TopTop
Begin typing your search above and press return to search.

ആപ്പിലാകുന്ന ഇന്ത്യന്‍ രാഷ്ട്രീയം

ആപ്പിലാകുന്ന ഇന്ത്യന്‍ രാഷ്ട്രീയം

ഡല്‍ഹി അസംബ്ലി തിരഞ്ഞെടുപ്പ്, സാധാരണ കാണാറില്ലാത്ത, രസകരമായ ഒരു ഭരണപക്ഷ – പ്രതിപക്ഷ ബന്ധമാണ് വരച്ചുകാട്ടിയത്. ഭരണവിരുദ്ധ വികാരത്തെ, മറ്റ് വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി മറികടക്കാന്‍ ശ്രമിക്കുന്ന ഭരണപക്ഷവും, ചര്‍ച്ച ഭരണവിഷയങ്ങളില്‍ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷവും എന്നതാണ് പതിവ് പല്ലവി. ഡല്‍ഹിയില്‍ പക്ഷേ, ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ ഭരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യൂവെന്ന് വെല്ലുവിളിക്കുന്ന ആം ആദ്മി പാര്‍ട്ടിയും, ഏത് വിധേനയും ചര്‍ച്ച, ഡല്‍ഹി വികസന വിഷയങ്ങളില്‍ നിന്ന് വഴിമാറ്റാന്‍ ശ്രമിക്കുന്ന ബിജെപിയും കൌതുകകരമായ ഒരു തിരഞ്ഞെടുപ്പ് കാഴ്ചയാണ് പ്രദാനം ചെയ്തത്.

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗം ഇതുവരെ പ്രത്യയശാസ്ത്രങ്ങളുടെയും നേതാക്കളുടെയും പോരാട്ടങ്ങളായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം പ്രത്യേകിച്ചൊരു പ്രത്യയശാസ്ത്ര പിന്‍ബലവുമില്ലാത്ത കോണ്‍ഗ്രസ് ഒരു വശത്തും, വ്യക്തമായ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍, സോഷ്യലിസ്റ്റ്, ശിവസേന, ദ്രാവിഡ കഴകം, ബിഎസ്പി മുതലായ പാര്‍ട്ടികള്‍ ചിലയിടങ്ങളിലും, നേതാക്കളുടെ വ്യക്തിപ്രഭാവത്താല്‍ രൂപം കൊണ്ട തെലുഗുദേശം, എസ്പി, അണ്ണാ ദ്രാവിഡ കഴകം, എന്‍സിപി മുതലായവര്‍ മറ്റിടങ്ങളിലും, മറുവശത്തും മത്സരിക്കുന്ന സ്ഥിതിയാണ് നിലവിലിരുന്നത്. ഈയിടത്തിലേക്കാണ് തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രവുമായി ബിജെപി കടന്നു വന്ന്, അവരും അവര്‍ക്കെതിരെയുള്ളവരും എന്ന സമവാക്യം പല സംസ്ഥാനങ്ങളിലും രൂപപ്പെടുത്തിയെടുത്തത്.

ഇവര്‍ക്കെല്ലാം തന്നെ ഭരണനിര്‍വഹണമെന്നത്, വിശ്വസിക്കുന്ന ആശയങ്ങള്‍ നടപ്പിലാക്കാനുള്ള മാര്‍ഗമോ വോട്ടുറപ്പിക്കാനുള്ള കുറുക്കുവഴിയോ ആയിരുന്നു. ഇതില്‍ത്തന്നെ, ബിജെപി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലുള്ള കേഡര്‍ പാര്‍ട്ടികളും കോണ്‍ഗ്രസ്, എസ്പി, തെലുഗുദേശം പോലുള്ള പ്രത്യേകിച്ച് പ്രത്യയശാസ്ത്ര കടുംപിടുത്തങ്ങളില്ലാത്ത പാര്‍ട്ടികളും തമ്മില്‍, ഭരണനിര്‍വഹണത്തില്‍ കാര്യമായ അന്തരമുണ്ട്. കേഡര്‍ പാര്‍ട്ടികള്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളും ആസൂത്രണ മികവും കാര്യമായ അധികാര തര്‍ക്കങ്ങളുമില്ലാതെ ഭരണം താരതമ്യേന മെച്ചപ്പെട്ട രീതികളില്‍ മുന്നോട്ടു കൊണ്ടുപോകുമ്പോള്‍, മറ്റ് പാര്‍ട്ടികള്‍ മൂപ്പിളമത്തര്‍ക്കവും അഴിമതിക്കഥകളുമൊക്കെയായി മുടന്തി നീങ്ങും. പക്ഷേ അന്ധമായ രാഷ്ട്രീയവത്ക്കരണവും ഭരണരംഗത്ത്‌ പാര്‍ട്ടി അജണ്ട നടപ്പാക്കാനുള്ള വെമ്പലും കേഡര്‍പാര്‍ട്ടികളുടെ ഭരണ അപചയങ്ങളാണ്.

ഈ സാഹചര്യത്തിലാണ് ഭരണത്തികവ് എന്ന ആശയം മുന്‍നിര്‍ത്തി എഎപി രംഗത്ത് വരുന്നത്. അവരെ സംബന്ധിച്ചിടത്തോളം കാര്യക്ഷമമായ ഭരണനിര്‍വഹണമെന്നത് സ്വന്തം പ്രത്യയശാസ്ത്രത്തിലേക്കെത്താനുള്ള മാര്‍ഗമല്ല, ലക്ഷ്യം തന്നെയാണ്. അഴിമതിയിലും സ്വജനപക്ഷപാതത്തിലും കുളിച്ച് നില്‍ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം പതിയെ നഷ്ടമാകുന്ന സാഹചര്യത്തിലാണ്, കാര്യക്ഷമതയാര്‍ന്ന ഭരണത്തിലൂടെ ജനക്ഷേമം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് എഎപി രൂപമെടുക്കുന്നതും കക്ഷിരാഷ്ട്രീയം മടുത്ത ഡല്‍ഹിയിലെ ജനത അതിനെ നെഞ്ചിലേറ്റുന്നതും. ഭരണത്തിലൂടെ നേടിയെടുക്കേണ്ട രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഇല്ലാത്തത് കൊണ്ടും, കേഡര്‍ പാര്‍ട്ടികളുടെ പോലെ ഭരണത്തില്‍ പാര്‍ട്ടി ഇടപെടലുകള്‍ ഉണ്ടാകാത്തത് കൊണ്ടും, സാമാന്യം മെച്ചമായി ഡല്‍ഹിയില്‍ ഭരണം നടത്താന്‍ അവര്‍ക്ക് കഴിയുകയും ചെയ്യുന്നു.

ഉദാഹരണത്തിന്, സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനുള്ള ഒരു പ്രധാന തടസ്സം, സര്‍വീസ് സംഘടനകളുടെ പ്രതിരോധമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ പാര്‍ട്ടി വളര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രൂപം കൊണ്ട യൂണിയനും, വോട്ടു ചെയ്ത് ജയിപ്പിച്ച ജനങ്ങള്‍ക്ക് സമയബന്ധിത സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ജനപ്രധിനിധികളും തമ്മില്‍ ലക്ഷ്യത്തെച്ചൊല്ലിയുള്ള ഭിന്നത, കാര്യക്ഷമമായ ഭരണനിര്‍വഹണത്തിന് വിലങ്ങുതടിയാകുന്നു. സാധാരണ രാഷ്ട്രീയ പാര്‍ട്ടികളെ അലട്ടുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും എഎപിക്ക് വിഷയമാകുന്നില്ല. അഴിമതി വിരുദ്ധത, സുതാര്യത തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടി രൂപം കൊണ്ട ഒരു പാര്‍ട്ടിക്ക്, സ്വന്തം ഭരണത്തിലെ നിയമനങ്ങളില്‍ പാര്‍ട്ടി താത്പര്യങ്ങള്‍ക്ക്‌ മുകളില്‍ യോഗ്യതയെ പ്രതിഷ്ഠിക്കാന്‍ സാധിക്കും. ഒരു കേഡര്‍ പാര്‍ട്ടിയുടെ ഭരണത്തിലാകട്ടെ, രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് കീഴെ മാത്രമേ ഭരണനിപുണതക്ക് സ്ഥാനമുണ്ടാകുന്നുള്ളൂ!

പ്രത്യയശാസ്ത്ര പ്രതിബദ്ധത വിദൂര ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമാണ്‌. പലപ്പോഴും ഒരിക്കലും നടപ്പാകാത്തത്ര വിദൂരത്തിലുള്ള ലക്ഷ്യങ്ങളാകും. സാമാന്യജനത്തിന് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് നിത്യജീവിത പ്രശ്നങ്ങളും അവയുടെ പരിഹാരമാര്‍ഗങ്ങളുമാണ്. അതാണവര്‍ക്ക് രാഷ്ട്രീയം. തങ്ങള്‍ സമീപിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമത അവര്‍ക്കേറെ പ്രധാനമാണ് താനും. എഎപിയുടെ ശ്രദ്ധയും അവിടെയാണ്. ഭരണത്തിലിരുന്നപ്പോള്‍ കാര്യമായ സേവന പ്രതിബദ്ധത കാണിക്കാതിരുന്ന കോണ്‍ഗ്രസ്, പിടിച്ച് നിന്നിരുന്നത് നേതാക്കളുടെ തലയെടുപ്പിന്റെ പേരിലായിരുന്നു. ഇപ്പോഴും പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ജയിക്കുന്നത്, ശക്തരായ നേതാക്കള്‍ ഉള്ളത് കൊണ്ടോ ബിജെപിയെ അകറ്റി നിര്‍ത്താന്‍ ജനം ആഗ്രഹിക്കുന്നത് കൊണ്ടോ ആണ്. കാര്യക്ഷമതയുള്ള, അഴിമതിരഹിത ഭരണം ഉറപ്പ് തരുന്ന എഎപി ഉള്ളപ്പോള്‍ കോണ്‍ഗ്രസ് അപ്രസക്തമാകുന്നത് അതുകൊണ്ടാണ്. എഎപിയുമായി മത്സരിക്കുമ്പോള്‍ ഭരണവും വികസനവും ചര്‍ച്ചയാകാതിരിക്കാന്‍ ബിജെപി ശ്രമിക്കുന്നതും അതുകൊണ്ട് തന്നെ. കക്ഷിരാഷ്ട്രീയവിരക്തിയുള്ള ഒരു ജനതയോട്, 'ഞങ്ങള്‍ക്ക് വലിയ രാഷ്ട്രീയമൊന്നുമില്ല, നിങ്ങളെ സേവിക്കുന്നതില്‍ മാത്രമാണ് താത്പര്യം' എന്ന് പറയുന്നതും പ്രവര്‍ത്തിക്കുന്നതും തന്ത്രപരമായൊരു രാഷ്ട്രീയ സമീപനമാണ്.

തങ്ങള്‍ക്ക് പ്രത്യേകിച്ചൊരു പ്രത്യയശാസ്ത്രമില്ല എന്ന് പറയുന്ന എഎപിയുടെ ഭരണ നടപടികള്‍ ശ്രദ്ധിച്ചാല്‍, കൃത്യമായ ഇടതുപക്ഷ സാമ്പത്തിക ആശയങ്ങള്‍ തെളിഞ്ഞു വരുന്നത് കാണാം. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ കാര്യമായി ഇടപെടുക, ഈ മേഖലകളിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കടിഞ്ഞാണിടുക, വൈദ്യുതി, ജലവിതരണം എന്നീ മേഖലകളിലെ വന്‍കിട സ്വകാര്യ കമ്പനികളെ നിയന്ത്രിക്കുക, കുറഞ്ഞ ചിലവില്‍ ഇവ ജനത്തിന് ലഭ്യമാക്കുക, സ്ത്രീകള്‍ക്ക് പൊതുയിടങ്ങളില്‍ മുന്‍ഗണന നല്‍കുക തുടങ്ങിയ വെല്‍ഫെയര്‍ സ്റ്റേറ്റ് മാതൃകകളാണ് എഎപി പിന്തുടരുന്നത്. മത/ജാതി ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പക്ഷേ തീവ്രദേശീയതയുമായി ഏറ്റുമുട്ടാന്‍ അവര്‍ തയ്യാറല്ല. അതൊരു തന്ത്രപരമായ നീക്കമാണെന്ന് കരുതേണ്ടി വരും.

ആഴത്തില്‍ വിശകലനം ചെയ്‌താല്‍, എഎപിയുടെ ഭരണമികവിനെക്കാളും, അവരുടെ ജനപക്ഷ ആശയങ്ങളാണ് ജനങ്ങളെ ആകര്‍ഷിക്കുന്നതെന്ന് കാണാം. വൈദ്യുതിമേഖലയോ, വിദ്യാഭ്യാസ മേഖലയോ സ്വകാര്യവത്ക്കരിക്കുന്ന നയങ്ങള്‍ ഭരണത്തികവോടെ നടപ്പാക്കിയിരുന്നെങ്കില്‍, സാധാരണക്കാരുടെ പിന്തുണ എഎപിക്ക് ഇത്ര ലഭിക്കില്ലായിരുന്നു. ഇടതുപക്ഷം, അവര്‍ ഭരണത്തിലിരുന്ന സംസ്ഥാനങ്ങളില്‍ പിന്തുടര്‍ന്ന/പിന്തുടരുന്ന അതേ നയങ്ങളാണ് എഎപിയും പിന്തുടരുന്നത്. പക്ഷേ ഡല്‍ഹി ഇന്ത്യയുടെ കച്ചവട ആസ്ഥാനം കൂടിയായതിനാല്‍, വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളില്‍ കാര്യമായൊന്നും എഎപിക്ക് ചെയ്യേണ്ടതില്ല, മറ്റ് സംസ്ഥാനങ്ങളില്‍ അതല്ല സ്ഥിതി. ഇടതുകക്ഷികളുടെ കേഡര്‍ സ്വഭാവം കൊണ്ട് ഭരണത്തിലുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകളൊന്നും എഎപിക്ക് ഉണ്ടാകുന്നുമില്ല.

ദേശീയതലത്തില്‍ എഎപി ചിറക് വിടര്‍ത്തുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. പല പ്രശ്നങ്ങളുമുണ്ട്. അരവിന്ദ് കെജ്രിവാളിനെ പോലുള്ള, ഭരണയന്ത്രം തിരിക്കാനറിയുന്ന, മറ്റ് അജണ്ടകളില്ലാത്ത, നേതാക്കളെ എല്ലായിടത്തും ലഭിക്കുക വലിയ വിഷയമാണ്. നികുതി വരുമാനം ചിലവഴിക്കുന്നതിലാണ് ഇപ്പോള്‍ എഎപി കാര്യക്ഷമതയും ജനപക്ഷനയങ്ങളും പ്രകടിപ്പിച്ചിട്ടുള്ളത്. സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന വിഷയം, അതില്‍ എഎപി പരീക്ഷിക്കപ്പെട്ടിട്ടില്ല. അതിലും പ്രധാനപ്പെട്ട ഒരു വിഷയം, സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുള്ള പങ്കാണ്. ബിജെപിയുടെ ഹിന്ദുരാഷ്ട്ര പദ്ധതിക്ക് തടസ്സം നില്‍ക്കുന്നത് വിദ്യാര്‍ഥികളും കലാകാരന്മാരും സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ചിന്തകരുമൊക്കെയാണ്. ഇവര്‍ കാലങ്ങളായി വളര്‍ത്തിയെടുത്ത സാമൂഹ്യ പ്രസ്ഥാനങ്ങളാണ്. ജനാധിപത്യ ഇന്ത്യയിലല്ലേ എഎപിക്ക് ഭരിക്കാനും ഭരണനിപുണത തെളിയിക്കാനുമൊക്കെ പറ്റൂ! അവര്‍ക്ക് ചിത്രമെഴുതാനുള്ള ചുമര്‍ മറ്റുള്ളവര്‍ നിര്‍മിക്കുന്നതു കൊണ്ടും സംരക്ഷിക്കുന്നത് കൊണ്ടുമാണ് അവര്‍ക്ക് നിലനില്‍ക്കാന്‍ കഴിയുന്നത്. രാഷ്ട്രീയത്തിലെ ഒരു ഭാഗം മാത്രമാണ് ഭരണം, പുരോഗമന സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന പ്രധാന ചുമതലയില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലെ പ്രധാന കക്ഷിക്ക് മാറി നില്‍ക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് ഈ ഉത്തരവാദിത്വത്തില്‍ നിന്നും പതിയെ മാറി നിന്നതിന്‍റെ പരിണതഫലമാണ് അവര്‍ ഇന്നനുഭവിക്കുന്നത്. ദീര്‍ഘകാല ആസൂത്രണത്തോടെ സംഘപരിവാര്‍ സംഘടനകള്‍ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ഇന്ത്യന്‍ പ്രയാണം. അതിനെ ഭരണമികവ് കൊണ്ടുമാത്രം പ്രതിരോധിക്കാനാകില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories