TopTop
Begin typing your search above and press return to search.

വി ടി ജയദേവന്‍ എഴുതുന്നു: ഇത് ജീവിത പുസ്തകത്തിലെ അവനവന്‍ കാണ്ഡം

വി ടി ജയദേവന്‍ എഴുതുന്നു: ഇത് ജീവിത പുസ്തകത്തിലെ അവനവന്‍ കാണ്ഡം

പത്തു നാല്‍പതു സെന്റ് ഭൂവിസ്തൃതിയുള്ള ഈ പറമ്പിനെ ഞാനെന്റെ റിപ്പബ്ലിക് എന്നു കരുതുന്നു. ഇരുപതു വര്‍ഷം മുന്‍പാണ് ഒരു മണ്‍വീടുണ്ടാക്കി ഞാനീ റിപ്പബ്ലിക്കില്‍ വാസം തുടങ്ങിയിട്ട്. ഈ ചരല്‍പ്പറമ്പ് അപ്പോഴൊരു തരിശ്ശായിരുന്നു. ആ കാലത്ത് എനിക്ക് ഒരു പ്രൈമറി സ്‌ക്കൂളില്‍ മാഷുടെ ജോലി ഉണ്ടായിരുന്നു, മണ്ണില്‍ പണിയെടുക്കലായിരുന്നു ഏറ്റവും ഇഷ്ടം. പലതരം പച്ചകള്‍ കൊണ്ട് ഭൂമിയില്‍ പലതരം ചിത്രങ്ങള്‍, ജീവനുള്ള ശില്പങ്ങള്‍ നിര്‍മ്മിക്കുക എന്നാണ് കൃഷിപ്പണിക്ക് എനിക്കു തോന്നാറുള്ള നിര്‍വ്വചനം. സ്‌ക്കൂള്‍ പണി അത്യാവശ്യം നിലനിന്നുപോകാനുള്ള പെന്‍ഷന്‍ കിട്ടാനുള്ളത്ര കാലമായപ്പോള്‍ നിറുത്തി. പിന്നീട് മുഴുവന്‍ സമയം ഞാനെന്റെ റിപ്പബ്ലിക്കിലേയ്ക്കു മടങ്ങി. ഈ റിപ്പബ്ലിക്കില്‍ ഒരു കാലത്ത് മുന്നോ നാലോ മനുഷ്യര്‍ക്ക് തീര്‍ത്തും സ്വച്ഛമായിരുന്ന് പഴങ്ങള്‍ പറിച്ചു നിന്ന് ജീവിക്കാന്‍ പറ്റണം എന്നതാണ് എന്റെ സ്വപ്നം. ഇരുപതു വര്‍ഷം കൊണ്ട് ഈ ഭൂമി തണുത്ത, ഒരു കുളം നിറയെ വെള്ളമുള്ള ഒരിടമായി മാറിയിരിക്കുന്നു.

എന്റെ കൊറോണാ ദിവസങ്ങള്‍ അതിന്നു മുന്‍പുള്ള ദിവസങ്ങളില്‍ നിന്ന് ഒട്ടും വ്യത്യാസമുള്ളതല്ല. എല്ലാ പകലുകളിലും രാവിലെ നാലു മണിക്കൂറും വൈകുന്നേരം മൂന്നു മണിക്കൂറും കൃഷിപ്പണി ചെയ്യുന്നു. അര്‍ദ്ധനഗ്‌നനായി രാവിലത്തെ വെയിലിലും പോക്കുവെയിലിലും കുടുകുടാ വിയര്‍ക്കുക എന്നതാണ് ഏറ്റവും ഇഷ്ടമുള്ള ജീവിതാനന്ദം. കഴിഞ്ഞു കൂടാനാവശ്യമുള്ളതെല്ലാം മിക്കവാറും ഈ പറമ്പില്‍ത്തന്നെ ഉണ്ട്. അതുകൊണ്ട് ലോകത്തെ ബോധം കെടുത്തുന്ന ഇല്ലായ്മാ ഭീതി എന്നെ ബാധിക്കുന്നതേയില്ല. നിത്യവും കറമൂസപ്പൂട്ടാനും ചീരയുപ്പേരിയും കാന്താരിമുളകു ചമ്മന്തിയും കൂട്ടി തേങ്ങാപ്പാലൊഴിച്ച കഞ്ഞി കുടിച്ചുള്ള ജീവിതം എനിക്കു മടുപ്പല്ല, പരമാനന്ദം. ദിവസത്തോതില്‍, ആഴ്ചത്തോതില്‍ ഞാനെന്റെ സമയത്തെ, കാലത്തെ അളക്കുന്നില്ല. പുലര്‍കാലങ്ങള്‍, ഉച്ചകള്‍, സന്ധ്യകള്‍, രാത്രികള്‍ അനുഭൂതിയുടെ പര്യായങ്ങളാണിവിടെ. രാവിലെയും വൈകുന്നേരവും ആണ്ടുമുങ്ങിക്കിടക്കാനും ജലശയനം നടത്താനും ഒരു കുളവും ഉണ്ട് ഇവിടെ. രോഗഭീതിയില്‍ നിന്ന് എന്റെ ഗുരുനാഥനുമായുള്ള സഹവര്‍ത്തനം തുടങ്ങിയ ആദ്യദിവസങ്ങളില്‍ത്തന്നെ മുക്തി നേടാന്‍ പറ്റി. എന്റെ ഗുരുനാഥന്റെ പേര് പി.എന്‍.ദാസ്. അദ്ദേഹം ഇപ്പോഴില്ല. മലയാളഭാഷയില്‍ ഇരുപതിലധികം പുസ്തകങ്ങള്‍, പ്രശാന്ത ജീവിതത്തിലേയ്ക്കു പാതപണിയാനുതകുന്ന ഒന്നാംതരം പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ആരോഗ്യത്തിന്റെ സംസ്‌ക്കാരം സംസ്‌ക്കാരത്തിന്റെ ആരോഗ്യം ലക്ഷ്യം വെച്ച് അദ്ദേഹം വൈദ്യശസ്ത്രം മാസികയും പ്രസിദ്ധീകരിച്ചു. അദ്ദേഹം എന്നെ തോറോവിലേയ്ക്കും കൃഷ്ണമൂര്‍ത്തിയിലേയ്ക്കും ഓഷോയിലേയ്ക്കും രമണമഹര്‍ഷിയിലേയ്ക്കും പ്രചോദിപ്പിച്ചു. അദ്ദേഹം എന്റെ കണ്ണുകള്‍ കൂടുതല്‍ തെളിമയോടെ, കൂടുതല്‍ അലിവോടെ ജീവിതത്തെ കാണാന്‍ പറ്റുന്ന കണ്ണുകളാക്കി.കൊല്ലാന്‍ വാളോങ്ങിനില്‍ക്കുന്ന അംഗുലിമാലന്റെ മുന്നില്‍ നിന്ന ബുദ്ധനെപ്പോലെ ജീവിതത്തിന്റെ കഠോരതകള്‍ക്കു മുന്നില്‍ മരണസന്നദ്ധനായി, നിര്‍ഭയനായി നില്‍ക്കാന്‍ അദ്ദേഹം എന്നെ പ്രാപ്തനാക്കി. അതുകൊണ്ട് ഇപ്പോഴുള്ളതോ ഇനി വരാനിരിക്കുന്നതോ ആയ മാരണ വിഷബീജങ്ങള്‍ക്കൊന്നും ഉള്ളില്‍ അശാന്തി ഉണ്ടാക്കാന്‍ സാധിക്കുകയില്ല. സമയം കൊല്ലാനുള്ളതാണെന്ന ചിന്തയാണ് മനുഷ്യന്റെ എല്ലാതരം മടുപ്പുകള്‍ക്കും കാരണം എന്നും ഞാന്‍ കരുതുന്നു. നേരെമറിച്ച് സമയമാണ് ആനന്ദം എന്നു വരുകില്‍ ജീവിതം മാറി മറയും. സമയമാണ് സംഗീതം, സമയമാണ് കവിത, സമയമാണ് പ്രണയം. ഹെര്‍മന്‍ഹെസ്സെയുടെ സിദ്ധാര്‍ഥയിലെ നിതാന്തമായ പുഴയൊഴുക്കാണ് അത്. അതിന്റെ ആഴമേറിയ സാന്ത്വനസംഗീതത്തോടൊപ്പം അന്തരാ ഒഴുകിപ്പോകലായി ജീവിതത്തെ കാണുന്ന ഒരാള്‍ക്ക് ഈ ഒഴിഞ്ഞിരിക്കല്‍ കാലം ഇത്തിരിയും പീഡനകാലമാവുകയില്ല. അവനവനിലേയ്ക്ക് ഒരമ്മ വീട്ടിലേയ്ക്കെന്ന പോലെ പ്രവേശിക്കാനും എത്രയോ കാലമായി അടഞ്ഞു കിടന്ന, പൊടിപിടിച്ചു കിടന്ന സംഗീതമയകോശങ്ങളെ തൊട്ടുതൊട്ടുണര്‍ത്താനുമുള്ള സവിശേഷ സന്ദര്‍ഭമായി ഈ അടങ്ങിയിരിക്കല്‍ കാലം ഉപയോഗപ്പെടുന്ന പക്ഷം കുളിച്ചെണീക്കുന്നത് ആകെ തളിര്‍ത്ത മരം പോലെ ഒരു പുതിയ മനുഷ്യനായിരിക്കും.


Next Story

Related Stories