TopTop
Begin typing your search above and press return to search.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് കേരളത്തിലെ സിപിഎമ്മിനും ഇടതു മുന്നണിക്കും പഠിക്കാനുള്ളത്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് കേരളത്തിലെ സിപിഎമ്മിനും ഇടതു മുന്നണിക്കും പഠിക്കാനുള്ളത്

ജോ ബൈഡന്‍ വിജയച്ചിതനെക്കാള്‍ ഡൊണാള്‍ഡ് ട്രംപ് നേടിയ വോട്ടുകളുടെ എണ്ണമാണ് 2020-ലെ അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന വസ്തുത. അമേരിക്കന്‍ സമൂഹത്തില്‍ വലതുപക്ഷ രാഷ്ട്രീയം പുലര്‍ത്തുന്ന ആഴത്തിലുള്ള സ്വാധീനത്തിന്റെ പ്രതിഫലനമായി ട്രംപിനു ലഭിച്ച വോട്ടുകളുടെ എണ്ണം കണക്കാക്കുകയാണെങ്കില്‍ എന്തായിരിക്കും അതിന്റെ ബാക്കി പത്രം. 'അമേരിക്കയിലെ അടുത്ത ഏകാധിപതി കൂടുതല്‍ കാര്യശേഷിയുള്ളവനാകും' എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പെന്ന അറ്റ്ലാന്റികിന്റെ ഇന്നലത്തെ ഒരു ലേഖനത്തിലെ വിലയിരുത്തല്‍ ഒട്ടും അസ്ഥാനത്തല്ല.

ഏറ്റവുമധികം സാമ്പത്തിക അന്തരത്തിനു പുറമെ കടുത്ത വംശീയതയും മതപരതയും നിറഞ്ഞ അമേരിക്കന്‍ സമൂഹത്തിന്റെ രോഗാതുരതകളെല്ലാം പുറത്തുകൊണ്ടു വന്ന ഒന്നായിരുന്നു ഇപ്പോള്‍ നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പ്. അങ്ങനെ നിരവധി രോഗാതുരതകള്‍ നിറഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്നും കേരളത്തിലെ സിപിഎമ്മിനും ഇടതു മുന്നണിക്കും പാഠം പഠിക്കാനുണ്ടെന്നു പറഞ്ഞാല്‍ അധികംപേരും മുഖം തിരിക്കാനാണ് സാധ്യത. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന തലക്കെട്ടിന്റെ ചുമലിലേറി വായനക്കാരുടെ ശ്രദ്ധ പിടിക്കാനുള്ള സൂത്രപ്പണി എന്നാവും അതിനെപ്പറ്റി ധരിക്കുക. എന്നാല്‍ അങ്ങനെയല്ല.

അമേരിക്കയില്‍ പല രൂപഭാവങ്ങളില്‍ ശക്തിയാര്‍ജിച്ച വലതുപക്ഷ രാഷ്ട്രീയത്തിന്റെ പൊതു സവിശേഷതകളാണ് കേരളത്തിലെ വര്‍ത്തമാന രാഷ്ട്രീയവും അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുന്നതിന്റെ പ്രസക്തി. മതപരതയാണ് ഇതില്‍ പ്രധാനം. റെണാള്‍ഡ് റീഗന്‍ അധികാരത്തിലെത്തിയ 1980-കള്‍ മുതല്‍ അമേരിക്കന്‍ സമൂഹത്തില്‍ സ്വാധീനമുറപ്പിച്ച വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രധാന പിന്തുണ യാഥാസ്ഥിതിക ക്രിസ്ത്യന്‍ മതമൗലികവാദികളായിരുന്നു. 'പവര്‍ വര്‍ഷിപ്പേര്‍സ്; ഇന്‍സൈഡ് ദ ഡയഞ്ചറസ് റൈസ് ഓഫ് റിലീജിയസ് നാഷണലിസം' എന്ന കൃതിയില്‍ കാതറീന്‍ സ്റ്റുവാര്‍ട് അമേരിക്കയിലെ ഈയൊരു പരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ ഭംഗിയായി വിവരിക്കുന്നു.

1960-70കളില്‍ അമേരിക്കയെ ആകെ പിടിച്ചുലച്ച വിപ്ലവകരമായ നിരവധി സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളായ സിവില്‍ റൈറ്റ്സ് പ്രസ്ഥാനം, വിയറ്റ്നാം യുദ്ധവിരുദ്ധ പ്രസ്ഥാനം, സ്ത്രീ വിമോചനം, ബ്ലാക് പാന്തര്‍ കലാപങ്ങള്‍, വിദ്യാര്‍ത്ഥി സമരങ്ങള്‍ തുടങ്ങിയവ ഏതാണ്ട് കെട്ടടങ്ങിയതിന്റെ ഭൂമികയിലാണ് യാഥാസ്ഥിതിക മതപരതയുടെ ശക്തികള്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള കരുക്കള്‍ നീക്കിയത്. രണ്ടാംലോക യുദ്ധത്തിനു ശേഷം ഉരുത്തിരിഞ്ഞ ക്ഷേമരാഷ്ട്ര മുതലാളിത്തം അഭിമുഖീകരിച്ച പ്രതിസന്ധികളുടെ പ്രതിഫലനമായും ഈ സംഭവവികാസങ്ങളെ വിലയിരുത്താവുന്നതാണ്. 1980-കളില്‍ നവലിബറല്‍ നയങ്ങള്‍ വഴി മുതലാളിത്തം ഈ പ്രതിസന്ധികളെ അതിജീവിച്ചതിന്റെ രാഷ്ട്രീയമായ ആവിഷ്‌ക്കാരമായിരുന്നു റെയ്ഗന്‍. റീഗനു ശേഷം അധികാരത്തില്‍ വന്ന ജോര്‍ജ് ബുഷിന് (സീനിയര്‍) ഈ രാഷ്ട്രീയത്തെ വേണ്ടവിധം വിജയകരമായി മുന്നോട്ടു നയിക്കാനായില്ല.

1992-ല്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ബില്‍ ക്ലിന്റണ്‍ നിയുക്ത പ്രസിഡണ്ട് ബുഷിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയതോടെ അമേരിക്കന്‍ രാഷ്ട്രീയത്തിലെ വലതുപക്ഷവത്ക്കരണം പുതിയ ഘട്ടത്തിലെത്തി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും എന്നീ രണ്ടു കക്ഷികള്‍ അധീശത്വം പുലര്‍ത്തുന്ന അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുരോഗമന ചേരിയുടെ പിന്തുണ പരമ്പരാഗതമായി ഡെമോക്രാറ്റിക് കക്ഷിക്കായിരുന്നു. സംഘടിത തൊഴിലാളികള്‍, ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍, മറ്റു വംശീയ ന്യൂനപക്ഷം തുടങ്ങയവരില്‍ ഭൂരിഭാഗവും ഡെമോക്രാറ്റിക് കക്ഷിയുടെ സ്ഥിരം വോട്ടു ബാങ്കുകളായിരുന്നു. റിപ്പബ്ലിക്കന്‍ കക്ഷിയുടെ നേതൃത്വത്തില്‍ 12-കൊല്ലം നടന്ന നവലിബറല്‍ നയങ്ങളുടെ തിക്തഫലങ്ങള്‍ ഏറ്റവും കഠിനമായി ബാധിച്ച ജനവിഭാഗങ്ങളും അവരായിരുന്നു.

മാനുഫാക്ചറിംഗ് വ്യവസായങ്ങള്‍ കൂട്ടത്തോടെ ചിലവു കുറഞ്ഞ രാജ്യങ്ങളിലേക്ക് ഉത്പ്പാദനം മാറ്റി സ്ഥാപിച്ചതോടെ ഇല്ലാതായ തൊഴിലും തൊഴില്‍ സുരക്ഷിതത്വവും, മയക്കു മരുന്നിനെതിരായ യുദ്ധം കറുത്ത വര്‍ഗ്ഗക്കാരെയും, ലാറ്റിന്‍ അമേരിക്കന്‍ വംശജരേയും തടവിലാക്കുന്നതിനുള്ള ഉപാധിയായി മാറിയതും, തുല്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സ്ത്രീകളുടെ ആവശ്യങ്ങളോടുള്ള അവഗണന തുടങ്ങിയ നിരവധി വിഷയങ്ങള്‍ 92-ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച വിഷയങ്ങളായിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ക്ലിന്റണിന്റെ വിജയത്തിന് ഈ വിഭാഗങ്ങളുടെ വോട്ട് നിര്‍ണ്ണായകമായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ നവലിബറല്‍ നയങ്ങളുടെ ശക്തനായ നടത്തിപ്പുകാരനായി ക്ലിന്റണ്‍. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി ടോണി ബ്ലെയറിന്റെ നേതൃത്വത്തില്‍ 'പുതിയ ലേബര്‍' (New Labour) ആയി രൂപാന്തരം പ്രാപിച്ച് മാര്‍ഗരറ്റ് താച്ചറിന്റെ പിന്തുടര്‍ച്ചക്കാരായി മാറിയതുപോലെ ക്ലിന്റണിന്റെ കാര്‍മികത്വത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പുതിയ ഡെമോക്രാറ്റിക് പാര്‍ട്ടിയായി മാറി റീഗന്‍-ബുഷ് പ്രഭൃതികളുടെ നയങ്ങളുടെ നടത്തിപ്പുകാരായി. ഇതോടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടര്‍മാര്‍ പാര്‍ട്ടിയില്‍ നിന്നും അകലാന്‍ തുടങ്ങി.

2000-ത്തിലെ തെരഞ്ഞെടുപ്പില്‍ വോട്ടെുപ്പില്‍ നടത്തിയ ചില്ലറ തട്ടിപ്പുമായി ബുഷ് ജൂനിയര്‍ നിയുക്ത വൈസ് പ്രസിഡണ്ടായിരുന്ന അല്‍ ഗോറിനെ പരാജയപ്പെടുത്തി പ്രസിഡണ്ടായി. അതിനു ശേഷമുള്ള ചരിത്രം ആവര്‍ത്തിക്കേണ്ടതില്ല. ബുഷിന്റെ രണ്ടു ടേമുകള്‍ക്കു ശേഷം 2008-ല്‍ ബരാക് ഒബാമ പ്രസിഡണ്ട് ആയി. ക്ലിന്റണിന്റെ അതേ നയങ്ങള്‍ ഒബാമ കുറച്ചുകൂടി തീവ്രമായി നടപ്പിലാക്കുകയായിരുന്നു. 'ഹോപ്‌ലെസ്‌: ബരാക് ഒബാമ ആന്റ് ദ പൊളിറ്റിക്സ് ഓഫ് ഇലൂഷന്‍സ്' എന്ന കൃതി ഇക്കാര്യം ഭംഗിയായി വിവരിക്കുന്നു. ട്രംപിനെപ്പോലുള്ള ഏകാധിപത്യ വ്യക്തിത്വങ്ങള്‍ ഉയര്‍ന്നു വരുന്നതിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതില്‍ പുരോഗമനപക്ഷം എന്നവകാശപ്പെടുന്ന ഡെമോക്രാറ്റുകളുടെ ഭരണപരമായ നയവ്യതിയാനങ്ങള്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായും തിരിച്ചറിയപ്പെടുന്നു.

തങ്ങളുടെ പരമ്പരാഗത അടിത്തറ വോട്ടര്‍മാരായ സംഘടിത തൊഴിലാളികള്‍, ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍, ലാറ്റിനോസ് തുടങ്ങിയവരെ ഉപേക്ഷിച്ച് സമ്പന്നരായ വെളുത്തവര്‍ഗക്കാരുടെ പിന്തുണ ലഭിക്കുന്നതിനാണ് ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനം തള്ളിക്കളയാവുന്നതല്ല. 2016-ല്‍ ഹിലരി ക്ലിന്റണ്‍ നടത്തിയ ഈ ശ്രമം ബൈഡനും പിന്തുടരുകയായിരുന്നു. അതുകൊണ്ടു തന്നെ പല സ്ഥലങ്ങളിലും ട്രംപിന് കറുത്തവരുടെയും ലാറ്റിനോകളുടെയും വോട്ടുകള്‍ 2016-നെ അപേക്ഷിച്ച് കൂടുതല്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1980-കളില്‍ റീഗന്‍ പ്രതിനിധാനം ചെയ്ത യാഥാസ്ഥിതിക വലതുപക്ഷം നാലു ദശകങ്ങള്‍ക്കുള്ളില്‍ തീവ്ര വലതുപക്ഷമായി പരിണമിച്ചതിന്റെ ആള്‍രൂപമാണ് ഡൊണാള്‍ഡ് ട്രംപ്. ട്രംപില്‍ മാത്രം ഒതുങ്ങുന്നതല്ല ആ പ്രക്രിയ. ബ്രസീലില്‍ ജെയര്‍ ബൊല്‍സനാരോ, ഇന്ത്യയില്‍ നരേന്ദ്ര മോദി, ഹംഗറിയില്‍ വിക്ടര്‍ ഒര്‍ബാന്‍, തുര്‍ക്കിയില്‍ തയ്യബ് എര്‍ദോഗന്‍ തുടങ്ങിയ ചെറുതും വലുതുമായ നിരവധി ഏകാധിപത്യ വ്യക്തിത്വങ്ങള്‍ ലോകമാകെ കാണാവുന്നതാണ്.

അതായത് വലതുപക്ഷ രാഷ്ട്രീയം ആഗോളതലത്തില്‍ വ്യാപിക്കുന്ന ഒരു പ്രതിഭാസമായിരിക്കുന്നു. പരമ്പരാഗതമായി പുരോഗമന-ഇടതുപക്ഷമെന്നു കരുതിയിരുന്ന കക്ഷികള്‍ കൂടുതല്‍, കൂടുതലായി വലത്തോട്ടു ചായുകയും, വലതുപക്ഷ കക്ഷികള്‍ തീവ്രവലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന പ്രവണത ഈ പ്രതിഭാസത്തിന്റെ ഭാഗമാണ്. കേരളവും ഈ പ്രവണതകളില്‍ നിന്നും മുക്തമല്ല എന്നാണ് സംസ്ഥാന രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യപ്പെടുന്ന വസ്തുത. സാമ്പത്തിക-സാമൂഹിക വിഷയങ്ങളില്‍ കേരളത്തിലെ ഇടതുപക്ഷം കൂടുതല്‍ വലത്തേക്കു ചായുന്നതിന് സമാന്തരമായി ആചാരങ്ങളും, അനുഷ്ഠാനങ്ങളും മുന്‍നിര്‍ത്തി മുന്നേറുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ തീവ്രതയും ഉയരുന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ.പി സേതുനാഥ്

കെ.പി സേതുനാഥ്

മാധ്യമപ്രവര്‍ത്തകന്‍

Next Story

Related Stories