TopTop
Begin typing your search above and press return to search.

മുദ്ര വെച്ച കവറിലെ നീതിയില്ലായ്മ, സ്വയം കുഴിച്ച കുഴികളിൽ വീഴുന്ന നീതിന്യായ വ്യവസ്ഥ, എന്തുകൊണ്ട് രഞ്ജന്‍ ഗൊഗോയ് പുതിയ പദവി നിരസിക്കണമായിരുന്നു-ജസ്റ്റീസ് മദൻ ബി ലോകൂർ എഴുതുന്നു

മുദ്ര വെച്ച കവറിലെ നീതിയില്ലായ്മ, സ്വയം കുഴിച്ച കുഴികളിൽ വീഴുന്ന നീതിന്യായ വ്യവസ്ഥ, എന്തുകൊണ്ട് രഞ്ജന്‍ ഗൊഗോയ് പുതിയ പദവി നിരസിക്കണമായിരുന്നു-ജസ്റ്റീസ് മദൻ ബി ലോകൂർ എഴുതുന്നു

പ്രശസ്ത ഇംഗ്ലീഷ് ഗായകന്‍ ബോബ് ഡിലനോട് എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്, അതിന്റെ ഉത്തരമാകട്ടെ അദ്ദേഹത്തിന്റെ പാട്ടില്‍ പറയുന്നതു പോലെ കാറ്റത്തു പാറി നടക്കുന്ന ഒന്നല്ലതാനും: എത്ര വയ്‌ക്കോല്‍ നാരുകളുടെ ഭാരത്താലാണ് ഒരു ഒട്ടകത്തിന്റെ മുതുകു തകരുക?

കുറച്ചു വര്‍ഷങ്ങളായി, വിവിധ വശങ്ങളില്‍ നിന്നും വരുന്ന വെല്ലുവിളികള്‍ നേരിടുന്നതിനിടയില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയും, സ്വാതന്ത്ര്യവും ചോര്‍ന്നുപോകുന്നുണ്ടോ എന്ന സംശയത്തില്‍നിന്നുമാണ് ഈ ചോദ്യം. ഇതിനുമുന്‍പ് ഇന്ത്യന്‍ നീതിപീഠം ഇത്തരമൊരവസ്ഥ അനുഭവിച്ചത് അടിയന്തരാവസ്ഥ കാലത്തു മാത്രമാണ്.

കേസുകളുടെ ലിസ്റ്റിംഗ്, ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവും തുടങ്ങി നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനപരമായ പല കാര്യങ്ങളെ സംബന്ധിച്ചും ഈയിടെയായി ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. സുപ്രീം കോടതി എടുത്ത പല തീരുമാനങ്ങളും, ചിലരെ അത്ഭുതപ്പെടുത്തുകയും നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തിന് എതിര് നില്‍ക്കുന്നവരുടെ താല്‍പര്യങ്ങള്‍ക്കു വഴങ്ങുന്നു എന്ന് പ്രധാനവിമര്‍ശനം കേള്‍പ്പിക്കുകയും ചെയ്യുന്നു.

മുദ്ര വെച്ച കവറിലെ നീതിയില്ലായ്മ

നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയെ സംബന്ധിച്ച് പ്രധാന സംശയങ്ങളുയര്‍ത്തുന്ന മൂന്ന് സംഭവികാസങ്ങളാണ് നടന്നിരിക്കുന്നത്. അവയോരോന്നും പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്. ഒന്നാമതായി മുദ്ര ചെയ്ത കവറിലൂടെ നടത്തുന്ന നീതി നിര്‍വഹണ പ്രക്രിയയുടെ ആരംഭമാണ്. ഈ വ്യവസ്ഥ പ്രകാരം മുദ്ര പതിപ്പിച്ച കവറില്‍ ജഡ്ജിന് മുന്‍പാകെ സമര്‍പ്പിക്കുന്ന രേഖകള്‍ മറ്റാര്‍ക്കും വായിക്കുവാനോ പരിശോധിക്കുവാനോ അവകാശമുള്ളതല്ല. എവിഡന്‍സ് ആക്ട് എന്ന നിയമത്തിനു കീഴില്‍ ഇത്തരമൊരു നടപടിക്ക് സാധുതയുണ്ടെങ്കിലും അതിനു നിരവധി നടപടിക്രമങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്. ഏതു വകുപ്പാണോ ഇത്തരമൊരു കവര്‍ സമര്‍പ്പിക്കുന്നത്, പ്രസ്തുത വകുപ്പിന്റെ തലവന്‍ രേഖകളെ സംബന്ധിച്ച ഒരു സത്യവാങ്മൂലം എഴുതി ഒപ്പിട്ടു നല്‍കേണ്ടതുണ്ട്. ഈ വ്യവസ്ഥയിലൂടെ രേഖകള്‍ സ്വീകരിക്കണോ വേണ്ടയോ എന്ന്, രേഖകളുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ജഡ്ജിക്ക് തീരുമാനിക്കാവുന്നതാണ്. തത്വത്തില്‍ (തത്വത്തില്‍ ഈ രേഖകള്‍ ആരും കാണുന്നില്ല) റഫേല്‍ കേസുകളെ സംബന്ധിച്ച രേഖകളുടെ കാര്യത്തില്‍ ഈ പ്രത്യേകാവകാശം അംഗീകരിച്ചു കൊടുക്കുകയും, കശ്മീരിലെ കുട്ടികളെ തടവിലിട്ട കാര്യത്തില്‍ തള്ളിക്കളയേണ്ടതുമാണ്.

എന്നാല്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയാകട്ടെ ഇത്തരം കേസുകളുടെ രേഖകള്‍ പുറത്തുവിടാതെ എവിഡന്‍സ് ആക്ട് എന്ന നിയമത്തിന്റെ നിബന്ധനകള്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്. മുദ്ര വച്ച കവറില്‍ തെളിവുകള്‍ ശേഖരിച്ചപ്പോഴൊന്നും അതിന്റെ കൂടെ തന്നെ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ട സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല എന്ന് കാണാം.

ഇതിനുമുന്‍പും കോടതികള്‍ മുദ്രവെച്ച കവറില്‍ രഹസ്യ രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്, എന്നാല്‍ അതൊക്കെയും കേസുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകളായിരുന്നു. അന്വേഷണത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തരുത് എന്ന ലക്ഷ്യത്തോടെയായിരുന്നു അത്തരം രേഖകള്‍ രഹസ്യമായി സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി ഇപ്പോള്‍ സമര്‍പ്പിക്കപ്പെടുന്ന രേഖകളുടെ സ്വഭാവത്തെ അടിസ്ഥാനപ്പെടുത്തിയാണ് അവ പരസ്യമാക്കണമോ വേണ്ടയോ എന്നുള്ള തീരുമാനമെടുക്കുന്നത്.

ഉദാഹരണത്തിന് കശ്മീരിലെ കുട്ടികളെ സംബന്ധിച്ചുള്ള ജുവനൈല്‍ കമ്മിറ്റിയുടെ അവസാന റിപ്പോര്‍ട്ട് പരാതിക്കാര്‍ക്കോ അവരുടെ അഭിഭാഷകര്‍ക്കോ നല്‍കേണ്ടതില്ല എന്ന കോടതിയുടെ തീരുമാനം, ആ റിപ്പോര്‍ട്ടുകളുടെ സൂക്ഷ്മപരിശോധനയ്ക്കു ശേഷമായിരുന്നു. അറിയാനുള്ള അവകാശം എന്നത് തല്‍ക്കാലത്തേക്ക് റദ്ദു ചെയ്യപ്പെട്ടിരിക്കുന്നു. രഹസ്യങ്ങളും മറച്ചുപിടിക്കലുകളും അടിസ്ഥാനപ്പെടുത്തിയുള്ള ഈ കളിയില്‍ ഭരണകൂടത്തിന് കോടതിക്കും നിയമവ്യവസ്ഥയ്ക്കും മേല്‍ അധികാരം നേടാന്‍.കഴിയുന്നു.

ഇത്തരം രഹസ്യാത്മകത മറ്റു കേസുകളിലും തുടരുന്നതായി കാണാം. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെ വന്ന ഒരു ലൈംഗികാതിക്രമാരോപണത്തെ സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടും നേരത്തെ പറഞ്ഞത് പോലെ മുദ്ര ചെയ്ത കവറിലാണ് സമര്‍പ്പിക്കപ്പെട്ടത്. പരാതിക്കാരിയായ സ്ത്രീക്കുപോലും അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. തന്റെ പരാതിയുടെ മേല്‍ നടക്കുന്ന അന്വേഷണത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ പരാതിക്കാരിയറിയേണ്ട എന്നാണോ കോടതി പറയുന്നത്.

ഇപ്പോള്‍ അത്തരമൊരു ഗൂഢാലോചന ഉണ്ടായിരുന്നുവോ ഇല്ലയോ എന്ന് പോലും നമുക്കറിയില്ല. ജനങ്ങളറിയാതിരിക്കാന്‍ ചില അപ്രിയ സത്യങ്ങള്‍ മറച്ചുവയ്ക്കാനാണോ കോടതി ഇവ രഹസ്യമായി സൂക്ഷിക്കുന്നത്. മേല്പറഞ്ഞ കേസിലെ പരാതിക്കാരിയെ അന്വേഷണങ്ങള്‍ക്കു മുന്‍പ് പുറത്താക്കുകയും, പിന്നീട് അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു വന്നപ്പോള്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കി തിരിച്ചെടുക്കുകയും ചെയ്തു. അങ്ങനെയാണെങ്കില്‍ ആ ആരോപണനത്തില്‍ സത്യമുണ്ട് എന്നല്ലേ ആ നടപടി സൂചിപ്പിക്കുന്നത്.

ഇനി ഗൂഢാലോചനയുടെ കാര്യമാണെങ്കില്‍, അങ്ങനെ ഒരു ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ എന്താണ് കോടതി ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടികളെടുക്കുവാന്‍ താമസിക്കുന്നത്. ഇനി അങ്ങനെ ഒരു ഗൂഢാലോചന നടന്നിട്ടില്ല എന്നാണെങ്കില്‍ ഇത്തരമൊരു തീരുമാനവും അതെടുക്കാനുണ്ടായ സാഹചര്യത്തെയും പൊതുജന സമക്ഷം അവതരിപ്പിക്കാനെന്തിനു മടി കാണിക്കണം. ഇത്തരമൊരു പ്രധാന വിഷയത്തില്‍ ഗൂഢാലോചനയാരോപിച്ച വ്യക്തിക്കെതിരെ നടപടിയെടുക്കാന്‍ ഇത്രയും കാലതാമസമെന്തിനാണ്. കുറ്റാരോപിതന്റെ അധ്യക്ഷതയില്‍ നടന്ന വാദം കേള്‍ക്കല്‍ മുതല്‍ സകലതും ഒരു അസംബന്ധ നാടകം മാത്രമായിരുന്നെന് തോന്നുന്നു, ഒരു പക്ഷെ ഒരിക്കല്‍ എല്ലാ സത്യങ്ങളും പുറത്തു വരിക തന്നെ ചെയ്യും. കശ്മീരിലെ ബാല തടവുകാരുടെ കേസിലേതുപോലെ, മുദ്രചെയ്ത കവറില്‍ അടക്കം ചെയ്ത രേഖകള്‍ തെളിവുകളായി സ്വീകരിച്ചു നടപടികളെടുക്കുന്ന സുപ്രീം കോടതി മറ്റു കീഴ്‌കോടതികള്‍ ഇങ്ങനെ ചെയുന്നത് വിലക്കുകയും ചെയുന്നു. ഒരു മുന്‍ ക്യാബിനറ്റ് മന്ത്രിയെയും പാര്‍ലമെന്റ് അംഗത്തെയും തടവില്‍ വയ്ക്കാനായി മുദ്രവെച്ച കവറില്‍ രേഖകള്‍ തെളിവായി സ്വീകരിച്ചപ്പോള്‍ സുപ്രീം കോടതി ഇങ്ങനെ നിരീക്ഷിക്കുമായുണ്ടായി.

'ഇവിടെ കുറ്റം തെളിയിക്കുവാനായി മുദ്രവെച്ച കവറില്‍ ചില രേഖകള്‍ തെളിവുകളായി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഈയൊരവസരത്തില്‍ അതൊരു തെളിവായി സ്വീകരിക്കുവാന്‍ ഞങ്ങള്‍ താല്പര്യപ്പെടുന്നില്ല. ഇവിടെ സമര്‍പ്പിച്ച തെളിവുകള്‍ മുദ്ര വെച്ച കവര്‍ തുറന്നു ഹൈക്കോടതി ജഡ്ജി വായിക്കുകയും പരിശോധിച്ചു വിധി പറയുകയും ചെയ്തെങ്കിലും ഇപ്പോള്‍ ആ വിധി അസാധുവായിരിക്കുകയാണ്. ആയതിനാല്‍ ഞങ്ങള്‍ക്കും പ്രസ്തുത രേഖകള്‍ പരിശോധിക്കാതിരിക്കാന്‍ നിര്‍വാഹമില്ല, അങ്ങനെ നടത്തിയ പരിശോധനയില്‍ കണ്ട കാര്യങ്ങള്‍ ഞങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്തുവാന്‍ താല്‍പ്പര്യപ്പെടുന്നില്ല. എന്നിരുന്നാലും അവയില്‍ പറഞ്ഞിരിക്കുന്നതത്രയും ആരോപണങ്ങളാണ്, ആ ആരോപണങ്ങള്‍ നമ്മള്‍ കോടതിയില്‍ വിചാരണ ചെയ്യേണ്ടവയും അതെസമയം കുറ്റാരോപിതനും സഹപ്രതികള്‍ക്കും സ്വന്തം ഭാഗം വിശദമാകാനുള്ള സമയം ലഭിക്കുകയും ചെയ്യണ്ടതാണ്. അത്തരത്തില്‍ മാത്രമേ ഇത്തരമൊരു ഒരു കേസില്‍ വിധി പ്രഖ്യാപിക്കുവാന്‍ നിര്‍വാഹമുള്ളൂ. അതിനാല്‍ ഞങ്ങളുടെ അഭിപ്രായത്തില്‍ മുദ്ര വെച്ച കവറിലെ രേഖകള്‍ പരിശോധിച്ചു ഹൈക്കോടതി ജഡ്ജി എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ ന്യായീകരിക്കത്തക്കതല്ല.

ഇനി ഇതേ പോലെ തന്നെ പ്രമാദമായ അയോദ്ധ്യ കേസിന്റെ വിധിയും മറ്റൊരു തരം രഹസ്യാത്മകതയുടെ ഉത്തമോദാഹരണമാണ്, ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും വിധി പുറപ്പെടുവിച്ച ജഡ്ജിമാരുടെ പേരുകള്‍ രേഖപ്പെടുത്താത്ത ഒരു കോടതി ഒരു കേസിനു തീര്‍പ്പുകല്‍പ്പിക്കുന്നത്. അയോദ്ധ്യ കേസിലെ വിധി ജഡ്ജിമാരെല്ലാവരും ചേര്‍ന്ന് ഏകസ്വരത്തിലെടുത്തതാണെന്നു പറയുന്നുവെങ്കില്‍, പിന്നീടെന്തിനായിരുന്നു അതേ വിധിയില്‍ ഒരു അനുബന്ധം കൂട്ടിചേര്‍ത്തത്. . വെറും അഞ്ചുപേര്‍ക്കും മാത്രമേ ഈ രഹസ്യത്തിനുത്തരമറിയാവൂ, ആ അഞ്ചുപേരാകട്ടെ കോക്കോകോളയുടെ രഹസ്യമറിയാവുന്ന അഞ്ചുപേരെ പോലെ നിഗൂഢവുമാണ്. നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ ഇത്തരത്തിലുള്ള ഒരു മോശം പ്രവണതയാരംഭിച്ചിരിക്കുകയാണ്, അതെത്രത്തോളം പോകുമെന്നു കണ്ടറിയണം.

കേസുകളുടെ മുന്‍ഗണനാക്രമം കേസുകള്‍ പരിഗണിക്കുന്നതിലും വാദം കേള്‍ക്കുന്നതിലും സുപ്രീംകോടതി മുന്പില്ലാതിരുന്ന ഒരു കീഴ്‌വഴക്കം കൂടിയാരംഭിച്ചിരിക്കുകയാണ്, പ്രത്യേകിച്ച് പൊതുതാത്പര്യഹര്‍ജികള്‍ പരിഗണിക്കുന്ന കാര്യത്തില്‍.

ഒരു പൊതു താത്പര്യ ഹര്‍ജി പരിഗണിക്കുന്നതിന് രണ്ടു പ്രധാന നിബന്ധനകളാണുള്ളത്. ഒന്ന്, പരാതി നല്‍കുന്ന വ്യക്തി വിശ്വസ്തനായ പൊതുതാത്പര്യ ഹര്‍ജിക്കാരനായിരിക്കണം. രണ്ട്, പൊതു താത്പര്യ ഹര്‍ജി ജനങ്ങളുടെ പൊതുവായുള്ള വിഷയത്തെ സംബന്ധിച്ചിട്ടുള്ളതായിരിക്കണം. ഈ രണ്ടു നിബന്ധനകളും പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ചുമതല കോടതിയുടേത് മാത്രമാണ്. ഇവ രണ്ടും പാലിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പൊതു താത്പര്യ ഹര്‍ജി വിധി തീര്‍പ്പാകുന്നത് വരെ വാദം കേള്‍ക്കേണ്ടതുണ്ട്, അതിനു യാതൊരു വിധ നിബന്ധനകളോ തടസ്സങ്ങളോ വയ്ക്കുവാന്‍ പാടുള്ളതല്ല.

ഇനി മേല്പറഞ്ഞ നിബന്ധനകളില്‍ ഒന്നെങ്കിലും ശരിയല്ലെന്ന് തെളിഞ്ഞു കഴിഞ്ഞാല്‍ കോടതിക്കു മുഴുവന്‍ പരാതിയും തള്ളിക്കളയുവാനും സാധിക്കുന്നതാണ്.

പൊതു താല്പര്യ ഹര്‍ജിക്കാരന്‍ കോടതി നടപടികളുമായി സഹകരിക്കുകയാണ് സാധാരണ പതിവ്, ഇനി ഒരു പ്രത്യേകാവസരത്തില്‍ ഹര്‍ജിക്കാരന്‍ പിന്മാറുകയോ കോടതി നടപടികളോട് സഹകരിക്കാതെ വരികയോ ചെയ്യുകയാണെങ്കിലും മറ്റു സംവിധാനങ്ങള്‍ ഉപയോഗിച്ച് പരാതിയെന്മേല്‍ വാദം തുടര്‍ന്നുകൊണ്ടുപോകേണ്ടതുണ്ടെന്നാണ് നിയമം. പൊതുതാത്പര്യ ഹര്‍ജികളില്‍ പരാതി നല്‍കുന്ന വ്യക്തികള്‍ക്കല്ല പ്രാധാന്യം മറിച്ചു പരാതിക്കാണ് എന്നതിനാലാണിത്. ഷീല ബാര്‍സ നല്‍കിയ ഒരു പൊതു താത്പര്യഹര്‍ജിയില്‍ ഇതാണ് സംഭവിച്ചത്. കേസിലെ ഒരു പ്രത്യേക ഘട്ടത്തിനപ്പുറം അവര്‍ കോടതി നടപടികളുമായി സഹകരിക്കാന്‍ വിസമ്മതിക്കുകയും കേസ് പിന്‍ലിക്കുന്നതിനുള്ള അപേക്ഷ നല്‍കുകയും ചെയ്തു. കോടതിയാകട്ടെ കേസില്‍ നിന്നും അവരെ ഒഴിവാക്കിക്കൊണ്ട് മറ്റൊരു നിയമസഹായ കേന്ദ്രത്തെ കേസ് നടത്തിപ്പിനായി നിയമിക്കുകയാണ് ചെയ്തത്. സമാനമായി ആസ്സാമിലെ ഡീറ്റെന്‍ഷന്‍ കേന്ദ്രങ്ങളിലെ തടവുകാരുടെ സ്ഥിതിയെ പറ്റി പൊതു താല്പര്യ ഹര്‍ജി നല്‍കിയ ഹര്‍ഷ് മന്ദറിനെ ഒരു പ്രത്യേക ഘട്ടത്തില്‍ ഈ വിഷയത്തില്‍ ഇടപെടുന്നതില്‍ നിന്നും കോടതി വിലക്കിയെങ്കിലും പൊതുതാത്പര്യ ഹര്‍ജി നടത്തിക്കൊണ്ടുപോകുവാന്‍ ഒരു അമിക്കസ് ക്യുറിയെ നിയമിക്കുകയാണ് ചെയ്തത്.

എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി പൗരത്വ ഭേദഗതി ബില്ലിനെതിരായ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചു അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തപ്പോള്‍ കോടതി ആദ്യം അക്രമങ്ങള്‍ അവസാനിക്കട്ടെ എന്നിട്ടു വാദം കേള്‍ക്കാം എന്ന് പറയുകയാണ് ചെയ്തത്. എന്തടിസ്ഥാനത്തിലാണ് കോടതി പരാതിക്കാരായ, പോലീസ് അതിക്രമങ്ങളുടെ ഇരകളായ വിദ്യാര്‍ത്ഥികളാണ് രാജ്യത്തു നടക്കുന്ന അക്രമങ്ങളുടെ ഉത്തരവാദികള്‍ എന്ന് തീരുമാനിച്ചത്? അക്രമങ്ങള്‍ നിയന്ത്രിക്കുവാനുള്ള ശേഷി അവര്‍ക്കുണ്ടെന്ന് എന്തടിസ്ഥാനത്തിലാണ് കോടതി തീരുമാനിക്കുന്നത്. ഇതിനു പകരമായി അക്രമം നടത്തുന്നത് ആരാണെങ്കിലും അതവസാനിപ്പിക്കാന്‍, ഇപ്പോള്‍ പ്രഖ്യാപിച്ച നിയമം ഏതാനും മാസങ്ങള്‍ക്ക് നടപ്പിലാകില്ല എന്നൊരു പ്രസ്താവന ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും വന്നാല്‍ മാത്രം മതിയായിരുന്നു. എന്നാല്‍ അത്തരമൊരു സാധ്യതയെ അവഗണിച്ചുകൊണ്ട് കോടതി സ്വന്തം പൗരന്മാരെ, പോലീസ് അതിക്രമത്തിന്റെ ഇരകളെ തന്നെ അക്രമങ്ങള്‍ക്കു കാരണക്കാരായി കണ്ടെത്തുകയാണ് ചെയ്തത്. പരാതിക്കാരാണ് അക്രമത്തിനു പിറകിലെന്നു വന്നാല്‍ തന്നെയും പരാതിയില്‍ നിന്നും അവരെ മാറ്റി പകരമായി ഒരു അമിക്കസ് ക്യുറിയെ നിയമിച്ചുകൊണ്ട് കീഴ്വഴക്കമനുസരിച്ചു പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.

പൊതു താല്പര്യ ഹര്‍ജികള്‍ കേള്‍ക്കുന്നതിന് നിബന്ധനകള്‍ വയ്ക്കുന്നത് ഒട്ടും ആശാസ്യകരമല്ലാത്ത ഒരു നടപടിയാണ്, പ്രത്യേകിച്ചും മിക്കവാറും പൊതുതാത്പര്യ ഹര്‍ജികളും സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലെ മര്‍ദ്ദിത വിഭാഗങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ചുള്ളവയാണ് എന്നത് കൂടി.കണക്കിലെടുക്കുമ്പോള്‍. ഇത്തരം കേസുകളില്‍ പരാതിക്കാരനായ വ്യക്തിയല്ല മറിച്ചു പരാതിയാണ് പ്രധാനം എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്.

ഈയൊരവസ്ഥയില്‍ പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ പുതിയൊരു കീഴ്‌വഴക്കം സ്വീകരിച്ചിരിക്കുന്നതായി കാണാം. പൊതു സുരക്ഷാ നിയമത്തിന്റെ ഭാഗമായി കാശ്മീരില്‍ കരുതല്‍ തടങ്കലില്‍ വച്ച മുതിര്‍ന്നവരെയും, അനധികൃത തടങ്കലില്‍ വെച്ച കുട്ടികളെയും സംബന്ധിച്ച പൊതുതാല്പര്യ ഹര്‍ജി ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുന്ന പ്രാധാന്യം നല്‍കാതെ ഏറെ വൈകിയാണ് പരിഗണിച്ചത്. ഇത്രയേറെ ജഡ്ജിമാരുള്ള സുപ്രീംകോടതിയില്‍ സാഹചര്യത്തിന്റെ പ്രാധാന്യം മനസിലാക്കി ഇത്തരമൊരു കേസ് പരിഗണിച്ചില്ല എന്നത് വിചിത്രമാണ്. ഏഴു മാസങ്ങള്‍ക്കു ശേഷവും സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ഇത്തരം പല കേസുകളും കെട്ടിക്കിടക്കുകയാണ്. രാജ്യത്തെ വ്യക്തി സ്വന്തന്ത്ര്യത്തിനേറ്റ വലിയൊരാഘാതമാണിത്. ഒരു കേസിന്റെ പ്രാധാന്യം മനസിലാക്കി അത് വാദത്തിനായി പരിഗണിക്കുന്നതിന് ക്രമം നിശ്ചയിക്കുന്നത് സുപ്രീംകോടതി ബെഞ്ചിന്റെ മാത്രം ഉത്തരവാദിത്തമാണ്. എന്നാല്‍ ഇത്രയും പ്രധാനപ്പെട്ട ഭരണഘടനാ തത്വ ലംഘനം നടന്ന വിഷയത്തിന് പ്രാധാന്യമില്ലെങ്കില്‍ പിന്നെന്തിനാണ് പ്രാധാന്യം.

മനുഷ്യാവകാശ പ്രശ്നങ്ങള്‍ കേന്ദ്രമായി വരുന്ന കേസുകളോട് കാണിക്കുന്ന ഈ അലംഭാവത്തിന്റെ ഭവിഷ്യത്തെന്തായിരിക്കും? ഭരണകൂടത്തിന്റെ മറ്റുപകരണങ്ങള്‍ ജനങ്ങളോട് അനീതി ചെയ്യുന്നതിന് മടി കാണിക്കുകയില്ല, ഇത്തരം കേസുകളില്‍ കോടതി കാണിക്കുന്ന അലംഭാവം പോലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ കൂടുതല്‍ ശക്തമാക്കും, കെട്ടിച്ചമച്ചക്കേസുകള്‍കൊണ്ട് ഒരു പൗരനെ കുറച്ചു ദിവസം അനധികൃതമായി തടവില്‍ വയ്ക്കാന്‍ മാത്രം നിയന്ത്രണമില്ലാത്ത അധികാരം പോലീസിനും മറ്റും കൈവരും. നിരപരാധിയും നിഷ്‌കളങ്കനുമായ ഒരു വ്യക്തിയെ തകര്‍ക്കാന്‍ ഈ പോലീസ് തടവ് തന്നെ ധാരാളമാണ്. സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവര്‍ക്ക് മേല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി യാതൊരു അടിസ്ഥാനവുമില്ലാതെ തടവില്‍ വയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്യുക എന്നതാണ് വിമര്‍ശകരെ നിശബ്ദമാക്കാനുള്ള പുതിയ രീതി. നാടകമവതരിപ്പിച്ചതിന്റെ പേരില്‍ കര്‍ണാടകയില്‍ പതിനൊന്നുകാരന്റെ അമ്മയ്ക്കും അദ്ധ്യാപികക്കും നേരെ രാജ്യദ്രോഹകുറ്റം ചുമത്തിയതാണ് വ്യക്തി സ്വാതന്ത്ര്യത്തിനു മുകളില്‍ നടന്ന ഭരണകൂട കയ്യേറ്റത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം. ഫെബ്രുവരിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 2016 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 156 രാജ്യദ്രോഹ കേസുകളാണ് ഇന്ത്യയില്‍ ചുമത്തപ്പെട്ടിട്ടുള്ളത്. 2019 ഡിസംബര്‍ 11 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി പകുതിയാകുമ്പോഴേക്കും ഇത് 194 കേസുകളായിരിക്കുന്നു. ഇവരില്‍ പലരും ജാമ്യം പോലും ലഭിക്കാതെ തടവില്‍ തന്നെ കഴിയുകയാണ്. ഇത്തരം കേസുകള്‍ ജനങ്ങളില്‍ ഭയം ജനിപ്പിക്കും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാവലാളായി വര്‍ത്തിക്കേണ്ടവരാണ് കോടതികള്‍. ഏതൊരഭിപ്രായത്തെയും അതിനി വ്യവസ്ഥയ്ക്കെതിരെയുള്ളതായിക്കൊള്ളട്ടെ അത് പ്രകടിപ്പിക്കുവാനുള്ള ഒരു വ്യക്തിയുടെ സ്വാന്ത്ര്യം സംരക്ഷിക്കേണ്ടത് ഒരു സ്വതന്ത്ര നിയമവ്യവസ്ഥയുടെ ബാധ്യതയാണ്.

ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും, കര്‍ണാടകം തെലുങ്കാന പോലുള്ള സംസ്ഥാനങ്ങളിലും പോലീസ് നടത്തിയ അക്രമപ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും അതില്‍ നിന്നും അവരെ സംരക്ഷിച്ചു നിര്‍ത്തിയവരെ കുറിച്ചും ഏറെ പറയാതിരിക്കുന്നതാവും നല്ലത്. അത്തരം നടപടികള്‍ക്ക് മുന്നില്‍ മൗനമായി ഇരിക്കുവാനോ അധികാരത്തിനു കീഴ്‌പെടുവാനോ മാത്രമാണ് കോടതികള്‍ക്ക് സാധിച്ചത്. കഴിഞ്ഞ ദിവസം യു.പി സര്‍ക്കാര്‍ കലാപങ്ങളില്‍ പങ്കെടുത്തുവെന്നും ബസ് കത്തിച്ചെന്നും പൊതുമുതല്‍ നശിപ്പിച്ചെന്നും ആരോപിക്കപ്പെടുന്നവരുടെ പേരും മേല്‍വിലാസവും ഫോട്ടോയും അടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു. എന്നാല്‍ ഇതിനെതിരായ അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ വന്ന വിധി പ്രകാരം യു.പി സര്‍ക്കാരിനോട് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. കോടതിയുടെ നിര്‍ദേശം അനുസരിക്കുന്നതിനു പകരം യു. പി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പരാതിയുമായി പോയി. അടിയന്തര സ്വാഭാവമുള്ള പരാതിയായി പരിഗണിച്ചുകൊണ്ട് ഈ കേസ് തൊട്ടടുത്ത ദിവസം തന്നെ പരിഗണിക്കുകയുണ്ടായി, എന്ന് മാത്രമല്ല വാദം കേള്‍ക്കുന്നതിനായി യാതൊരു നിബന്ധനയും കോടതി വച്ചതുമില്ല. ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ അത് അനുസരിച്ചാല്‍ മാത്രമേ കേസ് പരിഗണിക്കാനാകൂ എന്ന് സുപ്രീം കോടതിക്കു പറയാമായിരുന്നു. ഇതാണിവിടെ കോടതികള്‍ക്കും നിയമങ്ങള്‍ക്കും കിട്ടുന്ന ബഹുമാനം. പക്ഷെ, പൂച്ചയ്ക്കാര് മണികെട്ടും.

ജഡ്ജിമാരുടെ നിയമനം ജഡ്ജിമാരുടെ നിയമനത്തിന്റെയും സ്ഥലം മാറ്റത്തിന്റെയും കാര്യത്തില്‍ ഈ സര്‍ക്കാര്‍ നിയമവ്യവസ്ഥയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായ കൈകടത്തലുകള്‍ നടത്തുന്നതായി കാണാം. ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നും അഖില്‍ ഖുറേഷിയെ സ്ഥലം മാറ്റുന്നതും, അദ്ദേഹത്തെ ത്രിപുര ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആകാന്‍ ശുപാര്‍ശ ചെയ്തതും എല്ലാവര്‍ക്കുമറിയാമെങ്കിലും അതിന്റെ കാരണം വ്യക്തമല്ല. അതുപോലെ തന്നെ ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന വിക്രം നാഥിനെ സ്ഥലം മാറ്റി ഗുജറാത്തിലെ ചീഫ് ജസ്റ്റിസ് ആക്കാന്‍ ശുപാര്‍ശ ചെയ്തതിന്റെയും കാരണം അജ്ഞാതമാണ്.

ജസ്റ്റിസ് മുരളീധരനെ പാതിരാത്രി ഡല്‍ഹിയില്‍ നിന്നും സ്ഥലം മാറ്റിയത് ഒട്ടേറെ തവണ എഴുതപ്പെട്ടു കഴിഞ്ഞതാണ്. ഇതൊരു സാധാരണ സ്ഥലം മാറ്റമാണെന്നാരൊക്കെ പറഞ്ഞാലും ഒരു ജഡ്ജിനും പാതിരാത്രി ജോലിയില്‍ പ്രവേശിക്കേണ്ട സമയം രേഖപ്പെടുത്തി മതിയായ ഭരണഘടനാ അംഗീകാരമില്ലാത്ത ഒരു സ്ഥലം മാറ്റം ലഭിക്കുകയില്ല. ഈ വിഷയത്തെ സംബന്ധിച്ചും സുപ്രീം കോടതി കനത്ത നിശബ്ദത പാലിക്കുന്നത് നമ്മള്‍ ജീവിക്കുന്ന പുതിയ കാലത്തിന്റെ കീഴ്വഴക്കങ്ങള്‍ സംബന്ധിച്ച് കൃത്യമായ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുണ്ട്.

ജഡ്ജിമാരുടെ നിയമനത്തിന്റെ കാര്യം ഇതിനേക്കാള്‍ കഷ്ടമാണ്. നിരവധിയിടങ്ങളില്‍ പ്രധാനപ്പെട്ട ഒഴിവുകള്‍ ആളില്ലാതെ കിടക്കുമ്പോഴും ഒച്ചിഴയുന്ന വേഗതയിലാണ് ശുപാര്‍ശകള്‍ സഞ്ചരിക്കുന്നത്. വിവിധ തലങ്ങളിലായി ഇരുന്നൂറോളം ശുപാര്‍ശകളാണ് കെട്ടിക്കിടക്കുന്നത്. സുപ്രീം കോടതി കൊളീജിയം അംഗീകരിച്ച പല ശുപാര്‍ശകളും മതിയായ കാരണങ്ങളില്ലാതെ പുനഃപരിശോധനയ്ക്കായി കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചിട്ടുണ്ട്. ഇങ്ങനെ തിരിച്ചയക്കപ്പെട്ട ശുപാര്‍ശകളില്‍ ചിലത് കൊളീജിയം രണ്ടാമതും ശുപാര്‍ശ ചെയ്യുകയുണ്ടായെങ്കിലും അവര്‍ക്കൊന്നും ഇതുവരെ ജോലിയില്‍ ചേരാനുള്ള അറിയിപ്പ് ലഭിച്ചിട്ടില്ല. ആ ജഡ്ജിമാരുടെ ഭാവിയും തുലാസിന്മേലാണ്. ചുരുങ്ങിയത് രണ്ടു പ്രാവശ്യമെങ്കിലും തുടര്‍ച്ചയായി ശുപാര്‍ശ ചെയ്യപ്പെട്ട ഒരു ജഡ്ജിയെങ്കിലുമുണ്ട്. അവര്‍ക്കും ഇന്നുവരെ ജോലിയില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല, കോടതിയാകട്ടെ ഇതിലൊന്നും ഇടപെടുന്നുമില്ല. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കു ശുപാര്‍ശ ചെയ്യപ്പെട്ടവരും, മറ്റു ജഡ്ജിമാരും, ജഡ്ജിമാരാകാന്‍ യോഗ്യതയുള്ളവരുമെല്ലാം മാസങ്ങള്‍ നീണ്ട കാത്തിരിപ്പിലാണ്. ഇതില്‍ തന്നെ രണ്ടു പ്രധാനപ്പെട്ട പേരുകളാണ് ജസ്റ്റിസ് കെ എം ജോസഫിന്റേതും, ഇന്ദു മല്‍ഹോത്രയുടേതും. ഇതെവിടെ ചെന്നാണ് അവസാനിക്കുക.

ഈ സംഭവങ്ങളും ഇതുപോലെയുള്ള മറ്റു പല സംഭവങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍ കോടതി വെറുമൊരു ഭരണനിര്‍വഹണ സ്ഥാപനമായി മാറുകയാണോ എന്ന് ചിലര്‍ക്ക് സംശയം തോന്നുന്നത് സ്വാഭാവികമാണ്. നീതിന്യായ വ്യവസ്ഥ സ്വയം നിര്‍മ്മിച്ച കുഴികളില്‍ വീണതിനാലും, ഭരണനിര്‍വഹണ ഏജന്‍സികളില്‍ നിന്നുമുള്ള ഇടപെടലുകള്‍ മൂലവും അതിന്റെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും നഷ്ടപ്പെടുന്നു എന്നത് ഏറ്റവും വിനയാന്വിതമായ ഭാഷയില്‍ ഉന്നയിക്കുന്ന ഒരു സന്ദേഹമാണ്.

പക്ഷെ അപ്പോഴാണ് ഇപ്പോള്‍ വിരമിക്കപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുകയും മന്ത്രിമാര്‍ക്കുള്ള ഉപദേശക കൗണ്‍സിലില്‍ അംഗമാകുകയും ചെയ്തുവെന്ന വാര്‍ത്ത കാണുന്നത്. ഇത്തരത്തിലുള്ള നാമനിര്‍ദ്ദേശങ്ങളും അതിന്റെ സ്വീകരണവും നീതിന്യായവ്യയവസ്ഥയുടെ സ്വന്തത്ര്യത്തെയും നിഷ്പക്ഷതയെയും എങ്ങിനെയാണ് ബാധിക്കുക.കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി നീതിന്യായവ്യവസ്ഥയ്ക്കുള്ളില്‍ നടക്കുന്ന ഈ മാറ്റങ്ങള്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുക.

സുപ്രീംകോടതിയില്‍ നിന്നും രാജ്യസഭയിലേക്ക് മുകളില്‍ പറഞ്ഞ മൂന്ന് വിഷയളിലും വിവാദങ്ങളുടെ കേന്ദ്രമായി നിന്നൊരാള്‍. തന്റെ കാലയളവിലൊരിക്കലും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നും തന്നെ സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ തയ്യാറല്ലാതിരുന്നൊരാള്‍ (ഇദ്ദേഹത്തിന്റെ മുന്‍ഗാമിയുടെ കാലം മുതല്‍ക്കു തന്നെ ഈ പ്രവണത തുടങ്ങിയിരുന്നു) അത്തരമൊരാള്‍ ഇത്തരമൊരു വാഗ്ദാനം നിരസിക്കേണ്ടതായിരുന്നു. നിഷ്പക്ഷതയില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുന്നതില്‍ നിന്നുമുണ്ടാകുന്ന ധാര്‍മികമായ അധികാരവും, നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവര്‍ത്തനം ജനങ്ങളില്‍ ഉണ്ടാകുന്ന വിശ്വാസം കൊണ്ട് മാത്രമേ ഭരണനിര്‍വഹണ തലത്തിലും നീതിന്യായ വ്യവസ്ഥയിലും കോടതികള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയൂ.

തന്റെ മുന്‍കാല ഉദ്യോഗത്തിനു യാതൊരു മാന്യതയും കല്‍പ്പിക്കാതെ, സര്‍ക്കാര്‍ വച്ചുനീട്ടിയ പദവി സ്വീകരിച്ച ചീഫ് ജസ്റ്റിസ്, തന്റെ കക്ഷികളില്‍ ഏറ്റവും വലിയ വ്യവഹാരിയായ സര്‍ക്കാരിന് വേണ്ടി ചെയ്തുകൊടുത്ത സൗകര്യങ്ങള്‍ക്കും ഇളവുകള്‍ക്കുമായി ലഭിച്ച പ്രതിഫലമാണ് പുതിയ പദവി എന്ന് പലരും കരുതുന്നതില്‍ തെറ്റില്ല. ഇത് സത്യമോ നുണയോ ആകാം, പക്ഷെ ഒരുപാടു പേര്‍ ഇതിനെ മനസിലാക്കുന്നതങ്ങിനെയാണ്.

ഇത് പലരും കരുതുന്നതുപോലെ സര്‍ക്കാരിന് ചെയ്തുകൊടുത്ത സഹായത്തിനു പകരം ലഭിച്ചതായിക്കൊള്ളണമെന്നില്ല. നിയമപരമോ ഭരണപരമോ ആയ ഒരു വിഷയത്തില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിച്ചതിനോ, ചില വിഷയങ്ങള്‍ക്കു നേരെ കണ്ണടച്ചതിനോ, ചില ജഡ്ജിമാരുടെ നിയമനങ്ങള്‍ നടപ്പിലാകാത്തതിനോ, ആര്‍ക്കറിയാം ഇതിന്റെ പിറകിലെ രഹസ്യ ഇടപാടുകളെക്കുറിച്ച്. അദ്ദേഹത്തിന് വച്ച് നീട്ടപ്പെട്ട പുതിയ പദവിയും അദ്ദേഹമത് സ്വീകരിച്ചതും നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നതിനു കാരണമാക്കിയിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ച് പൊതുജനങ്ങളുടെ കാഴ്ചപ്പാട് വളരെ പ്രധാനമാണ്. ഇതിനെ പൂര്‍ണമായി അവഗണിച്ചുകൊണ്ടുള്ള നടപടികള്‍ നിയമവ്യവസ്ഥയെ തന്നെ ദുര്‍ബലമാക്കിയിട്ടുണ്ട്.

പരസ്പരമുള്ള ചളിവാരിയെറിയലുകളോ കുറ്റപ്പെടുത്തലുകളോ കൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടകുമെന്നു തോന്നുന്നില്ല, മുന്‍ ജഡ്ജി രംഗനാഥ് മിശ്രയുടെയുടെയും ബദ്റുല്‍ ഇസ്ലാമിന്റെയും രാജ്യസഭാപ്രവേശനത്തെയോ ജസ്റ്റിസ് സദാശിവത്തിനെ 2014ല്‍ കേള ഗവര്‍ണ്ണര്‍ ആക്കിയതിനെയോ ആരും പരസ്യമായി അഭിനന്ദിച്ചിട്ടോ ശരിവച്ചിട്ടോ ഇല്ല. അതിനാല്‍ തന്നെ ഇത്തരം തെറ്റായ കീഴ്വഴക്കങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് മുന്‍ ചീഫ് ജസ്റ്റിസിന്റെ രാജ്യസഭാപ്രവേശനത്തെ ന്യായീകരിക്കുന്നതില്‍ കാര്യമില്ല. മുന്‍കാല നിയമനങ്ങള്‍ തെറ്റായിരുനെങ്കില്‍ ഈ നിയമനവും തെറ്റാണ്. ഇനി അഥവാ അത് ശരിയായിരുനെങ്കില്‍ ഇതും ശരിയാണ് അങ്ങനെയെങ്കില്‍ ജുഡീഷ്യറിയുടെ നിഷ്പക്ഷത നശിച്ചുപോകട്ടെ.

ബോബ് നിങ്ങള്‍ക്കുത്തരമുണ്ടോ?? ജസ്റ്റീസ് മദൻ ബി ലോകൂർ

ദി വയറി

ലെഴുതിയ ലേഖനത്തിൻ്റെ പരിഭാഷ.


Next Story

Related Stories