TopTop
Begin typing your search above and press return to search.

കൃഷ്ണപ്രിയയുടെ അച്ഛനാണ് ശരിയെന്ന് ഒരമ്മയ്ക്ക് തോന്നാം; പക്ഷേ സ്വന്തം പരാജയം മറയ്ക്കാന്‍ ആളുകളെ കൊലപ്പെടുത്തുന്ന പോലീസ് ഒരു നീതിയും തരില്ല

കൃഷ്ണപ്രിയയുടെ അച്ഛനാണ് ശരിയെന്ന് ഒരമ്മയ്ക്ക് തോന്നാം; പക്ഷേ സ്വന്തം പരാജയം മറയ്ക്കാന്‍ ആളുകളെ കൊലപ്പെടുത്തുന്ന പോലീസ് ഒരു നീതിയും തരില്ല

പീഡന കേസുകളിലെ പ്രതികൾ നിയമത്തിന്റെ പഴുതുകളിലൂടെ നിരന്തരം രക്ഷപ്പെടുന്നത് കാണുമ്പോൾ എന്നിലെ അമ്മ, എന്നിലെ സ്ത്രീ പറഞ്ഞിട്ടുണ്ട്, കൃഷ്ണപ്രിയയുടെ അച്ഛനാണ് ശരിയെന്ന്. മകളുടെ മരണത്തിനു കാരണക്കാരായവർ യാതൊരു ഉളുപ്പുമില്ലാതെ സമൂഹത്തിൽ വിലസി നടക്കുന്നത് കണ്ടപ്പോൾ, ധൈര്യമില്ലാത്തതുകൊണ്ടാണ്, ഇല്ലേൽ ഒരു തോക്കു സംഘടിപ്പിച്ച് അവർ കയറി നിൽക്കുന്ന വേദിയിൽ വെടിവെച്ചിട്ടേനെ എന്ന് ഒരമ്മ പറഞ്ഞപ്പോൾ അവരോടു പറഞ്ഞിരുന്നു; ഞാനാണെങ്കിൽ ചെയ്തു കഴിഞ്ഞിട്ടുണ്ടാവും എന്ന്.

കഠിനമായ വേദനയിൽ നിന്ന്, നിസ്സഹായതയിൽ നിന്നുണ്ടാവുന്ന ഒരു വികാരമാണ് അത്. അവിടെ ജനാധിപത്യമോ മനുഷ്യാവകാശമോ ഒന്നും ഉണ്ടാവില്ല. അതേപോലെ തന്നെയാണ് കണ്മുന്നിൽ അത്തരമൊരു പീഡനം കാണേണ്ടിവന്നാലും. ആ സമയത്ത് ഞാൻ ജനാധിപത്യ രാജ്യത്താണല്ലോ, പീഡകന് മനുഷ്യാവകാശമുണ്ടല്ലോ എന്നൊക്കെ ചിന്തിച്ച് പോലീസിനെ വിവരം അറിയിക്കുന്നതിന് പകരം സാഹചര്യം അനുവദിച്ചാൽ കയ്യിൽ എന്താണോ കിട്ടുന്നത് അതുകൊണ്ടു തല തല്ലി പൊട്ടിക്കും; ഒരു സംശയവുമില്ല.

പക്ഷെ ഇവിടെ അതല്ല സ്ഥിതി. പോലീസുകാരാണ് അധികാരം കയ്യിലുള്ളവർ. നിയമം നടപ്പിലാക്കേണ്ടവർ. പ്രതികൾക്ക് രക്ഷപ്പെടാനാവാത്ത വിധം കേസ് അന്വേഷിച്ച്, പ്രതികളെ ജനാധിപത്യ രീതിയനുസരിച്ച് വിചാരണയ്ക്ക് വിധേയരാക്കി, പരമാവധി ശിക്ഷ വാങ്ങി കൊടുക്കുന്നതിനു പകരം ഹൈദരാബാദില്‍ അവർ നടപ്പാക്കിയത് ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമായ കാട്ടുനീതിയാണ്. അതിലൂടെ നിയമം നടപ്പിലാക്കേണ്ടവർ തന്നെ ഇന്ത്യൻ ഭരണഘടനയെയും നിയമവ്യവസ്ഥയെയും അപമാനിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത്. പ്രതികൾ അവരാണെന്ന് സാഹചര്യ തെളിവുകൾ വച്ച് പോലീസ് പറയുകയാണ്. കുറ്റം ചെയ്തെന്ന് പ്രതികൾ സമ്മതിച്ചുവെന്നും പോലീസാണ് പറയുന്നത്. പോലീസിന് ആൾക്കൂട്ടത്തിന്റെ വികാരത്തെ തൃപ്തിപ്പെടുത്താൻ പ്രതികൾ വേണം. അവർ കണ്ടെത്തുകയും ചെയ്യും. അവർ ചെയ്തുവെന്ന് ഉറപ്പിക്കേണ്ടത് കോടതി തന്നെയാണ്. ഒരു ജനാധിപത്യ രാജ്യത്തിന്റെ നീതിയാണ് അത്. കേസ് കോടതിയിൽ എത്തുമ്പോൾ പോലീസ് പിടിച്ച പ്രതികൾ ആയിരിക്കില്ല യഥാർത്ഥ പ്രതികൾ എന്നത് പല കേസുകളിലും നമ്മൾ കണ്ടിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസ് നോക്കൂ. ഏതോ ഗുണ്ടകൾ ആക്രമിച്ചുവെന്നു മാത്രം വരാവുന്ന കേസാണ് പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ഉന്നതന്റെ പങ്കു പുറത്ത് വന്നത്. അതുപോലെ ഹൈദരാബാദില്‍ കൊല്ലപ്പെട്ട ആ ഡോക്ടറോട് വിരോധമുള്ള ഒരു ഉന്നതൻ ഉണ്ടെങ്കിൽ, അയാളാണ് ഇപ്പോള്‍ കൊല്ലപ്പെട്ടവര്‍ക്ക് പിന്നിലുള്ളതെങ്കില്‍, അക്കാര്യം പുറത്ത് വരാനുള്ള സാധ്യത കൂടിയാണ് അവരെ കൊലപ്പെടുത്തിയാതിലൂടെ ഇല്ലാതാക്കിയത്. അല്ലെങ്കിൽ അയാളെ രക്ഷപ്പെടുത്താനുമായിട്ടായിരിക്കാം. നടനെ കുറ്റവാളിയെന്ന് വിധിക്കാൻ നിൽക്കട്ടെ, കോടതിയിൽ തെളിയട്ടെ എന്ന് വിളിച്ചു പറഞ്ഞവരാണ് ഇവിടെ പോലീസ് കമ്മീഷണർക്ക് കയ്യടിക്കുന്നത് എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്രതികളെ വെടിവച്ച് കൊലപ്പെടുത്തിയാൽ വലിയൊരു വിഭാഗം ആള്‍ക്കൂട്ടത്തിന് സന്തോഷമാവുമെന്നു കരുതി അങ്ങനെ ചെയ്യാൻ നമ്മൾ ജീവിക്കുന്നത് ഗോത്രകാലത്തല്ല. പോലീസിൽ നിന്ന് ഇന്ത്യയിലെ സ്ത്രീകൾ പ്രതീക്ഷിക്കുന്നത് അത്തരം സിനിമാ സ്റ്റൈൽ നീതിയല്ല. ഇവിടെ തന്നെ തന്റെ സഹോദരിയെ കാണാനില്ലെന്ന് പറഞ്ഞ് സ്റ്റേഷനിൽ എത്തിയ, കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരിയോട് പോലീസിന്റെ രീതി എന്തായിരുന്നു. കൃത്യ സമയത്ത് കൃത്യനിർവ്വഹണം നടത്താൻ തയ്യാറായിരുന്നെങ്കിൽ ജീവനെങ്കിലും കിട്ടുമായിരുന്നു. മുന്നിലെത്തുന്ന ഇരയുടെ ബന്ധുക്കളെ ചോദ്യങ്ങൾ ചോദിച്ചു പേടിപ്പിക്കാതെ, അവരെ കേൾക്കാൻ തയ്യാറാവുകയാണ് പോലീസും അധികൃതരും ചെയ്യേണ്ടത്. വാളയാറിലെ പെൺകുട്ടിക്ക് നീതി ലഭിക്കാതെ പോയത് അവർക്കു വേണ്ടി തെരുവിലിറങ്ങി പ്രതിഷേധിക്കാൻ ആരും വരില്ലെന്ന ധൈര്യത്തിൽ പോലീസിലെ ചില ക്രിമിനലുകൾ കാണിച്ച അനാസ്ഥ കൊണ്ടുകൂടിയാണ്. നടിയുടെ കാര്യത്തിൽ കാണിച്ച അതേ ജാഗ്രത ഈ കേസിൽ കാണിച്ചിരുന്നെങ്കിൽ ആ കൊച്ചു കുട്ടികൾക്ക് നീതി ലഭിക്കുമായിരുന്നില്ലേ. ഇരയുടെ ജാതിയും പണവും സ്വാധീനവും നോക്കി കേസ് അന്വേഷിക്കാൻ നിൽക്കാതെ മുന്നിലെത്തുന്ന എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കാൻ ശ്രമിക്കുകയാണ് നിയമത്തിന്റെ കാവൽക്കാരായ പോലീസുകാർ ചെയ്യേണ്ടത്.

വൈകിയെത്തുന്ന നീതി, തെളിവുകളുടെ അഭാവത്തിൽ കിട്ടാതെ വരുന്ന നീതി, സ്വാധീനങ്ങൾക്കു വഴങ്ങുന്ന നീതിപീഠം ഇതൊക്കെ പോരായ്മകളായി ഉണ്ടെങ്കിലും പോലീസ് ഗിമ്മിക്കുകളേക്കാൾ വിശ്വാസം ഭരണഘടനയിലും നിയമവ്യവസ്ഥയിലും തന്നെയാണ്. കാരണം സാധാരണക്കാര്‍ക്ക് ആശ്രയിക്കാൻ ഈ നിയമവ്യവസ്ഥ മാത്രമേ ഉള്ളൂ. അതുകൊണ്ടു തന്നെ ഹൈദരാബാദ് പോലീസിന് കയ്യടിക്കാനാവില്ല. ഇതേ കമ്മീഷണറുടെ കീഴിൽ എത്ര ഉന്നതരായ പീഡകരും കുറ്റവാളികളും സ്വതന്ത്രരായി നടക്കുന്നുണ്ടാവും. വെടിവച്ച് നീതി നടപ്പാക്കുമോ? ഇല്ല. അവര്‍ ഒരു പ്രത്യേക വിഭാഗം കുറ്റവാളികളെ മാത്രമായിരിക്കും വെടിവച്ച് കൊലപ്പെടുത്തി കൈയടി നേടുക.

വിദ്യാഭ്യാസപരമായും തൊഴിൽപരമായുമൊക്കെ ഇന്ത്യയിൽ ഉണ്ടായ മുന്നേറ്റത്തിന്റെ ഭാഗമാവാൻ സ്ത്രീകൾക്ക് സാധിച്ചിട്ടുണ്ടെങ്കിലും സ്ത്രീ സമത്വവും സുരക്ഷയുമൊക്കെ ചവിട്ടിയരയ്ക്കപ്പെടുന്ന കാഴ്ചയാണ് ദിനംപ്രതി കാണുന്നത്. തോണ്ടൽ, തുറിച്ചുനോട്ടം തുടങ്ങിയ അനുഭവങ്ങളിലൂടെ കടന്നു പോവാതെ ഒരു പെണ്‍കുട്ടിക്കും, വിദ്യാഭ്യാസപരമായും സാംസ്കാരികമായും ബൗദ്ധികമായും ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിലെ പൊതുനിരത്തുകളിൽ നടക്കാനോ പൊതുവാഹനങ്ങളിൽ സഞ്ചരിക്കാനോ കഴിയില്ലെന്നതാണ് സ്ഥിതി. നെഞ്ചിലെ തുണിയൊന്നു നീങ്ങിയാൽ തുറിച്ചു നോക്കുന്ന, പെൺകുട്ടികളെ ലെഗ്ഗിൻസ് ഇട്ടു കാണുമ്പോൾ നിയന്ത്രണം പോവുന്ന, സ്ത്രീ എന്നാല്‍ ശരീരം മാത്രമാണെന്നും അത് തനിക്ക് ആനന്ദിക്കാനുള്ളതാണെന്നും ധരിച്ചുവശായിരിക്കുന്ന, പൊതുഇടങ്ങളിൽ സജീവമാകുന്ന, ഉച്ചത്തിൽ പ്രതീകരിക്കുന്ന സ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്ന, രാത്രികാലങ്ങളിൽ പൊതു ഇടങ്ങളിൽ കാണുന്ന പെൺകുട്ടികളോട് ശൃംഗരിക്കാൻ വരുന്ന, ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ തിരയുന്ന പുരുഷമനോഭാവങ്ങൾക്ക്, പുരുഷാധിപത്യ മനോഭാവങ്ങൾ താലോലിക്കുന്ന സ്ത്രീ ചിന്തകൾക്ക് മാറ്റം വരാതെ, നിർഭയയുടെ കൊലയാളികളെ തൂക്കികൊല്ലാൻ വിധിച്ചതു കൊണ്ടോ നാല് ക്രിമിനലുകളെ വെടിവച്ച് വീഴ്ത്തിയതുകൊണ്ടോ ഇന്ത്യയിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കില്ല. പക്ഷെ ആ പെൺകുട്ടിക്ക് നീതി ലഭിച്ചുവെന്ന് പറഞ്ഞ് ഹൈദരാബാദ് പോലീസിന് കയ്യടിച്ചവരില്‍ ഈ ഗണത്തിൽ വരുന്ന പുരുഷപ്രജകളും ഉണ്ടെന്നതാണ് ദു:ഖകരമായ യാഥാര്‍ത്ഥ്യം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories