TopTop
Begin typing your search above and press return to search.

കേരള ബിജെപിക്കെന്തിനാ അദ്ധ്യക്ഷന്‍? ആരിഫ് മുഹമ്മദ് ഖാനുണ്ടല്ലോ

കേരള ബിജെപിക്കെന്തിനാ അദ്ധ്യക്ഷന്‍? ആരിഫ് മുഹമ്മദ് ഖാനുണ്ടല്ലോ

'കേന്ദ്രം എന്നത് ഒരു മിത്തും ഗവർണർ അതിന്റെ ചാരനുമാണ്'- 1983 ൽ എൻ ടി രാമറാവു ഇങ്ങനെ ഒരു ആക്ഷേപം ഉന്നയിച്ചപ്പോൾ പലരും നെറ്റിചുളിച്ചു. ഒരു സിനിമാക്കാരൻ പറഞ്ഞ അശ്ലീലമായിപ്പോലും ആ പ്രസ്താവന വായിക്കപ്പെട്ടു. വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിൽ നിന്നും രാഷ്ട്രീയത്തിലെത്തി തെലുഗു ദേശം എന്നൊരു പാർട്ടി രൂപീകരിച്ചു ആന്ധ്രാ പ്രദേശിന്റെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയായി മാറിയ ആളായിരുന്നു എൻ ടി രാമറാവു. അദ്ദേഹം ചികിത്സക്കായി അമേരിക്കയിൽ പോയ തക്കം നോക്കി അന്നത്തെ ആന്ധ്രാ ഗവർണർ രാം ലാൽ എൻ ഭാസ്കര റാവു എന്നൊരാളെ പിടിച്ചു മുഖ്യമന്ത്രിയാക്കിയതിൽ പ്രതിക്ഷേധിച്ചായിരുന്നു രാമ റാവുവിന്റെ 'ചാരൻ പ്രയോഗം'. എന്നാൽ തെലുഗു ദേശം പാർട്ടി രൂപീകരിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഭാസ്കര റാവുവിനെ മുഖ്യമന്ത്രിയാക്കിയ ഹിമാചൽ പ്രദേശിന്റെ മുൻ മുഖ്യമന്ത്രി കൂടിയായ രാം ലാലിന്റെ നടപടിയിൽ പലരും തെറ്റൊന്നും കണ്ടില്ല. അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയ രാമ റാവു പക്ഷെ വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. അദ്ദേഹം വീണ്ടും തന്റെ ചൈത്യന്യ രഥം ഉരുട്ടി. പണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടിയായിരുന്നുവെങ്കിൽ ഇക്കുറി അത് 'ജനാധിപത്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടായിരുന്നു. ഒടുവിൽ എൻ ടി ആർ മുഖ്യമന്ത്രി കസ്സേരയിൽ മടങ്ങിയെത്തി. താൻ നിയമിച്ച മുഖ്യമന്ത്രി ഭാസ്കര റാവുവിനെപോലെ തന്നെ ഗവർണർ രാം ലാലിനും പദവി നഷ്ടമായി. ആ സംഭവം കഴിഞ്ഞിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇപ്പോഴും നമ്മുടെ രാജ്യത്തെ പല ഗവർണർമാരും വൃത്തികെട്ട രാഷ്രീയം കളിക്കുന്ന ഏർപ്പാട് തുടരുക തന്നെയാണ്. അതിന്റെ ഒരു നേർ സാക്ഷ്യത്തിനാണ് അടുത്തിടെ മഹാരാഷ്ട്ര വേദിയായതും. ഒരു ഗവർണർക്കു ഒരു രാഷ്ട്രീയ പിമ്പായി എത്ര എളുപ്പത്തിൽ തരം താഴാൻ കഴിയുമെന്നും അതുവഴി ഭരണഘടനയെ അട്ടിമറിച്ചു ജനാധിപത്യത്തെ കശാപ്പു ചെയ്യാനാവുമെന്നും മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് ഖോഷിയാരി കാട്ടി തന്നു. ബി ജെ പി യുടെ ദേവേദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി ചരിത്രത്തിൽ സമാനതകളില്ലാത്ത തരംതാണ രാഷ്ട്രീയമാണ് ഖോഷിയാരി കളിച്ചത്. മോദിയും അമിത് ഷായുമായി കൈകോർത്തു രായ്ക്കു രായ്മാനം രാഷ്ട്രപതി ഭരണം പിൻവലിപ്പിച്ചു ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി വാഴിച്ചു. ഒടുവിൽ സുപ്രീം കോടതിക്ക് തന്നെ ഇടപെടേണ്ടി വന്നു ഖോഷിയാരിയുടെ വിടുപണി രാഷ്ട്രീയത്തിന് തിരശീലയിടാൻ. കേവലം ഒരു ഖോഷിയാരിയിൽ മാത്രം ഒതുങ്ങുന്നില്ല ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക് എന്നൊക്കെ കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യ മഹാരാജ്യത്തെ ഗവർണർമാർ കെട്ടിയാടുന്ന പിമ്പ് വേഷം. ആദ്യ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന 2014 മുതല്‍ ആരംഭിച്ച ഗവർണർമാരെ ഉപയോഗിച്ചുകൊണ്ടുള്ള നെറികെട്ട ഇത്തരം കളികൾ അവിരാമം തുടരുക തന്നെയാണ്. അരുണാചൽ പ്രദേശിലെ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സർക്കാരിനെ പിരിച്ചുവിട്ടു ഗവർണർ ജെ പി രാജ് ഹോവാ ഒരു കോൺഗ്രസ് വിമതനെ പിടിച്ചു മുഖ്യമന്ത്രിയാക്കി. 2017ൽ അസംബ്ലി തിരെഞ്ഞെടുപ്പ് നടന്ന ഗോവയിലും മണിപ്പൂരിലും മേഘാലയിലുമൊക്കെ ഫലം വന്നപ്പോൾ ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസ് ആയിരുന്നിട്ടും അവിടങ്ങളിലെ ഗവർണർമാർ എങ്ങനെയായാണ് കുതിരക്കകച്ചവടത്തിലൂടെ സർക്കാർ ഉണ്ടാക്കാൻ ബി ജെ പിയെ സഹായിച്ചത് എന്നത് നാം കണ്ടതാണ്. എന്നാൽ അന്ന് പറഞ്ഞ ന്യായങ്ങളായിരുന്നില്ല പിന്നീട് കർണാടകത്തിൽ പറഞ്ഞത്. തിരഞ്ഞെടുപ്പിന് ശേഷം സഖ്യം ഉണ്ടാക്കിയ കോൺഗ്രസ് - ജെ ഡി എസ് സഖ്യത്തിന്റെ മന്ത്രിസഭ രൂപീകരണ നീക്കത്തിന് എന്തെല്ലാം പാരകളാണ് ഗവർണർ പണിതത്! സമാനമായ രാഷ്ട്രീയ കളികൾക്ക് 2017ൽ ബീഹാറും സാക്ഷ്യം വഹിച്ചു. ഗവർണറെ നിയമിക്കുന്നത് രാഷ്ട്രപതി ആണെങ്കിലും ആളെ തീരുമാനിക്കുന്നത് അതാത് കാലത്തു കേന്ദ്രം ഭരിക്കുന്ന സർക്കാരുകളാണ്. എന്നുകരുതി ഗവർണർ കേന്ദ്രത്തിനു വേണ്ടി വിടുപണി ചെയ്യേണ്ട ആളാണ് എന്ന് വരുന്നില്ല. തന്റെ രാഷ്ട്രീയം മാറ്റി വെച്ച് ഭരണഘടനക്ക് അനുസൃതമായി പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. എന്നാൽ മോദി യുഗത്തിൽ ഇതൊക്കെ കീഴ്‌മേൽ മറിയുന്ന കാഴ്ചയാണ് ദ്രശ്യമാകുന്നത്. ഭരണ ഘടനയെ അട്ടിമറിച്ചു മോദിക്കും ഷാക്കും വേണ്ടി എങ്ങനെ ജനാധിപത്യത്തെ കശാപ്പുചെയ്യാം എന്ന അന്വേഷണത്തിൽ വ്യാപൃതരാവുന്ന ഗവർണർമാരുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. ഇത്തരക്കാരുടെ പട്ടികയിൽ കയറിക്കൂടാനുള്ള ശ്രമത്തിലാണോ നമ്മുടെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നൊരു സംശയം ബലപ്പെട്ടു വരുന്നുണ്ട്. ഗവർണർമാർ രാഷ്ട്രീയം പറയാൻ പാടില്ലെന്നാണെങ്കിലും താൻ രാഷ്ട്രീയമേ പറയൂ എന്ന വാശിയിലാണ് ഖാൻ ജി. രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്‌ കാരണമായ ദേശീയ പൗരത്വ (ഭേദഗതി) നിയമത്തെ വെള്ളപൂശുന്ന തന്റെ പ്രസ്താവനകൾ ഒരു ഗവർണറുടെ പദവിക്ക് യോജിച്ചതല്ലെന്ന് ഖാൻ ജി മറന്ന മട്ടുണ്ട്. ഏതൊരു ആർ എസ് എസ് - ബി ജെ പി നേതാവിനെയുംകാൾ എത്ര മനോഹരമായാണ് ഖാൻ ജി ഇക്കാര്യം നിർവഹിക്കുന്നത്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് തനിക്കെന്നു വരുത്തി തീർക്കലല്ല മറിച്ചു രാജ്യത്തെ ഏറ്റവും വിശ്വസ്തനായ സംഘിയാണ് താനെന്നു ഉറക്കെ പ്രഖ്യാപിക്കുക കൂടിയാണ് നമ്മുടെ ഖാൻ ജി. ഒടുവിൽ ചെന്നു ചെന്നു ഗാന്ധിജിയും നെഹ്രുവും നൽകിയ വാഗ്ദാനമാണ് മോദിയും അമിത് ഷായും ഇപ്പോൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നുവരെ പറഞ്ഞിരിക്കുന്നു നമ്മുടെ ഗവർണർ സാർ. ആരിഫ് ഖാൻറെ ഈ പ്രസ്താവത്തിനെതിരെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രംഗത്തു വന്നു കഴിഞ്ഞു. ഗവർണർ കേന്ദ്ര സർക്കാരിന്റെ പി ആർ ഓ കളിക്കുന്നു എന്നാണു മുൻ കെ പി സി സി പ്രസിഡന്റ് വി എം സുധീരനും കെ സി ജോസഫും മറ്റും ആക്ഷേപിക്കുന്നത്. പ്രിയ കോൺഗ്രസ് നേതാക്കളെ, ഇതിനെ വെറും പി ആർ ഓ പണിയെന്നു മാത്രം വിളിച്ചാൽ മതിയോ അതോ കുറച്ചുകൂടി കടുത്ത പ്രയോഗം തന്നെ വേണ്ടതില്ലേ എന്ന് നിങ്ങൾ തന്നെ ആലോചിക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories