TopTop
Begin typing your search above and press return to search.

ലീഗിനെ കുരുക്കി യു ഡി എഫിനെ തളയ്ക്കാന്‍ ഇടതു മുന്നണി, പ്രക്ഷുബ്ധമാവുന്ന കേരള രാഷ്ട്രീയം

ലീഗിനെ കുരുക്കി യു ഡി എഫിനെ തളയ്ക്കാന്‍ ഇടതു മുന്നണി, പ്രക്ഷുബ്ധമാവുന്ന കേരള രാഷ്ട്രീയം


മഞ്ചേശ്വരം എം എൽ എ എം സി കമറുദ്ദീന് പിന്നാലെ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കൂടി അറസ്റ്റിലായത് മുസ്ലിം ലീഗിനെ മാത്രമല്ല യു ഡി എഫിനെയും പ്രതിരോധത്തിലാക്കിയിരിക്കുന്നു. ഇ ഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ കയറൂരിവിട്ടു കേന്ദ്ര സർക്കാരും പ്രസ്തുത അന്വേഷണങ്ങളുടെ തണൽ പറ്റി യു ഡി എഫും കേരളത്തിലെ ഇടതു മുന്നണി സർക്കാരിനെ പ്രധിരോധത്തിലാക്കുമ്പോൾ തന്നെയാണ് കമറുദ്ദീന്റെയും ഇബ്രാഹിം കുഞ്ഞിന്റെയുമൊക്കെ അറസ്റ്റ് എന്നതിനാൽ ആരൊക്കെ എങ്ങനെയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും ഒരു വലിയ കുരുക്കിൽ തന്നെയാണ് മുസ്ലിം ലീഗും യു ഡി എഫും ചെന്നുപെട്ടിരിക്കുന്നത്. കമറുദീനും ഇബ്രാഹിം കുഞ്ഞിനും പിന്നാലെ അഴീക്കോട് എം എൽ എ യും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ എം ഷാജിയും അറസ്റ്റിന്റെ വക്കിലാണ്. മുസ്ലിം ലീഗിനെ വല്ലാതെ അസ്വസ്ഥമാക്കുന്ന മറ്റൊന്ന് പ്രതിപക്ഷ ഉപനേതാവുകൂടിയായ എം കെ മുനീർ എം എൽ എ യും ഒരു ഭൂമി തട്ടിപ്പുകേസിൽ അന്വേഷണം നേരിടുന്നുവെന്നതാണെങ്കിൽ യു ഡി എഫിനെ മൊത്തത്തിൽ അസ്വസ്ഥമാക്കാൻ പോന്ന ഒന്നാണ് ബാർക്കോഴ കേസിൽ ബാർ ഉടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ അന്വേഷണം നേരിടാൻ പോകുന്നുവെന്നത്. എന്നാൽ കിഫ്ബിയെക്കുറിച്ചും മസാല ബോണ്ടിനെക്കുറിച്ചും ഉള്ള സി എ ജി റിപ്പോർട്ടിലെ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പോന്ന ചില പരാമർശങ്ങൾ ഉണ്ടെന്നതിലും നിയസഭയിൽ വെക്കുന്നതിനു മുൻപ് സി എ ജി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടുക വഴി ധനമന്ത്രി തോമസ് ഐസക് ചട്ടലംഘനം നടത്തയെന്ന ആക്ഷേപത്തിലും അവർ താൽക്കാലികമായെങ്കിലും ആശ്വാസം കണ്ടെത്തുന്നു.
എന്നാൽ സ്വണ്ണക്കടത്തുകേസിൽ തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും സർക്കാരിന്റെ അഭിമാന പദ്ധതികളായ ലൈഫ് മിഷൻ, കെ ഫോൺ, ഹൈടെക് സ്കൂൾ എന്നിവയിലേക്കും കടന്നുകയറിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്റെ മറപിടിച്ചു ഇനിയും ഏറെ മുന്നോട്ടുപോകാനാവാത്ത ഒരു അവസ്ഥയിലേക്കാണ് ഇപ്പോൾ മുസ്ലിം ലീഗും യു ഡി എഫും എത്തിച്ചേർന്നിരിക്കുന്നത്. മഞ്ചേശ്വരം എം എൽ എ, എം സി കമറുദ്ദീന് പിന്നാലെ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞും അറസ്റ്റിലായതിനെ 'രാഷ്ട്രീയ പകപോക്കൽ' എന്ന മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടിയുടെ വാക്കുകളിലും ' മുൻകൂട്ടി പ്രഖ്യാപിച്ചു ഒന്നിന് പിറകെ മറ്റൊന്ന്' എന്ന മുറക്കുള്ള അറസ്റ്റുകൾ നടക്കുന്നുവെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രതികരണത്തിലും ആ ദൈന്യത നിറഞ്ഞുനിൽക്കുന്നുണ്ട്. പാലാരിവട്ടം മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട അഴിമതികേസിൽ മുൻ പൊതുമരാമത്തു മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റു പ്രതീക്ഷിച്ചിരുന്നതാണെങ്കിലും മഞ്ചേശ്വരം എം എൽ എ, എം സി കമറുദീനെതിരായ നിക്ഷേപ തട്ടിപ്പു കേസും തുടർന്നുള്ള അറസ്റ്റും തികച്ചും അപ്രതീക്ഷിതമായിരുന്നു. ഏതാണ്ട് അതുപോലെതന്നെയാണ് നിനച്ചിരിക്കാത്ത നേരത്തുള്ള ബിജു രമേശിന്റെ ബാർക്കോഴ കേസുമായി ബന്ധപ്പെട്ടുള്ള പുതിയ വെളിപ്പെടുത്തലും.നിപ പ്രതിരോധത്തിലും തുടർന്ന് തുടർച്ചയായി രണ്ടുതവണയുണ്ടായ പ്രളയത്തെ കൈകാര്യം ചെയ്യുന്നതിൽ കാട്ടിയ മികവിനും പിന്നാലെ കോവിഡ്-19 നെ പിടിച്ചുകെട്ടുന്നതിൽ തുടക്കം മുതൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറിന്റെയും നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ കൃത്യമായ ഇടപെടലുകളിലൂടെയും തിളക്കമാർന്ന പ്രതിച്ഛായ കൈവരിച്ച പിണറായി വിജയൻ സർക്കാരിനു മുന്നിൽ ഒരു തുടർഭരണത്തിനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞുവന്ന ഘട്ടത്തിലാണ് നയതന്ത്ര ബാഗേജിലുടെയുള്ള സ്വർണക്കടത്തു കേസിലൂടെ സർക്കാരിനെതിരെ ആഞ്ഞടിച്ചു തുടർഭരണ സാധ്യതക്കു മങ്ങലേൽപ്പിക്കാനുള്ള അവസരം പ്രതിപക്ഷത്തിന് വീണൂകിട്ടിയതു. കിട്ടിയ അവസരം ഒരു സുവർണാവസരമാക്കി മാറ്റാൻ യു ഡി എഫും ബി ജെ പി യും ചേർന്ന് ഒറ്റക്കെട്ടായി ശ്രമിച്ചുവരവെയാണ് മുസ്ലിം ലീഗിനെയും യു ഡി എഫിനെയും പ്രതിരോധത്തിലാക്കാൻ പോന്ന
കമറുദ്ദീ
ന്റെയും ഇബ്രാഹിം കുഞ്ഞിന്റെയുമൊക്കെ അറസ്റ്റും രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കാൻ പോന്ന ബാർക്കോഴക്കേസിലെ പുതിയ വെളിപ്പെടുത്തലും.

പക്ഷെ അപ്പോഴും ഈ കാലവും കടന്നു പോകും ഇല്ലെങ്കിൽ കടത്തിവിടും എന്ന പ്രഖ്യാപനവുമായി മുൻ നിര വാർത്താ ചാനലുകളും വലതുപക്ഷ അച്ചടി മാധ്യങ്ങളും നിറംപിടിപ്പിച്ച കഥകളും തികച്ചും രാഷ്ട്രീയ പ്രേരിതമായ അന്തിചർച്ചകളും രാഷ്ട്രീയ വിശകലനങ്ങളുമൊക്കെയായി നടത്തുന്ന സർക്കാർ, പിണറായി വേട്ടകളിലൂടെ നൽകുന്ന അകമഴിഞ്ഞ പിന്തുണ അവർക്കു നൽകുന്ന ആശ്വാസം ഒട്ടും ചെറുതല്ല. മകനെതിരായ മയക്കുമരുന്ന് കേസും തുടർന്നുള്ള അറസ്റ്റും വെച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും അതുവഴി ഇടതുമുന്നണിക്കും സർക്കാരിനും നേതൃത്വം നൽകുന്ന സി പി എമ്മിനും എതിരെയുള്ള ആക്രമണത്തിന് പ്രതിപക്ഷവും മാധ്യമങ്ങളും മൂർച്ച കൂട്ടുന്ന വേളയിൽ തുടർചികിത്സയുടെ പേരിൽ കോടിയേരിക്കു അവധി അനുവദിച്ചത്. കോടിയേരി ഇതിപ്പോൾ മാറും, ഇതാ മാറിക്കഴിഞ്ഞു എന്നൊക്കെ പറഞ്ഞു അരങ്ങു കൊഴുപ്പിക്കുമ്പോഴും ഇങ്ങനെയൊരു നീക്കം സി പി എം നടത്തുമെന്ന് അവർ വിചാരിച്ചതല്ല. കോടിയേരിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റം സി പി എമ്മിനെ സംബന്ധിച്ചെടത്തോളം താൽക്കാലത്തേക്കെങ്കിലും പ്രതിപക്ഷ, മാധ്യമ ആക്രമണങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാനുള്ള കരുത്തു നൽകുന്നുണ്ട്. ഇടതു മുന്നണിയിലെ ഘടക കക്ഷികൾക്കും ആശ്വാസം പകരാൻ പോന്ന നീക്കമായി അത്. പക്ഷെ അപ്പോഴും സി പി എമ്മിനും ഇടതു മുന്നണിക്കും ഈയൊരറ്റ ആശ്വാസത്തിൽ മാത്രം പിടിച്ചുനില്‍ക്കാനാവുമെന്നു തോന്നുന്നില്ല. കാരണം അത്രമേൽ ശക്തമാണ് നിഷ്പക്ഷത വെടിഞ്ഞുള്ള കുത്തക മാധ്യമങ്ങൾ നടത്തുന്ന സർക്കാർ വിരുദ്ധ, പിണറായി വിരുദ്ധ പ്രചാരണം.
നിഷ്പക്ഷ മാധ്യമ പ്രവർത്തനം നിഷ്കർഷിക്കുന്ന എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ട് അവര്‍ നടത്തുന്ന പ്രചാരവേലയെ തുറന്നുകാണിക്കാൻ സി പി എമ്മും ഇടതുമുന്നണിയുമൊക്കെ പരമാവധി ശ്രമം നടത്തുമ്പോഴും മാധ്യമങ്ങളുടെ പ്രചാരണങ്ങളിൽ അതിനു പിന്നിലെ രാഷ്ട്രീയ ദുഷ്ടലാക്ക് തിരിച്ചറിയാതെ കൂടുതൽ കൂടുതൽ പേർ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു എന്ന സൂചനകളും ലഭിക്കുന്നുണ്ട്. സി പി എമ്മിന്റെയോ സി പി ഐ അടക്കമുള്ള ഘടകകക്ഷികളുടെയോ നേതാക്കളും പ്രവർത്തകരും അടിയുറച്ച പാർട്ടി വിശ്വാസികളുമല്ലാത്തവരെങ്കിലും എന്നും ഇടതുപക്ഷത്തോട് ചേർന്നു നിന്നുപോന്നവരിൽ ആശയകുഴപ്പം ഉണ്ടാക്കാൻ മാധ്യമങ്ങളുടെ പ്രചാരവേലക്കു ചെറിയ തോതിലെങ്കിലും സാധിച്ചിട്ടുണ്ടെന്നാണ് അത്തരത്തിൽ പെട്ട പലരുമായും സംസാരിച്ചതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്. ചുരുക്കത്തിൽ
കമറുദ്ദീ
ന്റെയും ഇബ്രാഹിം കുഞ്ഞിന്റെയുമൊക്കെ അറസ്റ്റും കെ എം ഷാജിക്കും മറ്റും എതിരെയുള്ള കേസുകളും രമേശ് ചെന്നിത്തല അടക്കമുള്ള മറ്റു ചില വലിയ നേതാക്കൾ കോഴ ആരോപണത്തിന്റെ നിഴലിലായെന്നതും മാത്രം ചൂണ്ടിക്കാട്ടി തദ്ദേശ തിരഞ്ഞെടുപ്പിനെയോ തൊട്ടു പിന്നാലെ നടക്കേണ്ട നിയസഭ തിരഞ്ഞെടുപ്പിനെയോ നേരിടാനാവില്ലെന്നിടത്തേക്കാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories