TopTop
Begin typing your search above and press return to search.

ബീഹാര്‍, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ള ചൂണ്ടുപലക; കോണ്‍ഗ്രസിനുള്ള പാഠം

ബീഹാര്‍, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ള ചൂണ്ടുപലക; കോണ്‍ഗ്രസിനുള്ള പാഠം


പ്രചണ്ഡമായ പ്രചാരണ കോലാഹലത്തിനൊടുവിൽ ബിഹാറിൽ നടന്ന അസംബ്ലി തെരെഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമായ 122 നേക്കാൾ മൂന്നു സീറ്റ് അധികം നേടി ബി ജെ പി - ജെ ഡി യു സഖ്യം ഭരണം നിലനിര്‍ത്തി. കഷ്ടി മുഷ്ടി ജയമാണെങ്കിലും ഭരണ വിരുദ്ധ വികാരത്തെ അതിജീവിച്ചു നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാവുമെങ്കിലും ബിഹാറിലെ തെരെഞ്ഞെടുപ്പ് ഫലം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാർട്ടിയായ ജെ ഡി യു വിനും ചില വിപൽ സന്ദേശങ്ങൾ നൽകുന്നുണ്ട്. ഈ തെരെഞ്ഞെടുപ്പിൽ സഖ്യ കക്ഷിയായ ബി ജെ പി രാഷ്ട്രീയ കുതന്ത്രത്തിലൂടെ തന്നെയും തന്റെ പാർട്ടിയെയും നിഷ്പ്രഭമാക്കി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു എന്നതുതന്നെയാണ് അതിൽ പ്രധാനപ്പെട്ടത്. 2015 ലെ തെരെഞ്ഞെടുപ്പിൽ 43 സീറ്റിൽ ജയിച്ച ബി ജെ പി ഇത്തവണ 72 സീറ്റിൽ വിജയിച്ചു വൻ കുതിപ്പ് നടത്തിയപ്പോൾ സഖ്യത്തിന് നേതൃത്വം നൽകിയ നിതീഷ് കുമാറിന്റെ ജെ ഡി യു വിന് സംഭവിച്ചത് 73 സീറ്റിൽ നിന്നും 43 സീറ്റിലേക്കുള്ള വലിയ പതനം! മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ പുത്രൻ തേജസ്വി യാദവ് നയിക്കുന്ന ആർ ജെ ഡി ക്കു (75 സീറ്റ്) തൊട്ടു പിന്നിലായി 72 സീറ്റുമായി ബി ജെ പി രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമ്പോൾ ഇനിയങ്ങോട്ടുള്ള നിതീഷ് കുമാറിന്റെ ഭരണം ബി ജെ പി യുടെ ഔദാര്യത്തിൽ മാത്രമല്ല പൂർണ നിയന്ത്രണത്തിലുമായിരിക്കും എന്നുറപ്പ്. അന്തരിച്ച ലോക് ജനശക്തി പാർട്ടി (എൽ ജെ പി) നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പസ്വാനെ കളത്തിലിറക്കിയാണ് ബി ജെ പി ബിഹാറിൽ നിതീഷിനെതിരെ വെടക്കാക്കി തനിക്കാക്കൽ തന്ത്രം പയറ്റി വിജയം കണ്ടത്. നിതീഷുമായി തെറ്റിപ്പിരിഞ്ഞു 127 സീറ്റിൽ മത്സരിച്ച ചിരാഗിന് ഒരൊറ്റ സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നെങ്കിലും ചുരുങ്ങിയത് 40 ലേറെ സീറ്റുകളിൽ നിതീഷിന്റെ ജെ ഡി യു വിന്റെ തോൽവി ഉറപ്പിക്കാനും അതുവഴി ജെ ഡി യുവിനെ നിഷ്പ്രഭമാക്കി ബി ജെ പി യെ ജെ ഡി യു - ബി ജെ പി സഖ്യത്തിലെ ഒന്നാമനാക്കാനും കഴിഞ്ഞു. ഇതോടെ മുൻ ധാരണപ്രകാരം നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാവുമെങ്കിലും ഭരണത്തിന്റെ കടിഞ്ഞാൺ ബി ജെ പി യുടെ കൈകളിലായിരിക്കുമെന്നു വ്യക്തം.

ബിഹാറിലെ തെരെഞ്ഞെടുപ്പ് ഫലം നിതീഷ് കുമാറിനും അയാളുടെ പാർട്ടിയായ ജെ ഡി യു വിനും മാത്രമല്ല മഹാ സഖ്യത്തെ നയിച്ച തേജസ്വി യാദവിന്റെ ആർ ജെ ഡി ക്കും കോൺഗ്രസിനും കൂടി നൽകുന്നുണ്ട് ചില പാഠങ്ങൾ. ക്രിമിനൽ പശ്ചാത്തലമുള്ളവരെയും ജയ സാധ്യത കുറവുള്ളവരെയും മത്സരിപ്പിച്ചതും ബിഹാറിൽ അടിത്തറ പാടെ ഇളകിപ്പോയ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നല്കിയതുമാണ് തേജ്വസിക്കു പറ്റിയ അബദ്ധം. ബിഹാർ രാഷ്ട്രീയത്തിൽ ഏറെ മെലിഞ്ഞു തൊഴുത്തിൽ കെട്ടേണ്ട പരുവത്തിലായ ആനയായി എന്നേ മാറിക്കഴിഞ്ഞുവെന്ന യാഥാർഥ്യം മനസ്സിലാക്കാതെ കൂടുതൽ സീറ്റുകൾ പിടിച്ചു വാങ്ങിയെന്നാണ് ഈ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് ചെയ്ത ഏറ്റവും വലിയ കുറ്റം. കോൺഗ്രസ് അധികം സീറ്റിനായുള്ള പിടിവാശി വെടിഞ്ഞിരുന്നുവെങ്കിൽ ചിരാഗിനെ കൂടെ നിറുത്തി ഒരു പക്ഷെ മഹാ സഖ്യത്തെ വിജയത്തിലേക്ക് നയിക്കുവാൻ കഴിയുമായിരുന്നു. തെരെഞ്ഞെടുപ്പിൽ ഇടതു പാർട്ടികൾ നടത്തിയ മിന്നുന്ന പ്രകടനം സൂചിപ്പിക്കുന്നത് അവർക്കു കൂടുതൽ സീറ്റുകൾ നല്കിയിരുന്നുവെങ്കിൽ മഹാ സഖ്യത്തിന് ഭരണം പിടിക്കാൻ കഴിയുമായിരുന്നു എന്നതുകൂടിയാണ്. 29 സീറ്റിൽ മത്സരിച്ച ഇടതുപാർട്ടികൾ 16 സീറ്റുകളിൽ വിജയിച്ചു.

ഒരർത്ഥത്തിൽ സി പി ഐ ( എം എൽ ), സി പി ഐ, സി പി എം എന്നീ മൂന്നു കമ്മ്യൂണിസ്റ്റുകൾ നടത്തിയ മികച്ച പ്രകടനം കൂടിയായാണ് ജെ ഡി യു - ബി ജെ പി സഖ്യത്തിനെ വലിയ ഭൂരിപക്ഷത്തിലെത്തുന്നതിൽ നിന്നും തടഞ്ഞതും മഹാ സഖ്യത്തിന്റെ മാനം കാത്തതും. 70 സീറ്റ് പിടിച്ചുവാങ്ങിയ കോൺഗ്രസ് വെറും 19 ഇടത്തു മാത്രം ജയിച്ചപ്പോൾ മത്സരിച്ച 29 ൽ 16 ലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ വിജയം കണ്ടു. അതുകൊണ്ടുതന്നെ ബിഹാറിലെ ഇത്തവണത്തെ തെരെഞ്ഞെടുപ്പ് ഫലം കമ്മ്യൂണിസ്റ്റു പാർട്ടികളുടെ പ്രസക്തി വർധിപ്പിക്കുക മാത്രമല്ല അവർക്കു ചില ശുഭസൂചനകൾ കൂടി നൽകുന്നുണ്ടെന്ന് നിസംശയം പറയാം.19 സീറ്റിൽ മത്സരിച്ച സി പി ഐ ( എം എൽ ) 12 എണ്ണത്തിൽ ജയിച്ചപ്പോൾ ആറിടത്തു മത്സരിച്ച സി പി ഐ യും നാലിടത്തു മത്സരിച്ച സി പി എമ്മും രണ്ടു സീറ്റ് വീതം നേടി പ്രാദേശിക രാഷ്ട്രീയത്തിൽ നിന്നും ജാതി രാഷ്ട്രീയത്തിലേക്ക് മാറിക്കഴിഞ്ഞ ബിഹാർ രാഷ്ട്രീയത്തിൽ അവരുടെ പ്രസക്തി നഷ്ട്ടപ്പെട്ടിട്ടില്ലെന്നു ഏറെക്കാലത്തിനു ശേഷം വീണ്ടും തെളിയിച്ചിരിക്കുകയാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ബി ജെ പി വിരുദ്ധ പോരാട്ടത്തിൽ ഇടതു പാർട്ടികളെ ഒപ്പം നിറുത്തേണ്ടുന്നതിന്റെ ആവശ്യകത കോൺഗ്രസിനും മറ്റു പാർട്ടികൾക്കും വ്യക്തമാക്കുന്ന ഒന്നുകൂടിയാണ് ബിഹാർ തെരെഞ്ഞെടുപ്പിൽ മൂന്ന് കമ്മ്യൂണിസ്റ്റുപാർട്ടികളും നേടിയ വിജയം. സി പി ഐ യെ അപേക്ഷിച്ചു കുറച്ചുകൂടി മികച്ച വിജയമാണ് സി പി എം ബിഹാറിൽ നേടിയത്. നാലിടത്തു മത്സരിച്ച അവർക്കു രണ്ടിടത്തു വിജയം. അതും 25,000 ലേറെ ഭൂരിപക്ഷത്തിന്‌. പഞ്ചിമ ബംഗാളിൽ ഉടനെ നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പിൽ അട്ടിമറി വിജയത്തിനായി കരുക്കൾ നീക്കുന്ന ബി ജെ പി ക്കെതിരെ വൈരം വെടിഞ്ഞു മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രെസ്സിനെക്കൂടി സി പി എം - കോൺഗ്രസ് സഖ്യത്തിനൊപ്പം നിറുത്തേണ്ടതിന്റെ ആവശ്യകതയിലേക്കും ബിഹാർ തെരെഞ്ഞെടുപ്പ് ഫലം വിരൽ ചൂണ്ടുന്നുണ്ട്.

1957 ൽ ബിഹാറിൽ ആദ്യമായി മത്സര രംഗത്തിറങ്ങിയ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 60 സീറ്റിൽ മത്സരിച്ചപ്പോൾ ഏഴിടത്തും 1962 ൽ 84 സീറ്റിൽ മത്സരിച്ചപ്പോൾ 12 ഇടത്തും 1969 ൽ 25 ഇടത്തും ജയിക്കാനായി എന്നത് നിസ്സാര കാര്യമായിരുന്നില്ല. എന്നാൽ 1964 ലെ പിളർപ്പും പിന്നീട് ഉണ്ടായ സി പി ഐ ( എം എൽ ) ലിബറേഷന്റെ പിറവിയുമൊക്കെ കമ്മ്യൂണിസ്റ്റ് യൂണിറ്റി തകർത്തെങ്കിലും ആ പാർട്ടികളുടെ പ്രസക്തി തീർത്തും നഷ്ട്ടമായിരുന്നില്ലെന്നു പിൽക്കാല തെരെഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. ദേശീയതയിൽ നിന്നും ആദ്യം ബ്രാഹ്മണ -ഭൂമിഹാർ രാഷ്ട്രീയത്തിലേക്കും പിന്നാലെ ജാതി രാഷ്ട്രീയത്തിലേക്കും ബിഹാർ എത്തിപ്പെട്ടപ്പോഴും ക
മ്മ്യൂ
ണിസം ആ മണ്ണിൽ ചെറിയ തോതിലാണെങ്കിൽ പോലും പിടിച്ചു നിന്നു. ബിഹാറിൽ ജഗനാഥ് സർക്കാരും സുനിൽ മുഖർജിയും രാഹുൽ സാംകൃത്യായാനുമൊക്കെ നേതൃത്വം നൽകിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1960 കളിലും 70 കളിലും 80 കളിലും ഒക്കെ ഒരു ശക്തിയായി നിലകൊണ്ടു . എന്നാൽ 90 കളിൽ സ്ഥിതി മാറി. 1990 ൽ നടന്ന തെരെഞ്ഞെടുപ്പിൽ നേരത്തെ തിരെഞ്ഞെടുപ്പ് സംവിധാനത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞു ബഹിഷ്കരിച്ചിരുന്ന സി പി ഐ (എം എൽ ) ലിബറേഷൻ (സംഘടനക്കെതിരെ നിരോധനം നിലനിന്നിരുന്നതിനാൽ ഇന്ത്യൻ പീപ്പിൾസ് പാർട്ടി ( ഐ പി എഫ് ) എന്ന പേരിലായിരുന്നു അവർ തെരെഞ്ഞെടുപ്പ് രംഗത്ത് വന്നത്.) ഏഴിടത്തു വിജയച്ചുവെങ്കിലും 1995 നു ശേഷം ഏറെക്കാലം ഇടതു പാർട്ടികൾക്ക് ജയിക്കാനായില്ല. എന്നാൽ വീണ്ടും 2015 ലെ തെരെഞ്ഞെടുപ്പിൽ സി പി ഐ (എം എൽ) ലിബറേഷന് മൂന്നു സീറ്റിൽ വിജയം ഉറപ്പിക്കാനായി. ഇടക്കാലത്തെ പരിതാപകരമായിരുന്ന അവസ്ഥയിൽ നിന്നുള്ള കമ്മ്യൂണിസ്റ്റു പാർട്ടികളുടെ ബിഹാറിലെ തിരിച്ചുവരവ് കൂടിയാണ് ഇത്തവണത്തെ തെരെഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. എന്നാൽ ഈ അനുകൂല ഘടകം കമ്മ്യൂ
ണിസ്റ്റ്
പാർട്ടികൾ ഇനിയങ്ങോട്ട് ബിഹാറിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും എങ്ങനെ പ്രയോജനപ്പെടുത്തും എന്നതാണ് ഇനി അറിയേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories