TopTop
Begin typing your search above and press return to search.

ഒന്നും ശരിയായില്ലെങ്കില്‍ തന്നെ കത്തിച്ചുകളയാന്‍ പറഞ്ഞയാള്‍ തന്നെ ഇപ്പോള്‍ മാപ്പും പറയുന്നു, ഭൂരിപക്ഷത്തെയും കുടിയേറ്റക്കാരാക്കുന്ന നയമാണ് ഈ പലായനത്തിനും കാരണം

ഒന്നും ശരിയായില്ലെങ്കില്‍ തന്നെ കത്തിച്ചുകളയാന്‍ പറഞ്ഞയാള്‍ തന്നെ ഇപ്പോള്‍ മാപ്പും പറയുന്നു, ഭൂരിപക്ഷത്തെയും കുടിയേറ്റക്കാരാക്കുന്ന നയമാണ് ഈ പലായനത്തിനും കാരണം

മാര്‍ച്ച് 24 ന് രാത്രി എട്ട് മണിക്കാണ് ഇന്ത്യന്‍ പ്രധാനമന്ത്രി കൊറോണാ വ്യാപനം തടയുന്നതിന് രാജ്യം സമ്പൂര്‍ണമായി അടച്ചിടുകയാണെന്ന് പ്രഖ്യാപിച്ചത്. നാല് മണിക്കൂറിന്റെ സാവകാശം മാത്രമായിരുന്നു ജനങ്ങള്‍ക്ക് കിട്ടിയത്. എവിടെയാണോ കഴിയുന്നത് അവിടെ തുടരുവാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ആരോഗ്യ രംഗത്തെ വിദഗ്ദരും ഇത്തരമൊരു അടച്ചിടലിലൂടെ മാത്രമെ കൊറോണ വ്യാപനത്തെ പ്രതിരോധിക്കാന്‍ കഴിയുവെന്ന് വ്യക്തമാക്കിയിരുന്നതിനാല്‍ അനിവാര്യമായ നടപടിയായാണ് പലരും കണ്ടത്. ബാക്കി മുന്‍കരുതലുകള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടാകുമെന്ന് ധാരണയിലായിരുന്നു ജനത, പ്രത്യേകിച്ചും നഗരങ്ങളില്‍നിന്നുള്ള പലായനം നേരത്തെ തന്നെ തുടങ്ങി കഴിഞ്ഞ പാശ്ചത്തലത്തില്‍.

എന്നാല്‍ ഒരു മുന്‍കരുതലും മോദി സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ലെന്നതാണ് പിന്നീട് വ്യക്തമായത്. ഇന്ത്യയുടെ ചരിത്രത്തിലെ വലിയ പലായനത്തിനാണ് ഡല്‍ഹി പിന്നീട് സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മൂക്കിന് താഴെ യാതൊരു നിവൃത്തിയുമില്ലാതെ പതിനായിരങ്ങള്‍ നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള തങ്ങളുടെ ഗ്രാമങ്ങള്‍ ലക്ഷ്യം വെച്ച് നടന്നു നീങ്ങി. ഡല്‍ഹിയിലേയും പരിസരപ്രദേശങ്ങളിലേയും വ്യവസായശാലകള്‍ അടച്ചിട്ടതോടെ തൊഴില്‍രഹിതരായ ഇവര്‍ക്ക് അവിടെ തുടരാന്‍ കഴിയുമായിരുന്നില്ല. ഗ്രാമങ്ങളിലെ ഇല്ലായ്മയാണ് നഗരങ്ങളിലെ തൊഴില്‍രഹിത പട്ടിണി ജീവിതത്തെക്കാള്‍ അവര്‍ തെരഞ്ഞെടുത്തത്. സാമൂഹ്യ അകലം പാലിക്കണമെന്ന് പറഞ്ഞ സര്‍ക്കാര്‍ സംവിധാനത്തിന് തൊട്ടുതാഴെ പതിനായിരങ്ങള്‍ യാതൊരു മുന്‍കരുതലുമില്ലാതെ നടന്നു നീങ്ങി. ഡല്‍ഹിയുടെ ബസ് സ്‌റ്റേഷനനുകളില്‍ പതിനായിരങ്ങള്‍ തിക്കി തിരക്കി. ചിലര്‍ കുട്ടികളെയും ചുമലിലേറ്റി നാനൂറ് കിലോമീറ്ററുകള്‍ അപ്പുറമുള്ള നാടു ലക്ഷ്യമാക്കി നടന്നു. ആ സമയത്ത് മോദി മന്ത്രിസഭയിലെ മന്ത്രിമാര്‍ ദുരദര്‍ശനല്‍ രാമായണം സീരിയല്‍ കണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ അത് പ്രചരിപ്പിക്കാനുള്ള തിരക്കിലായിരുന്നു.

ഇന്ത്യ വിഭജനത്തിന് ശേഷം ഉണ്ടായ ഏറ്റവും വലിയതെന്ന് പറയുന്ന ഈ പാലയനത്തിന്റെ ഏറ്റവും വലിയ ദുരന്തത്തിന് രണ്ട് മൂന്ന് ആഴ്ച കൊണ്ട് വടക്കേ ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങള്‍ സാക്ഷിയാകേണ്ടിവരുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഒരു മുന്‍കരുതലും ഇല്ലാതെ ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകളെ അടച്ചിട്ട മോദി ഭരണകൂടത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് പ്രധാനമന്ത്രി മാപ്പ് പറഞ്ഞ് വിമര്‍ശനത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നോട്ടുനിരോധനം നടപ്പിലാക്കി ജനങ്ങള്‍ ദുരിതത്തിലായപ്പോഴും ഇത്തരമൊരു പ്രസ്താവന മോദി നടത്തിയിരുന്നു. അമ്പത് ദിവസത്തിനകം എല്ലാ പ്രശ്‌നവും പരിഹരിച്ചില്ലെങ്കിില്‍ തന്നെ ജീവനോടെ കത്തിച്ചോളൂവെന്നായിരുന്നു അന്നത്തെ പ്രസംഗം. ആ പ്രശ്‌നം ഇപ്പോഴും തുടരുന്നു. അന്ന് കാണിച്ച നിരുത്തരവാദപരമായ സമീപനത്തിന്റെ ദോഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോഴും അനുഭവിക്കുന്നു. ഇപ്പോള്‍ ഒരു മുന്‍കരുതലുമില്ലാതെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പ്രത്യാഘാതം അതിനെക്കാള്‍ വലുതായിരിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

2011 ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യസ്പെന്‍ഡ് നടത്തിയ പഠനത്തില്‍ പറയുന്നത് 60 ദശലക്ഷം കുടിയേറ്റ തൊഴിലാളികള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ്. അതായത് ആറ് കോടി. ഇത് രാജ്യത്തെ മൊത്തം കണക്കല്ല. മുംബൈ, കൊല്‍ക്കത്ത, ഹൈദരബാദ്, ചെന്നൈ, ബാംഗളുര്‍ എന്നീ പ്രധാന നഗരങ്ങളിലെ അസംഘടിത മേഖലയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇത്രയും ആളുകള്‍ ജോലി ചെയ്യുന്നുവെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 33 ശതമാനം പേരും ഉത്തര്‍പ്രദേശില്‍നിന്നുള്ളവരാണത്രെ. ഡല്‍ഹിയില്‍നിന്ന് ഇപ്പോള്‍ പലായനം ചെയ്യാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിപക്ഷവും ഇവരായിരിക്കണം. 15 ശതമാനം പേരും ബിഹാറില്‍നിന്നുള്ളവരും ആറ് ശതമാനം ആളുകള്‍ രാജസ്ഥാനില്‍നിന്നം ബാക്കി തമിഴ്‌നാട്, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണെന്നും കണക്കാക്കുന്നു. അതായത് ഇവരില്‍ നല്ലൊരു ശതമാനം ആളുകള്‍ ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കും പോകാന്‍ ശ്രമിക്കുകയാണ്. അല്ലെങ്കില്‍ രാജസ്ഥാനിലേക്ക് പോകാന്‍ ശ്രമിക്കുകയാണ്. ഡല്‍ഹിയില്‍നിന്നുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ബഹുഭൂരിപക്ഷവും ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളിലേക്കാണ് തിരിച്ചുപോകാന്‍ ശ്രമിക്കുന്നതെന്നാണ്. Also Read:

ലോക് ഡൗണിന് ശേഷം രമേശും കൂട്ടരും 400 കിലോമീറ്റര്‍ അപ്പുറമുള്ള വീട്ടിലേക്കുള്ള നടത്തത്തിലാണ്, സാമ്പത്തിക പാക്കേജുകള്‍ അവര്‍ക്ക് എന്ത് നല്‍കും?

നഗരങ്ങളില്‍നിന്ന് അപകടകരമായ രീതിയില്‍ തിരിച്ചുവരുന്ന ഇവരില്‍ എത്ര പേര്‍ വൈറസ് ബാധയ്ക്ക് ഇരയായിട്ടുണ്ടാകുമെന്ന് വരും ആഴചകളില്‍ മാത്രമാണ് വ്യക്തമാകുക. അങ്ങനെ എത്തുന്നവര്‍ ഏത് തരം പ്രദേശങ്ങളിലാണ് ജീവിക്കേണ്ടത്. ഇവര്‍ 14 ദിവസം ഐസൊലേഷനില്‍ കഴിയണമെന്നൊക്കെ ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് പറയുന്നുണ്ട്. എന്ത് അടിസ്ഥാന സംവിധാനങ്ങളാണ് അവിടെ ഇങ്ങനെ ഒരു മഹാവ്യാധിയെ നേരിടാനുള്ളത്.? നീതി ആയോഗിന്റെ കണക്കുപ്രകാരം ഉത്തര്‍പ്രദേശ് എന്നത് ആരോഗ്യ സൂചികയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 21 -ാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ്. പൊതു ആരോഗ്യ സംവിധാനം പേരിനു മാത്രമുള്ള സ്ഥലം. കൊറോണ പടരുമ്പോഴും രാമനവമിയുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് പ്രാധാന്യം നല്‍കുന്ന മുഖ്യമന്ത്രിയും ഭരണ സംവിധാനവുമുള്ള സംസ്ഥാനം. അവിടേക്കാണ് നഗരങ്ങളില്‍നിന്ന് വളരെ അപകടകരമായ സാഹചര്യത്തില്‍ ലക്ഷങ്ങളെത്തുന്നത്.

ഒ പി ജിന്റാല്‍ സര്‍വകലാശാലയിലെ പബ്ലിക്ക് ഹെല്‍ത്ത് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഇന്ദ്രാനില്‍ മുഖോപാധ്യയ പറയുന്നത് നടന്ന് അവശരായി വരുന്നവര്‍ പൊതുവില്‍ നല്ല ആരോഗ്യവാന്മാരാവില്ലെന്നതാണ്. അവരില്‍ പലര്‍ക്കും അവരുടെ തൊഴില്‍ സാഹചര്യം കൊണ്ടും മറ്റും പല രോഗങ്ങളും ഉണ്ടാകാനും ഇടയുണ്ട്. അങ്ങനെയുള്ള ഇവര്‍ കൂടുതല്‍ വേഗത്തില്‍ കൊറോണ പോലുള്ള വൈറസിന്റെ ആക്രമണത്തിന് ഇരയാകാന്‍ സാധ്യതയുണ്ടെന്നാണ്.

അതായാത് വടക്കെ ഇന്ത്യയിലെ പരിതാപകരമായ ആരോഗ്യ സംവിധാനത്തിലേക്കാണ് ഇന്ത്യന്‍ ഭരണകൂടം ഈ തൊഴിലാളി കൂട്ടങ്ങളെ തിരിച്ചുനടത്തുന്നതെന്നതാണ് പ്രശ്‌നം. ഇന്ത്യയെ സമ്പൂര്‍ണമായി അടിച്ചിടാന്‍ തീരുമാനിക്കുമ്പോള്‍ 60 ലക്ഷത്തിലേറെ വരുന്ന അംസഘടിത മേഖലയിലെ തൊഴിലാളികളെക്കുറിച്ച് ഒരാലോചന പോലും മോദി സര്‍ക്കാറിനുണ്ടായിരുന്നില്ലെന്നതാണ് ഇത് തെളിയിക്കുന്നത്. ഇതിന് രാജ്യവും ജനങ്ങളും കൊടുക്കാന്‍ പോകുന്ന വില എത്രയാണെന്ന് ഇപ്പോള്‍ നിര്‍ണയിക്കാന്‍ പറ്റില്ല.

ഇപ്പോള്‍ ഗ്രാമങ്ങളിലേക്ക് ഇവരെ തിരികെ നടത്തുന്നവര്‍ തന്നെയാണ് സ്വന്തം ഭൂമി ഉപേക്ഷിച്ച് ഇവരെ നഗരങ്ങളിലെ അഭയാര്‍ത്ഥികളാക്കിയതെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതി. 2011 ലെ സെന്‍സസിലാണ് ഇന്ത്യയിലെ നഗര ജനസംഖ്യ ഗ്രാമീണ ജനസംഖ്യയെക്കാള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയത്. ഇതിന് പല കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഒന്ന്, കൂടുതല്‍ പ്രദേശങ്ങളെ നഗരങ്ങളായി പരിഗണിച്ചുവെന്നതാണ് ഒന്ന്. രണ്ട്, കുടിയേറ്റം. പിന്നെ സ്വാഭാവികമായ വളര്‍ച്ച. എന്നാല്‍ ഇതേക്കുറിച്ചുള്ള ഒരു പഠനത്തില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഗ്രാമീണ ഇന്ത്യയെ ക്കുറിച്ച് ഗഹനമായി പഠിച്ചയാളുമായ പി സായ് നാഥ് നടത്തുന്നത് ശ്രദ്ധേയമായ നിരീക്ഷണമാണ്. 90 വര്‍ഷം മുമ്പ് മാത്രമാണ് ഇന്ത്യയില്‍ നഗരജനസംഖ്യ ഗ്രാമീണ ജനസംഖ്യയുടെ വളര്‍ച്ചാ തോതിനെ മറികടന്നത്. പകര്‍ച്ച വ്യാധി, ലോകയുദ്ധം എന്നിവയുടെ ആഘാതത്തിന് ശേഷം 1921 ല്‍ സെന്‍സസ് നടത്തിയപ്പോഴായിരുന്നു ഇതിന് മുമ്പ് ഇത്തരത്തിലൊരു മാറ്റം കണ്ടത്. എന്നാല്‍ അത്തരത്തില്‍ പ്രത്യക്ഷത്തില്‍ ഒരു വലിയ ചലനവുമുണ്ടാക്കിയ മാറ്റമില്ലാതിരുന്നിട്ടും ഇന്ത്യയിലെങ്ങെനെ 60 ലക്ഷത്തോളം ജനങ്ങള്‍ നഗരങ്ങളില്‍ കൂടുതലായി എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അതിനുകാരണം ഗ്രാമീണ മേഖലയിലെ ദാരിദ്ര്യമാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. കാര്‍ഷിക മേഖലയിലെ കടുത്ത പ്രതിസന്ധി ജനങ്ങളെ നഗരങ്ങളിലെ ചെറിയ ചെറിയെ ജോലികളിലേക്ക് തള്ളിയിടുന്നു. ഇത്തരം ഒരു പ്രതിസന്ധി ശക്തമായത് ഇന്ത്യയില്‍ ഉദാരവല്‍ക്കരണ നയം ശക്തമായി നടപ്പിലാക്കിയതിന് ശേഷമാണ്. കൃഷിക്കാരുടെ ആത്മഹത്യ നിത്യ സംഭവമായ സമയം. 1991 നും 2001 നും ഇടയില്‍ ഇന്ത്യയില്‍ 70 ലക്ഷം പേരാണ് കാര്‍ഷിക മേഖല വിട്ടത്. അതായത് ഒരു ദിവസം 2000 പേരെന്ന കണക്കില്‍. അവര്‍ പിന്നീട് എങ്ങനെ ജീവിച്ചു. ഇന്ത്യയിലെ അസംഘടിത മേഖലയിലെ യാതൊരു തൊഴില്‍ നിയമവും ബാധകമല്ലാത്ത മേഖലകളിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാകും. അവരാണ് നഗരവാസികളായി മാറിയത്. അല്ലാതെ സ്വാഭാവിക വികസനത്തിന്റെ ഭാഗമായി നഗരങ്ങളിലെത്തിയവരല്ല. ഉദാരവല്‍ക്കരണം സ്വഭാവിക ജീവിതോപാധി നഷ്ടപെടുത്തിയ ഒരു വലിയ വിഭാഗം ജനങ്ങളെ ഒരു വശത്ത് ഇന്ത്യന്‍ ഭരണകൂടം നഗരങ്ങളിലേക്ക് തള്ളുന്നു. അവിടെ അടച്ചുറപ്പില്ലാത്ത ജീവിതമായതിനാല്‍ അവരെ ഇപ്പോള്‍ പകര്‍ച്ചവ്യാധികാലത്ത്‌ തിരിച്ചുനടത്തുന്നു. ഗ്രാമങ്ങളിലെ ജാതിയുടെ അതിപ്രസരവും ദളിത് വിഭാഗങ്ങള്‍ക്കെതിരായ കൈയേറ്റങ്ങള്‍ ശക്തിപ്പെട്ടതടക്കമുള്ള കാരണങ്ങളും ഇങ്ങനെയുള്ള കുടിയേറ്റത്തെ ത്വരിതപ്പെടുത്തിയിട്ടുണ്ടാകും (ഉദാരവല്‍ക്കരണം കൊണ്ടൊന്നും ജാതി മാറിയിട്ടില്ല,ചില സ്വത്വവാദി ചിന്തകര്‍ ആഗ്രഹിച്ചതുപോലെ!) അതെന്തായാലും അവരെ ആദ്യം ഗ്രാമങ്ങളില്‍നിന്ന് പുറന്തള്ളിയ ഭരണകൂടം തന്നെയാണ് ഇപ്പോള്‍ അപകടകരമായ സാഹചര്യത്തില്‍ അവരെ തിരിച്ചുനടത്തുന്നത്. മാപ്പ് പറഞ്ഞതു കൊണ്ട് ലോകത്ത് ഒരു പകര്‍ച്ച വ്യാധിയും പകരാതിരുന്നിട്ടില്ല. മാപ്പപേക്ഷ ഇരകളുടെ ദുരിതത്തെ ലഘൂകരിച്ചിട്ടുമില്ല. Also Read:

കൊക്കൂണൂകളില്‍ സുരക്ഷിതരാകുന്ന വരേണ്യരും നിരത്തിലേക്കെറിയപ്പെടുന്ന പാവപ്പെട്ടവരും; ലോകം ഇനിയൊരിക്കലും പഴയതുപോലെയായേക്കില്ല

Next Story

Related Stories