TopTop
Begin typing your search above and press return to search.

ഡല്‍ഹി സര്‍വകലാശാല സായിബാബയെ പിരിച്ചു വിടുമ്പോള്‍

ഡല്‍ഹി സര്‍വകലാശാല സായിബാബയെ പിരിച്ചു വിടുമ്പോള്‍

ഡല്‍ഹി സര്‍വകലാശാല അധ്യാപകനായ ജി.എന്‍. സായിബാബയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. 2021, മാര്‍ച്ച് 31 മധ്യാഹ്നം മുതല്‍ രാംലാല്‍ ആനന്ദ് കോളജിലെ ഇംഗ്ലീഷ് അസ്സിസ്റ്റന്റ് പ്രഫസര്‍ ആയ ജി.എന്‍. സായിബാബയുടെ സേവനങ്ങള്‍ അവസാനിപ്പിച്ചതായി അറിയിക്കുന്ന ഒറ്റവരി പിരിച്ചുവിടല്‍ ഉത്തരവില്‍ കാരണങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. കോളജിന്റെ ഔദ്യോഗിക മുദ്രയുള്ള കടലാസ്സിലെ ഉത്തരവില്‍ പ്രിന്‍സിപ്പല്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട് . തളര്‍വാതം മൂലം 90-ശതമാനം ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന, വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കുവാന്‍ കഴിയുന്ന, സായിബാബ കഴിഞ്ഞ ഏഴ് കൊല്ലങ്ങളായി തടവറയിലാണ്. മാവോയിസ്റ്റ് ഗൂഢാലോചനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2014-ല്‍ മഹാരാഷ്ട്ര പൊലീസ് അറസ്റ്റു ചെയ്ത ഈ 53-കാരന് വിചാരണക്കോടതി 2017-ല്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പറ്റുമായിരുന്നുവെങ്കില്‍ മരണ ശിക്ഷ വിധിച്ച് അപ്പോള്‍ തന്നെ നടപ്പിലാക്കുമായിരുന്നു എന്ന ധ്വനിയിലുള്ള വിചാരണക്കോടതിയുടെ വിധിക്കെതിരെ ഫയല്‍ ചെയ്ത അപ്പീല്‍ ഹര്‍ജി കഴിഞ്ഞ നാലു കൊല്ലങ്ങളായി മുംബൈ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആരോഗ്യപരമായ കാരണങ്ങളാല്‍ അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ജാമ്യം അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷകളും ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. 90-ശതമാനം ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഈ മനുഷ്യന്‍ രാജ്യത്തിന് എതിരെ യുദ്ധം ചെയ്യുന്നതിന് ഗൂഢാലോചന നടത്തിയെന്നതാണ് പ്രധാന കുറ്റം. മഹാരാഷ്ട്രയിലെ ഭീകരവിരുദ്ധ സേന കെട്ടിച്ചമച്ച കേസ്സാണ് തനിക്കെതിരെയുള്ള കുറ്റം എന്ന് സായിബാബയും അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവരും അവകാശപ്പെടുന്നു.

നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ സായിബാബ ഫ്രെബ്രുവരിയില്‍ കോവിഡ് ബാധിതനായി. കോവിഡ് ബാധയെ തുടര്‍ന്ന് അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 18-ഓളം സംഘടനകള്‍ രംഗത്തു വന്നിരുന്നു. ശാരീരികമായ വെല്ലുവിളികള്‍ക്കു പുറമെ ഹൃദയ-വൃക്ക സംബന്ധമായ രോഗങ്ങള്‍ അലട്ടുന്ന സായിബാബക്ക് കോവിഡ് ചികിത്സക്ക് വേണ്ടി കുറഞ്ഞ പക്ഷം പരോള്‍ എങ്കിലും അനുവദിക്കണമെന്ന് ഈ സംഘടനകള്‍ ആവശ്യപ്പെട്ടുവെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും പ്രതികരണവുമുണ്ടായില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മരണക്കിടക്കയിലായ അമ്മയെ സന്ദര്‍ശിക്കുന്നതിന് പരോള്‍ അനുവദിക്കണമെന്ന ആവശ്യവും, ഓഗസ്റ്റ് ഒന്നിന് അമ്മയുടെ മരണശേഷം ശവസംസ്‌ക്കാരവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കന്നതിനുള്ള അദ്ദേഹത്തിന്റെ പരോള്‍ അപേക്ഷയും നിരസിക്കപ്പെട്ടു.

സ്വതന്ത്ര ചിന്തയും, ബദല്‍ രാഷ്ട്രീയ വീക്ഷണങ്ങളും ഇന്ത്യയില്‍ നേരിടുന്ന കടുത്ത അരക്ഷിതാവസ്ഥയുടെ ലക്ഷണമൊത്ത മാതൃകയായി സായിബാബയുടെ അറസ്റ്റും ഗൂഢാലോചന കേസ്സില്‍ പ്രതിയാക്കിയതിനു ശേഷമുള്ള വിചാരണ കോടതിയുടെ ശിക്ഷയും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമസംവിധാനത്തിനുള്ളില്‍ നിന്നു മാത്രം പ്രവര്‍ത്തിക്കുവാന്‍ ബാധ്യതയുള്ള ഭരണകൂട സ്ഥാപനങ്ങള്‍ അതിന് നേരെ വിപരീതമായ ദിശയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഇന്ത്യയില്‍ നിയമവ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന നിരീക്ഷണങ്ങളെ ശരിവെക്കുന്നതാണ് വീല്‍ചെയറില്‍ മാത്രം ദൈനംദിന കൃത്യങ്ങള്‍ നിര്‍വഹിക്കുന്ന ഒരു മനുഷ്യന്റെ അറസ്റ്റും, ശിക്ഷയും. സായിബാബയെ പിരിച്ചുവിട്ട നടപടി ചട്ടപ്രകാരം നിലനില്‍ക്കുമോയെന്നു പരിശോധിക്കുകയാണെന്ന് സായിബാബയുടെ മോചനത്തിനും, സംരക്ഷണത്തിനും വേണ്ടിയുള്ള സമിതി അംഗവും ഡല്‍ഹി യൂണിവേഴ്സിറ്റി പ്രഫസറുമായ നന്ദിത നാരായന്‍ അഭിപ്രായപ്പെട്ടു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസ്സില്‍ കോളജിന്റെ നടപടി കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ശാരീരികമായ വെല്ലുവിളികളും നിരവധി രോഗപീഢകളും അലട്ടുന്ന ഒരു വ്യക്തി കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി അനുഭവിക്കുന്ന ഭരണഘടനപരമായ അവകാശ നിഷേധങ്ങള്‍ മുഖ്യധാരയിലെ സാമൂഹിക സംവാദങ്ങളില്‍ ഒരിക്കല്‍ പോലും ഇടംപിടിക്കാതെ പോവുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം എപ്പോഴായിരിക്കും നാം തിരിച്ചറിയുക. ജനാധിപത്യം സാര്‍ത്ഥകമായ ഭരണസംവിധാനമാണെന്ന തോന്നലിന്റെ ഉറവിടം അത്തരം തിരിച്ചറിയലുകളാണ്. തെരഞ്ഞെടുപ്പ് ഉത്സവത്തിന്റെ ഉന്മാദങ്ങളില്‍ അഭിരമിക്കുന്നതിന്റെ തിരക്കില്‍ സായിബാബയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത് വാര്‍ത്ത പോലുമാവുന്നില്ലെന്ന സത്യം നാം മറക്കാതിരിക്കണം.

സായിബാബയെ പോലുള്ള ഒരു പണ്ഡിതന്‍ അനുഭവിക്കുന്ന അവകാശ നിഷേധത്തെപ്പറ്റി കേരളത്തിലെ അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടുന്ന അക്കാദമിക സമൂഹം ഇനിയും വേണ്ട നിലയില്‍ തിരിച്ചറിഞ്ഞിട്ടില്ല. ഡല്‍ഹി സര്‍വകലാശാലയിലെ തന്നെ മറ്റൊരു അധ്യാപകനും മലയാളിയുമായി പ്രഫസര്‍ ഹാനി ബാബുവും സമാനമായ മറ്റൊരു കേസ്സില്‍ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ വിചാരണ തടവുകാരനാണ്. ഹാനി ബാബുവിന്റെ അവസ്ഥയും കേരളത്തിലെ അക്കാദമിക സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. തികച്ചും സംശയാസ്പദമായ പോലീസ് നടപടികളുടെ ഭാഗമായി സായിബാബയും, ഹാനി ബാബുവിനെയും പോലുള്ളവര്‍ തടവറകളില്‍ അടയ്ക്കപ്പെടുന്നത് അതുകൊണ്ട് തന്നെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തേണ്ടിയിരിക്കുന്നു.

ഫാസിസ്റ്റു രാഷ്ട്രീയയുഗത്തില്‍ ചരിത്രത്തെകുറിച്ചുള്ള സ്മൃതിനാശം പ്ലേഗ് ബാധ പോലെയാണെന്ന് അമേരിക്കന്‍ എഴുത്തുകാരനായ ഹെന്റി ജിറോയുടെ നിരീക്ഷണത്തെ ശരിവെയ്ക്കുന്ന അനുഭവങ്ങളാണ് നമുക്ക് ചുറ്റും അരങ്ങേറുന്നത്. പന്തീരങ്കാവ് കേസ്സില്‍ രണ്ടാമതും തുറുങ്കിലടച്ച താഹയുടെയും, അതേ കേസ്സില്‍ അറസ്റ്റു ചെയ്ത വിജിത് വിജയന്റെയും അവസ്ഥയും നിരന്തരം ഓര്‍മിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു. ഭരണകൂടാധികാരത്തിന്റെ എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിച്ച രാഷ്ട്രീയ ഹൈന്ദവികതയെ സംബന്ധിച്ചിടത്തോളം മറവിയുടെ ചതുപ്പുകളില്‍ ചരിത്രത്തെ ഉപേക്ഷിക്കേണ്ടത് നിലനില്‍പ്പിന്റെ ആദ്യപടിയാണ്. ഹാനി ബാബുവും, സായി ബാബയും പോലുള്ള ധൈഷണിക വ്യക്തിത്വങ്ങള്‍ മാത്രമല്ല തടങ്കല്‍പാളയങ്ങളില്‍ ഹോമിക്കപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ദേശീയ സുരക്ഷ നിയമ പ്രകാരം കുറ്റം ചാര്‍ത്തിയ 124 കേസ്സുകളില്‍ 94-ഉം അലഹബാദ് ഹൈക്കോടതി റദ്ദു ചെയ്തുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രം ഏപ്രില്‍ ആറിന് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് സമര്‍പ്പിച്ച കേസ്സുകളില്‍ നീതിന്യായ വ്യവസ്ഥകളെ പറ്റി ഒരു വീണ്ടുവിചാരവും ഇല്ലാതെ കുറ്റം ചാര്‍ത്തിയ ജില്ലാ മജിസ്രേട്ടുമാരുടെ നടപടിയാണ് ഹൈക്കോടതി അസാധുവാക്കിയത്. 2018 ജനുവരിക്കും 2020 ഡിസംബറിനും ഇടയിലുള്ള കാലത്തെ കേസ്സുകളാണ് ഇവ. ദേശീയ സുരക്ഷാ നിയമവും, യുഎപിഎ-നിയമവുമെല്ലാം തികഞ്ഞ ലാഘവ ബുദ്ധിയോടെ ജനങ്ങള്‍ക്കു നേരെ പ്രയോഗിക്കുന്നതിന്റെ എണ്ണം ദിനംപ്രതി പെരുകുന്ന കാലഘട്ടത്തില്‍ തുടര്‍ഭരണം ലഭിക്കുന്നത് മാത്രമല്ല ഫാസിസ്റ്റു ഭീഷണിയെന്ന് ജനാധിപത്യത്തിന്റെ കാവല്‍ മാലാഖമാരായി സ്വയം അവരോധിക്കുന്നവര്‍ എങ്കിലും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories