TopTop
Begin typing your search above and press return to search.

ലാഭം ഉറപ്പാക്കുന്ന വാക്സിന്‍ നയം മാറ്റം

ലാഭം ഉറപ്പാക്കുന്ന വാക്സിന്‍ നയം മാറ്റം

കോവിഡ് വാക്സിന്‍ വിഷയത്തില്‍ ഭാഗികമായെങ്കിലും നയം തിരുത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായത് രോഗവ്യാപനത്തിന്റെ ഫലമായി രാജ്യം നേരിടുന്ന ഗുരുതരമായ സാഹചര്യത്തിന്റെ പ്രതിഫലനമാണെന്ന് കരുതേണ്ടിയിരിക്കുന്നു. കോവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തിയ കുറ്റകരമായ നിസ്സംഗത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപി -ക്കും രാഷ്ട്രീയമായ തിരിച്ചടിയാണെന്ന തോന്നലാണ് നയം മാറ്റത്തിന്റെ പ്രേരണയെന്ന വീക്ഷണമാണ് ഭൂരിഭാഗം വിലയിരുത്തലുകളും പ്രകടിപ്പിക്കുന്നത്. രാഷ്ട്രീയമായ തിരിച്ചടിയെക്കുറിച്ചുള്ള വ്യാകുലതകള്‍ ഇക്കാര്യത്തില്‍ പങ്ക് വഹിച്ചിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സുപ്രീം കോടതിയുടെ ഇടപെടലും നിര്‍ണ്ണായക പങ്ക് വഹിച്ചു. അതോടൊപ്പം രാജ്യമാകെ മഹാമാരി വിതച്ച വിനാശം അസഹനീയമായ നിലയില്‍ എത്തിയന്നെ തോന്നലും നയം മാറ്റത്തിനുളള പ്രേരണയായെന്നു കരുതേണ്ടതുണ്ട്. 'അള മുട്ടിയാല്‍ ചേരയും കടിക്കും' എന്ന മാനസികാവസ്ഥയിലാണ് ജനങ്ങള്‍.

കോവിഡിനെ മറയാക്കി ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഭരണകൂടങ്ങള്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങളെ ലംഘിച്ചുകൊണ്ട് ജനങ്ങള്‍ തെരുവിലറങ്ങുന്ന സാഹചര്യം സംജാതമായിട്ടുണ്ട്. ബ്രസീല്‍, കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ ജനങ്ങള്‍ വന്‍തോതില്‍ പ്രതിഷേധവുമായി തെരുവിലറങ്ങിയതിന്റെ വിവരണങ്ങള്‍ ലഭ്യമാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഫുട്ബാള്‍ മാമാങ്കമായ കോപ അമേരിക്ക മത്സരങ്ങള്‍ നടത്താന്‍ പ്രക്ഷോഭം കാരണം നിര്‍വാഹമില്ലെന്നു കൊളംബിയക്ക് സമ്മതിക്കേണ്ട അവസ്ഥ അവിടുത്തെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്നു. അര്‍ജന്റീനയും, കൊളംബിയയും സംയുക്തമായി കോപ അമേരിക്കക്ക് ആതിഥേയത്വം വഹിക്കുമെന്നായിരുന്നു തീരുമാനം. ഒരു മാസത്തിലധികമായി നടക്കുന്ന പ്രതിഷേധങ്ങള്‍ കാരണം മത്സരങ്ങള്‍ നടത്താനാവില്ലെന്ന് കൊളംബിയ വ്യക്തമാക്കിയതോടെ ടൂര്‍ണ്ണമെന്റ് മൊത്തമായി ബ്രസീലിലേക്കു മാറ്റിയിരിക്കുകയാണ്. കോവിഡ് ബാധയില്‍ ഏറ്റവുമധികം പേര്‍ക്ക് ജീവഹാനി സംഭവിച്ച രാജ്യങ്ങളിലൊന്നായ ബ്രസീലില്‍ പ്രസിഡണ്ടായ ജായിര്‍ ബോല്‍സനാരോയെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി പതിനായിരങ്ങള്‍ മെയ് 29-ന് പ്രകടനം നടത്തിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപോര്‍ട്ടു ചെയ്തു. ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളില്‍ പ്രകടമായ പ്രതിഷേധത്തിന്റെ തീവ്രതയും വ്യാപ്തിയും ഇന്ത്യയില്‍ ഒരിടത്തും ദൃശ്യമല്ലെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ചെറിയ പ്രതിഷേധങ്ങള്‍ തീര്‍ത്തും അവഗണിക്കാവുന്നതല്ലെന്നു ഭരണകൂട സംവിധാനങ്ങള്‍ തിരിച്ചറിയുന്നു. മുഖ്യധാര മാധ്യമങ്ങള്‍ പൂര്‍ണ്ണമായും അവഗണിക്കുന്ന കര്‍ഷകരുടെ സമരം 6-മാസം പിന്നിട്ടിട്ടും ഇപ്പോഴും തുടരുന്ന കാര്യവും മറക്കാവുന്നതല്ല. പഞ്ചാബിലും, ഹര്യാനയിലും, പശ്ചിമ ഉത്തര്‍പ്രദേശിലും കര്‍ഷക സമരത്തിനുള്ള പിന്തുണയില്‍ കാര്യമായ ഇടിവ് ഇതുവരെ ഉണ്ടായിട്ടില്ല.

.'മത്സരാധിഷ്ഠിത വാക്സിന്‍ വില നിര്‍ണ്ണയമെന്ന' പേരില്‍ മെയ് 1 മുതല്‍ പ്രാബല്യത്തിലുണ്ടായിരുന്ന നയം തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായതിന്റെ പിന്നില്‍ ഈ ഘടകങ്ങളും അവയുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്ന അലംഭാവം വാക്സിന്‍ നയത്തില്‍ വരുത്തിയ ഭാഗികമായ മാറ്റത്തിലൂടെ മാത്രം പരിഹരിക്കാവുന്നതല്ല. വാക്സിന്‍ ഉല്‍പ്പാദനത്തിന്റെ 75-ശതമാനവും കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ നിര്‍മാതാക്കള്‍ക്ക് എത്രവേഗം കഴിയുമെന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്. ആവശ്യാനുസരണമുള്ള ലഭ്യതയുടെ അഭാവത്തില്‍ വാക്സിനേഷന്റെ പുരോഗതി കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ മന്ദഗതിയിലാണ്. ജൂണ്‍ 21-നു പുതിയ നയം പ്രാബല്യത്തില്‍ വന്ന ശേഷം ലഭ്യതയില്‍ മെച്ചമുണ്ടാവുമെന്നാണ് പ്രതീക്ഷ. വാക്സിന്‍ ഉല്‍പ്പാദനത്തിന്റെ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് മാറ്റിവെച്ചതു വഴി വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് വന്‍ലാഭം കൊയ്യുന്നതിനുള്ള അവസരം സര്‍ക്കാര്‍ ഇപ്പോഴും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 780 (കോവിഷീല്‍ഡ), 1,410 (കോവാക്സിന്‍) 1,145 (സ്പുടനിക്) രൂപ വീതം ഈടാക്കാമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. ഡോസിന് 150 രൂപ ലഭിച്ചാലും ലാഭമുണ്ടാകുമെന്ന് ഉറപ്പുള്ള ഉല്‍പ്പന്നത്തിന് 780 മുതല്‍ 1,400 രൂപ വരെ ലഭിക്കുമ്പോള്‍ കിട്ടുന്ന ലാഭ വിഹിതത്തിന്റെ തോത് എത്രയാവുമെന്ന് ഊഹിക്കാവുന്നതാണ്. വാക്സിന്‍ നയത്തില്‍ സുതാരത്യ ഇല്ലാത്ത തീരുമാനങ്ങളുടെ കാരണം ലാഭ വിഹിതത്തിന്റെ തോതിലെ കണക്കുകളാണെന്നു തോന്നിയാല്‍ അതിശയിക്കാനാവില്ല.

മഹാമാരി നേരിടുന്നതിലെ വീഴ്ചകളുടെ പേരിലുള്ള വിമര്‍ശനങ്ങളുടെ ആഘാതത്തില്‍ നിന്നും പുറത്തു കടക്കുന്നതിനായി ബിജെപി-യുടെ കേന്ദ്ര നേതൃത്വം പെടാപ്പാട് പെടുന്നതിന്റെ ബദ്ധപ്പാടിലാണ് കേരളത്തിലെ പാര്‍ട്ടി ഘടകം നേരിടുന്ന 'ഹവാല' ആരോപണം. പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ഹെലിക്കോപ്റ്റര്‍ വഴിയും പണം കടത്തിയെന്ന ആരോപണത്തിന് ആവശ്യമായ വെടിമരുന്ന് നല്‍കുന്നത് പാര്‍ട്ടിയിലെ വിരുദ്ധവിഭാഗമാണ്. 'ഹെലിക്കോപ്ടര്‍ മണി' എന്ന പ്രയോഗം സാമ്പത്തിക പണ്ഡിതരില്‍ ചിലര്‍ക്കെങ്കിലും സുപരിചിതമാണ്. മാന്ദ്യം തീണ്ടി സിദ്ധി കൂടാറായ സമ്പദ്ഘടനയെ ജീവന്‍ വെപ്പിക്കാന്‍ പണം യഥേഷ്ടം ചെലവഴിക്കുകയാണ് കരണീയമെന്ന സിദ്ധാന്തത്തിന്റെ അലങ്കാര പ്രയോഗമാണ് ഹെലിക്കോപ്ടര്‍ മണി. കൃതിയുടെ പകര്‍പ്പവകാശം മില്‍ട്ടണ്‍ ഫ്രൈഡ്മാന്‍. ആകാശത്തു നിന്നും പുഷ്പവൃഷ്ടി പോലെ ഹെലിക്കോപ്ടറില്‍ പണം വിതറുന്നതിന്റെ സാധ്യത തിരിച്ചറിഞ്ഞ പ്രഗല്‍ഭന്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനാണെന്ന് പാര്‍ട്ടിയിലെ എതിര്‍ചേരിയുടെ പക്ഷം. ഫ്രൈഡ്മാനെ വെല്ലുന്ന സാമ്പത്തിക വിശാരദനായ സുരേന്ദ്രന്‍ജിയുടെ (സംശയമുളളവര്‍ നോട്ടു നിരോധന കാലത്തെ അദ്ദേഹത്തിന്റെ മൊഴിമുത്തുകള്‍ ഓര്‍ക്കുക) മൂല്യം കേരളത്തിലെ എതിര്‍ ഗ്രൂപ്പിലെ സനാതനികള്‍ ഇന്നല്ലെങ്കില്‍ നാളെ തിരിച്ചറിയും. സാമ്പത്തിക മാന്ദ്യം മറി കടക്കാനുള്ള ഫ്രൈഡ്മാന്റെ സിദ്ധാന്തത്തെ രാഷ്ട്രീയ മാന്ദ്യം മറികടക്കാനുള്ള ഒറ്റമൂലിയായി തിരിച്ചറിഞ്ഞ സുരേന്ദ്രന്‍ജിയുടെ പ്രതിഭയെ ആദരിക്കുന്നതിന് പകരം ആക്രമിക്കുന്നത് പൊറുക്കാവുന്നതല്ല. കല്‍പ്പാന്ത കാലത്തോളം കേരളത്തില്‍ ബിജെപി രാഷ്ട്രീയ മാന്ദ്യത്തില്‍ തളര്‍ന്നു കിടക്കണമെന്ന് മോഹിക്കുന്ന സംഘ ശത്രുക്കളാണ് ആക്രമത്തിന്റെ പിന്നിലെന്നു സംശയിച്ചാല്‍ തെറ്റില്ല എന്നാണ് സുരേന്ദ്ര പക്ഷത്തിന്റെ മറുമൊഴി. ആകാശത്തും, ഭൂമിയിലുമായി നടന്ന തെരഞ്ഞെടുപ്പു ഫണ്ടിന്റെ കണക്കെടുപ്പിന്റെ തിരക്കില്‍ വാക്സിന്‍ നയത്തിലെ മാറ്റമൊന്നും കേരളത്തിലെ സനാതനികള്‍ തിരിച്ചറിഞ്ഞതായി തോന്നുന്നില്ല.


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories