TopTop
Begin typing your search above and press return to search.

രണ്ട് വര്‍ഷത്തിന് ശേഷം പത്ര സമ്മേളനം നടത്തി ജി സുധാകരന്‍, പിന്നാലെ കടകംപള്ളിയും; പിണറായിയുടെ കോവിഡ് വാര്‍ത്താസമ്മേളനം മാത്രം പോരെന്ന തിരിച്ചറിവില്‍ സി പി എം

രണ്ട് വര്‍ഷത്തിന് ശേഷം പത്ര സമ്മേളനം നടത്തി ജി സുധാകരന്‍, പിന്നാലെ കടകംപള്ളിയും; പിണറായിയുടെ കോവിഡ് വാര്‍ത്താസമ്മേളനം മാത്രം പോരെന്ന തിരിച്ചറിവില്‍ സി പി എം


"ഇത് ചിങ്ങപ്പുലരി.മലയാള വർഷാരംഭം. കർക്കടകത്തിന്റെ കാർമേഘങ്ങളകന്ന് പച്ചപ്പാടങ്ങൾക്ക് മേലാപ്പായി തലയാട്ടി നിൽക്കുന്ന പൊൻ കതിരുകളിൽ കതിരവൻ പൊൻ കിരണങ്ങളണിയിച്ചു തുടങ്ങുന്ന സുദിനം. കർഷക ദിനമായി നാം കൊണ്ടാടുന്ന ഈ ദിനം കോവിഡ് കാലത്തും നമ്മിൽ പുത്തൻ പ്രതീക്ഷകൾ നിറയ്ക്കുന്നു." ആഗസ്റ്റ് 18നു പൊതുമരാമത്ത് -രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച കാവ്യ ഭംഗി തുളുമ്പുന്ന വരികളാണിത്.

അന്നുതന്നെ മന്ത്രി പതിവില്ലാത്ത ഒരു കാര്യവും ചെയ്തു. രണ്ടു വര്‍ഷത്തിനിടയില്‍ ആദ്യമായി ഒരു ഔദ്യോഗിക പത്രസമ്മേളനം വിളിച്ചു. ഭരണത്തിന്റെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ഒരു ഡസനില്‍ അധികം പത്ര സമ്മേളനങ്ങള്‍ നടത്തിയ ഭരണാധികാരിയാണ്.

എന്തുകൊണ്ടാണ് താന്‍ പത്രസമ്മേളനം ഇപ്പോള്‍ വിളിക്കാന്‍ നിര്‍ബന്ധിതനായത് എന്നു അദ്ദേഹം തുടക്കത്തില്‍ പറയുന്നുണ്ട്. "നാട്ടില്‍ നടക്കുന്ന വികസനം അതാത് സ്ഥലത്തെ ജനങ്ങള്‍ക്ക് അറിയാമെങ്കിലും കേരളത്തില്‍ ആകെ എന്താണ് നടക്കുന്നത് എന്ന കാര്യം അറിയിക്കേണ്ടതുണ്ട്. അതിനു മാധ്യമങ്ങളുടെ പിന്തുണ വേണം."

ചിങ്ങം ഒന്നായിരുന്നെങ്കിലും ജി സുധാകരന്‍ രാമായണ മാസം എന്നു വിളിക്കുന്ന കര്‍ക്കിടകത്തെ കുറിച്ച് പറഞ്ഞാണ് തന്റെ ലക്ഷ്യമെന്തെന്ന് വ്യക്തമാക്കിയത്. "രാമായണ മാസമാണ് , രാക്ഷസീയമായ ചിന്തകള്‍ ഉപേക്ഷിച്ച് മനസിനെയും ശരീരത്തെയും പരിശുദ്ധമാക്കേണ്ട ഒന്നായാണ് രാമായണ മാസത്തെ മലയാളികള്‍ കാണുന്നത്. ഈ അവസരത്തില്‍ കേരളത്തിലെ പ്രതിപക്ഷം രാക്ഷസീയമായ ചിന്തകളാണ് വെച്ചു പുലര്‍ത്തുന്നത്. രാമായണ മാസത്തിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളാതെയാണ് അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഒരിയ്ക്കലും നേടാന്‍ കഴിയാത്ത ലക്ഷ്യത്തിന് വേണ്ടിയാണ് അവര്‍ വൃഥാ ശ്രമിക്കുന്നത്."

അദ്ദേഹം തല്‍ സാഹചര്യത്തിലേക്ക് കടക്കുകയായി; "ആറ് പതിറ്റാണ്ട് കാലത്തെ സമര്‍പ്പിത ജീവിതമാണ് സഖാവ് പിണറായി വിജയന്‍റേത്. എത്രയെത്ര പരീക്ഷണങ്ങളെയും ത്യാഗപൂര്‍ണ്ണമായ ഘട്ടങ്ങളെയും പിന്നിട്ടാണ് ഇവിടെ എത്തിയിട്ടുള്ളത്. ഒരു ദിവസം വെറുതെ ഇങ്ങനെ വന്നതല്ലല്ലോ. അദ്ദേഹത്തെ വേട്ടയാടിയിട്ടും ഒരു കുഴപ്പവും ഭരണഘടനാപരമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല . കാരണം അദ്ദേഹം അങ്ങനെ ചെയ്തിട്ടില്ല. അറിഞ്ഞുകൊണ്ട് ഒരു കുറ്റവും അദ്ദേഹം ചെയ്തിട്ടില്ല. അറിയാതെ ചെയ്ത കുറ്റങ്ങള്‍ ഭരണഘടനാപരമായി ബാധ്യത ഉള്ളതൊന്നുമല്ല. അത് കുറ്റമല്ല. ഭരണത്തിന്റെ ഭാഗമായി മാറ്റാളുകള്‍ ചെയ്ത കുറ്റമാണ്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വളരുന്നവര്‍ക്ക് രക്ഷയുണ്ടോ എന്നാണ് ഞാന്‍ ഉന്നയിക്കുന്ന പ്രശ്നം. പത്തോ പന്ത്രണ്ടോ പതിമൂന്നോ വയസ് കാലം മുതല്‍ ഇഷ്ടമുള്ള പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു, ചൂവരെഴുതുകയും പോസ്റ്ററൊട്ടിക്കുകയും മുദ്രാവാക്യം വിളിക്കുകയും അനൌണ്‍സ്മെന്‍റ് നടത്തുകയും കോര്‍ണര്‍ യോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്ത്, അങ്ങനെ വളര്‍ന്ന് വളര്‍ന്ന് ഓരോ രംഗത്ത് എത്തുന്നവര്‍ക്ക് ഇന്ന് കേരളത്തില്‍ വിലയുണ്ടോ എന്നറിയേണ്ട കാലമാണ്. അതോ സോപ്പ് കുട്ടപ്പന്‍മാരുടെയും സോപ്പ് കുട്ടത്തിമാരുടെയും നാടായി കേരളത്തെ മാറ്റാന്‍ പോവുകയാണോ? മറ്റ് ചില സ്റ്റേറ്റുകളെ പോലെ. അത് പ്രയാസമാണ്. ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന രാഷ്ട്രീയ സംസ്കാരത്തെയാണ് പിണറായി വിജയന്‍ പ്രതിനിധീകരിക്കുന്നത്. ഞങ്ങളെല്ലാവരും പ്രതിനിധീകരിക്കുന്നത്. ഏത് പാര്‍ട്ടിയായാലും, പട്ടം താണുപിള്ള ആയാലും , ഈ എം എസ് ആയാലും, ആര്‍ ശങ്കര്‍ ആയാലും, അച്യുതമേനോന്‍ ആയാലും, പികെവി ആയാലും നായനാര്‍ ആയാലും, വി എസ് ആയാലും, പിണറായി ആയാലും... ഇവരെല്ലാം പ്രവര്‍ത്തിച്ചത് അങ്ങനെയാണ്. ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന രാഷ്ട്രീയ സംസ്കാരത്തെ കുഴിവെട്ടി മൂടാനുള്ള സംഘടിത ശ്രമമമാണ് നടക്കുന്നത്. പക്ഷേ ജനങ്ങള്‍ അത് സ്വീകരിച്ചതായി ആരും തെറ്റിദ്ധരിക്കരുത്. "

എന്നാല്‍ അദ്ദേഹം ആശ്വസിക്കുന്നുണ്ട്; "പ്രകോപനങ്ങളാണ് പ്രതിപക്ഷം മുഴക്കുന്നത്. എന്നാല്‍ പ്രകോപനത്തെ അതിജീവിച്ച് വികസനം തെളിയുകയാണ്. രാഷ്ട്രീയ കര്‍ണ്ണങ്ങള്‍ ജനതയുടെ ഹൃദയത്തോട് ചേര്‍ത്തുവെച്ച് നോക്കൂ അവരുടെ ഹൃദയം മന്ത്രിക്കുന്നുണ്ട് ഇടതുപക്ഷം വരുമെന്ന്."

തുടര്‍ന്ന് അദ്ദേഹം തന്റെ വകുപ്പില്‍ ഉണ്ടായ നേട്ടങ്ങളെ കുറിച്ച് എണ്ണിയെണ്ണി വിശദീകരിച്ചു.
1. 10,000ത്തില്‍ അധികം ബി എം ബി സി നിലവാരത്തിലുള്ള റോഡ് (ആകെ 20,000 കിലോമീറ്റര്‍)
2. 517 പാലത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തു
3. 7500ലേറെ സര്‍ക്കാര്‍കെട്ടിടങ്ങള്‍
4. 50 സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു
5. 30ല്‍ അധികം റസ്റ്റ് ഹൌസുകള്‍
6. റസ്റ്റ് ഹൌസുകളുടെ വരുമാനം 2 കോടിയില്‍ നിന്നും 14 കോടിയായി വര്‍ദ്ധിച്ചു.
7. സര്‍ക്കാരിന് നഷ്ടപ്പെട്ട കുറ്റാലം റസ്റ്റ് ഹൌസ്, മൂന്നാര്‍ റസ്റ്റ് ഹൌസ് വൈക്കം റസ്റ്റ് ഹൌസ് എന്നിവ വീണ്ടെടുത്തു. ഇതുവഴി തിരിച്ചു പിടിച്ചത് 2000കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍

പട്ടിക ഇങ്ങനെ തുടരുന്നു. രണ്ടു പ്രളയങ്ങളും മണ്ണിടിച്ചിലും തകര്‍ത്ത സംസ്ഥാനത്തിന്റെ ഗതാഗത സൌകര്യങ്ങള്‍ ആകെ പുനര്‍നിര്‍മ്മിക്കുന്ന പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി എന്നു ജി സുധാകരന്‍ അവകാശപ്പെടുന്നു.

"അഴിമതിക്കെതിരെ ഞാന്‍ കുരിശ് യുദ്ധം നടത്തുകയാണ്. എന്തെങ്കിലും സല്‍പ്പേരിന് വേണ്ടിയല്ല. എന്റെ ഉറക്കവും പോയി ആരോഗ്യവും പോയി.. പക്ഷേ അത് ചെയ്തേ പറ്റൂ..." മന്ത്രി പറഞ്ഞു. തന്റെ വകുപ്പില്‍ നടത്തിയ അഴിമതി വിരുദ്ധ നടപടിയെ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു, 4000 പേരോട് വിശദീകരണം ചോദിച്ചു. സസ്പെന്‍റ് ചെയ്തത് 300ല്‍ അധികം പേരെ. കൂടുതലും എഞ്ചിനീയര്‍മാരാണ്, സബ് രജിസ്റ്റര്‍മാരാണ്. രണ്ട് ചീഫ് എഞ്ചിനീയര്‍മാരും ഉണ്ടായിരുന്നു. രണ്ട് ജില്ല രജിസ്ട്രാര്‍ മാരും 60ഓളം സബ് രജിസ്ട്രാര്‍ മാരും ഉണ്ടായിരുന്നു.

എന്നാല്‍ അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കന്‍ കഴിയുമോ? അദ്ദേഹം താത്വിക വിശകലനത്തിലേക്ക് കടക്കുന്നു, "ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി പൂര്‍ണ്ണമായും ഇല്ലാതായി എന്ന അഭിപ്രായം എനിക്കില്ല. അത് ഈ വ്യവസ്ഥയുടെ ഫലമാണ്. ഈ വ്യവസ്ഥ മുതലാളിത്ത വ്യവസ്ഥയല്ലേ? ആ വ്യവസ്ഥയില്‍ അഴിമതി പൂര്‍ണ്ണമായിട്ട് ഇല്ലാതാകുമോ? അഴിമതിയെ ഉത്പാദിപ്പിക്കുന്ന വ്യവസ്ഥയാണ് മുതലാളിത്തം. നമുക്കതിനെ നിയന്ത്രിക്കാം, കുറയ്ക്കാം.."

എന്നാല്‍ രാഷ്ട്രീയ നേതൃത്വം അഴിമതിക്ക് വശംവദരായില്ല എന്ന കാര്യം ജി സുധാകരന്‍ എടുത്തു പറഞ്ഞു, "ഇത്രയേറെ ശ്രമിച്ചിട്ടും മന്ത്രിമാരെ കുറിച്ചോ എം എല്‍ എമാരെ കുറിച്ചോ മുതിര്‍ന്ന നേതാക്കളെ കുറിച്ചോ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് വലിയ നേട്ടമാണ്. അഴിമതിയുടെ കലത്തിലൂടെയാണ് ലോകം കടന്നു പോകുന്നത് എന്നോര്‍ക്കണം. കാലം അതിന്റെ ചുവരില്‍ സുവര്‍ണ്ണ അക്ഷരങ്ങളില്‍ (പിണറായിയുടെ ഭരണകാലം) എഴുതിവെക്കും."

അങ്ങനെ തട്ടും തടവുമില്ലാതെ അനര്‍ഗ്ഗള നിരഗ്ഗളമായി 40 മിനുട്ടോളം കടന്നു പോയി. ഏകദേശം പാതി സമയം. അതിനു ശേഷം പറഞ്ഞതാണ് മാധ്യമങ്ങള്‍ക്ക് ആകെയൊന്ന് സുഖിച്ചത് എന്നു തോന്നും. സകലമാന മാധ്യമങ്ങളും കേന്ദ്രീകരിച്ചത് ഇടവേളയ്ക്ക് ശേഷമുള്ള ആ രഞ്ജി പണിക്കര്‍ ഡയലോഗുകളിലാണ്.

"ശിവശങ്കര്‍ വഞ്ചകന്‍" മലയാള മനോരമ, മാതൃഭൂമിയും അടക്കം ഒരു ഡസന്‍ പ്രിന്‍റ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ജി സുധാകരന്റെ വാര്‍ത്താ സമ്മേളന റിപ്പോര്‍ട്ടിന് കൊടുത്ത തലക്കെട്ട്. ഇനി വാര്‍ത്ത മുഴുവന്‍ വായിച്ചു നോക്കിയാലും ശിവശങ്കരനും സ്വപ്നയും അവരുണ്ടാക്കിയ 'ദുര്‍ഗന്ധ'വും ഒക്കെ അല്ലാതെ മറ്റൊന്നുമില്ല. ദേശാഭിമാനി പത്രം മാത്രം മന്ത്രിയുടെ വകുപ്പില്‍ ഉണ്ടായ വികസനങ്ങള്‍ പ്രത്യേക വാര്‍ത്തയായി കൊടുത്തിരിക്കുന്നു.

പക്ഷേ മാധ്യമങ്ങള്‍ മന്ത്രിയെ ശശിയാക്കി എന്നു പറയാന്‍ പറ്റുമോ? വികസന വിഷയം പറയാന്‍ എന്ന മട്ടില്‍ രാഷ്ട്രീയ മറുപടി നല്‍കാന്‍ തന്നെയല്ലേ തഴക്കം ചെന്ന ഈ സി പി എം നേതാവ് ഔദ്യോഗിക സംവിധാനമായ പി ആര്‍ ഡി വഴി പത്ര സമ്മേളനം വിളിച്ചു ചേര്‍ത്തത്?

ഇന്നലെ സഹകരണം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനം കൂടി നടന്നതോടെ ഒരു കാര്യം വ്യക്തമായി. ചാനല്‍ ചര്‍ച്ച ബഹിഷ്ക്കരണത്തിന്റെ മറുവശം എന്ന നിലയില്‍ മാധ്യമ ഇടങ്ങളില്‍ പരമാവധി ആളുകള്‍ സംസാരിക്കുക എന്ന തീരുമാനത്തിലേക്ക് വന്നിരിക്കുന്നു എന്നത് തന്നെ.

കടകംപള്ളിയുടെ വാക്കുകള്‍ കേള്‍ക്കുക "ഒന്നരമാസത്തോളമായി എല്ലാദിവസവും യുഡിഎഫ് നേതാക്കള്‍ പത്രസമ്മേളനം വിളിച്ച് കള്ളപ്രചരണം നടത്തുന്നു.ഒരു നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ സത്യമാവുമെന്ന തന്ത്രമാണ് പ്രതിപക്ഷം പയറ്റുന്നത്."

'രാഷ്ട്രീയം പറയുന്ന' പ്രതിപക്ഷ നേതാക്കളുടെ പത്രസമ്മേളനങ്ങള്‍ ഉണ്ടാക്കിയ ഡാമേജ് ഇപ്പോഴെങ്കിലും സിപിഎം തിരിച്ചറിഞ്ഞു എന്നു വേണം കരുതാന്‍. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന ഇനിയുള്ള 10 മാസങ്ങളില്‍ കേരളത്തിന്റെ രാഷ്ട്രീയ ഭൂമിക ഇതുപോലുള്ള വാഗ് പോരുകളാല്‍ ചൂടുപിടിക്കുക തന്നെ ചെയ്യും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories