TopTop
Begin typing your search above and press return to search.

യുധിഷ്ഠിരന്റെ ചെരിപ്പടിച്ചുമാറ്റിയ നായയ്ക്ക് കിട്ടിയ അര്‍ജ്ജുന ശാപം, കോണ്‍ഗ്രസിനെതിരെ മുല്ലക്കരയുടെ മഹാഭാരത വ്യാഖ്യാനം

യുധിഷ്ഠിരന്റെ ചെരിപ്പടിച്ചുമാറ്റിയ നായയ്ക്ക് കിട്ടിയ അര്‍ജ്ജുന ശാപം, കോണ്‍ഗ്രസിനെതിരെ മുല്ലക്കരയുടെ മഹാഭാരത വ്യാഖ്യാനം


കേരള നിയമസഭയില്‍ പതിനഞ്ചാമത്തെ അവിശ്വാസ പ്രമേയത്തിന്റെ ചര്‍ച്ച നടക്കുകയാണ്. വി ഡി സതീശന്‍ സഭയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം വോട്ടിനിട്ട് തളളപ്പെടും എന്ന കാര്യം ഉറപ്പാണെങ്കിലും പ്രതിപക്ഷത്തിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളെ അതിശക്തമായി അവതരിപ്പിക്കാനുള്ള രാഷ്ട്രീയ അവസരമായിട്ടാണ് ഇതിനെ കാണുന്നത്. പ്രത്യേകിച്ചും തെരുവുകളില്‍ അലയടിക്കേണ്ട പ്രക്ഷോഭങ്ങള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കോടതി ഇടപെടലിലൂടെ നിര്‍ത്തിവെക്കേണ്ടി വന്നതിന്റെ ക്ഷീണം തീര്‍ക്കുക എന്നത് തന്നെയാണ് ലക്ഷ്യം. ഭരണപക്ഷത്തെ സംബന്ധിച്ചിടത്തോളം ആരോപണങ്ങള്‍ക്ക് ഫലപ്രദമായി തടയിടാനും മുന്നണിയില്‍ അഭിപ്രായഭിന്നത ഇല്ലെന്നു തെളിയിക്കാനും കിട്ടുന്ന അവസരമാണ് ഇത്.

സ്വര്‍ണ്ണകള്ളക്കടത്ത്, സ്പ്രിംഗ്ളര്‍ ഡാറ്റാ വിവാദം, കണ്‍സള്‍ട്ടന്‍സി രാജ്, പമ്പ മണലെടുപ്പ്, പ്രളയ ഫണ്ട് തട്ടിപ്പ്, വടക്കാഞ്ചേരി ഫ്ലാറ്റ് വിവാദം തുടങ്ങി നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നത്. കഴിഞ്ഞ നാല് വര്‍ഷം അനുഭവിച്ച വിഷയ ദാരിദ്ര്യമാണ് ഈ ചുരുങ്ങിയ കാലയളവില്‍ പ്രതിപക്ഷത്തിന് നീങ്ങിക്കിട്ടിയത്. അതേസമയം ഭരണ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു പിണറായി ഗവണ്‍മെന്‍റ് ഓരോ വര്‍ഷവും കടന്നു പോവുകയായിരുന്നു. ഇതിനിടയില്‍ ഏഷ്യാനെറ്റ് നടത്തിയ ഒരു സര്‍വ്വേയില്‍ അടുത്ത മുഖ്യമന്ത്രിയായി പിണറായി വീണ്ടും വരണം എന്നാഗ്രഹിക്കുന്നതായി പ്രവചിക്കപ്പെട്ടതോടെ തുടര്‍ ഇടതു ഭരണം എന്നൊരു കുശുകുശുപ്പ് അന്തരീക്ഷത്തില്‍ പടര്‍ന്ന് തുടങ്ങി. സി പി എം സൈബര്‍ ഇടങ്ങള്‍ അതിനു നല്ല പ്രചാരം കൊടുക്കുകയും ചെയ്തു. അതിനിടയിലാണ് പഴയ ശ്രീധരന്‍പിള്ള പറഞ്ഞതുപോലെ ഒരു 'സുവര്‍ണാവസരം' പ്രതിപക്ഷത്തിന് വീണുകിട്ടിയത്. രാഷ്ടീയ ചതുരംഗത്തില്‍ ഇത്തരം അവസരങ്ങളെ വിജയത്തിന്റെ പടവുകള്‍ ആക്കുക എന്നതുതന്നെയാണ് ഒരു രാഷ്ട്രീയ പാര്ട്ടി ചെയ്യുക. അതിന്റെ ഏറ്റവും മികച്ച നീക്കമാണ് അവിശ്വാസ പ്രമേയം എന്ന ജനാധിപത്യ സാധ്യത ഉപയോഗിച്ച് പ്രതിപക്ഷം നിര്‍വഹിക്കാന്‍ ശ്രമിക്കുന്നത്.

ഇനി എഴുതാന്‍ ഉദ്ദേശിക്കുന്ന കാര്യത്തിലേക്ക് കടക്കാം. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ എല്ലാവരും സാകൂതം നോക്കിയ ഒരു പ്രസംഗം സി പി ഐ പ്രതിനിധിയുടേയായിരിക്കും. കാരണംആരോപണവിധേയനായി പുറത്താക്കപ്പെട്ട എം ശിവശങ്കര്‍ സി പി ഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വന്നു കാനത്തെ കണ്ട് വിശദീകരണം നല്കിയ അസാധാരണ സംഭവം നടന്നത് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പായിരുന്നു. സ്പ്രിംഗ്ളര്‍ വിഷയത്തില്‍ സി പി ഐ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശത്തിലാണ് ശിവശങ്കറിന്റെ നടപടി. പിന്നീട് സ്വര്‍ണ്ണക്കള്ളക്കടത്ത് വിഷയത്തില്‍ സ്വപ്ന സുരേഷുമായി ബന്ധമുണ്ട് എന്ന് തെളിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇയാളെ പുറത്താക്കന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു എന്ന പരസ്യ പ്രസ്താവന കാനം നടത്തുകയുണ്ടായി. അന്നത് ചെയ്തിരുന്നെങ്കില്‍ ഇന്ന് ഇത്ര വലിയ കുഴപ്പത്തില്‍ ചാടില്ലായിരുന്നു എന്നായിരുന്നു സി പി ഐക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുനടക്കുന്നത്.

അവിശ്വാസ പ്രമേയത്തില്‍ സി പി ഐക്ക് വേണ്ടി സംസാരിച്ചത് മുന്‍ മന്ത്രിയായ മുല്ലക്കര രത്നാകരനായിരുന്നു. അദ്ദേഹമിപ്പോള്‍ വെറും ഒരു രാഷ്ട്രീയക്കാരന്‍ മാത്രമല്ല. ഈ അടുത്തകാലത്ത് പുറത്തിറങ്ങിയ ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകത്തിന്റെ കര്‍ത്താവുകൂടിയാണ് അദ്ദേഹം. പ്രത്യേകിച്ചും ആ പുസ്തകം ഇത്രയേറെ ശ്രദ്ധ നേടാന്‍ കാരണം ഒരു കമ്യൂണിസ്റ്റ്കാര്‍ അധികം കൈവെക്കാത്ത മേഖലയിലാണ് അദ്ദേഹം കൈവെച്ചത് എന്നതുകൊണ്ടാണ്. മഹാഭാരത കഥയിലെ പത്തു കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി എഴുതിയ 'മഹാഭാരതത്തിലൂടെ' എന്ന പുസ്തകമാണ് മുല്ലക്കരയുടേതായി സമീപകാലത്ത് പുറത്തുവന്നത്.

ഭൌതികവാദത്തിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്യൂണിസ്റ്റ് എങ്ങനെയാണ് ഒരു ആത്മീയ പുസ്തകം തന്റെ രചനയ്ക്ക് വിഷയമാക്കിയത് എന്നത് ഒരു കൌതുകകര കാര്യമാണ്. ആഗസ്ത് മാസത്തെ ഭാഷാപോഷിണിയിലെ "മഹാഭാരത മാനിഫെസ്റ്റോ-ഒരു കമ്യൂണിസ്റ്റിന്റെ ഭാരതദര്‍ശനം" എന്ന അഭിമുഖത്തില്‍ ജയചന്ദ്രന്‍ ഇലങ്കത്ത് തുടക്കത്തില്‍ തന്നെ ചോദിക്കാന്‍ ശ്രമിച്ചതും ആതാണ്. അതിനു മുല്ലക്കര ഇങ്ങനെ മറുപടി നല്‍കുന്നു, "ഭാരതകഥയിലെ ദേവാംശം മാറ്റി വെച്ച് ഓരോ സന്ദര്‍ഭവും നോക്കിയാല്‍ എല്ലാം ഭൌതികമാണ്. ആത്മീയത, ഭൌതികത എന്നിവ വ്യത്യസ്തവഴികളല്ല. രണ്ടും കെട്ടിപ്പിണഞ്ഞു കിടക്കുന്നുണ്ട്. ഹോട്ടലില്‍നിന്നും വില നല്‍കി ആഹാരം കഴിക്കുമ്പോള്‍ അത് ഭൌതിക വസ്തുവാണ്. എന്നാല്‍ വിശന്നു വരുന്ന അമ്മ ആഹാരം തരുമ്പോള്‍ അതില്‍ അമ്മയുടെ സ്നേഹം കൂടി ചേരുന്നു. അതി ആത്മീയതയും ചേരുന്നു."

പുസ്തകമെഴുതാന്‍ നടത്തിയ ഗൃഹപാഠം എന്തായാലും ഇന്ന് നിയമസഭയില്‍ നടത്തിയ മുല്ലക്കരയുടെ പ്രസംഗത്തിലും തെളിഞ്ഞു. മഹാഭാരതത്തില്‍ ഒരു ഘട്ടത്തില്‍ പ്രത്യക്ഷപ്പെട്ട നായയുടെ കഥാപാത്രത്തോടാണ് കോണ്‍ഗ്രസിനെ മുല്ലക്കര ഉപമിച്ചത്.

മുല്ലക്കര പറഞ്ഞ കഥ ഇതാണ്. മഹാഭാരതത്തില്‍ പാഞ്ചാലിക്ക് അഞ്ചു ഭര്‍ത്താക്കന്‍മാരാണ്. എങ്ങനെ അഞ്ച് ഭര്‍ത്താക്കന്‍മാര്‍ക്ക് ഒപ്പം ജീവിക്കും? നാരദമുനിയാണ് അതിനൊരു പരിഹാരം കണ്ടത്. ഓരോരുത്തര്‍ക്കും ഒരു വര്‍ഷം വെച്ചു കൊടുത്തു എന്നുമാത്രമല്ല, ആരെങ്കിലും പാഞ്ചാലിയുടെ ഒപ്പം ഉണ്ടെങ്കില്‍ ഇടിച്ചു കയറി വരാതിരിക്കാന്‍ അകത്തുള്ളയാളുടെ ചെരിപ്പു പുറത്തു അടയാളമായി വെക്കണം എന്ന് നിശ്ചയികുകയും ചെയ്തു. ഒരു ദിവസം അപ്രതീക്ഷിതമായി താന്‍ മറന്നു വെച്ച വില്ലെടുക്കാന്‍ അര്‍ജ്ജുനന്‍ പാഞ്ചാലിയുടെ മുറിയുടെ മുന്നില്‍ എത്തി. പുറത്തു ആരുടേയും ചെരിപ്പു കാണാത്തതുകൊണ്ടു അകത്തേക്ക് കയറി. എന്നാല്‍ അകത്തു യുധിഷ്ഠിരന്‍ ഉണ്ടായിരുന്നു. അറിയാതെ കയറിപ്പോയതിന്‍റെ പാപം ചെയ്തതുകൊണ്ട് 12 വര്‍ഷം നാട് വിട്ട്പോകാനുള്ള ശിക്ഷ അനുഭവിക്കാന്‍ തീരുമാനിച്ചു. ഇതിനിടയില്‍ ചെരിപ്പു ആരാണ് മാറ്റിവെച്ചത് എന്നകാര്യം അര്‍ജ്ജുനന്‍ അന്വേഷിച്ചു. അതൊരു നായയായിരുന്നു. ഇത് മനസിലാക്കിയ അര്‍ജ്ജുനന്‍ നായയെ ശപിച്ചു. പ്രണയലീലകളില്‍ ഏര്‍പ്പെടുമ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് തടസ്സപ്പെടുത്തപ്പെടട്ടെ എന്നായിരുന്നു ആ ശാപം.

ആ നായയുടെ അവസ്ഥയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സിന് എന്നു പറയാനാണ് മുല്ലക്കര ശ്രമിച്ചത്. ആ വ്യാഖ്യാനം ഇങ്ങനെ, 1957ല്‍ ബാലറ്റിലൂടെ അധികാരത്തില്‍ എത്തിയ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ ജനാധിപത്യ വിരുദ്ധമായി ഇടപെട്ട് പുറത്താക്കിയതിന്റെ ശാപമാണ് കോണ്‍ഗ്രസിന് കിട്ടിയത്. അന്ന് മുതല്‍ ഇന്നേവരെ ഒരു കോണ്‍ഗ്രസ്സ് ഗവണ്‍മെന്റിനും സ്വസ്ഥമായി ഭരിക്കാന്‍ പറ്റിയിട്ടില്ല. കരുണാകരന്‍ ഭരിക്കുമ്പോള്‍ ആന്റണി വരും, ആന്റണി ഭരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി വന്നു .. അങ്ങനെയങ്ങനെ..വിമോചന സമരക്കാലത്തെ പോലെ ഒരു ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തിയാണ് കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത് എന്നു പറയാനാണ് മുല്ലക്കര പറയാന്‍ ശ്രമിച്ചത്.

എന്തായാലും മാധ്യമങ്ങളോ പ്രതിപക്ഷമോ ആഗ്രഹിച്ച പോലെ ഒരു ചെറിയ വിമതശബ്ദം പുറപ്പെടുവിക്കാന്‍ മുല്ലക്കര തയ്യാറായില്ല എന്നത് ഭരണപക്ഷത്തിന് ആശ്വാസമായി എന്നതില്‍ തര്‍ക്കമില്ല.
സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories