TopTop
Begin typing your search above and press return to search.

ഖുറാനെ കവചവും ആയുധവുമാക്കുന്ന രാഷ്ട്രീയക്കളിക്ക് ജലീല്‍ കാരണമാകുമ്പോള്‍

ഖുറാനെ കവചവും ആയുധവുമാക്കുന്ന രാഷ്ട്രീയക്കളിക്ക് ജലീല്‍ കാരണമാകുമ്പോള്‍

"കുറച്ച് ഖുറാന്‍ ഈ നാട്ടില്‍ വിതരണം ചെയ്തതാണോ പ്രശ്‌നം", സ്വയം പ്രതിരോധത്തിനായി മന്ത്രി കെ ടി ജലീല്‍ ഉയര്‍ത്തിയ ഈ ചോദ്യം ഗൗരവമേറിയൊരു കേസിനെ മറ്റൊരു തലത്തിലേക്ക് വഴി തിരിച്ചുവിടുന്ന കാഴ്ച്ചയാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആരോപണങ്ങള്‍ ഖുറാന്റെ പേരിലാവുകയും മതം വര്‍ഗീയതയ്ക്കും സാമൂഹിക ധ്രുവീകരണത്തിനും കാരണമാവുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. സംസ്ഥാന സര്‍ക്കാരും അതിനു നേതൃത്വം നല്‍കുന്ന സിപിഎമ്മും, മുസ്ലീം ലീഗും കോണ്‍ഗ്രസുമടങ്ങുന്ന മുഖ്യപ്രതിപക്ഷവും, സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ മതരാഷ്ട്രീയം ഉപയോഗിക്കുന്ന ബിജെപിയും എല്ലാം 'ഖുറാന്‍' ആണ് കവചമായും ആയുധമായും ഉപയോഗിക്കുന്നത്. ഇതിനെല്ലാം കാരണം നിയമത്തിന്റെ വഴിയില്‍ നിന്നും നേരിടേണ്ടിയിരുന്നൊരു ആരോപണത്തെ മതത്തിന്റെ സംരക്ഷണത്തില്‍ നിന്നുകൊണ്ട് പ്രതിരോധിക്കാനുള്ള കെ.ടി ജലീലിന്റെ തീരുമാനം.

നയതന്ത്ര ചാനല്‍ വഴി തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ വന്ന പാഴ്‌സലുകളാണ് 'ജലീല്‍ വിഷയ'ത്തിന്റെ കാരണഹേതു. ഈ പാഴസലുകള്‍ മന്ത്രി വഴി മലപ്പുറത്ത് എത്തിക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റും നായതന്ത്ര ബാഗേജുകളും ആരോപണവിധേയമായി നില്‍ക്കുന്ന സമയത്ത് തന്നെയാണ് പ്രസ്തുത പാഴലസുകളെക്കുറിച്ചും ആരോപണം ഉയരുന്നത്. സ്വഭാവികമായി സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ ഈ പാഴ്‌ലുകളുടെ നിജസ്ഥിതി അറിയാന്‍ തീരുമാനിച്ചു. ചട്ടങ്ങള്‍ പാലിച്ചാണോ പാഴ്‌സലുകള്‍ വന്നത്, പാഴ്‌സലുകളില്‍ എന്തായിരുന്നു, മറ്റെന്തെങ്കിലും വസ്തുക്കളുടെ മറവില്‍ കള്ളപ്പണമോ സ്വര്‍ണമോ കടത്തിയിട്ടുണ്ടോ തുടങ്ങിയ സംശയങ്ങളിലാണ് അന്വേഷണം നടത്തിയത്. റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷുമായും ഇതേ കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന യുഎഇ കോണ്‍സുല്‍ ജനറലുമായും ഫോണ്‍വഴി ബന്ധപ്പെട്ടിട്ടുള്ള മന്ത്രി കെ.ടി ജലീല്‍ തന്നെയാണ് കോണ്‍സുലേറ്റില്‍ നിന്നുള്ള പാഴ്‌സലുകള്‍ മലപ്പുറത്ത് എത്തിക്കാന്‍ ഇടനില നിന്നത്. റംസാന്‍ കിറ്റ് വിതരണത്തില്‍ മന്ത്രിയെ നേരിട്ട് ബന്ധപ്പെട്ടതില്‍ തന്നെ ഗുരുതരമായ നയതന്ത്ര ചട്ടലംഘനം നടന്നിരിക്കെ അതേ മന്ത്രി തന്നെ പാഴ്‌സല്‍ വിതരണത്തിലും കോണ്‍സുലേറ്റുമായി ഇടപാടുകള്‍ നടത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ പോലും അറിയാതെ നടന്ന രണ്ട് ഇടപാടുകള്‍. ഡിപ്ലോമാറ്റിക് റൂള്‍സ് സംബന്ധിച്ച ഹാന്‍ഡ് ബുക്കില്‍ പറയുന്ന ചട്ടങ്ങള്‍ പ്രകാരം ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ്. സ്വാഭാവികമായും അന്താരാഷ്‌ട്ര മാനങ്ങളുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഒരു അന്വേഷണ ഏജന്‍സിക്ക്, അതേ സമയത്ത് തന്നെ ഉയര്‍ന്നുവന്ന ഈ സംഭവത്തില്‍ മന്ത്രിയുടെ നടപടികളെ സംശയിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും മതിയായ കാരണങ്ങള്‍ ഉണ്ട്.

പാഴ്‌സലുകളില്‍ വിശുദ്ധഗ്രന്ഥമായ ഖുറാന്‍ ആയിരുന്നുവെന്നും തന്നോട് ഇങ്ങോട്ട് അഭയാര്‍ഥിച്ചതിനെ തുടര്‍ന്നാണ് കോണ്‍സുലേറ്റില്‍ നിന്നും ഖുറാന്‍ മലപ്പുറത്തുള്ള രണ്ട് മതസ്ഥാപനങ്ങളില്‍ എത്തിച്ചു നല്‍കിയതെന്നുമാണ് ജലീലിന്റെ വാദം. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയെന്ന നിലയില്‍ താന്‍ ചെയര്‍മാനായുള്ള സി ആപ്റ്റിന്റെ വാഹനം പാഠപുസ്തകങ്ങളുമായി മലപ്പുറത്തേക്ക് പോകുന്നതിനിടയില്‍ ഈ പാഴ്‌സലുകള്‍ കൂടി അവിടെ എത്തിച്ചു നല്‍കിയെന്നും ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്നും ജലീല്‍ പറയുന്നു. മന്ത്രിയുടെ വാദങ്ങള്‍ ഇതാണെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം അന്വേഷിക്കുമ്പോഴും നിയമത്തിന്റെ വഴിയെ മാത്രം ആശ്രയിച്ചാല്‍ മതി. എന്നാല്‍, ഈ വാദങ്ങളെല്ലാം പറഞ്ഞപ്പോഴും വിശുദ്ധഗ്രന്ഥത്തെ മറയാക്കി മുന്നില്‍ നിര്‍ത്താനായിരുന്നു ജലീല്‍ ശ്രമിച്ചത്.തുടക്കം മുതലുള്ള ആ ശ്രമം എന്‍ഫോഴ്‌സ്‌മെന്റിന്റെയും എന്‍ ഐ എയുടെയും ചോദ്യം ചെയ്യലിനു ശേഷവും മന്ത്രി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഈ വിവാദം തുടങ്ങിയ സമയത്ത് അഴിമുഖം ബന്ധപ്പെട്ടപ്പോഴും ഖുറാനില്‍ പിടിച്ചായിരുന്നു മന്ത്രിയുടെ പ്രതിരോധം. നിരോധിക്കപ്പെട്ട ഗ്രന്ഥമാണോ ഖുറാന്‍, ഖുറാന്‍ വിതരണം ചെയ്യുന്നത് തെറ്റാണോ? ഖുറാന്‍ വിതരണം ചെയ്തതിനാണോ തന്നെ ക്രൂശിക്കുന്നത് എന്നു തുടങ്ങി ഖുറാനെ രാഷ്ട്രീയ ആയുധമാക്കിയാണ് മന്ത്രി സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍; "വഖഫ്, ഉന്നതവിദ്യാഭ്യാസ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ഞാന്‍. വഖഫ് കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന നിലയ്ക്കാണ് യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ഖുര്‍ ആന്‍ ഇന്ന സ്ഥലങ്ങളില്‍ വിതരണം ചെയ്യുമോയെന്ന് ചോദിച്ച് എന്നെ ബന്ധപ്പെടുന്നത്. എന്റെ വകുപ്പിന് കീഴില്‍ വരുന്ന സ്ഥാപനമാണ് സി-ആപ്റ്റ്. ആ സ്ഥാപനത്തിന്റെ വാഹനം മലപ്പുറത്തേക്ക് പോകുന്നുണ്ടെന്നതിനാല്‍ അതില്‍ മതഗ്രന്ഥങ്ങളും പ്രസ്തുത സ്ഥലങ്ങളില്‍ എത്തിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ സി-ആപ്റ്റിനോ സര്‍ക്കാരിനോ ഒരു പൈസയുടെ പോലും അധിക ചെലവ് ഉണ്ടായിട്ടില്ല. നരേന്ദ്ര മോദി അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പദവി ഉപയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എത്ര ലക്ഷം രൂപ മുടക്കിയാണ് യാത്ര ചെയ്തത്. അദ്ദേഹം കൈയില്‍ നിന്നെടുത്തതോ പാര്‍ട്ടി കൊടുത്തതോ അല്ല, സര്‍ക്കാര്‍ ഖജനാവില്‍ നിന്നെടുത്തതാണ്. അതിലൊന്നും ആര്‍ക്കുമൊരു പ്രശ്നവുമില്ല. കുറച്ച് ഖുര്‍ ആന്‍ ഈ നാട്ടില്‍ വിതരണം ചെയ്തതാണോ പ്രശ്നം? ലോകം വിശുദ്ധഗ്രന്ഥമായി അംഗീകരിച്ചതാണ് ഖുര്‍ ആന്‍. നമ്മുടെ നാട്ടില്‍ ഖുര്‍ ആന്‍ നിരോധിച്ചിട്ടുമില്ല. നിരോധിച്ചൊരു ഗ്രന്ഥമാണ് സര്‍ക്കാര്‍ വാഹനത്തില്‍ കൊണ്ടുപോയതെങ്കില്‍ തെറ്റാണ്. ഇതങ്ങനെയല്ലല്ലോ.ഒരു വിശുദ്ധ ഗ്രന്ഥം പത്തുപൈസയുടെപോലും അധിക ചെലവ് സര്‍ക്കാരിന് വരുത്തിവയ്ക്കാതെ ഒരു സ്ഥലത്ത് എത്തിച്ചുകൊടുക്കുന്നതില്‍ എന്താണ് തെറ്റ്?"

തുടര്‍ന്നിങ്ങോട്ട് മാധ്യമങ്ങളില്‍ നിന്നും അകല്‍ച്ച പാലിച്ചുകൊണ്ട് ഫേ‌സ്ബുക്ക് പേജിലൂടെ മാത്രം പ്രതികരണങ്ങള്‍ നടത്താന്‍ തുടങ്ങിയപ്പോഴും ഓരോ മറുപടികളിലും പ്രത്യാരോപണങ്ങളിലും ഖുറാനെയാണ് മന്ത്രി ഉപയോഗിക്കുന്നത്. തന്റെ പ്രധാന എതിരാളികളായ മുസ്ലിം ലീഗിനെ വെല്ലുവിളിക്കാനും മതവും മതഗ്രന്ഥവും തന്നെയാണ് മന്ത്രി ഉപയോഗിച്ചത്. രാഷ്ട്രീയമോ നിയമമോ പറഞ്ഞല്ല, മതം പറഞ്ഞു തന്നെയാണ് ലീഗ് നേതൃത്വത്തോട് ജലീല്‍ ഏറ്റുമുട്ടിയത്. എതിരാളികളെ പ്രതിരോധത്തിലാക്കാനും സ്വയം പ്രതിരോധിക്കാനും മതത്തെ തെരഞ്ഞെടുത്തതുവഴി നിയമവും നിയമവ്യവസ്ഥകളെക്കാലും സുരക്ഷിതമായത് മതം തന്നെയാണെന്ന ധ്വനിയാണ് മന്ത്രിയില്‍ നിന്നുണ്ടായത്. നിരപരാധിത്വം താന്‍ നിയമത്തിന്റെ മുന്നില്‍ തെളിയിക്കുമെന്ന് ഉറപ്പോടെ പറയുന്നതിനു പകരം, തെറ്റ് ചെയ്തിട്ടില്ലെന്ന് ഖുറാനില്‍ തൊട്ട് സത്യം ചെയ്യുന്നുവെന്നും വെല്ലുവിളി ഏറ്റെടുക്കാന്‍ ലീഗ് തയ്യാറുണ്ടോയെന്നും ചോദിച്ചത് ഒരു മന്ത്രിയാണ്. ജലീല്‍ മതവിശ്വാസം പുലര്‍ത്തുന്ന ഒരു വ്യക്തിയായിരിക്കാം, അത് അദ്ദേഹത്തിന്റെ സ്വന്തം കാര്യവുമാണ്. എന്നാല്‍ നിലവില്‍ അദ്ദേഹം മന്ത്രിയാണ്, ആ പദവിയില്‍ ഇരുന്നുകൊണ്ട് ചെയ്ത ഒരു കാര്യത്തിന്മേല്‍ അന്വേഷണം നടക്കുമ്പോള്‍ അവിടെ മതഗ്രന്ഥങ്ങളെ പിടിച്ച് ആണയിടുന്നതിലോ വിശ്വാസം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ പേരില്‍ വേട്ടയാടുന്നു എന്ന് വിലപിക്കുന്നതിലോ എന്താണ് പ്രസക്തി? കേരളത്തിന്റെ തെരുവുകളില്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങളും അക്രമങ്ങളുമെല്ലാം ഖുറാന്റെ പേരില്‍ ആകുന്നതിന്റെ കാരണം, ഭരണഘടന ബാധ്യത മറന്നു പ്രവര്‍ത്തിച്ച മന്ത്രി തന്നെയാണ്.

ജലീല്‍ തുടങ്ങിവച്ചത് ഏറ്റുപിടിക്കാന്‍ സിപിഎമ്മും സര്‍ക്കാരും എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ അപകടകരമായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചത്, ഖുറാനെ അവഹേളിക്കുകയാണോ എന്നാണ്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഖുറാന്‍ വിരുദ്ധ പ്രക്ഷോഭമാണെന്നു കൂടി പറഞ്ഞു കളഞ്ഞു കോടിയേരി. രാഷ്ട്രീയത്തിനൊപ്പം മതവും പറഞ്ഞു തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ജലീലിനുവേണ്ടി വാദിക്കാനെത്തിയത്. ജലീല്‍ ആകുമ്പോള്‍ ഖുറാന്‍ ആയാലും തൊട്ടുകൂടാ എന്ന രീതിയിലേക്ക് ലീഗ് മാറുന്നുവെന്ന് പിണറായി ആരോപിക്കുമ്പോള്‍ ഖുറാനെയാണ് അദ്ദേഹവും കരുവാക്കി മുന്നോട്ടുവയ്ക്കുന്നത്. ജലീലിനെതിരെ ആരോപണമുന്നയിക്കുന്നവര്‍ മതവിശ്വാസികളെയാണ് എതിര്‍ക്കുന്നതെന്ന് സ്ഥാപിക്കാനാണ് മന്ത്രി എ കെ ബാലന്‍ തയ്യാറായത്. ജലീല്‍ ഇമാമുള്ള വിശ്വാസിയാണെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ മുനാഫിഖുകള്‍ ആണെന്നും മന്ത്രി ബാലന്‍ പറയുകയുണ്ടായി. ലീഗുകാര്‍ വിശുദ്ധ ഗ്രന്ഥത്തില്‍ തൊട്ട് സത്യം ചെയ്യാനുണ്ടോയെന്ന ജലീലിന്റെ വെല്ലുവിളിയുടെ അനുരണനങ്ങള്‍ തന്നെയാണ് മുകളില്‍ പറഞ്ഞുവരുടെയെല്ലാം വാക്കുകളില്‍ കാണുന്നത്.

ഖുറാനെ കവചമാക്കി ഇക്കൂട്ടര്‍ നടത്തുന്ന പ്രവര്‍ത്തികള്‍ വീണുകിട്ടിയ അവസരമായി ഉപയോഗിക്കുകയാണ് ബിജെപിയും സംഘപരിവാര്‍ സംഘടനകളും. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് നിരവധി പേര്‍ അറസ്റ്റിലാവുകയും ഏറെപ്പേര്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടും വിഷയം ഒടുവില്‍ ജലീലാണ് എത്തി നില്‍ക്കുന്നത്. ഖുറാന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തുകയാണ് എന്ന വിവിധ ബിജെപി നേതാക്കളുടെ ആരോപണങ്ങള്‍ ചെന്നു കൊള്ളുന്നത് ധ്രുവീകരണത്തിലേക്ക് തന്നെയാണ്. ഒപ്പം സംസ്ഥാനത്തെ ഒരു മന്ത്രി നേരിട്ട് ഖുറാന്‍ ഇറക്കുമതി ചെയ്യിപ്പിച്ച് വിതരണം ചെയ്യുന്നുവെന്ന ആരോപണവും. സ്വര്‍ണക്കടത്തോ കേസുകളോ നിയമമോ ഒന്നുമല്ല, ഖുറാന്‍ വിതരണവും ജലീല്‍ എന്ന 'മുസ്ലീം' സമുദായക്കാരനുമാണ് ബിജെപി ആരോപണങ്ങളിലെ കേന്ദ്രവിഷയം. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സമയത്ത് പി.എസ്.സി അംഗമായിരുന്ന ഇപ്പോഴത്തെ ബിജെപി വൈസ് പ്രസിഡന്റ് കെ.എസ് രാധകൃഷ്ണന്‍ ജലീലിനെ എതിര്‍ക്കുന്നതിന്റെ പേരില്‍ നടത്തിയത് അങ്ങേയറ്റം വര്‍ഗീയ വിദ്വേഷവും ചരിത്ര വിരുദ്ധവുമായ പ്രസ്താവനകളാണ്; അതേ പാത തന്നെയാണ് ഒട്ടുമിക്ക നേതാക്കളുടെതും. ഈ അജണ്ടകള്‍ക്ക് കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സമരസഹായം കൂടി കിട്ടുമ്പോള്‍ ഭയപ്പെടുത്തുന്നൊരു അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. കേസ് തീര്‍ന്നാലും ജലീല്‍ നിരപരാധിത്വം തെളിയിച്ചാലും ഇപ്പോഴുണ്ടാക്കി വച്ചിരിക്കുന്ന സാഹചര്യങ്ങളുടെ മുതലെടുപ്പുകള്‍ തീരില്ല എന്നതാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. അതില്‍ നിന്ന് ഒഴിഞ്ഞു മാറാനാകട്ടെ ജലീലിനു കഴിയുകയുമില്ല.


Next Story

Related Stories