TopTop
Begin typing your search above and press return to search.

സെക്രട്ടറിയേറ്റില്‍ എന്താണ് കത്തിയത്?

സെക്രട്ടറിയേറ്റില്‍ എന്താണ് കത്തിയത്?


അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ തൊട്ടടുത്ത ദിവസം സെക്രട്ടറിയേറ്റില്‍ സംഭവിച്ച തീപ്പിടുത്തത്തില്‍ അവിശ്വസനീയമായ എന്തോ ഉണ്ട് എന്നാണു സംസ്ഥാനത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ കറങ്ങി നടക്കുന്ന വിചാരം. അങ്ങനെ സംശയിക്കുന്നവരെ ഇപ്പോഴുള്ള പ്രത്യേക സാഹചര്യത്തില്‍ കുറ്റം പറയാനും പറ്റില്ല. വിവാദമായ സ്വര്‍ണ്ണക്കളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോള്‍ ഓഫീസിലെ പൊളിറ്റിക്കല്‍ വിഭാഗത്തിലാണ് അഗ്നിബാധ ഉണ്ടായിരിക്കുന്നത്. എന്തായാലും മുഖ്യ പ്രതിപക്ഷമായ യു ഡി എഫും രണ്ടാം പ്രതിപക്ഷമായ ബിജെപിയും കിട്ടിയ അവസരത്തിന്റെ പരമാവധി രാഷ്ട്രീയ സാധ്യതകള്‍ കൊയ്തെടുക്കാനാണ് ശ്രമിക്കുന്നത്. കത്തിയത് സുപ്രധാന ഫയലുകള്‍ ആണെന്ന് സംഭവ സ്ഥലം ഇന്നലെ തന്നെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു കഴിഞ്ഞു. ഇന്നലെ തന്നെ ഗവര്‍ണ്ണറെ കണ്ട് വിവരം ധരിപ്പിച്ച പ്രതിപക്ഷ നേതാവ് രാജ്ഭവന് വിശദമായ കാത്തുകൊടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ തീപ്പിടുത്തം എന്‍ ഐ എ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവം നടന്ന അല്‍പ്പസമയങ്ങള്‍ക്കകം തന്നെ സെക്രട്ടറിയേറ്റില്‍ പാഞ്ഞെത്തിയ കെ സുരേന്ദ്രനും സംഘത്തിനും സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ സാധിച്ചില്ല. അതിനു മുന്പ് പോലീസും ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും കൂടി ഇടപെട്ട് സെക്രട്ടറിയേറ്റ് വളപ്പില്‍ നിന്നും അവരെ പുറത്തേക്ക് മാറ്റി. സെക്രട്ടറിയേറ്റിന്റെ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കണം എന്നാണ് ബിജെപിയുടെ ആവശ്യം.

അതേ സമയം തീപ്പിടുത്തത്തില്‍ സുപ്രധാന ഫയലുകള്‍ ഒന്നും കത്തിനശിച്ചിട്ടില്ല എന്നാണ് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി ഹണി മാധ്യമങ്ങളോട് പറഞ്ഞത്. ഇത് തന്നെയാണ് മന്ത്രി ഈ പി ജയരാജനും മറ്റ് മന്ത്രിമാരും ഇന്നലെ ആവര്‍ത്തിച്ചത്.

എന്താണ് കത്തി നശിച്ച ഫയലുകള്‍? വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

തീപ്പിടുത്തത്തില്‍ 5 കെട്ട് ഫയലുകളും ഉപകരണങ്ങളും കത്തി നശിച്ചു എന്നാണ് മലയാള മനോരമ പറയുന്നത്. എന്നാല്‍ അത് ഏതാണ് എന്ന് തെളിവോടെ പറയാനുള്ള സമയവും സൌകര്യവും കിട്ടാത്തത് കൊണ്ടോ എന്തോ സ്വര്‍ണ്ണക്കളക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ സൂക്ഷിയ്ക്കുന്ന ഓഫീസിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞുപോവുക മാത്രമാണു മനോരമ ചെയ്യുന്നത്. വിദേശ കോണ്‍സുലേറ്റുകള്‍ക്ക് നയതന്ത്ര ബാഗേജുകള്‍ വഴി സാധനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള അനുമതി നല്‍കുന്ന രേഖകള്‍ നല്‍കുന്നത് ഈ ഓഫീസാണ് എന്ന് പത്രം പറയുന്നു.

മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ വിദേശ യാത്രകള്‍ സംബന്ധിച്ച ഫയലുകള്‍ സൂക്ഷിച്ചിരുന്ന വിഭാഗത്തിനാണ് തീപ്പിടിച്ചത് എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഈ വിഷയത്തില്‍ വളരെ ആധികാരികത തോന്നുന്ന ബൈ ലൈന്‍ റിപ്പോര്‍ട്ട് കേരള കൌമുദിയുടെ ആണ്. 'സുപ്രധാന ഫയലുകള്‍ ചാമ്പലായി' എന്നാണ് അതിന്റെ തലക്കെട്ട് തന്നെ. പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ബാക്ക് അപ് ഇല്ലാത്ത ഫയലുകള്‍ കത്തിനശിച്ചു എന്നാണ് കൌമുദിയുടെ റിപ്പോര്‍ട്ട് പറയുന്നത്. പൊളിറ്റിക്കല്‍ 2 എ, 2ബി, 5 എന്നീ സെക്ഷനുകളിലെ ഫയലുകളാണ് നശിച്ചത്. വിവിഐപി, വിഐപി സന്ദര്‍ശന ഫയലുകള്‍ ഈ സെക്ഷനിലാണ്. സെക്ഷന്‍ 5ല്‍ മന്ത്രിമാരുടെ വിദേശ യാത്ര സംബന്ധിച്ച ഫയലുകളാണ്. 2 ബിയില്‍ മന്ത്രിമാരുടെ അടക്കം വിരുന്നുകള്‍, ഗസ്റ്റ് ഹൌസുകള്‍ ആര്‍ക്കൊക്കെ അനുവദിച്ചു എന്നതിന്റെ ഫയലുകളും.

കത്തി നശിച്ചത് ഗസ്റ്റ് ഹൌസ് ബുക്കിംഗുമായി ബന്ധപ്പെട്ട ഫയലുകള്‍ മാത്രമാണ് എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വര്‍ണകള്ളക്കടത്ത്, മതഗ്രന്ഥം വിതരണം ചെയ്ത കേസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപ്പിടുത്തം ഉണ്ടായിരിക്കുന്നത് എന്നു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിപ്ലോമാറ്റിക് ബാഗേജുകള്‍ക്ക് അനുമതി നല്‍കുന്ന ഫയലുകള്‍ കടലാസ് ഫയലുകള്‍ ആണെന്ന് ഏഷ്യാനെറ്റും റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം സെക്രട്ടറിയേറ്റില്‍ ഇ-ഫയലിംഗ് സംവിധാനമാണെന്നും അതുകൊണ്ടു തന്നെ തീപിടുത്തത്തില്‍ ഒരു ഫയലുകളും നഷ്ടപ്പെടില്ല എന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ വിദേശ കോണ്‍സുലേറ്റുകള്‍ അടക്കമുള്ളവയുമായി ബന്ധപ്പെട്ട ഫയലുകളുടെ സുരക്ഷിതത്വം പ്രമാണിച്ച് ഇപ്പൊഴും കടലാസ് ഫയലുകളായാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് മറ്റൊരു വാദം.

എന്തായാലും എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ദുരന്ത നിവാരണ വിഭാഗം കമ്മീഷണര്‍ എ കൌശികന്റെ നേതൃത്വത്തിലുള്ള സംഘവും സംഭവം അന്വേഷിക്കും. എസ് പി അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ദ്ധരും പരിശോധന ആരംഭിച്ചു കഴിഞ്ഞു. ഉദ്യോഗസ്ഥ സംഘത്തിനോട് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

അഗ്നിബാധ അട്ടിമറിയാണ് എന്നാരോപിച്ച് യു ഡി എഫിന്റെ കരിദിനവും ബിജെപിയുടെ പ്രതിഷേധ ദിനവും സംസ്ഥാനത്ത് നടക്കുകയാണ്.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories