TopTop
Begin typing your search above and press return to search.

രാഷ്ട്രീയ വിവാദങ്ങള്‍ പടരുന്നു, കോവിഡും; തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ കേരളം കടന്നുപോകുന്നത് കടുത്ത പ്രതിസന്ധി

രാഷ്ട്രീയ വിവാദങ്ങള്‍ പടരുന്നു, കോവിഡും; തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ കേരളം കടന്നുപോകുന്നത് കടുത്ത പ്രതിസന്ധി


കേരളത്തിൽ കോവിഡ് വ്യാപനത്തിന്റെ തോത് ഉയർന്നും താണും തുടരുകയാണ്. ഇന്ന് മാത്രം പുതുതായി രോഗം സ്ഥിരീകരിച്ചത് 82
53
പേർക്കാണ്. ഇതിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 7084. മരണം 2
5
. നിലവിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തായി. ഔദ്യോഗിക കണക്കനുസരിച്ചു സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1306 ആയി. തുടക്കത്തിൽ രോഗത്തെ വളരെ ഫലപ്രദമായി പിടിച്ചുകെട്ടുക വഴി ആഗോള തലത്തിൽ തന്നെ പ്രശസ്തി നേടിയ കേരളത്തിന്റെ നിലവിലെ അവസ്ഥ ഇപ്പോൾ ഇതാണ്. രോഗ പ്രതിരോധത്തിന്റെ കാര്യത്തിൽ ഒരു സംഭാവനയും നൽകിയില്ലെന്ന് മാത്രമല്ല വ്യാപകമായ പ്രോട്ടോകോൾ ലംഘനം നടത്തുക വഴി രോഗ വ്യാപനത്തിന് ആക്കം കൂട്ടിയവർ എല്ലാ പഴിയും സർക്കാരിനു മേൽ കെട്ടിവെച്ചു നല്ലപിള്ള ചമയുകയാണ്. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുക മാത്രമല്ല തുടക്കം മുതൽക്കു തന്നെ അതിനെ അള്ളുവെക്കാൻ തുനിഞ്ഞിറങ്ങുമ്പോൾ ഉന്നയിച്ച 'കോവിഡ് ആണെന്ന് പറഞ്ഞു സർക്കാരിന്റെ വീഴ്ചയെ എതിര്‍ക്കാതിരിക്കാൻ ആവില്ല' എന്ന ന്യായം തന്നെയാണ് യു ഡി എഫും ബി ജെ പിയും ഇപ്പോഴും ആവർത്തിക്കുന്നത്. അതിനവർ നൽകുന്ന ന്യായീകരണം ഇത് തിരെഞ്ഞെടുപ്പ് വർഷമാണെന്നതാണ്. അല്ലെങ്കിലും തിരെഞ്ഞെടുപ്പ് വർഷത്തിൽ പ്രതിപക്ഷം സർക്കാരിന് സ്തുതി പാടുമെന്ന് കരുതുക വയ്യ. എന്നുകരുതി തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഒരു ജനതയെ രോഗത്തിലേക്കും അതുവഴി മരണത്തിലേക്കും തള്ളിവിടുന്നത് ഒട്ടും ആശാസ്യവുമല്ല.
ഈ തിരെഞ്ഞെടുപ്പ് വർഷത്തിൽ സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ കയ്യിലെ ആയുധം കോവിഡ് പ്രതിരോധത്തിൽ അവർ ഉന്നയിക്കുന്ന 'വീഴ്ച ' മാത്രമല്ല. സ്വര്‍ണ്ണക്കള്ളക്കടത്തു മുതൽ പ്രോട്ടോകോൾ ലംഘനം വരെ നീളുന്ന ഒട്ടേറെ വിഷയങ്ങൾ വേറെയുമുണ്ട്. സ്പ്രിംഗ്ലർ കരാർ, ലൈഫ് മിഷൻ ഭവന പദ്ധതിയിലെ കോഴ, സ്വർണ്ണക്കടത്തു കേസ്‌ പ്രതി സ്വപ്ന സുരേഷിന്റെ വിവാദ നിയമനം,
സ്വർണ്ണ
ക്കടത്തിനുവേണ്ടി വിദേശ കറൻസി ഒളിച്ചു കടത്തൽ അങ്ങനെ നിരവധിയായ ആരോപണങ്ങൾ. ഇവക്കു കൊഴുപ്പു കൂട്ടാൻ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയർന്നിട്ടുള്ള ലഹരികടത്തു ആരോപണവും മന്ത്രി ഇ പി ജയരാജന്റെ മകനെതിരായ കോഴ ആരോപണവും യു എ ഇ കോൺസുലേറ്റിനെ സ്വാധീനിച്ചു പ്രവാസി മലയാളിയായ യുവാവിനെ നാടുകടത്താൻ മന്ത്രി കെ ടി ജലീൽ ശ്രമം നടത്തി എന്നിങ്ങനെ വേറെ ചിലതും. അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്തു അധികാരത്തിലേറിയ പിണറായി വിജയൻ സർക്കാരിനെ അഴിമതി ആരോപണങ്ങളിലൂടെയാണ് പ്രതിപക്ഷം ആക്രമിക്കുന്നതെന്ന വിരോധാഭാസം കൂടിയുണ്ട് . സ്വർണക്കടത്തു മാത്രമല്ല പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള നാനാവിധ ആരോപണങ്ങളെക്കുറിച്ചും വിവിധ കേന്ദ്ര ഏജൻസികൾ അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നതിനാൽ സത്യം ബോധ്യപ്പെടാൻ ഇനിയും കാലമെടുക്കുമെന്നത് സർക്കാരിനെ സംബധിച്ചിടത്തോളം ഈ തിരെഞ്ഞെടുപ്പ് വർഷത്തിൽ വലിയ വെല്ലുവിളി തന്നെയാണ്.
ഇതിനെല്ലാമിടയിൽ തന്നെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐ ടി മേധാവിയുമായിരുന്ന എം ശിവശങ്കറാണ് സ്വർണക്കടത്തു അടക്കമുള്ള എല്ലാ കുറ്റകൃത്യങ്ങൾക്കും പിന്നിലെ 'കിംഗ് പിൻ' എന്ന പുതിയ പ്രചാരണം. കേന്ദ്ര അന്വേഷണ ഏജൻസികളെ കൂട്ടുപിടിച്ചുകൊണ്ടാണ് ഈ ആരോപണവും പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിക്കുന്നത്. ശിവശങ്കറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളണമെന്ന അന്വേഷണ ഏജൻസിയുടെ ഹർജി ഈ മാസം 30 നു ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. വിധി ശിവശങ്കറിന്‌ എതിരാണെങ്കിൽ അറസ്റ്റ് ഉടനെ തന്നെ ഉണ്ടാകും. തുടക്കം മുതൽക്കു തന്നെ ശിവശങ്കറിലുടെ പ്രതിപക്ഷം ലക്‌ഷ്യം വെക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ ആകയാൽ മുഖ്യമന്ത്രിക്കും സർക്കാരിനും കടുത്ത വെല്ലുവിളി ഉയർത്താൻ പോന്ന ഒന്ന് തന്നെയാവും ശിവശങ്കറിന്റെ അറസ്റ്റ്. ജോസ് കെ മാണി നയിക്കുന്ന കേരളാകോൺഗ്രസ് -എം മുന്നണി വിട്ടു എൽ ഡി എഫിൽ ചേർന്നതിന്റെ ക്ഷീണം മാറ്റാൻ ബദ്ധപ്പെടുന്ന യു ഡി എഫിനും കേരളത്തിലെ മുഖ്യ പ്രതിപക്ഷം തങ്ങളാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന ബി ജെ പി ക്കും ശിവശങ്കറിന്റെ അറസ്റ്റ് വർധിത ഊർജ്ജം പകരുമെന്ന കാര്യത്തിലും സംശയം വേണ്ട. ഇതോടൊപ്പം തന്നെ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയെ യു ഡി എഫിലേക്കു ഒളിച്ചുകടത്താൻ ശ്രമം നടത്തിവന്ന മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടിക്കും സംഘത്തിനും അവരുടെ ജോലി എളുപ്പാക്കുകയും ചെയ്യും. മുസ്ലിം ലീഗിനുള്ളിൽ നിന്നും സമസ്തയിൽ നിന്നുമുണ്ടായിരുന്ന എതിർപ്പിനെ വകവെക്കാതെ വെൽഫെയർ പാർട്ടിയുമായി പ്രാദേശിക ധാരണ എന്ന് പറഞ്ഞുപോന്നിരുന്ന അവരെ സംബന്ധിച്ചിടത്തോളം കോൺഗ്രസ് നേതാക്കളായ കെ മുരളീധരനും കെ സുധാകരനുമൊക്കെ വെൽഫെയർ പാർട്ടിക്ക് സ്തുതി പാടിയതോടെ കാര്യങ്ങൾ ഏതാണ്ട് എളുപ്പമായി കഴിഞ്ഞിരുന്നു. തുടക്കത്തിൽ മർക്കട മുഷ്ടി പിടിച്ചിരുന്ന കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിൽ പോലും ഇപ്പോൾ അയവുവന്നിരിക്കുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ഉപാധികളില്ലാതെ യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. വെൽഫെയർ പാർട്ടിയുടെ പിന്തുണ വടകരയിലെ തന്റെ വിജയത്തിന് സഹായകമായി എന്ന് കെ മുരളീധരൻ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് കണ്ണൂർ എം പി കെ സുധാകരനും ആർ എസ് പി നേതാവും കൊല്ലം എം പി യുമായ എൻ കെ പ്രേമചന്ദ്രനും വെൽഫെയർ പാർട്ടിയുടെ വരവിനോട് അനുകൂലമായ പ്രതികരണം നടത്തിയത്.

പ്രതിപക്ഷ ആരോപണങ്ങൾ ശരംപോലെ വന്നു തറക്കുമ്പോഴും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സർക്കാരിനും ഇടതു മുന്നണിക്കും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്ന പ്രതീതി സൃഷ്ടിക്കാനാണ് ആ ഭാഗത്തുനിന്നുമുള്ള ശ്രമങ്ങൾ. ലോക് താന്ത്രിക് ജനതാദളിന് പിന്നാലെ കേരളാകോൺഗ്രസ് - എം കൂടി യു ഡി എഫ് വിട്ടു എൽ ഡി എഫ് ചേരിയിലേക്കു വന്നതിലുള്ള ആഹ്ലാദത്തിലാണെങ്കിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണവും പെരുകുന്ന പ്രതിപക്ഷ ആരോപണങ്ങളും വലതു പക്ഷ മാധ്യമങ്ങൾ അതിനു നൽകുന്ന അകമഴിഞ്ഞ പിന്തുണയും വിതക്കുന്ന ആശങ്ക ഒട്ടും ചെറുതല്ല. സർക്കാർ വിരുദ്ധത തലക്കുപിടിച്ച ചില മാധ്യമങ്ങൾ അടുത്ത കാലത്തായി മാധ്യമ ജീർണതയുടെ അങ്ങേയറ്റം വരെയെത്തിയിരിക്കുന്നു എന്നത് വിളിച്ചോതുന്നതായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെയും മറ്റും കേട്ടാലറക്കുന്ന പ്രയോഗങ്ങൾ നടത്തുക വഴി കുപ്രസിദ്ധനായ ഒരാളെ മഹത്വവൽക്കരിക്കാൻ നടത്തിയ ശ്രമം. അയാളെ മഹത്വവൽക്കരിക്കാൻ ശ്രമിക്കുക മാത്രമല്ല അതിനെ ന്യായീകരിക്കാൻ കൂടി തയ്യാറാവുക വഴി ഒരു ചാനൽ അവതാരകൻ തന്റെ 'മഹത്വം' കൂടി മാലോകർക്കു മുൻപിൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുമുണ്ടായി. മാധ്യമ പ്രവർത്തകനും എഴുത്തുകാരനും സിനിമ പ്രവർത്തകനുമായ ഒ. കെ ജോണി ഇതേക്കുറിച്ചു തന്റെ ഫേസ്ബുക് പേജിൽ 'നമോവാകം' എന്ന ശീർഷകത്തിൽ ഇങ്ങനെ കുറിക്കുകയുണ്ടായി : 'കേരളത്തിലെ മുൻനിര വാർത്താ ചാനലുകളിലെ കണ്ഠകൗപീനവും കോട്ടും ധരിച്ച മലയാളി സായിപ്പന്മാരുമായ അവതാരക ബുദ്ധിജീവികളെല്ലാം യാസർ എടപ്പാളെന്ന നിരക്ഷരനായ ഒരാഭാസന്റെ സാംസ്കാരിക നിലവാരത്തിലുള്ള ജീർണ മനസ്സുകളാണ് തങ്ങളുമെന്നു സ്വന്തം ചാനലുകളിലൂടെ ലേശം വൈകിയാണെങ്കിലും സ്വയം വെളിപ്പെടുത്തിയത് ഏതായാലും നന്നായി. ഇടതു പാർട്ടികൾ ബഹിഷ്‌ക്കരിച്ചാലും ഗോവിന്ദച്ചാമിയെന്ന നികൃഷ്ട്ടനെയും ഭാഗ്യലക്ഷ്മിയുടെയും കൂട്ടുകാരികളുടെയും തല്ലുകൊണ്ട് താരമായ ആ അധമനായ ക്രിമിനലിനെയും പോലുള്ള സമാന മനസ്കരെ അതിഥികളായി ക്ഷണിച്ചിരുത്തി ഈ മാധ്യമോപജീവികൾ സർക്കാർ വിരുദ്ധ പ്രചാരണത്തിലൂടെ ധീരന്മാരായി അഭിനയിച്ചു പ്രേക്ഷകരെ രസിപ്പിച്ചുകൊള്ളും. മാധ്യമ പ്രവർത്തക വേഷമിട്ട വാടകഗുണ്ടകളുടെ തിണ്ണമിടുക്ക് തല്ക്കാലം ബൂമറാങ് ആയെങ്കിലും അതൊന്നും അവരെ പഠിപ്പിക്കാനിടയില്ല. അവർക്കു അവരുടെ 'മങ്കിബാത്' അഭംഗുരം തുടരാനും അതുവഴി പവിത്രമായ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുവാനും കഴിയുമാറാകട്ടെ'.
എന്നാൽ ഇടതുപക്ഷ വിരുദ്ധത തലയ്ക്കു പിടിച്ച ചില ചാനൽ അവതാരകരുടെ കോപ്രായങ്ങളും മാധ്യമ മാന്യതക്ക് പുല്ലുവില കൽപ്പിച്ചു നിറംപിടിപ്പിച്ച കള്ളക്കഥകൾ എഴുതിയും പറഞ്ഞും പ്രചരിപ്പിക്കുന്ന മാധ്യമ പ്രവർത്തനവും തുറന്നു കാണിക്കാൻ ശ്രമിച്ചതുകൊണ്ടു മാത്രം കാര്യമായില്ല. സർക്കാരിനും അതിനെ നയിക്കുന്നവർക്കുമെതിരെ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളെ വെറുതെ പുച്ഛിച്ചു തള്ളുന്നതിനു പകരം സ്വയം വിമർശനത്തിന് തായ്യാറാവുകയും വീഴ്ചകളോ കുറവുകളോ സംഭവിച്ചിട്ടുണ്ടോയെന്നു ആത്മാര്‍ത്ഥമായ പരിശോധനക്ക് തയ്യാറാവുകയും തെറ്റ് ഉണ്ടെങ്കിൽ അവ തിരുത്താൻ തയ്യാറാവുകയാണ് വേണ്ടത് എന്നുകൂടി ഇത്തരുണത്തിൽ പറഞ്ഞുകൊള്ളട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
കെ എ ആന്റണി

കെ എ ആന്റണി

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories