TopTop
Begin typing your search above and press return to search.

പിടിയിലാകുന്ന വൈദ്യന്മാരും പിടിയിലാകാത്ത വൈദ്യന്മാരും

പിടിയിലാകുന്ന വൈദ്യന്മാരും പിടിയിലാകാത്ത വൈദ്യന്മാരും

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് തെറ്റായ ചികിത്സ നല്‍കിയെന്ന പരാതിയില്‍ മോഹനന്‍ വൈദ്യര്‍ എന്നയാള്‍ കായംകുളത്ത് പോലീസിന്റെ പിടിയിലായത്. നേരത്തെ മറ്റൊരു കുട്ടിയുടെ മരണത്തിനു കാരണമായെന്ന പേരില്‍ ഇദ്ദേഹത്തിനെതിരെ പോലീസ് കേസ് നിലവിലുണ്ട്. ആധൂനിക ചികിത്സ തെറ്റാണെന്നും രോഗകാരികളായ വൈറസിനെക്കുറിച്ചും മറ്റും അലോപ്പതി ഡോക്ടര്‍മാരൊക്കെ പറയുന്നത് ശരിയല്ലെന്നുമൊക്കെയുള്ള ഈ വൈദ്യന്റെ വാദവും അത് സ്ഥാപിച്ചെടുക്കാന്‍ നടത്തിയ തര്‍ക്ക വിതര്‍ക്കങ്ങളും കേരളത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതാണ്. ആയുര്‍വേദത്തിന്റേയും പാരമ്പര്യ ചികിത്സയുടേയും നാച്ചുറോപ്പതിയുടേയും ഒക്കെ പേരില്‍ ഇത്തരം വൈദ്യന്മാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവര്‍ നിലനില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ശാസ്ത്രങ്ങള്‍ക്ക് തന്നെ കളങ്കം വരുത്തുന്നുവെന്നതാണ് വാസ്തവം.

വ്യാപക അംഗീകാരം നേടിയ ആയൂര്‍വേദ ചികിത്സയില്‍ കേരളത്തിന് പ്രാമാണിക സ്ഥാനമാണുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും ആയുര്‍വേദ ചികിത്സയ്ക്കായി ആളുകള്‍ കേരളത്തിലെത്തുന്നുണ്ട്. കേരളത്തില്‍ ഏറെ മുന്നോട്ടുപോയിട്ടുള്ള പഞ്ചകര്‍മ്മ ചികിത്സ വിവിധ രോഗങ്ങള്‍ ശമിപ്പിക്കുന്നതിന് ഏറെ ഗുണകരവുമാണ്. വളരെ പ്രസിദ്ധങ്ങളായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വലുതും ചെറുതുമായ ഒട്ടേറെ ആയുര്‍വേദ കോളജുകളും ചികിത്സാലയങ്ങളും നമുക്കുണ്ട്. ആയൂര്‍വേദത്തെ തത്വചിന്തയെന്ന നിലയിലും പ്രയുക്തശാസ്ത്രം എന്ന തരത്തിലും വികസിപ്പിക്കുന്നതില്‍ അവയൊക്കെ വലിയ പങ്ക് വഹിക്കുകയും ചെയ്യുന്നു. ഇത്തരം മഹിത ഗാഥകള്‍ക്ക് മധ്യെയും കേരളത്തില്‍ ഏറ്റവും അധികം തട്ടിപ്പ് നടക്കുന്നതും ആയുര്‍വേദത്തിന്റേയും പാരമ്പര്യ ചികിത്സയുടേയും പേരിലാണെന്നത് നമ്മള്‍ കാണാതെ ഇരിക്കരുത്. ഒരു പഠനവും പരിശീലനവും ഇല്ലാതെ നാട്ടിലെമ്പാടും കൂണുപോലെ മുളച്ചുവരുന്ന വൈദ്യന്മാരും ചികിത്സാലയങ്ങളും ആയുര്‍വേദത്തിന് വലിയ വെല്ലുവിളിയും നാണക്കേടുമാണ് വരുത്തിവെയ്ക്കുന്നത്. അടുത്തിടെ ഇത് സംബന്ധിച്ച് കേരളത്തില്‍ മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത ഒന്നാണ് മോഹനന്‍ വൈദ്യരുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങള്‍. ഇത്തരം ഒരുപാട് വൈദ്യന്മാര്‍ നമുക്കിടയിലുണ്ട്. ആയുര്‍വേദത്തേയും പാരമ്പര്യ ചികിത്സയേയും പൊതുസമൂഹത്തില്‍ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതരത്തിലാണ് മോഹനന്‍ വൈദ്യരെപ്പോലുള്ളവര്‍ കാലങ്ങളായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍. ഇപ്പോള്‍ വ്യവഹാരത്തില്‍ പെട്ടിരിക്കുന്ന മോഹനന്‍ വൈദ്യര്‍ ആയൂര്‍വേദമോ അത്തരത്തിലുള്ള ഏതെങ്കിലും വൈദ്യശാസ്ത്ര ശാഖകളോ വ്യവസ്ഥാപിതമായി പഠിക്കുകയും പരിശീലിക്കുകയും ചെയ്തശേഷമാണോ ചികിത്സ നടത്തുന്നതെന്ന കാര്യത്തില്‍ ഈ ലേഖകന് വ്യക്തമായ ധാരണയില്ല. അദ്ദേഹത്തിന്റെ ചികിത്സാ നൈപുണിയെ കുറിച്ചും നേരിട്ട് ഒരറിവുമില്ല. എന്തായാലും വ്യവസ്ഥാപിതമായ പഠനപരിശീലനങ്ങള്‍ നടത്തിയയാള്‍ക്ക് സമ്യക്കായി കാര്യങ്ങള്‍ കാണുന്നതിന് സാധിക്കേണ്ടതാണ്. മോഹനന്‍ വൈദ്യരെപ്പോലുള്ളവരുടെ വാക്കിലും പ്രവൃത്തികളിലും പക്ഷെ അതല്ല മുഴച്ച് നില്‍ക്കുന്നത്. ആധുനിക ചികിത്സയ്ക്കും ശാസ്ത്ര സമീപനങ്ങള്‍ക്കുമെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തുകയും രോഗകാരികളായി ആധുനിക ശാസ്ത്രം കണ്ടെത്തിയ വൈറസുകളും മറ്റും ഇല്ലെന്നുമൊക്കെ പറഞ്ഞ് ഇദ്ദേഹത്തെ പോലുള്ളവര്‍ തെറ്റായ പ്രചാര വേലകള്‍ നടത്തിവരുന്നതിന കേരളം ഏറെ നാളുകളായി സാക്ഷികളാണ്. ഒറ്റമൂലികളും പൊടിക്കൈകളും മഹാവ്യാധികളെ വരെ മാറ്റും എന്ന അന്ധവിശ്വാസ ജടിലമായ ധാരണകള്‍ ഭരിക്കുന്ന ഒരു മഹാഭൂരിപക്ഷം എക്കാലത്തും വിദ്യാസമ്പന്നരെന്നു ധരിക്കുന്ന മലയാളികളില്‍ പെടുന്നു. മാന്ത്രിക ഔഷധങ്ങള്‍-മാജിക്കല്‍ റെമഡികള്‍ക്ക് പിന്നാലെ പായുന്നവര്‍ ഇക്കൂട്ടരാണ്. ഇവരെ മയക്കി പറ്റിയ്ക്കുകയാണ് ഒരു പരിശീലനവും പഠനവും ഇല്ലാതെ നാട്ടിലൊക്കെ മുളച്ചുപൊന്തുന്ന വൈദ്യന്മാര്‍. ഇത്തരം മാന്ത്രിക വൈദ്യന്മാര്‍ക്ക് പാരമ്പര്യ ചികിത്സയില്‍ പോലും അനുഭവ പരിചയമോ പഠന പശ്ചാത്തലമോ എന്തിന് ഏതെങ്കിലും ആയൂര്‍വേദ വൈദ്യന്റേയോ ഡോക്ടറുടേയോ അടുക്കല്‍ നിന്ന് കുറുന്തോട്ടി ചതച്ചുള്ള ശീലമോ പോലും ഉണ്ടാകണമെന്നില്ല. സോഷ്യല്‍ മീഡിയ അടക്കമുള്ള പലതരം സമ്പര്‍ക്ക മാധ്യമങ്ങളെ ഭംഗിയായി പ്രയോജനപ്പെടുത്തി ആളുകളെ ആകര്‍ഷിച്ച് പറ്റിക്കുകയാണ് ഇവരുടെ രീതി. ഇതിനൊക്കെ സാക്ഷ്യം പറയാന്‍ മായയിലും മന്ത്രത്തിലും വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്ന മലയാളി എമ്പാടും പ്രത്യക്ഷപ്പെടുകയും ചെയ്യും. ആധുനിക അലോപ്പതി ചികിത്സ വലിയ തട്ടിപ്പാണെന്നും മറ്റും ഇവര്‍ തട്ടിമൂളിക്കും. എല്ലാം ആയുര്‍വേദത്തിന്റെ ചെലവില്‍. മോഹനന്‍ വൈദ്യരെപ്പോലെയുള്ളവര്‍ നടത്തുന്ന ചികിത്സകളും ആയൂര്‍വേദത്തിന്റെ അക്കൗണ്ടിലാണ് വന്ന് വീഴുന്നത്. ഇതിനെ ചെറുക്കാന്‍ സര്‍ക്കാരിനോ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കോ അവരുടെ സംഘടനകള്‍ക്കോ കഴിയാതെ പോകുന്നുവെന്നതാണ് വാസ്തവം. തലമുറകളായി ആയുര്‍വേദ ചികിത്സ ചെയ്യുന്നവരുടെ കുടുംബത്തില്‍ ജനിച്ചയാളാണ് ഈ ലേഖകന്‍. കേരളത്തിലെ പഞ്ചകര്‍മ്മ ചികിത്സയുടെ ആധികാരിക ഗ്രന്ഥം രചിക്കുകയും വസ്തി അടക്കമുള്ള ചികിത്സകള്‍ ദക്ഷിണേന്ത്യയിലെമ്പാടും പ്രചാരത്തിലാക്കാന്‍ ഏറെ പ്രയത്നിക്കുകയും ചെയ്ത പാണാവള്ളി കൃഷ്ണന്‍ വൈദ്യര്‍ എന്ന മാതാമഹനെ കുറിച്ച് ഏതാനും ലക്കം മുന്‍പ് 'ഭാഷാപോഷിണി'യില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തില്‍ അദ്ദേഹം ഡോ. ഐ.എന്‍. പെരുമാള്‍ പിള്ളയില്‍ നിന്നും അലോപ്പതി ശസ്ത്രക്രീയ വിദ്യ പഠിച്ചതിനെ കുറിച്ച് വിശദമാക്കിയ ഭാഗം ഞാന്‍ ഓര്‍മ്മിക്കുകയാണ്. 1900ങ്ങളുടെ പ്രാരംഭ ദശയില്‍ നടന്ന കാര്യമാണിത്. അന്നു പോലും ആധുനിക ചികിത്സയോട് പുറം തിരിഞ്ഞുനിന്നോ അതിനെ കുറ്റം പറഞ്ഞോ ആയിരുന്നില്ല ആയുര്‍വേദം എന്ന ശാസ്ത്രം കൂടുതല്‍ വിപുലമായിക്കൊണ്ടിരുന്നത്. ആയൂര്‍വേദം അതിന്റെ പാരമ്പര്യ ശുദ്ധിയിലും തികവിലും പ്രാക്ടീസ് ചെയ്യുമ്പോഴും മറ്റു ശാസ്ത്രങ്ങളെ അവര്‍ പഠിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തു. തത്വചിന്താപരവും വീക്ഷണപരവുമായ വ്യത്യസ്ത തലങ്ങളിലാണ് ആയുര്‍വേദവും ആധുനികശാസ്ത്രവും നില്‍ക്കുന്നതെന്ന കാര്യം മനസ്സിലാക്കാതെയല്ല ഇതെഴുതുന്നത്.

പ്രാമാണികന്മാരായ എല്ലാ വൈദ്യന്മാരും ആധുനിക ശാസ്ത്രത്തിന്റെ പ്രധാന്യവും സഹായവും അറിവും പങ്കുപറ്റിക്കൊണ്ടാണ് തങ്ങളുടെ പ്രയുക്ത ശാസ്ത്രത്തെ കൂടുതല്‍ കരുത്തുറ്റതാക്കിക്കൊണ്ടിരുന്നത്. അല്ലാതെ ആര്‍ക്കും മുന്നോട്ട് പോകുവാനും കഴിയില്ല. പരമ്പരാഗത ആയുര്‍വേദ വൈദ്യന്മാരുടെ കുടുംബത്തില്‍ ജനിച്ച് ആയുര്‍വേദത്തില്‍ ബിരുദം നേടിയ ശേഷം ആധുനിക ചികിത്സ പഠിക്കുകയും പ്രയോഗിക്കുകയും ആരോഗ്യ വകുപ്പ് ഡയറക്ടറാവുകയും ഒക്കെ ചെയ്ത ഡോ. സി.കെ. രാമചന്ദ്രനെ പോലുള്ളവര്‍ ഇപ്പോഴും കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ട്. എന്നാല്‍ മലയാളി പോയിവീഴുന്നത് അത്ഭുത മരുന്നുകള്‍ നല്‍കുന്നവരുടെ സവിധത്തിലാണ്. വിദേശങ്ങളില്‍ നിന്നും മറ്റും ഇത്തരക്കാര്‍ക്ക് സാക്ഷ്യം പറയാനെത്തുന്ന മലയാളികളെ കുറിച്ച് എന്തു പറയാന്‍? ഇത് മലയാളികളുടെ മനസ്സിന്റെ തലതിരിവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഒരു വൈദ്യ പശ്ചാത്തലവും ഇല്ലാത്തവര്‍ ഒരു സുപ്രഭാതത്തില്‍ മഹാവൈദ്യന്മാരായി പ്രത്യക്ഷപ്പെടുമ്പോള്‍ അവര്‍ക്ക് നിര്‍ബാധം പ്രവര്‍ത്തിക്കാന്‍ നമ്മുടെ സമൂഹത്തില്‍ സാധ്യമാകുന്നത് എന്തുകൊണ്ടാണ്? ഇത്തരക്കാരെ നിരീക്ഷിക്കാന്‍ നമുക്ക് ഒരു വ്യവസ്ഥാപിത സമ്പദ്രായങ്ങളും ഇല്ലാതെ പോകുന്നത് എന്തേ? കുടില്‍ വ്യവസായം പോലെയാണ് തിരുമുശാലകള്‍. ടൂറിസത്തിന്റെ മറവില്‍ നടക്കുന്ന തിരുമുശാലകളിലെ പ്രവര്‍ത്തനങ്ങളും വിപരീതാനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊതുമനസാക്ഷി ചെന്നെത്തുക ആയുര്‍വേദത്തിനെതിരെ തന്നെയാകും. ഹ്യൂമന്‍ അനാട്ടമിയും ഫിസിയോളജിയും ഒന്നും പഠിക്കാതെ പരമ്പരാഗതമായ തിരുമുപോലും ശീലിക്കാതെയാണ് ഇവരൊക്കെ പ്രവര്‍ത്തിക്കുന്നത്. അക്കാദമിക പഠനം നടത്തുന്നില്ലെന്നത് പോട്ടെ, പരമ്പരാഗത വൈദ്യന്മാരുടെ അടുത്ത് പോലും വേണ്ടവണ്ണം പഠനം നടത്താതെയാണിവര്‍ കുഴമ്പും എണ്ണയുമായി ഇറങ്ങുന്നത്. പതിറ്റാണ്ടുകളുടെ ഗുരുകുല ശിക്ഷണം ഇല്ലാതെ ഒരു തിരുമുകാരന് സ്വന്തം നിലയിലുള്ള ചികിത്സ സാധ്യമാകില്ലെന്നാണ് ഈ മേഖലയില്‍ പാണ്ഡിത്യമുള്ളവര്‍ പറഞ്ഞുകേട്ടിട്ടുള്ളത്. അപ്പോഴാണ് ലോകത്തിലെ ഏത് രോഗത്തിനും തന്റെ പക്കല്‍ ചികിത്സയുണ്ടെന്ന അവകാശ വാദവുമായി വ്യാജന്മാര്‍ പൊട്ടിമുളയ്ക്കുന്നത്. പല രോഗങ്ങള്‍ ബാധിച്ചവരേയും തിരുമുന്നത് അനുവദനീയമായ കാര്യമല്ല. പക്ഷെ, ഇതൊന്നും അറിയാതെ തിരുമുകയും കൂടുതല്‍ രോഗപീഡകളിലേക്ക് ആളുകളെ എത്തിക്കുകയും ചെയ്യുന്നത് ഒഴിവാക്കപ്പെടേണ്ടത് തന്നെ. തികഞ്ഞ ശ്രദ്ധയോടെ നാട്ടുവൈദ്യം നടത്തുന്നവര്‍ക്ക് പോലും മാനക്കേടാണ് ഇത്തരം വ്യാജന്മാരുടെ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ട് തന്നെ വ്യാജന്മാരുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. കേരളത്തിലിപ്പോള്‍ ഒരു തരത്തിലുള്ള പരിശോധനകളും ഈ മേഖലയില്‍ കാര്യക്ഷമമായി നടക്കുന്നതായി തോന്നുന്നില്ല, ആര്‍ക്കും കേറി കൊട്ടാവുന്ന ചെണ്ടയായി ആയൂര്‍വേദവും പാരമ്പര്യ ചികിത്സയും നാട്ടുവെദ്യവും ഒക്കെ മാറിത്തീര്‍ന്നിരിക്കുന്നു. എല്ലായിടങ്ങളും അത്തരത്തിലാണെന്ന മുന്‍വിധിയോടെയല്ല പറയുന്നത്. ഇക്കാര്യത്തില്‍ കൃത്യമായ ചെക്സ് ആന്‍ഡ് ബാലന്‍സസ് ഇല്ലാതെ പോയാല്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുക തന്നെ ചെയ്യും. വാദ്യത്തിനു നടന്നവരും ചിട്ടിപ്പിരിവിനു നടന്നവരുമൊക്കെ ഒരു സുപ്രഭാതത്തില്‍ വൈദ്യവേഷം അണിഞ്ഞ് പ്രത്യക്ഷപ്പെടുന്നതു കാണുന്നു. മഹാവൈദ്യന്മാരായി വിലസുന്നു. കുറെ എണ്ണകളും കുഴമ്പുകളും സംഘടിപ്പിച്ച് കഷായത്തിലും അരിഷ്ടത്തിലും ഇംഗ്ളീഷ് മരുന്നുകള്‍ ചേര്‍ത്ത് നല്‍കുന്ന തട്ടിപ്പുകാരും കുറവല്ല. ആയുര്‍വേദത്തിന്റേയും പാരമ്പര്യ -സമാന്തര ചികിത്സകളുടേയും പേരില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് എഴുതാന്‍ തുടങ്ങിയാല്‍ അവസാനം ഉണ്ടാകുകയില്ല. ഇവരെയിങ്ങനെ നിര്‍ബാധം വിലസാന്‍ വിടരുത്. വ്യാജന്മാരേക്കാളും ഇക്കാര്യത്തില്‍ കുറ്റം പറയേണ്ടത് അവരുടെ അടുക്കല്‍ സ്വന്തം ശരീരത്തെ പരീക്ഷണത്തിന് എറിഞ്ഞുകൊടുക്കുന്നവരെയാണ്. ഹൃദ്രോഗികള്‍വരെ ഇത്തരം വ്യാജ തിരുമുകാരെ തേടി ചെല്ലുന്നുവെന്ന് പറയുമ്പോള്‍ കേരളത്തിന്റെ അവസ്ഥയില്‍ മൂക്കത്ത് വിരല്‍ വെയ്ക്കുകയല്ലാതെ എന്തു ചെയ്യാന്‍? ഇത്തരം മാന്ത്രിക വൈദ്യന്മാരെ കുറിച്ച് ഒരു പാട് പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ കേള്‍ക്കാറുണ്ട്. ഏതോ ഒരു അതിമാനുഷനോ മാനുഷിയോ പ്രത്യക്ഷപ്പെട്ട് നല്‍കിയ വരദാനമാണ് ഇവരുടെ ചികിത്സാ ജ്ഞാനം എന്നൊക്കെ തട്ടിമൂളിക്കാന്‍ വിദ്യാസമ്പന്നരായ മലയാളികള്‍ക്ക് ഒരു മടിയും ഇല്ല. വ്യക്തമായ പഠനവും പരിശീലനവും ഇല്ലാതെ ഒരു ആരോഗ്യശാസ്ത്രവും പ്രവൃത്തിപഥത്തിലെത്തിക്കാന്‍ ആവില്ലെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി തന്നെ ധാരാളം. ഇത്തരം സാമാന്യ യുക്തിപോലും മറന്നാണ് ഈ മാന്ത്രിക വൈദ്യന്മാര്‍ക്ക് മുന്നില്‍ നമ്മള്‍ വരിനില്‍ക്കാനെത്തുന്നത്. ആത്മീയാചാര്യന്മാരൊക്കെ രോഗം വരുമ്പോള്‍ ചികിത്സിക്കാനായി ഏറ്റവും ആധുനികമായ ആശുപത്രിയെ തന്നെ ശരണം പ്രാപിക്കുന്നുവെന്ന സത്യവും മറന്നുകളയരുത്. രോഗം വരുമ്പോള്‍ രോഗകാരണങ്ങളെ കണ്ടെത്തി അവയെ വാരണം ചെയ്ത് ചികിത്സിച്ച് ഭേദമാക്കുക മാത്രമാണ് പരിഹാരം. വേറെ ഇടവഴികളൊന്നും അതിനില്ല. ഒരു ശാസ്ത്രവും അത്തരം ഇടവഴികള്‍ പ്രദാനം ചെയ്യുന്നുണ്ടെന്ന് ചിന്താശീലന്മാര്‍ക്ക് വിശ്വസിക്കാനും തരമില്ല. (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories