TopTop
Begin typing your search above and press return to search.

ശിറുതുനേരം മനിതനായി ഇരുന്തവന്‍

ശിറുതുനേരം മനിതനായി ഇരുന്തവന്‍

തലേദിവസം രാത്രി വൈഗ അണക്കെട്ടിലെ വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ കാടെയനും സഹായി വാത്തുരാമനും ചേര്‍ന്ന് വല കെട്ടിയിരുന്നു. പുലര്‍ന്നപ്പോള്‍ വലയെടുക്കാന്‍ പോയി. കയറിവന്ന വെള്ളത്തിന്റെ താണ്ഡവം കണ്ട് അവര്‍ വിരണ്ടുപോയി. വല ഉണക്കാനിട്ടിരുന്ന കുന്നാംപാറ മുങ്ങിപ്പോയിരുന്നു. തലേന്ന് പെയ്ത മഴയോ മുല്ലപ്പെരിയാറില്‍നിന്ന് ഒഴുകിയെത്തിയ വെള്ളമോ നാശം വിതച്ചിട്ടുണ്ട്. മുള്ളുവിറകുകളും മഞ്ചനത്തികട്ടകളും സൈക്കിള്‍ ടയറുകളും ശീമത്തണ്ണി ടിന്നുകളും ഒഴുകിപ്പൊയ്‌ക്കൊണ്ടിരുന്നു. ചിലതു കരയ്‌ക്കെത്തുന്നു. ഇതിനിടയില്‍ എവിടെയാണ് വല തിരയുക?

വെള്ളം കയറിയ വിവരം നാട്ടുകാര്‍ അറിഞ്ഞിട്ടില്ല. അല്ലെങ്കില്‍ ഒച്ചയും ബഹളവുമായി വന്നേനെ. നേരം നല്ലപോലെ പുലര്‍ന്നു. ''എടാ, വാത്തുരാമാ... നോക്ക്... ഒരു ആട്ടിന്‍കുട്ടി.'' ഒഴുകിവരുന്ന ഒരു വൈക്കോല്‍ കൂനയ്ക്കുമുകളില്‍ എങ്ങനെയോ കയറി രക്ഷപ്പെട്ട ഒരു ആട്! ''വാത്തുരാമാ, ആട് എനിക്കാണേ. വൈക്കോല്‍ക്കൂന നീയെടുത്തോ.'' കാടെയന്‍ ആര്‍ത്തുവിളിച്ചു. വാത്തുരാമന്‍ വൈക്കോല്‍ക്കൂന കരയ്ക്കടുപ്പിച്ചു. ആടിനെ ചാലിമരത്തില്‍ കെട്ടി.അപ്പോഴാണ് ഭാഗ്യം ഒഴുകിവരുന്നത് വാത്തുരാമന്‍ കണ്ടത്. നനഞ്ഞുകുതിര്‍ന്ന്, വീര്‍ത്ത് ഒരു സ്ത്രീയുടെ ശവം. കടും ചുമപ്പുനിറമുള്ള ചേല ചുറ്റിയിട്ടുണ്ട്. കൊക്കി(തോട്ടി)യെടുത്ത് അവളുടെ സമൃദ്ധമായ മുടിയില്‍ കോര്‍ത്ത് അവന്‍ ശവം കരയ്ക്കടുപ്പിച്ചു. സുന്ദരിയായ യുവതി. വെള്ളം കുടിച്ച് വയര്‍ വീര്‍ത്തിട്ടുണ്ട്. പത്തു പവനെങ്കിലും കാണും കഴുത്തിലെ മാല. മണിച്ചരടില്‍ സ്വര്‍ണ്ണത്താലിക്കൊപ്പം രണ്ട് കാശുമുണ്ട്. മൂക്കില്‍ മൂക്കുത്തി. ഒരു കാലില്‍ കൊലുസ്. മറ്റേത് കാണാനില്ല. കാടെയന്‍ വാത്തുരാമനെ നോക്കി ആര്‍ത്തിയോടെ പറഞ്ഞു: ''മച്ചാനെ, വൈക്കോല്‍ക്കൂനയും ആട്ടിന്‍കുട്ടിയും നിനക്ക്. ശവം എനിക്ക്.'' കാടെയന്‍ മാല അഴിച്ചെടുത്തു. ക്രൂരമായി മൂക്കുത്തി പിഴുതെടുത്തു. കമ്മല്‍ ഊരിയെടുത്തു. കാലിലെ കൊലുസും എടുത്തു. ഉടുമുണ്ടില്‍ പൊതിഞ്ഞ് ഭദ്രമായി സൂക്ഷിച്ചു. വാത്തുരാമനെ താക്കീത് ചെയ്തു. ''ഇത് ആറ്റിലൂടെ അമ്മ അങ്കാളേശ്വരി അയച്ചതാണ്. പുറത്തുപറയരുത്. പറഞ്ഞാല്‍ അടുത്ത ശവം നിന്റേതായിരിക്കും.'' അവന്‍ ശവം ആറ്റില്‍ മണ്‍കൂന കൂട്ടിയിട്ടിടത്ത് കുഴിയുണ്ടാക്കി അതില്‍ തള്ളിയിട്ടു. കാലുകൊണ്ട് മണ്ണ് നീക്കിയിട്ട് കുഴി മൂടി.

രണ്ടുദിവസം കഴിഞ്ഞ് സന്ധ്യയ്ക്ക് ഒരു പഴയ കാര്‍ ഊരിലേക്ക് വന്നു. ആരോ കാടെയന്റെ വീട് കാട്ടിക്കൊടുത്തു. ഒരു മധ്യവയസ്‌കനും ഭാര്യയും. അവര്‍ പറഞ്ഞു: ''ഞങ്ങളുടെ വീട്ടിലേക്ക് മഹാലക്ഷ്മിയായി വന്ന മരുമകളെ വെള്ളം കൊണ്ടുപോയി. ഈ ഊരില്‍ അടിഞ്ഞെന്നുകേട്ടു.'' സ്ത്രീ കരച്ചില്‍ അഭിനയിച്ചുകൊണ്ടു പറഞ്ഞു. ''കല്യാണം കഴിഞ്ഞ് ഏഴുമാസമേ ആയുള്ളൂ. ഞങ്ങളുടെ മോന്‍ പട്ടാളത്തിലാണ്. പൂവും പൊട്ടുമായി വെള്ളത്തില്‍ പോയവള്‍. പൊന്നോടുകൂടെയാണ് പോയത്. അവള്‍ വലതുകാല്‍വെച്ച് വീട്ടിലേക്കു വന്നശേഷമാണ് ഞങ്ങള്‍ക്ക് ഗതി പിടിച്ചത്, ഐശ്വര്യം വന്നത്. ഞങ്ങളുടെ വീട്ടിലെ ലക്ഷ്മി പോയല്ലോ!''

''നീ വേണമെങ്കില്‍ കുറച്ചെടുത്തോ. ബാക്കി ആഭരണങ്ങള്‍ തന്നാല്‍ ഞങ്ങള്‍ നന്ദി പറഞ്ഞു പൊയ്‌ക്കോളാം.'' അമ്മായിഅമ്മ പറഞ്ഞു തീരുംമുമ്പ് കാടെയന്‍ അലറി: ''ഏയ് തള്ളേ, നിങ്ങള്‍ എന്താണ് പറയുന്നത്? ആറിന്റെ നീളം മുപ്പതു മൈലാണ്. ശവം എവിടെയാണടിഞ്ഞതെന്ന് ആര്‍ക്കറിയാം. വീശുവല പോയ വിഷമത്തില്‍ ചങ്കുനീറി ഇരിക്കുകയാണ് ഞാന്‍.'' അവന്‍ കോപം കൊണ്ട് വിറച്ചു. അവര്‍ പേടിച്ചു, പോയി.

