TopTop
Begin typing your search above and press return to search.

കിഫ്‌ബിയില്‍ പോര്‍വിളിയുമായി പ്രതിപക്ഷം, പി ജയരാജനെ 'സ്തുതി'ച്ച് മുല്ലപ്പള്ളി

കിഫ്‌ബിയില്‍ പോര്‍വിളിയുമായി പ്രതിപക്ഷം, പി ജയരാജനെ സ്തുതിച്ച് മുല്ലപ്പള്ളി


വിടമാട്ടേൻ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും വെല്ലുവിളി ഏറ്റെടുത്തു ധനമന്ത്രി ഡോ. തോമസ് ഐസക്കും നേർക്കുനേർ നിൽകുമ്പോൾ കിഫ്ബിയെ ചൊല്ലിയുള്ള രാഷ്ട്രീയ അങ്കം മുറുകുകയാണ്. ഈ ഡിസംബറിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും അധികം വൈകാതെ തന്നെ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടു തന്നെയാണ് പ്രതിപക്ഷവും ബി ജെ പി യും കേരളത്തിലെ പിണറായി വിജയൻ സർക്കാരിനെതിരെ തങ്ങളാൽ സാധ്യമായ എല്ലാ കരുനീക്കങ്ങളും നടത്തുന്നത് എന്നത് വ്യക്തമാണ്. 'അഴിമതി മുക്ത കേരളം' എന്ന വാഗ്‌ദാനവുമായി 2016 ലെ നിയമസഭാ തിരെഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി അധികാരത്തിലേറിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സർക്കാർ അഴിമതിയിൽ മുങ്ങിനിൽക്കുന്നുവെന്നു സ്ഥാപിച്ചെടുക്കലാണ് യു ഡി എഫിന്റെയും ബി ജെ പി യുടെയും ലക്‌ഷ്യം. അതിനായി അവർ സർക്കാരിനെതിരെ കൊണ്ടുവന്നിട്ടുള്ള കുറ്റപത്രത്തിലെ ഏറ്റവും ഒടുവിലത്തെ ആരോപണമാണ് കിഫ്ബിയുമായി ബന്ധപ്പെട്ടത്. മസാല ബോണ്ടിറക്കി വിദേശത്തുനിന്നു കിഫ്‌ബി 2150 കോടി രൂപ വായ്പ്പയെടുത്തത് ഭരണഘടനാ ലംഘനമാണെന്ന സി എ ജി ( കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ) യുടെ കരട് ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശത്തിന്റെ ചുവടു പിടിച്ചാണ് രമേശ് ചെന്നിത്തലയും കെ സുരേന്ദ്രനുമൊക്കെ രംഗത്തുവന്നിരിക്കുന്നത്. കിഫ്‌ബിയിൽ സി എ ജി അത്യന്തം ഗുരുതരമായ ഭരണഘടനാ ലംഘനം കണ്ടെത്തിയെന്നതു മാത്രമല്ല പ്രസ്തുത റിപ്പോർട് ചോർത്തിയെന്ന ആരോപണവും അവർ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ ഉന്നയിക്കുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണങ്ങൾക്കിടയിൽ തന്നെയാണ് കിഫ്ബിക്കെതിരായ സി എ ജിയുടെ ഓഡിറ്റ് കരട് റിപ്പോർട്ടിലെ പരാമർശത്തിന്റെ ചുവടുപിടിച്ചുള്ള പ്രതിപക്ഷ നീക്കമെന്നതിനാൽ അതിനെ നിയമപരമായി തന്നെ എതിരിടാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സർക്കാരും.
ഇതിന്റെ ആദ്യപടിയായി കിഫ്ബിയിൽ നിന്നും നിയമവിദഗ്‌ദ്ധരിൽ നിന്നും ധനവകുപ്പ് വിശദശാംശങ്ങൾ ശേഖരിച്ചുകഴിഞ്ഞുവെന്നും കിഫ്ബിക്കെതിരായ പരാമർശത്തിന് സി എ ജി ക്കു ചീഫ് സെക്രെട്ടറിയെക്കൊണ്ട് മറുപടി നൽകിക്കാൻ തീരുമാനിച്ചുവെന്നും മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. സാധാരണഗതിയിൽ ധന സെക്രട്ടറിയോ അതിനു താഴെയുള്ള ഉദ്യഗസ്ഥരോ സി എ ജി യുടെ നിരീക്ഷണങ്ങൾക്ക് മറുപടി പറയുക എന്നതാണ് പതിവെങ്കിലും സംസ്ഥാന സർക്കാരിന് കീഴിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ ചീഫ് സെക്രട്ടറിയെ തന്നെ ഏൽപ്പിക്കുന്നുവെന്നത് സർക്കാർ വിഷയത്തെ അത്യന്തം ഗൗരവത്തോടെ തന്നെ കാണുന്നുവെന്നതിന്റെ തെളിവാണ്.

കേന്ദ്രത്തിൽ ഭരണത്തുടർച്ച സാധ്യമായതോടെ സംസ്ഥാനങ്ങളിൽ ബി ജെ പി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾക്കു വല്ലാത്തൊരു വേഗത കൈവന്നിട്ടുണ്ട്. ബി ജെ പി ഇതര സർക്കാരുകളെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിനൊപ്പം തന്നെ വെടക്കാക്കി തനിക്കാക്കുക എന്ന കുടില രാഷ്ട്രീയ തന്ത്രവും പയറ്റുന്നുണ്ടെന്നതിന്റെ ഉത്തമ തെളിവായി തന്നെവേണം ബിഹാറിൽ എൻ ഡി എ ക്കു നേതൃത്വം നൽകിയിരുന്ന നിതീഷ് കുമാറിന്റെ ജെ ഡി യു വിനെ അളന്നുമുറിച്ച കൃത്യതയോടുകൂടി നിഷ്പ്രഭമാക്കിയതിനെയും കാണുവാൻ. കേരളത്തിൽ മോദി -പിണറായി ഭായി ഭായി ആരോപിക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളെ തന്നെ കൂട്ടുപിടിച്ചു ബി ജെ പി നടത്തുന്ന ശ്രമങ്ങൾക്ക് പിന്നിലെ ലക്‌ഷ്യം തല്ക്കാലം കോൺഗ്രസ്സും യു ഡി എഫും തിരിച്ചറിയാതിരിക്കുകയോ അല്ലെങ്കിൽ ഭരണത്തിലുള്ള ആക്രാന്തം മൂലം തിരിച്ചറിയുന്നില്ലെന്നു നടിക്കുകയോ ചെയ്യുമ്പോൾ മുന്നിലുള്ള അപകടം സി പി എമ്മും സി പി ഐ യും കൃത്യമായി തന്നെ മനസ്സിലാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി തങ്ങളാൽ സാധ്യമായ എല്ലാ പ്രതിരോധവും തീർക്കാൻ അവർ ശ്രമിക്കുന്നുമുണ്ട്. എന്നാൽ അവരുടെ പ്രതിരോധങ്ങൾ എത്രകണ്ട് ഫലപ്രദമാകുമെന്നു കാത്തിരുന്നുതന്നെ കാണേണ്ടിവരും എന്നിടത്തേക്കു കാര്യങ്ങൾ എത്തിയിരിക്കുന്നു.

കിഫ്‌ബിയിലേക്ക് തന്നെ മടങ്ങിവന്നാൽ സി എ ജി യുടെ കരട് ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശം ഗുരുതര സ്വഭാവമുള്ളതാണെന്നു കാണാൻ കഴിയും. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മസാല ബോണ്ടിറക്കി കിഫ്‌ബി 2150 കോടി രൂപ സ്വീകരിച്ചത് സംസ്ഥാന സർക്കാരുകൾ വിദേശത്തുനിന്നും ധനം സമാഹരിക്കാൻ പാടില്ലെന്ന ഭരണഘടനയിലെ 293 (1 ) അനുച്ഛേദം ലംഘിച്ചാണെന്നാണ് സി എ ജി യുടെ കണ്ടെത്തൽ. സർക്കാരിനു കീഴിലെ സ്ഥാപനമായതിനാൽ കിഫ്‌ബിക്കും ബാധകമാണെന്നും ഇതുകൂടാതെ കിഫ്‌ബി സർക്കാരിനുമേൽ ഇതുവരെ 3100 കോടി രൂപയുടെ അധിക ബാധ്യത വരുത്തിവെച്ചിട്ടുണ്ടെന്നും സി എ ജി യുടെ കരട് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നുണ്ടെന്നാണ് ഇത് സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകളില്‍ വ്യക്തമാവുന്നത്. എന്നാൽ, സംസ്ഥാന സർക്കാരിനു ബാധകമായ നിയന്ത്രണങ്ങൾ കോര്‍പ്പറേറ്റ് സ്ഥാപനമായ കിഫ്‌ബിക്കു ബാധകമല്ലെന്ന വാദമാണ് ധനകാര്യ മന്ത്രിയും സർക്കാരും ഉയർത്തുന്നത്. അനുച്ഛേദം 293 (1) കിഫ്‌ബിക്കു ബാധകമായാൽ പോലും അനുമതിയോടെ വിദേശത്തുനിന്നും പണം സമാഹരിക്കാൻ ഭരണഘടന തന്നെ അനുവാദം നൽകുന്നുണ്ടെന്നും മസാല ബോണ്ടിറക്കാൻ തടസ്സമില്ലെന്നു കാട്ടി റിസർവ് ബാങ്ക് കിഫ്‌ബിക്കു കത്ത് നല്കിയിട്ടുണ്ടെന്നതും കാണിച്ചാവും ചീഫ് സെക്രട്ടറി എ ജി ക്കു വിശദീകരണം നൽകുകയെന്നും മലയാള മനോരമയുടെ റിപ്പോർട്ട് പറയുന്നു. സി എ ജി യുടെ കരട് ഓഡിറ്റ് റിപ്പോർട്ടിലെ കിഫ്‌ബിക്കെതിരായുള്ള പരാമർശത്തിന്റെ ചുവടുപിടിച്ചു പ്രതിപക്ഷം സർക്കാരിനെതിരായ പോരാട്ടം ശക്തമാക്കുമ്പോൾ ധനമന്ത്രി ഡോ. തോമസ് ഐസക് പറയുന്നത്
കിഫ്‌ബി
ക്കെതിരായി ബി ജെ പി യെ കൂട്ടുപിടിച്ചു കോൺഗ്രസ് നടത്തുന്ന നീക്കം തെരെഞ്ഞെടുപ്പ് നേട്ടമെന്ന കേവല രാഷ്ട്രീയ ലക്‌ഷ്യം മുൻനിറുത്തിയുള്ള നിഴൽ യുദ്ധമാണെന്നും ഇത് സംസ്ഥാനത്തെ 54,000 കോടി രൂപയുടെ വികസന പദ്ധതികളെ സ്തംഭിപ്പിക്കും എന്നുമാണ്.

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ കള്ളക്കടത്തിൽ നിന്നാരംഭിച്ച എൻ ഐ എ മുതൽ ഇ ഡി വരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്റെ മറപിടിച്ചു യു ഡി എഫും ബി ജെ പി യും ആരംഭിച്ച സർക്കാർ വിരുദ്ധ രാഷ്ട്രീയ പോരാട്ടം ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ എല്ലാ വികസന പദ്ധതികൾക്കും പണം നൽകുന്ന കിഫ്ബിയിൽ എത്തിനി
ക്കുന്നു. ഒരു ഘട്ടത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടപ്പോൾ സി പി എമ്മിനെതിരെയും തുറന്ന യുദ്ധത്തിന് അവർ തയ്യാറെടുത്തിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞതോടെ ആ വഴിക്കുള്ള ആക്രമണത്തിന് താൽക്കാലികമായെങ്കിലും ഒരു ശമനം ഉണ്ടായി. എന്നാൽ പശുവും ചത്ത് മോരിന്റെ പുളിയും പോയിട്ടും ആ വിഷയം അങ്ങനെയങ്ങു വിട്ടുകളയാൻ ഒരുക്കമല്ലെന്നാണ് കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്. പി ജയരാജനെപ്പോലുള്ള അഴിമതിയുടെ കറ പുരളാത്ത ഒരു മുതിർന്ന നേതാവ് ഉണ്ടായിരുന്നിട്ടും എ വിജയരാഘവന് താൽക്കാലിക ചുമതല നൽകിയത് കടുത്ത അപരാധമാണെന്നാണ് മുല്ലപ്പ
ള്ളി
യുടെ ആക്ഷേപം. സെക്രെട്ടറിയാവാൻ വിജയരാഘവൻ യോഗ്യനാണോയെന്നു വിജയരാഘവന്റെ ട്രാക്ക് റെക്കോർഡ് പരിശോധിച്ചാൽ മതിയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർക്കുന്നു. മറ്റൊരു പാർട്ടിയുടെ സെക്രട്ടറി ആരാവണമെന്നും ആരായിക്കൂടെന്നും തീരുമാനിക്കാനുള്ള അവകാശം മറ്റൊരു പാർട്ടിയുടെ നേതാവിന് ഉണ്ടോ എന്നത് മുല്ലപ്പള്ളി തന്നെ തീരുമാനിക്കട്ടെ. പക്ഷെ മുല്ലപ്പള്ളിയുടെ പ്രസ്താവനയിലെ ഏറ്റവും രസകരമായ കാര്യം പി ജയരാജനോടുള്ള സ്നേഹം കൊണ്ടോ ബഹുമാനം കൊണ്ടോ ഒന്നുമല്ല മുല്ലപ്പള്ളി ഇത് പറയുന്നതെന്നതാണ്. ഇതറിയാൻ മുല്ലപ്പള്ളിയുടെ തന്നെ പ്രസ്താവനയിലെ തന്നെ 'പി ജയരാജൻ അക്രമ രാഷ്ട്രീയത്തിന്റെ ഉപാസകനാണെങ്കിലും' എന്ന പ്രയോഗം മാത്രം ശ്രദ്ധിച്ചാൽ മതിയാവും. പി ജയരാജനാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങൾക്കു പിന്നിലെന്ന് പാടി നടന്നിരുന്ന അതേ നാവിൽ നിന്നു തന്നെയാണ് ഇപ്പോൾ ഈ 'സ്തുതിയും ' ഉയരുന്നത്.കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories