TopTop
Begin typing your search above and press return to search.

പി ജയരാജന്‍ 'മരണത്തിന്റെ ഏജന്‍റ്,' പിണറായിയുടെ മൌനം -അപസര്‍പ്പക കഥകളില്‍ വിളയുന്ന രാഷ്ട്രീയ ആരോപണങ്ങള്‍

പി ജയരാജന്‍ മരണത്തിന്റെ ഏജന്‍റ്, പിണറായിയുടെ മൌനം -അപസര്‍പ്പക കഥകളില്‍ വിളയുന്ന രാഷ്ട്രീയ ആരോപണങ്ങള്‍

താനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്‌ഹാഖിന്റെ കൊലപാതകത്തിൽ കണ്ണൂരിലെ സി പി എം നേതാവ് പി ജയരാജന് പങ്കുണ്ടെന്ന കാര്യത്തിൽ യൂത്ത്‌ ലീഗ് നേതാവ് പി കെ ഫിറോസിന് മാത്രമല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും ലവലേശം സംശയമില്ല. കൊല നടക്കുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപ് ജയരാജൻ താനൂർ സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം വന്നു പോയതു മുതൽ കൌണ്ട് ഡൌൺ തുടങ്ങിയെന്നും അത് തീർന്ന ദിവസം ഇസ്‌ഹാഖ് കൊല്ലപ്പെട്ടു എന്നുമാണ് മുസ്ലിം ലീഗ് നേതാവും എം എൽ എ യുമായ എം കെ മുനീറിന്റെ വാദം. ജയരാജനെ ഒരു ബിംബം ആയാണ് മുനീർ കാണുന്നത്. വേണമെങ്കിൽ മരണത്തിന്റെ ദൂതൻ എന്നോ ഏജൻറ് എന്നോ ഒക്കെ വിളിക്കാം. ഇക്കാര്യത്തിൽ ചെന്നിത്തലക്കും പൂർണ യോജിപ്പാണ്. കോഴിക്കോട് കൂടത്തായിയിൽ ദുരൂഹ മരണങ്ങൾ നടന്നിടത്തെല്ലാം ജോളി എന്ന സ്ത്രീയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നതുപോലെ മലബാറിലെ ഒട്ടു മിക്ക രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിടത്തെല്ലാം പി ജയരാജന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് ചുരുക്കത്തിൽ ചെന്നിത്തലയും മുനീറും ഫിറോസുമൊക്കെ പറയുന്നത്. ഇതിനു തെളിവായി ഇസ്‌ഹാഖ് വധത്തിൽ അറസ്റ്റിലായ പ്രതികൾക്കൊപ്പം ജയരാജൻ നിൽക്കുന്ന ഒരു ഫോട്ടോയും ഇക്കഴിഞ്ഞ ദിവസം ഫിറോസ് പുറത്തു വിടുകയുണ്ടായി.

ഇത് ആദ്യമായല്ല രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ പി ജയരാജൻ പ്രതിക്കൂട്ടിലാക്കപ്പെടുന്നത്. തളിപ്പറമ്പിനടുത്ത പട്ടുവത്തെ എം എസ് എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ, ഒരിക്കൽ പി ജയരാജനെ തുണ്ടം തുണ്ടമായി വെട്ടിനുറുക്കിയ കേസിലെ പ്രതികളിൽ ഒരാളായ കതിരൂർ മനോജ് എന്ന ആർ എസ് എസ് പ്രവർത്തകൻ, മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് എന്നിങ്ങനെ മൂന്നു പേരുടെ കൊലപാതകങ്ങളിൽ ജയരാജൻ പ്രതി സ്ഥാനത്താണ്. തലശ്ശേരിയിലെ സി പി എം വിമത നേതാവ് സി ഓ ടി നസീർ വധശ്രമക്കേസിലും ജയരാജനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം നടന്നതാണ്. എന്നാൽ തനിക്കു നേരേയുണ്ടായ ആക്രമണത്തിൽ പി ജയരാജൻ ഇല്ലെന്നു നസീർ കട്ടായം പറഞ്ഞതിനാൽ ആ ശ്രമം വിജയിച്ചില്ല. കാസർകോട് പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് കൊലചെയ്യപ്പെട്ടപ്പോഴും ആ കേസിലേക്ക് ജയരാജനെ വലിച്ചിഴക്കാൻ ഒരു ശ്രമം നടന്നിരുന്നു. കൊലപാതകം നടന്ന പ്രദേശത്തു കണ്ണൂരിൽ നിന്നുള്ള ഒരു വാഹനം കാണപ്പെട്ടിരുന്നു എന്നായിരുന്നു അന്നത്തെ പ്രചാരണം. എന്തുകൊണ്ടോ അതും ഏശിയില്ല. അങ്ങനെ നിൽക്കുമ്പോഴാണ് ഇപ്പോൾ ഇതാ താനൂരിലെ കൊലപാതകം ജയരാജന്റെ തലയിൽ വെച്ചുകെട്ടാനുള്ള സംഘടിത നീക്കം ആരംഭിച്ചിരിക്കുന്നത്. പണ്ടൊരിക്കൽ സോണിയ ഗാന്ധി നരേന്ദ്ര മോദിക്ക് ഒരു വിശേഷണം ചാർത്തിക്കൊടുത്തിരുന്നു. 'മരണത്തിന്റെ വ്യാപാരി' എന്നായിരുന്നു അത്. ഒരു പക്ഷെ അതിന്റെ ചുവടു പിടിച്ചുകൂടിയാവണം കേരളത്തിലെ യു ഡി എഫ് നേതാക്കൾ ജയരാജനെ മരണത്തിന്റെ ഏജൻറ്, മരണത്തിന്റെ ദൂതൻ എന്നൊക്കെ വിളിക്കുന്നത്. പി ജയരാജനെ നേരിട്ടറിയുന്ന ആരും അയാൾ മരണത്തിന്റെ ദൂതനോ ഏജന്റോ ആണെന്ന് വിശ്വസിക്കാൻ ഇടയില്ല. ആരോപണം ഉന്നയിക്കുന്നവർക്കു വലുത് രാഷ്ട്രീയ നേട്ടം തന്നെയാണല്ലോ. പോരെങ്കിൽ കൊലപാതകം നടന്ന താനൂരിൽ ജയരാജൻ പോയിരുന്നു താനും. ഇക്കാര്യം ജയരാജനും സമ്മതിക്കുന്നുണ്ട്. പാർട്ടി പ്രാവർത്തകരുടെ സ്‌നേഹപൂർവമായ ക്ഷണം സ്വീകരിച്ചു ഒരു വിവാഹത്തിൽ പങ്കെടുക്കാനായാണ് താൻ പോയതെന്നും ചടങ്ങു കഴിഞ്ഞ ഉടൻ തന്നെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി അരൂരിലേക്കു മടങ്ങി എന്നുമാണ് ജയരാജൻ നൽകുന്ന വിശദീകരണം. താൻ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പറും അദ്ദേഹം വിശദീകരണ കുറിപ്പിൽ നൽകിയിട്ടുണ്ട്. ഉപതിരെഞ്ഞെടുപ്പിൽ സി പി എമ്മിന്റെ കയ്യിൽ നിന്നും അരൂർ പിടിച്ചെങ്കിലും കുത്തക മണ്ഡലങ്ങളായിരുന്ന വട്ടിയൂർക്കാവും കോന്നിയും വലിയ ഭൂരിപക്ഷത്തിനു കൈമോശം വന്ന ക്ഷീണത്തിലാണ് കോൺഗ്രസ്സും യു ഡി എഫും. നേരത്തെ ഉപതിരെഞ്ഞെടുപ്പ് നടന്ന കെ എം മാണിയുടെ കുത്തക മണ്ഡലമായിരുന്ന പാലാ തോറ്റപ്പോൾ കേരളാ കോൺഗ്രസിലെ തമ്മിലടിയെ പഴിച്ചു തടിയൂരിയെങ്കിൽ വട്ടിയൂർക്കാവിലെയും കോന്നിയിലെയും പരാജയം അങ്ങനെയല്ല. സത്യത്തിൽ ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം നിയമസഭ സമ്മേളിക്കുമ്പോൾ എന്ത് പറയും എന്ന് വിഷമിച്ചു നിൽക്കുന്ന വേളയിൽ വീണുകിട്ടിയ പിടിവള്ളിയായി താനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകവും അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയും. ഇത്തരം പിടിവള്ളികൾ ഉണ്ടാക്കികൊടുക്കുന്ന കാര്യത്തിൽ സി പി എം പ്രവർത്തകർ കാണിക്കുന്ന ഉത്സാഹവും കാണാതിരുന്നുകൂടാ. നെയ്യാറ്റിൻകര ഉപ തിരെഞ്ഞെടുപ്പ് വേളയിലായിരുന്നു ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരൻ വധിക്കപ്പെട്ടതെങ്കിൽ 2019 ലെ ലോക് സഭ തിരെഞ്ഞെടുപ്പ് പടിവാതുക്കൽ എത്തി നിൽക്കുമ്പോഴായിരുന്നു പെരിയയിലെ ഇരട്ട കൊലപാതകം എന്നതു വിസ്മരിച്ചുകൂടാ. താനൂർ കൊലപാതകവും അതുമായി ബന്ധപ്പെട്ട് ജയരാജനെതിരായി ഉയരുന്ന ആരോപണവുമായി ചേർത്തു വെച്ച് മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടുവന്ന ഒരു പ്രധാന കാര്യം നിയമ സഭയിൽ പ്രതിപക്ഷം ജയരാജനെതിരെ ആരോപണം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിച്ചുവെന്നതാണ്. മൗനത്തിനുള്ള കാരണം വ്യക്തമാക്കേണ്ടത് തീർച്ചയായും മുഖ്യമന്ത്രി തന്നെയാണ്. ഒരുപക്ഷെ അദ്ദേഹം അത് ചെയ്യുമായിരിക്കാം. എന്നാൽ മുഖ്യമന്ത്രിയുടെ മൗനത്തിനു പല അർത്ഥങ്ങളും കല്പിക്കപ്പെടുന്നുണ്ട്. കുറച്ചുകാലമായി കണ്ണൂരിലെ പാർട്ടിയിൽ ജയരാജനെ ഒതുക്കാൻ നടക്കുന്ന ശ്രമം തന്നെയാണ് അതിൽ പ്രധാനം. ഇതോടെ ലോക് സഭ തിരെഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കാൻ അവസരം നല്കിയതിനൊപ്പം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ജയരാജനെ മാറ്റിയതും അന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ മരണവുമായി ബന്ധപ്പെട്ടു സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ ആന്തൂർ നഗര സഭ അധ്യക്ഷ പി കെ ശ്യാമളക്കു തെറ്റ് പറ്റിയെന്നു പറഞ്ഞ പി ജയരാജനെക്കൊണ്ട് ആ പ്രസ്താവന പിൻവലിപ്പിച്ചതുമെല്ലാം പാർട്ടിയിൽ വീണ്ടും ചർച്ചയാവുകയാണ്. (Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories