TopTop
Begin typing your search above and press return to search.

സംസ്ഥാന സര്‍ക്കാര്‍ ഉറങ്ങുകയാണോ, അതോ ഉറക്കം നടിക്കുകയാണോ?

സംസ്ഥാന സര്‍ക്കാര്‍ ഉറങ്ങുകയാണോ, അതോ ഉറക്കം നടിക്കുകയാണോ?

നമ്മൾ രോഗനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യയാണ് സ്കാനിംഗ് എങ്കിൽ നമ്മുടെ സമൂഹം എന്തുമാത്രം രോഗാതുരമാണ് എന്ന് തെളിയിക്കുന്നതാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് അഡ്വ: വീണ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നിയമസഭാ രേഖകൾ. കുറ്റകൃത്യങ്ങൾ, കുറ്റവാളികൾ, കുറ്റവാസനകൾ എല്ലാം മാറ്റിനിർത്തിയാൽ തന്നെ, എന്തുകൊണ്ടാണ് കുറ്റകൃത്യങ്ങൾ നമുക്കിടയിൽ കൂടുന്നത് എന്ന് കൂടി പറയാതെ പറയുന്നു, ഏതാണ്ട് എട്ടുമാസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.ജെ മാക്സി എംഎൽഎയ്ക്ക് നിയമസഭയില്‍ രേഖാമൂലം നൽകിയ ഈ മറുപടികൾ.

ഏതാണ്ട് ഒന്നര വർഷ കാലയളവിൽ 6934 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്‍തതിൽ 7924 പ്രതികൾ, അതായത് അധികവും സംഘടിതമായ കുറ്റകൃത്യങ്ങൾ ആണെന്ന് വിളിച്ചുപറയുന്ന കണക്കുകളാണ്. അതിൽ തന്നെ കോടതികളിൽ എത്തിയ കേസുകളുടെ എണ്ണം 5000 ത്തോളം. ഏതാണ്ട് രണ്ടായിരം കേസുകൾ കോടതിയിൽ പോലും എത്തുന്നില്ല. അതിലേറെ ഞെട്ടിക്കുന്നതാണ് അടുത്ത കണക്ക്. ആ 5000-ൽ കോടതികളിൽ ചാർജ് ഷീറ്റ് നൽകിയ കേസുകളിൽ വെറും 90 പ്രതികൾക്ക് മാത്രമേ ശിക്ഷ ഉറപ്പാക്കാൻ ആയുള്ളൂ നമ്മുടെ സർക്കാരുകൾക്ക്. കൂടുതൽ വിശദീകരണങ്ങൾ ആവശ്യമില്ലാത്ത കണക്കുകളാണ് നിയമസഭാ രേഖകളിലൂടെ മനസിലാകുന്നത്. നമ്മുടെ സർക്കാരിനും ആഭ്യന്തരവകുപ്പിനും പോലീസിനും ബാലപീഡനങ്ങൾ തടയാൻ യാതൊരു താത്പര്യവുമില്ല എന്ന കണക്കുകൾ.

അതിലെ ചോദ്യങ്ങളും ഉത്തരങ്ങളും വിരൽചൂണ്ടുന്നത് കേരളം ഇന്നഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വലിയ പ്രതിസന്ധിയിലേക്കാണ്. എല്ലാത്തിലും ഒന്നാമതെത്താൻ കുതിക്കുന്ന ഒരു സംസ്ഥാനം, അതും ഉത്തരേന്ത്യൻ പത്രങ്ങളിൽ അടക്കം നികുതിപ്പണം ഉപയോഗിച്ച് 'ഞങ്ങളാണ് നമ്പർ വൺ' എന്ന് പരസ്യം നൽകി മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നവർക്ക്, സ്വയം വിമർശനപരമായി ഈ റിപ്പോർട്ടുകൾ നോക്കിക്കാണാൻ ആകുന്നില്ലെങ്കിൽ മറ്റ് അവകാശവാദങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലാതാവും. ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത് വെറും ക്രിമിനൽ നടപടികളുടെ കണക്കുകൾ മാത്രമല്ല; മറിച്ച് ഒരു പുരോഗമന നവോത്ഥാന സമൂഹം എന്നവകാശപ്പെടുന്നവർ എന്തുമാത്രം മനുഷ്യത്വരഹിതരാണ് എന്ന് കൂടിയാണ്.

കുഞ്ഞുങ്ങളുടെയും കൂടിയാണ് ഈ സമൂഹം. ഇന്നത്തെ കുഞ്ഞുങ്ങളാണ് നാളത്തെ പ്രതീക്ഷകൾ. അങ്ങനെയുള്ള പെൺകുട്ടികളും ആൺകുട്ടികളുമാണ് ലൈംഗിക വൈകൃതങ്ങൾക്ക് ഇരയായി കൊല്ലപ്പെടുന്നതും. ശരിക്കും പ്രശ്നം ലൈംഗികതയുടേതല്ല, മറിച്ച് സമൂഹത്തിലെ മനോവൈകൃതങ്ങളുടേതാണ്. ചികിത്സ വേണ്ടത് സമൂഹത്തിനാണ്. എങ്ങനെയാണ് പ്രായപൂർത്തിയായ ഒരാൾക്ക് ഈ ലോകത്തിലെ കാപട്യങ്ങൾ തിരിച്ചറിയാനുള്ള പ്രായമാകാത്ത പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ച് ലൈംഗികത ആസ്വദിക്കനാവുക? അതിനെ ലൈംഗികത എന്നല്ല, മനോവൈകൃതങ്ങൾ എന്നേ പറയാനാകൂ.

ആ മനോവൈകൃതങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ ഇരകളാകുകയാണ് നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങൾ, അതും പലപ്പോഴും പാവപ്പെട്ട വീടുകളിലെ കുഞ്ഞുങ്ങൾ. അവരുടെ ജീവിത സാഹചര്യം കാരണം അച്ഛനും അമ്മയും ജോലി ചെയ്തു കുടുംബം പോറ്റാൻ നിർബന്ധിതരാകുമ്പോൾ അത്തരം സാഹചര്യങ്ങളെ മുതലെടുക്കുക കൂടിയാണ് ഈ ക്രിമിനലുകൾ.

ശക്തമായ നിയമനടപടികളാണ് കുറ്റകൃത്യങ്ങൾ തടയാനുള്ള ഏകമാർഗം എന്നവാദഗതികൾ നിലനിൽക്കുമ്പോൾ തന്നെ കാലാകാലങ്ങളിൽ ഇന്ത്യയുടെ നിലവിലെ സാഹചര്യങ്ങളിൽ ഉണ്ടായിട്ടുള്ള നിയമങ്ങളും നിയമനടപടികളും പോലും പിന്തുടരാൻ കഴിയാത്ത അതാത് സർക്കാരുകളുടെ വീഴ്ചകൾ കൂടിയാണ് കുറ്റകൃത്യങ്ങളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കാനും കാരണം.

മാധ്യമ ശ്രദ്ധ കിട്ടുന്ന, രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാകുന്ന ബാലപീഡനങ്ങൾ മാത്രം ചർച്ചയാവുകയും അത്തരം സാഹചര്യങ്ങളിൽ സർക്കാരുകൾ കുംഭകർണ്ണ സേവയിൽ നിന്നെഴുന്നേറ്റു ഉണർന്നു പ്രവർത്തിക്കുന്നതുമൊഴിച്ചാൽ മറ്റുള്ളവയൊക്കെ എന്നും പ്രതികൾക്കും കുറ്റവാളികൾക്കും അനുകൂലമായി മാറുന്ന കേസുകളാണ് എന്ന് കാണാം.

കേരളം വളരെ ചെറിയ ഒരു സംസ്ഥാനമാണ്. ആ ചെറിയ സംസ്ഥാനത്ത്, വലിയ തോതിലുള്ള ബാലപീഡന കേസുകള്‍ പോലും ചിട്ടയായുള്ള നിയമനടപടിക്രമങ്ങളിലൂടെ മോണിറ്റർ ചെയ്യാനാകുന്നില്ലെങ്കിൽ എന്തിനാവിടെ ഒരു സർക്കാരും അതിനു ചുറ്റും കുറെ സംവിധാനങ്ങളും? അതും പട്ടികജാതി, പട്ടികവർഗ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുടെ നാട്ടിൽ നിന്ന് തന്നെയാണ് ഇത്തരം വാർത്തകൾ വരുന്നത് എന്നത്, ആ വകുപ്പിനും മന്ത്രിക്കും തങ്ങളുടെ ഉത്തരവാദിത്തത്തിൽ എന്ത് മാത്രം ആത്മാർത്ഥതയുണ്ടെന്ന് ബോധ്യപ്പെടുന്നതാണ്.

സിബിഐയെയും കേന്ദ്ര ഏജൻസികളെയും എന്നും, എപ്പോഴും എതിർത്തിരുന്നവർ തന്നെ ഒരു നിർണ്ണായക ഘട്ടത്തിൽ ജനവികാരം മൊത്തം തങ്ങൾക്കെതിരെയാണ് എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ, വേണമെങ്കിൽ അതേ ഏജൻസികളുടെ അന്വേഷണം ആവാം എന്ന് നിയമസഭയിൽ സമ്മതിക്കാനുണ്ടായ സാഹചര്യം സർക്കാരിന്റെയും പ്രോസിക്യൂഷന്റെയും അലംഭാവം കൊണ്ടാണ് ബാലപീഡകർ രക്ഷപെടാൻ ഇടയായത് എന്ന കുറ്റസമ്മതം കൂടിയാണ്. കുറ്റകരമായ അനാസ്ഥ കാണിച്ചവർ, ധാർമികത എന്ന വാക്കിന് അതർഹിക്കുന്ന അർത്ഥവും വ്യാപ്തിയും അവർ കല്‍പ്പിക്കുന്നുണ്ടെങ്കില്‍, വാളയാറിലെ ആ രണ്ട് ബാലികമാർക്കു വേണ്ടി ബലികഴിക്കാനുള്ള അധികാരമേ നിങ്ങൾക്ക് ഈ ജനം നൽകിയിട്ടുള്ളൂ എന്ന് തിരിച്ചറിയുക.. തിരിച്ചറിവില്ലാത്ത ഭരണാധികാരികളെ തിരുത്തിയ ചരിത്രമാണ് ജനാധിപത്യത്തിന് എന്നും പറയാനുള്ളൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories