TopTop
Begin typing your search above and press return to search.

എം പി വീരേന്ദ്രകുമാര്‍ എന്ന തികഞ്ഞ സോഷ്യലിസ്റ്റ്, രാഷ്ട്രീയത്തില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും

എം പി വീരേന്ദ്രകുമാര്‍ എന്ന തികഞ്ഞ സോഷ്യലിസ്റ്റ്, രാഷ്ട്രീയത്തില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും

സോഷ്യലിസ്റ്റ്, പത്ര ഉടമ, എഴുത്തുകാരൻ, മുൻ കേന്ദ്ര മന്ത്രി, വാഗ്മി എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങൾ ഉണ്ട് ഇന്നലെ അന്തരിച്ച എം പി വീരേന്ദ്രകുമാറിന്. ഇതിനെല്ലാം പുറമെ കേരളത്തിലെ ഇടതു മുന്നണിയുടെ പ്രഥമ കൺവീനർ കൂടിയായിരുന്നു വീരേന്ദ്ര കുമാർ. അടിയന്തരാവസ്ഥക്കാലത്തെ ജയിൽ വാസത്തിനിടയിൽ എ കെ ജി യുമായും പിണറായി വിജയനുമായും ഒക്കെ ഉണ്ടായ സൗഹൃദത്തിനുമപ്പുറം യു ഡി എഫുമായുള്ള ഹൃസ്വ കാല ബാന്ധവം ഒഴിവാക്കി താൻ കൂടി മുൻ കൈ എടുത്തു രുപീകരിച്ച ഇടതു മുന്നണിയിലേക്ക് മടങ്ങിപ്പോകാൻ വീരേന്ദ്രകുമാറിനെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന് അതുകൂടിയാവാം. 1979 ൽ രൂപീകൃതമായ ഇടതു ജനാധിപത്യ മുന്നണിയുടെ പ്രഥമ കൺവീനർ എന്ന നിലയിൽ വീരേന്ദ്രകുമാർ ഒരു വിജയമായിരുന്നോ പരാജയമായിരുന്നോ എന്നൊന്നും ആരും നാളിതുവരെ വിലയിരുത്തിയതായി അറിവില്ല. എങ്കിലും വീരേന്ദ്രകുമാർ എന്നും ഇടതുമുന്നണിക്കൊപ്പം ഉണ്ടാകണമെന്ന് മുന്നണിയിലെ എല്ലാ പാർട്ടികളുടെയും നേതാക്കൾ ആഗ്രഹിച്ചിരുന്നു എന്നതുകൊണ്ടുകൂടിയാണ് വീരന്റെ തിരിച്ചുവരവ് സുഗമവും വേഗത്തിലും ഉള്ളതായത്. 2009 ലെ ലോക് സഭ തിരെഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റു നിഷേധിച്ചതിനെ തുടർന്നാണ് വീരേന്ദ്രകുമാറിന്റെ പാർട്ടി ഇടതു മുന്നണി വിട്ടതും യു ഡി എഫിന്റെ ഭാഗമായതും. നേരത്തെ രണ്ടു തവണ കോഴിക്കോടിനെ പ്രതിനിധീകരിച്ച വീരേന്ദ്രകുമാറിന് സീറ്റ് നിഷേധിച്ചതിനെച്ചൊല്ലി എൽ ഡി എഫിൽ തന്നെ വലിയ പ്രതിക്ഷേധം ഉയർന്നിരുന്നു. പിണറായി വിജയൻ തന്നെ തൊഴിച്ചു പുറത്താക്കി എന്നായിരുന്നു വീരേന്ദ്രകുമാറിന്റെ പ്രതികരണം. ഇരു നേതാക്കളും തമ്മിലുള്ള ബന്ധം വഷളായതോടെ മാതൃഭൂമി പത്രം പിണറായിക്കെതിരെ തിരിഞ്ഞതും ഒടുവിൽ പിണറായി അന്ന് പത്രത്തിന്റെ എഡിറ്റർ ആയിരുന്ന കെ ഗോപാലകൃഷ്ണനെ പരസ്യമായി വെല്ലുവിളിച്ചതുമൊക്കെ ചരിത്രം. യു ഡി എഫ് സ്ഥാനാർത്ഥിയായി പാലക്കാട്ടുനിന്നും മത്സരിച്ചപ്പോൾ നേരിട്ട കനത്ത പരാജയത്തെ കോൺഗ്രസിന്റെ കാലുവാരലായാണ് വീരൻ കണ്ടത്. ഇതിൽ മനംനൊന്ത് വീരൻ പിന്നീട് താൻകൂടി മുൻകൈ എടുത്തുണ്ടാക്കിയ ഇടതുമുന്നണിയിലേക്കു മടങ്ങാൻ ആഗ്രഹിച്ചപ്പോൾ പഴയ ശത്രുതയൊക്കെ മറക്കാൻ പിണറായി തയ്യാറായത് വീരേന്ദ്രകുമാർ ഇല്ലാത്ത എൽ ഡി എഫിന് തിളക്കം പോരാ എന്ന് മനസ്സിലാക്കിയിട്ടു തന്നെയാവണം. ഇരുവർക്കുമിടയിലുള്ള മഞ്ഞുരുക്കാൻ സഹായകമായത് വീരേന്ദ്രകുമാർ രചിച്ച ' ഇരുൾ പരക്കുന്ന കാലം' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങായിരുന്നു.ജയപ്രകാശ് നാരായൺ, രാം മനോഹർ ലോഹ്യ തുടങ്ങിയവരിൽ ആകൃഷ്ടനായി സോഷ്യലിസ്റ്റ് ധാരയിലെത്തിച്ചേർന്ന വീരേന്ദ്രകുമാറിൽ താൻ വിശ്വാസം അർപ്പിച്ച തത്വ സംഹിത എല്ലാ അർത്ഥത്തിലും (രാഷ്ട്രീയത്തിലായാലും വ്യക്തി ജീവിതത്തിലായാലും) ഒരു വലിയ പരിധി വരെ പ്രതിഫലിച്ചിരുന്നു എന്നുതന്നെ വേണം കരുതാൻ. തന്റെ മകൾ ഒളിച്ചോടി ഒരു മുസ്ലിമിനെ വിവാഹം കഴിച്ചപ്പോൾ വീരേന്ദ്രകുമാർ എടുത്ത നിലപാടിൽ നിന്നു തന്നെ അത് വ്യക്തമായിരുന്നു. അതിനും മുൻപ് കേരളം കണ്ട ഏറ്റവും മികച്ച സബാൾട്ടൺ ജേർണലിസ്റ് എന്നു വിശേഷിപ്പിക്കപ്പെട്ട കെ ജയചന്ദ്രനെ 1984 ൽ പോലീസ് അറസ്റ്റ് ചെയ്തപ്പോഴും വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ്റ് മുഖം പ്രകടമായി. അക്കാലത്തു ജയചന്ദ്രൻ മാതൃഭൂമിയുടെ വയനാട് ബ്യുറോയിൽ ജോലിചെയ്യുകയായിരുന്നു. ഉരുൾ പൊട്ടലിൽ ആളുകളുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിന് പകരം വെള്ളത്തിൽ ഒളിച്ചുവന്ന ഒരു മുള്ളൻ പന്നിയെ പിടികൂടി ഭക്ഷണമാക്കിയ പോലീസുകാരെക്കുറിച്ചുള്ള വാർത്തയാണ് ജയചന്ദ്രന്റെ അറസ്റ്റിലേക്ക് നയിച്ചത്. വിവരം അറിഞ്ഞ ഉടൻ തന്നെ ജയചന്ദ്രനെ മോചിതനാക്കുകയും നാളിതുവരെ താൽക്കാലിക റിപ്പോർട്ടറായിരുന്ന ജയചന്ദ്രനെ സ്റ്റാഫ് റിപ്പോർട്ടറാക്കുക മാത്രമല്ല തുടർന്നും വയനാട്ടിലെ പോലീസ് അയാളെ ഉപദ്രിവിച്ചേക്കാം എന്നതിനാൽ കോഴിക്കോട്ടേക്കു സ്ഥലം മാറ്റുകയും ചെയ്തു. ജേർണലിസം പഠനത്തിന്റെ ഭാഗമായി കോഴിക്കോട് മാതൃഭൂമി ഓഫീസിൽ ഇന്റേൺഷിപ് ചെയ്യുന്ന കാലത്തു ജയചന്ദ്രനൊപ്പം താമസിക്കുമ്പോൾ ഈ കഥ അദ്ദേഹം നിരവധി തവണ പറഞ്ഞിട്ടുണ്ട്. അന്നൊക്കെ വീരേന്ദ്രകുമാറുമായി ജയചന്ദ്രന് വളരെ ഊഷ്മളമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അധികം വൈകാതെ തന്നെ സ്ഥാപനത്തിലെ ചില കുത്തിത്തിരുപ്പുകാരുടെ നിരന്തര ശ്രമഫലമായി ആ ബന്ധം ഉലയുകയും ഒരു സഹപ്രവർത്തകൻ വരുത്തിയ തെറ്റ് സ്വയം ഏറ്റെടുത്തു ജയചന്ദ്രൻ വാടകരയിലേക്കു പണിഷ്മെന്റ് ട്രാൻസ്ഫർ വാങ്ങിക്കുകയും ചെയ്തു.


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories