TopTop
Begin typing your search above and press return to search.

2020ലെ തെരഞ്ഞെടുപ്പില്‍ അന്തരീക്ഷ മലിനീകരണം അജണ്ടയാകുമോ? ഡല്‍ഹി എന്ന വിഷവാതക അറ

2020ലെ തെരഞ്ഞെടുപ്പില്‍ അന്തരീക്ഷ മലിനീകരണം അജണ്ടയാകുമോ? ഡല്‍ഹി എന്ന വിഷവാതക അറ

ഡല്‍ഹി വിഷം ശ്വസിക്കുന്ന സമയമാണ് ഇത്. ഈ വര്‍ഷവും ഒക്ടോബര്‍ 27 നു ദിപാവലി രാത്രിക്കു ശേഷം തലസ്ഥാന നഗരത്തെ ആരോഗ്യ പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട് വിഷവാതക വായു ഡല്‍ഹിയില്‍ നിറഞ്ഞിരിക്കുകയാണ്. അധികാര കേന്ദ്രമായിരുന്നിട്ട് കൂടിയും ഡല്‍ഹിയിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇത് വരെയും വര്‍ഷം തോറുമുള്ള ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളുമായി മുന്നോട്ട് വരാന്‍ കഴിഞ്ഞിട്ടില്ല.

അക്ഷരാര്‍ത്ഥത്തില്‍, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഡല്‍ഹിയിലെ താരതമ്യേന മലിനീകരണം കുറഞ്ഞ അന്തരീക്ഷവായുവിന്റെ പേരില്‍ സര്‍ക്കാര്‍ സ്വയം അഭിനന്ദിക്കുകയും പിന്നീട് മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയുകയുമാണ് ഉണ്ടായത്. തെരഞ്ഞെടുപ്പ് അടുത്തതോടെ കേന്ദ്രവും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകുകയും രാഷ്ട്രീയ പ്രേരിതമാകുകയും ചെയ്തു.

ഡല്‍ഹിയുടെ പരിതാപകരമായ വായുനിലവാരത്തിന്റെ കാരണങ്ങള്‍ ആര്‍ക്കും അറിയാത്തതല്ല. ഉയര്‍ന്ന വാഹന സാന്ദ്രതയ്ക് പുറമെ, അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയിലെയും ഉത്തര പഞ്ചാബിലെയും പാടങ്ങളില്‍ കൊയ്ത്തു കഴിഞ്ഞു ഒന്നിച്ചു കത്തിക്കുന്ന ധാന്യ കുറ്റികളില്‍ നിന്നുള്ള പുക തണുത്ത വായുവുമായി ചേരുന്നത് വിഷ വാതക അറയായി ഡല്‍ഹിയെ മാറ്റുന്നു. ഇത് വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പുകയും, കെട്ടിട നിര്‍മ്മാണ സൈറ്റുകളില്‍ നിന്നുള്ള പൊടിയും, വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യ പുകയുമായി ചേരുമ്പോള്‍ ഒരു വിഷവാതക കോക്ക്‌ടെയില്‍ തന്നെ ഉണ്ടാക്കപ്പെടുന്നു. ധാന്യകുറ്റികള്‍ കത്തിക്കുന്നത് വഴി 27 ശതമാനം അന്തരീക്ഷ മലിനീകരണം സംഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. വര്‍ഷങ്ങളായി കൊയ്ത്തിനു ശേഷം ധാന്യക്കുറ്റികള്‍ കത്തിക്കാറുള്ളത് കൊണ്ടും കര്‍ഷകരെ പിണക്കാന്‍ താല്പര്യമില്ലാത്തതിനാലും, അടുത്ത വിളയ്ക്കു മുന്നൊരുക്കമായി പാടം സജ്ജമാക്കാന്‍ മറ്റൊരു സമ്പ്രദായം കണ്ടെത്താന്‍ കഴിയാത്തതിനാലും ഹരിയാന പഞ്ചാബ് സര്‍ക്കാരുകള്‍ വെറും ഭംഗി വാക്കുകള്‍ക്കപ്പുറം ഈ വിഷയത്തില്‍ കാര്യമായൊന്നും ഇതുവരെ ചെയ്തിട്ടില്ല. സാങ്കേതിക തലത്തിലുള്ള പോംവഴികള്‍ ചിലവേറിയതായതിനാലും കര്‍ഷകര്‍ സര്‍ക്കാര്‍ സഹായം കൂടാതെ തങ്ങളുടെ ആദായത്തില്‍ നിന്ന് ഇതിലേക്ക് പണം ചിലവാക്കാന്‍ തയ്യാറല്ലാത്തതിനാലും സാങ്കേതിക പരിഹാരങ്ങളും പ്രയോഗിമായിട്ടില്ല.

എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ഇപ്പോഴും 'സിവിയര്‍' വിഭാഗത്തില്‍ തന്നെ തുടരുന്നു എന്നതാണ് ഇതിന്റെയെല്ലാം പരിണിത ഫലം. മനുഷ്യരുടെ ദൈനംദിന ജീവിതവും സ്‌കൂളുകളുടെ പ്രവര്‍ത്തനവും എന്തിനേറെ പറയുന്നു, ഇന്ത്യ ശ്രീലങ്ക ടി 20 മാച്ചുകള്‍ ഉള്‍പ്പെടെയുള്ളവ അനിശ്ചിതത്വത്തിലായി. കാര്‍ വില്പനയുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നടപടികളില്‍ ആശ്രയിക്കുകയാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ഡല്‍ഹി സര്‍ക്കാര്‍ ചെയ്യുന്നത്. ഇതില്‍ നിന്ന് അന്തരീക്ഷമലിനീകരണ വിഷയത്തില്‍ കൈവരിച്ച നേട്ടങ്ങളാകട്ടെ തര്‍ക്കവിഷയമാണ് താനും. കാര്‍ നിയന്ത്രണത്തിനായി കൊണ്ട് വന്നിട്ടുള്ള ഓഡ് - ഈവന്‍ സ്‌കീമിനെ വിദഗ്ദര്‍ തട്ടിക്കൂട്ട് പരിഹാരമായാണ് കണക്കാക്കുന്നത്. നയപരമായ ഒരു പദ്ധതിയുടെ അഭാവം തന്നെയാണ് ഈ വിഷയത്തില്‍ കാണാന്‍ സാധിക്കുന്നത്. സര്‍ക്കാരും മറ്റ് ഏജന്‍സികളും ഒരുപോലെ കൈകോര്‍ത്തു വിചാരിച്ചെങ്കില്‍ മാത്രമേ എന്തെങ്കിലും പുരോഗതി ഈ വിഷയത്തില്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളു. ദീപാവലി പടക്കങ്ങളുടെ നിരോധനം പോലെയുള്ള നിസാരമായ തീരുമാനങ്ങളില്‍ പോലും ഒത്തൊരുമിച്ചു ഒരു തീരുമാനത്തില്‍ എത്തിച്ചേരാന്‍ നിലവില്‍ സാധിച്ചിട്ടില്ല. ദീപാവലിക്ക് പടക്കം പൊട്ടിച്ചു കൊണ്ടുള്ള ആഘോഷങ്ങള്‍ നിരോധിച്ചു കൊണ്ട് സുപ്രീം കോടതിയുടെ വിധിയുണ്ടാവുകയും ഇ-ക്രാക്കേഴ്‌സ് ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്തുവെങ്കില്‍ കൂടിയും, ഒരു വിഭാഗം ഇതിനെ മനസിലാക്കുന്നത് ഹിന്ദു ഉത്സവങ്ങളോടുള്ള അധികൃതരുടെ ചൊരുക്ക് ആയാണ്. പടക്ക നിരോധനത്തിന് മതപരമായ ഒരു അര്‍ഥം നല്‍കപ്പെടുകയും തല്‍ഫലമായി ഇത്തവണ ഡല്‍ഹിയില്‍ മുന്നറിയിപ്പുകള്‍ വലിച്ചെറിഞ്ഞു കൊണ്ടു, വമ്പിച്ച രീതിയിലുള്ള പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങള്‍ നടക്കുകയുമാണുണ്ടായത്. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ് ഉണ്ടായത്. ധാന്യക്കുറ്റികള്‍ കത്തിക്കുന്നതില്‍ നിന്നുള്ള പുക ഇക്കുറി 46 ശതമാനമാണ് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ പങ്കു വഹിച്ചതെന്നു ദി സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് (SAFAR) വെളളിയാഴ്ച അവകാശപ്പെട്ടിരുന്നു.

മനുഷ്യരുടെ നിലനില്പിനെ തന്നെ ബാധിക്കുന്ന ഇത്തരം ഒരു അടിയന്തിര പ്രശ്നത്തെ പരിഹരിക്കുവാന്‍ തക്കവണ്ണമുള്ള ഒരു ദീര്‍ഘകാലാടിസ്ഥാന പദ്ധതിയാണ് രൂപീകരിക്കപ്പെടാതെ പോകുന്നത് എന്നതില്‍ തര്‍ക്കമില്ല. എന്നിരുന്നാലും, അടുത്ത തലമുറയെ ബാധിക്കുന്ന വിപത്തുകളെക്കുറിച്ച് വര്‍ദ്ധിച്ച അവബോധം ഉണ്ടാകുന്നുവെന്നതാണ് ഇപ്പോഴുള്ള ഒരേയൊരു പ്രത്യാശാവഹമായ കാര്യം. ഉടനെ തന്നെ തീരുമാനമെടുക്കേണ്ടതായ ഒരുപാട് വശങ്ങള്‍ ഈ പ്രശ്‌നത്തിനുണ്ട്. ഒന്നാമതായി ധാന്യക്കുറ്റികള്‍ കത്തിക്കുന്നതിനു പകരം കര്‍ഷകര്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന മറ്റൊരു രീതിയെ കുറിച്ച് ഉടനെ തന്നെ ചിന്തിക്കേണ്ടതുണ്ട്. കൊയ്ത്തിനു ശേഷം പാടങ്ങളില്‍ ബാക്കിയായ ധാന്യക്കുറ്റികള്‍ നീക്കം ചെയ്യാന്‍ കത്തിക്കല്‍ അല്ലാത്ത മറ്റൊരു പ്രായോഗിക രീതി കണ്ടെത്തേണ്ടതുണ്ട്. പക്ഷെ ഇതിനായി ഏതെങ്കിലും തരത്തില്‍ ഉള്ള മെഷീനുകള്‍ ഉപയോഗിക്കണമെങ്കില്‍ മൂലധനം ആവശ്യമാണ്.

പ്രശ്നം നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ വലുതാണ് എന്നതാണ് വിദഗ്ദരുടെ അഭിപ്രായം. പരമ്പരാഗതമായ കൃഷിക്ക് പുറമെ ഹരിയാനയുടെയും പഞ്ചാബിന്റെയും സമതല പ്രദേശങ്ങളില്‍ ഇറക്കുന്ന വിളകള്‍ക്കു പാടം ഒരുക്കാനായാണ് ഈ കുറ്റികള്‍ കത്തിക്കുന്നത്. അസന്തുലിതമായ കൃഷി വിളകളും കൃഷി രീതികളും ഉത്തര സമതല പ്രദേശങ്ങളില്‍ അവസാനിപ്പിക്കുന്നതിനെ അനുകൂലിച്ചു കൊണ്ടുള്ള വാദങ്ങള്‍ ഒരു വശത്തു ശക്തമായി നിലവിലുണ്ട്. ഭൂഗര്‍ഭ ജലത്തെ ആശ്രയിച്ചു കൊണ്ടുള്ള ജലസേചന രീതികള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്. നെല്‍കൃഷിയില്‍ നിന്ന് ഈ സംസ്ഥാനങ്ങളെ പിന്തിരിപ്പിക്കുന്നതിനായി ഇവിടങ്ങളില്‍ നിന്ന് ധാന്യശേഖരണം കുറച്ചു കൊണ്ടുള്ള പ്രാധാന്യമര്‍ഹിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ പ്രശ്‌നത്തിന് ഫലം കാണാന്‍ സാധിക്കും. ഹ്രസ്വകാല നടപടികള്‍ ഹ്രസ്വകാല പരിഹാരങ്ങള്‍ മാത്രമേ നല്‍കുകയുള്ളൂ. താത്കാലിക പരിഹാരം ഉദ്ദേശിച്ചുള്ള ലക്ഷ്യങ്ങള്‍ക്കു പ്രത്യേകിച്ച് ഫലങ്ങളൊന്നും നല്‍കാന്‍ സാധിക്കില്ല. അതിനുള്ള സമയം എപ്പോഴേ അതിക്രമിച്ചിരിക്കുന്നു ഈ അവസ്ഥയില്‍ നിന്ന് പൂര്‍ണ്ണമായൊരു തിരിച്ചുപോക്ക് ഇനി അസാധ്യമാണ്. എന്നിരുന്നാല്‍ കൂടിയും ഈ വര്‍ഷം എടുക്കുന്ന നടപടികള്‍ കൊണ്ട് അടുത്ത വര്‍ഷം പ്രകടമായ മാറ്റം ഉണ്ടാക്കാന്‍ തീര്‍ച്ചയായും സാധിക്കും.

കാരണങ്ങളും പരിഹാരങ്ങളും ഒരുപോലെ അറിവുള്ള ഒരു വിഷയമാണ് ഇത്. രാഷ്ട്രീയ ഇച്ഛ ശക്തിയാണ് മുന്നിലുള്ള ഒരേ ഒരു മാര്‍ഗം; അതുണ്ടാകും വരെ സ്ഥിഗതികള്‍ക്കു കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല. ഇപ്പോള്‍ കാലാവസ്ഥ ദൈവങ്ങളുടെ കരുണയ്ക്കു പുറത്താണ് മനുഷ്യരുടെ ദൈനംദിന ജീവിതം നിലനില്‍ക്കുന്നത്. കാറ്റിന്റെ ഗതിക്കു മാറ്റം വരുന്നതനുസരിച്ചു കട്ടിയുള്ള സ്‌മോഗിന്റെ ആവരണം ഡല്‍ഹിയെ പൊതിയും. വര്‍ഷം മുഴുവനുള്ള ഒരു പ്രശ്‌നമായി ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്ഡക്‌സിനെ കണക്കാക്കാതെ ശൈത്യകാലത്തു രണ്ടു മാസം മാത്രം ഉയരുന്ന ഒരു പ്രശ്‌നമായിട്ടാണ് അധികൃതര്‍ ഈ വിഷയത്തെ സമീപിക്കുന്നത്. മലിനീകരണം ജീവിക്കാന്‍ പറ്റാത്ത തരത്തില്‍ അന്തരീക്ഷ വായുവിനെ ബാധിക്കുന്നതു ദീപാവലിക്ക് ശേഷം മാത്രമാണ് എന്നേയുള്ളു. വര്‍ഷം മുഴുവന്‍ മലിനീകരണത്തിന്റെ തോത് ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. ഇത് ഡല്‍ഹിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു പ്രശ്‌നമല്ല. ഉത്തര സമതല പ്രദേശങ്ങള്‍ മുഴുവന്‍ തന്നെ ഈ വിഷ വായുവാണ് ശ്വസിക്കുന്നത്. ആഗ്ര, കാണ്‍പൂര്‍, മീററ്റ്, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ ചെറിയ നഗരങ്ങളിലും സ്ഥിതിഗതികള്‍ ഇത്രത്തോളം തന്നെ രൂക്ഷമാണ്. തലസ്ഥാന നഗരം എന്ന നിലയില്‍ ഡല്‍ഹിക്കു കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നു എന്നേയുള്ളു. അതെ സമയം തന്നെ, വാഹന സാന്ദ്രതയുടെ ഉയര്‍ന്ന തോത് മൂലം ഡല്‍ഹിയില്‍ ഈ പ്രശ്‌നം ഉച്ചസ്ഥായിയിലെത്തി നില്‍ക്കുന്നുമുണ്ട് . രാജ്യ തലസ്ഥാനത്തെ ജനസാന്ദ്രത ക്രമാതീതമായി വളര്‍ന്നിട്ടുണ്ട് എന്നതുകൊണ്ട് തന്നെ ഡല്‍ഹിയുടെ അനുബന്ധ നഗരങ്ങളില്‍ നിന്ന് ഡല്‍ഹിയെ പൂര്‍ണമായും മാറ്റി നിര്‍ത്താനും കഴിയില്ല. ഈ പ്രശ്‌നത്തിന് എളുപ്പവഴികള്‍ ഒന്നും തന്നെയില്ലെന്നു ചുരുക്കം. 2020 ന്റെ ആദ്യ പകുതിയില്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്തരീക്ഷ മലിനീകരണ നിര്‍മ്മാര്‍ജ്ജനം രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ അജണ്ടയാകേണ്ടതുണ്ട്. അജണ്ടകളുടെ മുന്‍ഗണയില്‍ രേഖപ്പെടുത്തേണ്ട വിഷയമാണെങ്കില്‍ കൂടിയും ഇത്തരം വിഷയങ്ങള്‍ രാഷ്രീയ വ്യവഹാരങ്ങളില്‍ ഒന്നും തന്നെ ഇടം പിടിക്കാത്ത തരത്തിലാണ് ഭരണ സംവിധാനത്തിന്റെ രൂപഘടന തന്നെ. ഒരു ശാശ്വത പരിഹാരം കണ്ടെത്തുന്നതു വരെ, ഡല്‍ഹിയിലെ പുതുതലമുറയിലെ കുട്ടികള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും വിഷമയമായ വായുവാണ് അനന്തരാവകാശമായി കിട്ടുക.

Next Story

Related Stories