പിറ്റേന്ന് ഉച്ചനേരം. ഊരിലെ ചായക്കടയ്ക്കു മുന്നില്‍ ഒരു ഓട്ടോറിക്ഷ വന്നു നിന്നു. അതില്‍ കരഞ്ഞു വീര്‍ത്ത മുഖവുമായി ഒരമ്മ. ഒരു സ്‌കൂള്‍ക്കുട്ടി. ഖദറിട്ട്, കണ്ണട വെച്ച ഒരു സാധു മനുഷ്യന്‍. വാത്തുരാമന്‍ അവരെ കാടെയന്റെ വീട്ടിലെത്തിച്ചു. പെട്ടെന്ന്, അവന്റെ കാലില്‍ വീണു പൊട്ടിക്കരഞ്ഞുകൊണ്ട് ആ സ്ത്രീ യാചിച്ചു: ''എന്റെ ആങ്ങളയെപ്പോലെ കരുതി ചോദിക്കുകയാ, എവിടെ എന്റെ മോള്‍? എന്റെ തങ്കം. എല്ലാം പെറുക്കി വിറ്റിട്ടാണ് അവളെ കെട്ടിച്ചയച്ചത്. അവസാനം അനാഥശവമായിപ്പോയല്ലോ, എന്റെ രാശകുമാരി. എന്റെ മോളെ എനിക്കു താ. അവളുടെ കാതിലും മൂക്കിലും കഴുത്തിലും കിടന്നതൊക്കെ നീയെടുത്തോ. പറ, നീ അവളെ എന്തു ചെയ്തു? കത്തിച്ചോ? കുഴിച്ചിട്ടോ? ആ സ്ഥലം മാത്രം ഒന്നു കാണിച്ചുതാ, ഞാനവിടെ കിടന്നു ചത്തോളാം''.

കാടെയന്റെ ചങ്കു പറിഞ്ഞുപോയി. പെറ്റമ്മയാണ് ചോദിക്കുന്നത്. അവന്റെ മനസ്സാക്ഷി അവനെ കശക്കിയെറിഞ്ഞു. 'കാടെയാ, വേണ്ടടാ, ശവത്തില്‍നിന്ന് ആഭരണങ്ങള്‍ പറിച്ചെടുക്കുന്നത് പാപമല്ല. പക്ഷേ, ശവത്തില്‍നിന്ന് അമ്മയെ പറിച്ചെടുക്കല്ലേ... പോടാ, പോയി എടുത്തുകൊടുക്ക്.'

കാടെയന്‍ പൊടുന്നനെ വീടിനുള്ളിലേക്കു പോയി. ശവത്തിലുണ്ടായിരുന്ന ചുവന്ന ചേലചുറ്റി കിടക്കുകയായിരുന്നു, ഭാര്യ. ഒറ്റവലിക്ക് അത് ഊരിയെടുത്തു. ആഭരണങ്ങള്‍ അതിലിട്ടിട്ടു പറഞ്ഞു:

''ഇതാ അമ്മേ, നിങ്ങളുടെ മകള്‍'' പെറ്റവളുടെ കൈയില്‍ കൊടുത്തശേഷം കാടെയന്‍ കണ്ണുതുടച്ചു.

ആ ചേല തൊട്ടതും ആ അമ്മ നിലവിളിച്ച നിലവിളി ഉണ്ടല്ലോ, അത് കേട്ടിരുന്നെങ്കില്‍ കുഴിയില്‍ കിടക്കുന്ന ശവം ഒന്നു തിരിഞ്ഞുകിടന്നിട്ടുണ്ടാവും!

വൈരമുത്തുവിന്റെ 'ശിറുതുനേരം മനിതനായി ഇരുന്തവന്‍' (കുറച്ചുനേരം മനുഷ്യാനയവന്‍) എന്ന കഥയുടെ രത്‌നചുരുക്കമാണിത്. മനുഷ്യത്വമാണ് വൈരമുത്തുവിന്റെ കഥകളുടെ മുഖമുദ്ര. ഏതു നികൃഷ്ടജീവിക്കും ഒരു മന:സാക്ഷിയുണ്ടാവാം എന്ന് ഈ കഥ സമര്‍ത്ഥിക്കുന്നു. ഇനിയും നിരവധി ഉദാഹരണങ്ങളുണ്ട്. ഉദ്ദേശ്യം കഥാനിരൂപണം അല്ലാത്തതിനാല്‍ അവിടേക്ക് കടക്കുന്നില്ല.


സ്വന്തം കഥകള്‍ക്ക് ആമുഖമായി, ആത്മകഥാപരമായി വൈരമുത്തു എഴുതിയത് വായിക്കുക:

''ഞാനൊരു കൃഷിക്കാരന്റെ മകനാണ്. കാപട്യങ്ങളില്ലാതെ ജീവിക്കുന്നവര്‍ക്കിടയില്‍ പിറന്നവന്‍. തുറന്നുകിടക്കുന്ന സ്ഥലത്തു വളര്‍ന്നവന്‍. ജനിച്ചയുടന്‍ പൊക്കിള്‍ക്കൊടി മുറിച്ചെടുത്ത് ഏതെങ്കിലും മുള്‍ക്കാട്ടില്‍ വലിച്ചെറിഞ്ഞിട്ടുണ്ടാവും. മുറിക്കാന്‍ ഉപയോഗിച്ച കത്തി അടുത്തനിമിഷം തന്നെ കോഴിയെ അറുക്കാന്‍ ഉപയോഗിച്ചിട്ടുണ്ടാവും. ആടുമാടുകളുടെ ശബ്ദമാണ് ഞാന്‍ കേട്ട താരാട്ട്. മനുഷ്യരും പറവകളും മൃഗങ്ങളും സസ്യങ്ങളും ആയിരുന്നു എന്റെ ആദ്യകാല ഗുരുക്കള്‍. പ്രസവ രക്തത്തിന്റെ വഴുവഴുപ്പോടെ ആകാശത്തില്‍ പിറന്നുവീണ ചുവന്ന നിലാവായിരുന്നു ഞാന്‍ കണ്ട ആദ്യത്തെ അതിശയം. ആകാശം വാരിവിതറിയ മഴയായിരുന്നു രണ്ടാമത്തെ അതിശയം. അധ്വാനിക്കുന്നവര്‍ക്കിടയില്‍ നടക്കുന്ന വഴക്കുകളും ബഹളങ്ങളും ആയിരുന്നു ഞാന്‍ കേട്ട ആദ്യ സംഗീതം. ദാരിദ്ര്യത്തിന്റെ പെരുമ, വിശക്കുന്നവരുടെ വിശ്വാസം, ഒന്നുമില്ലാത്തവരുടെ ആനന്ദം, മൃഗങ്ങളെപ്പോലും ദൈവങ്ങളാക്കുന്ന വിശ്വാസം, മനുഷ്യരെ മൃഗങ്ങളാക്കുന്ന യാഥാര്‍ത്ഥ്യം, നട്ടുച്ചയ്ക്ക് നടക്കുന്ന കൊലപാതകം, തുറന്ന സ്ഥലത്തുവെച്ചുള്ള ലൈംഗികവേഴ്ച, നെല്ലിക്കയുടെ കയ്പ്പിനടിയില്‍ പൂഴ്ത്തിവെച്ചിരിക്കുന്ന ഇത്തിരി മധുരമെന്നപോലെ കത്തിക്കൊണ്ടിരിക്കുന്ന ജീവിതത്തില്‍, കത്തിത്തീരാതിരിക്കുന്ന ഇത്തിരി വിശ്വാസം, പഠിക്കാത്തവര്‍ സമ്പാദിച്ചുവെച്ചിരിക്കുന്ന ഉന്നതങ്ങളായ പഴമൊഴികള്‍, സുഹൃത്തായ ദൈവത്തേക്കാളും ശത്രുവായ മനുഷ്യനില്‍ വിശ്വാസമര്‍പ്പിക്കുന്ന സാധാരണക്കാരായ, സത്യസന്ധരായ മനുഷ്യര്‍ എന്നിങ്ങനെയുള്ള അനുഭവങ്ങളോടെ പതിനേഴു വയസുവരെ എന്നെ ചെത്തിമിനുക്കിയെടുത്ത ജീവിതമാണ് എന്റെ എഴുത്തിന്റെ ശക്തി.

ബാല്യത്തില്‍ അനുഭവിച്ച ദാരിദ്ര്യം എന്നെ അനുഭവസമ്പന്നനാക്കിയശേഷം മാറിനിന്ന് ആസ്വദിച്ചു. നഗരത്തില്‍നിന്ന് ഞാന്‍ നേടിയ സമ്പത്ത് മേല്‍ത്തട്ടു വര്‍ഗത്തിന്റെ അതിശയങ്ങളെ കാണിച്ചുതന്നു. ഈ രണ്ട് എതിര്‍മുനകളാണ് ജീവിതത്തില്‍ എന്നെ തീയിലിട്ട് പഴുപ്പിച്ച് അടിച്ചു രൂപപ്പെടുത്തിയത്. എന്റെ ബുദ്ധിയില്‍ എത്ര കൊള്ളുമോ, അത്രയും ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. എന്റെ മുന്‍പില്‍ തുറന്നുകിടക്കുന്ന ലോകവും അതില്‍ ഞാന്‍ കണ്ടതും കൊണ്ടതുമായ ജീവിതം എന്റെ കഥകളില്‍ നിറഞ്ഞിരിക്കുന്നു.''

1953 ജൂലൈ 13ന് തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ മേട്ടൂര്‍ എന്ന ഗ്രാമത്തില്‍ കര്‍ഷകനായ രാമസ്വാമിയുടെയും അങ്കാമ്മാളുടേയും മകനായി വൈരമുത്തു ജനിച്ചു. 1957ല്‍ മേട്ടൂര്‍ വിട്ട്, വടുഗപ്പട്ടി എന്ന ഗ്രാമത്തിലേക്ക് മാറിതാമസിക്കാന്‍ കുടുംബം നിര്‍ബ്ബന്ധിതരായി. വൈഗ നദിക്കു കുറുകെ അണക്കെട്ട് പണിയുന്നതിനായി മേട്ടൂര്‍ ഉള്‍പ്പെടെ പതിനാലു ഗ്രാമങ്ങളിലെ ജനങ്ങളെ സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചു. പഠിക്കുന്നതിനിടെ കൃഷിപ്പണിയില്‍ അദ്ദേഹം മാതാപിതാക്കളെ സഹായിച്ചു. കുട്ടിക്കാലത്തേ തമിഴ് ഭാഷയോടും സംസ്‌കാരത്തോടും രാഷ്ട്രീയമായി ദ്രാവിഡ മുന്നേറ്റത്തോടും ആഭിമുഖ്യം പുലര്‍ത്തി. പെരിയാര്‍ രാമസ്വാമി, സുബ്രഹ്‌മണ്യഭാരതി, ഭാരതീദാസന്‍, കണ്ണദാസന്‍, അണ്ണാദുരൈ, എം കരുണാനിധി എന്നിവര്‍ അഗാധമായി സ്വാധീനിച്ചു. പത്താമത്തെ വയസ് മുതല്‍ കവിതകളെഴുതിത്തുടങ്ങി. പത്തൊമ്പതാമത്തെ വയസില്‍ ആദ്യ കവിതാസമാഹാരം 'വൈഗരെ മേഗങ്കള്‍' (പ്രഭാതത്തിലെ മേഘങ്ങള്‍) പ്രസിദ്ധീകരിച്ചു. അത് പാഠപുസ്തകമായി. പച്ചയ്യപ്പാസ് കോളേജില്‍ പഠിച്ച്, മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തമിഴ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം സമ്പാദിച്ചു. പഠനശേഷം തമിഴ്‌നാട് ഔദ്യോഗിക ഭാഷ കമ്മീഷനില്‍ ട്രാന്‍സ്‌ലേറ്റര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. 1979ല്‍ രണ്ടാമത്തെ കവിതാ സമാഹാരം പുറത്തിറങ്ങി -തിരുത്തി എഴുതിയ തീര്‍പ്പുകള്‍ (തിരുത്തി എഴുതിയ വിധികള്‍).


1980ല്‍ ഭാരതിരാജയുടെ ''നിഴല്‍കള്‍' എന്ന സിനിമയില്‍ പാട്ടെഴുതിക്കൊണ്ടാണ് സിനിമാരംഗത്ത് വന്നത്. കഴിഞ്ഞ നാലു ദശകങ്ങളായി, സിനിമയ്ക്കുവേണ്ടി ഏഴായിരം ഗാനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ആറുതവണ തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡും ഏഴുതവണ നാഷണല്‍ അവാര്‍ഡും വൈരമുത്തുവിനു ലഭിച്ചു. 2003ല്‍ 'കള്ളിക്കാട്ട് ഇതിഹാസം' എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടി. അണക്കെട്ടിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ഗ്രാമീണരുടെ ദുരിതകഥ, ഒരുതരത്തില്‍ പറഞ്ഞാല്‍ ആത്മകഥയാണ് പ്രമേയം. 2003ല്‍ പത്മശ്രീയും 2014ല്‍ പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. കവിതകള്‍, കഥകള്‍, നോവല്‍, യാത്രാവിവരണം എന്നിങ്ങനെ 42 കൃതികള്‍ വൈരമുത്തു രചിച്ചിട്ടുണ്ട്. ഒരു മികച്ച പ്രഭാഷകനാണ് വൈരമുത്തു. ഭാര്യ ഡോ. പൊന്‍മണി കോളേജ് അധ്യാപിക. രണ്ട് ആണ്‍മക്കള്‍: ഗാര്‍ഗിയും കപിലനും. ചെന്നൈയില്‍ വസന്ത് നഗറില്‍ താമസിക്കുന്നു.


ഇത്രയും വിശദമായി വൈരമുത്തുവിനെ പരിചയപ്പെടുത്തിയത്, അദ്ദേഹത്തിന് ഈയിടെ ലഭിച്ച ഒഎന്‍വി കുറുപ്പ് അവാര്‍ഡിനെച്ചൊല്ലി ഇപ്പോഴും കെട്ടടങ്ങാത്ത വിവാദത്തിന്റെ നടുവില്‍ നിന്നുകൊണ്ടാണ്. ഒരാള്‍ക്ക് എന്തു പുരസ്‌കാരം ലഭിക്കുമ്പോഴും വിവാദം ഉണ്ടാവുക സ്വാഭാവികമാണ്. അന്വേഷിച്ചു ചെല്ലുമ്പോള്‍ അതിനു പിന്നിലെ ലക്ഷ്യങ്ങള്‍ വിചിത്രവുമായിരിക്കും. വിശദാംശങ്ങളിലേക്കു പ്രവേശിക്കാനുള്ള സന്ദര്‍ഭമല്ല ഇത്. ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ തമിഴകത്ത് സാഹിത്യവും സിനിമയുമായി അടുത്ത ബന്ധമുള്ള പല സുഹൃത്തുക്കളുമായി ബന്ധപ്പെടുകയുണ്ടായി. പല അഭിപ്രായങ്ങളും കേട്ടു. അതും വിശദീകരിക്കുന്നില്ല. സാധാരണക്കാരന്റെ മനസില്‍ വരുന്ന ഒരു പ്രതികരണം മാത്രം ഇവിടെ പങ്കുവെയ്ക്കാം. കേരളത്തിലെ സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരായ മൂന്നു പേരടങ്ങിയ ഒരു ജഡ്ജിംഗ് കമ്മിറ്റിയായിരുന്നു, വിധികര്‍ത്താക്കള്‍. അവര്‍ ഏകകണ്ഠമായാണ് വൈരമുത്തുവിനെ തിരഞ്ഞെടുത്തത്. ഉചിതമായ തീരുമാനം. ഒഎന്‍വി കുറുപ്പ് ട്രസ്റ്റ് ചെയര്‍മാന്‍ കേരളം അംഗീകരിച്ച പ്രതിഭയായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഈ വിവരം പരസ്യമായി പ്രഖ്യാപിച്ചു. അപ്പോഴാണ് വിവാദം തലപൊക്കിയത്. ഒരു കാര്യം ഉറപ്പാണ്. ആ അവാര്‍ഡ് വൈരമുത്തു എന്ന വ്യക്തിക്കല്ല, അദ്ദേഹത്തിന്റെ കഴിവുകള്‍ക്കുള്ള അംഗീകാരമാണ്. അതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാന്‍ അവകാശമില്ല. അദ്ദേഹത്തിനെതിരായ ലൈംഗികാരോപണം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതൊരുപക്ഷേ, ശരിയായിരിക്കാം. എന്നാല്‍ അതിനു വിധി പ്രസ്താവിക്കാന്‍ നമ്മളാര്?

വൈരമുത്തുവിന്റെ ഒരു ഗാനശകലം ഉദ്ധരിച്ചുകൊണ്ട് ഈ ചെറുകുറിപ്പ് ഉപസംഹരിക്കുന്നത് ഉചിതമായിരിക്കും എന്നു വിചാരിക്കുന്നു.

''ഒളി എങ്കെ ഒളികിറത്?

അണൈന്ത പിന്നേ.

ഉയിര്‍ എങ്കെ ഉറൈകിറത്?

ഇറന്ത പിന്നേ.

രണ്ടുമേ പിറന്ന ഇടം

ശേരും പെണ്ണേ

എല്ലാരും ഒരുനാള്‍

അറിവാര്‍ കണ്ണേ!''

(വെളിച്ചം എവിടെയാണ് ഒളിക്കുന്നത്?

അണഞ്ഞശേഷം.

ജീവന്‍ എവിടെ വസിക്കുന്നു? മരണശേഷം.

രണ്ടും പിറന്നയിടത്തില്‍

ചേരും പെണ്ണേ

എല്ലാവരും ഒരുനാള്‍

അറിയും കണ്ണേ!)

ശരിയല്ലേ?


Next Story

Related Stories