TopTop
Begin typing your search above and press return to search.

മോദി 15 ലക്ഷം വീതം വിതരണം ചെയ്തത് പോലുള്ള ഗീര്‍വാണമാകരുത് പാലാരിവട്ടം പാലം അടിയേ തുരന്നവരെ വെറുതെ വിടില്ലെന്ന പ്രഖ്യാപനവും

മോദി 15 ലക്ഷം വീതം വിതരണം ചെയ്തത് പോലുള്ള ഗീര്‍വാണമാകരുത് പാലാരിവട്ടം പാലം അടിയേ തുരന്നവരെ വെറുതെ വിടില്ലെന്ന പ്രഖ്യാപനവും

യുഡിഎഫ് സർക്കാരിന്റെ കാലത്തു നടത്തിയ പാലാരിവട്ടം പാലം നിർമാണത്തിൽ നഗ്നമായ അഴിമതിയാണ് നടന്നതെന്നും അതിന്റെ പങ്കുപറ്റിയ ആരും രക്ഷപ്പെടില്ലായെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തു നടന്ന അഴിമതികളിൽ ഒന്നുമാത്രമാണ് പാലാരിവട്ടം പാലനിർമാണത്തിലെ അഴിമതിയെന്നും പൊതുഖജനാവ്‌ കൊള്ളയടിച്ചവരെക്കൊണ്ട് കണക്കുപറയിക്കുമെന്നും കൂടി മുഖ്യമന്ത്രി പറഞ്ഞപ്പോൾ വല്ലാത്തൊരു ആവേശം തോന്നിപ്പോയി. എന്നാൽ ഇതേ വർത്തമാനം തന്നെയല്ലേ കഴിഞ്ഞ വർഷം കെ.എം മാണിയുടെയും അതുവഴി ഏറെക്കാലം യുഡിഎഫിന്റെയും കുത്തക മണ്ഡലമായിരുന്നു പാലാ ഉൾപ്പെടെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കു ഉപ തിരെഞ്ഞെടുപ്പ് നടന്ന വേളയിലും കേട്ടതെന്നു ആലോചിച്ചപ്പോൾ ആദ്യം അനുഭവപ്പെട്ട ആവേശമൊക്കെ ആറിത്തണുത്തുപോയി. പഞ്ചവടിപ്പാലം എന്ന് മാധ്യമങ്ങളും ഇടതുപക്ഷവും പാടിയതുകേട്ടു അന്ന് പൊതുജനവും അത് ഏറ്റുപാടിയിരുന്നു. പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തു നിർത്തപ്പെട്ട മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവർക്കെതിരെയുള്ള അന്വേഷണം ഏതാണ്ട് ഒരു വർഷം കഴിഞ്ഞട്ടും പൂർത്തിയായിട്ടില്ല. വസ്തുത ഇതായിരിക്കെ പൊതുഖജനാവ്‌ കൊള്ളയടിച്ചു അഴിമതിപ്പാലം നിർമിച്ചവരെകൊണ്ട് സർക്കാർ ഇനിയെന്നാണാവോ കണക്കു പറയിക്കുവാൻ പോകുന്നതെന്ന് ആലോചിച്ചു ഒരെത്തുംപിടിയും കിട്ടാതെ വന്നപ്പോൾ അറിയാതെ ചിരിച്ചുപോയി.

മതിയായ അളവിൽ സിമിന്റും മറ്റും ചേർക്കാത്തതുകൊണ്ടു തന്നെയാണ് ഉദ്ഘാടിച്ചു അധികം വൈകും മുൻപുതന്നെ പാലാരിവട്ടം പാലം ആർക്കും ഉപകരിക്കാത്ത, ഇന്നത്തെ ദേശാഭിമാനി പത്രത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നതുപോലെ, 'അഴിമതിയുടെ കോൺക്രീറ്റ് സ്മാരകമായി' തുടരുന്നത്. പാലാരിവട്ടം പാലം ഈ കുറിപ്പെഴുതുന്ന ആളുടെ പത്രപ്രവർത്തന അനുഭവത്തിലെ ആദ്യ അഴിമതിപ്പാലം അല്ല. 1995 ൽ മറ്റൊരു പാലം ഉദ്‌ഘാടിക്കും മുൻപ് തന്നെ പാതി പൊളിഞ്ഞ് നിർമാണത്തിലെ അഴിമതി വിളിച്ചോതി. മണ്ണാർക്കാട് നെല്ലിപ്പുഴ പാലം. ഭരണത്തിൽ യുഡിഎഫ് തന്നെയായിരുന്നു. പാലം നിർമാണത്തിന്റെ കോൺട്രാക്ട് അട്ടപ്പാടി അഗളിയിൽ താമസക്കാരനായിരുന്ന ഒരു കുടിയേറ്റ നസ്രാണിക്കായിരുന്നു. പിന്നീട് പാർട്ടി മാറിയെങ്കിലും അക്കാലത്ത് ആളൊരു അറിയപ്പെടുന്ന കോൺഗ്രസ് നേതാവു കൂടിയായിരുന്നു. പേരിനൊരു അന്വേഷണ കമ്മീഷനെ വെച്ചുവെന്നല്ലാതെ കോൺട്രാക്ടറെ ശിക്ഷിച്ചതായി അറിവില്ല. പൊതുഖജനാവിൽ നിന്നും നികുതിപ്പണമെടുത്തു നിർമിച്ച എത്രയെത്ര പാലങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ ഉദ്ഘാടിക്കലിന് മുൻപോ തൊട്ടു പിന്നാലെയോ ആയി തകർന്നുവീണിരിക്കുന്നു! കടലാക്രമണം തടയാൻ വർഷാവർഷം ലോഡ് കണക്കിന് കരിങ്കല്ല് ഇറക്കി നടത്തുന്ന കടൽ ഭിത്തി നിർമാണം എന്ന ആഭാസ സര്‍ക്കസ് പോലെ പൊതുഖജനാവിലെ നികുതിപ്പണമെടുത്തു നടത്തുന്ന അഴിമതി ഒരു തുടർക്കഥയാവുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടി എന്നതിനപ്പുറം പാലാരിവട്ടം മേൽപ്പാല നിർമാണത്തിൽ നടന്ന അഴിമതിയിലെങ്കിലും കുറ്റക്കാർ ശിക്ഷിക്കപ്പെടുമോ എന്നറിയാൻ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നു.

സത്യത്തിൽ പൊതുഖജനാവ്‌, സാധാരണക്കാരന്റെ നികുതിപ്പണം എന്നൊക്കെ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. മറ്റൊന്നും കൊണ്ടല്ല; കാലപ്പഴക്കം കൊണ്ടുകൂടിയാവാം ഏറെ തേയ്മാനം സംഭവിച്ച വാക്കുകൾ ആണ് അവ. ഭരണ - പ്രതിപക്ഷ ഭേദമന്യേ നമ്മുടെ രാഷ്ട്രീയ സംവിധാനം വിധിനടത്തിപ്പിന്റെ അവസാന ഘട്ടമെത്തുമ്പോഴേക്കും പഴയതെല്ലാം മറന്ന്, പരസ്പരം കൈകൊടുത്തു ചിരിച്ചു പിരിയുമ്പോൾ അവർ തന്നെ ഘോരംഘോരം പ്രഘോഷിച്ചുകൊണ്ടിരുന്ന 'പൊതുഖജനാവ്‌', 'സാധാരണക്കാരൻ', ' സാധാരണക്കാരന്റെ നികുതിപ്പണം' തുടങ്ങിയ സംജ്ഞകൾ വെറും പാഴ്വാക്കുകളായി പരിണമിക്കുകയും നമ്മെ, പൊതുജനത്തെ നോക്കി പരിഹാസച്ചിരി മുഴക്കുകയും ചെയ്യുന്നു. അപ്പോഴും പൊതുഖജനാവിൽ നിന്നുള്ള ചോർച്ച അഭങ്കുരം തുടരുകയും പ്രതിയും വാദിയും ഒരു ഘട്ടത്തിൽ പരസ്പര സഹായസഹകരണ സംഘമായി പരിവർത്തിതമാവുകയും ചെയ്യുന്നു. ഇതാണ് നാട്ടു നടപ്പ് എന്ന തിരിച്ചറിവോടെ, എല്ലാം കാണുകയും അറിയുകയും ചെയ്യുമ്പോഴും നിസ്സഹായരായി തുടരാനാണ് ഞാനും നിങ്ങളും അടങ്ങുന്ന പൊതുജനത്തിന്റെ വിധി.

അല്ലെങ്കിൽ തന്നെ നോക്കുക. ഒരുപാട് പിറകോട്ടൊന്നും നടക്കേണ്ട ഇപ്പോൾ ഭരിക്കുന്നവർ പ്രതിപക്ഷത്തായിരുന്ന, ഉമ്മൻ ‌ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത്, പ്രതിപക്ഷം (ബിജെപി അടക്കം) പാടിയാടി തിമിർത്ത ബാർ കോഴ, സോളാർ അഴിമതിക്കേസുകൾ എവിടെപ്പോയി? ഇ അഹമ്മദ് അന്തരിച്ചതിനെ തുടർന്ന് നടന്ന മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പുകളിൽ സരിതയുടെ മൊഴി അടിസ്ഥാനപ്പെടുത്തി ഉമ്മൻ ചാണ്ടിക്കും മറ്റും എതിരെ എടുത്തുവെന്നു പറഞ്ഞ കേസ്സുകൾ എന്തായി? ബാർക്കോഴക്കേസിൽ ആരുടെ രാജി ആവശ്യപ്പെട്ടാണോ ഇന്ന് ഭരണത്തിൽ ഇരിക്കുന്നവർ തെരുവ് പ്രക്ഷോഭങ്ങൾ നടത്തിയത് അവർ തന്നെ ഇപ്പോൾ അന്നത്തെ ആരോപണ വിധേയൻ കെ.എം മാണിയുടെ പുത്രൻ നയിക്കുന്ന കേരളാ കോൺഗ്രസ് വിഭാഗത്തെ സ്വന്തം പാളയത്തിലേക്ക് ആനയിച്ചുകൊണ്ടുവരുന്ന തിരക്കിലാണ്. കേന്ദ്രത്തിൽ രണ്ടാം മോദി സർക്കാർ രാജ്യം കോർപ്പറേറ്റുകൾക്ക് അടിയറ വെക്കുന്ന പ്രക്രിയയ്ക്ക് (പുതിയ കാർഷിക ബില്ലിലടക്കം) ആക്കം കൂട്ടുമ്പോഴും നാല് വർഷം മുൻപ് കേരള ജനത ആവേശത്തോടെ അധികാരത്തിലേറ്റിയ ഒരു സർക്കാരാണ് തങ്ങളുടേതെന്ന് ഓര്‍ക്കേണ്ടതുണ്ട്. 'പൊതുഖജനാവ്', 'സാധാരണക്കാരൻ', ' നികുതിപ്പണം' എന്നൊക്കെ പറഞ്ഞുള്ള ഗിമ്മിക്കുകൾ ഒഴിവാക്കി കഴിഞ്ഞ തിരഞ്ഞെടുപ്പുവേളയിൽ ഘോരം ഘോരം പാടിനടന്ന 'അഴിമതിക്കെതിരായ പോരാട്ടം', ' അഴിമതിരഹിത കേരളം' ഒക്കെ സാധ്യമായി എന്ന് പാവം ജനത്തിന് ബോധ്യമാവണമെങ്കിൽ വീണ്ടുമൊരു തെരെഞ്ഞെടുപ്പിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ ചുരുങ്ങിയത് ഏറെ കൊട്ടിഘോഷിച്ച പാലാരിവട്ടം അഴിമതിക്കേസ്സിലെങ്കിലും കൃത്യവും സത്യസന്ധവുമായ ഒരു നടപടി ജനം പ്രതീക്ഷിക്കുന്നുണ്ട്. ഇല്ലെങ്കിൽ ഇന്ത്യക്കാരുടെ വിദേശത്തുള്ള കള്ളപ്പണം മുഴുവൻ പിടിച്ചെടുത്ത് രാജ്യത്തെ ഓരോ പൗരന്റെയും ബാങ്ക് അക്കൌണ്ടിൽ ലക്ഷങ്ങൾ നിക്ഷേപിക്കും എന്ന മാന്യ ശ്രീമാൻ നരേന്ദ്ര മോദിജിയുടെ വീർവാണത്തിന്റെ വിലയേ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രഖ്യാപനത്തിനും ഉണ്ടാകൂവെന്ന് വിനയ പുരസ്സരം ഓർമിപ്പിക്കുന്നു.

അവസാനമായി മറ്റൊരു കാര്യം കൂടി; 'മാന്യ വോട്ടർമാർ' എന്ന വാക്കിനും പഴയകാല സ്വീകാര്യതയൊന്നും ഇപ്പോഴില്ല. എങ്കിലും തമ്മിൽ ഭേദം തൊമ്മൻ എന്ന ആ പഴയ സിദ്ധാന്തം വെച്ച് പലരും അനുകൂലിച്ച് വോട്ടുചെയ്യുമ്പോഴാണ് മികച്ച ഭൂരിപക്ഷത്തോടെ ഒരു സർക്കാർ ഉണ്ടാവുന്നത്. കേവലം അഞ്ചു വർഷ ഭരണം എന്ന സ്ഥിരം തട്ടുമുട്ടു ചിന്തക്കപ്പുറം ഭരണത്തുടർച്ച ലക്‌ഷ്യം വെക്കുന്ന ഒരു സർക്കാരിനാണെങ്കിൽ, അഴിമതി വിരുദ്ധത സംബന്ധിച്ച് കഴിഞ്ഞ തിരെഞ്ഞെടുപ്പ് പ്രചാരണകാലത്ത് 'മാന്യ വോട്ടർമാർ'ക്ക് നൽകിയ വാഗ്‌ദാനം പ്രവർത്തിച്ചു കാണിക്കാനുള്ള ഒരു അവസ്സരം എന്ന നിലയിലെങ്കിലും പാലാരിവട്ടം പാലം അഴിമതിക്കേസിനെ ഈ സർക്കാർ കാണുമോ എന്നറിയാൻ ഏറെ താൽപ്പര്യമുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories