TopTop
Begin typing your search above and press return to search.

പുല്ലുമാടങ്ങള്‍, നാലുപുരകള്‍, ലംബനിര്‍മിതികള്‍; മനുഷ്യര്‍ പാര്‍ക്കുന്ന ഇടങ്ങള്‍: മലയാളിത്തത്തിന്റെ സഞ്ചാര വഴികള്‍- 4

പുല്ലുമാടങ്ങള്‍, നാലുപുരകള്‍, ലംബനിര്‍മിതികള്‍; മനുഷ്യര്‍ പാര്‍ക്കുന്ന ഇടങ്ങള്‍: മലയാളിത്തത്തിന്റെ സഞ്ചാര വഴികള്‍- 4

മലയാളിത്തത്തിന്റെ സഞ്ചാര വഴികള്‍ -4

(പാര്‍പ്പിടങ്ങള്‍ പാര്‍ക്കുന്ന ഇടങ്ങള്‍ മാത്രമല്ല. അതിബൃഹത്തായ ചരിത്രവും രാഷ്ട്രീയവും അതിലുണ്ട്. മലയാളിത്തത്തിന്റെ സഞ്ചാര വഴികളുടെ ഈ ലക്കം കണ്ണോടിക്കുന്നത് നമ്മുടെ പാര്‍പ്പിട പുരാവൃത്തങ്ങളിലേക്കാണ്. അത് നീളുന്നത് മറ്റ് പല ഇടങ്ങളിലേക്കും കൂടിയാവുന്നു.)

ആദ്യമൂന്ന് ഭാഗങ്ങള്‍ ഇവിടെ വായിക്കാം-

ആഹാരമെന്ന അധികാരം, പദവി, വിശ്വാസം - മലയാളിത്തത്തിന്റെ സഞ്ചാര വഴികള്‍ - 3
അരിയാഹാരം കഴിക്കുന്ന മലയാളി - മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍- 2, മലയാളി മുണ്ടുടുക്കാന്‍ തുടങ്ങിയത് എന്നാണ്?- മലയാളിത്തത്തിന്റെ സഞ്ചാരവഴികള്‍- 1

പാര്‍ക്കുന്ന ഇടമാണ് പാര്‍പ്പിടം. ഓരോരുത്തര്‍ക്കും സ്വസ്ഥതയും സുരക്ഷിതത്വവും ശാന്തിയും ഏകുന്ന ഇടം. അസ്വസ്ഥരാകുമ്പോള്‍ നമ്മള്‍ പൊറുതി മുട്ടിപ്പോകുന്നുവെന്നാണ് പറയാറ്. എല്ലാത്തരും അശാന്തതകളും നമ്മളുടെ പൊറുതി മുട്ടിക്കുന്നവയാകുന്നു-സാമൂഹികവും വൈകാരികവും സാമ്പത്തികവും രാഷ്ട്രീയവും ഒക്കെയായ അശാന്തികള്‍. അതുകൊണ്ടാണ് നാം പാര്‍പ്പാക്കുന്ന ഇടങ്ങള്‍ ഇത്രമേല്‍ പ്രസക്തങ്ങളാവുന്നത്. കാറ്റില്‍ നിന്നും മഴയില്‍ നിന്നും മറ്റ് പ്രകൃത്യാഘാതങ്ങളില്‍ നിന്നും ദ്രോഹകാരികളായി കരുതുന്ന ജീവികളില്‍ നിന്നും സ്വന്തം വര്‍ഗക്കാരായ ശത്രുക്കളില്‍ നിന്നും രക്ഷിച്ചു നിര്‍ത്തുകയെന്ന കേവലം ഭൗതികമായ ധര്‍മ്മത്തിനപ്പുറം പാര്‍പ്പിടങ്ങള്‍ ഏറെ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നവയാണ്. ആത്മീയവും ഭൗതികവും ആയ എല്ലാത്തരം ബന്ധങ്ങളുടേയും അഭയസ്ഥനമാകുന്നു നാം പാര്‍ക്കുന്ന ഇടങ്ങള്‍. വ്യക്തികള്‍ തമ്മിലും സമൂഹവും വ്യക്തിയുമായും ഒക്കെയുള്ള ബന്ധങ്ങളെ നിര്‍ണയിക്കുന്നതില്‍ അവ പ്രധാനമാണ്. അതുകൊണ്ടുതന്നെ പാര്‍പ്പിടം നില്‍ക്കുന്ന സ്ഥലവും അതിന്റെ പശ്ചാത്തലവും പൊതുസൗകര്യങ്ങളുമൊക്കെ തന്നെ വലിയ സാമൂഹിക സൂചകങ്ങള്‍ ആയിത്തീരുന്നുണ്ട്.

കേരളത്തിന്റെ പാര്‍പ്പിട സംസ്‌കാരത്തെ കുറിച്ചുള്ള ചിന്തകള്‍ ഇവിടെ നിലനിന്നിരുന്ന ശ്രേണിബദ്ധമായ, ഫ്യൂഡല്‍ സാമൂഹിക ക്രമത്തിലേക്ക് നമ്മളെ കൊണ്ടുപോകുന്നു. ജാതി മതങ്ങളുമായും അവ മുന്നോട്ട് വെച്ച വിവേചനങ്ങളുടെ പ്രത്യശാസ്ത്രങ്ങളുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നതാണിവിടത്തെ പാര്‍പ്പിട സംസ്‌കാരം. പഴയ സമൂഹത്തില്‍ ഓരോ ജാതിയ്ക്കും സവിശേഷമായ വാസസ്ഥാനങ്ങളും വാസസ്ഥലങ്ങളുമുണ്ടായിരുന്നു. വ്യത്യസ്ത പേരുകളും ഗൃഹങ്ങള്‍ക്ക് വലിപ്പചെറുപ്പങ്ങളും ഉണ്ടായിരുന്നു. സാധാരണക്കാരുടെ താമസ സ്ഥലങ്ങള്‍ താമസ ഭാവങ്ങള്‍ പൂണ്ടവയായിരുന്നു. വൈക്കോല്‍ കൊണ്ടോ തെങ്ങിന്റൊയോ പനയുടേയൊ മറ്റും ഓല ഉപയോഗിച്ചും നിര്‍മ്മിക്കുന്ന ചെറിയ കുടിലുകളായിരുന്നു പഴയ മലയാള നാട്ടിലെ ദരിദ്രനാരായണന്മാരുടെ വാസസ്ഥലം. നമ്മുടെ ഗ്രാമങ്ങളിലെ സാധാരണ കാഴ്ചകളായിരുന്നു നരകസമാനങ്ങളായ ഇത്തരം കുടിലുകള്‍. ഇത്തരം വീടുകളെ മലയാളികള്‍ ചെറ്റപ്പെര എന്നും ചെറ്റവീട് എന്നൊക്കെ സാധാരണ പറയാറുണ്ട്. മലയാളത്തില്‍ സംസ്‌കാരമില്ലായ്മ എന്നോ മോശത്തരം എന്നോ ഉള്ള അര്‍ഥത്തില്‍ പ്രയോഗിച്ചു വരുന്ന വാക്കാണ് ചെറ്റ എന്നത്. ഇത് രൂപപ്പെട്ടതും ചെറ്റക്കുടിലുകളുമായി ബന്ധപ്പെടുത്തിയവണം. ചെറ്റയില്‍ താമസിക്കുന്നവരൊക്കെ സംസ്‌കാര ഹീനര്‍ എന്ന അര്‍ഥത്തില്‍ ഫ്യൂഡല്‍ കാലത്തില്‍ രൂപപ്പെട്ടതാവണം. വളരെ ജനവിരുദ്ധമായ ഈ പ്രയോഗം സമൂഹത്തിലെ ഉന്നതര്‍പോലും കരുതലില്ലാതെ ഉപയോഗിച്ചു പോരുന്നതു കാണാം. സമൂഹത്തിലെ അധമത്വങ്ങളേയും മോശത്തരങ്ങളേയും ദ്യോതിപ്പിക്കുന്ന ഒട്ടേറെ വാക്കുകള്‍ ഇത്തരത്തില്‍ കീഴാളജീവിതവുമായി ബന്ധപ്പെടുത്തി പ്രയോഗിക്കുന്നതു നമുക്ക് കാണാം. അധീശത്വത്തെ ഊട്ടിയുറപ്പിക്കുന്ന മറ്റൊരു തലം ആകുന്നു ഇത്.

അയിത്തം കൂടാതെ ജീവിക്കുകയെന്നതായിരുന്നു പഴകാല കേരളീയ സമൂഹത്തെ നയിച്ച ചാലകങ്ങളിലൊന്ന്. ഓരോ ജാതിയും അടുത്ത താണജാതിയില്‍ നിന്നും എത്രമാത്രം അകന്ന് താമസിക്കാമോ അതായിരുന്നു ആഭിജാത്യത്തിന്റെ കൊടിയടയാളം, മോക്ഷത്തിന്റേയും. നമ്പൂതിരിയുടെ താമസസ്ഥലത്തിനു ദൂരെ അമ്പലവാസികള്‍, അതിനുമകലെ നായര്‍, അവിടവും വിട്ട് ഈഴവര്‍, വിദൂരവിദൂരങ്ങളായ പുറമ്പോക്കുകളില്‍ മറ്റുള്ളജാതിക്കാര്‍. അന്യോന്യം കണ്ടു പാപം വരുത്താതെ ഓരോ ജാതിയും ജീവിച്ചതായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള കേരളത്തിലെ സാമൂഹ്യ ചിത്രം. പിന്നീടാണ് പതുക്കെ പതുക്കെ സ്ഥിതികള്‍ മാറിത്തുടങ്ങിയത്.

സമകാലീന മലയാളി ഇന്ത്യയില്‍ മറ്റൊരിടത്തും കാണാത്തതരത്തില്‍ നഗരവല്‍കൃതരാണ്. കേരളത്തിലെ ഗ്രാമങ്ങള്‍ പോലും ഇന്ന് വല്ലാതെ നഗരവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. പണ്ട് അതായിരുന്നില്ല സ്ഥിതി. നഗരവാസവും നാഗരികതയും പഴയ മലയാളികള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇന്ത്യയില്‍ മറ്റിടങ്ങളില്‍ കാണുന്നതുപോലെ നിരത്തിപ്പിടിച്ചു പണിചെയ്ത ഭവനങ്ങളുള്ള സ്ഥലങ്ങള്‍ കേരളത്തില്‍ കുറവായിരുന്നുവെന്ന് സഞ്ചാരികളില്‍ പലരും രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടണം വിട്ട് ഉള്‍പ്രദേശത്തെ, സ്വന്തം വളപ്പില്‍ ചില്ലറ കൃഷിപ്പണികളുമായി ഒതുങ്ങിക്കൂടാന്‍ ഇഷ്ടപ്പെട്ടവരായിരുന്നു 20-ാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള മലയാളികളില്‍ അധികവും. നഗരവും നാഗരികത്വവും അവര്‍ അത്രയ്‌ക്കൊന്നും അന്ന് ഇഷ്ടപ്പെട്ടില്ല. സമതലങ്ങളിലും കുന്നിന്‍ ചരിവുകളിലും വയലേലകളിലും പരന്നു കിടക്കുന്നതായിരുന്നു അക്കാലത്തെ വാസഗൃഹങ്ങള്‍. ഫ്‌ളാറ്റ് സംസ്‌കൃതിയുടെ വര്‍ത്തമാന കാലത്ത് ലംബനിര്‍മിതികളാണ് അധികവും. സ്ഥല പരിമിതിയും ഏറുന്ന വാസഗൃഹങ്ങളുടെ ആധിക്യവും വര്‍ധമാനമായ നഗര കേന്ദ്രീകരണവും ഒക്കെയാണ് അതിനു വഴിവെക്കുന്നത്.

പണ്ട്, പാര്‍പ്പിടങ്ങള്‍ക്കും പാര്‍പ്പുറപ്പിക്കേണ്ട ഇടങ്ങള്‍ക്കുമുണ്ടായിരുന്നു ജാതി. താണജാതിക്കാര്‍ക്ക് തങ്ങളുടെ വീടിനെ തനതുപേരില്‍ നമ്പൂതിരിമാര്‍ തുടങ്ങിയ മേല്‍ജാതിക്കാരുടെ മുന്നില്‍ പറഞ്ഞുകൂടെന്ന കാര്യം വില്യം ലോഗന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വയം നന്ദിച്ചുകൊണ്ടും, അധകൃതനാണെന്ന് സമ്മതിച്ചുകൊണ്ടും, മേലാളന്മാരുടെ മുന്നില്‍ സ്വവസതിയെ ചാണകക്കുണ്ടെന്നാണ് പറയേണ്ടിയിരുന്നത്. അധമത്വം സൂചിപ്പിക്കുന്ന പദാവലികള്‍ ഉപയോഗിച്ച് മാത്രമേ കീഴാളന്മാര്‍ക്ക് സംസാരിക്കാന്‍ ആവുമായിരുന്നുള്ളു. ഞാന്‍ എന്നതിനു പകരം അടിയന്‍ എന്നും ഭക്ഷണത്തിനു പകരം കരിക്കാടിയെന്നും വീടിന് കുപ്പപ്പാട് എന്നുമൊക്കെയേ കീഴ്ജാതിക്കാര്‍ക്ക് പറയുവാന്‍ കഴിഞ്ഞിരുന്നുള്ളു.

താമസിക്കുന്ന ആളുടെ ജാതിയും ആഢ്യത്വവും പാര്‍പ്പിടത്തെ എന്തുപേരിട്ട് വിളിക്കണമെന്നതിനെ നിര്‍ണയിച്ചു. രാജാക്കന്മാര്‍ താമസിക്കുന്ന ഇടത്തെ കൊട്ടാരമോ കോവിലകമോ എന്നാണ് വിളച്ചിരുന്നത്. ആഢ്യന്‍ നമ്പൂതിരിയുടേതിന് മന എന്നും ആസ്യന്‍ നമ്പൂതിരിയുടേതിന് ഇല്ലം എന്നും പേര്. അടികളുടേതിനും തിരുമുല്‍പ്പാടന്മാരുടേതിനും മഠം. നമ്പീശന്മാരുടെ പാര്‍പ്പിടത്തെ പുഷ്‌പോത്തെന്ന് എന്നു വിളിക്കുമെങ്കിലും എഴുതുക പുഷ്പകം എന്നായിരുന്നു. പിഷാരടിയുടേത് പിഷാരമെന്നും വാരിയരുടേതിനു വാരിയം എന്നും മാരാരുടേതിനു മാരാത്ത് എന്നും പൊതുവാള്‍മാരുടെ താമസസ്ഥലത്തിനു പൊതുവാട്ടമെന്നുമായിരുന്നാണ് പേര്‍ വിളിച്ചിരുന്നത്. കല്ലാറ്റ് കുറുപ്പന്മാരുടെ പാര്‍പ്പിടത്തിനു കല്ലാറ്റെന്നും നമ്പിടിമാരുടേതിനും നായന്മാരുടേതിനും ഭവനം എന്നും പറഞ്ഞിരുന്നു. സാധാരണക്കാരായ നായന്മാരുടെ വസതിക്ക് വീട് എന്നുമാത്രമേ പറയാവൂ. ഈഴവര്‍ തൊട്ടുതാഴേയ്ക്കുള്ളവരുടേതിന് പുര എന്നു പറയും. പുലയര്‍, പറയര്‍, കുറവന്മാര്‍, നായാടികള്‍ തുടങ്ങിയവരുടെ പാര്‍പ്പിടങ്ങളെ തരാതരം പോലെ കുടിലെന്നോ കുടിയെന്നോ ചാളയെന്നോ ചെറ്റയെന്നോ ചേരിയെന്നോ പാടിയെന്നോ വിളിച്ചു.

മലയാളികള്‍ക്ക് തനതായ വാസ്തുശില്പ ശാസ്ത്രവും രീതിയും ഉണ്ട്. നാലു പുര എന്നോ നാലു കെട്ടോ എന്നാണതിനെ അറിയപ്പെടുന്നത്. മണ്ണും മരവും കല്ലും കൊണ്ടാണവ നിര്‍മിച്ചിരുന്നത്. മുകളെടുപ്പോടുകൂടിയ ഗൃഹങ്ങള്‍. ഗൃഹത്തിന്റെ മധ്യത്തിലൂടെ കാറ്റുകടക്കുന്നതിന് സൗകര്യമായ അങ്കണത്തോടുകൂടിയാണ് ഇവയുടെ രൂപകല്‍പ്പന. കൂടുതല്‍ നിര്‍മാണവും മരം കൊണ്ടായിരുന്നുവെന്ന് പറയാം-മരം കൊണ്ടുള്ള തൂണും തുലങ്ങാളും മേല്‍പ്പുരയും മരപ്പലക കൊണ്ടുള്ള ചുമരുകളും. മരാശാരിയാണ് നിര്‍മാണ കാര്യങ്ങള്‍ നോക്കുക. പണി തുടങ്ങി അത് പൂര്‍ത്തിയാക്കി വാസ്തുബലി നടത്തി ഗൃഹനാഥനെ ഏല്‍പ്പിക്കുകയായിരുന്നു സാധാരണയുള്ള കീഴ്‌വഴക്കം. നാലുപുരയുടെ കണക്കുവീട്ട് നിര്‍മാണം നടത്താന്‍ ആരും തയാറായിരുന്നില്ല പണ്ട്. നാലുപുര നിര്‍മിക്കാന്‍ ശേഷിയില്ലാത്തവര്‍ നാലുപുരയുടെ ഘടനയില്‍പ്പെടുന്ന ഏതെങ്കിലും ഒരു പുര നിര്‍മിച്ച് അതില്‍ ജീവിച്ചു.

നിര്‍മാണത്തിന് പ്രാക്തനമായ ശാസ്ത്രവിധികളും വിശ്വാസങ്ങളും ഉണ്ടായിരുന്നു. ശില്പി, രതനം, വാസ്തുവിദ്യ, മാനവവാസ്തുലക്ഷണം, മാര്‍ക്കണ്ഡേയം തുടങ്ങിയ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയിരുന്നു നിര്‍മാണം.ശാസ്ത്രവിധിയ്ക്കനുസരിച്ച് നിര്‍മിച്ചാല്‍ വാസസ്ഥലം ഉത്തമം, താമസക്കാര്‍ക്ക് ശുഭവാസം. എന്നാല്‍ ശാസ്ത്രം തെറ്റിയാലോ ദാരിദ്ര്യവും മഹാവ്യാഥികളുമൊക്കെയായിരുന്നു ഫലം. പൂമുഖം എങ്ങോട്ടാവണം അരുത് തുടങ്ങിയ കാര്യങ്ങളിലുമുണ്ട് കടുകട്ടിയായ അക്കാലത്ത് ശാസ്ത്രമെന്നു പറഞ്ഞിരുന്ന നിഷ്ഠകള്‍.

ജാതി വിവേചനവും ശുദ്ധാശുദ്ധ വിചാരങ്ങളുമൊക്കെ ഗൃഹനിര്‍മ്മാണ ചാരങ്ങളുമൊക്കെ ഗൃഹനിര്‍മ്മാണ ത്തിലും ദൃശ്യമായിരുന്നു. നായരുടെ നാലു പുരയ്ക്കും നമ്പൂതിരിയുടെ നാലു പുരയ്ക്കും വ്യത്യസ്ത അളവുകളായിരുന്നു, വ്യത്യസ്ത അളവുകോലുകളും. 25 അംഗുലം നീളമുള്ള കോലുകൊണ്ട് ദേവാലയവും 30 അംഗുലമുള്ള കോലുകൊണ്ട് ക്ഷത്രീയ ഗൃഹവും 29 അംഗുലമുള്ള കോലുകൊണ്ടു ശൂദ്രഗൃഹവും അളക്കണമെന്നായിരുന്നു നിഷ്ഠ. ഒരു നാലു കെട്ടും തെക്കിനിയോ പടിഞ്ഞാറ്റിയോ മാളികയും വടക്കുകിഴക്കേ മൂലയില്‍ അടുക്കളയും പടിഞ്ഞാപ്പുറത്ത് വരാന്തയും ഒക്കെ അടങ്ങുന്നതായിരുന്നു ഇല്ലങ്ങള്‍. പത്തായപ്പുരയും പടിപ്പുരമാളികയും കളപ്പുരയും കുളവും കുളപ്പുരയും ഒക്കെ ഇതിനോട് ചേര്‍ന്നുണ്ടായിരുന്നു. തീണ്ടലില്ലാത്ത ജാതിക്കാരെ സ്വീകരിക്കാനുള്ള നാടശാല, അതിഥികളെ ഊട്ടാനുള്ള പടിഞ്ഞാറ്റിത്തറ, രോഗികളായ പുരുഷന്മാര്‍ക്ക് കിടക്കാനുള്ള ദീനമുറി, വൈദികകാര്യങ്ങള്‍ക്കുള്ള വടക്കിനി, നമ്പൂതിരിമാരുടെ അത്താഴത്തിനുപയോഗിക്കുന്ന മേലടുക്കള, സ്ത്രീകള്‍ക്ക് ആര്‍ത്തവകാലങ്ങളില്‍ ശയിക്കാനുള്ള മുറി, അരിയും നാളികേരവും ഒക്കെ സൂക്ഷിക്കുന്ന കലവറ, നിത്യോപയോഗമില്ലാത്ത പാത്രങ്ങള്‍ സൂക്ഷിക്കാനുള്ള പാത്രക്കലവറ, അന്തര്‍ജനങ്ങളുടെ പെട്ടിമുതലായവയും ഉപ്പിലിട്ടതുമൊക്കെ വെയ്ക്കാനുള്ള പുത്തനറ, പ്രസവമുറിയായ വടക്കേ അകം, നമ്പൂതിരിമാര്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള വടക്കേക്കെട്ട്, അന്തര്‍ജ്ജനങ്ങള്‍ക്ക് അത്താഴമുണ്ണുവാനുള്ള തുണ്ടനടുക്കള, പൂജാമുറി എന്ന ശ്രീലാകം, മോരും മറ്റു വകകളും സൂക്ഷിക്കുന്ന മോരകം, വിശേഷാവസരങ്ങളില്‍ നമ്പൂതിരിമാര്‍ ഊണുകഴിക്കുന്ന തെക്കേത്, ഊട്ടുപുര, നടുമുറ്റങ്ങള്‍ തുടങ്ങിയവ ചേര്‍ന്നതാണ് നമ്പൂതിരിമാരുടെ നാലുപുര. രാജഗൃഹങ്ങളുടെ ശില്പതന്ത്രവും സമാനമാണ്. അതിനകത്ത് ക്ഷേത്രങ്ങള്‍ കൂടി ഉണ്ടാകുമെന്നതാണ് പ്രധാന വ്യത്യാസം. പ്രഭുത്വം അനുസരിച്ച് നാലോ അഞ്ചോ എട്ടോ പത്തോ നാലുപുരകള്‍ ചേര്‍ന്നതാവും പാര്‍പ്പിടം. രണ്ടു മുതല്‍ ഏഴുവരെ നിലകളും ആവാം. പ്രഭുക്കളുടെ പടിപ്പുര തന്നെ മാളികയായിരിക്കും. എന്നാല്‍ ദരിദ്രരുടേത് ഓലമേഞ്ഞ ചെറുപുര മാത്രമായിരിക്കും.

വീടുകളുടെ തടിച്ച തുലാങ്ങളും കഴുക്കോലുകളു മരഭിത്തികളിലെ കതകുകളും മരത്തിലെ വട്ടത്തൂണുകളുമെല്ലാം വിചിത്രപ്പണിത്തരങ്ങള്‍ കൊണ്ടും വെള്ളിയിലോ പിത്തളയിലോ ഓടുകൊണ്ടോ ഉണ്ടാക്കിവെച്ച ദൃശ്യങ്ങളാലും അലങ്കരിച്ചിരുന്നു. ക്ലാസിക് ശൈലിയുടെ കുലീനത്വവും ആഡംബരത്വവും ആര്‍ഭാടത്തോടെ നാലുപുരയുടെ ഏത് കോണിലും ദൃശ്യമായിരുന്നു. പ്ലാവോ ആഞ്ഞിലിയോ കൊണ്ടായിരുന്നു സാധാരണ നിലയില്‍ നിര്‍മാണം. തേക്ക് രാജകീയ വൃക്ഷമായിരുന്നു. രാജകീയ വസതികള്‍ക്കോ പ്രഭുക്കളുടെ വസതികള്‍ക്കോ അല്ലാതെ തേക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു.

ശില്പശാസ്ത്രവും ചാതുരിയും പേറാത്ത പുല്ലുമാടങ്ങള്‍

പ്രഭുത്വത്തിന്റെ പരിഗണനകള്‍ അനുഭവിക്കാന്‍ ഭാഗ്യമില്ലാത്ത സാധാരണക്കാരായ ദരിദ്ര നാരായണന്മാരുടെ പാര്‍പ്പിടങ്ങളുടെ സ്ഥിതി അവര്‍ണ്ണനീയങ്ങളായിരുന്നു. വയലുകളുടേയും മറ്റും പുറമ്പോക്കുകളില്‍ ഒരു ശില്പശാസ്ത്രവും പേറാതെ കൂട്ടം കൂടിയോ ചിതറിയോ കിടന്നിരുന്ന നിര്‍മിതികള്‍. അവ നിര്‍മിക്കാന്‍ കണക്കന്മാരുണ്ടായിരുന്നില്ല, മരത്തിന്റേയോ കല്ലിന്റേയോ കുമ്മായത്തിന്റേയോ ധാരാളിത്തങ്ങളും അവിടെയുണ്ടായിരുന്നില്ല. ഈറയും പുല്ലും വൈയ്‌ക്കോലും കൊണ്ടുമെനഞ്ഞെടുത്ത പുല്ലുമാടങ്ങള്‍. സാധുക്കള്‍ വീടുകള്‍ ചെളികൊണ്ടുണ്ടാക്കി പുല്ലുകൊണ്ടോ തെങ്ങോല കൊണ്ടോ പനയോല കൊണ്ടോ മേയുന്നു. ദരിദ്രര്‍ മുളയും ഓലയും കൊണ്ടു വീടു നിര്‍മിക്കും. ആദിവാസികൾ മുളന്തണ്ടും ഈറക്കമ്പും ഈറയിലയും ഇതിനായി ഉപയോഗിക്കും. ഈറയില, പുല്ല്, പനയോല, തെങ്ങോല എന്നിവയായിരുന്നു പാവപ്പെട്ടവര്‍ വീടിന്റെ മേല്‍ക്കൂര നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്നത്. അകത്തുകടക്കാനുള്ള വാതില്‍ താഴ്ചയില്‍ ആയിരുന്നതിനാല്‍ വീടിന്റെ ഉള്ളില്‍ ഇരുട്ടായിരിക്കും. മുക്കുവരും മറ്റും പാര്‍ത്തിരുന്നത് മൂന്നടി മാത്രം പൊക്കമുള്ള കുടിലുകളിലായിരുന്നു. അതിലധികം ഉയരത്തില്‍ അധകൃതര്‍ക്കു വീടുകെട്ടുവാന്‍ പാടില്ലെന്നായിരുന്നു നീയമം.

അടുത്തടുത്ത് വീടുകള്‍ നിര്‍മിച്ച് പറ്റം ചേര്‍ന്നു ജീവിക്കുന്ന രീതിയാണ് ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ കണ്ടുവരുന്നത്. പാടി, ഊര്, മിറ്റം എന്നിങ്ങനെ പലപേരുകളില്‍ ഇവരുടെ പാര്‍പ്പിടങ്ങള്‍ അറിയപ്പെടുന്നു. കാണിക്കാര്‍ താമസിക്കുന്ന പ്രദേശത്തെ കാണിപ്പറ്റ് എന്നാണ് അറിയപ്പെടുന്നത്. മാവിലരുടെ വീടുകളെ ചിറ്റാരി എന്നാണ് പറയുക. മണ്ണു കൊണ്ടു തറ അല്‍പ്പം ഉയര്‍ത്തി അതിനു മുകളില്‍ വീട് കെട്ടും. മിക്കവാറും ഒറ്റമുറിപ്പുരകളാവും ഇവ. ചുമരുകള്‍ക്ക് മണ്ണ്, മുള, ഈറയില, ഓല തുടങ്ങിയവയും മേല്‍ക്കൂരയ്ക്കു ഈറയില, പുല്ല്, വൈക്കോല് എന്നിവയും ഉപയോഗിച്ച് പോരുന്നു. ഇവയ്ക്കു പുറമെ മരത്തിനു മുകളില്‍ സ്ഥാപിക്കുന്ന ഏറുമാടങ്ങളും ഗോത്രവര്‍ഗക്കാര്‍ ഉപയോഗിച്ചിരുന്നു. അശുദ്ധി സമയങ്ങളില്‍ സ്ത്രീകള്‍ക്കു താമസിക്കാന്‍ പാര്‍പ്പിടത്തോട് ചേര്‍ന്ന് പ്രത്യേകം പുരകള്‍ നിര്‍മിക്കും. വന്നപ്പുരയെന്നാണ് ഇത് അറിയപ്പെടുക. ഊരാളിക്കുറുമര്‍, വിഷവര്‍, മുതുവര്‍ തുടങ്ങിയവര്‍ക്കിടയില്‍ അവിവാഹിതരായ സത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അന്തിയുറങ്ങാന്‍ പ്രത്യേകം പുരകളുണ്ടായിരിക്കും. അമ്പലം, ചിറ്റമ്പലം, ചാവടി തുടങ്ങിയ പേരുകളിലാണിവ അറിയപ്പെടുന്നത്.

ഓരോ വര്‍ഷവും വീടുകളുടെ ഓല മാറ്റി കെട്ടിമേയല്‍ കഠിന പ്രയത്‌നം ആവശ്യമായ കാര്യമായിരുന്നു. എത്ര വമ്പനും ഒറ്റയ്ക്കു പുര മേഞ്ഞുകെട്ടുവാന്‍ കഴിയുമായിരുന്നില്ല. കരക്കാര്‍ എല്ലാവരും ചേര്‍ന്നായിരുന്നു പുരമേയല്‍ നടത്തിയിരുന്നത്. ഓല തയാറാകുമ്പോള്‍ വീട്ടുകാര്‍ അയല്‍ക്കാരോടും മറ്റും പറയും. തുടര്‍ന്ന് കരക്കാര്‍ എല്ലാവരും ചേര്‍ന്ന് ഒരു പ്രതിഫലവും ഇല്ലാതെ പുര കെട്ടി മേഞ്ഞുകൊടുത്തുവന്നിരുന്നത് അക്കാലത്തെ സംഘജീവിതത്തിന്റെ ഗുണാത്മകമായ ചിത്രമായിരുന്നു. ഓരോ ജാതിക്കൂട്ടത്തിനും ഇതിനായി കരക്കൂട്ടങ്ങള്‍ ഉണ്ടായിരുന്നു.

ഓടുമേയാനുള്ള അവകാശം പണ്ടു കാലത്ത് ദേവാലയങ്ങള്‍ക്കും കോവിലകങ്ങള്‍ക്കും മനകള്‍ക്കും മാത്രമേ ഉണ്ടായിരുന്നുള്ളു. പടിപ്പുര, കുളപ്പുര, തുടങ്ങിയവ നിര്‍മിക്കുന്നതിനും ആറു കാലില്‍ പുരകെട്ടുന്നതിനു പോലും മുന്‍കൂര്‍ അനുമതി ആവശ്യമായിരുന്നു. കോഴിക്കോട്ടെത്തിയ ഇംഗ്‌ളീഷുകാര്‍ തങ്ങളുടെ കെട്ടിടത്തിന് ഓടിട്ടത് സാമുതിരിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു. 1851ല്‍ തിരുവനന്തപുരത്തും ഒരു വര്‍ഷം മുന്‍പ് ആലപ്പുഴയിലും വലിയ തീപ്പിടുത്തം ഉണ്ടായി നാശനഷ്ടങ്ങള്‍ സംഭവിച്ചശേഷമാണ് കെട്ടിടങ്ങള്‍ക്ക് ഓടിടാനുള്ള അനുമതി നല്‍കിത്തുടങ്ങിയതും. പക്ഷെ ഓടുമേയാന്‍ രാജസമ്മതി ലഭിച്ചാലും കീഴ്ജാതിക്കാര്‍ അതിനൊരുമ്പെട്ടാല്‍ നാട്ടിലെ മാടമ്പിമാര്‍ പ്രശ്‌നമുണ്ടാക്കുക അക്കാലത്ത് സാധാരണമായിരുന്നു. 1851ല്‍ തിരുവിതാംകൂറില്‍ ഉണ്ടായിരുന്ന 5,36,898 വീടുകളില്‍ 4025 എണ്ണം മാത്രമായിരുന്നു ഓടുമേഞ്ഞവ.

അയിത്തജാതിക്കാരെ എല്ലാത്തരത്തിലും അകറ്റി നിര്‍ത്തുന്നതായിരുന്നു അന്നത്തെ സാമൂഹ്യക്രമം. അയിത്തജാതിക്കാരുടെ സ്ഥാനം സവര്‍ണ്ണരുടെ വേലിയ്ക്കു പുറത്തായിരുന്നു. സവര്‍ണ്ണരും അവര്‍ണ്ണരുമൊക്കെ പ്രത്യേക മേഖലകളില്‍ കൂട്ടമായി താമസിച്ചുപോന്നു. എറണാകുളം ടൗണിന്റെ തെക്കുഭാഗത്ത് സവര്‍ണ്ണരും കുറച്ച് ക്രൈസ്തവരും താമസിച്ചിപോന്നപ്പോള്‍ വടക്കു ഭാഗത്തായി ഈഴവരും മറ്റു കൂലി വേല ചെയ്ത് ഉപജീവനം നടത്തിയവരും താമസിച്ചിരുന്നതായി പഴയകാല രേഖകള്‍ കാണാം.

പരമ്പരാഗത നിര്‍മിതികള്‍ക്കു സമാന്തരമായി കൂറ്റന്‍ കൊളോണിയല്‍ നിര്‍മിതികളും ഇവിടെ ഉണ്ടായി. പോര്‍ട്ടുഗീസുകാരുടെ കാലം മുതല്‍ ഇതിന് ആരംഭം കുറിച്ചു. ഡച്ചുകാരും ഇംഗ്ലീഷുകാരും അടക്കം ഇവിടേക്ക് എത്തിയതോടെ യൂറോപ്യന്‍ വാസ്തുതന്ത്രം കൊച്ചിയിലും കൊല്ലത്തെ തങ്കശ്ശേരിയിലും മൂന്നാറിലും തലശ്ശേരിയിലും ഒക്കെ നമ്മുടെ നിര്‍മ്മിതികള്‍ക്ക് നിറമേകി പ്രത്യക്ഷപ്പെട്ടു. കൊട്ടാര സമാനമായ കെട്ടിടങ്ങള്‍ മാത്രമല്ല, അനവധി നിരവധി വീട്ടുപകരണങ്ങളും വിളക്കുകളും ചമയങ്ങളുമൊക്കെ പുറം നാടുകളില്‍ നിന്ന് ഇവിടേക്ക് എത്തുകയുണ്ടായി.

20-ാം നൂറ്റാണ്ടായതോടെ നമ്മുടെ പാര്‍പ്പിട സംസ്‌കൃതിയില്‍ വിപ്ലവകരങ്ങളായ മാറ്റങ്ങളാണ് അതിദ്രുതം ഉണ്ടായത്. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം നമ്മുടെ പാര്‍പ്പിട സംസ്‌കൃതിയ്ക്ക് ഏറെ രൂപപരിണിതികള്‍ സംഭവിച്ചു. ലക്ഷം വീടുപോലുള്ള ഏറെ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഉണ്ടായി. നഗരവല്‍ക്കരണം കൂടുതല്‍ ത്വരിതപ്പെട്ടതോടെ ഫ്‌ളാറ്റുകളുടെ നിര്‍മാണം നഗരങ്ങളിലും പ്രാന്തങ്ങളിലും പിന്നീട് ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ വ്യാപകമായി. ഈ നിര്‍മാണ സംസ്‌കാരം അതിന്റെ പ്രതിസന്ധികളും ഒപ്പം കൊണ്ടുവന്നു.

ദുര്‍ബലമായി കൊണ്ടിരിക്കുന്ന നമ്മുടെ പരിസ്ഥിതിക്കു മേലെ വലിയ ചോദ്യങ്ങള്‍ അവ ഉയര്‍ത്തുന്നു. മരടിലേയും മൂന്നാറിലേയും പോലുള്ള പൊളിക്കലുകളിലേക്ക് കാലം അത് നമ്മെ നയിച്ചു കൊണ്ടുപോവുകയും ചെയ്യുന്നു. പുത്തന്‍ കാലത്തിലെ പാര്‍പ്പിടങ്ങള്‍ അവയുടെ സാംസ്‌കാരികവും വിനിമയപരവും നിര്‍മാണപരവും ഒക്കെ ആയ വ്യതിരിക്ത ഉള്ളടക്കങ്ങളെയാണ് നിര്‍മിച്ചെടുത്തിരിക്കുന്നത്. വലിയ പരപ്പാര്‍ന്ന ആ വിഷയം നമുക്ക് മുന്നില്‍ വിപുലമാകുമ്പോഴും പ്രാന്തവല്‍ക്കരിക്കപ്പെട്ട പ്രാക്തന മലയാളിയുടെ വേവലാതികളും വേപഥുക്കളും പുതിയ രൂപത്തില്‍ നമ്മളെ അനുധാവനം ചെയ്യുന്നു. അവയെ അവധാനതയോടെയും സമ്യക്കായും പരിഹരിക്കുകയെന്നതാണ് ചിന്താശീലരുടെ മുന്നില്‍ വരുന്ന പ്രശ്‌നം. ഇനിയും വേണ്ടത്ര ശ്രദ്ധയോടേയും ഉള്‍ക്കാഴ്ചയോടേയും നമ്മള്‍ സമീപിക്കേണ്ടുന്നതായ പ്രശ്‌നം.

(അടുത്ത ഭാഗം:കൃഷി നടത്താന്‍ ആരാണ് യോഗ്യര്‍?)

(അവലംബം:

1. പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം-പി. ഭാസ്‌ക്കരനുണ്ണി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍

2. മലയാള സംസ്‌ക്കാരം കാഴ്ചയും കാഴ്ചപ്പാടും-ഡോ. എന്‍. അജിത് കുമാര്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം

3. കേരള സംസ്‌കാരം-എ. ശ്രീധര മേനോന്‍, എന്‍ബിഎസ്, കോട്ടയം

4. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം-പി.കെ. ഗോപാലകൃഷ്ണന്‍, കേരള ഭാഷ ഇനിസ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം)


Next Story

Related Stories