TopTop
Begin typing your search above and press return to search.

ലീഗ് ഒരു സി എച്ച് മുഹമ്മദ് കോയയെ സ്വപ്നം കാണുന്നുണ്ടോ? 270-ാം റാങ്കുകാരനായ പി കെ കുഞ്ഞാലിക്കുട്ടി എം പി കേരളത്തിലേക്ക് തിരിച്ചുവരുമ്പോള്‍

ലീഗ് ഒരു സി എച്ച് മുഹമ്മദ് കോയയെ സ്വപ്നം കാണുന്നുണ്ടോ? 270-ാം റാങ്കുകാരനായ പി കെ കുഞ്ഞാലിക്കുട്ടി എം പി കേരളത്തിലേക്ക് തിരിച്ചുവരുമ്പോള്‍


ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ അഖിലേന്ത്യ തലത്തിൽ ശക്തിപ്പെടുത്താനും പാർട്ടിയുടെ ശബ്ദം പാർലമെന്റിൽ ഘോര ഘോരം മുഴക്കാനുമൊക്കെ എന്ന് പറഞ്ഞായിരുന്നു പാണ്ടികടവത്തു കുഞ്ഞാലികുട്ടി എന്ന പി കെ കുഞ്ഞാലിക്കുട്ടിയെ മൂന്നു വര്‍ഷം മുൻപ് ഡൽഹിയിലേക്ക് അയച്ചത്. പാർട്ടിയുടെ അഖിലേന്ത്യ പ്രസിഡന്റും എം പി യും ഒക്കെയായിരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഇത്. ആ ലക്‌ഷ്യം നിറവേറ്റപ്പെട്ടോ എന്നത് മറ്റൊരു കാര്യം. എന്തായാലും കുഞ്ഞാലിക്കുട്ടിയെ കേരള രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരാൻ തന്നെ ലീഗ് നേതൃത്വം തീരുമാനിച്ചിരിക്കുന്നു. ഇന്നലെ ചേർന്ന മുസ്ലിം ലീഗ് ഉന്നതല്ല യോഗത്തിന്റേതാണ് തീരുമാനം. ഇനി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ പാർട്ടിയെ നയിക്കാൻ പി കെ കുഞ്ഞാലികുട്ടി എം പി യെ ചുമതലപ്പെടുത്തിയിരുന്നു എന്നാണ് യോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് പാർട്ടി അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയത്. മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടി എന്ന കുഞ്ഞാപ്പ അനിവാര്യൻ ആയിരിക്കുന്നു എന്നായിരുന്നു പാർട്ടിയുടെ അഖിലേന്ത്യ ഓർഗനൈസിംഗ് സെക്രട്ടറിയും പൊന്നാനിയിൽ നിന്നുള്ള എം പി യുമായ ഇ ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. മുന്നിലുള്ളത് വലിയ വെല്ലുവിളി ആണെന്നും ധൈര്യമായി നേരിടുമെന്നുമൊക്കെ
പി കെ കുഞ്ഞാലിക്കുട്ടി
യും പ്രതികരിച്ചു കണ്ടു.

കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കൃത്യമായി വിലയിരുത്തിക്കൊണ്ടുള്ള ഒരു തീരുമാനമായി തന്നെ കുഞ്ഞാപ്പയുടെ ഈ തിരിച്ചുവരവിനെ വിലയിരുത്താം. കേരളാ കോൺഗ്രസിലെ തീർത്താലും തീരാത്ത തർക്കമടക്കം നാനാവിധ പ്രശ്നങ്ങളിൽ പെട്ട് ഉഴലുകയാണ് മുസ്ലിം ലീഗ് കൂടി ഉൾപ്പെട്ട യു ഡി എഫ്. സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിക്കുകയും അവ സജീവ ചർച്ചാവിഷയമാക്കി നിലനിര്‍ത്തുകയും ചെയ്യുമ്പോഴും മുന്നണിക്കുള്ളിലെ പ്രശ്നങ്ങൾ അതേപടി നിലനിൽക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ അഭാവത്തിൽ എം കെ മുനീർ നിയമസഭയിൽ ഡെപ്യൂട്ടി ലീഡർ സ്ഥാനം വഹിക്കുന്നുണ്ടെങ്കിലും മുസ്ലിം ലീഗിലും ഒരു നാഥനില്ലായ്മ അനുഭവപ്പെടുന്നുണ്ട് എന്നു സമ്മതിക്കാതെ തരമില്ല. ഇതൊക്കെ കാണിക്കിലെടുത്തു തന്നെയാവണം കുഞ്ഞാപ്പയെ ഡൽഹിയിൽ നിന്നും തിരിച്ചുവിളിക്കുന്നതും.

കേരള രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാപ്പയുടെ മടങ്ങിവരവ് പാർട്ടി അണികളിൽ ആവേശം ജനിപ്പിക്കും എന്നൊക്കെ കരുതുമ്പോഴും ഈ തീരുമാനം ചില ചോദ്യങ്ങളും ഉയർത്തുന്നുണ്ട്‌. മുസ്ലിം ലീഗിൽ പകരം വെക്കാൻ മറ്റൊരു നേതാവില്ലെന്നാണ് പാർട്ടി നേതൃത്വം കരുതുന്നതെങ്കിൽ എന്തിനായിരുന്നു അദ്ദേഹത്തെ ഡൽഹിയിലേക്ക് അയച്ചതെന്നത് തന്നെ അതിൽ പ്രധാനം. 2017 ൽ ഇ അഹമ്മദ് മരിച്ച ഒഴിവിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എന്തിന് അന്ന് വേങ്ങര എം എൽ എ ആയിരുന്ന കുഞ്ഞാലിക്കുട്ടിയെ നിറുത്തി മത്സരിപ്പിച്ചു? അതും മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയായ മലപ്പുറത്ത് ആരെ വേണമെങ്കിലും ജയിപ്പിച്ചെടുക്കാൻ കഴിയുമായിരുന്നിട്ടും. അന്ന് അങ്ങനെ ചെയ്യുക വഴി വേങ്ങരയിൽ ഒരു അനാവശ്യ ഉപതിരഞ്ഞെടുപ്പ് ക്ഷണിച്ചു വരുത്തുകയായിരുന്നില്ലേ? ഇതൊക്കെ തന്നെയല്ലേ മറ്റു പാർട്ടികളും ചെയ്യുന്നതെന്ന മറുചോദ്യം സ്വാഭാവികമായും ഉയരാം. ശരിയാണ് എന്നു സമ്മതിക്കുമ്പോൾ തന്നെ അധികാരത്തിനുവേണ്ടി രാഷ്ട്രീയ പാർട്ടികൾ കാട്ടിക്കൂട്ടുന്ന ധൂർത്തും മറ്റും കാണാതിരിക്കാനാവില്ലല്ലോ! ഇതൊക്കെ പറയുമ്പോഴും പലരും മൂടിവെക്കാൻ ശ്രമിച്ച ഒരു യാഥാർഥ്യമുണ്ട്. അതാവട്ടെ ദേശീയ പാർട്ടി എന്നവകാശപ്പെടുമ്പോഴും ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ് ഉള്ളിന്റെയുള്ളിൽ ഇന്നും ഒരു പ്രാദേശിക പാർട്ടിയാണെന്നതും അതിന്റെ ആസ്ഥാനം മലപ്പുറത്താണെന്നതു പോലെ തന്നെ ആ പാർട്ടിയുടെ പ്രധാന തട്ടകവും മലപ്പുറം തന്നെയാണെന്നതുമാണ്. ഇപ്പറഞ്ഞതുകൊണ്ട് മുസ്ലിം ലീഗിന് കേരളത്തിൽ വേറെ എവിടെയും വേരോട്ടമില്ലെന്നൊന്നും അർത്ഥമില്ല. കാസർകോടും കണ്ണൂരും വയനാടും കോഴിക്കോടും പാലക്കാടുമൊക്കെ ഒട്ടും മോശമല്ലാത്ത ശക്തി മുസ്ലിം ലീഗിനുണ്ട്. കേരളത്തിനു വെളിയിൽ തമിഴ്‌നാട്ടിലെ ചില മണ്ഡലങ്ങളിൽ ലീഗ് ഒരു നിർണായക ശക്തിയാണ്. കർണാടകത്തിലും പാർട്ടി ഉണ്ടെങ്കിലും ഒരു നിർണായക ശക്തിയാവാൻ ഇനിയും കഴിഞ്ഞിട്ടില്ല.

1948 ൽ മദ്രാസിൽ (ഇന്നത്തെ ചെന്നൈ) പിറവികൊണ്ടു എന്നൊക്കെ പറയുമ്പോഴും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രധാനമായും കോഴിക്കോട് കേന്ദ്രീകൃതമായിരുന്നു, അതിന്റെ സമ്പൂർണ നിയന്ത്രണം മലപ്പുറം പാണക്കാടുള്ള കൊടപ്പനക്കൽ തറവാട്ടിൽ വിളക്കിച്ചേർക്കുന്നതുവരെ. തുടർന്നിങ്ങോട്ട് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ തങ്ങളുമാർ പാർട്ടിയുടെ അവസാന വാക്കായി മാറി. അപ്പോഴും കൊടപ്പനക്കൽ തറവാട് കേന്ദ്രീകരിച്ചു മുസ്ലിം ലീഗിൽ ഒരു കിച്ചൻ ക്യാബിനറ്റ് പ്രവർത്തിച്ചുപോന്നു. സി എച് മുഹമ്മദ് കോയക്കുമൊക്കെ ശേഷം അതിന്റെ നിയന്ത്രണം യു എ ബീരാനെപ്പോലുള്ളവരുടെ കൈയ്യിലായിരുന്നുവെങ്കിൽ കുഞ്ഞാലികുട്ടി എന്ന കുഞ്ഞാപ്പ വളരെപ്പെട്ടെന്നു ആസ്ഥാന രാഷ്ട്രീയ ചരടുവലിക്കാരെ നിഷ്കാസിതരാക്കി ആ സ്ഥാനത്തു എത്തിച്ചേർന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തോടെ, പതിറ്റാണ്ടുകളായി കുഞ്ഞാപ്പക്ക് പാർട്ടിയിൽ ഉണ്ടായിരുന്ന അപ്രമാദിത്തം പാണക്കാട് ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയപ്പോഴായിരുന്നു അദ്ദേഹത്തെ ഡൽഹിയിലേക്ക് അയച്ചത്.

ഡൽഹിയിൽ എം പി എന്ന നിലയിൽ കുഞ്ഞാലിക്കുട്ടിയുടെ പ്രകടനം അത്ര മികച്ചതൊന്നും ആയിരുന്നില്ലെന്ന് പാർലമെന്റ് രേഖകൾ പരിശോധിച്ചാൽ മനിസ്സിലാവും. ലോക് സഭയിലെ പ്രകടനത്തിന് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചതു 24.8% മാർക്കു മാത്രമാണ്. റാങ്കിങ് ആവട്ടെ 270 ഉം. പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി എന്ന നിലയിലും എന്തെങ്കിലും നേട്ടം കൈവരിച്ചതായി ചൂണ്ടിക്കാണിക്കാനില്ല. ഇതൊക്കെയാണെങ്കിലും കേരള രാഷ്ട്രീയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ അഭാവം ഉണ്ടാക്കിയ ക്ഷീണം തെല്ലൊന്നുമല്ലെന്നു മുസ്ലിം ലീഗ് തിരിച്ചറിഞ്ഞിരിക്കുന്നു എന്നു വേണം ഇപ്പോഴത്തെ തീരുമാനത്തിൽ നിന്നും മനസ്സിലാക്കാൻ.

കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്ന കുഞ്ഞാലിക്കുട്ടി അടുത്ത നിയമസഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നൊന്നും ഇപ്പോൾ പറയാവില്ലെന്ന പ്രസ്താവനകളൊന്നും മുഖവിലക്കെടുക്കേണ്ടതില്ല. മണ്ഡലം ഏതായിരിക്കും എന്നത് മാത്രമേ അറിയേണ്ടതുള്ളൂ. സർവ പ്രതാപിയായി കുഞ്ഞാപ്പ തിരിച്ചെത്തുമ്പോൾ അതൊരു വലിയ വിഷയമൊന്നും അല്ലല്ലോ! അതിലും പ്രാധാന്യമർഹിക്കുന്ന വിഷയം കുഞ്ഞാപ്പയെ തിരികെ കൊണ്ടുവരുന്നതിലൂടെ മുസ്ലിം ലീഗ് നേതൃത്വം മുഖ്യമായും ലക്‌ഷ്യം വെക്കുന്നത് എന്തായിരിക്കും എന്നതാണ്. അത് കേവലം മുസ്ലിം ലീഗിനെ മുന്നിൽ നിന്നും നയിക്കുക എന്നതോ തദ്ദേശ, നിയമ സഭ തിരഞ്ഞെടുപ്പുകൾക്ക് പാർട്ടിയെ സജ്ജമാക്കുക എന്നതോ മാത്രമാകാനിടയില്ല. മുന്നണിയിലെ രണ്ടാം കക്ഷിയെന്ന നിലയിൽ കോൺഗ്രസിലെ നേതൃത്വ തർക്കവും മുസ്ലിം ലീഗ് മുന്നിൽ കാണുന്നുണ്ട്. അടുത്ത നിയസഭ തിരെഞ്ഞെടുപ്പിൽ യു ഡി എഫിന് ഭരണം ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ അതിന്റെ ക്രെഡിറ്റ് അവകാശപ്പെടാനുള്ള ഒരു നീക്കം കൂടി ഇപ്പോഴത്തെ ഈ തീരുമാനത്തിൽ നിന്നും വായിച്ചെടുക്കാവുന്നതാണ്. യു ഡി എഫിനെ നയിക്കുന്നത് കോൺഗ്രസ് ആണെങ്കിലും ആ മുന്നണിയുടെ നട്ടെല്ല് മുസ്ലിം ലീഗാണ്. മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കണമെന്ന പതിവ് തര്‍ക്കം കോൺഗ്രസിൽ ഇപ്പോൾ തന്നെ ഉടലെടുത്തിട്ടുണ്ട്. ഭരണം ലഭിക്കുകയും തിരഞ്ഞെടുപ്പിനു ശേഷവും പ്രസ്തുത തർക്കം തുടരുകയും ചെയ്‌താൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ മുസ്ലിം ലീഗിനും ഒരാൾ വേണം. ഹ്ര്വസ്വ കാലത്തേക്കായിരുന്നെങ്കിലും സി എച് മുഹമ്മദ് കോയയിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ച പാർട്ടിയാണ് മുസ്ലിം ലീഗ്. അതിനു ശേഷം മുസ്ലിം ലീഗിന് അങ്ങനെയൊരു അവസരം ലഭിക്കാതെ പോയതിൽ പാർട്ടിക്ക് കുണ്ഠിതമുണ്ട്. കുഞ്ഞാലികുട്ടിയടക്കം പല ലീഗ് നേതാക്കളും പലതവണ പരസ്യമാക്കിയിട്ടുള്ള കാര്യമാണിത്. എല്ലാം കൂട്ടിവായിക്കുമ്പോൾ കുഞ്ഞാപ്പയെ കേരള രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിലൂടെ മുസ്ലിം ലീഗ് കേരളത്തിൽ വീണ്ടുമൊരു മുഖ്യമന്ത്രി പദം സ്വപ്നം കാണുന്നില്ലേയെന്നു ന്യായമായും സംശയിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories