TopTop
Begin typing your search above and press return to search.

കോടികൾ മുടക്കി മുഖ്യമന്ത്രി ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ ഒറ്റയടിക്ക് തകർത്ത ഷാജി, വലിയൊരു 'സംഭവം' തന്നെ

കോടികൾ മുടക്കി മുഖ്യമന്ത്രി ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ ഒറ്റയടിക്ക് തകർത്ത ഷാജി, വലിയൊരു സംഭവം തന്നെ

താൻ വലിയൊരു സംഭവം ആണെന്ന് കരുതുന്ന ചിലരുണ്ട്. ഇക്കാര്യം സ്വയം പറഞ്ഞു നടക്കുക മാത്രമല്ല മറ്റുള്ളവരെക്കൊണ്ട് പറയിക്കാനും ഇവർ ബഹു മിടുക്കരാണ്. നമ്മുടെ അഴീക്കോട് എം എൽ എ , കെ എം ഷാജി ഇക്കൂട്ടത്തിൽ പെട്ട ഒരാളാണ്. 2011 ൽ മത്സരിക്കാൻ സീറ്റിനുവേണ്ടി മുറവിളി കൂട്ടിയപ്പോൾ വിജയ പ്രതീക്ഷ ലവലേശം ഇല്ലാത്ത അഴീക്കോട് മണ്ഡലത്തിലേക്ക് നേതൃത്വം തള്ളിവിട്ടെങ്കിലും അവിടെ വെന്നിക്കൊടി പാറിച്ച കാലം മുതൽക്കേ താൻ ഒരു വലിയ സംഭവം ആണെന്ന് തിരിച്ചറിഞ്ഞ ആളാണ് ഷാജി. (2006 ലെ കന്നി അങ്കത്തിലെ തോൽവിയൊന്നും ഷാജി ഇപ്പോൾ ഓർക്കാറെയില്ല.) ആ ഷാജിക്കാണിപ്പോൾ ഒരു രക്തസാക്ഷി പരിവേഷം വന്നുചേർന്നിരിക്കുന്നത്. സ്വയം എടുത്തണിഞ്ഞതാണെങ്കിലും പിന്തുണക്കാൻ ആളുള്ളപ്പോൾ അത് ആഘോഷമാക്കാൻ ഷാജി എന്തിനു മടിക്കണം? പ്രത്യേകിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലമുതൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എം പി യും സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദുമൊക്കെ പിന്തുണയുമായി പിന്നിലിലുള്ളപ്പോൾ?മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ് ബുക്ക് പോസ്റ്റിടുകയും പത്ര സമ്മേളനം നടത്തുകയും ചെയ്തതിന്റെ പേരിലാണ് തനിക്കെതിരെ കോഴക്കേസു ചുമത്തി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത് എന്നാണ് ഷാജിയുടെ വാദം. കോടികൾ മുടക്കി മുഖ്യമന്ത്രി ഉണ്ടാക്കിയെടുത്ത ഇമേജ് ഒരൊറ്റ ഫേസ്ബുക് പോസ്റ്റിലൂടെ താൻ തകർത്തു തരിപ്പണം ആക്കിയെന്നും അതിനെതിരെയുള്ള പ്രതികാര നടപടിയാണ് ഇതെന്നും ഷാജി പറയുന്നു. പ്രതികാര നടപടി എന്നല്ലാതെ ഇതിനെ മറ്റെന്തു വിളിക്കണം എന്ന് തന്നെയാണ് രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും മജീദുമൊക്കെ ചോദിക്കുന്നത്. ഇക്കൂട്ടത്തിൽ ഒരു പടി കൂടി കടന്നു രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കി നിശ്ശബ്ദരാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രം തന്നെയാണ് കേരളത്തിൽ പിണറായി വിജയനും പയറ്റുന്നതെന്നും കൂടി ആരോപിക്കുന്നു ചെന്നിത്തല. ഇടതുപക്ഷമെന്നു അവകാശപ്പെടുമ്പോഴും പിണറായിയെ തോണ്ടാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത ചില ബുജികളും പതിവുപോലെ രംഗത്തെത്തിയിട്ടുണ്ട്. ഷാജി പ്രതിനിധാനം ചെയ്യുന്ന അഴീക്കോട് മണ്ഡലത്തിൽ പെട്ട അഴീക്കോട് ഹൈ സ്കൂളിന് പ്ലസ് ടു അനുവദിച്ചു കിട്ടുന്നതിന് സ്കൂൾ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്സ്. മുസ്ലിം ലീഗിൽ നിന്ന് തന്നെ പൊന്തിവന്ന ആരോപണമാണ് കേസിലേക്ക് നയിച്ചത്. പ്ലസ് ടു അനുവദിച്ചു കിട്ടുന്നതിന് ഷാജി എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തിരുന്നു എന്ന് പറയുന്ന മാനേജ്മെന്റ് പക്ഷെ കുഴപ്പണത്തിന്റെ കാര്യം മിണ്ടിയിട്ടില്ല എന്നതിനാൽ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യം വെളിപ്പെടുകയുള്ളു. ഷാജി അവകാശപ്പെടുന്നത് രണ്ടു വര്‍ഷം മുൻപ് ഉയർന്ന ഒരു ആരോപണത്തിന്റെ പേരിൽ തനിക്കെതിരെ ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടത് കൊണ്ടാണെന്നാണ്. ഷാജിയുടെ ഈ വാദം നിലനിൽക്കുന്നതല്ലെന്നു തെളിയിക്കാൻ ഷാജിയുടെ ഫേസ് ബുക്ക് പോസ്റ്റിനും മുൻപ് തന്നെ ഷാജിക്കെതിരെ അന്വേഷണം നടത്തുന്നതിന് സ്പീക്കർ അനുമതി നൽകിയിരുന്നു എന്ന് തെളിയിക്കുന്ന മാർച് 13 ന്റെ രേഖ മാത്രം മതിയാകും. കൃത്യമായി പറഞ്ഞാൽ മുഖ്യ മന്ത്രിക്കെതിരെ ഷാജി ഫേസ് ബുക്ക് പോസ്റ്റിടുകയും പത്രസമ്മേളനം നടത്തുകയും ചെയ്യുന്നതിനും ഏതാനും ആഴ്ചകൾക്കു മുൻപ് തന്നെ ഷാജിക്കെതിരെയുള്ള വിജിലൻസ് അന്വേഷണം തുടരുന്നതിനു സ്പീക്കർ അനുമതി നൽകിയിരുന്നു. ഷാജിയുടെ വാദത്തെ പൊളിക്കാൻ പോന്ന മറ്റൊരു തെളിവ് ഇപ്പോൾ ഷാജി ഒരു വലിയ സംഭവമായി കൊട്ടിഘോഷിക്കുന്ന ഫേസ് ബുക്ക് പോസ്റ്റിനു മുൻപുള്ള കുറച്ചുകാലം സർക്കാരിനെതിരെയോ മുഖ്യമന്ത്രിക്കെതിരെയോ ഉള്ള പോസ്റ്റുകളൊന്നും ഷാജിയുടെ ഫേസ് ബുക്ക് പേജിൽ കാണാനില്ല എന്നതാണ്. ചുരുക്കത്തിൽ തനിക്കെതിരെ പിടി മുറുകുന്നു എന്ന് മനസ്സിലാക്കിയപ്പോഴാണ് ഷാജി ശക്തവുമായ വിമർശവുമായി രംഗത്തുവന്നതും രക്തസാക്ഷി പരിവേഷം സ്വയം എടുത്തണിഞ്ഞതും എന്ന് തന്നെ കരുതേണ്ടി വരും. ഇതൊക്കെ പറയുമ്പോഴും ഒരു കാര്യം അംഗീകരിച്ചു കൊടുക്കേണ്ടിവരും. എല്ലാ അടവും തടവും അറിയാവുന്ന ഒരു രാഷ്ട്രീയക്കാരനാണ് താനെന്നു ഷാജി തെളിയിച്ചിരിക്കുന്നു എന്നതാണത്. തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തെക്കുറിച്ചു ഷാജിയുടെ പ്രതികരണം ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാകും. കോടികൾ മുടക്കി മുഖ്യമന്ത്രി ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ ആണ് താൻ ഒറ്റയടിക്ക് തകർത്തെന്നും അത് കൊണ്ട് തന്നെ ഇതിലും കനത്ത പ്രതികാര നടപടിയാണ് പ്രതീക്ഷിച്ചതെന്നുമായിരുന്നു ഷാജിയുടെ പ്രതികരണം. താൻ തന്നെ മറന്ന ഒരു കേസ്സാണ് ഈ അഴിമതിക്കേസ്സെന്നും ഇതൊന്നുമല്ല കുറച്ചുകൂടി വലിയ ഫിസിക്കൽ അറ്റാക് പോലുള്ള എന്തെങ്കിലുമാണ് പ്രതീക്ഷിച്ചതെന്നു കൂടി കണ്ഠമിടറി ഷാജി പറയുമ്പോൾ സത്യത്തിൽ ആരാണ് വീണുപോകാത്തത്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories