TopTop
Begin typing your search above and press return to search.

മാതാപിതാക്കള്‍ ശ്രദ്ധിക്കുക; ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടുന്നു; അത് വീട്ടിലുള്ളവര്‍ തന്നെയാവാം

മാതാപിതാക്കള്‍ ശ്രദ്ധിക്കുക; ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടുന്നു; അത് വീട്ടിലുള്ളവര്‍ തന്നെയാവാം

ലോക്ക്ഡൗണ്‍ കാരണം കുട്ടികളില്‍ പലരും അവരുടെ വീടുകളിലാണ്, ചിലരുടേത് ബന്ധുക്കളും ഒക്കെ ചേര്‍ന്ന കൂട്ടുകുടുംബവുമാണ്. ഈ കുട്ടികളില്‍ പലരും അവരുടെ മാതാപിതാക്കളോട് പേടിയോടെയും അറപ്പോടെയും കൂടിയാണെങ്കില്‍ പോലും സ്വന്തം കുടുംബങ്ങളിലെ അംഗങ്ങളില്‍ നിന്നും നേരിടേണ്ടി വന്ന ഉപദ്രവങ്ങളെയും ലൈംഗികാതിക്രമങ്ങളെയും കുറിച്ച് പങ്കുവെയ്ക്കുന്നുണ്ട്. മാതാപിതാക്കൾ ഇതിനെക്കുറിച്ച് അറിയുകയും അവരുടെ സംരക്ഷണത്തിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടുന്ന സമയമാണിത്. ഇതിനു നേരെ കണ്ണടയ്ക്കുകയോ കുട്ടികളെ ശാസിക്കുകയോ അല്ല വേണ്ടത്. കാരണം, ഈ ജന്തുവിനെ പല്ലും നഖവും ഉപയോഗിച്ച് നേരിടുകയാണ് വേണ്ടത്.

പല വിദഗ്ദരുടെയും അഭിപ്രായത്തില്‍ പീഡോഫിലിയ എന്നത് മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടുള്ള ജീവശാസ്ത്രപരമായ ഒരു തകരാറാണ്. പക്ഷേ മെഡിക്കല്‍ രംഗത്തുള പലരും ഇതിനെ പാരാഫിലിയ എന്ന ഒരു മാനസിക രോഗമായിട്ടും പരിഗണിക്കുന്നുണ്ട്. അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്‍റെ ഡയഗ്നോസ്റ്റിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്‍റല്‍ ഡിസോര്‍ഡേഴ്സ് എന്ന പ്രസിദ്ധീകരണത്തില്‍ പീഡോഫീലിയ എന്നതിനെ ഒരു രോഗമയി തന്നെയാണ് കണക്കാക്കിയിട്ടുള്ളത്. ഒരു സെക്ഷ്വല്‍ ആന്‍ഡ് മെന്‍റല്‍ ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് എന്ന അര്‍ത്ഥത്തില്‍ ഞാനും ആ അഭിപ്രായം തന്നെ സ്വീകരിക്കുന്നു.

ഇതിനു പ്രത്യേകം ചികിത്സയൊന്നുമില്ല, അത് കൊണ്ട് നമുക്ക് ചെയ്യാനാകുന്നത് കുട്ടികളെ സംരക്ഷിക്കുക എന്നതാണ്. പീഡോഫീലിയ അഥവാ ലൈംഗിക പക്വത എത്തിയിട്ടില്ലാത്ത കുട്ടികളോട് തോന്നുന്ന ലൈംഗികാകര്‍ഷണം ലോകമെമ്പാടുമുള്ള ഡോക്ടര്‍മാരെ വിഷമിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. പാരഫിലിയ അഥവാ അസാധാരണമായ ലൈംഗിക സ്വഭാവം എന്നു പറയുന്ന ഈ അസുഖത്തിനു ഫലപ്രദമായ ചികിത്സയൊന്നും ഗവേഷകർ കണ്ടെത്തിയില്ല. മറ്റ് ലൈംഗിക താത്പര്യങ്ങള്‍ പോലെ പീഡോഫീലിയ അത്ര വേഗത്തില്‍ മാറാൻ സാധ്യതയില്ല. അതിനാൽ, ചികിത്സയുടെ ലക്ഷ്യം ഒരാളുടെ പീഡോഫില്‍ ആയ ഇത്തരത്തിലുള്ള സ്വഭാവങ്ങളെ തടയുക എന്നതാണ്. അതിനൊന്നുകില്‍ അയാള്‍ക്ക് കുട്ടികളോട് തോന്നുന്ന ലൈംഗിക തൃഷ്ണയെ ഇല്ലാതാക്കുക അല്ലെങ്കില്‍ ബോധപൂര്‍വം ഒരാള്‍ അത്തരം തോന്നലുകളെ നിയന്ത്രിക്കുക എന്നതാണ്. കുട്ടികളുടെ അടുക്കലേക്ക് വരുന്നതില്‍ നിന്നും ഇവരെ തടയുകയോ അതല്ലെങ്കില്‍ കുട്ടികളെ എല്ലായ്പ്പോഴും ശക്തമായ നിരീക്ഷണത്തിനുള്ളില്‍ ആക്കുകയോ ചെയ്യുക എന്നതാണ് അതിനേക്കാള്‍ ഫലപ്രദം.

പീഡോഫീലിയയുടെ കൃത്യമായ കാരണങ്ങൾ നിർണ്ണയിക്കപ്പെട്ടിട്ടില്ല. ബാല ലൈംഗിക പീഡകരില്‍ നടത്തിയിട്ടുള്ള ചില പഠനങ്ങളില്‍ ഇതിനുള്ള കാരണങ്ങള്‍ പല തരത്തിലുള്ള ന്യൂറോളജിക്കൽ ആയ അസാധാരണതകളുമായും മാനസിക വൈകല്യങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ് കണ്ടെത്തിയത്.

- സൈക്കോതെറാപ്പിയും മറ്റു ചികിത്സകളുമെല്ലാം രോഗിയുടെ ഇച്ഛാശക്തിയെ കൂടി ആശ്രയിച്ചിരിക്കുന്ന ഒരു കാര്യമാണ്. ഒരു ചികിത്സയും സ്വന്തമായി വലിയ മാറ്റങ്ങള്‍ ഒന്നുമുണ്ടാക്കില്ല.

- മിക്കവാറും ബാലപീഡനങ്ങളില്‍ കുറ്റവാളി കുട്ടിക്ക് അറിയാവുന്ന ഒരാള്‍ തന്നെയായിരുന്നു എന്നുള്ള കാര്യം രക്ഷിതാക്കള്‍ പ്രത്യേകം ഓര്‍മിക്കണം.

പീഡോഫിലിക് വാസനകളുള്ള ഏതാണ്ട് മുഴുവന്‍ ആളുകളും പുരുഷന്‍മാരാണ്. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവരില്‍ 1 ശതമാനം മുതല്‍ 6 ശതമാനം വരെയാണ് സ്ത്രീകള്‍ ഉള്ളത് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. പീഡോഫിലിക് പ്രവണതയുള്ള ആളുകളിൽ വ്യക്തിത്വ വൈകല്യങ്ങളും ഇതിനോടനുബന്ധമായ മറ്റു മാനസിക പ്രശ്നങ്ങളും കണ്ടു വരുന്നു. പീഡോഫിലിക് വാസനകളുള്ള ഇത്തരം ആളുകളില്‍ 50 ശതമാനം മുതൽ 70 ശതമാനം വരെയുള്ളവര്‍ക്ക് എക്സിബിഷനിസം, വോയറിസം അല്ലെങ്കിൽ സാഡിസം പോലുള്ള മറ്റെന്തെങ്കിലും പ്രശ്നങ്ങളും കൂടി ഉണ്ടാകാറുണ്ട്.

പീഡോഫിലിയയെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മിക്ക സൈക്കോതെറാപ്പികളിലും കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയുടെ തത്വങ്ങളും സങ്കേതങ്ങളും ഉൾക്കൊള്ളുന്നു. രോഗിയുടെ പെരുമാറ്റത്തിലുള്ള പ്രശ്നങ്ങളെ തിരിച്ചറിയാനും മറികടക്കാനും രോഗിയെ പ്രാപ്തനാക്കുക എന്നതാണ് തെറാപ്പിയുടെ ഉദ്ദേശ്യം തന്നെ. ഇത് കൂടാതെ, തെറാപ്പിയിൽ സഹാനുഭൂതി പരിശീലനവും ലൈംഗിക പ്രേരണ നിയന്ത്രണത്തിലെ സാങ്കേതികതകളും ഉൾപ്പെടാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട തെറാപ്പി റിലാപ്സ് പ്രിവൻഷൻ ആണ് അതായത് രോഗം വീണ്ടും ഉണ്ടാകാതിരിക്കുന്നതിനുള്ള ശ്രമങ്ങള്‍.

- ഒരു കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനോ ആക്രമിക്കുന്നതിനോ ഉള്ള അപകടസാധ്യത വർദ്ധിപ്പിക്കുന്ന സാഹചര്യങ്ങൾ മുൻകൂട്ടി അറിയാൻ രോഗിയെ സഹായിക്കുന്നതിനും അവ ഒഴിവാക്കുന്നതിനോ അല്ലെങ്കിൽ കൂടുതൽ ഫലപ്രദമായി പ്രതികരിക്കുന്നതിനോ ഉള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനുമാണ് റിലാപ്‌സ് പ്രിവൻഷൻ എന്നു പറയുന്നത്.

- ലൈംഗിക അഭിലാഷങ്ങള്‍ കുറയ്ക്കുന്നതിന് ടെസ്റ്റോസ്റ്റിറോൺ ഉത്‌പാദനത്തെ മരുന്നുപയോഗിച്ചു നിയന്ത്രിക്കുന്നതും ഇതിനുള്ള ഒരു ചികിത്സാ രീതിയാണ്‌. എന്നാല്‍ ഇതിനായി ഒന്നില്‍ കൂടുതല്‍ തവണ ഡോക്ടറെ സന്ദര്‍ശിക്കേണ്ടതായി വന്നേക്കാം (ഇത് രോഗിയുടെ മാനസികാവസ്ഥ പരിശോധിക്കുന്നതിനുള്ള ഒരു മാര്‍ഗം കൂടിയാണ്) ഈ ചികിത്സക്ക് 3 മുതൽ 10 മാസം വരെ എടുത്തേക്കാം.

- എസ്‌എസ്‌ആർഐ അഥവാ സെലക്ടീവ് സെറോടോണിൻ റീഅപ്ടേക്ക് ഇൻഹിബിറ്റർ മറ്റ് ചികിത്സകളുടെ കൂടെ ഫലപ്രദമാകുന്ന ഒന്നാണ്.

അവസാനമായി കുട്ടികളെ ശാരീരികവും മാനസികവുമായ ആഘാതത്തില്‍ നിന്നും ഒഴിവാക്കാനുള്ള എല്ലാ ചികിത്സകളെയും ഞാന്‍ അനുകൂലിക്കുന്നു. ശരിയായ ചികിത്സക്ക് പ്രയോജനപ്പെടുന്നിടത്തോളം കാലം ചികിത്സാ രീതി എന്തുതന്നെയായാലും അതൊരു പ്രശ്നമല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


ഡോ. ഷര്‍മിള മജുംദാര്‍

ഡോ. ഷര്‍മിള മജുംദാര്‍

ഡയറക്ടര്‍ ആന്‍ഡ് ചീഫ് സെക്സോളജിസ്റ്റ്, സെക്ഷ്വല്‍ ആന്‍ഡ് മെന്റല്‍ ഹെല്‍ത്ത് ക്ലിനിക്, അവിസ് ഹോസ്പിറ്റല്‍, ഹൈദരാബാദ്

Next Story

Related Stories