TopTop
Begin typing your search above and press return to search.

ആശ്വാസ പാക്കേജുകള്‍ മാത്രം പോര, നിയമ നിര്‍മ്മാണവും നടക്കണം, മഹാമാരിയുടെ കാലത്ത് കേരളം വേറിട്ട് ചിന്തിക്കുന്നത് ഇങ്ങനെയൊക്കെയാണ്

ആശ്വാസ പാക്കേജുകള്‍ മാത്രം പോര, നിയമ നിര്‍മ്മാണവും നടക്കണം, മഹാമാരിയുടെ കാലത്ത് കേരളം വേറിട്ട് ചിന്തിക്കുന്നത് ഇങ്ങനെയൊക്കെയാണ്

ശാസ്ത്ര -സാങ്കേതിക രംഗത്ത് മഹത്തായ നേട്ടങ്ങൾ കൈവരിച്ചിട്ടും ഇന്നിപ്പോൾ അത്യന്തം ആപൽക്കാരിയായി മാറിക്കഴിഞ്ഞ കൊറോണ വൈറസിന് മുൻപിൽ തികച്ചും നിസ്സഹായമായി നിൽക്കുകയാണ് ലോകം. മരണ സംഖ്യയുടെ കാര്യത്തിൽ രോഗം പൊട്ടിപ്പുറപ്പെട്ടുവെന്നു കരുതപ്പെടുന്ന ചൈനയേക്കാൾ ബഹുദൂരം മുന്നിലാണ് ഇറ്റലിയും സ്പെയിനുമൊക്കെ. കൊറോണക്കു ഇനിയും മരുന്നു കണ്ടുപിടിക്കാൻ ആയിട്ടില്ലെങ്കിലും ഈ മഹാമാരിയുടെ വ്യാപനം തടയാനുള്ള കഠിന യജ്ഞത്തിൽ തന്നെയാണ് മുഴുവൻ രാജ്യങ്ങളും. രോഗത്തിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക് ഡൌൺ മൂലം ജനങ്ങൾക്കു ഉണ്ടാവുന്ന കഷ്ട്ട നഷ്ട്ടങ്ങൾക്കു പ്രധിവിധി കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പല വിധ പാക്കേജുകൾ ( സാമ്പത്തികം അടക്കമുള്ള) സർക്കാരുകൾ പ്രഖ്യാപിക്കുന്നുമുണ്ട്. എന്നാൽ ഇത്തരം പാക്കേജുകൾ മാത്രമല്ല രോഗത്തിന്റെ വ്യാപനം തടയാൻ ശക്തമായ ഒരു നിയമം തന്നെ കൊണ്ടുവരേണ്ടതുണ്ടെന്നു പ്രഖ്യാപിച്ചുകൊണ്ട് കേരളം ഒരിക്കൽ കൂടി ഇന്ത്യക്കും മറ്റു രാജ്യങ്ങൾക്കും മാതൃകയാവുകയാണ്. പാക്കേജുകളുടെ പ്രഖ്യാപനം മാത്രമല്ല രോഗ വ്യാപനം തടയാൻ ഉതകുന്ന നിയമ നിർമാണവും സർക്കാരിന്റെ ചുമതലയാണെന്ന് കേരള സർക്കാർ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ കൊറോണ എന്ന മഹാ മാരിയുടെ സാമൂഹ്യ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടുകൂടി ഒരു ഓർഡിനൻസ് കൊണ്ടുവരാനുള്ള കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിന്റെ തീരുമാനം വ്യക്തമാക്കുന്നത് അത് തന്നെയാണ്. കേരളത്തിലെ സർക്കാർ ജനങ്ങൾക്കൊപ്പമല്ല മുന്നിൽ തന്നെയുണ്ട് എന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ രണ്ടു നാൾ മുൻപത്തെ പ്രഖ്യാപനത്തെ ശരിവെക്കുന്ന ഒന്ന് തന്നെയായി വേണം ' കേരള എപിഡെമിക്സ് ഡിസീസസ് ഓർഡിനൻസ് -2020' എന്ന പേരിൽ സർക്കാർ ഇപ്പോൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഓർഡിനൻസിനെ കാണാൻ എന്നു തോന്നുന്നു.

ഇത് ആദ്യമായല്ല സാംക്രമിക രോഗങ്ങളെ നേരിടാനായി നിയമങ്ങൾ ഉണ്ടായിട്ടുള്ളത്. ഇന്ത്യയിൽ തന്നെ 1897 ൽ ഇത്തരത്തിൽ ഒരു നിയമ നിർമാണം നടന്നിരുന്നു. കേരളത്തിൽ 1995 ൽ ട്രാവൻകൂർ - കൊച്ചിൻ പബ്ലിക് ഹെൽത്ത് ആക്ട് എന്ന പേരിൽ മറ്റൊരു നിയമനിര്‍മ്മാണവും നടന്നിരുന്നു. എന്നാൽ ഇവയൊന്നും ഇനിയും മരുന്നു കണ്ടെത്തിയിട്ടില്ലാത്ത കൊറോണ പോലുള്ള ഒരു മാരക രോഗത്തെ തടയുന്നതിന് ഫലപ്രദമല്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ കർശന നടപടികൾ അടങ്ങുന്ന പുതിയ ഓർഡിനൻസ് എന്ന ചിന്തയിലേക്ക് സർക്കാർ കടന്നിരിക്കുന്നത്. ലോക് ഡൌൺ പ്രഖ്യാപിക്കുകയും ആളുകൾ എന്തുകൊണ്ട് പുറത്തിറങ്ങി നടക്കാതിരിക്കുകയും കൂട്ടം ചേരാതിരിക്കുകയും ചെയ്യണം എന്നത് സംബന്ധിച്ച് മതിയായ ബോധവൽക്കരണം നടത്തിയിട്ടും പലരും ( ജനങ്ങൾ മാത്രമല്ല പുരോഹിതർ പോലും ) രോഗം വ്യാപിപ്പിക്കാൻ പരസ്പരം മത്സരിക്കുമ്പോൾ ഇതല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന തോന്നൽ തന്നെയാവണം കുറച്ചുകൂടി കർക്കശമായ ഒരു നിയമം എന്ന ചിന്തയിലേക്ക് കേരള സർക്കാരിനെ നയിച്ചത്. സാംക്രിമിക രോഗങ്ങൾ തടയാനും അനുബന്ധ സാഹചര്യങ്ങളെ നേരിടാനും സർക്കാരിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഒരു ഓർഡിനൻസ് ആണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഗവർണറുടെ അംഗീകാരം ലഭിച്ചാൽ ഉടനെ തന്നെ ഓർഡിനൻസ് പ്രാബല്യത്തിൽ വരും. അവശ്യ സേവന മേഖലകളിൽ സമരം നിരോധിക്കാനും പൊതു - സ്വകാര്യ പരിപാടികൾ നിയന്ത്രിക്കാനും മാത്രമല്ല മത സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മേഖലയിലും നിരോധനം കൊണ്ടുവരാൻ സർക്കാരിന് അധികാരം ഉണ്ടായിരിക്കും എന്നതിനാൽ ഓർഡിനൻസിനെതിരെ ചില കേന്ദ്രങ്ങളിൽ നിന്നും പ്രതിക്ഷേധം ഉയർന്നുകൂടായ്കയില്ല. കൊറോണയെ ഭയന്ന് തൽക്കാലം പത്തി മടക്കി മാളങ്ങളിൽ കഴിയുന്ന മത സർപ്പങ്ങൾ എപ്പോൾ എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് മുൻകൂട്ടി പറയാനാവില്ലല്ലോ ! അവർ എങ്ങനെ പ്രതികരിച്ചാലും കേരള സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഈ ഓർഡിനൻസിനെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. നല്ല കാര്യങ്ങൾ ആര് ചെയ്താലും നല്ലതെന്നു പറയാനുള്ള ഒരു മനസ്സ് ഉണ്ടാകുന്നതു വളരെ നല്ലതു തന്നെ.


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories