TopTop
Begin typing your search above and press return to search.

കേരളത്തിലെ വിജയം സിപിഎമ്മിന് ലഭിച്ച ഓക്സിജന്‍ സിലിണ്ടര്‍; ബംഗാളില്‍ മമത പോലും ചൊരിയുന്നത് സഹതാപം

കേരളത്തിലെ വിജയം സിപിഎമ്മിന് ലഭിച്ച ഓക്സിജന്‍ സിലിണ്ടര്‍; ബംഗാളില്‍ മമത പോലും ചൊരിയുന്നത് സഹതാപം

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതു ജനാധിപത്യ മുന്നണി കൈവരിച്ച വിജയം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ നേട്ടമാണെന്നു പറയുക ക്ലീഷേയാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഭരണത്തുടര്‍ച്ചയെന്ന ജയഭേരികള്‍ക്കപ്പുറം രാഷ്ട്രീയ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ വിജയം. ദേശീയതലത്തിലെ പാര്‍ട്ടിയെന്ന നിലയിലുള്ള സിപിഎമ്മിന്റെ നിലനില്‍പ്പിനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ വിജയം ഒഴിച്ചുകൂടാനാവാത്തതായിരുന്നു. കേരളത്തില്‍ പരാജയമടഞ്ഞിരുന്നുവെങ്കില്‍ ദേശീയ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും പാര്‍ലമെന്ററി ഇടതുപക്ഷം താല്‍ക്കാലികമായെങ്കിലും ഏതാണ്ട് അപ്രത്യക്ഷമാവുന്ന സ്ഥിതിയായിരുന്നു. ഇടതുപക്ഷ മൂല്യങ്ങള്‍ എന്നു പൊതുവെ തിരിച്ചറിയപ്പെടുന്നവ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ മുന്നണി എത്രത്തോളം ഉള്‍ക്കൊള്ളുന്നുവെന്ന വിഷയത്തില്‍ അടിസ്ഥാനപരമായ വ്യത്യസ്ത വീക്ഷണങ്ങളും, ഭിന്നാഭിപ്രായങ്ങളും നിലനില്‍ക്കുമ്പോഴും കേരളത്തില്‍ തിരിച്ചടി സംഭവിച്ചിരുന്നുവെങ്കില്‍ ദേശീയതലത്തില്‍ വലതുപക്ഷ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ക്ക് അത് പകരുന്ന ഊര്‍ജ്ജം ഒട്ടും ചെറുതാകുമായിരുന്നില്ല. ഇപ്പോഴത്തെ ദേശീയ സാഹചര്യത്തില്‍ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ തീവ്രത ഉയര്‍ത്തുന്ന ഒന്നാകുമായിരുന്നു ഇടതുപക്ഷത്തിന്റെ തോല്‍വി. കേരളത്തിലെ ഇടതു മുന്നണിയുടെ വിജയത്തിന്റെ പ്രധാന പ്രസക്തി അതാണ്.

കോണ്‍ഗ്രസ്സ് മുക്ത കേരളം എന്നതിനേക്കാള്‍ സംഘപരിവാരം യഥാര്‍ത്ഥത്തില്‍ ലക്ഷ്യമാക്കുന്നത് ഇടതുപക്ഷ മുക്ത കേരളമാണ്. 'ഷഹന്‍ഷാ-ഷാ' കൂട്ടുകെട്ടെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഹരീഷ് ഖരെ വിശേഷിപ്പിക്കുന്ന നരേന്ദ്ര മോദി-അമിത് ഷാ സഖ്യം ദേശീയതലത്തില്‍ ഇപ്പോള്‍ അനുഭവിക്കുന്ന രാഷ്ട്രീയ അധീശത്വത്തിന്റെ മുമ്പില്‍ കേരളത്തിലെ സിപിഎം മുന്നണി നിഷ്പ്രഭമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാലും തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തോല്‍വി സംഭവിച്ചിരുന്നുവെങ്കില്‍ ദേശീയതലത്തില്‍ അതിന്റെ പ്രൊപഗാന്‍ഡ മൂല്യം വലതുപക്ഷത്തെ സംബന്ധിച്ചിടത്തോളം വളരെ വലുതാകുമായിരുന്നു. പശ്ചിമ ബംഗാളിലും, ത്രിപുരയിലും തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിന്റെ തകര്‍ച്ച സമ്പൂര്‍ണ്ണ ഇടതുപക്ഷ വിരുദ്ധ പ്രചാരണത്തിന് ബിജെപിയും വലതുപക്ഷവും എങ്ങനെ ഉപയോഗപ്പെടുത്തി എന്നു പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ശീതയുദ്ധകാലത്ത് പെര്‍ഫെക്ടാക്കിയ കമ്യൂണിസ്റ്റ് വിരുദ്ധ പ്രൊപഗാന്‍ഡ പുതിയ രൂപഭാവങ്ങളില്‍ അവതരിപ്പിക്കപ്പെടുന്നതിന്റെ ലക്ഷണമൊത്ത ഉദാഹരണങ്ങള്‍ അവയില്‍ കാണാനാവും. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഭരണത്തുടര്‍ച്ചയുടെ ആപത്തിനെപറ്റി കേരളത്തിലെ ഒരു പറ്റം ബുദ്ധിജീവികളില്‍ പൊടുന്നനവെ രൂപപ്പെട്ട ഭയാശങ്കകള്‍ മേല്‍പ്പറഞ്ഞ പ്രൊപഗാന്‍ഡ സംവിധാനത്തിന്റെ വൈവിധ്യങ്ങള്‍ നിറഞ്ഞ പ്രയോഗസാധ്യതകളെ വെളിപ്പെടുത്തുന്നു.

രാഷ്ട്രീയമായി അത്യാസന്ന നിലയിലായ സിപിഎമ്മിന് ലഭിച്ച ഓക്സിജന്‍ സിലിണ്ടറായി കേരളത്തിലെ വിജയത്തെ വിലയിരുത്തുമ്പോഴും പശ്ചിമ ബംഗാളിലെ പാര്‍ട്ടിയുടെ ദയനീയ പരാജയം സിപിഎം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നു. ബദ്ധശത്രുവായ മമത ബാനര്‍ജി പോലും സഹതാപം ചൊരിയുന്ന സ്ഥിതിയിലാണ് ബംഗാളിലെ സിപിഎം. നിയമസഭയില്‍ ബിജെപി അംഗങ്ങളെക്കാള്‍ സിപിഎമ്മിന്റെ അംഗങ്ങള്‍ ഉണ്ടാവുന്നതായിരുന്നു തനിക്കിഷ്ടമെന്ന ശ്രീമതി ബാനര്‍ജിയുടെ നിരീക്ഷണം സിപിഎമ്മിന്റെ ബംഗാളിലെ അവസ്ഥ ശരിക്കും വെളിപ്പെടുത്തുന്നു. ഇടതുപക്ഷത്തിന് പ്രാതിനിധ്യമില്ലാത്ത ബംഗാളിലെ നിയമസഭ ചരിത്രത്തില്‍ ആദ്യമാണ്.

2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ടും 26 സീറ്റുകളും കരസ്ഥമാക്കിയ സിപിഎം മുന്നണിക്ക് ഇക്കുറി ഒറ്റ സീറ്റും നേടാനായില്ലെന്നു മാത്രമല്ല വോട്ടുവിഹിതം 4.3 ശതമാനമായി താഴുകയും ചെയ്തു. സഖ്യകക്ഷിയായിരുന്ന കോണ്‍ഗ്രസ്സിന്റെ സ്ഥിതിയും ദയനീയമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12.25 ശതമാനം വോട്ടും 44 സീറ്റും നേടിയ കോണ്‍ഗ്രസ്സിന്റെ വോട്ടുവിഹിതം മൂന്നു ശതമാനത്തില്‍ താഴെയായി. സീറ്റുകള്‍ ഒന്നുമില്ല. സിപിഎമ്മിന്റെ പിന്തുണയില്‍ സംഭവിച്ച ഭീമമായ ഇടിവ് 2019 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ തന്നെ വ്യക്തമായിരുന്നു. ഒരു സീറ്റില്‍ പോലും വിജയിക്കാനാവാതെ പോയ സിപിഎമ്മിന്റെ വോട്ടു വിഹിതം ലോകസഭ തെരഞ്ഞെടുപ്പില്‍ 6.33 ശതമാനമായിരുന്നു. ബംഗാളില്‍ സംഭവിച്ച തകര്‍ച്ചയുടെ ആഴം മനസ്സിലാക്കുവാന്‍ ശ്രമിക്കുമ്പോഴാണ് കേരളത്തിലെ സിപിഎം നേതൃത്വം കൈവരിച്ച തന്ത്രപരമായ നേട്ടം കൂടുതല്‍ വ്യക്തമാവുക.

ബംഗാളില്‍ ബിജെപിയെ പിടിച്ചു കെട്ടുന്നതിനുള്ള ശക്തി തനിക്ക് മാത്രമാണെന്ന ഭൂമികയിലായിരുന്നു മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് തന്ത്രം. ബിജെപി വിരുദ്ധ സഖ്യത്തിന്റെ ഭാഗമായി മമതയുടെ കൂടെ യോജിക്കുന്നതിന് പകരം കോണ്‍ഗ്രസ്സിന്റെ ഒപ്പം ചേര്‍ന്ന് മമതയുടെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുന്ന നയമാണ് സിപിഎം പിന്തുടര്‍ന്നത്. കോണ്‍ഗ്രസ്സിനും, സിപിഎമ്മിനും അവശേഷിക്കുന്ന ജനപിന്തുണ കൂടി ഇല്ലാതായതാണ് അത് കൊണ്ടുണ്ടായ മെച്ചമെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. ബിജെപിയുടെ കടന്നുകയറ്റത്തെ ചെറുക്കാനുള്ള ശേഷി ബംഗാളില്‍ തനിക്ക് മാത്രമാണെന്ന ധാരണ സൃഷ്ടിക്കുന്നതില്‍ മമത വിജയിച്ചതു പോലെ സംഘപരിവാരത്തിന്റെ തേരോട്ടത്തെ കേരളത്തില്‍ പിടിച്ചു കെട്ടുന്നതിനുള്ള ശേഷി തനിക്ക് മാത്രമാണെന്ന് സ്ഥാപിക്കുന്നതില്‍ പിണറായി വിജയന്‍ വിജയിച്ചു. ബംഗാളില്‍ മുസ്ലീം ജനവിഭാഗങ്ങളില്‍ നിന്നും സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ലഭിച്ചിരുന്ന പിന്തുണ ഏതാണ്ട് പൂര്‍ണ്ണമായും മമതയുടെ പക്ഷത്തേക്ക് ചായുന്നതിന് തൃണമൂല്‍ നേതാവിന്റെ ബിജെപി വിരുദ്ധത ഉപകരിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു.

സാധാരണഗതിയില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ലഭിക്കാത്ത മുസ്ലീം-കൃസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകളില്‍ നല്ലൊരു ശതമാനം നേടിയെടുക്കുന്നതില്‍ പിണറായി പ്രകടിപ്പിച്ച അവധാനത അതേ പ്രക്രിയയുടെ മറ്റൊരു രൂപമായിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കുവാന്‍ കഴിഞ്ഞതാണ് ഇടതു മുന്നണിയുടെ വിജയത്തിന്റെ ഒരു ഘടകമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. കേരളത്തിലെ ബിജെപി വിരുദ്ധതയുടെ ആള്‍രൂപം താനാണെന്നു സ്ഥാപിക്കുക വഴി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ദശകങ്ങളായി നിലനില്‍ക്കുന്ന ഇടതുവിരുദ്ധ സഖ്യത്തിനകത്ത് വിള്ളലുണ്ടാക്കുന്നതില്‍ പിണറായി നേടിയ വിജയമാണ് തെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയമായി കൂടുതല്‍ പ്രസക്തമാക്കുന്ന ഘടകം. കോണ്‍ഗ്രസ്സ് സഖ്യത്തിലെ പ്രധാന തൂണുകളായിരുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ ഇടതു മുന്നണിക്ക് ലഭിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കിയതിന്റെ സൂചനകള്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ കാണാം.

കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ക്ക് വരാനിരിക്കുന്ന ദിവസങ്ങളില്‍ ഇത് വഴിയൊരുക്കുമെന്ന കാര്യത്തിലും സംശയമില്ല. മമത ബംഗാളില്‍ നടപ്പിലാക്കിയ വിപ്ലവത്തില്‍ കവിഞ്ഞതൊന്നും പിണറായി കേരളത്തില്‍ നടത്തിയിട്ടില്ലെന്ന് പറഞ്ഞാല്‍ കേരളത്തിലെ സൈദ്ധാന്തികര്‍ക്ക് ദഹിക്കില്ലെങ്കിലും അത് മനസ്സിലാക്കാനുള്ള പ്രായോഗിക ബുദ്ധിയുള്ള നേതാവാണ് പിണറായി. ഒറ്റനോട്ടത്തില്‍ ഈ വിലയിരുത്തല്‍ ലളിതവല്‍ക്കരണമാണെന്നു തോന്നുമെങ്കിലും ഇരുനേതാക്കളും പ്രകടമാക്കിയ ബിജെപി വിരുദ്ധതയുടെ സമാനതയും വൈജാത്യങ്ങളും കൂടുതല്‍ സൂക്ഷ്മ പരിശോധന ആവശ്യപ്പെടുന്നു. ദേശീയതലത്തില്‍ മോദി-ഷാ സഖ്യത്തിനെതിരെ ഉരുത്തിരിയാന്‍ ഇടയുള്ള രാഷ്ട്രീയ സമവാക്യങ്ങളുടെ രൂപകല്‍പ്പനയില്‍ അത്തരമൊരു സൂക്ഷ്മ പരിശോധന പങ്ക് വഹിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions.)


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories