TopTop
Begin typing your search above and press return to search.

ക്ലീന്‍ ചിറ്റില്‍ ശുദ്ധനായി ഇളയ ദളപതി, രജനീകാന്തിന് പിന്നാലെ തമിഴ് രാഷ്ട്രീയത്തെ ഇളക്കിമറിക്കുമോ?

ക്ലീന്‍ ചിറ്റില്‍ ശുദ്ധനായി ഇളയ ദളപതി, രജനീകാന്തിന് പിന്നാലെ തമിഴ് രാഷ്ട്രീയത്തെ ഇളക്കിമറിക്കുമോ?

ഒരു തമിഴ് ആക്ഷന്‍ സിനിമയുടെ ട്വിസ്റ്റുകളും ക്ലൈമാക്‌സും ഓര്‍മിപ്പിച്ചുകൊണ്ട് സൂപ്പര്‍ താരം വിജയ് ക്കെതിരേയുള്ള ആദായ നികുതി വകുപ്പ് നടപടികള്‍ക്ക് അവസാനം. നികുതി വെട്ടിപ്പ് നടത്തിയെന്ന പേരില്‍ നടന്ന ചോദ്യം ചെയ്യലുകളും പരിശോധനകളും രാഷ്ട്രീയ താത്പര്യങ്ങളുടെ പുറത്തായിരുന്നു എന്ന ആക്ഷേപം ശരിവയ്ക്കും വിധമാണ് താരത്തിന് ഇപ്പോള്‍ ആദായ നികുതി വകുപ്പിന്റെ ക്ലിന്‍ ചിറ്റ് കിട്ടിയിരിക്കുന്നത്. ബിഗില്‍ എന്ന സിനിമയുടെ നിര്‍മ്മാണ കമ്പനിയായ എജിഎസ് ഫിലിംസിന്റെ പണമിടപാടുമായി ബന്ധപ്പെട്ടായിരുന്നു വിജയിനെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുക്കുന്നത്. തികച്ചും നാടകീയമായ രീതിയില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ നടപടികള്‍ തമിഴകത്ത് ഒരു വലിയ പ്രക്ഷോഭത്തിന് കാരണമായി തീരേണ്ടതായിരുന്നു. വിജയ് ആരാധാകര്‍ കാണിച്ച സംയമനം ഒന്നു മാത്രമാണ് സാഹചര്യങ്ങള്‍ വഷളാകാതെ നോക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശകന്‍ എന്ന ലേബല്‍ ഉള്ള നടനാണ് വിജയ്. തന്റെ ചില സിനിമകളിലെ കഥാപാത്രങ്ങളുടെ ബിജെപി സര്‍ക്കാരിനെതിരേ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുമുണ്ട്. ഇതിന്റെ പേരില്‍ ബിജപി- സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ പലതരത്തിലുള്ള ഉപദ്രവങ്ങള്‍ക്കും അയാള്‍ വിധേയനാകേണ്ടിയും വന്നിരുന്നു. വിജയിയുടെ മതം പറഞ്ഞുവരെ ആക്രമണം ഉണ്ടായി. എന്നാല്‍ തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനായിരുന്നു വിജയ് തയ്യാറായത്. ഇത്തരമൊരു സാഹചര്യം നിലവിലുണ്ടെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജയ്ക്കെതിരേയുള്ള ആദായ നികുതി വകുപ്പ് നടപടിയില്‍ രാഷ്ട്രീയമുണ്ടെന്ന ആക്ഷേപം ഉയര്‍ന്നത്. ബിഗില്‍, ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മാസ്റ്റര്‍ എന്നീ സിനിമകളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായ നികുതി അടച്ചിട്ടില്ലെന്നതായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടിക്ക് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍, ഇത്രയും കോളിളക്കമുണ്ടാക്കി നടത്തിയ പരിശോധനകള്‍ക്കൊടുവില്‍ വകുപ്പ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് നികുതിയടക്കുന്ന കാര്യത്തില്‍ നടന്‍ കൃത്യമായി തന്നെ തന്റെ ഉത്തരവാദിത്വം നിറവേറ്റിയിട്ടുണ്ടെന്നാണ്. അതായത്, യാതൊരുവിധ തട്ടിപ്പും വിജയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന്. വിജയിയുടെ വീട്ടില്‍ ഐ ടി വകുപപ് സീല്‍ ചെയ്തിരുന്ന രണ്ടു മുറികളും തുറന്നു കൊടുത്തിട്ടുണ്ട്. ക്യാഷ്‌ലെസ് എക്കോണമിയേയും ജിഎസ്ടിയേയും വിമര്‍ശിച്ച മെര്‍സല്‍ എന്ന ചിത്രത്തിനു പിന്നാലെയും വിജയ്ക്കു നേരെ ഉയര്‍ത്തിയ നികുതി വെട്ടിപ്പ് ആരോപണം വീണ്ടുമൊരിക്കല്‍ കൂടി ഉയര്‍ത്തിക്കൊണ്ടു വന്നവര്‍ക്ക് വീണ്ടുമുണ്ടായിരിക്കുന്ന പരാജയമാണ് ഇപ്പോഴത്തേത്. വിജയി യെ പോലെ ഒരു സെലിബ്രിറ്റിയെ ഒരു വലിയ കുറ്റവാളിയെപ്പോലെ ചിത്രീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സിനിമാ സ്‌റ്റൈലില്‍ ഇതൊക്കെ ചെയ്തു കൂട്ടിയത് എന്തിനെന്ന ചോദ്യമാണ് ഇനി ബാക്കിയുള്ളത്. തമിഴ്‌നാട്ടില്‍ മാത്രമല്ല, തെന്നിന്ത്യയില്‍ തന്നെ ഏറെ ആരാധകരുള്ള, ഇന്ത്യന്‍ സിനിമ ലോകത്ത് തന്നെ നിലവില്‍ ഏറ്റവുമധികം മാര്‍ക്കറ്റ് വാല്യു ഉള്ളൊരു അഭിനേതാവിയിട്ടും വിജയിനെതിരേ ഉണ്ടായ ഉദ്യോഗസ്ഥ നടപടി സംശയാസ്പദമായിരുന്നു. ഫെബ്രുവരി അഞ്ചാം തീയതി, വിജയിയുടെ പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിംഗ് നടക്കുന്ന കൂടല്ലൂര്‍ നെയ് വേലിയില്‍ സ്ഥിതി ചെയ്യുന്ന ലിഗ്നൈറ്റ് കോര്‍പ്പറേഷനില്‍ സജ്ജീകരിച്ചിരുന്ന് സെറ്റില്‍ എത്തിയായിരുന്നു ആദായ നികുതി വകുപ്പ് താരത്തെ കസ്റ്റഡിയില്‍ എടുക്കുന്നത്. അതീവ രസഹ്യമായി നടത്തുന്ന ഒരു ഓപ്പറേഷന്‍ പോലെയായിരുന്നു അന്നവിടെ നടന്നത്. ആരെന്ന് അറിയിക്കാതെ എത്തിയ ഉദ്യോഗസ്ഥര്‍ കാരവാനിലെത്തി വിജയെ കാണുകയും പിന്നീട് ഷൂട്ടിംഗ് സെറ്റിലുള്ളവരാരും അറിയാതെ താരവുമായ കൂടല്ലൂര്‍ വഴി ചെന്നൈയിലേക്ക് തിരിക്കുകയായിരുന്നു. അവിടെയെത്തിയ ശേഷം ഏകദേശം നാലു മണിക്കൂറോളമാണ് താരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതേസമയം തന്നെ സാലിഗ്രാമിലും നീലാങ്കരയിലുമുള്ള വീടുകളിലും പരിശോധന നടത്തി. സിനിമാലോകവും ആരാധകരുമെല്ലാം ഈ വിവരങ്ങള്‍ വൈകിയാണ് അറിയുന്നത്. ആ രാത്രി തന്നെ വന്‍ജനക്കൂട്ടമായി ചെന്നൈയില്‍ തടിച്ചു കൂടിയത്. സ്ഥിതിഗതികള്‍ കൈവിട്ട് പോകാതിരിക്കാന്‍ വിജയ് ഫാന്‍സ് നേതൃത്വം നടത്തിയ സമയോജിത ഇടപെടലാണ് സഹായിച്ചത്. ബിഗിലിന്റെ നിര്‍മ്മാതാക്കളായ എജിഎസ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചോളം കേന്ദ്രങ്ങളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. എ.ജി.എസ് സിനിമാസ് നിര്‍മിച്ച ബിഗില്‍ 300 കോടി രൂപയിലധികം കളക്ഷന്‍ നേടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എജിഎസിന്റെ ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ 25 കോടിയോളം രൂപയും രേഖകളും പിടിച്ചെടുത്തെന്ന വാര്‍ത്തയും ഇതിനൊപ്പം പുറത്തു വന്നതോടെ ഇതേ എജിഎസ് ഗ്രൂപ്പുമായി വിജയ്ക്ക് പണമിടപാടുകള്‍ ഉണ്ടായിരുന്നുവെന്ന തരത്തില്‍ പ്രചാരണവും ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായി. ഇതോടെ വിജയെ നികുതി വെട്ടിപ്പുകാരനാക്കി സംഘപരിവാര്‍-ബിജെപി നേതാക്കള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിനെയോ ബിജെപിയെയോ വിമര്‍ശിച്ചതുകൊണ്ടല്ല, നിയമലംഘനം നടത്തിയതുകൊണ്ടു തന്നെയാണ് വിജയ്‌ക്കെതിരേ അന്വേഷണം വന്നതെന്നായിരുന്നു ഈ നേതാക്കള്‍ സ്വയം ന്യായീകരിച്ചുകൊണ്ട് വാദിച്ചിരുന്നത്. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയായിരുന്നുവെങ്കില്‍ പ്രകാശ് രാജിനെപ്പോലുള്ളവര്‍ക്കെതിരേ ആയിരിക്കില്ലേ നടപടികള്‍ വരേണ്ടതെന്നുവരെ കേരളത്തിലുള്ള ബിജെപി വക്താക്കള്‍ വരെ പരിഹാസ രൂപേണ പറഞ്ഞിരുന്നു. ഈ വാദങ്ങള്‍ക്കും ന്യായീകരണങ്ങള്‍ക്കുമെല്ലാം പിന്നിലെ രാഷ്ട്രീയ താത്പര്യമാണ് ആദായ നികുതി വകുപ്പിന്റെ ക്ലിന്‍ ചിറ്റില്‍ ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ബിജെപി നോട്ടമിട്ടിരിക്കുന്ന രജനികാന്തിനെക്കാള്‍ ആരാധകരുള്ള നടനാണ് വിജയ്. തന്റെ സിനിമകളിലൂടെ മാത്രമല്ല, സിനിമയുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകളിലും വിജയ് പ്രത്യക്ഷമായും പരോക്ഷമായും തന്റെ രാഷ്ട്രീയ-സാമൂഹിക നിലപാടുകള്‍ ഉയര്‍ത്തുന്നുണ്ട്. ഇതിനെല്ലാം വന്‍ സ്വീകാര്യതയുമാണ് കിട്ടുന്നത്. അവ കേവലം ഫാന്‍സിനിടയില്‍ മാത്രമല്ല എന്നതാണ് ശ്രദ്ധേയം. കേരളത്തിലടക്കം വിജയ് എടുക്കുന്ന നിലപാടുകള്‍ക്ക് പിന്തുണക്കാരുണ്ട്. അതേസമയം തന്നെ, ഈ നിലപാടുകള്‍ അസ്വസ്ഥതപ്പെടുത്തിയവരായിരുന്നു വിജയെ ജോസഫ് വിജയ് എന്ന ക്രിസ്ത്യാനിയാക്കി ആക്രമിക്കാന്‍ ശ്രമിച്ചതും. മെര്‍സല്‍ എന്ന ചിത്രത്തില്‍ നോട്ട് നിരോധനത്തെയും ഡിജിറ്റല്‍ ഇന്ത്യയേയും വിമര്‍ശിച്ചു എന്നതായിരുന്നു കാരണം. തമിഴിനു പുറമെ മറ്റുള്ള ഭാഷകളിലും ലക്ഷക്കണക്കിന് ആരാധകരുള്ള വിജയുടെ ജാതിയോ മതമോ അന്നേവരെ ഒരൊറ്റയാള്‍പോലും അന്വേഷിക്കുകയോ പറയുകയോ ചെയ്തിരുന്നില്ല, അവിടെയാണ് വിജയ് ക്രിസ്ത്യാനിയാണെന്നും അയാള്‍ ഹിന്ദുക്കള്‍ക്കെതിരേ സംസാരിക്കുകയാണെന്നും(മെര്‍സലി ല്‍ കോവിലുകള്‍ക്ക് പകരം ആശുപത്രികളാണ് നമുക്ക് വേണ്ടതെന്ന ഒരു ഡയലോഗ് ഉയര്‍ത്തിയായിരുന്നു ഈ പ്രചാരണം. തമിഴില്‍ കോവില്‍ എന്നതുകൊണ്ട് ആരാധനാലയയങ്ങള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. അത് ഹിന്ദുവിന്റെയോ ക്രിസ്ത്യാനിയുടെയോ മുസ്ലിമിന്റെയോ ആരാധനാലയങ്ങളാകാം. എന്നാല്‍ സംഘപരിവാര്‍ കോവിലിന് ഹൈന്ദവ ആരാധനാലയങ്ങള്‍ എന്നൊരു അര്‍ത്ഥം മാത്രമാണ് കല്‍പ്പിച്ചത്) ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ വന്‍ പ്രചാരണം നടത്തി. വിജയിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം നടത്തി. പക്ഷേ, വലിയ തിരിച്ചടിയായിരുന്നു അവര്‍ക്ക് നേരിട്ടത്. ആ പരാജയത്തെ മറികടക്കാന്‍ വേണ്ടിയായിരുന്നോ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചുള്ള അടുത്ത ആക്രമം എന്നാണ് തമിഴ് ജനത ചോദിക്കുന്നത്. ഇതിനുള്ള ഉത്തരം വിജയിയില്‍ നിന്നു കിട്ടുമെന്ന കാത്തിരിപ്പും ആരാധകര്‍ക്കുണ്ട്. കസ്റ്റഡിയില്‍ നിന്നും വിട്ടശേഷം ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തിയ വിജയ് ഒരു വാനിനു പുറത്തു കയറി നിന്നു തന്റെ ആരാധകരെ കൈവീശി കാണിക്കുന്ന ചിത്രം വൈറലായിരുന്നു. ആയിരക്കണക്കിനു പേരായിരുന്നു വിജയിനെ കാണാനായി എത്തിയത്. നെയ് വേലിയിലെ സെറ്റിലേക്ക് ഷൂട്ടിംഗ് മുടക്കും വിജയിനെ തടയും എന്ന് ആഹ്വാനം ചെയ്തുകൊണ്ട് വന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇതേ ആരാധകരെ ഭയന്നു പ്രതിഷേധം പിന്‍വലിച്ച് രക്ഷപ്പെടുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം വിജയ് നിശബ്ദത പാലിക്കുകയായിരുന്നു. സ്വതവേയുള്ള ആ ചെറു പുഞ്ചിരി മാത്രമായിരുന്നു മുഖത്ത്. പക്ഷേ, വരാനിരിക്കുന്ന മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ വിജയ് ആ നിശബ്ദത പിന്‍വലിക്കുമെന്നാണ് കരുതുന്നത്. അവിടെ അയാള്‍ സിനിമയിലെ അയാളുടെ കഥാപാത്രത്തെ പോലെ മാസ് ഡയലോഗുമായി നിറഞ്ഞാടുമെങ്കില്‍, തമിഴ്‌നാട് രാഷ്ട്രീയത്തില്‍ തന്നെ ഒരു കോളിളക്കം ഉണ്ടായേക്കും. പ്രത്യേകിച്ച് രജനികാന്ത് തന്റെ രാഷട്രീയ പാര്‍ട്ടിയുമായി ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വയ്ക്കാന്‍ നില്‍ക്കുന്ന സമയം കൂടിയായതിനാല്‍.


Next Story

Related Stories