രീയവിരുദ്ധത'യും രാഷ്ട്രീയ മൂല്യങ്ങളും പുറകിലേക്ക് വച്ച്, യാതൊരു സങ്കോചവുമില്ലാതെ, ആ പിതാവിന്റെ മകന്‍ എന്ന ഒറ്റ യോഗ്യതയുടെ പേരിൽ നിയമസഭയിലേക്ക് നടന്നുകയറിയ ശബരീനാഥൻമാർക്ക് മടിയിൽ പ്രത്യയശാസ്ത്രത്തിൻെറ കനം ഇല്ലാത്തതുകൊണ്ട് എന്തുതരം ഓഡിറ്റിംഗ് ആണ് അനുഭവിക്കേണ്ടി വരിക?

രാഷ്ട്രീയപ്രവർത്തനം എന്നാൽ മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചും, സ്വാതന്ത്ര്യവും സമത്വവും ഊട്ടിയുറപ്പിച്ചു കൊണ്ടും, മനുഷ്യാന്തസിന്റെ ചക്രവാളങ്ങളെ വിപുലപ്പെടുത്താൻ പര്യാപ്തമായ ഒരു സാമൂഹിക ഉടമ്പടിയുടെ വ്യവസ്ഥാപനമാണ്. ഇതിന്റെ പരിധിയിൽ വരുന്ന യാതൊന്നും തന്നെ പ്രത്യയശാസ്ത്രപരമായി അവകാശപ്പെടാനില്ലാത്തതു കൊണ്ടും ആ പരിമിതിയെ അൽപ്പന്റെ മൂട്ടിൽ വളർന്ന ആൽ ആയി കാണുന്നതു കൊണ്ടുമാണ് സോദരരേ, കോൺഗ്രസുകാരന്റെ പ്രവർത്തനമികവ് പലപ്പോഴും അവരുടെ വ്യക്തിപ്രഭാവത്തിനും, ഇടതന്റേത് അവരുടെ പാർട്ടി പ്രത്യയശാസ്ത്രത്തിനും ചാർത്തിക്കൊടുക്കപ്പെടുന്നത്.

കുമ്മനം രാജശേഖരനെ അയാളേക്കാള്‍ വലിയ സംഘിത്തരവുമായി നേരിട്ട കോൺഗ്രസ് ബുദ്ധിജീവി തരൂർ, റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങിച്ചു നൽകിയതു കൊണ്ടോ, പുസ്തകം എഴുതിയത് കൊണ്ടോ മാത്രം ഒരു 'രാഷ്ട്രീയ കപടനാട്യക്കാരൻ' അല്ലാതെ ആകുന്നില്ല. കോവിഡിനെ പ്രതിരോധിക്കുന്നതിലെ മികവ് പിണറായിയുടെ ഗതകാല രാഷ്ട്രീയ നിലപാടുകളെ സാധൂകരിക്കില്ല എന്ന് പറഞ്ഞു കൊണ്ട് തന്നെ, ശശി തരൂർ വിമർശനാതീതനാണ് എന്ന് അവകാശപ്പെടാനുള്ള കഴിവ് ലഭിക്കുമ്പോഴാണ് നിങ്ങളൊരു കലർപ്പില്ലാത്ത കോൺഗ്രസുകാരനായി മാറുന്നത്. ഇരട്ടത്താപ്പ് എന്ന ഈ അതിസങ്കീർണ്ണമായ രാഷ്ട്രീയ യുക്തി അനന്യസാധാരണമായ മെയ്വഴക്കത്തോടെ ഉപയോഗിക്കുന്നതിൽ കോൺഗ്രസുകാരെപ്പോലെ മറ്റാരുമില്ല എന്നത് ശബരിമല പ്രശ്നത്തിൽ സാംസ്കാരിക കേരളം കണ്ടു വിലയിരുത്തിയതാണല്ലോ.

കോൺഗ്രസിനെ സ്നേഹിക്കുന്ന, പ്രതിഫലം മോഹിക്കാത്ത ഒരുപാട് പേർ ഉണ്ടായിരുന്നു എന്നത് ശരിയാണ്. ഗാന്ധി, നെഹ്റു എന്നൊക്കെയായിരുന്നു ഇക്കൂട്ടരുടെ പേരുകൾ, പക്ഷേ മരിച്ചുപോയി.പിന്നെ സമകാലികമായി ഇത് ചെയ്യുന്ന ആളുകളെ കാണണമെങ്കിൽ നിങ്ങൾ ആ പാവം കോൺഗ്രസുകാരുടെ വീടുകളിൽ തന്നെ പോയി നോക്കണം.കാരണം അവരെ ഒരു പാർട്ടി ടൂറിന്റെ ഭാഗമായി പോലും കെപിസിസി, എഐസിസി, നിയമസഭ, പാർലമെൻറ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് അയക്കില്ല എന്നത് പ്രത്യയശാസ്ത്ര പ്രതിബദ്ധതയോളം പോന്ന നിഷ്കർഷയാണ്. കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഇത്തരം കോൺഗ്രസുകാരോട് ഈയുള്ളവൻ സർവാത്മനാ ക്ഷമ ചോദിക്കുന്നു. ഏതൊരു കച്ചേരിയും മനോഹരമാകുന്നത് വ്യത്യസ്തമായ വാദ്യോപകരണങ്ങളുടെ ഉപയോഗം മൂലമാണ് എന്നത് ഉപാധിരഹിതമായി അംഗീകരിക്കുമ്പോൾ തന്നെ, ഓരോരുത്തരും സ്വന്തം താല്പര്യത്തിനനുസരിച്ചാണ് അത് വായിക്കുന്നതെങ്കിലോ? അതിനേക്കാൾ അരോചകമായ മറ്റെന്താണ് ലോകത്ത് കേൾക്കാൻ സാധിക്കുക. അരാഷ്ട്രീയത്തെന്റെയും കുശുമ്പിന്റെയും സ്വജനപക്ഷപാത്തിന്റെയും ജാതീയതയുടെയും പുരുഷാധിപത്യത്തിന്റെയും അപസ്വരങ്ങൾ ഒഴുകുന്ന ഈ കോണ്‍ഗ്രസ് കച്ചേരി ഇന്ത്യൻ രാഷ്ട്രീയ സദസ്സിന് മുഷിപ്പുളവാക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞിരിക്കുന്നു. കച്ചേരിയുടെ മറ്റൊരു പ്രശ്നം അതിന്റെ ഭീകരത കേൾക്കുന്നവര്‍ക്കേ മനസിലാക്കാൻ സാധിക്കൂ എന്നുള്ളതാണ്.

നാനാജാതിമതസ്ഥരുടെ സംഗമ ഭൂമി തന്നെയാണ് ഇന്ത്യ എന്ന കാര്യം അവിതർക്കിതമാണ്. എന്നാൽ അവരെ ജാതിയുടെയും മതത്തിനെയും ഉരുക്കുകോട്ടകൾക്കകത്ത് നിലനിർത്തിയാൽ മാത്രമേ ഇന്ത്യ നിലനിൽക്കൂ എന്ന് കരുതുന്നത് അപഹാസ്യമാണ്. ജാതി, മത സമവാക്യങ്ങൾ മാത്രം തിരഞ്ഞെടുപ്പ് നയമാക്കി മാറ്റിയതിൽ സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും കോൺഗ്രസ് വഹിച്ച പങ്കിനെപ്പറ്റി ഒരു ആത്മപരിശോധന കൂടി നടത്തേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ തങ്ങൾ വിയോജിപ്പുകളെ ഒരുമിച്ചു കൊണ്ടുപോകുക മാത്രമല്ല, അവയെ നിരന്തരമായി നിലനിർത്തുക കൂടി ചെയ്തിട്ടുണ്ട് എന്നു മനസിലാകും.

ഉള്ളതിൽ ഭേദപ്പെട്ട ഒരു നായരെ തപ്പിയെടുത്ത് വട്ടിയൂർക്കാവിലെ സ്ഥാനാർഥിയാക്കിയ ശേഷം എൻ.എഎസ്.എസിന്റെ തിണ്ണ നിരങ്ങാൻ പോകുന്നത് രാഷ്ട്രീയമല്ല, ഉപചാപമാണ്. അവിടെ ഊട്ടി ഉറപ്പിക്കപ്പെടുന്നത് നാനാത്വത്തിലെ ഏകത്വമല്ല, വിഭാഗീയതയാണ്. തെരഞ്ഞെടുപ്പ് വിജയവും സീറ്റുകളുടെ എണ്ണവും മാത്രം ലാക്കാക്കിയുള്ള കോൺഗ്രസ് (അ)രാഷ്ട്രീയ പ്രവർത്തനം ഇന്ത്യൻ കീഴാള സമൂഹത്തിന് സമ്മാനിച്ചത് 'പൂനാ പാക്ട്' പോലെ അവരെ നിരന്തരം അടിമത്തത്തിലേക്ക് തള്ളിയ ഉടമ്പടികൾ കൂടിയാണ് എന്ന് മറക്കാതിരിക്കുക. അപ്പോള്‍ കോൺഗ്രസ് സ്വത്വത്തിൽ അത്രമേൽ അഭിമാനകരമായി ഒന്നുമില്ല എന്ന് സ്വയം ബോധ്യമാകും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories