TopTop
Begin typing your search above and press return to search.

ദൈവത്തിന്റെ സ്പര്‍ശം

ദൈവത്തിന്റെ സ്പര്‍ശം

''പാതിയടച്ചിട്ട ജാലകപ്പഴുതിലൂ-

ടായിരം സ്മരണയിലീറനാം മിഴിയോടെ

അല്‍പമായ് പൊടിഞ്ഞിടും മഴച്ചാറ്റലും നോക്കി-

യിച്ചെറു മുറിക്കുള്ളിലേകനായിരിക്കുന്നു.''

കവിയും ദാര്‍ശനികനും അധ്യാപകനും വിവര്‍ത്തകനും ആയിരുന്ന പ്രൊഫ. കെ.വി തമ്പി ഓര്‍മ്മയായിട്ട് എട്ടു വര്‍ഷം പൂര്‍ത്തിയാവുന്നു. അദ്ദേഹത്തിന്റെ 'പ്രവാസ ഗീതം' എന്ന കവിതാ സമാഹാരത്തിലെ ചില വഴികളാണ് ഇവിടെ ഉദ്ധരിച്ചത്. 'പുനര്‍ജന്മം' എന്ന മറ്റൊരു കാവ്യസമാഹാരം കൂടി അദ്ദേഹത്തിന്റേതായുണ്ട്. 'ഓശാന' പ്രസിദ്ധീകരിച്ച മലയാളം ബൈബിളിന്റെ ആദ്യത്തെ നൂറ്റിയഞ്ചു സങ്കീര്‍ത്തനങ്ങള്‍ പരിഭാഷപ്പെടുത്തിയത് തമ്പി മാഷാണ്. 'ക്രിസ്ത്വനുകരണം' (Imitations of Christ) എന്ന ഗ്രന്ഥത്തിന്റെ തര്‍ജ്ജമയും അദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് പ്രശസ്ത നിരൂപകന്‍ കെ.പി അപ്പന്‍ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: ''കെ.വി തമ്പിയുടെ പരിഭാഷ ജ്ഞാനത്താല്‍ പുതിയൊരു ഭൂമി സ്ഥാപിക്കുകയും കാവ്യബോധത്താല്‍ പുതിയൊരു ആകാശം പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.'' തമ്പി മാഷുടെ ഏറ്റവും പ്രസിദ്ധമായ പരിഭാഷാകൃതി, ഖലീല്‍ ജിബ്രാന്റെ 'പ്രോഫറ്റ്' 'പ്രവാചകന്‍' എന്ന പേരില്‍ പരിഭാഷപ്പെടുത്തിയതാണ്. ഡോ. എം.എം ബഷീറുമൊത്ത് ജിബ്രാന്റെ 'ഒടിഞ്ഞ ചിറകുകള്‍' (Broken Wings) എന്ന കൃതിയും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.


പ്രൊഫ. കെ.വി തമ്പി

തമ്പിസാറിനെ പരിചയപ്പെടുംമുമ്പുതന്നെ ധാരാളം കേട്ടിരുന്നു. അതിനാല്‍ നേരിട്ടു കാണുന്നതിനുമുമ്പേ ആ അത്ഭുതമനുഷ്യന്റെ ഒരു അമൂര്‍ത്തചിത്രം മനസ്സില്‍ വരച്ചിട്ടിരുന്നു. അതിനുകാരണം, ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും വിശുദ്ധനായ മനുഷ്യനും അകാലത്തില്‍ അന്തരിച്ച ഉത്തമസുഹൃത്തുമായ വി.കെ ഉണ്ണികൃഷ്ണനായിരുന്നു. തമ്പിസാറിന്റെ അടുത്ത സുഹൃത്തായിരുന്ന ഉണ്ണി അദ്ദേഹത്തിന്റെ കടുത്ത ആരാധകനായിരുന്നു. 'സംക്രമണം' മാസികയില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്ന, സ്വതേ മിതഭാഷിയായിരുന്ന ഉണ്ണി ഒരാളെക്കുറിച്ച് ഇത്രയേറെ വാചാലനാകുന്നത് എന്നെ അതിശയിപ്പിച്ചു. പക്ഷേ, നേരിട്ടുകണ്ടപ്പോള്‍ ഉണ്ണി പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് ബോധ്യമായി. പത്തനംതിട്ടയുടെ കലാ, സാംസ്‌കാരിക ഭൂമികയുടെ അച്ചുതണ്ട്, തമ്പി സാറിന്റെ വാസസ്ഥലമായിരുന്ന വാടകമുറിയായ 'കവിത'യായിരുന്നു.

1979ല്‍ ഞാന്‍ ആദ്യമായി കടമ്മനിട്ടക്കാവില്‍ പടയണി കാണാന്‍ പോകുമ്പോള്‍ പത്തനംതിട്ടയിലിറങ്ങി. അവിടുത്തെ ഉഗ്രമൂര്‍ത്തിയായിരുന്ന തമ്പി സാറിനെ ദര്‍ശിച്ചു. വിക്ടോറിയന്‍കാല ആംഗലേയ സാഹിത്യകാരന്മാരെ അനുസ്മരിപ്പിക്കുന്ന രൂപം. നന്നേ വെളുത്തുമെലിഞ്ഞ ശരീരത്തില്‍ ഇറുകിപ്പിടിച്ചുകിടക്കുന്ന കാവി ഖദര്‍ ജുബ്ബ. വിശാലമായ, തിളങ്ങുന്ന കഷണ്ടിക്കുതാഴെ വീതിയില്‍ ഇടതൂര്‍ന്നു വളര്‍ന്നുനില്‍ക്കുന്ന കൃതാവിനോടു സല്ലപിക്കുന്ന നരച്ച മീശ. തന്റെ സന്തതസഹചാരിയായ കാലന്‍കുടയില്‍ ഊന്നിനിന്നുകൊണ്ട് തല വശങ്ങളിലേക്ക് ആട്ടിക്കൊണ്ടുള്ള മൃദുഭാഷണം. ഇക്കാണുന്നതൊന്നും ഞാനല്ല, എന്ന കുസൃതി കലര്‍ന്ന വിടര്‍ന്ന ചിരി. ആദ്യകാഴ്ചയില്‍ത്തന്നെ ഈ മനുഷ്യന്‍ മനസ്സിന്റെ ഒരു പ്രത്യേക പീഠത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടു.

പടയണിയുടെ അവസാനദിവസങ്ങളില്‍ കവി കടമ്മനിട്ട രാമകൃഷ്ണന്റെ പിതാവും പടയണി ആശാനുമായിരുന്ന കടമ്മനിട്ട രാമന്‍ നായര്‍ ആശുപത്രിയിലായി. അതിനാല്‍, രണ്ടു ദിവസം അവിടെ തങ്ങി. അപ്പോഴാണ്, തമ്പിസാറുമായി അടുത്തിടപഴകാനായത്. കടമ്മനിട്ടയുടെ അച്ഛന്‍ അടുത്തദിവസം അന്തരിച്ചു.

ജോണ്‍ എബ്രഹാം 'ജോസഫ് ഒരു പുരോഹിതന്‍' എന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കാന്‍ എന്നെയുംകൂട്ടി. പത്തനംതിട്ട കാത്തലിക്കറ്റ് കോളേജ് അധ്യാപകനായിരുന്ന മധു ഇറവങ്കര താമസിച്ചിരുന്ന അച്ചന്‍കോവിലാറിന്റെ തീരത്തുള്ള വീട്ടില്‍ ഒരു പാതിരയ്ക്ക് ജോണും ഞാനും പ്രത്യക്ഷപ്പെട്ടു. 1981ലായിരുന്നു അത്. മദ്യപാനം നിര്‍ത്തി, സര്‍ഗ്ഗസൃഷ്ടിയില്‍ വ്യാപൃതനാവുക എന്ന പ്രതിജ്ഞയുമായാണ് ജോണിന്റെ വരവ്. ആരുമറിയാതെ രഹസ്യമായി താമസിക്കുക എന്ന ലക്ഷ്യം രണ്ടാം ദിവസം തന്നെ പൊളിഞ്ഞു. ചര്‍ച്ചകളും തര്‍ക്കങ്ങളും മദ്യപാനവും പൊടിപൊടിച്ചു. പോക്കുവെയിലിന്റെ പൊന്‍പ്രഭയില്‍ തന്റെ കൂടപ്പിറപ്പായ കുടയും ചൂടി, സമൃദ്ധമായി ചിരിച്ചുകൊണ്ട് കരിമ്പിന്‍ വയലുകള്‍ക്കിടയിലൂടെയുള്ള ഇടവഴിയിലൂടെ, തമ്പിസാര്‍ നടന്നുവരുന്ന ചിത്രം ഇന്നും മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു.

പത്തനംതിട്ട വഴി കടന്നുപോകുമ്പോഴെല്ലാം, തമ്പി സാറിനെക്കണ്ടു സൗഹൃദം പുതുക്കുക പതിവായി. പ്രമുഖശില്‍പി കെ.പി സോമന്‍ കടമ്മനിട്ടക്കവിതകളെ ആധാരമാക്കി കടമ്മനിട്ട ഗ്രാമത്തില്‍ ശില്‍പരചനയിലേര്‍പ്പെട്ടപ്പോള്‍ ഞാനും അവിടെ കുറച്ചുദിവസം താമസിക്കാനിടയായി. അപ്പോഴും തമ്പിസാറിന്റെ സൗഹൃദത്തണല്‍ എനിക്ക് സാന്ത്വനമേകി.


പ്രൊഫ. കെ.വി തമ്പിയും ലേഖകനും

കവിതകളിലൂടെയും ഇന്ത്യന്‍ എക്‌സ്പ്രസ് പത്രവാര്‍ത്തകളിലൂടെയും തമ്പിസാര്‍ നിത്യ പാരായണത്തിന്റെ ഭാഗമായി. റിട്ടയര്‍മെന്റിനുശേഷം ഇന്ത്യന്‍ എക്‌സ്പ്രസിലും യുഎന്‍ഐ എന്ന വാര്‍ത്താ ഏജന്‍സിയിലും അദ്ദേഹം ലേഖകനായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് 'ലയം' എന്ന പേരില്‍ ഒരു ലിറ്ററല്‍ മാസികയുടെ പത്രാധിപരുമായിരുന്നു, അദ്ദേഹം. സക്കറിയയെപ്പോലുള്ള എഴുത്തുകാരുടെ ആദ്യകാല രചനകള്‍ ലയത്തില്‍ വെളിച്ചംകണ്ടിരുന്നു.

ഖലീല്‍ ജിബ്രാന്റെ യോഗാത്മക ഗദ്യകാവ്യമായ പ്രോഫറ്റ്, 'പ്രവാചകന്‍' എന്ന പേരില്‍ തമ്പിസാര്‍ അകമഴിഞ്ഞ് മലയാളത്തിലാക്കിയിരുന്നു. മാന്ത്രികമായ ആ ഭാഷാരചന മലയാളത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രവാചകന്‍, ഞാന്‍ എത്രയോ ആവര്‍ത്തി വായിച്ചിരിക്കുന്നുവെന്ന് നിശ്ചയമില്ല. വിഷാദം വന്ന് വലയം ചെയ്യുമ്പോഴൊക്കെ പ്രവാചകനെ വായിക്കുക ഒരു ശീലമാക്കി; പ്രത്യേകിച്ച് 'നാന്ദി'യിലെ തമ്പിസാറെഴുതിയ ഈ വചനങ്ങള്‍:

''ഈ വിശിഷ്ടഗ്രന്ഥം എന്റെ ഏകാന്ത ഹൃദയമിത്രമായിട്ട് എത്രയോ വര്‍ഷങ്ങളാകുന്നു. ദൈവകാരുണ്യംപോലെ അപൂര്‍വ്വമായി ലഭിക്കുന്ന ക്ഷണിക സന്തോഷങ്ങളുടെ വസന്തദിവസങ്ങളിലും മരണംപോലെ നിര്‍ദ്ദയം ഗ്രസിക്കുന്ന ദുര്‍ന്നിവാരദുഃഖങ്ങളുടെ അന്ധരാത്രികളിലും ഇത് എന്നോടൊപ്പമുണ്ടായിരുന്നു. ഒരിക്കല്‍ സ്‌നേഹിച്ചവര്‍പോലും പിന്നീട് അന്യരും അപരിചിതരുമായി അകന്നുപോകേണ്ടിവരുന്ന ഈ നിരര്‍ത്ഥക പ്രപഞ്ചത്തില്‍ എന്റെ നിലനില്‍പ്പിന്റെ 'വേരുകള്‍' കരിഞ്ഞുപോകാതെ കാത്തുവന്നതും ഈ ജീവജലധാര തന്നെ!''


ജിബ്രാന്റെ പ്രവാചകന്‍ (മലയാളം) കവര്‍ ചിത്രം

തമ്പിസാറിന്റെ വ്യക്തിപരമായ ദുരന്ത ജീവിതം ഏറെ വേദനിപ്പിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ ദാമ്പത്യം നിത്യമായ മുറിവായിരുന്നു. അതദ്ദേഹത്തെ രോഗിയും ഏകാന്തനും ഖിന്നനുമാക്കി. ഞാനതൊന്നും അറിഞ്ഞതായി നടിച്ചില്ല. കൊടിയദുരിതം പേറി ജീവിക്കുമ്പോഴും, ചുറ്റുമുള്ളവര്‍ക്ക് നറുംനിലാവുപോലെ പുഞ്ചിരി വിതറി കാലംകഴിക്കുന്ന ഈ അത്ഭുത മനുഷ്യനെ സ്‌നേഹബഹുമാനങ്ങളോടെയല്ലാതെ സ്മരിക്കാനാവില്ല. കാലം കടന്നുപൊയ്‌ക്കൊണ്ടിരുന്നു. കുറേക്കാലമായി അദ്ദേഹത്തെക്കുറിച്ച് ഒന്നും അറിയുന്നുണ്ടായിരുന്നില്ല. ഏകാകിയും നിരാലംബനുമായി തമ്പിസാര്‍ ഒരു വൃദ്ധസദനത്തിലാണെന്ന ഞെട്ടിക്കുന്ന വിവരം കലാകൗമുദി വാരികയിലാണ് വായിച്ചത്. അതില്‍ ഒരു ഫോണ്‍ നമ്പറും ഉണ്ടായിരുന്നു. അതില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു ചെറുപ്പക്കാരനാണ് ഫോണെടുത്തത്. അയാളില്‍നിന്നും അറിഞ്ഞതനുസരിച്ച്, തൃപ്പൂണിത്തുറയ്ക്കടുത്തുള്ള കണ്ടനാട്ടുള്ള വൃദ്ധസദനത്തില്‍ച്ചെന്ന് തമ്പിസാറിനെ കണ്ടു. ശാരീരികവും മാനസികവുമായി ഏറെ ക്ഷീണിതനായിരുന്നു അദ്ദേഹം. അവശതകള്‍ക്കിടയിലും എല്ലാം നിസ്സാരവല്‍ക്കരിക്കുന്ന ആ വേദാന്ത ചിന്ത അദ്ദേഹം കൈവെടിഞ്ഞിരുന്നില്ല. മനസ്സിനിണങ്ങിയതെന്തും, 'അഴകായിരിക്കുന്നു' എന്നു സ്വതസിദ്ധമായ ശൈലിയില്‍ വിലയിരുത്തുന്ന രീതി നിലച്ചിരുന്നില്ല. അഴലുകളെല്ലാം അഴകാക്കുന്ന മാന്ത്രികവിദ്യ അദ്ദേഹത്തിനുമാത്രം സ്വന്തം.

അദ്ദേഹത്തിന്റെ ദുരവസ്ഥയില്‍ ദുഃഖം തോന്നി. എന്തുചെയ്യാം! തമ്പിസാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍, 'ദുര്‍ന്നിവാര ദുഃഖങ്ങള്‍!''

ആയിടെ സ്‌നേഹിതനും കോളേജ് പ്രൊഫസറുമായ ഡോ. എം.എ അസ്‌ക്കര്‍ അറബിഭാഷയില്‍നിന്നു നേരിട്ടു പരിഭാഷപ്പെടുത്തിയ മിഖായേല്‍ നുയ്മയുടെ ഖലീല്‍ ജിബ്രാന്റെ ജീവചരിത്രം ഗ്രന്ഥത്തിന്റെ കയ്യെഴുത്തുപ്രതി വായിക്കാനിടയായി. ആ കൃതിയുടെ പ്രസിദ്ധീകരണം തൃശൂര്‍, കറന്റ് ബുക്‌സ് ഏറ്റെടുത്തു. എറണാകുളത്തുവച്ച് പ്രകാശനം നടത്താമെന്ന് പദ്ധതിയിട്ടു. പ്രകാശനകര്‍മ്മം നിര്‍വഹിക്കാന്‍ സര്‍വ്വഥാ യോഗ്യന്‍ തമ്പി സാറാണെന്ന നിര്‍ദ്ദേശം വന്നു. ഞാനും അസ്‌ക്കറും അദ്ദേഹത്തെ ചെന്നുകണ്ടു ക്ഷണിച്ചു. അദ്ദേഹം സന്തോഷപൂര്‍വ്വം സമ്മതിച്ചു. ഞങ്ങളുടെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. അങ്ങനെ 2012 ഒക്ടോബര്‍ മൂന്നാം തീയതി പ്രകാശനച്ചടങ്ങ് ഗംഭീരമായി നടന്നു. പ്രസിദ്ധ സാഹിത്യകാരന്‍ സേതു, അധ്യക്ഷനായിരുന്നു.


ഖലീല്‍ ജിബ്രാന്‍ ജീവചരിത്രം പ്രകാശനം കെ.വി തമ്പി കെ.എന്‍ ഷാജിക്കു നല്‍കി നിര്‍വ്വഹിക്കുന്നു. ഗ്രന്ഥകാരന്‍ എം.എ അസ്‌ക്കര്‍, എഴുത്തുകാരന്‍ സേതു എന്നിവരെയും കാണാം.

ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് (2013 ജൂണ്‍ 6ന്) തമ്പിസാറിന്റെ നിര്യാണ വാര്‍ത്ത അറിയുന്നത്. ഞാനൊരു ദീര്‍ഘയാത്രയിലായിരുന്നതിനാല്‍ മരണവാര്‍ത്ത യഥാസമയം അറിഞ്ഞിരുന്നില്ല. ദുഃഖിതനും വിവേകിയുമായ ആ നന്മമരം നഷ്ടമായി. പ്രതിഭകളെ ആദരിക്കാന്‍ നാം മലയാളികള്‍, പൊതുവേ വിമുഖരാണ്. പക്ഷേ കാലം കെ.വി തമ്പിയുടെ സാഹിത്യസംഭാവനകള്‍ തിരിച്ചറിയും എന്നതില്‍ എനിക്ക് സന്ദേഹമില്ല; സമയമെടുക്കുമെന്നു മാത്രം.

തമ്പിസാറിന്റെ ഏതാനും വരികള്‍ കൂടി:

''ഞാനുറങ്ങുന്നു, പാതിരാത്രിതന്‍

മൃദുശയ്യാപാളിയില്‍

നിശാസുമ സുഗന്ധ നികുഞ്ജത്തില്‍ വ്യര്‍ത്ഥമാം കര്‍മ്മങ്ങള്‍തന്‍

ക്രൗര്യങ്ങള്‍ വിദൂരസ്ഥം....''


Next Story

Related Stories