TopTop
Begin typing your search above and press return to search.

മുല്ലപ്പള്ളിയെ ഭീതിപ്പെടുത്തുന്ന പിണറായിയുടെ വോട്ടുബാങ്ക് രാഷ്ട്രീയം, ചെന്നിത്തലയ്ക്ക് മനസിലാകാഞ്ഞിട്ടാണോ?

മുല്ലപ്പള്ളിയെ ഭീതിപ്പെടുത്തുന്ന പിണറായിയുടെ വോട്ടുബാങ്ക് രാഷ്ട്രീയം, ചെന്നിത്തലയ്ക്ക് മനസിലാകാഞ്ഞിട്ടാണോ?

മോദി സർക്കാരിന്റെ ദേശീയ പൗരത്വ (ഭേദഗതി) നിയമം നിലനിൽക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇനിയിപ്പോൾ അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീംകോടതിയാണ്. പ്രസ്തുത നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിച്ച കോടതി ഇക്കാര്യത്തിൽ വിശദീകരണം തേടിക്കൊണ്ട് കേന്ദ്ര സർക്കാരിനും അറ്റോർണി ജനറലിനും നോട്ടീസ് അയച്ചിട്ടുണ്ട്. പരമോന്നത നീതിപീഠത്തിന്റെ തീരുമാനം അറിയാൻ ഇനിയും കാത്തിരിക്കണം എന്നർത്ഥം. ഒരു വശത്ത് നിയമ പോരാട്ടം നടക്കുമ്പോൾ തന്നെ രാജ്യത്തു വലിയ തോതിൽ തന്നെ പ്രതിഷേധവും പ്രക്ഷോഭങ്ങളും തുടരുന്നുണ്ട്. നിരത്തുകൾ മാത്രമല്ല ക്യാമ്പസ്സുകളും പ്രക്ഷുബ്ധമാണ്. കേരളത്തിലും സ്ഥിതി മറ്റൊന്നല്ല. അതേസമയം എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന തിരക്കിലാണ് കേന്ദ്ര ഭരണകൂടം. തോക്കും ലാത്തിയും മാത്രമല്ല അതിന്റെ ആയുധം. കള്ള പ്രചാരണവും ഉണ്ട് കൂട്ടിനായി. ഈ നിയമം കൊണ്ടുവരുന്നതിനുവേണ്ടിയാണ് തങ്ങളെ ജനങ്ങൾ വീണ്ടും ഭൂരിപക്ഷം നൽകി അധികാരത്തിൽ എത്തിച്ചതെന്ന് പറഞ്ഞു തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ആവർത്തിച്ചുകൊണ്ടിരുന്ന കള്ളങ്ങളിലൊന്ന് ഇന്ത്യയിലെ ഒരു മത വിഭാഗത്തെയും ലക്‌ഷ്യം വെച്ചുകൊണ്ടുള്ളതല്ല പൗരത്വ ( ഭേദഗതി ) നിയമം എന്നതായിരുന്നുവെങ്കിൽ, ഇപ്പോൾ ഒരു പടികൂടി കടന്നു പൗരത്വ ( ഭേദഗതി ) നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പിന്നിൽ കോൺഗ്രസ്സും അർബൻ നക്സലുകളുമായെന്നു അവർ വിധിയെഴുതിയിരിക്കുന്നു. മോദിയും ഷായും പാടുന്നത് അടുത്തിടെ മാത്രം ബി ജെ പി യിലെത്തിയ എ പി അബ്ദുള്ളക്കുട്ടി പോലും അതേ ഈണത്തിൽ ഏറ്റുപാടുന്നുമുണ്ട്. ഇതിനൊക്കെ ഇടയിലാണ് പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ കേരളത്തിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച സംഘടിപ്പിക്കപ്പെട്ട സംയുക്ത പ്രതിഷേധ ധർണക്കെതിരെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ളവർ രംഗത്തു വന്നിരിക്കുന്നത്‌. ഇതിനെ കേവലം സംയുക്ത പ്രതിക്ഷേധം എന്ന ആശയം ആദ്യം മുന്നോട്ടു വെച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേയുള്ള ഒരു നീക്കം മാത്രമായി കുറച്ചുകാണാനാവില്ല. കെ പി സി സി , യൂത്ത് കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നതും അതുകൊണ്ടു തന്നെ ചെന്നിത്തലയെ കുറ്റക്കാരനായി ചിത്രീകരിക്കുക വഴി ചില നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നതൊക്കെ ശരി തന്നെ. എന്നാൽ അതിനും അപ്പുറമുള്ള ഒരു രാഷ്ട്രീയ തന്ത്രം തന്നെയാണ് മുല്ലപ്പള്ളി പയറ്റുന്നതെന്നു ഇന്നലെ ആദ്യമായി ഈ വിഷയത്തിൽ അദ്ദേഹം നടത്തിയ പരസ്യ പ്രതികരണം പരിശോധിച്ചാൽ വ്യക്തമാകും. "ദേശീയ തലത്തിൽ ഫാഷിസത്തെ ശക്തമായി പ്രതിരോധിക്കുന്ന പ്രസ്ഥാനം കോൺഗ്രസ് മാത്രമാണ്. ഇത്തരം സമരങ്ങളിൽ നിന്നും കേരളത്തിലെ സി പി എം ഒളിച്ചോടുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജനാധിപത്യ മതേതര ചേരിയുണ്ടാക്കാൻ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പു കാലത്തു ശ്രമിച്ചപ്പോൾ അട്ടിമറിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള സി പി എം പോളിറ്ബ്യുറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായിരുന്നു. യു എ പി എ കരിനിയമമാണെന്നു പ്രസംഗിച്ച ശേഷം ആ നിയമം ഉപയോഗിച്ചു നിയമവിരുദ്ധമായി രണ്ടു മുസ്ലിം യുവാക്കളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. ആർ എസ് എസ്സിനോടും ബി ജെ പി യോടും മൃദു സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. മുസ്ലിം തീവ്രവാദമാണ് കേരളത്തിലെ മുഖ്യപ്രശ്നമെന്ന രൂപത്തിൽ മുഖ്യമന്ത്രി കോഴിക്കോടു പ്രസ്താവന നടത്തിച്ചത് ഒടുവിലത്തെ ഉദാഹരണമാണ്. ന്യൂനപക്ഷത്തെ ഉപയോഗിച്ചു നടത്തുന്ന ഈ വോട്ടു ബാങ്ക് രാഷ്ട്രീയം ഇനി കേരളത്തിൽ വിലപ്പോകില്ല." ദേശീയ തലത്തിൽ ഫാഷിസത്തെ ശക്തമായി പ്രതിരോധിക്കുന്ന പ്രസ്ഥാനം കോൺഗ്രസ് മാത്രമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം അറിയുന്ന ആരും മുഖവിലക്കെടുക്കുമെന്നു തോന്നുന്നില്ല. ഇപ്പോൾ ഫാഷിസത്തെക്കുറിച്ചു പറയുന്ന ഇതേ മുല്ലപ്പള്ളി രാമചന്ദ്രൻ അടിയന്തരാവസ്ഥക്കാലത്തു എടുത്ത നിലപാട് എന്തായിരുന്നു എന്ന്‌ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അന്ന് ഇന്ദിര ഗാന്ധിക്കൊപ്പം നിന്നെന്നു കരുതി ഇന്നിപ്പോൾ മോദി-ഷാ ദ്വന്ദം അടിച്ചേൽപ്പിക്കുന്ന ഫാഷിസത്തെ മുല്ലപ്പള്ളി എതിർക്കാൻ പാടില്ലെന്ന് ശഠിക്കുന്നത് ഒട്ടും ശരിയല്ലതാനും. കേരളത്തിലെ സി പി എമ്മിനും പിണറായി വിജയനും എതിരെ മുല്ലപ്പള്ളി ഉന്നയിക്കുന്ന മറ്റൊരു പ്രധാന ആരോപണം അലൻ ഷുഹൈബ് , താഹ ഫൈസൽ എന്ന രണ്ടു വിദ്യാർത്ഥികളെ യു എ പി എ ചുമത്തി ജയിലിൽ അടച്ചതാണ്. ഒരു ഭാഗത്ത് യു എ പി എ കരിനിയമാണെന്നു ആക്ഷേപിക്കുകയും അതേസമയം തന്നെ ഫെഡറൽ സംവിധാനത്തിന്റെ പേര് പറഞ്ഞു അത് നടപ്പിലാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയത്തെ തന്നെയാണ് മുല്ലപ്പള്ളി ഇവിടെ വിമർശിക്കുന്നത്. ഫെഡറൽ ഒബ്ലിഗേഷൻ എന്നൊക്കെ പറഞ്ഞു യു എ പി എ നടപ്പിലാക്കുകയും അതേസമയം പൗരത്വ (ഭേദഗതി ) നിയമത്തിൽ ഇങ്ങനെ ഒരു ഒബ്ലിഗേഷൻ ഇല്ലാതെ വരുകയും ചെയ്യുന്നതിലെ വൈരുധ്യവും മുല്ലപ്പള്ളി ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ മുല്ലപ്പളിയുടെ ഇന്നലത്തെ വിമർശനത്തിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊന്നുണ്ട്. അത് ഭയമോ ആശങ്കയോ ഒക്കെ തന്നെയാണ്. പിണറായി വിജയൻ വോട്ടു ബാങ്കു രാഷ്ട്രീയം കളിക്കുന്നു എന്ന്‌ പറയുന്നതിൽ നിന്നുതന്നെ അത് വ്യക്തവുമാണ്. പിണറായി വിജയൻ കളിക്കുന്നത് വോട്ടു ബാങ്ക് രാഷ്ട്രീയമാണ് എന്നു ആരോപിക്കുമ്പോൾ മുല്ലപ്പള്ളി ഭയക്കുന്നത് സി പി എം വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുസ്ലിം വോട്ടർമാരെ കാര്യമായി സ്വാധീനിക്കുമോ എന്നതു തന്നെയാണ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു പിന്നാലെ പൗരത്വ (ഭേദഗതി) നിയമം കേരളത്തിൽ നടപ്പിലാക്കില്ല എന്നു പ്രഖ്യാപിക്കുക (അത് പാലിക്കാൻ കഴിഞ്ഞാലും ഇല്ലെങ്കിലും) വഴി പിണറായി എന്താണ് ലക്‌ഷ്യം വെക്കുന്നതെന്നു മുല്ലപ്പള്ളിക്ക് മനസ്സിലായിരിക്കുന്നു എന്നുവേണം കരുതാൻ. യു ഡി എഫിലെ രണ്ടാമനായ മുസ്ലിം ലീഗ് ഇക്കഴിഞ്ഞ ദിവസം സി പി എമ്മുമായി ചേർന്ന് നടത്തിയ സംയുക്ത പ്രതിഷേധത്തെ ന്യായീകരിക്കുകകൂടി ചെയ്തതോടെ മുല്ലപ്പള്ളിയുടെ ആശങ്ക കൂടുതൽ ശക്തമായിരിക്കുന്നു. കഴിഞ്ഞ ലോക്സഭ തിരെഞ്ഞെടുപ്പിൽ ശബരിമലയേക്കാൾ യു ഡി എഫിന് തുണയായത് മുസ്ലിം വോട്ടർമാരുടെ ഏകീകരണമായിരുന്നു എന്ന കാര്യവും ഈ ഘട്ടത്തിൽ ഓർക്കേണ്ടതായുണ്ട്. അതുകൊണ്ടു തന്നെ കോൺഗ്രസ് പതിറ്റാണ്ടുകളായി അവകാശപ്പെട്ടുപോരുന്ന മുസ്ലിം വോട്ടു ബാങ്കിൽ സി പി എം കണ്ണുവെക്കുന്നു എന്ന മുന്നറിയിപ്പും മുല്ലപ്പള്ളിയുടെ ഈ വിമർശനത്തിൽ പ്രതിഫലിക്കുന്നുണ്ട്. എന്നാൽ പൗരത്വ (ഭേദഗതി) നിയമത്തെ എതിരുടുമ്പോൾ കോൺഗ്രസ്സും സി പി എമ്മും ഒക്കെ ചെയ്യേണ്ടത് പറയുന്ന കാര്യങ്ങളിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ വോട്ടു ബാങ്ക് രാഷ്ട്രീയം മാറ്റിവെച്ചു ആ നിയമത്തെ ഒറ്റക്കെട്ടായി എതിർത്തു പരാജയപ്പെടുത്തുക എന്നതാണ്. അതിനു മുല്ലപ്പള്ളിയും പിണറായി വിജയനുമൊക്കെ തയ്യാറാവുമോ എന്നതു മാത്രമാണ് കേരളം മുന്നോട്ടു വെക്കുന്ന ഏക ചോദ്യം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories