TopTop
Begin typing your search above and press return to search.

സാമ്പത്തികവത്ക്കരണത്തിന്റെ കെടുതികൾ; സാമൂഹ്യ നീതിയിലും സുരക്ഷയിലും ഊന്നിയ വികസന സങ്കൽപം ഇനി അസാധ്യമോ?

സാമ്പത്തികവത്ക്കരണത്തിന്റെ കെടുതികൾ; സാമൂഹ്യ നീതിയിലും സുരക്ഷയിലും ഊന്നിയ വികസന സങ്കൽപം ഇനി അസാധ്യമോ?

സമകാലിക ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന സവിശേഷത, സ്ഥാപനവത്കൃത ധനകാര്യത്തിന്റെ അസാധാരണ സാന്നിധ്യമാണ്. വികസിച്ചതും വികസിച്ചു കൊണ്ടിരിക്കുന്നതുമായ എല്ലാ രാജ്യങ്ങളിലും പുതിയ സാമ്പത്തികോപകരണങ്ങളും സ്ഥാപനങ്ങളും സങ്കേതങ്ങളും ബന്ധങ്ങളും ഉരുത്തിരിയാൻ തുടങ്ങിയത് 1970 കളിലെ വ്യാവസായിക മാന്ദ്യത്തെത്തുടർന്നാണ്. സാമൂഹിക മേഖലകളിൽ നിന്നുള്ള സ്റ്റേറ്റിന്റെ പടിപടിയായ പിൻവാങ്ങലും വിപണിയുടെ മുന്നേറ്റവും സാമ്പത്തികവത്കരണം എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടി. യഥാർത്ഥ ഉത്പ്പാദനത്തെ സഹായിക്കുന്ന ഒരു ഘടകം എന്ന നിലയിൽ നിന്നും കാര്യമായ മൂലധനം ആവശ്യമായ ഒരു സ്വതന്ത്ര വ്യവസായമായി ധനകാര്യം പരിവർത്തനം ചെയ്യപ്പെട്ടു. ഓഹരിയുടമയുടെ സാമ്പത്തിക മൂല്യം എത്രയും വർദ്ധിപ്പിക്കുക, മൂലധന വിപണികളിലേക്കു വലിയ തോതിൽ പണത്തിന്റെ ഒഴുക്ക് സാധ്യമാക്കുക എന്നിവയായി കോർപ്പറേറ്റ് ഭരണ രീതികളുടെ പ്രാഥമികോദ്ദേശ്യങ്ങൾ. വ്യാവസായിക, വാണിജ്യ മേഖലകളിൽ മാത്രമല്ല, രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിലും സാമ്പത്തികവൽക്കരണത്തിന്റെ സ്വാധീനം വലിയതോതിൽ ഇന്ന് കാണാൻ കഴിയുന്നുണ്ട് - പ്രത്യേകിച്ചും 2000-ത്തിലെ അവസാന വർഷങ്ങളിലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം. ചരക്കുത്പ്പാദനാധിഷ്ഠിതവും ധനോത്പദാനാധിഷ്ഠിതവുമായ രണ്ടു വ്യത്യസ്ത സമ്പദ്വ്യവസ്ഥകൾ തമ്മിലുള്ള ബന്ധം ദുർബലമാകുന്നത് സാമ്പത്തികവത്ക്കരണത്തിന്റെ സൂചനയായി കരുതേണ്ടതുണ്ട്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ നമ്മൾ കണ്ട പല പ്രവണതകളും സാമ്പത്തികവത്ക്കരണത്തിന്റെ വിവിധ ഭാവങ്ങൾ തന്നെയാണ്. ഉദാഹരണമായി ചരക്കുകളും സേവനങ്ങളും ഉദ്പാദിപ്പിക്കുന്ന ബിസിനസ്സുകൾ പോലും തങ്ങളുടെ നിക്ഷേപത്തിനായി ബാങ്കുകളെയും പരമ്പരാഗത വായ്‌പാ പദ്ധതികളെയും ആശ്രയിക്കുന്നതു കുറഞ്ഞിട്ടുണ്ട്. ബാങ്കുകളാകട്ടെ ബിസിനസ്സുകൾക്കു നൽകുന്ന വായ്പ ആനുപാതികമായി കുറച്ചു കൊണ്ട് സാമ്പത്തിക ആസ്തി ഇടപാടുകളിലും, ഗാർഹിക മേഖലയ്ക്ക് വായ്പ നൽകുന്നതിലും മറ്റും തങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മറ്റൊരു പ്രധാന പ്രവണത ഗാർഹിക മേഖലയ്ക്ക് സാമ്പത്തിക വിപണികളുമായുള്ള ഇടപെടൽ (വായ്പ, നിക്ഷേപം എന്നിവയിലെല്ലാം) ആഴത്തിലുള്ളതായി എന്നുള്ളതാണ്. ചുരുക്കിപ്പറഞ്ഞാൽ, ചരക്കുകളുടെയും സാമ്പത്തികേതര സേവനങ്ങളുടെയും ഉത്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യവസായങ്ങൾ അവരുടെ മിച്ചധനം പുനർനിവേശം ചെയ്യുന്നതിന് പകരം മൂലധന വിപണിയിലും മറ്റും നിക്ഷേപിച്ചുകൊണ്ട് ധനോത്പ്പാദനത്തിൽ കൂടുതലായി ഏർപ്പെടുന്നു എന്നർത്ഥം. അതേ സമയം, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ചരക്കുത്പ്പാദനത്തിനും കൃഷി പോലെയുള്ള മേഖലകൾക്കും നൽകാവുന്ന വായ്പകൾ കുറച്ചു കൊണ്ട് ഫീസ്, കമ്മീഷൻ, ട്രേഡിംഗ് വരുമാനം എന്നിവ ലക്ഷ്യം വച്ച് ധനവിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. അങ്ങനെ ബിസിനസ്സ് സ്ഥാപനങ്ങൾ ധനകാര്യ സ്ഥാപനങ്ങളെപ്പോലെയും, ധനകാര്യസ്ഥാപനങ്ങൾ ബിസിനസ് സ്ഥാപനങ്ങളെപ്പോലെയും പെരുമാറുന്ന ഒരവസ്ഥ സാമ്പത്തികവത്ക്കരണത്തിന്റെ ഭാഗമായി സംജാതമാവുന്നു. ധനകാര്യ ചാനലുകളിലൂടെയുള്ള മൂലധന സമാഹരണം എന്ന് സാമ്പത്തികവത്ക്കരണത്തെ നിർവചിക്കാവുന്നതാണ്. സാമ്പത്തികേതര ബിസിനസ്സുകളിൽ കൂടി വരുന്ന സാമ്പത്തിക വരുമാനത്തിന്റെ വിഹിതവും അത്തരം ബിസിനസുകൾ ഹ്രസ്വകാല ലാഭത്തിനു കൊടുക്കുന്ന മുൻഗണനയും ഇന്ത്യയുടെ പ്രത്യേക സന്ദർഭത്തിൽ സാമ്പത്തികവത്ക്കരണത്തിന്റെ വകഭേദങ്ങളത്രെ.

ഈ പ്രകിയകൾക്കു ആഗോള സമ്പദ്വ്യവസ്ഥയിൽ ദീർഘകാലമായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഘടനാപരമായ മാറ്റങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. തൊഴിൽ വിപണിയിലെ അസ്ഥിരതയും വേതന ചൂഷണവും ഡിമാൻഡിന്റെ കുറവും ഒരു വശത്തും, അനിശ്ചിതവും ഊഹാപോഹങ്ങളിൽ അധിഷ്ഠിതവുമെങ്കിലും നിക്ഷേപത്തിനും, മൂലധന സമാഹരണത്തിനുമായി സ്റ്റോക്ക്, പ്രോപ്പർട്ടി വിപണികളെ കൂടുതലായി ആശ്രയിക്കുന്ന പ്രവണത മറുവശത്തുമായി ഒരു പുതിയ വികസന മാതൃക തന്നെ സാമ്പത്തികവത്ക്കരണത്തിന്റെ നിഴലിൽ നിലവിൽ വന്നുകഴിഞ്ഞു. ഈ മാതൃകയുടെ മറ്റൊരു പ്രത്യേകത നേരത്തെ പറഞ്ഞതുപോലെ ബാങ്കിങ് രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ്. തങ്ങൾ നൽകിയ വായ്പകൾ ആസ്തികളാക്കി മാറ്റി മൂന്നാം കക്ഷികൾക്ക് കച്ചവടം നടത്തി ലാഭം ഉറപ്പു വരുത്തുകയും ഒപ്പം റിസ്ക്കുകൾ ബാഹ്യവത്ക്കരിക്കുകയും ചെയ്യുകയാണ് ആധുനിക ബാങ്കിങ് വ്യവസായത്തിന്റെ സുപ്രധാന ബിസിനസ് തന്ത്രങ്ങളിൽ ഒന്ന്. ബാങ്കുകൾ വികസനത്തിന്റെ ഏജന്റുകൾ എന്ന നിലയിൽ നിന്നും ധനോത്പ്പാദന പ്രക്രിയയിലെ ഇടനിലക്കാർ എന്ന നിലയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്ന് സാരം. ഇതിനെയാണ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ഹൈമാൻ പി. മിൻസ്കി 'originate and distribute' (sell) model of banking എന്ന് വിളിച്ചത്.

സാമ്പത്തിക നവീകരണം സാമ്പത്തികവത്ക്കരണ പ്രക്രിയയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് റിസ്ക് കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ മാർഗ്ഗങ്ങൾ ആവിഷ്കരിക്കാൻ ധനകാര്യ സ്ഥാപനങ്ങളെ ആഗോളതലത്തിൽ സഹായിക്കുന്നു. സെക്യൂരിറ്റൈസേഷനും പ്രത്യേകമായി രൂപകൽപന ചെയ്തെടുക്കുന്ന സാമ്പത്തിക ഉൽപ്പന്നങ്ങളും ഉൾപ്പെട്ട നൂതന സാമ്പത്തികോപകരണങ്ങൾ (ആസ്തി പിന്തുണയുള്ള സെക്യൂരിറ്റികൾ, കൊളാറ്ററലൈസ്ഡ് ഡെറ്റ് ബാധ്യതകൾ, ക്രെഡിറ്റ് ഡെറിവേറ്റീവുകൾ എന്നിങ്ങനെ) ബാങ്കുകളെ ബാലൻസ് ഷീറ്റ് റിസ്കിൽ നിന്നും സ്വതന്ത്രരാക്കി. അതേസമയം വിപണിയിലെ റിസ്കും ദ്രവ്യതയും (ലിക്വിഡിറ്റി) കൈമാറ്റം ചെയ്യുന്നതിനായി സങ്കീർണമായ മറ്റു പുതിയ വിപണികൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

ഇങ്ങനെ സമ്പദ്വ്യവസ്ഥ ഒരു 'പോർട്ട്ഫോളിയോ ഇക്കണോമി'യായി മാറുമ്പോൾ, സാമ്പത്തിക ഇടപാടുകൾക്കായി ബാങ്കർമാരെ കൂടാതെ ഒരു കൂട്ടം ഇടനിലക്കാരെയും സാധാരണക്കാർക്ക് ആശ്രയിക്കേണ്ടതായി വരും. ഇവരുടെ ഇടപെടലുകളുടെ ആകെ ഫലം വായ്പ നൽകുന്ന സ്ഥാപനങ്ങളുടെ അച്ചടക്കം (market discipline) ഗണ്യമായി ഇല്ലാതാകുന്നുവെന്നതാണ്. തങ്ങളുടെ വരുമാനവും ലാഭവും മനസ്സിൽ കണ്ട് ഇടനിലക്കാരും ഏജന്റുമാരും ഇടപാടുകളെ മുന്നോട്ടു കൊണ്ടുപോകാൻ എല്ലാ പ്രോത്സാഹനവും നൽകുമെങ്കിലും, ഭാവിയിൽ സംഭവിക്കാവുന്ന നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഉപഭോക്താവിന്റേതു മാത്രമാണ്.

വ്യക്തികളുടെയും കോർപ്പറേറ്റുകളുടെയും കടബാധ്യത വർദ്ധിക്കുന്നത് സാമ്പത്തികവത്ക്കരണത്തിന്റെ മറ്റൊരു പ്രധാന വശമാണ്. വാസ്തവത്തിൽ, നിരന്തരം വായ്പയെടുക്കേണ്ടിവരുന്ന കടക്കാരുടെ സ്ഥിരമായ ഒരു പ്രവാഹം നിലനിർത്താൻ കഴിയുമോ എന്നതാണ് ധനകാര്യ സ്ഥാപനങ്ങളുടെ ലാഭത്തിന്റെ അടിസ്ഥാനം. വിദ്യാഭ്യാസം, ആരോഗ്യം, ഭവനം തുടങ്ങി അടിസ്ഥാന മെറിറ്റ് വസ്തുക്കൾ നൽകുന്നതിൽ നിന്ന് പൊതുമേഖല പതിയെ പിന്മാറാൻ തുടങ്ങുകയും യഥാർത്ഥ വേതനത്തിൽ ഇടിവ് സംഭവിക്കുകയും ചെയ്യുമ്പോഴാണ് ഗാർഹിക സമ്പദ്വ്യവസ്ഥയിൽ കടത്തിന്റെ രൂപത്തിൽ തന്ത്രപരമായ പങ്ക് ഫിനാൻസ് ഏറ്റെടുക്കുന്നത്.

1970-കളുടെ പകുതി മുതൽ ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ അവതരിപ്പിക്കുകയും പിന്നീട് ദാരിദ്ര്യനിർമ്മാർജ്ജനത്തിനായുള്ള വലിയ കണ്ടുപിടുത്തമായി പ്രചരിപ്പിക്കുകയും ചെയ്ത 'മൈക്രോ ക്രെഡിറ്റ്' സാമ്പത്തികവൽക്കരണവും ഗാർഹികതല കടബാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ച വിപുലീകരിക്കുന്നതിൽ ചെറുതല്ലാത്ത സംഭാവന നൽകിയിട്ടുണ്ട്. ദാരിദ്ര്യത്തിന് സാമൂഹ്യ ഘടനയിലും ബന്ധങ്ങളിലുമുള്ള അടുപ്പത്തെ നിസ്സാരവത്ക്കരിച്ചുകൊണ്ടും, അതിനെ വെറുമൊരു സാമ്പത്തിക പ്രശ്നമാക്കി ചുരുക്കികൊണ്ടും മൈക്രോ ക്രെഡിറ്റ് ദാരിദ്ര്യത്തെത്തന്നെ സാമ്പത്തികവത്ക്കരിച്ചുവെന്ന് വാദിക്കാം. അതോടൊപ്പം തന്നെ മൂലധന സമാഹരണത്തിനുള്ള സാധ്യതകൾ ചേരികളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു. പാവപ്പെട്ട കുടുംബങ്ങൾ അമിത പലിശയ്ക്ക് കടമെടുത്ത പണം ഉപയോഗിച്ച് തൊഴിൽ ശക്തി പുനർനിർമ്മിക്കുകയും ആ അധ്വാനത്തിൽ നിന്ന് നേടിയ വേതനത്തിന്റെ ഒരു ഭാഗം സാമ്പത്തിക വ്യവസ്ഥയിലേക്ക് മടക്കുന്നതിലൂടെ വീണ്ടും വായ്പയായി പുനർനിർമ്മിക്കപ്പെടുകയും ചെയ്യുന്ന സങ്കീർണമായ ഒരു പ്രക്രിയയിലാണ് മൈക്രോക്രെഡിറ്റിന്റെ വിജയം അടിസ്ഥാനപരമായി നിലകൊള്ളുന്നത്.

ഈയിടെ ഞങ്ങൾ ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളിലായി നടത്തിയ ഒരു പഠനത്തിൽ ഈ പ്രക്രിയ വളരെ വ്യക്തമായി വിശകലനം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലെയും ഗവേഷണഫലങ്ങൾ തെളിയിക്കുന്നത് 'ഫിനാൻസ്' സാധാരണ കുടുംബങ്ങളുടെ ജീവിതത്തിന്റെ ചാലക ശക്തിയായി മാറിയിരിക്കുന്നു എന്നാണ്. നഗരപ്രദേശങ്ങളിൽ ഈ പ്രതിഭാസം കൂടുതൽ ദൃശ്യമാണ്. ഗുജറാത്തിലെയും തമിഴ്നാട്ടിലെയും നഗരങ്ങളിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾ തങ്ങളുടെ വളരുന്ന ആവശ്യങ്ങളെയും പരിമിതമായിക്കൊണ്ടിരിക്കുന്ന വിഭവങ്ങളെയും കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തിൽ വിവിധങ്ങളായ ധനകാര്യസ്ഥാപനങ്ങളുമായി നിരന്തരമായി ഇടപെട്ടുകൊണ്ടേയിരിക്കുന്നു. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ കൂടുതലായി പാർക്കുന്ന നഗര പ്രദേശങ്ങളിൽ മൈക്രോഫിനാൻസ് സ്ഥാപനങ്ങളോടുള്ള കടബാധ്യത ഗണ്യമാണെന്ന് ഞങ്ങൾ കണ്ടെത്തി. നഗരത്തിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ രണ്ടു വർഷങ്ങളിലായി അത്തരം കുടുംബങ്ങൾ എടുത്ത വായ്പയുടെ മൂന്നിലൊന്ന് ഈ സ്ഥാപനങ്ങളിൽ നിന്നാണ്. വലിയ പലിശ ഈടാക്കുന്ന ഹ്രസ്വകാല വായ്പകളുടെ തിരിച്ചടവ് ഈ സ്ഥാപനങ്ങൾ സാമൂഹിക നിയന്ത്രണത്തിലൂടെ കർശനമായി നിരീക്ഷിക്കുമ്പോൾ, സാധ്യമായ എല്ലാ സ്രോതസ്സുകളിൽ നിന്നും നിരന്തരമായി കടം പറ്റി ക്കൊണ്ടു മാത്രം ജീവിതം നയിക്കുന്ന കുടുംബങ്ങളെ എല്ലാ പ്രദേശങ്ങളിലും കണ്ടെത്താനായി. വായ്പയെടുക്കുന്ന ഭൂരിപക്ഷം സ്ത്രീകളും ഒന്നിലധികം വായ്പാ ഏജൻസികളെയും ബന്ധങ്ങളെയും സമർത്ഥമായി കൈകാര്യം ചെയ്യാനുള്ള തന്ത്രങ്ങൾ പഠിച്ചു കഴിഞ്ഞു. വരുമാനമാർഗ്ഗങ്ങൾ കുറവും അനിശ്ചിതവുമായ വീടുകളിൽ പോലും വായ്പകൾ അമിതമായിവിതരണം ചെയ്യുന്നതിന്റെ വ്യക്തമായ സൂചനകൾ ഞങ്ങൾക്ക് ലഭിച്ചു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നാം കേട്ടുകൊണ്ടിരിക്കുന്ന 'സാമ്പത്തിക ശാക്തീകരണ'ത്തിന്റെ വാചാടോപങ്ങൾ, പാർശ്വവത്കരിക്കപ്പെട്ടവർ, പ്രത്യേകിച്ചും സ്ത്രീകൾ, അനുഭവിക്കുന്ന അനേകം അനീതികളെ ആസൂത്രിതമായും ക്രിയാത്മകമായും പുനർനിർമ്മിക്കുകയും സങ്കീർണ്ണമായ പാറ്റേണുകളിൽ പരസ്പരം ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടപാടുകളുടെ വിപുലമായ ഒരു വലയിൽ അവരെ കുരുക്കിയിടുകയും ചെയ്യുന്നുണ്ട്. സാമ്പത്തിക മൂലധനത്തിന്റെ വൈവിധ്യവും ദാക്ഷിണ്യവും ആഘോഷിക്കുന്നതിലൂടെ, ഉപജീവന സുരക്ഷ, ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം തുടങ്ങി ഏറ്റവും അടിസ്ഥാനപരമായ സാമൂഹ്യ ക്ഷേമ പരിപാടികൾക്കുള്ള ഉത്തരവാദിത്തം പോലും സര്‍ക്കാരിന്റേതല്ലാതായി. സാമ്പത്തികവത്ക്കരിക്കപ്പെട്ട ഒരു വ്യവസ്ഥിതിയിൽ സാമൂഹ്യക്ഷേമം ഒരു വിരോധാഭാസമാണ്. ഡിജിറ്റൽ മോഡ് വഴി ആനുകൂല്യങ്ങൾ കൂടുതൽ കാര്യക്ഷമമായി കൈമാറാൻ കഴിയുന്നെങ്കിലും, അവശ്യ സേവനങ്ങൾ എല്ലാം തന്നെ അതിവേഗം വിപണീ കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കൂടാതെ നൂതന സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ പണം അയയ്ക്കൽ ( റെമിറ്റൻസ്), പണം അടയ്ക്കൽ, ഡിജിറ്റൽ വായ്പ തുടങ്ങിയ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഫിൻ ടെക് വ്യവസായമേഖലയുടെ ബിസിനസ് കൂടുതലായും കേന്ദ്രീകരിച്ചിട്ടുള്ളതും വരുമാനം കുറഞ്ഞ ജന വിഭാഗങ്ങളിലും, പ്രദേശങ്ങളിലുമാണ്.

സാമ്പത്തികവത്ക്കരണത്തിൽ അധിഷ്ഠിതമായ വികസന സങ്കപ്പങ്ങൾക്ക് വ്യാവസായിക സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന യുക്തികളെയും ജനാധിപത്യ സമൂഹങ്ങളുടെ ആന്തരിക പ്രവർത്തനങ്ങളെയും മാത്രമല്ല, നമ്മുടെ സംസ്കാരത്തെയും ഭാഷയെത്തന്നെയും പരിവർത്തനം ചെയ്യാനുള്ള കഴിവുണ്ട്. ഓഹരിയുടമകളും പോർട്ട്ഫോളിയോ ഏജന്റന്മാരും നയിക്കുന്ന ആധുനിക സാമ്പത്തിക വ്യവസ്ഥയിൽ, ഒരു വ്യക്തിയുടെ മൂല്യവും സാമൂഹിക നിലയും മനസിലാക്കുന്നതിനുള്ള പ്രധാന പ്രതീകാത്മക മാർഗമാണ് ഇന്ന് ഇൻവെസ്റ്റ്മെന്റ്. ഇവിടെ വ്യക്തിത്വവും കഴിവും 'മനുഷ്യ മൂലധന'മായി മാറുമ്പോൾ കുടുംബ-സാമൂഹ്യ ബന്ധങ്ങൾ 'സാമൂഹിക മൂലധനം' ആയിത്തീരുന്നു. പുതിയ വികസന നിഘണ്ടുവിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനം ജനാധിപത്യമാവുന്നു. സാമൂഹിക ഉൾപ്പെടുത്തൽ സാമ്പത്തിക വിപണി വിപുലീകരണത്തിന്റെ പര്യായമാവുന്നു. ദാരിദ്ര്യം സംരംഭകത്വത്തിന്റെ അഭാവവും.

കോവിഡ് 19 മഹാമാരിയെ നേരിടാൻ കേന്ദ്ര സർക്കാർ തയ്യാറാക്കിയ ആത്മ നിർഭർ പാക്കേജ് സാമ്പത്തികവത്ക്കരിക്കപ്പെട്ട വികസന പരിപ്രേക്ഷ്യത്തിന്റെ ഏറ്റവും വാചാലമായ നിദർശനമാണ്. ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങൾ തിരഞ്ഞെടുത്ത ഭരണകൂടത്തിനു ബാധ്യതയേതുമില്ലാത്ത, ധനകാര്യ സ്ഥാപനങ്ങളും സാങ്കേതികവിദ്യയും ഉദ്യോഗസ്ഥ സംവിധാനങ്ങളും ഒരുമിച്ചു നയിക്കുന്ന ഒരു സംവിധാനത്തിൽ, സാമൂഹ്യ നീതിയിലും സുരക്ഷയിലും ഊന്നിയ ഒരു വികസന സങ്കൽപം ഇനി ഉണ്ടായി വരിക അസാധ്യമെന്നു ചിന്തിക്കേണ്ടി വരുമോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


ഡോ. താര നായര്‍

ഡോ. താര നായര്‍

പ്രൊഫസര്‍, ഗുജറാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ്റ് റിസര്‍ച്ച്, അഹമ്മദാബാദ്

Next Story

Related Stories